16/04/2026

സായൂജ്യം : ഭാഗം 01

രചന – അഞ്ജു തങ്കച്ചൻ

സത്യാ…. പെട്ടന്നുള്ള വിളിയൊച്ച കേട്ട് അയാൾ ഞെട്ടിത്തിരിഞ്ഞുനോക്കിയതും, ആരോ കൈകളിൽ മുറുക്കെ പിടിച്ചു.

കൈകളിൽ മുറുകെ പിടിച്ചിരിക്കുന്നത്,ഒരു പെൺകുട്ടിയാണ്,കണ്ടാൽ ഇരുപതോ, ഇരുപത്തിഒന്നോ വയസോളം പ്രായം തോന്നും.

എന്താ… ആരാ? അയാൾ ചോദിച്ചു.
ആരാന്നോ? പെൺകുട്ടിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

എനിക്ക് കുട്ടിയെ മനസിലായില്ല അതാ ചോദിച്ചത്, മുൻപെങ്ങും കണ്ട ഓർമ്മയില്ല.

വേണ്ട സത്യാ , ഇങ്ങനൊന്നും പറയരുത് ഇനിയും എന്നെ ഇങ്ങനെ വേദനിപ്പിക്കരുത്. എനിക്കിതു താങ്ങാൻ വയ്യ.

അയാൾ ബലമായി അവളുടെ കൈകളിൽ നിന്നും തന്റെ കൈത്തലം വലിച്ചെടുത്തു.
സത്യാ… അവൾ ഞെട്ടലോടെ അയാളെ നോക്കി.

കുട്ടീ നീ ഏതാ.. എനിക്ക് മനസിലായില്ല. അതാ ചോദിച്ചത്.

ഓഹോ.. സ്വന്തം ഭാര്യയായ എന്നെ അറിയില്ല അല്ലേ അവളുടെ ഒച്ച ഉയർന്നു.

എന്റെ ഭാര്യയോ?നീയെന്തൊക്കെയാ കുട്ടീ ഈ പറയുന്നത്.

ഓഹോ അപ്പോൾ എല്ലാവരും ചേർന്ന് എന്നെ ചതിക്കുകയാ അല്ലേ,ഞാൻ എന്ത് തെറ്റാ സത്യാ ചെയ്തത്?

അവൾ വിങ്ങി വിങ്ങി കരഞ്ഞു.

കുട്ടീ… ഇത്തരം ഒരു കള്ളത്തരം പറഞ്ഞ നിന്നോട് ഇനിയും ക്ഷമിക്കാൻ എനിക്ക് കഴിയും എന്ന് തോന്നുന്നില്ല.എന്റെ ക്ഷമ പരീക്ഷിക്കാതെ പോകാൻ നോക്ക്.

എനിക്ക് ദേഷ്യം വന്നാൽ ഞാൻ എന്ത് ചെയ്യുമെന്ന് എനിക്ക് തന്നെ അറിയില്ല. അതുകൊണ്ട് പോകാൻ നോക്ക്.

അയാളുടെ കവിളുകൾ ദേഷ്യത്തിൽ വിറക്കുന്നുണ്ട്.

സത്യക്ക് ദേഷ്യം വന്നാൽ എന്ത് ചെയ്യുമെന്ന് എനിയ്ക്കറിയാവുന്നത് പോലെ മറ്റാർക്കും അറിയില്ലല്ലോ, കൂടി വന്നാൽ സ്വന്തം കൈ ചുരുട്ടി എവിടേലും ഇടിപ്പിച്ചു സ്വയം വേദനിപ്പിക്കും, അല്ലാതെ എന്നെ ഒന്ന് നുള്ളി വേദനിപ്പിക്കാൻ പോലും സത്യക്ക് പറ്റില്ലല്ലോ.
അവൾ കുറുമ്പോടെ ചോദിച്ചു.

അയാൾ ഞെട്ടലോടെ അവളെ നോക്കി.

എന്താ… പിണക്കം ഇതുവരേം തീർന്നില്ലേ സത്യാ…അവൾ അയാളുടെ കവിളിൽ തൊട്ടതും അയാൾ പിന്നിലേക്ക് മാറി.

ഇനിയും പിണങ്ങി ഇരിക്കാൻ എനിക്ക് വയ്യ സത്യാ.
അവളുടെ ഒച്ച ഇടറി.
ഈ സത്യനാഥ്‌ ഇല്ലാതെ ഉമക്ക് ജീവിക്കാൻ പറ്റില്ലെന്ന്അറിയില്ലേ,ഇനിയുംഎന്നോടിങ്ങനെ പിണങ്ങി മിണ്ടാതെ ഇരിക്കരുത്.

സത്യനാഥ്‌ അവളെ തുറിച്ചു നോക്കി.

എനിക്കറിയില്ല നിന്നെ, അയാൾ കാറിന്റെ ഡോർ തുറന്ന് അകത്തു കയറി, വേഗത്തിൽ മെയിൻ റോഡിലേക്ക് കടന്നു.

ഒന്ന് സിഗരറ്റ് വലിക്കണം എന്ന് തോന്നി ഒരിടവഴിയിലേക്ക് വണ്ടി കയറ്റി സിഗരറ്റ് വലിക്കാനായി പുറത്ത് ഇറങ്ങിയതെ ഉള്ളൂ. അപ്പോഴാണ് ആ കുട്ടി വന്നത്.

എന്തൊക്കെയാണ് ആ കുട്ടി പറഞ്ഞത് ആകെ തലക്ക് ഭ്രാന്ത് പിടിക്കുന്നു.താനിതിന് മുൻപ് ഒരിക്കൽ പോലും ഈ കുട്ടിയെ കണ്ടിട്ടില്ല. അത് തനിക്കുറപ്പാണ്.

പക്ഷെ ഉമയുടെ അതേ രീതികളാണ് ആ കുട്ടിക്ക്. പിണങ്ങിക്കഴിഞ്ഞാൽ വിങ്ങിക്കരഞ്ഞു കൊണ്ട് തന്റെ കൈകളിൽ പിടിക്കും. അപ്പോഴൊക്കെ അവളുടെ മുഖം ചുവന്ന് കണ്ണുകൾ കലങ്ങി, കൈത്തലം വിയർപ്പിൽ കുതിർന്നിരിക്കും.

ഈ കുട്ടിയും അങ്ങനെ തന്നെ,ഈ കുട്ടി കൈകളിൽ പിടിച്ചപ്പോഴും ആകെ കൈകൾ നനഞ്ഞിരുന്നു. എന്താണ് അങ്ങനെ…
അയാൾക്ക്‌ തല പെരുക്കുന്നത് പോലെ തോന്നി.

മറക്കാൻ ശ്രെമിക്കും തോറും അവളെങ്ങനെ ഉള്ളിൽ നിറയുകയാണ്. തന്റെ ഉമ.

ഒരിക്കലും മറക്കാൻ പറ്റില്ലെന്ന് അറിയാം എങ്കിലും ഒരായിരം വട്ടം താൻ ശ്രെമിക്കും അവളെ മറക്കാൻ.

അയാൾ വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തി. വയ്യ.അയാൾ സ്റ്റിയറിങ്ങിലേക്ക് തല ചായ്ച്ചു വച്ചു.

അവളെ ഓർമ്മിക്കുമ്പോൾ ഉടലാകെ തളരുന്നു.
ഒരൊറ്റ ശ്വാസമായിരുന്നില്ലേ ഉമയും സത്യനാഥും. പിന്നെങ്ങനെയാണ് ജീവിതയാത്രയിൽ ഒരാൾ കൂടെ ഇല്ലാതാകുന്നത്.

ഒരുമിച്ചു കണ്ട സ്വപ്‌നങ്ങൾ ഒക്കെ എങ്ങനെയാണ് പാതി വഴിയിൽ ഉപേക്ഷിക്കാൻ ആവുന്നത്?

അറിയില്ല… തനിക്കൊന്നും അറിയില്ല.
ആകെ അറിയാവുന്നത് ഒന്ന് മാത്രമാണ്. ഉമയും സത്യയും നടന്നവഴികളിൽ, ഇന്ന് ഈ സത്യനാഥ്‌ മാത്രം.

ഉമേ…നിന്നെ കാത്തു നിന്ന ഈ വഴിയോരത്ത് ഞാൻ ഇപ്പോഴും കാത്തു നിൽക്കുന്നു.
ഒരു തവണ, ഒരൊറ്റത്തവണ ഒന്നു വന്ന് കൂടെ?

സത്യാ ഞാൻ നിന്റെ കൂടെ നിന്ന് എങ്ങോട്ടും പോവില്ല എന്നൊന്ന് പറഞ്ഞൂടെ.

അത്രയ്ക്ക് സ്നേഹിച്ചവരല്ലേ നമ്മൾ.
പിന്നെന്തിനാണ് ഉമേ.. എന്നെ ഉപേക്ഷിച്ചു പൊയ്ക്കളഞ്ഞത്. നീയില്ലാതെ ഞാൻ ഉരുകുന്നത് നീയറിയുന്നില്ലേ? എത്ര ദിവസങ്ങളായി ഞാൻ ഒന്നുറങ്ങിയിട്ടെന്ന് നിനക്കറിയോ?

അവളെ ആദ്യം കണ്ട ദിവസം അയാളുടെ ഓർമ്മയിൽ തെളിഞ്ഞു വന്നു. നാലാം ക്ലാസ്സിലേക്ക് പുതുതായി വന്ന കുട്ടിയെ അന്ന് എല്ലാവരും കണ്ണുപറിക്കാതെ നോക്കിയിരുന്നു. നീല ഉടുപ്പിട്ട് മുടി രണ്ടായി പിന്നിയിട്ട ഒരു സുന്ദരിക്കുട്ടി. അവൾ അടുത്തുവരുമ്പോൾ കർപ്പൂരത്തിന്റെ ഗന്ധമായിരുന്നു.

പിന്നീട് പത്താം ക്ലാസ്സ്‌ വരെ ഒരുമിച്ചായിരുന്നു.

ഇതിനിടയിൽ സൗഹൃദം പ്രണയമായി മാറിയത് എപ്പോഴാണെന്ന് അറിയില്ല.
ഒന്ന് മാത്രമേ അന്നും അറിയൂ. ഉമയും സത്യയും ഈ ജന്മത്തിൽ ഒന്നാണ്. ഒരാളില്ലെങ്കിൽ മറ്റേയാൾക്ക് ജീവിക്കാൻ വയ്യാത്തത്രയും സ്നേഹിച്ചിരുന്നു ഞങ്ങൾ.

മുതിർന്നപ്പോൾ, വീട്ടുകാരും ഞങ്ങളുടെ ഇഷ്ടത്തിന് എതിര് നിന്നില്ല.
ജോലി കിട്ടി താൻ ബാംഗ്ലൂർ പോയപ്പോൾ, അവൾ നാട്ടിൽ തന്നെ,ഞങ്ങൾ പഠിച്ചു വളർന്ന സ്കൂളിൽ ടീച്ചറായി ജോലിക്ക് കയറി.

ജീവിതം പ്രണയത്തിലും, മോഹത്തിലും നനഞ്ഞു കുതിർന്ന ആ കാലം.

ലീവ് കിട്ടിയാൽ താൻ ഓടി വരുമായിരുന്നു. കാപ്പിപ്പൂ മണമുള്ള തങ്ങളുടെ ഗ്രാമത്തിലേക്ക്.

അവിടമായിരുന്നു എന്റെ സ്വർഗ്ഗം. അവിടെയാണ് എന്റെപ്രണയത്തിന്റെ രാജകുമാരി എന്നെ കാത്തിരിക്കുന്നത്.
ലോകം മുഴുവൻ അവളിലേക്ക് ചേർത്ത് വച്ച അവളുടെ മാത്രം പുരുഷനായിരുന്നില്ലേ താൻ.

എന്നിട്ടും…..

അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

**********

തുടരും.