25/05/2026

നിലാവിന്റെ തോഴൻ : ഭാഗം 23&24

രചന – ജിഫ്ന നിസാർ

“നീ ഒന്നടങ്ങ് ക്രിസ്റ്റി..”

ഫൈസി അവനെ മുറുകെ പിടിച്ചു കൊണ്ട് ശബ്ദമടക്കിയാണ് പറയുന്നത്.

“അപ്പനെ പോലെ തന്നെയാവും മകനും. പക്ഷേ അതീ ക്രിസ്റ്റിക്ക് ജീവനുള്ളടത്തോളം കാലം നടക്കില്ല. അപ്പൻ സ്നേഹിച്ചതിന്റെ മനസ്സ് മടുക്കുന്ന കണ്ണീർ കടങ്ങൾ ഞാനിപ്പോഴും കണ്ടു കൊണ്ടിരിക്കുവാ..”

ഫൈസിയുടെ പിടിയിൽ നിന്നും ക്രിസ്റ്റി പല്ലുകൾ കടിച്ചു കൊണ്ട് പറഞ്ഞു.

അവന്റെ കണ്ണുകളപ്പോഴും കുറച്ചു മാറി ഒരു പെൺകുട്ടിയെയും കോർത്തു പിടിച്ചു നിൽക്കുന്ന റിഷിന്റെ നേരെയാണ്.

“എടാ അതവന്റെ ഫ്രണ്ട് ആണെങ്കിലോ?”

ഫൈസി അവനോട് വീണ്ടും ചോദിച്ചു.

ക്രിസ്റ്റി അവനെയൊന്ന് തിരിഞ്ഞു നോക്കി.

“ആത്മാർത്ഥ ഫ്രണ്ട്ഷിപ്പ് എന്താണെന്ന് എനിക്കാരെങ്കിലും പഠിപ്പിച്ചു തരണമെന്ന് നിനക്ക് തോന്നുന്നുണ്ടോ ഫൈസി?”

ക്രിസ്റ്റിയുടെ നോട്ടത്തിനൊപ്പം അവന്റെ മുഖവും കൂർത്തു.

“എടാ.. അങ്ങനല്ല..”

ഫൈസി അവനോടെന്ത് പറയണമെന്നറിയാതെ നിന്ന് പോയി.

“നീയാ കാഴ്ചയിലേക്കൊന്ന് നോക്ക് ഫൈസി. സാമാന്യബോധമുള്ള ആർക്കും മനസ്സിലാവും അവരുടെ റിലേഷൻ ഏതാണെന്ന് . അതാ നിർത്തവും ഭാവവും കാണുമ്പോൾ തന്നെ പിടി കിട്ടും ”

തനിക്കത് വളരെ മുന്നേ തോന്നിയതാണെന്ന് ഫൈസി മനസ്സിലോർത്തു, ക്രിസ്റ്റി അത് പറഞ്ഞു കേട്ടപ്പോൾ.

“എനിക്ക് മനസ്സിലായി ക്രിസ്റ്റി ”
ഫൈസിയുടെ പതിഞ്ഞ സ്വരം.

“അവനൊരാളെ പ്രണയിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണെന്ന് പറയാൻ ഞാൻ ആളല്ല. ഞാനെന്നല്ല… അവനാരെ സ്നേഹിക്കണമെന്ന് തീരുമാനിക്കാൻ അവന് തന്നെയാണ് അധികാരം. പക്ഷേ.. പക്ഷേ.. എനിക്കാ നിൽപ്പ് കണ്ടിട്ട്.. അതത്ര ശെരിയായ റിലേഷനായിട്ട് തോന്നുന്നില്ലെടാ ”
ക്രിസ്റ്റി നെറ്റിയുഴിഞ്ഞു.

“നീ ഇപ്പൊ അങ്ങോട്ട്‌ പോയി ഒന്നും പറയേണ്ട ക്രിസ്റ്റി. അവനെന്തൊക്കെ വിളിച്ചു പറയുമെന്ന് നമ്മുക്ക് ഊഹിക്കാൻ പോലും കഴിയില്ല. നിന്നെ പരമാവധി ഇടിച്ചു താഴ്ത്താൻ ഒരവസരം നോക്കി നടക്കുന്നവനാണ് നിന്റെ പുന്നാര അനിയൻ ”

ഫൈസി ഓർമിപ്പിച്ചു.
ക്രിസ്റ്റി അതിനുത്തരമൊന്നും പറയാതെ റിഷിനെ തന്നെ നോക്കി.

ഒപ്പമുള്ളവളെ തഴുകിയും തലോടിയും ചിരിച്ചു കുഴഞ്ഞു നിൽക്കുന്നുണ്ടവൻ.

അത് കാണുമ്പോഴൊക്കെയും ക്രിസ്റ്റിക്ക് ശാരിയെയും മീരയെയും ഓർമ വന്നു.

വർക്കി ചെറിയനെന്ന പിശാചിന്റെ രക്തമാണ് അവന്റെ സിരകളിൽ എന്നുള്ള ഓർമയിൽ ക്രിസ്റ്റി ഞെളിപ്പിരി കൊണ്ടു.

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പേരിൽ അവനെതിരെ നിരവധി ആരോപണങ്ങൾ ക്രിസ്റ്റിയുടെ കാതിൽ എത്തിയിരുന്നെങ്കിലും.. ഇത് പോലൊന്ന് . അതും സ്വന്തം കണ്മുന്നിൽ ആദ്യമായിട്ടാണ്.

വർക്കിയുടെ അകമഴിഞ്ഞ സപ്പോർട്ട് ഉള്ളത് കൊണ്ട് തന്നെ അവനൊന്നിയെയും.. ഒരാളെയും ഭയമില്ല.

അവന്റെ ആ ഭയമില്ലായ്മയെ തന്നെയാണ് ക്രിസ്റ്റിയും ഏറെ ഭയന്നത് .

“ഇപ്പൊ തത്കാലം നീ ഇങ്ങോട്ട് വാ ക്രിസ്റ്റി.ഇവിടെ വെച്ചൊരു സീൻ ഉണ്ടാക്കേണ്ട.തെളിവോടെ തന്നെ നമ്മൾക്ക് അവനെ എടുത്തിട്ട് കുടയാം. അതിനുള്ള അവസരം കിട്ടും.”

ഫൈസി വീണ്ടും ക്രിസ്റ്റിയുടെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.

പിന്നെയും അവരെ തന്നെ നോക്കി നിന്നവനെ വളരെ കഷ്ടപെട്ടിട്ടാണ് ഫൈസി പുറത്തേക്കെത്തിച്ചത്.

ബുള്ളറ്റിൽ കൊണ്ടു പോകാവുന്നതിലും ഒരുപാട് കൂടുതലുണ്ട് വാങ്ങിച്ചു കൂട്ടിയ സാധനങ്ങൾ.

“നീ ഈ ഓട്ടോയിൽ വിട്ടോ. പിറകെ വണ്ടിയെടുത്തു ഞാൻ വരാം ”

അതിലെ വന്നൊരു ഓട്ടോക്ക് കൈ കാണിച്ചു നിർത്തി ഫൈസി പറഞ്ഞു.

ക്രിസ്റ്റി എന്തെങ്കിലും പറയുന്നതിന് മുന്നേ തന്നെ ഫൈസി കവറുകൾ പൊറുക്കി വണ്ടിയിലേക്ക് എടുത്തു വെച്ചിരുന്നു.

“കയറ്”

ഓട്ടോയിലേക്ക് കണ്ണ് കാണിച്ചു കൊണ്ട് ഫൈസി ക്രിസ്റ്റിയെ നോക്കി.

അവനെ ഈ അവസ്ഥയിൽ ബുള്ളറ്റിൽ വിട്ടാൽ ശെരിയാവില്ല എന്ന് ക്രിസ്റ്റിക്ക് അറിയാമായിരുന്നു.

അവിടെ നിന്നും പതിനഞ്ചു മിനിറ്റ് നേരത്തെ യാത്രയൊള്ളു..

ഓട്ടോക്ക് പിറകെ പതിയെയാണ് ഫൈസി വണ്ടിയോടിച്ചത്..

❣️❣️❣️

“ഇനിയെന്താ നിനക്ക് പറയാൻ?”
അമീൻ വെല്ലുവിളി പോലെ പാത്തുവിനെ നോക്കി.

ഉള്ളിൽ നിറയെ ഭയമുണ്ടെങ്കിൽ പോലും അതിലൊരു തരി പോലും അവൾ മുഖത്തേക്ക് വലിച്ചു കൊണ്ട് വന്നില്ല.

“നിനക്ക് നീതി കിട്ടിയില്ലെങ്കിൽ നീ തീയാവുക ”

കാതിലൊരുത്തന്റെ ഓർമപ്പെടുത്തൽ.

അവൾക്കൊരു വീര്യം തോന്നി.. ആ ഓർമയിൽ.

“ഇനി ഇയ്യൊന്ന് ഓടി പോകുന്നത് ഞാനൊന്ന് കാണട്ടെ. അങ്ങനെ പോകുന്ന അന്ന് അറക്കൽ തറവാട്ടിലുള്ള മുഴുവനും ആളുകൾക്ക് ഇയ്യ് ഉത്തരം കൊടുക്കേണ്ടി വരും. അങ്ങനൊരു അവസ്ഥ വരുത്തും ഞാൻ ”

അമീൻ വിജയിയെ പോലെ പാത്തുവിനെ നോക്കി ചിരിച്ചു.

അവനൊപ്പം ഇജാസുമുണ്ട്.
പാത്തു അവന്റെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കി നിൽപ്പാണ്.

“അതിനേക്കാൾ എത്രയോ ഭേദമാണ്.. ഞാൻ പറയുന്നത് അനുസരിക്കുകയെന്നത്. ഒരീച്ച കുഞ്ഞു പോലും അറിയാതെ നോക്കേണ്ടത് എന്റെ കൂടി ആവിശ്യമാണ്. അത് കൊണ്ട് ആ കാര്യമോർത്ത് നീ പേടിക്കേണ്ട. എന്ത് പറയുന്നു. ഓക്കേയാണോ?”

അമീൻ ഇജാസിനെ ഒന്ന് നോക്കി കണ്ണടച്ചിട്ട് കൗശലത്തോടെ പാത്തുവിന്റെ അരികിലേക്ക് നീങ്ങി നിന്നു കൊണ്ട് ചോദിച്ചു.

“ബുദ്ധിമുട്ടാണ് ”

അവളുടെ കടുപ്പമേറിയ മറുപടി.

വീണ്ടും അവന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി.

“ശെരി.. എങ്കിൽ നീയും തയ്യാറായിക്കോ.. ഇവിടുള്ളോരോട് മുഴുവനും ഉത്തരം പറയാൻ ”

അവൻ അവളെ നോക്കി പുച്ഛത്തോടെ പറഞ്ഞു.

“എന്റേം ആവിശ്യം അത് തന്നെയാണ്. നല്ലൊരു അവസരം കാത്തിരിപ്പാണ് ഞാനും ”
ഇപ്രാവശ്യം പാത്തുവിന്റെ ശബ്ദത്തിലും വെല്ലുവിളി കലർന്നു.

അമീൻ അവളെ തുറിച്ചു നോക്കി.

“ഞാനിറങ്ങി പോയത് ചോദ്യം ചെയ്യാൻ വരുന്നോര് ചോദിക്കാവുന്ന ഏറ്റവും ഇമ്പോർടന്റ് ആയ ചോദ്യം, എന്തിനാണ് ഈ പാതിരാത്രി ഇറങ്ങി ഓടിയത് എന്ന് തന്നെ ആവില്ലേ..?”

പാത്തു നേർത്തൊരു ചിരിയോടെ അമീനെ നോക്കി.

അവന്റെ മുഖം വിളറി.

ഇജാസും അവനെ തന്നെ സൂക്ഷിച്ചു നോക്കി നിൽപ്പാണ്.

“അല്ലേ?”
അമീനെ നോക്കി പാത്തു ഒന്നൂടെ കടുപ്പത്തിൽ ചോദിച്ചു.

“എനിക്കറിയില്ല ”
അവനെങ്ങും തൊടാതെ ഒരു ഉത്തരം പറഞ്ഞു.

ഉള്ളിലെ വെപ്രാളം പുറമെ കാണിക്കാതിരിക്കാൻ അവനൊരുപാട് ബുദ്ധിമുട്ടുന്നുണ്ട് ആ നിമിഷം.

“എങ്കിൽ എനിക്കറിയാം.ചോദിക്കും. ആ ചോദ്യത്തിനിവിടെ ഒരുപാട് പ്രസക്തിയുമുണ്ടാവും. എന്റെ ഉത്തരത്തിനും ”

പാത്തു അവനെ നോക്കി ചിരിച്ചു.

“നീ പറയുന്നത് ആരെങ്കിലും വിശ്വസിച്ചിട്ട് വേണ്ടേ?”

അമീൻ അവളെ കളിയാക്കി ചിരിയോടെ ചോദിച്ചു.

“അതോർത്തു നീ ടെൻഷനാവേണ്ട. അതെനിക്ക് വിട്ടേക്ക്. വിശ്വാസമാവുന്ന രീതിയിൽ പറയുന്ന കാര്യം ഞാനേറ്റു. അതിന് വേണ്ടുന്ന തെളിവും എന്റെ കയ്യിലുണ്ടെന്ന് കൂട്ടിക്കോ.”

പാത്തു അതേ ചിരിയോടെ അവനെ നോക്കി.

“ഇനി അതുമല്ലെങ്കിൽ… എന്നെ ഇവിടേക്ക് കൊണ്ട് വന്നതിനൊരു കാരണം കാണുമല്ലോ. അതെനിക്കറിയണം. അതിനുള്ള ഒരു വഴിയായിട്ട് ഞാൻ ഇതിനെ ഉപയോഗിച്ച് കൊള്ളാം. എന്ത് പറയുന്നു ”
അമീൻ പറഞ്ഞത് പോലെ തന്നെ ഗൂഡമായൊരു ചിരിയോടെ അവനരികിലേക്ക് നീങ്ങി നിന്നിട്ട് പാത്തു അത് ചോദിക്കുമ്പോൾ… അവൾക് തന്നെ അത്ഭുതം തോന്നിയിരുന്നു, തനിക്കെവിടെ നിന്നാണ് ഇത്രേം ധൈര്യം കിട്ടിയതെന്ന്.

“എത്ര കാലം നീ ഇങ്ങനെ ഒളിച്ചോടും.. ഇതിനൊരു അവസാനം വേണ്ടേ?”

കാതിൽ വീണ്ടും ആ ചോദ്യവും അവന്റെ കണ്ണ് ചിമ്മിയുള്ള ചിരിയും.

അറിയാതെ തന്നെ ഫാത്തിമയുടെ ചൊടികളൊരു ചിരി കടമെടുത്തു.

പൂച്ചയെ പോലെ നിന്നിരുന്നവളുടെ നിശ്ചയദാർഢ്യം നിറഞ്ഞ കണ്ണിലേക്കും മുഖത്തേക്കും അമീൻ പകപ്പോടെയാണ് നോക്കുന്നത്.

ഇങ്ങനൊരു കാര്യം പറയുമ്പോൾ ഭയന്ന് കൊണ്ട് തന്റെ കാൽ കീഴിലൊതുങ്ങുമെന്ന അവന്റെ ചിന്തയെ പാടെ തകർത്തു കൊണ്ടവൾ അവനെ നോക്കി ചിരിച്ചു.

“ഇവിടേതോ ഷാഹിദ് വരാനുണ്ടെന്നെന്നും എന്റെ വരവും അവന്റെ വരവും തമ്മിലെന്തോ കണക്ഷനുണ്ടെന്നും ഇങ്ങോട്ട് പോരുന്നതിനു മുന്നേയും ഇവിടെ വന്നതിന് ശേഷവും ഞാനൊരുപാട് പ്രാവശ്യം കേട്ടിട്ടുണ്ട്. ഇയ്യ് ആളെ വിളിച്ചു കൂട്ടുമ്പോൾ എനിക്കെന്തായാലും അത് കൂടിയൊന്ന് ക്ലിയർ ചെയ്യാനുണ്ട് ”

ഫാത്തിമ വീണ്ടും പറയുമ്പോൾ ഇജാസ് കാറ്റ് പോലെ അകത്തേക്ക് കുതിച്ചു.

അമീൻ അവൾക്ക് മുന്നിൽ നിന്നും വിയർത്തു.

“അപ്പൊ എങ്ങനാ… നീ റെഡിയാണേൽ.. ഞാനും ഒരു കൈ നോക്കാം ”

പാത്തു വീണ്ടും ചിരിച്ചു.

“നിന്നെ.. നിന്നെ ഞാൻ വെറുതെ വിടില്ലെടി ”

വിറക്കുന്ന വിരലുകൾ ചൂണ്ടി അത്ര മാത്രം പറഞ്ഞു കൊണ്ട് അമീനും അവൾക്കരികിൽ നിന്നും ധൃതിയിൽ കയറി പോയി.

ഒരു ദീർഘനിശ്വാസത്തോടെ ഫാത്തിമ അവർ പോയ വഴിയേ നോക്കി.
ഇത് കൊണ്ടൊന്നും അവൻ ഒതുങ്ങില്ലെന്നു അവൾക്കുറപ്പുണ്ട്.

അത്രമേൽ ആസക്തി നിറഞ്ഞ അവന്റെ കണ്ണുകൾ അവളെ അപ്പോഴും ഭയപ്പെടുത്തുന്നുണ്ടായിരുന്നു.

ഏറ്റവും അറ്റത്തെ തന്റെ മുറിക്ക് മുന്നിലെ നീളൻ ഇടനാഴിയിലെ മരത്തിന്റെ തൂണിലേക്ക് ചാരി അവൾ അകലേക്ക്‌ നോക്കി….

❣️❣️❣️

ക്രിസ്റ്റിയിറങ്ങി ഓട്ടോ കാശ് കൊടുത്തു തിരിയുന്നതിന് മുന്നേ ഫൈസിയും എത്തിയിരുന്നു.
രണ്ടാളും കൂടിയാണ് കവറുകൾ അകത്തേക്ക് എടുത്തു വെച്ചത്.

വളരെ ചെറിയൊരു വീടണത്.
കാലപഴക്കം പൊട്ടി പൊളിഞ്ഞു കൊണ്ട് അടയാളങ്ങൾ തീർത്തിട്ടുണ്ട്, ഭിത്തിയിലും സിമന്റിട്ട നിലത്തും.

കോളിങ് ബെല്ലിന് നേരെ ക്രിസ്റ്റിയുടെ കൈ നീളും മുന്നേ വാതിൽ തുറന്നു കൊണ്ട് ലില്ലിയിറങ്ങി വന്നിരുന്നു.

ക്രിസ്റ്റിയെ കണ്ടു അവളുടെ മുഖം തിളങ്ങി.

മോനെ ”
വാത്സല്യം നിറഞ്ഞ വിളിയോടെ ധൃതിയിൽ ഞൊണ്ടി ചാടി വന്നു ലില്ലി തണുപ്പുള്ള ആ കൈകൾ ക്രിസ്റ്റിയുടെ കവിളിൽ ചേർത്ത് വെച്ചു.

“പനി കുറഞ്ഞോ കുഞ്ഞാന്റി?”

പുറത്ത് നിന്ന് കൊണ്ട് തന്നെ ആ കൈകളിൽ പിടിച്ചു കൊണ്ട് ക്രിസ്റ്റി ചോദിച്ചു.

“അതൊക്കെ പോയെടാ..”
നിലാവിന്റെ കീറു പോലെ.. തെളിഞ്ഞൊരു ചിരിയോടെ ലില്ലി പറഞ്ഞു.നന്നേ വെളുത്തു മെലിഞ്ഞിട്ടാണ് ലില്ലി.

നിറം മങ്ങിയൊരു ചുരിദാറാണ് വേഷം.

“ആരാ മോളെ..?”
അകത്തു നിന്നും വല്യപ്പച്ചന്റെ സ്വരം ക്രിസ്റ്റി കേട്ടിരുന്നു.

“ഇത് ഞാനാ വല്യപ്പച്ചാ ..”
ലില്ലി എന്തെങ്കിലും പറയും മുന്നേ ക്രിസ്റ്റി അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.

“കർത്താവെ.. എന്റെ കുഞ്ഞാണല്ലോ..”
വല്യപ്പച്ചന്റെ ശബ്ദത്തിനും മുന്നേ വല്യമ്മച്ചിയുടെ സ്വരം ക്രിസ്റ്റിയുടെ കാതിലെത്തി.

“രണ്ടൂസം ആയിട്ട് നിന്റെ കാര്യം എപ്പോഴും പറയും. കാണാൻ കൊതിയുണ്ടായിരുന്നു എന്ന് തോന്നുന്നു ”

അകത്തേക്കൊന്നു നോക്കി ലില്ലി പതിയെ പറഞ്ഞു.

“ആ.. അതെനിക്ക് തോന്നിയായിരുന്നു. എന്നെ കാണാൻ ആരൊക്കെയോ ഇവിടെ കൊതിയോടെ കാത്തിരിപ്പുണ്ടെന്ന്. അതല്ലേ ഓടി വന്നത് ”

ലില്ലിയുടെ തോളിൽ ചേർത്ത് പിടിച്ചു കൊണ്ട് ക്രിസ്റ്റി കണ്ണ് ചിമ്മി ചിരിച് ഫൈസിയെ നോക്കി.

“വാ ഫൈസി … അകത്തോട്ടു വാ ”

ലില്ലി തിരിഞ്ഞു നിന്നിട്ട് ഫൈസിയെ വിളിച്ചു.ക്രിസ്റ്റിക്കൊപ്പം വരുന്നത് കൊണ്ട് അവനും അവിടെ പരിചിതനാണ്.

അവൻ ചിരിയോടെ തലയാട്ടി.

“എന്നാത്തിനാടാ ഇപ്പൊ നീ ഇതെല്ലാം കൂടി വാങ്ങിച്ചത്? കഴിഞ്ഞ തവണ വാങ്ങിച്ചത് ഇവിടെ ഇരിപ്പുണ്ടല്ലോ ബാക്കി ”

അടുക്കളയിൽ അരി പോലും ബാക്കിയില്ലെങ്കിലും ലില്ലി ക്രിസ്റ്റിയെ നോക്കി ചോദിച്ചു.

“ആ ബാക്കി ഉള്ളതിന്റെ കൂടെ ഇത് കൂടങ്ങ് ചേർത്തേക്കാം നമ്മക്ക്..”
ക്രിസ്റ്റി ചിരിയോടെ തന്നെ പറഞ്ഞു.

“നീ ഇങ്ങോട്ട് കയറി വാ…”

ലില്ലി വീണ്ടും അവനെ വിളിച്ചു.

ഫൈസി രണ്ടു കയ്യിലും ഓരോ കവറുമായി അകത്തേക്ക് കയറി.

ബാക്കിയുള്ളത് എടുക്കാൻ തുനിഞ്ഞ ലില്ലിയെ തടഞ്ഞു കൊണ്ട് ക്രിസ്റ്റി അതെടുത്തു കൊണ്ട് അകത്തേക്കു കയറി.

“മോനെ…”

ആ നിമിഷം തന്നെ അവനെ രണ്ടു കൈകൾ പൊതിഞ്ഞു.

“വല്യമ്മച്ചി..”

ക്രിസ്റ്റിയുടെ കയ്യിലുള്ള കവർ ഫൈസി കൈ നീട്ടി വാങ്ങി.

ക്രിസ്റ്റിയുടെ കൈകളും അവരെ വലയം ചെയ്തു.

“സുഖമാന്നോ.. എന്റെ കുഞ്ഞിന്?”
ത്രേസ്യ നിറഞ്ഞ കണ്ണോടെ ചോദിച്ചു.

മ്മ്.. ”
ക്രിസ്റ്റിയവരെ ഒന്നുകൂടി നെഞ്ചിലേക്ക് അണച്ചു പിടിച്ചു.

‘നീ ഇന്ന് ക്ലാസ് കട്ട് ചെയ്‌തോടാ? ”
മാത്തച്ചൻ ഇറങ്ങി വന്നത് തന്നെ ആ ചോദ്യത്തോടെയാണ്.

അവന്റെ പഠനം തീർത്തിട്ട്… കുന്നേൽ ബംഗ്ലാവിന്റെ ഭരണം തിരികെ പിടിക്കുന്നതും കാത്തിരിക്കുന്ന ആ മനുഷ്യന്.. അത്രയേറെയുണ്ടായിരുന്നു അവനിലുള്ള പ്രതീക്ഷകൾ.

ഊന്നു വടിയുടെ സഹായത്തോടെയാണ് അദ്ദേഹം നടക്കുന്നത്.

ഹാളിലേക്കുള്ള വാതിൽ പടി കടക്കാൻ ബുദ്ധിമുട്ടുന്ന മാത്തച്ചനെ ഫൈസി കൈ പിടിച്ചിറക്കി.

“ക്ലാസ് ഇല്ല്യോഡാ മക്കളെ?”

ഫൈസിയെ നോക്കി വീണ്ടും അദ്ദേഹം ആ ചോദ്യം ആവർത്തിച്ചു.

ഫൈസി ക്രിസ്റ്റിയെ നോക്കി.

അവനൊന്നു കണ്ണ് ചിമ്മി കാണിച്ചു.

“ഇന്ന്… ഇന്ന് ഉച്ചക്ക് ശേഷം ലീവാണ് വല്യപ്പച്ചാ ..”

ഫൈസി പറഞ്ഞത് കേട്ട് ലില്ലി അവനെയും ക്രിസ്റ്റീയെയും മാറി മാറി നോക്കി തലയാട്ടി.

മുറിപ്പെടുമെന്നുറപ്പുള്ള ഓർമകളൊന്നും കടന്ന് വരാത്ത കുറച്ചധികം നിമിഷങ്ങളുടെ ജനനം കൂടിയായിരുന്നു പിന്നെയാ കുഞ്ഞു വീടിന്റെ അകത്തളങ്ങൾ.

ക്രിസ്റ്റിയും ഫൈസിയും വാങ്ങിച്ചു കൊണ്ട് വന്ന കപ്പ… അവരെല്ലാം കൂടിയാണ് വേവിച്ചുടച്ചതും.. അതിലേക്ക് കട്ടൻ കാപ്പിയും മുളക് ചമ്മന്തിയുമുണ്ടാക്കിയതും.

വലിയൊരു തട്ടിലേക്ക് അത് പകർന്നിട്ട്… കോലായിലെ സിമന്റ് തറയിൽ ലില്ലിക്കൊപ്പം ക്രിസ്റ്റിയും ഫൈസിയും ഇരുന്നു.

മുട്ടുകാൽ പ്രശ്നമുണ്ടാക്കിയത് കൊണ്ട് മാത്തച്ചനും ത്രേസ്യയും പഴകിയ രണ്ടു കസേരകളിൽ അവരുടെ അടുത്ത് തന്നെയിരുന്നു.

നേർത്ത ചാറ്റൽ മഴ പൊടിയുന്ന വൈകുന്നേരം..
വേനൽ ചൂടിന്റെ ആക്രമണത്തിൽ തളർന്നു തൂങ്ങിയ സകലതിനും പുതുജീവൻ കിട്ടുന്നത് പോലെ ഉയർത്തെഴുന്നേൽക്കുന്നുണ്ട്.

പൊടി മണ്ണിലേക്ക് മഴ തുള്ളികൾ പതിയുമ്പോഴുണ്ടാവുന്ന സുഖകാരമായൊരു ഗന്ധം അവിടമിൽ പൊതിഞ്ഞു നിന്നിരുന്നു.

ക്രിസ്റ്റിയെ വേദനിപ്പിക്കാതിരിക്കാൻ മനഃപൂർവം വീട്ടിലെ വിശേഷങ്ങളൊന്നും മാത്തച്ചനോ ത്രേസ്യയോ ലില്ലിയോ ചോദിച്ചതുമില്ല.. ക്രിസ്റ്റി പറഞ്ഞതുമില്ല.

തമ്മിൽ പാര പറഞ്ഞും കളിയാക്കിയും ഫൈസിയും ക്രിസ്റ്റിയും ആ ഒത്തു ചേരൽ ആഘോഷമാക്കി.

ചിരികൾക്കിടയിൽ അവിടെ വിട്ടു പോരാനൊട്ടും മനസ്സിലാതെ ക്രിസ്റ്റിയും ഫൈസിയും പോരാനിറങ്ങിയപ്പോൾ സമയം മൂവന്തിയായിരുന്നു.

അവരെ പറഞ്ഞു വിടാൻ… ആ കുഞ്ഞു വീടിനു പോലും മനസ്സിലായിരുന്നു.

“പോയിട്ട് ഇനിയെന്നാ എന്റെ കുഞ്ഞ് വരുന്നത്?”

ത്രേസ്യ എന്നത്തേയും പോലെ പോവാനിറങ്ങിയ ക്രിസ്റ്റിയെ ചുറ്റി പിടിച്ചു കൊണ്ട് ചോദിച്ചു.

“വല്യമ്മച്ചിക്ക് എപ്പോ എന്നെ കാണാൻ തോന്നിയാലും വിളിച്ചോ.. ഞാനിങ്ങു ഓടി വരില്ലേ?”

ക്രിസ്റ്റി അവരുടെ ചുളിഞ്ഞ കവിളിൽ വേദനിപ്പിക്കാതെ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.

“പോയിട്ട് വാ മക്കളെ ”

മാത്തച്ഛനും ഉള്ളിലെ സങ്കടം പുറമെ കാണിക്കാതെ ഒരു ചെറു ചിരിയോടെ അവരെ യാത്രയാക്കി.

“പോട്ടെ കുഞ്ഞാന്റി..”

ഒന്നും മിണ്ടാതെ നിൽക്കുന്ന ലില്ലിയെ നോക്കി ഫൈസി യാത്ര ചോദിച്ചു.

അവൻ തന്നെയാണ് ഡ്രൈവ് ചെയ്യുന്നത്.

“മോനെ… എടാ..”

ക്രിസ്റ്റിയും ഫൈസിയും മുന്നോട്ടു പോകും മുന്നേ ലില്ലി ഞൊണ്ടി ചാടി കൊണ്ട് മുറ്റത്തെക്കിറങ്ങി വന്നിരുന്നു.

ആ വിളിയും വരവും കണ്ടതും ക്രിസ്റ്റി ഫൈസിയുടെ തോളിൽ പതിയെ അടിച്ചു.

അവൻ വണ്ടി നിർത്തി കൊണ്ട് തിരിഞ്ഞു നോക്കി.

ലില്ലി അപ്പോഴേക്കും അവരുടെ അരികിൽ എത്തിയിരുന്നു.

“എന്താ കുഞ്ഞാന്റി?”

അപ്പോഴും അവരോട് പറയണോ വേണ്ടയോ എന്നൊരു ശങ്കയോടെ നിൽക്കുന്ന ലില്ലിയോട് ക്രിസ്റ്റി ചോദിച്ചു.

“എടാ.. അത് ”

ലില്ലി ഒരു തുടക്കില്ലാതെ തപ്പി തടയുന്നുണ്ട്.

“പറഞ്ഞോ കുഞ്ഞാന്റി.. എന്നോടല്ലേ..? ”

ക്രിസ്റ്റി അവരുടെ കൈ പിടിച്ചു വലിച്ചിട്ട് അരികിലേക്ക് നീക്കി നിർത്തി.

അവൻ താഴെയിറങ്ങിയിട്ടില്ല. വണ്ടിയുടെ മുകളിൽ തന്നെയാണ്.

“എന്റെ.. ജോലി പോയെടാ മോനെ ”
അങ്ങേയറ്റം സങ്കടത്തോടെ അവരത് പറഞ്ഞു കേട്ടപ്പോൾ ക്രിസ്റ്റിയുടെ ചങ്ക് പിടച്ചു.

“നീ വിചാരിച്ച… കഴിയുവോ.. ഒരു ചെറിയ ജോലി..”

അവനോടത് പറഞ്ഞു ബുദ്ധിമുട്ടിക്കുകയാണ് എന്നൊരു തോന്നലാണ് ലില്ലിയുടെ മുഖം നിറയെ.

“അത്രേം ഒള്ളോ.. ഇതാണോയിപ്പോ ഇത്രേം ബുദ്ധിമുട്ടി കുഞ്ഞാന്റി പറഞ്ഞത്.?”

അവരത് പറഞ്ഞു കേട്ടപ്പോഴുള്ള പിടച്ചിൽ മനഃപൂർവം അവഗണിച്ചു കൊണ്ട് ക്രിസ്റ്റി ചിരിയോടെ ചോദിച്ചു.

“അത് ഞങ്ങളേറ്റു.. ഇല്ലെടാ?”

മുന്നിലിരിക്കുന്ന ഫൈസിയുടെ തോളിലൊന്ന് തട്ടി കൊണ്ട് ക്രിസ്റ്റി പറയുമ്പോൾ ലില്ലിയുടെ മുഖവും തെളിഞ്ഞു.

“പിന്നല്ലാതെ.. കുഞ്ഞാന്റി ധൈര്യമായിട്ടിരിക്ക് ”

ഫൈസിയും ചിരിയോടെ പറഞ്ഞു.

ലില്ലി സന്തോഷത്തോടെ അവരെ നോക്കി തലയാട്ടി ചിരിച്ചു.

“അപ്പൊ.. പോയി ന്നാ ”

ലില്ലിയുടെ കൈ വിടുവിച്ചു കൊണ്ട് ക്രിസ്റ്റി ഒരിക്കൽ കൂടി യാത്ര പറഞ്ഞു.

തുടരും..

ഒറ്റതുള്ളികളായി തുള്ളി കൊണ്ടിരുന്ന മഴ സന്ധ്യ മയങ്ങിയതോടെ വല്ലാത്തൊരു ആവേശത്തിലാണ്.

പിന്നെയത് തുള്ളിക്കൊരുകുടമെന്നത് പോലെ.. തിമിർത്തു പെയ്തിറങ്ങി.

നിസ്കാരവും പ്രാർത്ഥനയുമെല്ലാം കഴിഞ്ഞു പുറത്തേക്കിറങ്ങിയ പാത്തുവിന്റെ പ്രതീക്ഷകൾക്ക് മേലെ മഴ ആർത്തലച്ചു പെയ്തു.

ആ മഴതുള്ളികളെക്കാൾ തീവ്രമായി അവളും പെയ്യുന്നുണ്ട്.

ഇടയ്ക്കിടെ മിന്നുന്ന ഇടിയിൽ അവളുടെ നെഞ്ച് പതുക്കുന്നുണ്ട്.
വരാന്തയുടെ അങ്ങേയറ്റത്ത് ഇജാസിന്റെ തോളിൽ ചാരി നിന്ന് നോക്കുന്ന അമീന്റെ കഴുകൻ കണ്ണുകളിൽ ഒരു വിജയച്ചിരിയുണ്ടെന്ന് തോന്നി അവൾക്കപ്പോൾ.

മിന്നി മറയുന്ന മിന്നലൊളികൾ ഇടയ്ക്കിടെ അവന്റെ മുഖത്തെ ക്രൂരത കാണിക്കാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട്.

വീണ്ടും വീണ്ടും പാത്തു നിസ്സഹായതയുടെ പടുക്കുഴിയിലേക്ക് വീണു പോകാൻ പാകത്തിന് അമീന്റെ ചിരി.

ഇടിച്ചു കുത്തി പെയ്യുന്ന മഴതുള്ളികൾ അവന് നിശ്ചയദാർഢ്യം പ്രഖ്യാപിക്കുന്നത് പോലെ, നെഞ്ചുലഞ്ഞ് നിൽക്കുന്ന അവളെ കണ്ടതേയില്ലായിരുന്നു.

❣️❣️❣️

“നാളെ ഞാൻ നേരത്തെയിറങ്ങാം. നിന്റെ ബൈക്ക് കോളേജിലിരിപ്പല്ലേ?”

ബുള്ളറ്റിൽ നിന്നും ഫൈസിയിറങ്ങിയതും മുന്നിലേക്ക് നീങ്ങിയിരിന്നിട്ട് ക്രിസ്റ്റി പറഞ്ഞു.

“നീ ബുദ്ധിമുട്ടേണ്ടടാ. ഞാൻ ആര്യനെ വിളിച്ചോളാം. അല്ലങ്കിൽ തന്നെ നീ വേട്ടല്ലാം കഴിഞ്ഞു ഇറങ്ങാൻ വൈകും..”

ഫൈസി ബാഗ് തോളിലേക്ക് ഇട്ടു കൊണ്ട് പറഞ്ഞു.

“ഒക്കെ.. എങ്കിൽ അവനെ വിളിച്ചിട്ട് പറയാൻ മറക്കണ്ട. ഞാൻ പോയി..”

പൊടിഞ്ഞു തുടങ്ങിയ ചാറ്റൽ മഴയിലേക്ക് നോക്കി ക്രിസ്റ്റി പറഞ്ഞു.

“സൂക്ഷിച്ചു പോ. നല്ല മഴ വരുന്നുണ്ട്. അതങ്ങു ജോറാവുന്നതിന് മുന്നേ വീട് പിടിക്കാൻ നോക്ക് . മഴ കൊണ്ട് പനിച്ചു കിടന്നാ ഒരാഴ്ച പോയി കിട്ടും ”

ഫൈസി ഓർമിപ്പിച്ചു.

ഫൈസി അഴിച്ചു കൊടുത്ത ഹെൽമെറ്റ്‌ തലയിലേക്ക് സെറ്റ് ചെയ്തു കൊണ്ട് ക്രിസ്റ്റി തലയാട്ടി.

“ഡാ..”

സ്റ്റാർട്ട് ചെയ്തു അവൻ പോകും മുന്നേ ഫൈസി അവനെ വിളിച്ചു കൊണ്ട് വണ്ടിയുടെ ഹാൻഡിൽ പിടിച്ചു.

“റിഷിനോട് ഇന്ന് കണ്ടതിനെ കുറിച്ചൊന്നും ചോദിക്കരുത്. അവനായിട്ട് നമ്മുക്കൊരു അവസരം തരും. അന്ന് മതി ചോദ്യം ചെയ്യുന്നതും ശിക്ഷ വിധിക്കുന്നതും. അത് വരെയും ഇതൊന്നും നീ അറിഞ്ഞതായി പോലും ഭാവികരുത്. എവിടെ വരെയും പോകുമെന്ന് നോക്കാം നമ്മക്ക്…. ഇതൊക്കെയല്ലേ നീ പറയാൻ വന്നത്?”

നേർത്തൊരു ചിരിയോടെ ക്രിസ്റ്റി ഫൈസിയെ നോക്കി.

“മ്മ്…ഇത് തന്നെ.. ഇത് തന്നെ..”

ഫൈസിയും ചിരിയോടെ അവന്റെ തോളിൽ തട്ടി.

വിട്ടോ ”

ഫൈസി വീണ്ടും പറഞ്ഞു.

ക്രിസ്റ്റി പിന്നെയൊന്നും പറയാതെ വണ്ടിയെടുത്തു പോയി.

❣️❣️❣️

ആർത്തലച്ചു പെയ്യുന്ന മഴയിലേക്ക് നോക്കുമ്പോൾ ക്രിസ്റ്റിയുടെ ഉള്ളം അസ്വസ്ഥമാവുന്നുണ്ടായിരുന്നു.

കാരണം പറയാനറിയാത്തൊരു നോവ് ആ മഴയിലേക്ക് നോക്കി നിൽക്കുമ്പോൾ അവനെ പൊതിഞ്ഞു നിന്നിരുന്നു.

നല്ലതും ചീത്തയുമായ നിരവധി ഓർമകൾ നാനവഴിക്കും ചിതറി തെറിച്ചും.

ചിലതെല്ലാം കുളിര് പടർത്തിയപ്പോൾ.. ചിലതെല്ലാം കുപ്പി ചില്ല് പോലെ തുളഞ്ഞു കയറി ചോര പൊടിയിച്ചു.

മഴക്കല്ലെങ്കിലും അങ്ങനൊരു വികൃതിയറിയാം.

നമ്മൾ ഏതു അവസ്ഥയിലാണോ.. ആ അവസ്ഥയിലേക്ക് മഴ കൂടി നമ്മളോടൊപ്പം ചേരും.
ഉള്ളിൽ ആനന്ദമാണെങ്കിൽ.. ചിതറി വീഴുന്ന മഴതുള്ളികൾ നമ്മുടെ കൂടെ സന്തോഷത്തോടെ പൊട്ടിചിരിക്കയാണെന്ന് തോന്നും.

ഇനി നമ്മൾ സങ്കടത്തിലാണെങ്കിൽ.. പെയ്തിറങ്ങിയതത്രയും നമുക്കുള്ളിലെ നോവുകാളൊന്നു തോന്നും.

ഇനി തനിച്ചാണെന്ന സങ്കടമാണോ…അപ്പോഴും ഓരോ തുള്ളികളും ഓരോ കൈകളായി പൊതിഞ്ഞങ്ങ് പിടിച്ചോളും..

വിരഹം തളർത്തുമ്പോൾ… പെയ്തിറങ്ങിയ ചില്ലകളിൽ നിന്നും ഓർമകളിറ്റി വീഴ്ത്തി വീണ്ടും ഹൃദയത്തെ കീറി മുറിച്ചു കളയും.

ഇനിയൊരു പ്രണയിനി ആയി നോക്കു.. മഴക്ക് മുന്നിൽ. ആയിരം കൈകളോടെ ചേർത്ത് പുൽക്കുന്ന കാമുകനാവുമപ്പോൾ.

വാത്സല്യം കൊതിക്കുമ്പോൾ നേർത്തൊരു തലോടലോടെ അമ്മയാവും.

അങ്ങനെയങ്ങനെ എന്തെല്ലാം.. എത്രെയെല്ലാം ഭാവങ്ങളാണ് മഴ ഒളിപ്പിച്ചു പിടിച്ചിരിക്കുന്നത്!

ബാൽകണിയിലെ ഊഞ്ഞാലിൽ കിടന്ന് കൊണ്ട് അന്നേരം വരെയും ക്രിസ്റ്റി ഓർത്തത് നോവും ചിരിയും ഇഴ കലർന്ന സ്മൃതികാളായിരുന്നു.

പക്ഷേ അന്നത്തെ മഴക്കൊരു വന്യ ഭാവം പോലെ തോന്നി അവന്.

ഇത്തിരി വെട്ടത്തിൽ പൊട്ട് പോലെ കാണാവുന്നൊരു വലിയ വീടിന്റെ അകത്തെ lവിടെയോ നെഞ്ചുരുകി കൊണ്ട് മഴയെ നോക്കി നിൽക്കുന്നൊരുവളുടെ രൂപം എന്ത് കൊണ്ടോ ഒരു നോവോടെ അവനിലേക്കൊഴുകിയെത്തി.

അന്നേരം വരെയുമില്ലാത്ത ശ്വാസം മുട്ടലോടെ ക്രിസ്റ്റി എഴുന്നേറ്റിരുന്നു.

ഇന്നൊരു പകല് കൊണ്ട് അറക്കൽ വീട്ടിലുള്ളവരാരും നന്നാവാനൊന്നും പോകുന്നില്ലന്നവന് തീർച്ചയാണ്.

ഈ പെരും മഴയും കട്ടപിടിച്ച ഇരുട്ടും അവളെ തോൽപ്പിക്കാനിറങ്ങിയതാണോ?

അവന് വെറുതെ ദേഷ്യം വരുന്നുണ്ടായിരിന്നു.

താഴെ നിന്നും ഫോണിലേക്ക് മറിയാമ്മച്ചി കഴിക്കാൻ വരാനുള്ള ഓർമപ്പെടുത്തലുമായിട്ട് വിളിച്ചപ്പോഴാണ് ക്രിസ്റ്റി പാത്തുവിന്റെ ഓർമകളിൽ നിന്നും വിട്ടു മാറിയത്.

വല്യപ്പച്ചന്റെ അരികിൽ നിന്നും വയറു നിറയെ കപ്പയും ചായയും കുടിച്ചത് കൊണ്ട് തന്നെ വിശപ്പൊന്നുമില്ല.

പക്ഷേ.. ഇവിടെ മറിയമ്മച്ചിയോട് അതൊന്നും പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല.
കഴിക്കാൻ വിളിച്ചാൽ പോയി കഴിച്ചിട്ട് വന്നേക്കണം.

ക്രിസ്റ്റി ഫോൺ അറ്റന്റ് ചെയ്തു കൊണ്ട് കാതോട് ചേർത്ത് വെച്ചു.

“എന്നതാടാ ഫോണെടുക്കാൻ നിനക്കിത്ര താമസം?”

കലിപ്പിച്ചു കൊണ്ടുള്ള ചോദ്യമാണ് ആദ്യം തന്നെ ചീറി എത്തിയത്.

“നിന്നെയെന്താടാ പൊട്ടൻ കടിച്ചോ? മിണ്ടാൻ വയ്യേ?”

അൽപ്പനേരം ഉത്തരം താമസിച്ചപ്പോൾ വീണ്ടും അതിനേക്കാൾ വലിയൊരു ചോദ്യം വെടിയുണ്ട പോലെ പാഞ്ഞു വന്നു.

“ഹോ… എന്റെ മറിയാമ്മോ… ഞാൻ നിങ്ങളുടെയാ വീര ചരമം പ്രാപിച്ച കെട്ട്യോനെയൊന്നു സ്മരിച്ചു പോയതാ ”

ക്രിസ്റ്റി പറഞ്ഞു.

“അതെന്നാ നീ ഇപ്പൊ ഇത്രേം തിരക്കിട് അതിയാനെ സ്മരിക്കാനുള്ള കാരണം?അതിനിവിടെ ഞാൻ വടി പോലെ നിൽക്കുന്നില്ല്യോ?”

ഇതെന്തോന്ന്.. ചോദ്യോത്തര പദ്ധതിയാണോ? തീരുമ്പോ തീരുമ്പോ പുതിയ ചോദ്യം ചോദിച്ചു വലക്കാൻ.
ക്രിസ്റ്റി ചിരിയോടെ ഓർത്തു.

“ഡാ…

അവന്റെ ഉത്തരം കേൾക്കാഞ്ഞിട്ടാണ്.. മറിയാമ്മച്ചി വീണ്ടും വിളിക്കുന്നു.

“ഇത്രേം വെടക്കായ നിങ്ങളെ, ആ പാവമെങ്ങനെ സഹിച്ചുവെന്ന് ഓർത്തു പോയതാ.. ന്റെ പൊന്നുഓ..”

ചിരി കടിച്ചു പിടിച്ചു കൊണ്ട് ക്രിസ്റ്റി പറഞ്ഞു.

“അതിയാൻ നിന്നെ പോലൊരു കിഴങ്ങൻ അല്ലായിരുന്നല്ലോ മക്കളെ..”

ഉരുളക്കുപ്പേരി പോലെ മറുപടി.

“കഴിക്കാൻ വല്ലോം വേണെങ്കിൽ കഴിച്ചേച്ചു പോടാ ഇരുന്നു ചമ്മി നാറാതെ. എനിക്കൊന്ന് കിടക്കണം. തണുപ്പടിച്ചിട്ട് എന്റെ കാല് കഴക്കുന്നു ”

അവനുത്തരം പറയാൻ അവസരം കൊടുക്കാതെ വീണ്ടും മറിയാമ്മച്ചി തന്നെ ഗോളടിച്ചു.

“നിങ്ങളാര്.. എന്റെ കെട്ട്യോളോ? എന്നെ ഊട്ടിയിട്ട് കിടക്കാൻ?”
ക്രിസ്റ്റി വീണ്ടും ചൊറിഞ്ഞു.

“പത്തു മിനിറ്റ് കൊണ്ട് കഴിക്കാനിറങ്ങി വന്നില്ലേ.. നീ അറിയും ഈ മറിയാമ്മ ആരാണെന്നത്.”

മാസ് ഡയലോഗ് പറഞ്ഞതും ഫോൺ കട്ട് ചെയ്തതും ഒരുമിച്ചാണ്.

ക്രിസ്റ്റി ചിരിയോടെ ഫോൺ താഴെ വെച്ചു.

മഴ വീണ്ടുമേതോ വാശി പോലെ കനക്കുകയാണ്.

ക്രിസ്റ്റിക്ക് പുറത്തേക്ക് നോക്കുമ്പോഴൊക്കെയും ശ്വാസം മുട്ടി.

പെട്ടന്നേതോ ചിന്തയിൽ ക്രിസ്റ്റി ഫോണെടുത്തു ഫൈസിക്ക് കോളിലിട്ടു.

“എന്താടാ?”

വേവലാതി നിറഞ്ഞ അവന്റെ സ്വരം കാത്തിലെത്തി.

“എടാ.. ഇവിടെ ഭയങ്കര മഴ ”
ക്രിസ്റ്റി പറഞ്ഞു.

“ഞാൻ ഉഗാണ്ടയിലൊന്നുമല്ലല്ലോ.? ഇവിടേം സെയിം ടൂ യു. നല്ല ഇടി വെട്ടി പെയ്യുന്നുണ്ട്.”
ഫൈസിയുടെ ചിരിയോടെയുള്ള ഉത്തരം.

“അതല്ലടാ… വൈകുന്നേരം തുടങ്ങിയതാ.. ഇപ്പൊ അടുത്തെങ്ങും തോരുമെന്നു തോന്നുന്നില്ല ”

“മ്മ്.. അതിനെന്താ? മഴ പെയ്തോട്ടെ.. ഈ കത്തുന്ന ചൂടൊന്നു കുറയട്ടെടാ ”
ഫൈസി മഴ ആസ്വദിക്കുന്നത് പോലാണ് പറയുന്നത്.

“എടാ… ഫാത്തിമ.. അവളവിടെ പെട്ടു പോകില്ലേ? കറണ്ട് മഴയുടെ നിഴല് കണ്ടപ്പോഴേ ഓടി പോയിട്ടുണ്ട്.”
ക്രിസ്റ്റി വീണ്ടും ആകുലതയോടെ പറഞ്ഞു.

“ഓഹോ.. അതാണ്‌ കാര്യം.അപ്പൊ നീ അവളെ കാത്ത് നിൽപ്പാണോ?”

ഫൈസിയുടെ ചോദ്യത്തിന് പെട്ടന്നൊരു ഉത്തരം കൊടുക്കാൻ ക്രിസ്റ്റിക്കായില്ല.
കാരണം.. നേരം ഇരുട്ടിയത് മുതൽ താനാ സാന്നിധ്യം ആഗ്രഹിക്കുന്നുണ്ടായിരുന്നു എന്ന കാര്യം ഫൈസിയോട് പറയാൻ തോന്നിയില്ല.

“അല്ലേടാ… പെട്ടന്നൊരു ദിവസം കൊണ്ട് അവസാനിക്കാവുന്ന പ്രശ്നങ്ങളല്ലല്ലോ അവൾക്കുള്ളത്. ഭയന്ന് വിറച്ചു കൊണ്ട്…”

ബാക്കി പറയാതെ ക്രിസ്റ്റി പാതിയിൽ നിർത്തി.

“സത്യത്തിൽ എന്താ ക്രിസ്റ്റി നിന്റെ പ്രശ്നം?”

ചിരിച്ചു കൊണ്ടാണ് ഫൈസിയത് ചോദിക്കുന്നതെന്ന് ക്രിസ്റ്റിക്ക് മനസ്സിലായി.

“കുന്തം.. വെച്ചിട്ട് പോടാ ”
ക്രിസ്റ്റി പെട്ടന്ന് പറഞ്ഞു.

ഇച്ചിരി ആശ്വാസം കിട്ടാൻ വേണ്ടിയാണ് അവനെ വിളിച്ചത്..
അതിപ്പോ ഇങ്ങനെയുമായി.
അവൻ പല്ല് കടിച്ചു.

“വെക്കല്ലട.. ”

ഫൈസി പറയുന്നത് കേട്ടു.

“പറഞ്ഞോ..”

ക്രിസ്റ്റി ഫോൺ കട്ട് ചെയ്തില്ല.

“എടാ.. നല്ല വിശപ്പ് തോന്നുമ്പോൾ.. അത് തീർക്കാനുള്ള എന്തെങ്കിലുമൊരു മാർഗവും നമ്മൾ കണ്ടു പിടിക്കും. പിടിക്കേണ്ടി വരും. അത് പ്രകൃതി നിയമമാണ്. കാരണം ഒറ്റക്കാണെന്ന് തോന്നുമ്പോൾ.. കൈ പിടിച്ചുയർത്താൻ ആരുമില്ലെന്ന് തിരിച്ചറിവ് വരുമ്പോൾ നമ്മളെല്ലാം ഒറ്റക്ക് നയിക്കാൻ പാകത്തിനൊരു പോരാളിയായി മാറും. മനുഷ്യൻ അങ്ങനാണ് ക്രിസ്റ്റി ”

ഫൈസി പറയുന്നത് ക്രിസ്റ്റി പുറത്തെ ഇരുട്ടിലേക്ക് തുറിച്ചു നോക്കിയാണ് കാതോർക്കുന്നത്.

“അപ്പൊ പറഞ്ഞു വന്നതെന്താണെന്ന് വെച്ചാൽ… പ്രശ്നം ഫാത്തിമക്കാണ്. അതിനവൾ എങ്ങനെയെങ്കിലും പരിഹാരവും കാണും. നീ പറഞ്ഞ അറിവ് വെച്ചിട്ട്… ഞാൻ മനസ്സിലാക്കിയ ഫാത്തിമ.. തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത പോരാളി തന്നെയാണ്. ഡോണ്ട് വറി പ്രിയപ്പെട്ട കൂട്ടുകാരാ ”

ഫൈസിയുടെ വാക്കുകൾ വീര്യം നിറച്ചു കൊണ്ട് ക്രിസ്റ്റീയിലേക്ക് ഒഴുകിയെത്തി.

അത് നൽകിയ ആശ്വാസത്തോടെ തന്നെയാണ് ക്രിസ്റ്റി താഴേക്കിറങ്ങി പോയതും.

അടുക്കളയിൽ ചെല്ലുമ്പോൾ .. ഇട്ടിരുന്ന ഡ്രസ്സിന് പുറമെ വലിയൊരു ജാക്കറ്റ് കൂടി വലിച്ചിട്ടിട്ടും തണുപ്പോടെ കൂനി കൂടിയിരിക്കുന്ന മറിയാമ്മച്ചി.

അവനാ ഇരിപ്പ് കണ്ടിട്ട് പാവം തോന്നി.
പുതച്ചു മൂടി കിടക്കാൻ തോന്നിയിട്ടും തനിക്ക് വേണ്ടിയാണാ കാത്തിരിപ്പ്.

“കൂയ്..”അവൻ അരികിൽ ചെന്നിട് തോണ്ടി വിളിച്ചു.

“ആ.. ഇരിക്ക്.. ചോറ് തരാം ”

അവനെ കണ്ടതും അവരെഴുന്നേറ്റു.

വല്ല്യ ഉത്സാഹമില്ലാത്ത വാക്കുകൾ.. മഴയിൽ പെട്ടത് പോലെ തണുത്തുറഞ്ഞു പോയിരുന്നു.

“വയ്യെങ്കിൽ പോയി കിടന്നോ മറിയാമ്മച്ചി.. ഞാൻ എടുത്തു കഴിച്ചോളാം ”

ആ തണുത്ത കവിളിലേക്ക് രണ്ടു കൈകളും ചേർത്ത് വെച്ചിട്ട് ക്രിസ്റ്റി പറഞ്ഞു.

“നീ ഇരിക്കെടാ ചെക്കാ. ഞാൻ പോയി കിടന്നാ നിനക്കൊന്നും കഴിക്കാതെ പോയി കിടക്കാനല്ലേ?”

മറിയാമ്മച്ചി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.

“അങ്ങോട്ടിര്ക്ക്.. വിളമ്പി തരാം ഞാൻ. എന്നിട്ട് പൊയ്ക്കോളാം ”

ടേബിളിലേക്ക് ചൂണ്ടി വീണ്ടും പറഞ്ഞു.

“എന്ത് പറ്റി… തണുപ്പടിച്ചിട്ടാണോ.. പോരാളിക്ക് വീര്യം പോരല്ലോ?”

ക്രിസ്റ്റി അവരെ കളിയാക്കി.

“ഒന്നുല്ലടാ ”

അവന്റെ മുന്നിലേക്ക് ചോറ് വിളമ്പി വെച്ചിട്ട് മറിയാമ്മച്ചി പതിയെ പറഞ്ഞു.
“അതല്ലല്ലോ.. എന്തോ ഉണ്ട്. അല്ലാതെ ഈ നാവിങ്ങനെ റസ്റ്റ്‌ എടുക്കില്ലെന്ന് എനിക്കറിയാമല്ലോ ”
ക്രിസ്റ്റി ചോറ് വിളമ്പുന്ന അവരുടെ കയ്യിൽ പിടിച്ചു.

“എനിക്കെന്റെ കെട്ട്യോനെ ഓർമ വന്നെടാ. മഴ നോക്കി എന്റെ കൂടെയിരിക്കാൻ അങ്ങേർക്ക് വല്ലാത്തൊരു ആവേശമായിരുന്നു.”

വിഷാദം നിഴലിക്കുന്ന ആ കണ്ണിലേക്കു നോക്കിയപ്പോൾ ക്രിസ്റ്റിക്കും വേദനിച്ചു.

“പിന്നെ… ഈ വയ്യസ് കാലത്താണ് നിങ്ങളുടെ ഒരു മിസ്സിംഗ്‌..”
മനഃപൂർവം അവൻ അവരെ കളിയാക്കി.
എന്നിട്ടും തെളിയാത്ത മുഖം.

“ഇവിടിരുന്നേ..”
ക്രിസ്റ്റിയാ കൈകൾ പിടിച്ചു വലിച്ചു കൊണ്ട് അരികിലിരുത്തി.

“നാളെ ഞാനിച്ചിരി നേരത്തെ വരാം. നമ്മുക്ക് പള്ളിയിലൊന്നു പോയി ആ കെട്ട്യോനോട് നന്നായിട്ടൊന്ന് വഴക്കുണ്ടാക്കാൻ. അല്ലാതെ ഞാൻ നോക്കിയിട്ട് ഈ മിസ്സിംഗ്‌ കുറയാൻ സാധ്യതയില്ല ”

ക്രിസ്റ്റി കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് പറഞ്ഞു.

“പോവണ്ടേ..?”
അത്രേം പറഞ്ഞിട്ടും ഒന്നും മിണ്ടാതെയിരിക്കുന്ന മറിയാമ്മച്ചിയെ നോക്കി ക്രിസ്റ്റി കണ്ണ് കൂർപ്പിച്ചു.

“മ്മ്..

നനുത്തൊരു മൂളലോടെ അവർ അവന്റെ തലയിൽ ഒന്ന് തലോടി.

“മുഴുവനും കഴിച്ചോണം. ഞാൻ പോയി കിടക്കട്ടെ ”

അതും പറഞ്ഞിട്ട് അവരെഴുന്നേറ്റു.

“വല്ലോം കഴിച്ചായിരുന്നോ?”

പിറകിൽ നിന്നുമവൻ വിളിച്ചു ചോദിക്കുന്നത് കേട്ടിട്ട് ഒന്ന് തിരിഞ്ഞു നോക്കി തലയാട്ടി കൊണ്ട് മറിയാമ്മച്ചി കയറി പോയി.

ഒന്നാമതേ … മനസ്സൊരു പിടി കിട്ടാത്ത മൂഡിൽ ചുറ്റി തിരിയുന്ന ക്രിസ്റ്റിയുടെ അവസ്ഥ, അതുകൂടി ആയതോടെ പൂർത്തിയായി.

ഒരു പിടി ചോറ് പോലും കഴിക്കാനുള്ള വിശപ്പില്ലാഞ്ഞിട്ടും.. തനിക് വേണ്ടി അവരിത്രേം കഷ്ടപെട്ടതാണല്ലോ എന്നായോർമ കൊണ്ടാണ് ക്രിസ്റ്റി അത് കഴിച്ചു തീർത്തത്.

തീർത്തും മൂകമായ ഒരു അന്തരീക്ഷം.

കഴിച്ചെഴുന്നേറ്റ് പാത്രങ്ങൾ സിങ്കിലേക്ക് എടുത്തു വെച്ചിട്ടാണ് ക്രിസ്റ്റി അടുക്കളയിൽ നിന്നും പുറത്തെ വർക്ക് ഏരിയയിലേക്കിറങ്ങിയത്.

മഴ അപ്പോഴും തകർത്തു പെയ്യുകയാണ്.
കറണ്ട് ഇല്ലാത്തത് കൊണ്ട് ഷീറ്റ് പുര നിൽക്കുന്നിടം മുഴുവനും ഇരുട്ടിൽ മുങ്ങി കിടപ്പുണ്ട്.

വീടിന്റെ പുറത്തുള്ള ഒന്നോ രണ്ടോ ബൾബുകൾക്ക് മാത്രമാണ് ഇൻവെർട്ടറുമായി കണക്ഷൻ ഉള്ളത്.

അടുക്കള മുറ്റത്തിട്ട തകര ഷീറ്റിന് മേലെ മഴ തുള്ളികൾ പതിക്കുമ്പോൾ അവക്കൊരു കരച്ചിലിന്റെ ഈണം പോലെ തോന്നി ക്രിസ്റ്റിക്ക്.

വീണ്ടും വീണ്ടും അവന്റെ കണ്ണുകൾ ഷീറ്റ് പുരയിലേക്ക് തന്നെ നീണ്ടു.

ഫൈസി പറഞ്ഞത് പോലെ.. പ്രശ്നമുണ്ടങ്കിൽ പരിഹാരവുമുണ്ടാവും.

അങ്ങനെ ആശ്വാസിച്ചു കൊണ്ടാണ് അവൻ വാതിൽ അടച്ചു കൊണ്ട് മുകളിലേക്ക് കയറാൻ ഒരുങ്ങിയതും.

ഇന്ന് അമ്മയെ കണ്ടിട്ടേയില്ലെന്ന് അപ്പോഴാണ് അവനോർത്തത്.

അടഞ്ഞു കിടക്കുന്ന അവരുടെ മുറിയുടെ വാതിലിന് നേരെ അവൻ നോക്കി.

അത് മുട്ടി തുറന്നു പോകാനുള്ള അനുവാദമില്ലെന്നോർക്കേ..വേദന നിറഞ്ഞ ഒരു നിശ്വാസത്തോടെ അവൻ മുകളിലേക്ക് കയറി.

മുറിയിലെത്തിയിട്ടും മനസ്സെന്തിനോ വല്ലാതെ മിടിക്കുന്നു.

എന്തൊക്കെ ചെയ്തിട്ടും ഒട്ടും കുറയാതെ…ശ്വാസം മുട്ടുന്നു എന്ന് തോന്നിയപ്പോൾ അവനെഴുന്നേറ്റ് വാതിൽ തുറന്നു പുറത്തേക്കിറങ്ങി.

കയ്യിലെ ടോർച് തെളിയിച്ചു കൊണ്ട് ആ പെരും മഴയിലേക്കിറങ്ങി അവനാ ഷീറ്റ് പുരയുടെ നേരെ ധൃതിയിൽ നടന്നു ചെല്ലുമ്പോൾ..

നനഞ്ഞു കുതിർന്നു വിറച്ചു കൊണ്ടൊരു മൂലയിൽ അവളുണ്ടായിരുന്നു.
അവനെ കാത്തിട്ടെന്ന പോലെ..

തുടരും..