രചന – ആയിഷ അക്ബർ
ഗായത്രി ആ മുറിയിൽ അല്പ നേരം കൂടി അങ്ങനെയിരുന്നു…..ശിവയുടെ ഗന്ധം നിറഞ്ഞു നിൽക്കുന്ന മുറി….അതേ…… പണ്ട് മുതലേ അവനു സുഗന്ധങ്ങളോട് വലിയ താല്പര്യമാണ്…..അവന്റെ കയ്യിൽ പല തരം മണങ്ങളുടെ ശേഖരമുണ്ടായിരുന്നു….അവന്റെ ചന്ദന ഗന്ധത്തിൽ കലർന്ന് അവളങ്ങനെയിരുന്നു…..
മുമ്പോന്നും ഈ മുറി ഇങ്ങനെയായിരുന്നില്ല….
ജനൽ ഭാഗത്തേക്ക് തല വെച്ച് കിടക്കുന്നതായിരുന്നു അവനു പ്രിയം…
ജനലിലൂടെ തണുപ്പ് അകത്തേക്ക് പരന്ന് തുടങ്ങുന്നൊരാ സമയം പാതിരാ കാറ്റെൻറെ മുടിയിഴകളെ തഴുകി കടന്ന് പോകണമെന്ന് അവനെപ്പോഴും പറയും…….മാത്രമല്ല…. അവന്റെ മുറിയോട് ചേർന്നുള്ള ഞാവൽ മരത്തിലേക്ക് പടർന്നു കയറിയ വള്ളി മുല്ല പൂക്കുന്ന മണം ആ മുറിയാകെ അവൻ നിറച്ചു വെച്ചിരുന്നു…..ഇപ്പൊ അങ്ങനെയല്ല കട്ടിൽ കിടക്കുന്നത്……തല ഭാഗം ചുമരിലേക്ക് ചാരിയെന്ന പോലാണ്……അവൾ കട്ടിൽ പതിയെ ജനൽ ഭാഗത്തേക്ക് നീക്കി……മുറിയിലെ മേശയിൽ വെച്ച സാധനങ്ങളെല്ലാം മേശ വലിപ്പിലേക്ക് എടുത്ത് വെച്ചു……മുറിയിലാകെ ഒരു മാറ്റം അവൾക്ക് സ്വയം തോന്നി……
താൻ വന്നത് അവനറിയണമെന്ന പോൽ…..
ഒരു കുഞ്ഞ് പുഞ്ചിരി അവളിൽ നിന്നുതീർന്നു വീണിരുന്നു ……പണ്ട് എല്ലാവരും തറവാട്ടിലൊത്തു കൂടുന്ന സമയങ്ങളിലെല്ലാം എല്ലാവരും കൂടിയിരുന്നിരുന്നത് ശിവയുടെ ഈ മുറിയിലായിരുന്നു…..എല്ലാവരും കൂടെ സംസാരിച്ചു…. കളിച്ചു ചിരിച്ചു…….നഷ്ടം ബോധം അവളെ വരിഞ്ഞു മുറുക്കി…..ഒരു നിരാശ അവളിൽ പരന്നു……താൻ സ്വപ്നം കണ്ടതത്രയും ഈ മുറിയായിരുന്നു……അവൻ നഷ്ടപ്പെട്ടെന്ന് തോന്നിയ സമയങ്ങളിലൊക്കെയും താനൊരു ഭ്രാന്തിയായി മാറിയിരുന്നു……
ഇനിയെങ്കിലും എനിക്കാ മുറിയും അവന്റെ ഗന്ധവും തിരിച്ചു പിടിച്ചേ മതിയാവു…മോളെ ഗായത്രി…
താഴേക്ക് വരു……അൽപ നേരം കൂടി അവളാ കട്ടിലിൽ അങ്ങനെ കിടന്നപ്പോഴാണ് രേഖ വന്നവളെ വിളിച്ചത്……അവൾ പതിയെ എഴുന്നേറ്റ് താഴേക്ക് നടന്നു..ഇനി മോള് പോയി ഫ്രഷ് ആയി വാ…. വല്ലതും കഴിക്കാം….രേവതി അത് പറഞ്ഞതും അവൾ ഫ്രഷ് ആവാനായി അകത്തേക്ക് പോയിരുന്നു……അന്നേരമാണ് ശിവ കയറി വരുന്നത്…..ആ…. നീയിന്നു നേരത്തെ വന്നോ….നിനക്ക് കുടിക്കാൻ വെള്ളമെടുക്കട്ടെ….ആ….അവനെ കണ്ട ഉടനെ മുത്തശ്ശിയത് ചോദിച്ചതും അവനത് പറഞ്ഞു കൊണ്ട് വേഗം മുകളിലേക്ക് കയറി പോയിരുന്നു…..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ശിവ വന്നിട്ടുണ്ട്….. മോളെതായാലും മുകളിലേക്ക് പോകുകയല്ലേ…..അവനുള്ള ഈ വെള്ളം കൂടി ഒന്ന് കൊണ്ട് പോകുമോ…..ആദിക്കുള്ള പാല് കുപ്പിയിലാക്കി അടുക്കളയിൽ നിന്ന് തിരിയുമ്പോഴാണ് ഒരു ഗ്ലാസ് വെള്ളമെടുത്തു വേദക്ക് നേരെ നീട്ടി മുത്തശ്ശിയത് പറയുന്നത്…ഒരു നിമിഷം അവൾക്ക് ഉള്ളിലൊരു ഭയം തോന്നി….അവന്റെ മുമ്പിൽ പോയി നിൽക്കാൻ മാത്രം ധൈര്യം തനിക്കില്ല….എങ്കിലും മുത്തശിയോട് എതിര് പറയാൻ കഴിയില്ലെന്നത് കൊണ്ട് തന്നെ അവളതും വാങ്ങി മുകളിലേക്ക് നടന്നു തുടങ്ങിയിരുന്നു…..
മുത്തശ്ശി ഒരു വേള അവൾ പോകുന്നത് നോക്കി അങ്ങനെ നിന്നു ……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
മുറിയിലെത്തിയ ശിവയുടെ മുഖം വല്ലാതെ വലിഞ്ഞു മുറുകിയിരുന്നു….സ്ഥാനം തെറ്റി കിടക്കുന്ന കട്ടിലും താൻ വെച്ചിടത് നിന്ന് മാറി യിരിക്കുന്ന സാധനങ്ങളുമെല്ലാം അവനെ അത്ര മേൽ അസ്വസ്ഥനാക്കിയിരുന്നു…ആരായിരിക്കും ഇത് ചെയ്തതെന്നവൻ ഓർത്തു നോക്കി….ഒന്നുകിൽ അമ്മ….അല്ലെങ്കിൽ…..അവളാകുമോ….അവന്റെ സംശയം വേദയിലേക്ക് തിരിയാൻ കാരണം അവളാണ് ഈ റൂമിലേക്കു എപ്പോഴും കടന്ന് വരുന്നതെന്നത് തന്നെയായിരുന്നു….
പക്ഷെ എന്തിന്….ഇനി തന്റെ മനസ്സിൽ നല്ലതാവാൻ വേണ്ടിയായിരിക്കുമോ…അവനു അത് ചെയ്തയാളോട് വല്ലാത്ത ദേഷ്യം തോന്നുന്നുണ്ടായിരുന്നു…..അപ്പോഴേക്കും ആദി ഉണർന്നു…..പകൽ മുഴുവൻ ആശുപത്രിയിൽ മുഴുവൻ ഇട്ടിരുന്ന ഷർട്ട് മാറ്റി കഴിഞ്ഞ് കുഞ്ഞിനെ എടുക്കാമെന്നുള്ളത് കൊണ്ട് തന്നെ അവൻ തൊട്ടിലിൽ നിന്നും ആദിയെ എടുത്ത് നിലത്തിരുത്തി…..അച്ചേടെ പൊന്നേ….
അവൻ കുഞ്ഞിനെ വിളിക്കുന്നതോടൊപ്പം ഷർട്ടിന്റെ ബട്ടൺ അഴിച്ചു തുടങ്ങിയിരുന്നു……അപ്പോഴാണ് കതകിൽ ഒരു മുട്ട് കേൾക്കുന്നത്….
അവൻ ഷർട്ട് കഴിക്കുന്നത് നിർത്തി വാതിൽ തുറന്നു..മുമ്പിൽ നിൽക്കുന്നവളെ കണ്ടതും അവനെന്തിനോ ദേഷ്യം വരുന്നുണ്ടായിരുന്നു…..
ഏറിയ ഹൃദയമിടിപ്പോടെ നിൽക്കുന്ന വേദ അവനു നേരെ ആ വെള്ളം നീട്ടിയതും അവന്റെ ദേഷ്യം ഇരട്ടിച്ചിരുന്നു…..തനിക്ക് വേണ്ടി വെള്ളവുമായി അവൾ വന്നെങ്കിൽ ഇത് ചെയ്തതും അവളാകുമെന്ന് അവനുറപ്പിച്ചു……കുഞ്ഞിനെ നോക്കാൻ വന്നവർ കുഞ്ഞിന്റെ കാര്യം മാത്രം നോക്കിയാൽ മതി…..
വീട്ടുകാരി ചമയരുത്……അവൻ ദേഷ്യത്തോടെ അത് പറഞ്ഞപ്പോഴാണ് അവൾ അവനു നേരെ മുഖമൊന്നുയർത്തിയത്…..അവന്റെ വലിഞ്ഞു മുറുകിയ മുഖത്ത് നോക്കുമ്പോൾ തന്നെ അവൾക്ക് ഭയം തോന്നി….അല്ലെങ്കിലും ഒരു ഗ്ലാസ് വെള്ളം കൊണ്ട് വന്നതിനു ഇങ്ങനെ പറയാനുണ്ടോ…..
ഇതത്ര വലിയ തെറ്റാണോ…..തൻറെ നേർക്ക് ചീറി വരുന്ന പ്രസാദിന്റെ മുഖം ഒരു വേള അവളുടെ മനസ്സിൽ തെളിഞ്ഞു……
അതേ…… ഈ ആണുങ്ങളെല്ലാം ഒരു പോലെ തന്നെയാണ്……തന്റെ ദേഷ്യം തീർക്കാനുള്ള ഒരു പാത്രമാണ് സ്ത്രീ എന്ന പോലുള്ള പെരുമാറ്റം….
ഒരു പുരുഷനും ഒരു സ്ത്രീയെ ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയില്ലേ…..അവൾ സ്വയം ചോദിച്ചു….പക്ഷെ താൻ കണ്ട ഇഷ്ടപ്പെട്ട അവന്റെ പെരുമാറ്റവും സ്വഭാവവും ഇത് പോലെ ആയിരുന്നില്ല……കണ്ണുകൾ എന്തിനോ നിറഞ്ഞു വന്നു…….എന്റെ മുമ്പിലീ പൂങ്കണ്ണീർ ഒഴുക്കേണ്ട കാര്യമൊന്നുമില്ല…..
അതിനല്ലല്ലോ കാശ്ശെണ്ണി വാങ്ങുന്നത്…..
വീണ്ടും ശിവ പല്ലിറൂമ്മി കൊണ്ട് പറയുമ്പോൾ വേദ ശില കണക്കെ അങ്ങനെ നിന്നു..അപ്പോഴാണ് തന്റെ സാരി തുമ്പിൽ പിടിച്ചൊരു വലി അവളറിഞ്ഞത്….
ഇനി എന്റെ കാര്യങ്ങളിലൊന്നും ഇടപെടാൻ നിൽക്കരുത്..അവനത് കൂടി പറയുന്ന നേരം അവൾ മിഴികൾ താഴേക്ക് ചലിപ്പിച്ചു….ഒപ്പം അവന്റെ മിഴികളും അവളുടെ കാലിലേക്കാണ് പതി ച്ചത്..
മുട്ട് കുത്തി കൊണ്ട് അവളുടെ സാരി തുമ്പിൽ പിടിച്ചു വലിക്കുന്ന ആ കുഞ്ഞി ക്കൈകൾ ഒരു ചിരിയോടെ അവളെടുക്കാനെന്ന വണ്ണം മുകളിലേക്ക് നീട്ടുന്നുണ്ട്…
അവൾ കയ്യിലുള്ള ഗ്ലാസ് ജനലിൽ വെച്ചു കൊണ്ട് കുഞ്ഞിനെ കയ്യിലെടുത്തതും അവൻ ചിരിയോടെ കുഞ്ഞി ചുണ്ടുകൾ അവളുടെ കവിളിൽ വെച്ചുരസി…അവളും മറ്റെല്ലാം മറന്നെന്ന പോൽ അവനെ ചേർത്ത് പിടിച്ചു…..ഇരുവരുടെയും കണ്ണുകൾ ഒരു പോലെ തിളങ്ങി….ശിവ ഒരു നിമിഷം ശ്വാസ മെടുക്കാൻ കഴിയാതെ അങ്ങനെ നിന്നു……അവരുടെ രണ്ട് പേരുടെയും അതിരറ്റ സ്നേഹ പ്രകടനം അവനിൽ നിറച്ചത് തികഞ്ഞ കുറ്റ ബോധമായിരുന്നു……
തന്നേ കൂടാതെ അവനൊരാളോട് ഇത്രയേറെ അടുത്ത് പെരുമാറുന്നത് കാണുന്നത് തന്നെ ആദ്യമായിട്ടാണ്……അവന്റെ ഉള്ളൊന്ന് പിടച്ചു….
കണ്ണുകൾ നിറയുമോയെന്ന് അവനു തന്നെ ഭയം തോന്നി……എന്നാൽ അവൻ പറഞ്ഞതിലെ ദേഷ്യവും സങ്കടവും മറച്ചു വെച്ച് കൊണ്ടവൾ അവനായി എടുത്ത് കൊണ്ട് വന്ന പാൽ വായിലേക്ക് വെച്ഛ് കൊടുത്തു…..പതിവ് പോലെ തന്നെ പാൽ കുടിക്കുന്നതിനിടക്ക് അവൾ കണ്ണുകൾ അവനു നേരെ വിടർത്തുമ്പോൾ അവൻ കുടു കൂടെ ചിരിക്കുന്നുണ്ടായിരുന്നു….
ചുണ്ടിലൂടെ പാൽ ഇറ്റി വീഴുന്നത് അവൾ കൈ കൊണ്ട് തന്നെ തുടച്ചു കൊടുത്തു……അവനെ കളിപ്പിക്കുന്ന നേരവും അവളുടെ മനസ്സ് വല്ലാതെ നീറുന്നുണ്ടായിരുന്നു…..അവൻ പറഞ്ഞ വാക്കുകളോരൊന്നും മനസ്സിനെ അത്ര മേൽ ചുട്ടു പൊള്ളിക്കുന്നുണ്ടായിരുന്നു……ഒന്നനങ്ങുക പോലും ചെയ്യാതെ ശിവ ഒരു പ്രതിമ കണക്കെ അങ്ങനെ നിന്ന് പോയിരുന്നു…..അവൻ പാല് കുടിച്ചു കഴിഞ്ഞതും അവൾ അവനെ ശിവയുടെ കയ്യിലേക്ക് നേരിട്ട് കൊടുക്കാതെ പതിയെ മുറിയിൽ നിലത്തിരുത്തി…..
അവന്റെ മുഖത്ത് ഇനിയും നോക്കാൻ വയ്യെന്നത് കൊണ്ട് തന്നെയായിരുന്നു…..അവിടെ നിന്നും തിരിഞ്ഞ് നടക്കുമ്പോൾ അവൻ ഉറക്കെ കരഞ്ഞത് അവളെ വേദനിപ്പിച്ചെങ്കിലും അവൾ തിരിഞ് നോക്കിയില്ല…..അവന്റെ കരച്ചിൽ ശിവയുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയതും ഓർമകളിൽ നിന്നുണർന്നേന്ന പോൽ അവൻ കുഞ്ഞിനെ കോരിയെടുത്തു…അപ്പോഴും അവന്റെ മനസ്സിലെ പ്രകമ്പനം നിലച്ചിട്ടില്ലായിരുന്നു….
(തുടരും)

by