രചന – രോഹിണി ആമി
അന്നത്തെ ദിവസം വിഷമിക്കാൻ വേറൊന്നും ആവശ്യമില്ലായിരുന്നു പദ്മയ്ക്ക്.. മുന്നിൽ ചോദ്യച്ചിഹ്നം ആയി നിൽക്കുന്നത് ചേച്ചിയുടെ ജീവിതം മാത്രമല്ല അച്ഛന്റെ നെഞ്ചിടിപ്പ് കൂടിയാണ്.. അറിയില്ല എന്താ വേണ്ടതെന്ന്.. ചോറ് പോലും നേരെചൊവ്വേ ഇറങ്ങിയില്ല.. മാധവന്റെയും സ്ഥിതി അതുതന്നെ.. മാധവന്റെ ബുദ്ധിമുട്ടിന്റെ കാരണം അച്ഛന്റെ കാര്യം ഓർത്തിട്ടാണ്, ഹിമ ഒരു കാരണമേ ആയിരുന്നില്ല..പരസ്പരം ഒന്നും മിണ്ടാതെ എന്നാലൊട്ട് ഒരുമിച്ച് ആയിരുന്നുതാനും രണ്ടാളും…
പദ്മ അടുക്കളയിൽ നിൽക്കുമ്പോഴാണ് പിന്നിലൊരു അനക്കം അറിഞ്ഞത്.. മാധവൻ ആണെന്ന് കരുതി നോക്കിയപ്പോൾ ഹിമ ആയിരുന്നു.. കണ്ടപ്പോൾ സന്തോഷം തോന്നി.. തന്റെ കൊട്ടാരം എല്ലാം നോക്കി കാണുകയാണ്.. കുഞ്ഞു വീടെങ്കിലും എല്ലാം നല്ല ഭംഗിയായി അടുക്കി ഒതുക്കി വെച്ചിരിക്കുന്നു.. ആ ചെറുതിന്റെ സ്റ്റഡി ടേബിൾ പോലും.. മാധവൻ അകത്തേക്ക് വന്നപ്പോൾ ഹിമയെ കണ്ടു ഒന്ന് അമ്പരന്നു.. ഒന്നും മിണ്ടാതെ വീണ്ടും ദീപുവിന് അരികിലേക്ക് പോയി.. ഹിമ പദ്മയോടായി ചോദിച്ചു.. “മാധവന് ഇപ്പോളും എന്നോടുള്ള ദേഷ്യം മാറിയിട്ടില്ല അല്ലേ.. ഞാൻ ക്ഷമ ചോദിച്ചാൽ എന്നോട് ക്ഷമിക്കുമോ “..
പദ്മ ചെറുതായി ഒന്ന് ചിരിച്ചു.. “അതിനു മാധവേട്ടന് നിന്നോട് ദേഷ്യം ഉണ്ടെന്ന് ആരാ പറഞ്ഞത്.. ഉണ്ട്.. പക്ഷേ അത് നീ മുൻപ് പറഞ്ഞതിനും പ്രവൃത്തിച്ചതിനും ഒന്നുമല്ല.. അച്ഛനെ വിഷമിപ്പിക്കുന്നത് ആരായാലും ഏട്ടന് ഇഷ്ടമില്ല.. അതിപ്പോൾ ഞാൻ ആണെങ്കിൽ പോലും.. അപ്പോൾ പിന്നെ നീ കൊടുത്ത ഇത്രയും വലിയൊരു വേദന അച്ഛൻ മറന്നാലും ഏട്ടൻ മറക്കില്ല.. മാത്രമല്ല എന്റെ മാധവേട്ടന് സ്നേഹിക്കാൻ മാത്രമേ അറിയൂ.. ഏറെ ദ്രോഹിച്ച ജ്യോതിക്ക് പോലും ഒരു സഹായം ആവശ്യമായി വന്നപ്പോൾ കൂടെ നിന്നു ചെയ്തു കൊടുത്ത ആളാണ്.. അത്രയും പാവമാണ് എന്റെ ഏട്ടൻ”.. സ്വരം ഇടറി കണ്ണൊന്നു നനഞ്ഞു.. മാധവനെപ്പറ്റി പറയാൻ നൂറു നാവാണ് അവൾക്ക്ന്ന് തോന്നി..
“ആരുടേയും സ്വഭാവം കാണാനോ പഠിക്കാനോ ഞാൻ ശ്രമിച്ചിട്ടില്ല ഇന്നേവരെ..എന്റെ മാത്രം തെറ്റാണ്.. എല്ലാം മനസ്സിലാക്കി പഠിച്ചു വരുന്നതേയുള്ളു.. ജീവിതം പോലും.. എല്ലാ തെറ്റും തിരുത്തി വീണ്ടുമൊരു ജീവിതം ഞാൻ ആഗ്രഹിക്കുന്നുണ്ട്”.. ഹിമയെ അത്ഭുതത്തോടെ കേൾക്കുകയായിരുന്നു പദ്മ..
“തിരുത്താൻ പറ്റാത്ത തെറ്റുകൾ കൂടുതലും ഞാൻ ചെയ്തത് നിന്നോടാ, വാക്കുകൾ കൊണ്ടും പ്രവൃത്തികൊണ്ടും.. നിന്റെ അടുത്തു നിന്നും തുടങ്ങാമെന്ന് വെച്ചു.. അതാ ഞാൻ”…. ഹിമ പദ്മയുടെ കൈ നെഞ്ചിൽ എടുത്തു പിടിച്ചു… “ചേച്ചി നല്ലൊരു വീഴ്ചയാണ് വീണത്.. കണ്ണു തുറന്നപ്പോൾ ആരുമുണ്ടായില്ല കൂടെ.. പറയാനോ കരയാനോ ആരും കൂടെയില്ല.. കൈപ്പിടിയിൽ ഉണ്ടായിരുന്നതെല്ലാം ഇപ്പോളില്ല എന്ന് തോന്നിയപ്പോൾ പറ്റിപ്പോയ അബദ്ധമായിരുന്നു കഴിഞ്ഞ ദിവസം ഉണ്ടായത്.. മറ്റാരേക്കാളും പെട്ടെന്ന് നിനക്ക് എന്നെ മനസ്സിലാവും.. ക്ഷമിക്കാനാവുമോ എന്നോട്”.. ഹിമ തല കുനിച്ചു.. പദ്മ കേട്ടതും കാണുന്നതുമൊക്കെ സത്യമാണോ എന്നറിയാതെ നിന്നു.. തന്റെ ചേച്ചി ഒരാളോട് ക്ഷമ പറയുക എന്നു വെച്ചാൽ അത്ഭുതം ആണ്.. ഇന്നേവരെ നടക്കാത്തത്.. അപ്പോൾ കാര്യമായി എന്തോ നടന്നിട്ടുണ്ട് അവളുടെ ലൈഫിൽ..
“നിനക്ക് എന്താ പറ്റിയത്.. എനിക്ക് ഒന്നുമങ്ങു വിശ്വസിക്കാൻ പറ്റുന്നില്ല നിന്റെ പറച്ചിൽ ഒക്കെ കേട്ടിട്ട്.. അതിനും മാത്രം എന്താ ഉണ്ടായത് “.. പദ്മ ഹിമ എന്തെങ്കിലും പറയുമോ എന്നറിയാൻ ചോദിച്ചു..
“എല്ലാം നിന്നോട് പറയണമെന്നുണ്ട് .. എനിക്ക് കുറച്ചു സമയം വേണം.. അതിന് മുൻപ് എനിക്ക് വിഷ്ണുവേട്ടനെ കാണണം.. അമ്മയെ കാണണം.. ജീവിതത്തിൽ പറ്റിയ തെറ്റ് തിരുത്താൻ പറ്റുമോന്ന് അറിയണം”..
പദ്മ ഹിമയെ നോക്കി കാണുകയായിരുന്നു.. വല്ലാത്തൊരു നിരാശയുണ്ട് മുഖത്ത്.. വിഷമവും.. ദീപുവിനോട് സംസാരിച്ചു പശുവിനെ തലോടി നിൽക്കുന്ന മാധവന് നേരെയാണ് കണ്ണുകൾ.. മാധവട്ടനോട് മിണ്ടണമെന്നുണ്ട് അവൾക്ക് പക്ഷേ ഒരു നോട്ടം പോലും ഹിമയ്ക്ക് കിട്ടുന്നില്ല പിന്നെങ്ങനെ.. എല്ലാവരോടും അടുക്കാൻ ശ്രമിക്കുവാണ് അവളെന്ന് പദ്മയ്ക്ക് മനസ്സിലായി.. ഞങ്ങൾക്ക് അവളോട് പെട്ടെന്ന് ക്ഷമിക്കാൻ സാധിക്കും.. പക്ഷേ മിന്നുവും മാധവനും അത്ര പെട്ടെന്ന് അടുക്കുമെന്ന് തോന്നുന്നില്ല.. പദ്മ എല്ലാവർക്കും ചായ എടുത്തിട്ട് ഹിമയെ കൂട്ടി അവർക്കരികിലേക്ക് പോയി.. ഹിമയെ കണ്ടപ്പോൾ മാധവൻ ചായ എടുത്തു അവിടെ നിന്നും മുങ്ങാൻ ശ്രമിച്ചു.. പദ്മയുടെ മുഖം കണ്ടു പിന്നെ അങ്ങു നിന്നു.. മിണ്ടാൻ അവൾ കണ്ണുകൊണ്ട് അപേക്ഷിക്കുന്നുണ്ട്.. എനിക്ക് ഹിമയോട് ഒന്നേ ചോദിക്കാനുള്ളൂ.. എപ്പോഴാ പോകുന്നതെന്ന്.. അത് ഇപ്പോ ചോദിച്ചാൽ പദ്മ തന്നെ ശരിയാക്കും.. എന്തുവാ ഇപ്പോ സംസാരിക്കുക എന്നിങ്ങനെ ചിന്തിച്ചു നിന്നപ്പോൾ ഹിമ തന്നെ ചോദിച്ചു.. “മാധവന് എന്നോട് ദേഷ്യമാണോ”.. മാധവൻ ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കാൻ തുടങ്ങി.. “അറിയാം എനിക്ക്.. ഞാൻ എന്തൊക്കെയോ പറഞ്ഞിട്ടുണ്ട്.. വിഷമിപ്പിച്ചിട്ടുമുണ്ട് ഒത്തിരി.. തെറ്റാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് ഇപ്പോൾ.. എന്നോട് ക്ഷമിക്കണം”..
മറ്റൊരാളോട് ക്ഷമ ചോദിക്കുന്നതിന്റെ എല്ലാ ബുദ്ധിമുട്ടും അവളുടെ മുഖത്തുണ്ട്.. എങ്കിലും ചോദിച്ചല്ലോ.. അതിനുള്ള മനസ്സ് ഉണ്ടായല്ലോ.. പദ്മ ഒന്നാശ്വസിച്ചു.. മാധവൻ ഒന്നും പറയാതെ കേട്ടു നിൽക്കുവാണ്.. പഴയതെല്ലാം ഓർത്തെടുക്കുവാണെന്ന് മുഖം കണ്ടാൽ അറിയാം.. തന്റെ അഭിപ്രായം അറിയാൻ നോക്കി നിൽക്കുന്ന മാധവന്റെ കണ്ണിൽ നിന്നും നോട്ടം മാറ്റി പദ്മ.. മാധവന്റെ ഇഷ്ടം ആണ് ഹിമയോട് ക്ഷമിക്കണോ വേണ്ടയോ എന്നത്.. അതിൽ ഈ പദ്മ ഇടപെടില്ല.. മാധവന്റെ മൗനം ഹിമയെ വിഷമിപ്പിച്ചൂന്ന് മനസ്സിലായി പദ്മയ്ക്ക്..
“എന്നോട് ആരെന്തു ചെയ്താലും ഞാൻ ക്ഷമിക്കും.. പക്ഷേ ഞാൻ ജീവൻ പോലെ കരുതുന്ന മൂന്നാളുകൾ ഇവിടുണ്ട്.. അവരെ വേദനിപ്പിക്കാൻ നോക്കിയാൽ ഞാൻ ചുമ്മാ ഇരുന്നെന്ന് വരില്ല.. അത് ആരായാലും.. ഹിമയോട് ഞാൻ എന്തെങ്കിലും പറയുകയോ പ്രവൃത്തിക്കുകയോ ചെയ്താൽ അതെന്റെ പദ്മയ്ക്ക് നോവും.. അതാണ് ഞാൻ ഒഴിഞ്ഞു മാറി നടന്നത്.. പലപ്പോഴും.. അല്ലാതെ പേടിച്ചിട്ടല്ല”.. മാധവൻ പറഞ്ഞപ്പോൾ ഹിമ തല കുനിച്ചു..
മാധവന് തന്നോടുള്ളത് ദേഷ്യം മാത്രമാണെന്ന് ഹിമ മനസ്സിലാക്കി.. പദ്മ ഹിമയുടെ മുഖത്തെ വിഷമം സങ്കടത്തോടെ നോക്കിക്കാണുവാണ്.. മാധവൻ പദ്മയുടെയും..
“എനിക്ക് ആരോടും ദേഷ്യം ഒന്നുമില്ല.. അറിയാമല്ലോ ഞാൻ ആരുമില്ലാത്തവൻ ആണ്.. അതുകൊണ്ട് തന്നെ ബന്ധങ്ങൾ എനിക്ക് അത്രയും വിലപ്പെട്ടതാണ്.. കൂടെ നിന്ന് ചതിച്ചവരെപ്പോലും അറിയാതെ പോയതും അതുകൊണ്ടാണ്.. ഞാൻ സ്നേഹിക്കുന്നവരെ ആര് സ്നേഹിച്ചാലും അവരെനിക്ക് വേണ്ടപ്പെട്ടവർ ആണ്.. പിന്നെ ഹിമ എനിക്ക് അന്യയൊന്നുമല്ലല്ലോ.. പദ്മയുടെ അച്ഛനും അമ്മയും എന്റെ കൂടിയാണ്.. അപ്പോൾ പിന്നെ പദ്മയുടെ സഹോദരി എനിക്കും സഹോദരി തന്നെയാണ്.. എനിക്ക് വിഷമം ഒന്നുമില്ല.. തള്ളിപ്പറയുന്നവരെയും ചേർത്തു പിടിക്കാനേ ഞാൻ നോക്കിയിട്ടുള്ളു”.. മാധവൻ അത്രയും പറഞ്ഞപ്പോൾ ഹിമയുടെ മാത്രമല്ല പദ്മയുടെയും കണ്ണൊന്നു നനഞ്ഞു.. ആരുമില്ലാത്തവന്റെ വേദന മുഴുവൻ ആ വാക്കുകളിൽ ഉണ്ടായിരുന്നു.. കേട്ട് നിന്ന ദീപുവിന്റെ കണ്ണുവരെ നനയിക്കാനുള്ള ശക്തി ഉണ്ടായിരുന്നു അതിൽ.. പദ്മയ്ക്ക് അതിൽ കൂടുതൽ മാധവന്റെ വിഷമം സഹിക്കാൻ കഴിയുമായിരുന്നില്ല.. ഒന്നു ചേർത്തു പിടിക്കാൻ മനസ്സിൽ തോന്നി.. പെട്ടെന്ന് ഹിമ അടുത്തേക്ക് ചെന്ന് മാധവനെ ഹഗ് ചെയ്തു..
“അഹങ്കാരം കൊണ്ട് വാക്കുകൾ എവിടെ പ്രയോഗിക്കണം എന്നെനിക്ക് അറിയില്ല.. മറ്റുള്ളവരുടെ വിഷമം കാണാനും ശ്രമിച്ചില്ല.. എന്നോട് ക്ഷമിക്കണം.. എല്ലാവരെയും ഞാനിത്രയും വേദനിപ്പിച്ചെന്ന് അറിഞ്ഞിരുന്നില്ല… ഇത്രയും സഹോദരങ്ങൾ ഉണ്ടായിട്ടും എന്നെ സഹോദരി ആയിട്ട് ഒരാൾ അംഗീകരിക്കുന്നത് ഇതാദ്യമായിട്ടാ.. അതുലേട്ടൻ പോലും എന്നെയൊന്നു ചേർത്തു നിർത്തി പറഞ്ഞിട്ടില്ല ഇന്നേവരെ .. സോറി.. സോറി.. എല്ലാത്തിനും”.. ആകെ ഞെട്ടി നിൽക്കുവാണ് മാധവൻ.. പദ്മയെ നോക്കിയപ്പോൾ അവിടെ സന്തോഷം മാത്രമേ ഉള്ളൂ.. ചിരിയോടെ കണ്ണു തുടയ്ക്കുന്നുണ്ട് അവൾ.. വല്ലാത്തൊരു ബുദ്ധിമുട്ടോടെ നിൽക്കുമ്പോൾ തന്റെ തോളു നനയുന്നത് അറിഞ്ഞു മാധവൻ.. ഈശ്വരാ കണ്ണുനീര്..
മനസ്സിൽ ഒരു സഹോദരന്റെ സ്നേഹം അറിയാതെ പിറവിയെടുക്കുന്നതറിഞ്ഞു.. ഹിമയുടെ തലയിൽ മെല്ലെ തലോടി.. തോളിൽ പിടിച്ചു മാറ്റി നിർത്തി.. ഏങ്ങി കരയുന്ന ഹിമയെ കണ്ടപ്പോൾ മാധവന് എന്തോ പോലെ തോന്നി..
“ഞാൻ ക്ഷമിച്ചുന്നു പറഞ്ഞില്ലേ.. പിന്നെയും എന്തിനാ കരയുന്നേ.. സാരമില്ല”.. തോളിൽ പിടിച്ചു ചേർത്തു നിർത്തി മാധവൻ പറഞ്ഞു.. കണ്ണു തുടയ്ക്കുന്ന പദ്മയ്ക്ക് നേരെ മറുകൈ നീട്ടി.. മാധവന്റെ നെഞ്ചിൽ ചേർന്നു നിന്ന് ചേച്ചിയുടെ കണ്ണു തുടച്ചു കൊടുത്തു .. അവളുടെ വിഷമത്തിൽ മനസ്സ് വിഷമിക്കുന്നുണ്ടെങ്കിലും തന്റെ മാധവന് പുതിയൊരു സ്നേഹബന്ധം ഉണ്ടായതിലും ചേച്ചിയോട് ക്ഷമിച്ചതിലും വളരെ സന്തോഷം തോന്നി.. തലയുയർത്തി മാധവനെ ഒന്ന് നോക്കി.. പദ്മയ്ക്ക് തന്നോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ തന്നെയൊന്നു തനിച്ചു വേണമെന്ന് ആ കണ്ണുകൾ പറയുന്നുണ്ട് ..
ഹിമയെ മാറ്റി നിർത്തിയിട്ട് പറഞ്ഞു “ഇനി ഇങ്ങനെ ജീവൻ കളയാനൊന്നും നോക്കരുത്.. ആരെയും വിഷമിപ്പിക്കരുത്.. എന്തുണ്ടെങ്കിലും ഞങ്ങൾ ഉണ്ട് ഒപ്പം.. തനിച്ചല്ല.. കേട്ടോ”.. ഹിമ ചിരിയോടെ കണ്ണും തുടച്ചു തല കുലുക്കി സമ്മതിച്ചു.. ആ മുഖത്ത് ഇപ്പോളൊരു തെളിച്ചം ഉണ്ട്.. എല്ലാം പെയ്തൊഴിഞ്ഞതിന്റെ സന്തോഷം.. കരഞ്ഞു മുഖമൊക്കെ ചുമന്നു വീങ്ങി.. പദ്മ ഹിമയെയും കൂട്ടി വീട്ടിലേക്ക് നടന്നു.. തിരിഞ്ഞൊന്നു നോക്കിയപ്പോൾ മാധവൻ നോക്കി നിൽക്കുന്നുണ്ടായിരുന്നു.. ചെറിയൊരു ചിരി കൊടുത്തു എന്റെ ചേച്ചിയുടെ പുതിയ സഹോദരന്…
എല്ലാം നോക്കി ഇഷ്ടപ്പെടാത്തത് പോലെ ഒരാൾ ദീപുവിന്റെ അടുത്ത് നിൽപ്പുണ്ട്.. പശുവിന്റെ കച്ചി വായിൽ കടിച്ചെടുത്തു തുപ്പുന്നുണ്ട്.. ഒന്നുമങ്ങു ദഹിക്കുന്നില്ല കുശുമ്പിക്ക് .. അച്ഛനെ അമ്മയല്ലാതെ വേറൊരാൾ കെട്ടിപ്പിടിക്കുന്നത് ഇഷ്ടമല്ലെന്ന് ആ മുഖം വിളിച്ചു പറയുന്നുണ്ട്.. പിന്നെ കരച്ചിലും പിഴിച്ചിലും ആയതുകൊണ്ട് മാത്രമാണ് ആ വഴിക്ക് വരാതെ എല്ലാം നോക്കി ഇരിക്കുന്നത്.. ഇല്ലെങ്കിൽ എല്ലാത്തിനേം രണ്ടു വഴിക്കാക്കിയേനെ..
ചേച്ചിയെ അമ്മയ്‌ക്കൊപ്പം ആക്കിയിട്ട് അച്ഛന്റെ അടുത്തേക്ക് ഓടി.. മാധവനോട് ചേച്ചി ക്ഷമ പറഞ്ഞതൊക്കെ പറഞ്ഞു.. അച്ഛന് ഭയങ്കര അത്ഭുതം.. വിശ്വാസം വരാത്തത് പോലെ വീണ്ടും വീണ്ടും ചോദിച്ചു ഹിമ തന്നെയാണോ ന്ന്.. മാധവന് സന്തോഷം ആയോന്ന് ചോദിക്കും മുന്നേ അച്ഛൻ ചോദിച്ചത് തനിക്ക് സന്തോഷം ആയോന്നാണ്.. അച്ഛനറിയാം മാധവനെ ഓരോരുത്തരും അംഗീകരിക്കുമ്പോൾ മനസ്സ് നിറയുന്നത് തനിക്കാണെന്ന്.. നിറഞ്ഞൊഴുകിയ കണ്ണു തുടച്ചു തന്നിട്ട് ചേർത്തു പിടിച്ചു അമ്മയുടെയും ചേച്ചിയുടെയും അടുത്തേക്ക് പോയി.. നാലുപേരും സന്തോഷത്തോടെ വർത്തമാനം ഒക്കെ പറഞ്ഞു അടുക്കളയിൽ കുറച്ചു നേരം ചിലവഴിച്ചു .. പക്ഷേ ഹിമയൊഴികെ ബാക്കി എല്ലാവരുടെയും മനസ്സിൽ ഇപ്പോളും ആ ഒരു ചോദ്യം ഉണ്ട്.. ചോദിക്കാൻ മടിക്കുന്ന ചോദ്യം.. എങ്കിലും എന്താവും ഈ മാറ്റത്തിനു കാരണം.. ജീവൻ കളയാൻമാത്രം എന്താവും ഹിമയ്ക്ക് സംഭവിച്ചിട്ടുണ്ടാവുക..
“എന്താണ് മാധവാ ഓട്ടം ഒന്നും പോകുന്നില്ലേ.. മടി പിടിച്ചോ എന്റെ ചെക്കന്”.. തന്റെ വരവും കാത്തു വാതിൽപ്പടിയിൽ ചാരി നിൽക്കുന്ന മാധവനോട് പദ്മ ചോദിച്ചു..
“അതിന് നീയുള്ളപ്പോൾ ഞാൻ എപ്പോഴാ ഓട്ടം പോയേക്കുന്നത്.. പ്രത്യേകിച്ച് ശനിയും ഞായറും”.. പറഞ്ഞുകൊണ്ട് അകത്തേക്ക് പോയ മാധവനെ ഓടി ചെന്നു പിടിച്ചു നിർത്തി കഴുത്തിൽ കൂടി രണ്ടു കയ്യിട്ട് ചേർത്തു പിടിച്ചു കാലിൽ കയറി നിന്നു.. മുഖം നിറയെ ഉമ്മ കൊടുത്തു.. “സന്തോഷായോ ന്റെ പദ്മയ്ക്ക് ചേച്ചിയുടെ മാറ്റം ഒക്കെ കണ്ടിട്ട്”..
“മ്മ്.. ഒത്തിരി.. എന്നു മുതലുള്ള ആഗ്രഹം ആയിരുന്നുന്ന് അറിയോ.. അതിലും ഏറെ സന്തോഷം അവൾ എന്റെ മാധവനെ മനസ്സിലാക്കിയതിലാ”.. പദ്മ ഒത്തിരി സ്നേഹത്തോടെ ആ മുഖത്തേക്ക് നോക്കി..
“എന്റെ മാധവന് സ്നേഹിക്കാൻ മാത്രമേ അറിയൂ.. അതെല്ലാവരും മനസ്സിലാക്കണം.. എന്നേ സ്നേഹിക്കുന്നതിലും ഏറെ എല്ലാവരും മാധവനെ സ്നേഹിക്കണം.. അംഗീകരിക്കണം.. അതെനിക്ക് കാണണം”.. അവളുടെ ഉള്ളിലെ ആഗ്രഹം മുഴുവനായും പുറത്തേക്ക് വന്നു..
“വേണ്ടാ.. എനിക്ക് ഈ പെണ്ണിന്റെ സ്നേഹം മാത്രം മതി.. ആർക്കും പകുത്തു പോകാതെ മുഴുവൻ ആയിട്ട്”.. പദ്മയ്ക്ക് തന്റെ ചെവിയിൽ കേട്ട ശബ്ദം അത്രയും മധുരം ആയിട്ടാണ് തോന്നിയത്.. കവിളിൽ അമർത്തിയൊരു ഉമ്മ വെച്ചു..
“ഈ മാധവൻ മനസ്സിൽ കയറിക്കൂടിയ അന്ന് മുതൽ ഇന്നുവരെ ഒരു നിമിഷം പോലും ഈ മുഖം ഓർക്കാതിരുന്നിട്ടില്ല.. ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ പോലും ഒരു വെപ്രാളമാണ് സമയം പോകാത്തതിൽ.. ഒന്ന് വീട്ടിൽ വന്നാൽ മതീന്നേ ഉള്ളൂ അറിയോ”.. വിരൽ കവിളിലൂടെ ഓടിച്ചു പദ്മ പറഞ്ഞു.. “എന്റെ മാത്രമാണെന്ന് എനിക്കറിയാം.. എങ്കിലും ഇങ്ങനെ ഹൃദയം പൊട്ടിത്തെറിക്കും വിധത്തിൽ സ്നേഹിച്ചു പോകുവാ ഞാൻ.. മാധവാ മാധവാ ന്ന് എപ്പോളും വിളിക്കാൻ തോന്നുവാ.. എനിക്ക് തരുന്ന ഉമ്മകളൊന്നും മതിയാവുന്നില്ലെന്ന് തോന്നുവാ.. പദ്മാ ന്നുള്ള വിളിയും കേട്ട് കേട്ടു മതിയാവുന്നില്ല.. എന്തുവാ ചെയ്യുക”.. മുഖം ചുളിച്ചു മാധവനോട് ചോദിച്ചു.. മാധവൻ എല്ലാം ശ്രദ്ധയോടെ കേട്ട് ചിരി കടിച്ചു പിടിച്ചു നിൽക്കുവാണ്..
“ഞാൻ എന്നതിനുമപ്പുറം നീയൊന്നും ആഗ്രഹിക്കണ്ട മാധവാ.. എനിക്കിഷ്ടമല്ല അത്.. നിന്റെ സ്നേഹത്തിന്റെ അവകാശി ഞാൻ മാത്രവാ”.. ഒന്നും മിണ്ടാതെ തന്നിൽ നിന്നും കണ്ണു പറിക്കാതെ നോക്കുന്നവനോട് ദേഷ്യത്തിൽ ചോദിച്ചു..”അല്ലേ.. ഞാൻ അല്ലേ അവകാശി”.. മാധവൻ അതേയെന്ന് തല കുലുക്കി സമ്മതിച്ചു ..
“പിന്നെ പറയാൻ എന്തുവാ ഇത്ര താമസം” കഴുത്തിൽ നിന്നും കൈയെടുത്തു കവിളിലൊരു കുത്തു കൊടുത്തു ചോദിച്ചു .. എന്നിട്ട് പോകാതെ പിന്നേം പിന്നേം ചേർന്നു നിൽക്കുവാ.. ഇനിയെന്തുവാ എന്നുള്ള രീതിയിൽ മാധവൻ പിരികം പൊക്കി ചോദിച്ചു.. “ശ്ശോ പോകാൻ തോന്നുന്നില്ലല്ലോ.. വഴക്ക് പറയ് മാധവാ….. എനിക്കൊന്ന് തിരിച്ചു പോകണം.. ഒത്തിരി പണി തീർക്കാനുണ്ട്”.. കൊച്ചുകുട്ടികൾ പറയും പോലെ പറഞ്ഞു..
മാധവൻ പൊട്ടിച്ചിരിച്ചു.. വീണ്ടും വീണ്ടും.. ആദ്യം അത്ഭുതത്തോടെ നോക്കിയ പദ്മ പിന്നീട് വെപ്രാളത്തിൽ ആ വായ പൊത്തി.. “ശൂ… പയ്യെ ചിരിക്ക്.. ആരെങ്കിലും കേട്ട് ഓടിവരും.. ഇങ്ങനെ കിടന്നു ചിരിക്കാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ മാധവാ”..
“കുറേ നേരമായി ഞാൻ ക്ഷമിക്കുന്നു.. ‘നീ.. മാധവൻ.. നിന്റെ’.. ക്ഷമിക്കും തോറും വിളി കൂടുവാണോ”.. പദ്മയെ ഇക്കിളിയിട്ട് ചോദിച്ചു.. കൂടുതൽ ഇക്കിളിയിടാതിരിക്കാൻ പദ്മ മാധവനെ ഇറുക്കി കെട്ടിപ്പിടിച്ചു.. തോളിൽ മുഖം വെച്ചു നിന്നു കുറച്ചു നേരം..
“ചേച്ചീടെ കാര്യം എങ്ങനാ ഒന്ന് പരിഹരിക്കുക മാധവേട്ടാ.. അവളുടെ ഇപ്പോളുള്ള ഈ സന്തോഷം മുന്നോട്ടുണ്ടാവുമോ .. എനിക്ക് നല്ല പേടിയുണ്ട്.. നാളെ വിഷ്ണു എന്താവും പറയുക”..
“ടെൻഷൻ വേണ്ട.. വിഷ്ണുവിന് പറയാനുള്ളതും കൂടി കേൾക്കാം.. ഇവർക്കിടയിലെ പ്രശ്നം എന്താന്ന് അറിയാതെ പരിഹരിക്കുന്നത് എങ്ങനാ.. എനിക്ക് തോന്നുന്നത് ഹിമയുടെ കയ്യിലാണ് തെറ്റെന്നു.. അല്ലെങ്കിൽ പിന്നെ ഇങ്ങനൊരു മാറ്റം.. എല്ലാവരോടും ക്ഷമ പറച്ചിൽ.. പിന്നെ ആത്മഹത്യശ്രമം”…. മാധവൻ മുഴുമിപ്പിച്ചില്ല..
“മ്മ്.. ഞാനത് ഏട്ടനോട് പറയാൻ വരുവായിരുന്നു”.. പദ്മ മാധവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു..
“അപ്പോൾ എന്റെ പദ്മയ്ക്ക് ബോധം വെച്ചു തുടങ്ങിയെന്ന് അർത്ഥം”..
“ഈ അച്ഛന് എപ്പോളും അമ്മ അടുത്ത് വേണോ .. കുഞ്ഞാവയാണോ അച്ഛൻ.. ഞാൻ എത്ര നേരമായി അമ്മയെ വിളിക്കുന്നു അമ്മമ്മ വിളിക്കുന്നുന്നു പറയാൻ”.. മിന്നുവിന്റെ ശബ്ദം കേട്ടപ്പോൾ മാധവൻ മാറി നിന്നു.. ദേഷ്യത്തിൽ എളിയിൽ കൈകുത്തി നിന്നാണ് ചോദിക്കുന്നത്.. ഇപ്പോൾ പൊട്ടിച്ചിരിച്ചത് പദ്മയാണ്.. “ആന്നേ.. ഈ അച്ഛൻ ഒരുമാതിരി കുഞ്ഞുവാവയെപ്പോലെ.. ഏതുനേരവും അമ്മേടെ വാലിൽ തൂങ്ങി.. നാണമില്ലേ മനുഷ്യാ നിങ്ങൾക്ക്”.. മിന്നുവിനെ എടുത്ത് കയ്യിൽ പിടിച്ചു പദ്മ ചോദിച്ചു.. പദ്മയുള്ള ധൈര്യത്തിൽ കൂടുതൽ എന്തോ പറയാൻ വന്ന മിന്നുട്ടന്റെ ചുണ്ട് രണ്ടുംകൂടി പദ്മ കൂട്ടിപ്പിടിച്ചു മിണ്ടല്ലേ ന്ന് കണ്ണുകൊണ്ട് കേണു…. ഇനി വായിൽ നിന്നും വരുന്നതെന്താവുമെന്ന് പദ്മയ്ക്കറിയാം.. ആ അപ്പന്റെ മോളാണ്.. വഷളത്തിയാ…
♥️♥️ഉടനെ വരും ♥️♥️

by