രചന – രോഹിണി ആമി
മിന്നൂട്ടാ…
മ്മ്..
“എന്താടാ ഇന്ന് നിന്റെ അമ്മ ഞാൻ ആരാന്ന് ചോദിച്ചപ്പോൾ ഒന്നും പറയാതിരുന്നത്.. അമ്മയാണെന്ന് പറഞ്ഞു കൂടായിരുന്നോ”.. രാത്രിയിൽ പഠിച്ചുകൊണ്ട് ഇരിക്കുന്ന മിന്നുവിനോട് പദ്മ ചോദിച്ചു..
“ആരോടും പറയണ്ടാന്നു അമ്മയല്ലേ പറഞ്ഞത്.. ജ്യോതിയമ്മക്ക് ഭയങ്കര ദേഷ്യം ആണ്.. ഇനി എന്നേം അമ്മയേം ഊദ്രവിച്ചാലോ”..
“ആ.. ഉവ്വ.. നിന്റെ അച്ഛൻ ഉള്ളപ്പോളോ.. നിന്റെ അച്ഛന് ഇങ്ങനൊരു മുഖം കൂടി ഉണ്ടാരുന്നുന്ന് അമ്മ അറിഞ്ഞില്ലടാ മുത്തേ.. അറിഞ്ഞിരുന്നേൽ ഇച്ചിരി നെഗളിപ്പ് ഞാൻ കുറച്ചേനെ”..
“മിന്നൂം പേടിച്ചു പോയി.. അച്ഛൻ കുടിച്ചുമ്പോളെ ഇങ്ങനെ ദേഷ്യം വരാറുള്ളൂ”..
“ഇനീം ജ്യോതിയമ്മ വന്നു വിളിച്ചാൽ പോകുവോ നീ”..
ഇല്ല….
“ഈ അമ്മയെ ഉപേക്ഷിച്ചാലും അച്ഛനെ ഉപേക്ഷിക്കരുത് കേട്ടോ.. ഇപ്പോ നിനക്ക് വേണ്ടി മാത്രമാണ് അച്ഛൻ ജീവിക്കുന്നത്.. മോളെ അത്രയ്ക്ക് സ്നേഹിക്കുന്നുണ്ട് അദ്ദേഹം”..
“മ്മ്.. അച്ഛൻ പറയുന്നത് ഞാൻ ടീച്ചറിനെപ്പോലെ വളരണം എന്നാ.. അച്ഛന് അമ്മേനെ വല്യ ഇസ്തവ”..
“ആരേ.. എന്നെയോ”.. പദ്മ അത്ഭുതത്തോടെ ചോദിച്ചു..
“മ്മ്.. ഉറങ്ങാൻ കിടക്കുമ്പോ ഞാനും അച്ഛനും അമ്മേടെ കാര്യാണല്ലോ പറയുന്നത്.. നിന്റെ ടീച്ചറിനെ എനിക്ക് പേടിയാന്നാ അച്ഛൻ പറയുന്നേ.. ഞാൻ ഒത്തിരി ശല്യം ചെയ്യരുത് എന്നും പറയും”..
“വേറെ എന്തൊക്കെ പറഞ്ഞു”…
“പിന്നെ അച്ഛൻ പറഞ്ഞു അമ്മേനെ ആരൊക്കെയോ കരയിച്ചിട്ടുണ്ടെന്ന്.. അതോണ്ട് മോള് വിഷമിപ്പിക്കരുത് ന്ന്”..
“വേറെ”.. ആകാംഷയോടെ പദ്മ ചോദിച്ചു..
“ഇങ്ങനെ തന്നെയാ അച്ഛനും.. അമ്മേ പറ്റി പറയുമ്പോ വേറെന്താ.. വേറെന്താ പറഞ്ഞെന്ന് ചോദിച്ചോണ്ടിരിക്കും.. എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്”.. മിന്നു കുഞ്ഞു വിരൽ ചൂണ്ടി പറഞ്ഞു.. എന്നിട്ട് ബുക്കിലേക്ക് നോക്കിയിരുന്നു.. അവളുടെ പറച്ചിൽ കേട്ടപ്പോൾ ചിരി വന്നു.. കുഞ്ഞിക്കവിളിൽ ഒരു കുത്തു കൊടുത്തു.. ഇപ്പോൾ എന്തിനാ താൻ മിന്നുനോട് ഇങ്ങനെ ചോദിച്ചതെന്ന് പദ്മ ചിന്തിച്ചു.. പ്രത്യേകിച്ച് ഒന്നുമില്ല.. ചുമ്മാ.. അയാൾ തന്നെക്കുറിച്ച് പറയുന്നു എന്നു കേട്ടപ്പോൾ അറിയാനൊരു ആഗ്രഹം.. അത്രേയുള്ളൂ.. ചുമ്മാ… വെറുതെ ഒന്ന് ജനലിൽ കൂടി നോക്കിയപ്പോൾ മിന്നുവിന്റെ വീട്ടിൽ ചെറിയൊരു തീകുണ്ഡം അനങ്ങുന്നത് പോലെ… ഉറക്കെയൊന്നു ചുമച്ചു.. അപ്പോൾ തന്നെ ആ തീ മിറ്റത്തേക്ക് തെറിച്ചു വീഴുന്നത് കണ്ടു.. ആ ഭയം അത് നല്ലതാ… പദ്മ വാ പൊത്തി ചിരി അടക്കി..
കുറച്ചു ദിവസങ്ങൾ നല്ല രീതിയിൽ കടന്നു പോയി.. ജ്യോതി പിന്നീട് മിന്നുവിനെ കാണാൻ വന്നില്ല.. ചിലപ്പോൾ മാധവനെ പേടിച്ചാവാം അല്ലെങ്കിൽ ചിലപ്പോൾ ഇപ്പോളത്തെ ഭർത്താവിന്റെ സ്റ്റാറ്റസ് ഓർത്തിട്ടാവാം.. എന്തായാലും നല്ലത്..
ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോൾ മേശയിൽ ചാരി കയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന ചേച്ചിയെ ആണ് കണ്ടത്.. ഒന്നുകൂടി കണ്ണുതിരുമ്മി നോക്കി അതേ ചേച്ചി തന്നെ.. സന്തോഷത്തോടെ എഴുന്നേറ്റു.. “ഇത് എപ്പോ വന്നു ചേച്ചി.. വരുന്ന കാര്യം ഒന്ന് പറഞ്ഞു പോലുമില്ലല്ലോ”..
“എന്റെ വീട്ടിൽ വരാൻ നിന്നോട് ചോദിക്കേണ്ട കാര്യമുണ്ടോ”.. ഹിമ ചോദിച്ചപ്പോൾ പദ്മ വല്ലാതായെങ്കിലും ഹിമയുടെ രീതി ഇങ്ങനെ ഒക്കെ ആയതുകൊണ്ട് ഒന്നും തോന്നിയില്ല..
“നിനക്ക് നാണമില്ലേ പദ്മേ ഇങ്ങനെ ഇത്രയും സമയം കിടന്നുറങ്ങാൻ.. സമയം നോക്ക്.. ഈ നേരം ഞാൻ ഓഫീസിൽ ആണ്.. ഒരു നല്ല നിലയിൽ ഉള്ള ജോലി ആയിരിക്കണം എന്നാലേ സമയത്തിന്റെ വില അറിയൂ”.. ഹിമ പറഞ്ഞപ്പോൾ പദ്മ ടൈം നോക്കി.. ഏഴു മണി ആയിട്ടില്ല.. ഇന്നലെ കുറച്ചു താമസിച്ചാ കിടന്നത്.. അതാണ് ലേറ്റ്. ഇല്ലെങ്കിൽ എനിക്കറിഞ്ഞൂടെ എന്റെ അമ്മ തനിച്ചാണ് പണിയെടുക്കുന്നതെന്ന്.. ഇവൾ രാവിലെ എന്നെ പന്ക്ച്വാലിറ്റി പഠിപ്പിക്കാൻ വന്നതാണോ.. അല്ലാ ഇത്രയും നേരത്തേ ഇവൾ ഓഫിസിൽ പോകുന്നതെന്തിനാ തൂത്തു വാരാനോ.. മനസ്സിൽ തോന്നിയതൊന്നും ഹിമയോട് ചോദിക്കാൻ നിന്നില്ല.. കുറച്ചു നാളായിട്ട് കാണുവല്ലേ.. ഒന്നു കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കാൻ തോന്നിയതാ.. പക്ഷേ അവൾക്ക് ആ വക വികാരം ഒന്നുമില്ലാത്തത് കൊണ്ട് ഞാൻ നാണം കെടേണ്ടി വരും..
“നീയൊന്ന് ഫ്രഷ് ആയിട്ട് വാ.. കുറച്ചു സംസാരിക്കാൻ ഉണ്ട്”.. അതും പറഞ്ഞു ഹിമ മുറിയിൽ നിന്നും പോയി.. കൂടത്തിൽ മുറി ആകെയൊന്ന് നോക്കാനും മറന്നില്ല.. ഇവൾ ഈ വീട്ടിൽ അല്ലേ ജനിച്ചതും വളർന്നതും ഒളിച്ചോടിയതും.. പിന്നെ എന്തോന്ന് ഇത്രയ്ക്കും നോക്കാൻ.. പൊറുപൊറുത്തുകൊണ്ട് ടവൽ എടുത്തു കുളിക്കാൻ പോയി.. ഇല്ലെങ്കിൽ പറയും വൃത്തിയും ഇല്ലെന്ന്..
പദ്മ ഹാളിലേക്ക് വരുമ്പോൾ ഡൈനിംഗ് ടേബിളിന് ചുറ്റും ഉണ്ട് അച്ഛനും അമ്മയും ചേച്ചിയും.. ചായ കുടിക്കുവാ.. ഞാൻ വന്നപ്പോൾ സംസാരം നിർത്തിയോന്ന് ഒരു ഡൌട്ട്.. അമ്മയുടെയും അച്ഛന്റെയും മുഖത്ത് ഒരു തെളിച്ചക്കുറവ്.. മോളേന്ന് വിളിച്ചു കെട്ടിപ്പിടിക്കാൻ ചെന്നുകാണും.. അവൾ അടുപ്പിച്ചിട്ടുണ്ടാവില്ല.. പദ്മയ്ക്ക് ചിരി വന്നു..
“എന്താ നിന്റെ ഭാവം.. ഇനി മുന്നോട്ട് എന്താ പരിപാടി”.. ഹിമ പദ്മയോട് ചോദിച്ചപ്പോൾ അവൾ അച്ഛനെയും അമ്മയെയും നോക്കി..
“എനിക്കെന്തു പരിപാടി.. ഇങ്ങനെ തന്നെ മുന്നോട്ട് പോകണം.. നീ എന്റെ കാര്യം വിട് നിന്റെ വിശേഷങ്ങൾ പറയ്.. എത്രനാളായി കണ്ടിട്ട്.. ന്തിനാ ഈ മുടി പിന്നേം പിന്നേം മുറിയ്ക്കുന്നെ.. മുടി ഉള്ളതാടീ ഭംഗി.. കുറച്ചൂടെ വെളുത്തിട്ടുണ്ട് അല്ലേ അമ്മേ”.. അമ്മയെ നോക്കി അഭിപ്രായം ചോദിച്ചു.. പക്ഷേ അമ്മ ഒന്നും പറയാതെ മുഖം കുനിച്ചതേയുള്ളൂ.. അപ്പോഴേ മനസ്സിലായി പ്രശ്നം എന്തോ ഉണ്ടെന്ന്..
“പദ്മേ.. എന്റെ വിശേഷങ്ങൾ പറയാൻ വന്നതല്ല ഞാൻ.. അത് ഫോണിൽ വിളിച്ചു പറയാൻ പാടില്ലേ എനിക്ക്.. നിന്റെ കുറച്ചു തീരുമാനങ്ങൾ അറിയാൻ വന്നതാ”..
“എന്തു തീരുമാനമാ ചേച്ചീ”.. ഇനി ഇവൾ ആ കമ്പനി വിലയ്ക്ക് വാങ്ങാൻ എങ്ങാനും പോകുവാണോ.. എല്ലാം വിറ്റു പെറുക്കിയാൽ കുറച്ചു കിട്ടും.. എന്റെ ഷെയർ കൂടി വേണമായിരിക്കുമോ ഇനി.. അത് ചോദിക്കാൻ വന്നതാണോ.. പദ്മയുടെ ചിന്ത ആ വഴിക്ക് ഒക്കെ കാടുകയറി പോയി..
“വിഷ്ണു എന്നെ വിളിച്ചു കുറച്ചു കാര്യങ്ങൾ സംസാരിച്ചു.. ആ വീട്ടിൽ കുറച്ചു തീരുമാനങ്ങൾ എടുക്കുന്നുണ്ട്.. നിന്നെ ചുറ്റിപ്പറ്റി”..
“എന്ത്.. എന്ത് തീരുമാനം “.. പദ്മയുടെ മുഖം ചുളിഞ്ഞു..
“ഞാൻ അന്നേ പറഞ്ഞതാണ് അമ്മയെ തിരിച്ചു കൊണ്ടുവിടാൻ.. എങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാവില്ലായിരുന്നു.. അന്ന് വലിയ സ്നേഹത്തിന്റെ പ്രതീകം ഒക്കെയായി “.. പുച്ഛത്തോടെ ഹിമ പറഞ്ഞു..
“വളച്ചുകെട്ടാതെ കാര്യം പറയ് ചേച്ചീ .. അമ്മ വന്നതും പോയതും എന്റെ നിർബന്ധത്തിനല്ല.. അതുകൊണ്ട് ഇപ്പോൾ നിനക്ക് എന്താ പ്രശ്നം”.. പദ്മ ചോദിച്ചു..
“നിന്നെ ഹരിയ്ക്ക് ഇഷ്ടമാണെന്ന്.. ഹരി അച്ഛനോട് ചോദിക്കാൻ വരും ഉടനെ”..
“അതിനിപ്പോൾ എന്താ.. ചോദിക്കാൻ വരട്ടേ”.. പദ്മ കൂളായിട്ട് പറഞ്ഞു.. ഹിമ ഒന്നു ഞെട്ടിയെന്ന് തോന്നുന്നു..
“അപ്പോൾ നിനക്ക് ഹരിയെ കെട്ടാൻ സമ്മതമാണോ”..
“ഹരിയെ എന്നല്ല ഇപ്പോൾ ആരെ കെട്ടാനും എനിക്ക് സമ്മതമല്ല.. എന്നെ കെട്ടുന്നവനും കൂടെ ദൂരെക്ക് കൊണ്ടുപോയാൽ നമ്മുടെ അച്ഛനും അമ്മയ്ക്കും ആരുണ്ട്.. അതുകൊണ്ട് ഈ വീട്ടിൽ നിൽക്കാൻ താല്പര്യം ഉള്ള ഒരാളെ മാത്രമേ ഞാൻ കെട്ടൂ”..
“അമ്മയെയും അച്ഛനെയും ഞാൻ നോക്കിക്കോളാം.. നീ ആരെ വേണമെങ്കിലും കല്യാണം കഴിച്ചോ പക്ഷേ ഹരിയെ വേണ്ടാ”..ഹിമ എടുത്തടിച്ചപോലെ പറഞ്ഞു..
“ചേച്ചിയുടെ നോട്ടം എങ്ങനാ.. ഫോണിൽ വീഡിയോ കാൾ ചെയ്തിട്ടല്ലേ.. ഞാൻ ഉദേശിച്ചത് ആ നോട്ടം അല്ല.. എനിക്കിപ്പോൾ വിവാഹം ഒന്നും വേണ്ടാ.. അതിനെപ്പറ്റി ഞാൻ ഇപ്പോൾ ചിന്തിക്കുന്നില്ല”..
പദ്മയുടെ മറുപടി ഹിമയെ ഒന്നു ചൊടിപ്പിച്ചു.. “നിന്റെ മനസ്സിൽ ഇപ്പോളും വിഷ്ണു ഉള്ളതുകൊണ്ടല്ലേ വേറൊരു വിവാഹത്തിന് സമ്മതിക്കാത്തത്.. എനിക്കറിയാം ആദ്യം താലി കെട്ടിയവനെ ഒരു പെണ്ണും മറക്കില്ലെന്ന്.. നീയും വിഷ്ണുവേട്ടനുമായുള്ള ഒരു കണ്ടുമുട്ടൽ ഒഴിവാക്കാൻ ഞാൻ നോക്കുമ്പോൾ നീ ഹരിയെ കെട്ടി ആ വീട്ടിലേക്ക് വന്നാലോ.. അത് ശരിയാകുമോ”.. ഹിമ പറഞ്ഞത് കേട്ടപ്പോൾ പദ്മയടക്കം എല്ലാവരും ഞെട്ടി..
“ചേച്ചീ.. വായിൽ തോന്നുന്നത് എല്ലാം പറയാമെന്നു കരുതരുത് നീ.. നിന്റെ കെട്ടിയോനെ ഞാൻ സ്നേഹിച്ചിട്ടുമില്ല ഇനിയൊട്ടു സ്നേഹിക്കയുമില്ല.. പിന്നെ താലി കെട്ടിയെന്നും പറഞ്ഞു അങ്ങേരു പറയുന്ന എന്തും സഹിച്ചു കൂടെ ജീവിക്കാം എന്നുണ്ടായിരുന്നെങ്കിൽ ഞാൻ ഇന്നും അവിടെ തന്നെ ഉണ്ടായിരുന്നേനെ.. അങ്ങനെ എന്തും സഹിച്ചു ജീവിതം തള്ളി നീക്കുന്നവൾ അല്ല പദ്മ”..
“പിന്നെ നീയെന്താ വേറെ കല്യാണത്തിന് സമ്മതിക്കാത്തത്.. വിഷ്ണുവേട്ടനെ മറക്കാൻ പറ്റാത്തത് കൊണ്ടല്ലേ”..
“ഹിമേ.. ഇവിടുത്തെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഇപ്പോളും ഞാൻ തന്നെയാ.. പദ്മയുടെ കാര്യം ഓർത്ത് നീ വിഷമിക്കണ്ട.. ഞാൻ ചാകും വരെ എനിക്ക് അവളൊരു ഭാരമല്ല.. ഇത് പറഞ്ഞു അവളെ വേദനിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല”.. അച്ഛൻ പറഞ്ഞു..
“അച്ഛന് ഇവൾ മാത്രമല്ലല്ലോ മകൾ ആയിട്ടുള്ളത്.. ഞാനും ഇല്ലേ.. ഒരു മകളുടെ ജീവിതം കൊണ്ടല്ല മറ്റൊരു മകളുടെ ജീവിതം കെട്ടിപ്പൊക്കേണ്ടത്”..
“ഒന്ന് നിർത്ത് ചേച്ചീ.. നാണമില്ലേ ഇങ്ങനെ ഒക്കെ അച്ഛനോട് സംസാരിക്കാൻ.. നീ കല്യാണത്തിന്റെ അന്ന് ഓടി പോയില്ലായിരുന്നുവെങ്കിൽ ഇങ്ങനൊക്കെ ഉണ്ടാകില്ലായിരുന്നല്ലോ.. നിന്റെ ജീവിതം നന്നാക്കാൻ വേണ്ടി മാത്രമല്ലേ അന്ന് പോയതും, ഇന്ന് ഈയൊരു വരവ് പോലും.. എന്റെ ഉള്ളിൽ വിഷ്ണു ഉണ്ടുപോലും.. എന്നുവെച്ചാൽ അയാൾ ആരാ കാമദേവനോ.. എന്നെക്കൊണ്ടൊന്നും പറയിക്കരുത്.. അയാൾ ആ വീട്ടിൽ എന്നെ എത്രമാത്രം അപമാനിച്ചിട്ടുണ്ടെന്ന് അറിയുവോ.. കൈ നീട്ടി അടിക്കുക വരെ ചെയ്തു.. എന്റെ കാര്യത്തിൽ അച്ഛന് തെറ്റുപറ്റുന്നത് ഇത് ആദ്യമാ.. എല്ലാം ഉപേക്ഷിച്ചു തന്നെയാ ആ പടി ഇറങ്ങിയത്.. പിന്നെ അമ്മ.. അമ്മയ്ക്കിനിയും എന്റെ അടുത്ത് വരണം എന്നു തോന്നിയാൽ ഞാൻ കൊണ്ടുവരും.. വന്നിരിക്കും.. അല്ലെങ്കിൽ എന്നെ ആ അമ്മ ഓർക്കാതിരിക്കാനും കൂടെ വന്നു നിൽക്കാതിരിക്കാനും എന്താ ചെയ്യേണ്ടതെന്ന് നീ ഒന്ന് ആലോചിച്ചു നോക്ക്.. കെട്ടിയോനെ അത്രയ്ക്ക് സംശയം ഉണ്ടെങ്കിൽ അയാളെ നീ നിന്റെ കൂടെ കൊണ്ടുപോ.. അല്ലെങ്കിൽ നീ അയാൾക്കൊപ്പം ഇവിടെ നിൽക്ക്”..പഴയ കാര്യങ്ങൾ വീണ്ടും പറയേണ്ടി വന്നതിൽ പദ്മക്ക് ദേഷ്യവും വിഷമവും തോന്നി..
ആരും ഒന്നും മിണ്ടിയില്ല.. സമയം നോക്കിയിട്ട് പദ്മ എഴുന്നേറ്റു.. “എനിക്ക് സ്കൂളിൽ പോകാൻ സമയം ആയി”.. എഴുന്നേറ്റു നടന്നു..
തിരിഞ്ഞു നോക്കിയിട്ട് പറഞ്ഞു.. “നീ പേടിക്കേണ്ട ചേച്ചീ.. എനിക്ക് ആ വീട്ടിലേക്ക് വരാൻ ഇഷ്ടമില്ല.. പ്രത്യേകിച്ച് ഒരിക്കൽ എന്നെ വേണ്ടെന്ന് പറഞ്ഞു വേറൊരാൾക്ക് നീട്ടിയവനൊപ്പം.. ഇത് പറയാൻ വേണ്ടി നീ നിന്റെ വിലപ്പെട്ട സമയം കളഞ്ഞു വരേണ്ടിയിരുന്നില്ല.. അങ്ങനെ വന്നപ്പോളേ മനസ്സിലായി ഈ കാര്യം നിന്റെ ഉറക്കം കെടുത്തുന്നുണ്ടെന്ന്.. എന്റെ ചേച്ചിയുടെ ജീവിതം കളഞ്ഞിട്ട് എനിക്കൊരു ജീവിതം വേണ്ടാ.. ഞാൻ അത്രയ്ക്ക് സെൽഫിഷ് അല്ല.. ഇത്രയും നാൾ കാണാതെ ഇരുന്ന് കണ്ടപ്പോൾ ഒരു കെട്ടിപ്പിടുത്തവും ഒരുമ്മയും ഒക്കെ പ്രതീക്ഷിച്ചു ഞാൻ.. നിനക്ക് ഇല്ലെങ്കിലും എനിക്കുണ്ട് ആ തോന്നൽ ഒക്കെ “.. പദ്മ ഹിമയെ പിറകിൽ നിന്നും കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വെച്ചു.. “നീ പേടിക്കണ്ട.. എന്റെ ജീവിതത്തിനേക്കാൾ ഞാൻ പ്രാധാന്യം കൊടുക്കുന്നത് നിങ്ങൾ മൂന്നു പേർക്കുമാണ്.. ആ നിങ്ങൾക്ക് ഞാൻ കാരണം ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല.. പദ്മയുടെ വാക്കാ “.. തിരിഞ്ഞു നോക്കാതെ മുറിയിൽ കയറി കതകടച്ചു..
സാരി ഉടുത്തു കണ്ണാടിയിൽ മുഖം നോക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി.. തുടയ്ക്കുമ്പോൾ വീണ്ടും വീണ്ടും ഒഴുകി ഇറങ്ങി.. ഒരു കാർ പോകുന്ന ശബ്ദം കേട്ടു.. ചേച്ചി പോയിട്ടുണ്ടാവും.. മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ അമ്മ സാരിത്തുമ്പിൽ ടിഫിൻ ബോക്സ് തുടച്ചു തന്നു തനിക്കും മിന്നുവിനും ഉള്ളത്.. മൂന്നാളും പരസ്പരം ഒന്നും സംസാരിച്ചില്ല..മകളെ തള്ളാനും ഉൾക്കൊള്ളാനും ഉള്ള ബുദ്ധിമുട്ട് ആ മുഖങ്ങളിൽ ഉണ്ടായിരുന്നു.. രണ്ടാൾക്കും ഉമ്മ കൊടുത്ത് ഇറങ്ങി.. അമ്മയും കരഞ്ഞെന്ന് ആ മുഖം കണ്ടാലറിയാം.. പാവം.. മിന്നു റെഡിയായിട്ട് ഇരിക്കുന്നുണ്ട്.. അടുത്തേക്ക് ചെന്നു ടിഫിൻ ബോക്സ് ബാഗിൽ വെച്ചു കൊടുത്തു.. മാധവൻ അങ്ങോട്ടേക്ക് വന്നപ്പോൾ പറഞ്ഞു.. “ഒന്ന് കൊണ്ടുവിടണം”..
അയാൾ പദ്മയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു.. ഡ്രസ്സ് മാറി വന്നപ്പോളേക്കും പദ്മയും മിന്നുവും ഓട്ടോയിൽ കയറിയിട്ടുണ്ടായിരുന്നു.. ആരും കാണാതെ കണ്ണു തുടയ്ക്കുമ്പോൾ രണ്ടുപേരും കണ്ടു പിടിച്ചു കഴിഞ്ഞിരുന്നു.. മിന്നു ഒന്നുകൂടി അടുത്തിരുന്ന് നെഞ്ചിലേക്ക് മുഖം വെച്ചു പദ്മയെ നോക്കി..
ചേച്ചിയുടെ വായിൽ നിന്ന് വന്നത് കൊണ്ടാവും ഇത്രയും വിഷമം വന്നത്.. കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നിയതാണ്.. പക്ഷേ.. പറഞ്ഞതെല്ലാം ഓർക്കുമ്പോ ഓർക്കുമ്പോ വല്ലാത്ത സങ്കടം.. അവളുടെ കൂടപ്പിറപ്പ് അല്ലേ ഞാൻ.. എന്നെ ഒന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ലേ അവൾക്ക്.. കണ്ണടച്ചു സാരിത്തുമ്പു കൊണ്ട് മുഖം മറയുന്ന രീതിയിൽ പിടിച്ചു.. കുറച്ചു കഴിഞ്ഞു കണ്ണു തുറന്നപ്പോൾ ഓട്ടോ നിർത്തിയിട്ടിരിക്കുകയാണ്.. മാധവൻ ഇറങ്ങിയിട്ട് ഒരു ബോട്ടിൽ നീട്ടിപ്പിടിച്ചു.. അയാളെ നോക്കാതെ പദ്മ അതുവാങ്ങി മുഖം കഴുകി.. തിരികെ ആ ബോട്ടിൽ കൊടുക്കും വരെ കൂടെ നിന്നു..
സ്കൂളിൽ എത്തി മിന്നുവിന്റെ കയ്യും പിടിച്ചു നടന്നപ്പോൾ മാധവൻ കൈകൊട്ടി വിളിച്ചു.. പദ്മ തിരിഞ്ഞു നോക്കി..
“കൂലി തന്നില്ല.. മാസാവസാനം ബാങ്കിൽ പോയി വായും പൊളിച്ചു നിൽക്കാൻ വയ്യ.. പൈസയ്ക്ക് പൈസ തന്നെ വേണം”..
പദ്മ പൈസ എടുത്തു കൊടുത്തു..”താൻ എന്തോ മനുഷ്യനാടോ.. ഒരാൾ കരഞ്ഞോണ്ടിരിക്കുമ്പോൾ എന്താ കാര്യം എന്നുപോലും ഇയാൾക്കൊന്നു ചോദിച്ചൂടെ.. കൂലി മാത്രം ചോദിക്കാനേ വാ തുറക്കുവൊള്ളോ.. ചുമ്മാതല്ല തന്റെ കെട്ടിയോൾ ഇട്ടേച്ചു പോയത്.. ഇതല്ലേ സ്വഭാവം”..
മിന്നുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു .. “എന്ത് നോക്കി നിൽക്കുവാ.. വാ ഇങ്ങോട്ട്”..
മാധവന്റെ ചിരി പദ്മ മനസ്സിൽ കാണുന്നുണ്ടായിരുന്നു.. മിന്നു കയ്യിൽ പിടിച്ചു താഴേക്കു വലിച്ചു.. കുനിഞ്ഞപ്പോൾ കവിളിൽ ഒരുമ്മ കിട്ടി…. ഒരു കുഞ്ഞു കടുക്മണിയോളം സന്തോഷം മനസ്സിൽ തോന്നി..
ക്ലാസ്സിൽ നിന്നപ്പോളാണ് ഒരു വിസിറ്റർ ഉണ്ടെന്ന് പറഞ്ഞത്.. ചെന്നപ്പോൾ മാധവൻ ആയിരുന്നു.. അടുത്ത് തന്നെ മിന്നുവും നിൽപ്പുണ്ട് ബാഗ് ഒക്കെയായിട്ട്.. പദ്മയുടെ ഉള്ളിൽ എന്തോ ഒരു പേടി നിറഞ്ഞു..
“എന്താ.. എന്തുപറ്റി ” ആധിയോടെ ചോദിച്ചു..
“ഒന്നുമില്ല.. വാ പോകാം.. ആരോടും പറയാൻ നിൽക്കണ്ട.. ഞാൻ അനുവാദം വാങ്ങിയിട്ടുണ്ട്”.. അത്രയും പറഞ്ഞിട്ട് മാധവൻ മിന്നുവിന്റെ കയ്യിൽ പിടിച്ചു നടന്നു ..
ഓട്ടോയിൽ ഇരിക്കുമ്പോളും മനസ്സിൽ പേടി നിറഞ്ഞു… മാധവനോട് ചോദിക്കാൻ പേടിച്ചു.. എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അത് കേൾക്കാൻ പേടിച്ചു.. വീട്ടിലേക്ക് തിരിയുന്ന വഴി തിരിയാതെ ടൗണിലേക്ക് പോകുന്നത് കണ്ടപ്പോളെ ശ്വാസം നിലച്ചു… വിയർത്തു പോയി..
“അച്ഛന് ഒരു ചെറിയ വയ്യായ്ക.. ആ സമയം ഞാൻ വീട്ടിൽ ഉണ്ടായിരുന്നു.. അപ്പോൾ തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി.. ഇപ്പോൾ ഒരു കുഴപ്പവുമില്ല… അത്രയ്ക്ക് പേടിക്കാൻ ഒന്നുമില്ല.. വെറുതെ ടെൻഷൻ അടിക്കേണ്ട “.. മാധവൻ അവളെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞു..
മാധവനൊപ്പം ആ ഹോസ്പിറ്റലിന്റെ സ്റ്റെപ്സ് കയറുമ്പോൾ കാലിന് ബലം ഇല്ലാത്തത് പോലെ തോന്നി.. ഭിത്തിയിൽ ചാരി നിന്നു.. പിന്നെ ഊർന്ന് താഴേക്ക് പോയ പദ്മയുടെ കയ്യിൽ പിടിച്ചു മാധവൻ നേരെ നിർത്തി.. “ഒന്നുമില്ലെന്ന് ഞാൻ പറഞ്ഞില്ലേ.. അമ്മ ഉണ്ട് ഇപ്പോൾ അച്ഛനരികിൽ.. ടീച്ചർ ഇങ്ങനെ ആയാൽ ആരാ അമ്മയ്ക്ക് ധൈര്യം കൊടുക്കുക.. വാ മെല്ലെ കയറ് “.. മാധവൻ കയ്യിൽ പിടിച്ചു കൂടെ കയറ്റി.. ചെന്നപ്പോഴേ കണ്ടു ഒബ്സെർവേഷൻ റൂമിന് ഫ്രണ്ടിൽ ഇരിക്കുന്ന അമ്മയെ.. പദ്മയെ കണ്ടതും കണ്ണു രണ്ടും നിറഞ്ഞൊഴുകി.. പദ്മ അമ്മയെ ചേർത്തു പിടിച്ചു…
ഓടി വരും ♥️♥️♥️♥️

by