ഈ നിമിഷം 22
രണ്ടു വീടുകളിലേക്ക് നടന്നു പോകും തോറും രണ്ടാളുടെയും ആ ചിരി മങ്ങി വന്നു.. വീട്ടിലേക്ക് കയറാൻ പറ്റാതെ രണ്ടാളും പരസ്പരം നോക്കി നിന്നു..
“ഇങ്ങേർക്ക് പണിയൊന്നൂല്ലേ.. ഒന്നുമില്ലെങ്കിൽ പോയി തൂമ്പ എടുത്തു രണ്ടു കിള കിളയ്ക് മനുഷ്യാ .. പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്ത പോലെ.. വായിനോക്കി”.. പദ്മ അത്രയും പറഞ്ഞപ്പോഴേക്കും മാധവൻ ചുറ്റും എന്തോ കണ്ണുകൾ കൊണ്ട് പരതി.. പദ്മ ചിരിയോടെ ഓടി വീട്ടിൽ കയറി.. ചെറിയൊരു ചിരിയോടെ മാധവനും വീട്ടിലേക്ക് നടന്നു..
ഒന്നു ഫ്രഷ് ആയിട്ട് അച്ഛന്റേം അമ്മേടേം അരികിലേക്ക് വന്നതാണ്.. അവിടെ മിന്നൂട്ടി അവരുടെ രണ്ടാളുടെയും നെറ്റി തമ്മിൽ മുട്ടിച്ച് വെച്ചിരിക്കുകയാണ്.. ഇതെന്താ ഈ പെണ്ണ് കാണിക്കുന്നത്.. ചെറിയൊരു ചിരിയോടെ അതും നോക്കി നിന്നു.. പിന്നെ അമ്മയുടെ ഒരു കൈ എടുത്തു അച്ഛന്റെ നെഞ്ചിൽ വെപ്പിച്ചു മിന്നൂട്ടി.. പദ്മ ഒന്ന് ഞെട്ടി.. ഈശ്വരാ വള്ളി പുള്ളി വിടാതെ ഇന്ന് രാവിലെ സംഭവിച്ചതൊക്കെ രണ്ടാളോടും പറഞ്ഞു കേൾപ്പിക്കുകയാണ് വിത്ത് ആക്ഷൻ.. അവിടെ നിന്നും പതിയെ മുങ്ങാൻ നോക്കി.. “ഞങ്ങൾ കണ്ടു ഇങ്ങു പോരേ”.. ന്ന് അമ്മ വിളിച്ചു പറഞ്ഞു.. അമ്മ താടിയ്ക്ക് കയ്യും താങ്ങി പദ്മയെ ആദ്യമായ് കാണുന്ന പോലെ നോക്കി നിൽക്കുവാണ്.. എന്നാലും എന്റെ കുഞ്ഞേ നിനക്ക് പ്രേമമോ എന്ന് ചിന്തിച്ച്.. എപ്പോഴും ചെയ്യാറുള്ളത് പോലെ പദ്മ അച്ഛന്റെ മറവു പറ്റി അങ്ങനെ നിന്നു..
“അപ്പോളെങ്ങനാ രണ്ടാൾക്കും സമ്മതമായ സ്ഥിതിക്ക് ഇതങ്ങ് ഉറപ്പിക്കട്ടെ”.. അച്ഛൻ ചോദിച്ചു..
“ചേച്ചി വിളിച്ചോ അച്ഛാ”…ആദ്യം എതിർക്കുന്നത് അവളാണെന്ന് നന്നായിട്ടറിയാം.. അതുകൊണ്ട് ചോദിച്ചതാ..
“ഇല്ല.. നിങ്ങൾ രണ്ടാളും വന്നിട്ട് വിളിക്കാമെന്ന് വിചാരിച്ചു.. എന്തായാലും അവൾ സമ്മതിക്കില്ല.. വല്യ പുള്ളിയല്ലേ.. ആരും സമ്മതിച്ചില്ലെങ്കിലും എന്റെ കൊച്ചിന് മാധവനെയാണ് ഇഷ്ടമെങ്കിൽ അച്ഛൻ നടത്തി തരും.. അവനാകുമ്പോൾ എന്റെ കുഞ്ഞിനെ എന്റെ അടുത്ത് നിന്നും മാറ്റി കൊണ്ടുപോകില്ലല്ലോ”.. അച്ഛനത് പറഞ്ഞപ്പോൾ പദ്മയുടെ മുഖവും ഒന്ന് തെളിഞ്ഞു.. മിന്നു മാത്രം അവര് പറയുന്നതും കേട്ട് ഒന്നും മനസ്സിലാവാതെ എല്ലാവരെയും മാറി മാറി നോക്കി ഇരുപ്പുണ്ട്.. അച്ഛൻ അവളെയൊന്നു നോക്കിയിട്ട് പറഞ്ഞു..
“നിങ്ങൾ രണ്ടാൾക്കും ചിലപ്പോൾ മുതിർന്നവരെ പറഞ്ഞു മനസ്സിലാക്കാൻ പറ്റിയെന്നു വരും.. പക്ഷേ ഈ കുഞ്ഞിന് ഒരുപാട് സംശയങ്ങൾ കാണും.. എല്ലാം തീർത്ത് അവളുടെ പൂർണ്ണ സമ്മതം ഉണ്ടാവണം ഇതിൽ.. നീ ഒരു ഭാര്യ മാത്രമായിട്ടല്ല ഈ ജീവിതത്തിലേക്ക് കയറുന്നത്.. ഒരു അമ്മ ആയിട്ടും കൂടിയാ.. കേട്ടോ”.. പദ്മയുടെ തലയിൽ തലോടി അച്ഛൻ പറഞ്ഞു..
ശരിയാണ് അച്ഛൻ പറഞ്ഞത്.. മിന്നുവിന്റെ സമ്മതം വേണം.. ഇത്രയും നാൾ അവളുടെ അമ്മ തന്നെ ആയിരുന്നു താൻ.. ഇപ്പോൾ അവളുടെ അച്ഛന്റെ സ്നേഹം കൂടി പങ്കു വെക്കാൻ ആണ് പോകുന്നത്.. അവൾക്ക് ഇഷ്ടക്കേട് ഉണ്ടാവുമോ.. ജ്യോതിയമ്മ മതിയെന്ന് വല്ലതും പറയുവോ.. ദേഷ്യം ആകുമോ തന്നോട്.. ഒരു രണ്ടാനമ്മയുടെ രൂപത്തിൽ കാണുമോ തന്നെ.. ഒരുപാട് ചോദ്യങ്ങളിങ്ങനെ മനസ്സിൽ കയറിയിറങ്ങി.. സംസാരിക്കണം അവളോട് അതിനു മുന്നേ അവളുടെ അച്ഛനോടും..
ഉറങ്ങിയ മിന്നുവിനെയും കൊണ്ട് മാധവന്റെ അടുത്തേക്ക് വന്നു.. മേലേക്ക് നോക്കി എന്തോ ആലോചനയിലാണ്.. അവളെ അയാൾക്കരുകിൽ കിടത്തി.. പദ്മയോട് അടുത്ത് ഇരിക്കാൻ കണ്ണു കൊണ്ട് കാണിച്ചു..
“എനിക്ക് കുറച്ചു സംസാരിക്കണം.. നമുക്ക് വെളിയിൽ ഇരിക്കാം.. അവൾ ഉറങ്ങിക്കോട്ടെ”..
മാധവൻ എഴുന്നേറ്റു വെളിയിലേക്ക് പോയി.. മിന്നുവിനെ പുതപ്പിച്ചു കൊടുത്തു.. കവിളിൽ ഒരുമ്മയും കൊടുത്തു.. “അമ്മ കൂടെ വരുന്നത് ഇഷ്ടാന്ന് പറഞ്ഞേക്കണേ പൊന്നേ.. നിന്റെ അച്ഛനെ വളരെ കഷ്ടപ്പെട്ടാ ഒന്ന് മെരുക്കി എടുത്തേ”… അവളുടെ കുഞ്ഞിക്കവിളിൽ ഒന്നുകൂടി ചുണ്ട് ചേർത്തു..
പിറകിലേക്ക് കൈമുട്ടും കുത്തി സ്റ്റെപ്പിൽ ഇരിപ്പുണ്ടായിരുന്നു മാധവൻ.. പദ്മ തൊട്ട് അടുത്തിരുന്നു.. ന്താ പറയാനുള്ളത് മാധവൻ കണ്ണുകൊണ്ട് ചോദിച്ചു നേരെയിരുന്നു ..
“മിന്നൂന്റെ കാര്യവാ.. അവൾ സമ്മതിക്കുമോ ഞാൻ കൂടി വരാൻ.. എന്തെങ്കിലും എതിർപ്പ്………”..
മാധവൻ പദ്മയെ ഒന്ന് നോക്കി.. “അത് അവളെ നീ ശരിക്കും മനസ്സിലാക്കാഞ്ഞിട്ടാ.. ഇതൊന്ന് പറഞ്ഞു നോക്ക്.. തുള്ളിച്ചാടും.. കുഞ്ഞാണെന്നെ ഉള്ളൂ.. നല്ല വിവരം ഉണ്ട് അവൾക്ക്”.. മാധവൻ വളരെ നിസ്സാരമായി പറഞ്ഞു..
“അമ്മേയെന്ന് എന്നെ വിളിക്കുന്നുണ്ടെങ്കിലും അവളുടെ അമ്മ ജ്യോതി ആണെന്ന് അവൾക്കറിയില്ലേ .. അപ്പോൾ പിന്നെ എന്നോട് ഇനി”…
“ജ്യോതി പോയപ്പോൾ ആ കുഞ്ഞുകൊച്ചിനെയും വെച്ച് ഞാൻ ഇനിയെന്ത് ചെയ്യും എന്ന് ആലോചിച്ചു ഇരുന്നതാ.. പക്ഷേ ആ കുഞ്ഞിനെ എത്ര കാര്യമായിട്ടാണ് മിന്നു നോക്കിയതെന്ന് അറിയുമോ”.. കുഞ്ഞിന്റെ കാര്യം പറഞ്ഞപ്പോൾ പദ്മ പഴയതെല്ലാം ഓർത്തു പോയി.. ഒന്ന് ഉള്ളം വിങ്ങി..
“നിന്നെ അമ്മേയെന്ന് അവളായിട്ട് വിളിച്ചതല്ലേ.. അമ്മയായിട്ട് നിന്നെ തന്നാൽ മതിയായിരുന്നൂന്നാ അവളെപ്പോഴും എന്നോട് പറയുക.. ആ നിന്നെ സ്വന്തമാക്കാൻ ഒരവസരം കിട്ടിയാൽ അവൾ വെറുതെ വിടുമോ.. പിന്നെ സ്വാഭാവികമായിട്ട് അവൾക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടാവും.. കുഞ്ഞല്ലേ.. അതിനിങ്ങനെ ഈ തല ചൂടാക്കണ്ട”.. പദ്മയുടെ കയ്യെടുത്തു ഉള്ളംകയ്യിലാക്കി പിടിച്ചു.. “പേടിയുണ്ടോ എന്റെ പദ്മയ്ക്ക്.. മിന്നുവിന്റെ കാര്യമോർത്തിട്ട്”..
“എന്റെ പദ്മ”അത് കേൾക്കാൻ തന്നെ നല്ല സുഖം.. “പേടി കുറച്ച് ഇല്ലാതില്ല.. കുട്ടികളുടെ മനസ്സ് കുറച്ചൊക്കെ അറിയാം.. സ്നേഹം പങ്കുവെക്കാൻ ഇഷ്ടമുണ്ടാവില്ല.. ഇപ്പോൾ അവൾക്ക് സ്വന്തമെന്ന് പറയാൻ അവളുടെ അച്ഛൻ മാത്രമല്ലേ ഉള്ളൂ.. ആ അച്ഛൻ വേറൊരാളെ സ്‌നേഹിക്കുമ്പോൾ അവൾക്ക് അംഗീകരിക്കാൻ പറ്റുവോ”..
“എന്തുപറ്റി എന്റെ ടീച്ചറിന്.. സ്വന്തം കാര്യം വന്നപ്പോൾ ഒരു വിറയൽ.. നല്ല പേടിയുണ്ടല്ലോ”.. നെഞ്ചിലേക്ക് ചാരിയിരുത്തി വിരലുകൾ കൊരുത്തു പിടിച്ചു..
“ഇപ്പോൾ മനസ്സിലായോ നമ്മൾ ഒരുപാട് സ്നേഹിക്കുന്നവരെ വേദനിപ്പിക്കാൻ നമ്മൾ ഒരിക്കലും ഇഷ്ടപ്പെടില്ലെന്ന്.. ഇതിപ്പോ ബാക്കിയുള്ളവരെ എങ്ങനെ സമ്മതിപ്പിക്കുമെന്ന് ഓർത്ത് ഇത്രയും ടെൻഷൻ ഇല്ലല്ലോ നിനക്ക്”.. താടി നെറുകയിൽ വെച്ചു ചോദിച്ചു.. പദ്മ ഒന്നും മിണ്ടാതെ ചേർന്നിരുന്നു.. പക്ഷേ അവളുടെ മനസ്സിൽ കുറച്ചെന്തൊക്കെയോ കാര്യങ്ങൾ ഉത്തരമില്ലാതെ കിടപ്പുണ്ടെന്ന് മാധവന്റെ കയ്യിൽ ഉറച്ചു നിൽക്കാത്ത അവളുടെ വിരലുകൾ പറയുന്നുണ്ടായിരുന്നു..
“ഇപ്പോൾ ഒന്നും ഓർത്ത് മനസ്സ് കുഴപ്പിക്കണ്ട.. പോയി നന്നായിട്ട് ഒന്നുറങ്ങി എണീക്കുമ്പോൾ എല്ലാം ശരിയാകും.. രാവിലെ അമ്പലത്തിൽ പോകണം.. നാളെത്തന്നെ വിത്തിടണം.. ഇപ്പോൾ തന്നെ ഒത്തിരി താമസിച്ചു”.. നെഞ്ചിൽ നിന്നും പദ്മയെ മാറ്റി.. കൈ പിടിച്ചു എഴുന്നേൽപ്പിച്ചു കൂടെ നടത്തി.. വീട്ടിലെത്തിയപ്പോൾ കയറി പൊക്കോളാൻ പറഞ്ഞു.. കുറച്ചു നടന്നിട്ട് തിരിഞ്ഞു നോക്കി മാധവനെ.. അവിടെ തന്നെ നിൽക്കുന്നത് കണ്ടപ്പോൾ ഒന്നു കൂടി അടുത്തേക്ക് ചെല്ലാൻ തുടങ്ങി, അപ്പോഴേക്കും അടുത്ത് നിന്ന ചെമ്പരത്തി കമ്പ് ഒടിച്ചു അതിലെ ഇല കളയാൻ തുടങ്ങി.. “ഇങ്ങേരെക്കൊണ്ട് 😡.. ഒന്നു പോടോ”.. കൈകൊണ്ട് കാണിച്ചിട്ട് അകത്തേക്ക് കയറി.. വാതിൽ അടയ്ക്കുമ്പോഴേക്കും ആള് തിരിഞ്ഞു നടന്നിരുന്നു..
ഒരു തണുത്ത കൈ മുഖത്തു കൂടി ഓടി നടന്നപ്പോൾ പദ്മ കണ്ണു തുറന്നു.. മിന്നു കുളിച്ചു സുന്ദരിയായി മുന്നിൽ വന്നു നിൽപ്പുണ്ട്.. “എന്താടി കുഞ്ഞേ കണി കാണിക്കാൻ ആണോ രാവിലെ കുളിച്ചു സുന്ദരിയായി ഇറങ്ങിയേ”..
അല്ലെന്ന് ചുണ്ടു കൊണ്ട് ശബ്ദം വെച്ചു.. “അമ്പലത്തിൽ പോകാൻ.. അച്ഛൻ പറഞ്ഞു അമ്മേനെ വിളിച്ചാൻ.. എണീക്കുന്നില്ലേ.. അമ്മ വരുന്നില്ലേ”..
“ഇത്രേം നേരത്തെയോ.. നിന്റെ അച്ഛന് പ്രാന്താണോ.. ആ അമ്പലം എങ്കിലും ഒന്ന് തുറക്കട്ടെ പെണ്ണേ”.. ഒന്നുകൂടി പുതച്ചു കിടന്നു.. തന്റെ മുഖത്തു നിന്നും കണ്ണു പറിക്കാതെ നോക്കുന്നവളെ കൂടെ കയറ്റി കിടത്തി പുതപ്പിച്ചു കെട്ടിപ്പിടിച്ചു.. “അമ്മേടെ ചുന്ദരിയെ ഇങ്ങനെ കെട്ടിപ്പിടിച്ചു കിടക്കാൻ നല്ല സുഖവാ”.. ഇക്കിളി എടുപ്പിക്കുമ്പോൾ സാധാരണ കിലുകിലെ ചിരിക്കാറുള്ളതാ.. ന്ത് പറ്റി ഇവൾക്ക്.. അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി..
“അച്ഛനെ കല്യാണം കഴിച്ചാൽ ജ്യോതിയമ്മയെപ്പോലെ അമ്മയും മിന്നുവിനേം അച്ഛനേം ഇട്ടേച്ചു പോകുവോ.. അച്ഛനെ ഇനീം കരയിക്കുവോ “.. മിന്നുവിന്റെ ചോദ്യം കേട്ടപ്പോഴേ തോന്നി മാധവൻ എല്ലാം പറഞ്ഞിട്ടുണ്ട് ന്ന്.. ഇന്നലത്തെ തന്റെ ടെൻഷൻ എല്ലാം കണ്ടിട്ടാവും മിന്നുനോട് എല്ലാം പറഞ്ഞത് ..
“ഈ കുഞ്ഞിനേം അച്ഛനേം ഇട്ടേച്ചും പോകാൻ ജ്യോതിയമ്മയെപ്പോലെ അത്ര മണ്ടിയാണോ നിന്റെ അമ്മ”.. മിന്നു ഒന്നു നോക്കി പദ്മയെ..”ആണോ”.. ഒന്നുകൂടി ചോദിച്ചു പദ്മ…
“മ്മ്ഹൂം”.. മിന്നു തലയാട്ടി.. എന്നിട്ടും ആ മുഖത്തു സംശയം ബാക്കിയാണ്..
“പൊന്നിന് ഇഷ്ടമില്ലേ അമ്മ നിന്റെ അച്ഛനെ കല്യാണം കഴിക്കുന്നത്.. ഇല്ലെങ്കിൽ പറഞ്ഞോ.. അമ്മ ഒന്നും പറയില്ല”.. അതു ചോദിക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു പേടി ഉണ്ടായിരുന്നു..
“എനിക്ക് ഇഷ്ടവാ.. ഒത്തിരി ഇഷ്ടവാ.. പിന്നെ അമ്മ എന്റേം അച്ഛന്റേം അടുത്ത് എപ്പോളും ഉണ്ടാവും ന്ന് അച്ഛൻ പറഞ്ഞു.. ആണോ”..
“മ്മ്.. എന്നും ഉണ്ടാവും.. ഇങ്ങനെ എപ്പോളും ചേർത്തു പിടിച്ചു എന്നും ഉണ്ടാവും.. അമ്മയ്ക്ക് നിന്റെ അച്ഛനേയും നിന്നേം എന്തിഷ്ടമാണെന്ന് അറിയോ”.. ഒന്നുകൂടി ഇറുക്കി പിടിച്ചു.. പദ്മയുടെ മുഖം നിറയെ ഉമ്മ കൊടുത്തു.. അവളുടെ മുഖം നെഞ്ചിൽ ചേർത്തു വെച്ചു വലിയൊരു ഭാരം ഒഴിഞ്ഞതിന്റെ ആശ്വാസത്തിൽ കിടന്നു..
ചമയങ്ങൾ ഒന്നും അധികം ഇഷ്ടപെടാത്ത ആളാണ് ഞാൻ.. പക്ഷേ ഇന്ന് കണ്ണെഴുതി പൊട്ടും കുത്തി മുടിയൊക്കെ പടർത്തിയിട്ട് കാവിലെ ദേവിയായിട്ട് ഇറങ്ങി.. അത്ഭുതത്തോടെ നോക്കി നിന്ന മിന്നൂട്ടിയെയും ഒരുക്കി.. വായും പൊളിച്ചു നിൽക്കുന്ന അച്ഛന്റെയും അമ്മയുടെയും മുന്നിലൂടെ തലയുയർത്തി പൊരുതി നേടിയ തന്റെ മാധവന്റെ അടുത്തേക്ക് നടന്നു.. ചെല്ലുമ്പോഴേ കണ്ടു ഓട്ടോയിൽ ഞങ്ങളെ രണ്ടാളെയും കാത്തിരിക്കുന്ന ആളെ.. എന്നെയും മിന്നൂട്ടിയെയും മാറി മാറി നോക്കുന്നുണ്ട്.. മുഖം വിടരുന്നുണ്ട് ചെറിയൊരു നാണത്തോടെ.. ചില നേരത്തു നല്ല നാണക്കാരനാ, ചില നേരം നാണമെന്തെന്ന് അറിയുകയേ ഇല്ലാത്ത പോലെയാ.. അച്ഛനെയും അമ്മയെയും ഒന്നു നോക്കിയിട്ട് നേരെ അമ്പലത്തിലേക്ക്.. അവകാശത്തോടെ അതിലേറെ അധികാരത്തോടെ രണ്ടാൾക്കും പ്രസാദം തൊട്ടു കൊടുത്തു.. മാധവൻ പെട്ടെന്ന് പ്രാർത്ഥിച്ച് നീങ്ങും.. പക്ഷേ എനിക്ക് പറയാൻ ഒരുപാട് ഉള്ളതുകൊണ്ട് പതിയേ നീങ്ങൂ.. എങ്കിലും മാറി കാത്തു നിൽക്കും.. ചിലപ്പോൾ തന്നെയും നോക്കി അല്ലെങ്കിൽ ചിലപ്പോൾ ഉള്ളിലെ മൂർത്തിയെ നോക്കി.. ദൈവത്തിനോട് എല്ലാം പറയുന്നത് മൗനത്തിലൂടെയാ , കണ്ണുകളിൽ നോക്കിയാൽ അറിയാം ഒരുപാട് എന്തൊക്കെയോ പറയുന്നുണ്ടെന്ന്.. മിന്നൂട്ടി ആണെങ്കിൽ രണ്ടാളുടെയും നടുക്ക് കയ്യിൽ പിടിച്ചു നടക്കുവാണ്.. അർമാദിക്കുവാണ് പെണ്ണ്.. ഇടയ്ക്കിടെ മാധവന്റെ കയ്യിൽ പിടിച്ചു പൊങ്ങുന്നുണ്ട്.. ഈ അച്ഛൻ ആണോ കള്ളുംകുടിച്ചു മകളെ സ്നേഹിക്കുന്നവരെ ഒക്കെ ചീത്ത വിളിച്ചു നടന്നിരുന്നത് എന്നു തോന്നിപ്പോകും..
നമുക്കുള്ളതാണെങ്കിൽ നമ്മളെ തേടി വരുമെന്ന് പറയുന്നത് സത്യമാണ്.. ഈ രണ്ടു സ്നേഹം എന്നെ തേടി വന്നതാണ്.. എന്റെ മാത്രം ആണ്..
വന്ന വഴിയേ ആയിരുന്നില്ല തിരിച്ചു ഇറങ്ങുന്നത്.. ഇത്രയും നേരം നല്ല മണ്ണിൽ ചവിട്ടി നടന്നു.. മണ്ണു കുഴഞ്ഞു കിടക്കുന്നിടത്തു വന്നപ്പോൾ സാരി പൊക്കി പിടിച്ചു.. ന്തായാലും കാലു ചെളിയ്ക്കുള്ളിൽ താഴും.. താഴെ കുളത്തിൽ പോയി കഴുകാം എന്നു വിചാരിച്ചതേ ഓർമ്മയുള്ളു.. വയറിൽ കൈ ചുറ്റി മാധവൻ പൊക്കിയെടുത്തു ഇപ്പുറത്തു നിർത്തി.. അതുപോലെ മിന്നൂട്ടിയെയും.. എന്നിട്ട് കുളത്തിലേക്ക് പോയി കാലു കഴുകി വന്നു.. ഈ മനുഷ്യനെക്കൊണ്ട് ഞാൻ തോറ്റു.. ചുറ്റുമൊന്ന് നോക്കി, ആരും ശ്രദ്ധിക്കുന്നില്ല ഭാഗ്യം.. ഇത്രയും സംരക്ഷണം നൽകുന്ന ഭർത്താവിനെ ജ്യോതി ന്തിനാവും വേണ്ടെന്ന് വെച്ചത്.. പിന്നെയും പിന്നെയും അതിങ്ങനെ മനസ്സിൽ ചോദിച്ചുകൊണ്ടേയിരുന്നു..
ഇവൻ എന്റെയാ.. ദൈവത്തിന്റെ കണ്ണു വെട്ടിച്ചു അർഹത ഇല്ലാത്ത ആൾക്ക് സ്നേഹം കൊടുക്കാൻ പോയതാ.. വീണ്ടും പിടിച്ച പിടിയാലേ ദൈവം കൂട്ടികൊണ്ട് വന്നു എനിക്ക് തന്നു..ചിരിയോടെ ഓർത്തു നടക്കുന്നത് കണ്ടിട്ടാവും മാധവൻ കയ്യിൽ ചേർത്തു പിടിച്ചു.. പദ്മ ആ മുഖത്തേക്ക് ഒന്നു നോക്കി.. കൈ പതിയേ നെഞ്ചിൽ വെച്ചു..എന്റെയാന്ന് കണ്ണുകൾ പറയുന്നുണ്ട് ..
വീട്ടിൽ വന്നു കാപ്പി കുടിക്കുമ്പോഴാണ് അച്ഛൻ കല്യാണക്കാര്യം പറഞ്ഞത്.. ജാതകം ഒന്നും നോക്കണ്ടന്ന് അച്ഛൻ പറഞ്ഞപ്പോൾ വിഷമം തോന്നി, ജാതകത്തിനൊക്കെ അത്രയും പ്രാധാന്യം കൊടുത്തിരുന്നയാളാണ് ഇങ്ങനെ പറയുന്നത് .. തന്റെ ആദ്യകല്യാണം അത്രയ്ക്കും വേദനയുണ്ടാക്കി എല്ലാവരിലും.. എല്ലാവരെയും വിളിച്ചു കൂട്ടി ഇനിയുമൊരു വിവാഹം എന്നൊക്കെ ഓർത്തപ്പോൾ തന്നെ ഒരു ബുദ്ധിമുട്ട് തോന്നി പദ്മയ്ക്ക്.. മാധവനെ നോക്കിയപ്പോൾ ഇതേ ബുദ്ധിമുട്ട് അവിടെയും ഉണ്ടെന്ന് തോന്നി.. അത്രയ്ക്ക് കേമമായിരുന്നുവല്ലോ രണ്ടാളുടെയും ആദ്യത്തെ പാർട്ണർ..
ആർഭാടം വേണ്ടാ അച്ഛാ.. അമ്പലത്തിൽ പോയി മാലയിടാം.. പിന്നെ എല്ലാവരെയും അറിയിച്ചാലും പകുതിയും വരണമെന്നില്ല.. എന്നെ സ്നേഹിക്കുന്നവർ ചുരുക്കം പേരെങ്കിലും കാണില്ലേ.. അവര് മാത്രം മതി.. അവർക്കേ മിന്നൂനെയും മിന്നൂന്റെ അച്ഛനെയും എന്നെപ്പോലെ തന്നെ സ്വീകരിക്കാൻ കഴിയൂ..
മാധവന്റെ മുഖത്തെ ബുദ്ധിമുട്ട് മാറുന്നത് കണ്ടു.. അച്ഛനും അത് ശരി വെച്ചു.. അതെല്ലാം കുറച്ചു നേരത്തേക്ക് മാറ്റി വെച്ചു വിത്തിറക്കാൻ ഇറങ്ങി.. പദ്മയുടെയും മിന്നൂട്ടിയുടെയും കൈകൾ കൊണ്ട് ആദ്യത്തെ വിത്ത് നട്ടു.. പണിക്കാർക്കും മാധവനുമൊപ്പം പദ്മയും കൂടി.. കൂടെ മിന്നൂട്ടിയും.. വെയിൽ വന്നു തുടങ്ങിയപ്പോൾ ക്ഷീണം തോന്നി.. മിന്നൂട്ടൻ നേരത്തെ തന്നെ തണൽ നോക്കി പോയിരുന്നു.. ഒരുമാതിരി ഗണേശൻ ഇരിക്കും പോലെ ഉണ്ടവയറും കാണിച്ചു തലയ്ക്കു പിറകിൽ രണ്ടു കയ്യും വെച്ചു മരത്തിൽ ചാരിയിരിക്കുവാ..
എളിക്ക് കൈ കുത്തി ക്ഷീണിച്ചു നിൽക്കുന്നത് കണ്ടപ്പോൾ മാധവൻ അടുത്തു വന്നു മുണ്ടിന്റെ തുമ്പെടുത്തു മുഖത്തെ വിയർപ്പു തുടച്ചു തന്നിട്ട് കയറി പോകാൻ പറഞ്ഞു.. കുറച്ചൂടെ ഇട്ടേച്ചും പോകാം ന്ന് പറഞ്ഞപ്പോളേ മുണ്ടും മടക്കി കുത്തി ചുറ്റും തേടുന്നുണ്ട്.. “ഇങ്ങേരെക്കൊണ്ടിത് വല്യ ശല്യായല്ലോ.. ഒന്നു പോടോ”.. ന്ന് പറഞ്ഞിട്ട് വീട്ടിലേക്ക് തിരിഞ്ഞു നടന്നു.. “ദോ അതിനേം കൂടി എടുത്തോണ്ട് പോ.. എന്തിന് വെച്ചേക്കുവാ”.. മിന്നൂനേ നോക്കി പറഞ്ഞു.. അച്ചോടാ ഗണപതി ഇരുന്നുറങ്ങി.. അവളെയും എടുത്തു പോകുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കി.. അച്ഛനെ തണലത്തു പിടിച്ചിരുത്തുന്നുണ്ട്.. അച്ഛൻ തിരിച്ചു എന്തൊക്കെയോ പറയുന്നുണ്ട്.. ആളതൊന്നും ശ്രദ്ധിക്കാതെ പണിക്കാർക്കൊപ്പം കൂടിയിട്ടുണ്ട്..
അമ്മാവന്മാരോടു പറഞ്ഞു.. അച്ഛന്റെ മുഖം മാറാൻ തുടങ്ങിയപ്പോൾ പദ്മ സംസാരിച്ചു അവരോട്.. പൂർണ്ണസമ്മതം ഇല്ലെങ്കിലും പദ്മയുടെ ഇഷ്ടത്തിന് എതിരൊന്നും നിൽക്കാൻ അവർക്കാകില്ല.. പ്രത്യേകിച്ച് ആദ്യവിവാഹം എല്ലാവരും കൂടി നടത്തിയതുകൊണ്ടും അത് പരാജയപ്പെട്ടത് കൊണ്ടും.. ഹിമയോട് കാര്യങ്ങൾ വിളിച്ചു പറഞ്ഞു.. പക്ഷേ ആള് ആരാണെന്നോ എന്താണെന്നോ ഒന്നും പറഞ്ഞില്ല.. വരുമ്പോൾ കാണാം എന്നു മാത്രം പറഞ്ഞു.. അല്ലാ അതറിയുവാൻ പോലും അവൾക്ക് ആഗ്രഹമില്ലായിരുന്നു.. ആരുടെ തലയിൽ വെച്ചാലും ആ വീട്ടിലേക്ക് വരരുതെന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അതായിരുന്നു സത്യവും ..
ഓടി വരും.. ♥️♥️

by