The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ജോസ്
വധു വിദ്യാർത്ഥിനിയാണ്… വിവാഹം കഴിഞ്ഞ് ഹണിമൂൺ നാളുകളിൽ ഭാര്യ വേറൊന്നിനും സമയമില്ലാതെ ഗംഭീര പഠിപ്പിലാണെങ്കിൽ ഏത് ഭർത്താവിനും ദേഷ്യം വരും.പക്ഷേ ഭാര്യയെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. പഠിച്ചില്ലെങ്കിൽ അടിയും ഇമ്പോസിഷനുമൊക്കെയുള്ള ഭയങ്കര സ്ട്രിക്റ്റായ ഒരു പാരലൽ കോളേജിലാണ് ഭാര്യ പഠിക്കുന്നത്.ആ പേടിയിലാണ് കല്യാണം കഴിഞ്ഞിട്ടും ഭാര്യ പഠനത്തിൻ്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്തത്.
ഇതിലെ ഭർത്താവ് എൻ്റെ ഒരു പരിചയക്കാരനാണ്.ഈ വിഷയത്തിൽ അദ്ദേഹം പറഞ്ഞ കൗതുകങ്ങളും എൻ്റെ നിരീക്ഷണങ്ങളും തുടർന്ന് വായിക്കാം.
പെൺകുട്ടികൾക്ക് 18 വയസായാൽ കല്യാണം കഴിപ്പിച്ച് ഭാരമൊഴിവാക്കാൻ കാത്തിരിക്കുന്ന ചില രക്ഷിതാക്കളുണ്ട്. ഇപ്പോൾ അത്തരം പ്രവണതകൾ കുറഞ്ഞിട്ടുണ്ടെങ്കിലും കുറച്ച് കാലം മുമ്പ് വരെ അത് വ്യാപകമായി ഉണ്ടായിരുന്നു.അങ്ങിനെ കല്യാണം കഴിപ്പിക്കുന്ന മിക്കവാറും പെൺകുട്ടികളും ആ പ്രായത്തിൽ പഠിക്കുകയായിരിക്കും. അതിൽ ചിലർ കല്യാണത്തോടെ പഠിപ്പ് നിർത്തും.ഭർതൃ വീട്ടുകാരുടെ പ്രോൽസാഹനമോ പഠിക്കണമെന്ന് നല്ല ആഗ്രഹമോ ഉള്ളവർ പഠനം തുടരും.
തുടക്കത്തിൽ പറഞ്ഞ ഭാര്യ ഇത് പോലെ ഡിഗ്രി രണ്ടാം വർഷം പഠിച്ചു കൊണ്ടിരിക്കുമ്പോൾ കല്യാണം കഴിപ്പിച്ച പെൺകുട്ടിയാണ്. കല്യാണ ശേഷം പഠനം തുടരുന്ന കാര്യത്തിൽ ഭർത്താവിനും വീട്ടുകാർക്കും എതിർപ്പില്ലാതിരുന്നതിനാൽ അവൾ പഠനം തുടർന്നു.അവൾക്കും പഠിക്കാൻ ഇഷ്ടമായിരുന്നു.(അമ്മായിയമ്മയുടെ ശല്യമൊഴിവാകുമല്ലോ എന്നോർത്ത് കല്യാണം കഴിഞ്ഞാലും പഠിക്കാൻ ഇഷ്ടം വരുന്നവരുമുണ്ട്.. 😀)
ഈ പെൺകുട്ടി പഠിച്ചിരുന്ന കോളേജ് സിസ്റ്റേഴ്സ് നടത്തുന്ന ഒരു വനിത പാരലൽ കോളേജാണ്.മദ്ധ്യകേരളത്തിലെ ആ കോളേജ് എനിക്കറിയാം.ഭയങ്കര സ്ട്രിക്റ്റും നല്ല റിസൽട്ടും എന്ന് പേരുള്ള കോളേജാണ്.റഗുലർ കോളേജിൽ അഡ്മിഷൻ കിട്ടാത്ത സമീപ പ്രദേശങ്ങളിലെ പെൺകുട്ടികളുടെ രക്ഷിതാക്കൾ തങ്ങളുടെ മക്കളെ ചേർക്കാൻ ഫസ്റ്റ് ചോയ്സായി കണ്ടിരുന്നത് ഈ പാരലൽ കോളേജിനെയാണ്.ഇപ്പോഴും ആ കോളേജ് സജീവമായി നിലനിൽക്കുന്നുണ്ട്.
ഡിഗ്രി വിദ്യാർത്ഥിനികൾക്ക് പോലും ഒരു മയവുമില്ലാതെ അടി കിട്ടും എന്നതാണ് ആ കോളേജിന്റെ പ്രത്യേകത.അവിടെ ഡിഗ്രിക്ക് ചേർന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും അടിയെ ഭയന്ന് വേറെ കോളേജിലേക്ക് മാറിയ ഒരു പെൺകുട്ടിയെ അറിയാം.ലഞ്ച് ബ്രേക്കിൻ്റെ സമയത്ത് പോലും പെട്ടെന്ന് ഊണ് കഴിച്ച് ക്ലാസിലെ എല്ലാവരും പഠിപ്പോട് പഠിപ്പായിരുന്നു എന്നാണ് അവൾ പറഞ്ഞ് കേട്ടത്. അടിയെ പേടിച്ചുള്ള പഠിപ്പ്.അടി മാത്രമല്ല, കിട്ടാത്ത ഉത്തരം ഇമ്പോസിഷൻ എഴുതൽ,പഠിച്ച് ഉത്തരം സ്റ്റാഫ് റൂമിൽ പോയി മിസുമാരെ കേൾപ്പിക്കൽ തുടങ്ങിയ കലാപരിപാടികളും ഉണ്ട്.
ആ അന്തരീക്ഷം അവളെ വല്ലാതെ ശ്വാസം മുട്ടിച്ചു.അങ്ങിനെ വേറെ കോളേജിലേക്ക് മാറിയതാണ്. അന്ന് അവിടെത്തന്നെ പഠിച്ചിരുന്നെങ്കിൽ ഡിഗ്രിക്ക് നല്ല മാർക്ക് വാങ്ങി പിജിക്ക് പോയി വല്ല ജോലിയിലൊക്കെ ആയേനെ എന്ന ഖേദവും പുള്ളിക്കാരി പിന്നീട് പറഞ്ഞിട്ടുണ്ട്.കാരണം അവളുടെ പഠനം തട്ടിമുട്ടി കുറഞ്ഞ മാർക്കിൽ ഡിഗ്രി പാസാകലിൽ അവസാനിച്ചു.
ആ കോളേജിൽ കുറച്ച് കാലം പഠിപ്പിച്ച ഒരു ടീച്ചറും അവിടത്തെ അടിയെ കുറിച്ച് പറഞ്ഞ് കേട്ടിട്ടുണ്ട്. വിദ്യാർത്ഥിനികൾക്ക് നല്ല പനിഷ്മെൻ്റ് കൊടുത്ത് നല്ല റിസൽട്ടുണ്ടാക്കിയില്ലെങ്കിൽ പറഞ്ഞു വിടുമെന്ന് പ്രിൻസിപ്പൽ സിസ്റ്റർ പുതിയതായി ജോയിൻ ചെയ്യുന്ന ടീച്ചേഴ്സിനോട് സൂചന കൊടുക്കാറുണ്ടത്രേ.
ആമുഖത്തിൽ പറഞ്ഞ ഭർത്താവ് ഭാര്യ പഠിക്കാൻ പോയാൽ ഇങ്ങിനെയൊരു പുലിവാല് വരുമെന്ന് വിചാരിച്ചില്ല. പുള്ളിക്കാരൻ കിടന്നാലും ഭാര്യ പഠിപ്പിൻ്റെ ലോകത്താണ്.ഭാര്യക്കാണെങ്കിൽ വീട്ടിലെ പണിയൊക്കെ കഴിഞ്ഞ് സ്വസ്ഥമായി പഠിക്കാൻ കിട്ടുന്ന സമയം രാത്രിയിലാണ്.കിടക്കാൻ പല വട്ടം ഭർത്താവ് ക്ഷണിക്കുമ്പോൾ ‘അടി കിട്ടുന്നത് എനിക്കല്ലേ,ഞാനിത് പഠിച്ചിട്ടേ വരുന്നുള്ളൂ’ എന്ന് ഭാര്യയുടെ ശുണ്ഠി കലർന്ന മറുപടിയും ഇടക്ക് കിട്ടും.
ഹണിമൂൺ കാലം ഇങ്ങിനെ കുളമാകുന്നതിൽ ഭർത്താവിന് നെടുവീർപ്പും നിരാശയുമൊക്കെ വരുമായിരുന്നു. ‘അവളും അവളുടെയൊരു പഠിപ്പും ‘ എന്ന് ഉള്ളിൽ ദേഷ്യം വന്ന് അദ്ദേഹം കിടന്നുറങ്ങും.പക്ഷേ പിന്നീട് പാവം തോന്നും.ഇത്രയും പണികളൊക്കെ ചെയ്ത് കഴിഞ്ഞ് പഠിക്കുന്നതല്ലേ എന്ന സോഫ്റ്റ് കോർണർ.ഇത്ര വലിയ പെണ്ണുങ്ങൾക്ക് അടി കൊടുത്ത് പഠിപ്പിക്കുന്നു എന്ന അറിവ് പുള്ളിക്കാരനും അതിശയമായിരുന്നു.
കാലം കടന്ന് പോകവേ കല്യാണം കഴിഞ്ഞുള്ള ആ പഠിപ്പ് നന്നായി എന്ന് ഭർത്താവും അംഗീകരിക്കുന്നു.നല്ല മാർക്ക് വാങ്ങി ഡിഗ്രി പാസാകാനും ജോലി നേടാനും അത് വഴി കുടുബത്തിന് സാമ്പത്തിക പിന്തുണ ലഭിക്കാനും അതിലൂടെ കഴിഞ്ഞു.