രചന – രോഹിണി ആമി
പദ്മ വീട്ടിൽ ഇരുന്നാൽ കൂടുതൽ വിഷമിക്കുകയെ ഉള്ളുവെന്ന് എല്ലാവർക്കും അറിയാം.. അതുകൊണ്ട് നിർബന്ധിച്ചു സ്കൂളിലേക്ക് വിട്ടു.. മിന്നുവിന്റെ വീട്ടിൽ പോയിട്ടു വന്നിട്ട് ഭക്ഷണവും കുളിയും ഒന്നുമില്ലാതെ ഒരേ ഇരുപ്പായിരുന്നു …. പെട്ടെന്നുള്ള അവളുടെ മാറ്റം അവിടെ ആർക്കും ഉൾക്കൊള്ളാൻ സാധിച്ചില്ല.. എപ്പോളും തനിച്ചിരുന്നു എന്തൊക്കെയോ ആലോചിക്കും..അമ്മമാർ രണ്ടാളും ഇരുവശത്തും ഇരുന്നു സമാധാനിപ്പിക്കുന്നുണ്ട്.. പക്ഷേ ഒന്നും ആ മനസ്സിൽ കയറുന്നില്ലെന്ന് മാത്രം.. അവളെ തനിച്ച് വിടാൻ അച്ഛൻ പറഞ്ഞു.. കുറച്ചു നേരം തനിച്ചിരുന്ന് മനസ്സ് തണുക്കട്ടെന്ന്… കുറച്ചു ദിവസത്തേക്ക് അച്ഛൻ ആണ് കൊണ്ടുപോയതും തിരിച്ചു കൊണ്ടുവരുന്നതും… അധികം ആരോടും മിണ്ടാത്ത പ്രകൃതം ആയതുകൊണ്ട് പദ്മയുടെ മാറ്റം ആർക്കും മനസ്സിലാക്കാൻ സാധിച്ചില്ല…
ഒരു ദിവസം രാവിലെ സ്കൂളിൽ പോകാൻ ഇറങ്ങിയപ്പോൾ ആണ് ഗേറ്റ് കടന്നു വരുന്ന മിന്നുവിനെയും മാധവനെയും കണ്ടത്… പദ്മയ്ക് പെട്ടെന്ന് എന്തു ചെയ്യണം എന്നറിയാതെ നിന്നു.. മിന്നുവിന് ആ പഴയ ഉത്സാഹം ഒന്നുമില്ല..തന്നെ അടുത്തേക്ക് ഒന്ന് വരാതെ കണ്ടിട്ടും അച്ഛന്റെ കയ്യിൽ തൂങ്ങി നിൽക്കുകയാണ്.. അകത്തേക്ക് അച്ഛനെ വിളിക്കാൻ തിരിഞ്ഞതും മാധവന്റെ വിളി വന്നു..
ടീച്ചറേ.. ഞാൻ ടീച്ചറിനെ കാണാൻ ആണ് വന്നത്… പദ്മ അയാളെ ഒന്ന് നോക്കി..
ഞാൻ കുടിച്ചിട്ടില്ല.. ടീച്ചർ പേടിക്കേണ്ട.. എന്നിട്ട് അടുത്തേക് വന്നു പറഞ്ഞു..
എനിക്ക് പഠിപ്പും വിവരവും ഒന്നുമില്ല.. അമ്മയെ അപ്പൻ കള്ളു കുടിച്ചിട്ട് ചവിട്ടി കൊന്നതാ.. എന്റെ മുന്നിൽ വെച്ച്.. പിന്നെ പഠിപ്പിനെക്കാൾ വിശപ്പിനായിരുന്നു മുൻതൂക്കം എന്ന് മനസ്സിലായപ്പോൾ അന്ന് സ്കൂളിൽ നിന്നും ഇറങ്ങി… കൂടെ അയാളുടെ അടുത്തു നിന്നും.. പിന്നെ ചെറിയ ചെറിയ ജോലികൾ ചെയ്തു.. കുറച്ചു വലുതായപ്പോൾ ചുമട്ടു ജോലി എടുത്തു… അവിടെ വെച്ചു എന്റെ സ്വഭാവവും അധ്വാനശീലവും കണ്ട് ഇഷ്ടപ്പെട്ട രാഘവൻ ചേട്ടൻ മോളേ പിടിച്ചു കയ്യിൽ തന്നു.. സ്വന്തമായി സ്നേഹിക്കാൻ ഒരാളെ കിട്ടിയപ്പോ ഒത്തിരി സന്തോഷിച്ചു… കൂടെ ഇവളും കൂടി വന്നപ്പോ ഒത്തിരി ഒത്തിരി സന്തോഷം.. കിട്ടുന്നത് മുഴുവൻ അവളെ ആണ് എല്പിക്കുന്നത്.. മിന്നു സ്കൂളിൽ ചേർന്നപ്പോൾ വീട്ടിൽ ഇരുന്നു മടുത്തു എന്നും പറഞ്ഞു ഒരു തുണിക്കടയിൽ ജോലിക്ക് കയറി അവൾ.. അതിനിടയിൽ രണ്ടാമത് ഗർഭിണിയും ആയി… സ്നേഹം കൊണ്ട് അന്ധനായ എനിക്ക് അവളുടെ മാറ്റങ്ങൾ കാണാൻ സാധിച്ചില്ല.. ശ്രദ്ധിച്ചില്ല എന്നുവേണം പറയാൻ.. മാസം തികയാതെ ആണ് രണ്ടാമത് പ്രസവിച്ചത് തന്നെ… അതിന്റെതായ എല്ലാ അസ്വസ്ഥതയും ആ കൊച്ചിന് ഉണ്ടായിരുന്നു.. വളർന്ന് വന്നാലും മറ്റുള്ള കുട്ടികളെപ്പോലെ ആയിരിക്കില്ലെന്ന് ഡോക്ടർ പറഞ്ഞു… ആ കുഞ്ഞ് ഒരു ബാധ്യത ആകും എന്ന് തോന്നിക്കാണും അല്ലെങ്കിൽ ഈ പഠിപ്പ് ഇല്ലാത്തവൻ പോരായെന്ന് തോന്നിക്കാണും..അവളുടെ അപ്പന്റെ പ്രായം വരും ആ തുണിക്കടയുടെ ഉടമയ്ക്ക്.. അത് പോലും നോക്കാതെയാ അവൾ അയാൾക്കൊപ്പം പോയത്.. കുറച്ചു കാലമായി ആ ബന്ധം തുടങ്ങിയിട്ട്.. ഞാൻ മാത്രം അറിയാൻ താമസിച്ചു… ആ കുഞ്ഞ് എന്റെയാണോ അല്ലയൊന്ന് പോലും എനിക്കുറപ്പില്ല..
അപ്പനെ കണ്ട് വളർന്നത് കൊണ്ട് കള്ളും പുകവലിയും ഒന്നും ശീലം ഇല്ലായിരുന്നു.. അമ്മയുടെ ഗതി ഇനിയൊരു പെണ്ണിനും ഉണ്ടാവരുത് എന്ന് തോന്നി… അവൾ പോയതോടെ ആ ശീലങ്ങളും തുടങ്ങി..മറ്റുള്ളവരുടെ കളിയാക്കലും തമാശയും ഒക്കെ മടുപ്പായി തോന്നി … എന്റെ കഴിവുകേട് ആണ് അവൾ കിളവനെ തേടി പോയതെന്ന് നാട്ടുകാർ പറഞ്ഞു.. എന്റെ കൊച്ചിനെ പോലും ആരും വെറുതെ വിട്ടില്ല.. ബോധം ഇല്ലാതെ ജീവിക്കാൻ ആണ് സുഖം.. കാണുന്നവരെ എല്ലാം ചീത്ത പറഞ്ഞു.. ആരുടേയും ദയ വേണ്ടെന്ന് തോന്നി..
വകയിൽ ഉള്ള ഒരു പെങ്ങളാ ഈ പിള്ളേരെ നോക്കിയത്.. അതിനും കെട്ടിയോനും പിള്ളേരും ഒക്കെ ഉള്ളതാ..അത് കെട്ടിയോന്റെ വീട്ടിലേക്ക് പോയി.. കൊച്ചിനെ ഡോക്ടറിന്റെ അടുത്തൊക്കെ ഞാൻ കൊണ്ടുപോയതാ.. പക്ഷേ.. അതിന് ഇത്രയുമേ ആയുസ്സ് ഉള്ളൂ.. അതിനു ടീച്ചർ ഇങ്ങനെ വിഷമിച്ചു നടക്കുവൊന്നും വേണ്ടാ..
പദ്മ അയാളെ ഒന്ന് നോക്കി… ” ടീച്ചറിന്റെ അച്ഛൻ പറഞ്ഞതാ.. എന്നെ ഇടയ്ക്ക് ഒന്ന് രണ്ടു വട്ടം കാണാൻ വന്നാരുന്നു.. ആദ്യമായിട്ടാണ് ഇത്രയും സ്നേഹം ഞങ്ങളോട് ഒരാൾ കാണിക്കുന്നത്.. അതും അനുകമ്പ ഇല്ലാതെ.. കളിയാക്കി രസിക്കാൻ ഒരു വസ്തു ആയിരുന്നു മാധവൻ എല്ലാവർക്കും”.. മാധവന്റെ ശബ്ദം ഒന്ന് ഇടറി..
“ആ അമ്മയുടെ പേരിൽ എന്റെ കൊച്ചിനെ ആരും കുറ്റപ്പെടുത്തുന്നതോ അവളെ ആരും സഹതാപത്തോടെ നോക്കുന്നതോ എനിക്കിഷ്ടമല്ല.. താമസിച്ചിരുന്ന വാടക വീട് ഒഴിഞ്ഞു.. ഇവിടെ അടുത്തുള്ള കരുണാലയത്തിലെ അമ്മയോട് ഞാൻ സംസാരിച്ചു.. മിന്നുവിനെ അവിടെ നിർത്താമെന്ന് അവർ സമ്മതിച്ചു.. ഇവളെങ്കിലും സുരക്ഷിതമായി നിൽക്കട്ടെ.. ഞാൻ എവിടേലും എങ്ങനെയും ജീവിക്കും”..
മിന്നു അച്ഛന്റെ മുഖത്തേക്ക് നോക്കിയിട്ട് ചേർന്നു നിന്നു.. അയാളുടെ കാലിൽ കെട്ടിപ്പിടിച്ചു.. അച്ഛന്റെ വിഷമത്തിൽ കൂടെ ഉണ്ടെന്ന രീതിയിൽ .. ഒഴുകിയ കണ്ണുനീർ കൈകൊണ്ട് തുടച്ചു മാറ്റി.. പ്രായത്തിൽ കൂടുതൽ പക്വത തോന്നി അപ്പോൾ അവൾക്ക്.. അമ്മയും പോയി, കൂടെയുണ്ടായിരുന്ന കൂടപ്പിറപ്പും പോയി, ഇപ്പോൾ ആകെയുള്ള അച്ഛനും വിട്ടിട്ടു പോകുന്നു… ആ കുഞ്ഞു ഹൃദയം എത്രത്തോളം വേദനിക്കുന്നുണ്ടാവും.. ഇനിയൊരു അനാഥയെപ്പോലെ ജീവിക്കണം.. അപ്പോളും കുഞ്ഞു കൈകൊണ്ട് കണ്ണുനീർ തുടച്ചു മാറ്റിക്കൊണ്ടേയിരുന്നു.. ഇടയ്ക്കിടെ നോട്ടം കൊണ്ട് അച്ഛനെ ആശ്വസിപ്പിക്കുന്നുമുണ്ട്… അവളെ നോക്കി നിൽക്കുമ്പോൾ പദ്മയുടെ നെഞ്ചു വിങ്ങി.. ഇന്ന് മുതൽ അനാഥയാണ് അവൾ..
പറയാൻ വന്നതെല്ലാം പറഞ്ഞു കഴിഞ്ഞുവെന്ന് അയാളുടെ ഭാവത്തിൽ ഉണ്ടായിരുന്നു.. പോകുവാണെന്ന് ഒന്നു പറഞ്ഞു.. മിന്നുവിന്റെ കയ്യിലെ കുഞ്ഞു കവർ മേടിച്ചു പിടിച്ചു.. ആ കുഞ്ഞിക്കയ്യിൽ പിടിച്ചു നടന്നു.. മിന്നു ഒരിക്കൽ മാത്രം ഒന്ന് തിരിഞ്ഞു നോക്കി… ദൈവമേ.. ആ നോട്ടം..
“നിൽക്കൂ”.. പദ്മ ഓടി അവർക്കരികിലേക്ക് ചെന്നു… അയാളെയും മിന്നുവിനെയും നോക്കി..” നാണമില്ലേ നിങ്ങൾക്ക് അച്ഛൻ ജീവനോടെ ഇരിക്കുമ്പോൾ കൊച്ചിനെ അനാഥാലയത്തിലേക്ക് തള്ളാൻ… നല്ല തണ്ടും തടിയും ഉണ്ടല്ലോ.. അവളെ ചേർത്തു പിടിച്ചു അധ്വാനിച്ചു ജീവിക്കുവാ വേണ്ടത് അല്ലാതെ പേടിച്ചു ഒളിച്ചോടുകയല്ല ചെയ്യേണ്ടത്… കുഞ്ഞുകുട്ടിയല്ലേ ഇത്.. അവളുടെ മനസ്സിലെ വേദന താനെന്താ മനസിലാകാത്തത്.. വാ ഇങ്ങോട്ട് “.. മിന്നുവിന്റെ കയ്യിൽ പിടിച്ചു ദേഹത്തോട് ചേർത്തു… “നിനക്ക് നിന്റെ അച്ഛനെ വിട്ടു പോകാൻ ഇഷ്ടമാണോ “.. പദ്മ അവളുടെ താടി പിടിച്ചുയർത്തി ചോദിച്ചു..
മിന്നു അച്ഛനെ നോക്കി ഒന്നു വിതുമ്പി.. ഓടിപ്പോയി അയാളെ കെട്ടിപ്പിടിച്ചു കരഞ്ഞു .. “എനിക്ക് അച്ഛന്റെ കൂടെ കഴിഞ്ഞാ മതി.. ഞാൻ ഒരിടത്തും പോവൂല”.. അയാളുടെയും കണ്ണു നിറഞ്ഞൊഴുകി..
“എനിക്കീ നാട്ടിൽ ആരും പണി തരില്ല ടീച്ചറേ.. കൊച്ച് പട്ടിണിയാകും.. മാത്രമല്ല അമ്മയുണ്ടാക്കിവെച്ച നാണക്കേട് എന്റെ കുഞ്ഞിനേം ബാധിക്കും.. പെൺകുഞ്ഞാ അവൾ “.. അയാൾ പറഞ്ഞിട്ട് ഒരു കൈകൊണ്ടു കണ്ണു തുടച്ചു മറുകൈ കൊണ്ട് മിന്നുവിന്റെ തലയിൽ തലോടി..
“എത്ര നാൾ ഒളിച്ചോടും നിങ്ങൾ.. സത്യം അതാണെന്ന് അംഗീകരിച്ചു ജീവിക്കട്ടെ അവളും .. നാളെ പുതിയ പുതിയ പല കാര്യങ്ങളും നടക്കും.. അപ്പോൾ നാട്ടുകാർ ഇതും മറക്കും.. നിങ്ങൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പിന്നെ എന്തിനാ നാണക്കേട് വിചാരിക്കുന്നത്.. തെറ്റ് ചെയ്തവർ സുഖമായിട്ട് ജീവിക്കുന്നുണ്ട് ഒരു നാണക്കേടും ഇല്ലാതെ.. ഈ കുഞ്ഞിന് വേണ്ടി ഇനി നിങ്ങൾ ജീവിക്കാമെന്ന് ഉറപ്പുണ്ടേൽ ഞാൻ തരാം നല്ലൊരു ജോലി.. അതിനെ അനാഥയാക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല “.. അത് പറഞ്ഞപ്പോൾ മാധവൻ പദ്മയെ നോക്കി.. മിന്നു എല്ലാം കേട്ട് പ്രതീക്ഷയോടെ അച്ഛനെ നോക്കി.. അയാൾ ചിന്തിക്കുകയാണെന്ന് തോന്നി പദ്മക്ക് …
“അങ്ങ് സമ്മതിച്ചേക്ക് മാധവാ.. എന്നിട്ട് ആ കുഞ്ഞിന് വേണ്ടി ജീവിക്ക്.. അവളെ എവിടേലും കൊണ്ടാക്കിയിട്ട് തനിക്ക് സമാധാനത്തോടെ ഒന്ന് ഉറങ്ങാൻ കഴിയുവോ.. ഇനി അച്ഛൻ എങ്കിലും തനിക്ക് ഉണ്ടല്ലോ എന്ന ആശ്വാസം ഉണ്ടാവില്ലേ ആ കുഞ്ഞിന്.. അവൾ സന്തോഷത്തോടെ ജീവിക്കട്ടെടോ “.. പദ്മ തിരിഞ്ഞു നോക്കി… അച്ഛനാണ്… കൂടെ അമ്മമാരും..
“അല്ലാ.. നീയെന്തു ജോലിയാ മാധവനു വാങ്ങി കൊടുക്കാൻ പോകുന്നേ.. അതിൽ അയാളും കൂടെ സംതൃപ്തൻ ആയിരിക്കണം.. പാതി വഴിയിൽ ഇട്ടേച്ചു പോകുന്നതായിരിക്കരുത്.. ഈ കുഞ്ഞിനെ വീണ്ടും ദുരിതത്തിലേക്ക് തള്ളി വിടരുത്”.. അച്ഛൻ പദ്മയോട് പറഞ്ഞു ..
“എന്തു പണിയും ചെയ്തുകൊണ്ടിരുന്ന ആളല്ലേ.. വീടിന് പിറകിലെ സ്ഥലം പാട്ടത്തിന് തരാം…കൃഷി ഇറക്കുവോ അല്ലെങ്കിൽ വേറെന്തെങ്കിലും ചെയ്യുവോ എന്തേലും ചെയ്യ് “… പദ്മ എന്തോ ദേഷ്യം തീർക്കും പോലെ പറഞ്ഞിട്ട് കയ്യും കെട്ടി നിന്നു..
“ഏത് കാടുപിടിച്ചു കിടക്കുന്ന സ്ഥലമോ”.. അച്ഛൻ ഒന്ന് ആലോചിച്ചു… “കൊള്ളാം.. നല്ല ഐഡിയ ആണ്.. മണ്ണ് നല്ല മണ്ണാണ്.. വിത്തിറക്കിയാൽ പൊന്നു വിളവെടുക്കാം.. പക്ഷേ മാധവനു സമ്മതമാണോ”..
“സമ്മതമാണെങ്കിൽ അതൊന്നു നേരെ ആക്കിയെടുക്കാൻ ഞാൻ തരാം കാശ്.. ദാനമോ സഹതാപമോ അല്ല.. ലാഭം കയ്യിൽ വരുമ്പോൾ പയ്യെ തിരിച്ചു തരണം.. സമ്മതിച്ചോ”.. പദ്മ മാധവനോട് ചോദിച്ചു…
മാധവൻ ആകെ കുഴപ്പത്തിലാണ്.. മിന്നു മുഖത്തു നിന്നും കണ്ണു പറിക്കാതെ നോക്കുന്നുണ്ട്.. മനസ്സോടെ അല്ല അവളെ പിരിയാമെന്ന് വെച്ചത്… ഇനി തനിക്ക് സ്വന്തം എന്നു പറയാൻ മിന്നു മാത്രമേ ഉള്ളൂ… അവൾക്ക് ഞാനും.. ജീവിക്കാൻ കൊതിയുണ്ട്.. പക്ഷേ മുന്നോട്ടെന്ത് എന്നുള്ളത് ഇന്നും അറിയില്ല.. ആരുടേയും മുന്നിൽ ഇന്നേവരെ കൈനീട്ടിയിട്ടില്ല… ഇതിപ്പോ…. താൻ ചോദിക്കാതെ വെച്ചു നീട്ടുന്ന സഹായം ആണ്.. കഷ്ടപ്പെടാനുള്ള മനസ്സ് ഉണ്ട്.. അധ്വാനിക്കാനും… മിന്നുവിനെ നോക്കിയപ്പോൾ ആ മുഖം വിളിച്ച് പറയുന്നുണ്ട് “എന്നെ വിട്ടിട്ടു പോകല്ലേ അച്ഛാ “ന്ന്…
മാധവന്റെ മുഖത്തെ പിരിമുറുക്കം ഒക്കെയും നോക്കികാണുവായിരുന്നു അച്ഛനും പദ്മയും… ഒടുവിൽ മാധവൻ തലയാട്ടി സമ്മതമാണെന്ന് പറയുമ്പോൾ പദ്മ നോക്കിയതാ കുഞ്ഞു മുഖത്തേക്കാണ്… ആ മുഖത്തു വിരിയുന്ന കുഞ്ഞു പുഞ്ചിരിയിലേക്കാണ്.. മിന്നു മാധവനെ കെട്ടിപ്പിടിച്ചു.. അയാൾ അവളെ കയ്യിലെടുത്തു.. അവൾ കവിളിൽ ഉമ്മ വെച്ചു… അയാൾ തിരിച്ചും..
പദ്മയും അച്ഛനും എന്തൊക്കെയോ മാറി നിന്ന് സംസാരിക്കുന്നുണ്ട്… ഒടുവിൽ അവർ പറഞ്ഞതിനോട് എല്ലാം മാധവനു സമ്മതിക്കേണ്ടി വന്നു..
“ഇപ്പുറത്തെ വിറകുപുര വൃത്തിയാക്കി അവിടെ താമസിക്കാം… നിങ്ങൾക്ക് രണ്ടാൾക്കും താമസിക്കാൻ അത് ധാരാളം ആണ്.. എന്തെങ്കിലുമൊരു സഹായത്തിനു ഞങ്ങളും ഉണ്ടല്ലോ ഇവിടെ”… അച്ഛനാണ് പറഞ്ഞത്..
“വിറകു പുര എന്നു പറയുമ്പോ അത്രയ്ക്ക് മോശം അല്ല.. ദോ ആ കാണുന്നതാണ്”.. വീടിന് അടുത്തായി ഒരു വാർക്ക കെട്ടിടം ചൂണ്ടി കാണിച്ചു.. “ഒരു വരുമാനം ആകുമ്പോൾ താമസിക്കുന്നതിന്റെ വാടക കൂടി തന്നാൽ മതി”. പദ്മ പറഞ്ഞു..
“അയ്യേ… ഇങ്ങനെ എച്ചിത്തരം കാണിക്കാതെ പെണ്ണേ .. അതൊന്നും വേണ്ടാ മോനേ.. ഈ പെണ്ണ് ചുമ്മാ പറയുന്നതാ”… പദ്മയെ ഒന്ന് അടിച്ചിട്ട് അവളുടെ അമ്മ പറഞ്ഞു..
“യ്യോ.. അമ്മേ അങ്ങനൊന്നും പറഞ്ഞൂടാ.. ഭയങ്കര അഭിമാനിയാ.. ആരുടേം സഹതാപവും സഹായവും ഒന്നും വാങ്ങില്ല..കയ്യിൽ അഞ്ചിന്റെ പൈസ ഇല്ലേലും അഭിമാനം കൊട്ടക്കണക്കിന് ഉണ്ട്”. പദ്മ മാധവനിട്ട് ഒന്ന് കൊള്ളിച്ചു പറഞ്ഞു..
“നീ വാങ്ങും പദ്മേ… അവള് വല്യ ഒരു ടീച്ചർ വന്നേക്കുന്നു.. അതൊക്കെ അങ്ങ് സ്കൂളിൽ പിള്ളേരോട് മതി.. നിങ്ങൾ വാ… രണ്ടാളും ഒന്നും കഴിച്ചില്ലല്ലോ.. ഇനി കഴിച്ചിട്ട് പയ്യെ പണി തുടങ്ങാം.. വാ”.. അമ്മ മിന്നുവിന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് കയറി..
പദ്മയെ നോക്കാൻ മാധവനു മടി ഉണ്ടായിരുന്നു.. അത് മനസ്സിലാക്കി അച്ഛൻ മാധവന്റെ തോളിൽ കയ്യിട്ടു..”അവൾ മിന്നുവിനെ ഓർത്തുള്ള വിഷമം കൊണ്ട് പറയുന്നതാ.. ഒന്നും കാര്യമാക്കണ്ട.. മനസ്സ് ശുദ്ധമാ”.. മാധവനെ അകത്തേക്ക് കൂട്ടി പോയി..
“നീ ഒരു നല്ലകാര്യം ആണ് ചെയ്തത് മോളേ”… ഹരിയുടെ അമ്മ അടുത്തു വന്നു പറഞ്ഞു.. ” അവരുടെ അഭിമാനം കളയാതെ അവർക്കൊരു ജീവിതം കൊടുത്തു അല്ലേ..മിടുക്കിയാ നീ… അമ്മയ്ക്ക് ഇഷ്ടപ്പെട്ടു”..പദ്മയുടെ കവിളിൽ ഒരുമ്മ കൊടുത്തു… പദ്മ അമ്മയെ ചേർത്തു പിടിച്ചു…
“അറിഞ്ഞുകൊണ്ട് അല്ലെങ്കിലും ആ കുഞ്ഞിനോട് ചെയ്ത തെറ്റിന് എനിക്ക് പരിഹാരം തേടണം അമ്മേ.. മിന്നുവിനെ അങ്ങനെ അനാഥാലയത്തിലേക്ക് വിടാൻ മനസ്സ് സമ്മതിക്കുന്നില്ല.. ഒരു കുഞ്ഞിന്റെ എങ്കിലും ജീവിതം നേരെചൊവ്വേ രക്ഷിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ ടീച്ചർ ആയിട്ടിരുന്നിട്ട് എന്താ കാര്യം”… പദ്മ പറയുന്നത് കൂടി കേട്ടപ്പോൾ ആ അമ്മക്ക് അവളെ സ്വന്തമാക്കണമെന്ന ആഗ്രഹത്തിന്റെ അളവ് കൂടി.. മക്കളുടെ വിഡ്ഢിത്തരമായ തീരുമാനത്തെ ഓർത്ത് പരിതപിച്ചു..
ഓടി വരും..

by