ഈ നിമിഷ അവസാന ഭാഗം

രചന – രോഹിണി ആമി

ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആവുന്ന ദിവസം രാവിലെ മാധവനും അച്ഛനും മിന്നുവും അമ്പലത്തിൽ ഒക്കെ പോയി വന്നു.. ചന്ദനം ഒക്കെയും തൊട്ടിട്ട് രണ്ടാളെയും പിടിച്ച് പദ്മ അടുത്തിരുത്തി.. എന്താ പറയേണ്ടതെന്ന് പദ്മ ആലോചിച്ചു.. തന്റെ വേദന രണ്ടിനും സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണെന്ന് അവൾക്കറിയാം.. മിന്നു തന്നെ ചുറ്റിപ്പിടിച്ചു മുഖത്തേക്ക് നോക്കി ഇരിക്കുവാണ്.. ഒന്നു തലോടി ഉണ്ടക്കവിളിൽ ഉമ്മ വെച്ചു.. കരയരുതെന്ന് മാത്രം പറഞ്ഞു.. അവൾ തലയാട്ടി.. ഇനി അപ്പനെ എന്തു പറഞ്ഞു ആശ്വസിപ്പിക്കും.. മിന്നുവിനെയും ചേർത്തു പിടിച്ചു ആ നെഞ്ചിലേക്ക് ചേർന്നിരുന്നു.. പറയാൻ ഒന്നുമില്ല.. എന്റെയുള്ളിലെന്താന്ന് മാധവന് ശരിക്കുമറിയാം.. കവിളിൽ മെല്ലെ തലോടി ഉമ്മ വെച്ചു..

“ഇറങ്ങാം”… പദ്മ മെല്ലെ ചോദിച്ചു.. മാധവൻ തലയാട്ടി.. എഴുന്നേറ്റ് മാധവന്റെ മടിയിൽ ഇരുന്നു മുഖം കൈക്കുള്ളിൽ പിടിച്ചിട്ട് പറഞ്ഞു.. “അവിടെ വന്നിട്ടും ഇങ്ങനെ വിഷമിച്ചിരുന്നു കൊച്ചിനേം കൂടി പേടിപ്പിക്കാൻ ആണെങ്കിൽ വരണ്ട.. ഞാൻ കുഞ്ഞിനേം കൊണ്ട് ഇങ്ങു വന്നോളാം.. രണ്ടിന്റേം ഇരുപ്പ് കണ്ടാൽ തോന്നും……………” ബാക്കി പറയാൻ മാധവൻ സമ്മതിപ്പിച്ചില്ല.. വാ പൊത്തി.. ഇറങ്ങാൻ നേരം മാധവൻ പദ്മയെ കെട്ടിപ്പിടിച്ചു.. കണ്ണിലേക്കു നോക്കി നിന്നു കുറച്ചു നേരം.. നെറുകയിലും ചുണ്ടിലും അമർത്തി ഉമ്മ വെച്ചു.. ദീപുവിനോട് എന്തെല്ലാമോ പറഞ്ഞേൽപ്പിക്കുന്നത് കണ്ടു.. കാറിനടുത്തേക്ക് നടന്നടുക്കുമ്പോൾ കണ്ടു ഷർട്ടിൽ കണ്ണൊപ്പുന്നത്.. പറഞ്ഞിട്ട് കാര്യമില്ലെന്ന് പദ്മയ്ക്കറിയാം.. കാറിൽ ഇരിക്കുമ്പോഴും ആരുടേയും മുഖത്തൊരു തെളിച്ചം ഇല്ല.. അച്ഛനും അമ്മയും രണ്ടു വശത്തേക്കും നോക്കിയിരുപ്പുണ്ട്.. പദ്മയ്ക്ക് കണ്ടപ്പോൾ ചിരിയാണ് വന്നത്.. പക്ഷേ ചിരിക്കാനും കഴിയുന്നില്ല.. തനിക്കെന്തു സംഭവിച്ചാലും കുഞ്ഞിന് ഒന്നും പറ്റരുതേയെന്നുള്ള ഒരമ്മയുടെ ദൈവത്തിനോടുള്ള പ്രാർത്ഥന പോലും നേരെചൊവ്വേ ചൊല്ലാൻ പറ്റുന്നില്ല.. ഞങ്ങൾ രണ്ടിനും ഒന്നും വരുത്തരുത് ദൈവമേ… എന്റെ മാധവനും മിന്നൂട്ടനും തനിച്ചായിപ്പോകും.. ഞാനില്ലാതെ തനിച്ച് ഓർക്കാൻ കൂടി വയ്യ..

മിന്നുവിനെ സ്കൂളിൽ വിടാതെ ഒപ്പം കൂട്ടിയത് താനാണ്..കയ്യിൽ നിന്നും വിടാതെ നിൽക്കുന്ന അവളുടെ മുഖം കാണുമ്പോൾ അത് വേണ്ടിയിരുന്നില്ല എന്നു തോന്നുന്നു.. എന്നെ കൊല്ലാൻ കൊണ്ടുപോകും പോലെയാ എല്ലാത്തിന്റെയും മുഖം കണ്ടാൽ.. അച്ഛൻ ആണെങ്കിൽ ഇപ്പോൾ കരയും എന്ന രീതിയിൽ ആണ്.. അമ്മ പിന്നെ കണ്ണു തുടയ്ക്കൽ രാവിലെ മുതലേ തുടങ്ങിയിരുന്നു.. ചേച്ചിയും അമ്മയും വന്നിട്ടുണ്ട്.. അമ്മയ്ക്കരുകിൽ പമ്മി നിൽപ്പുണ്ട് ചേച്ചി.. എന്നെ കാണുമ്പോൾ വിഷമം ഉണ്ടെന്ന് തോന്നുന്നു.. പോയി ഞങ്ങളുടെ കുഞ്ഞാവയുമായിട്ട് മിടുക്കിയായിട്ട് വരാൻ അമ്മ പറഞ്ഞു.. ഇപ്പോളാണ് ധൈര്യമുള്ള കുറച്ചു വാക്കുകൾ കേൾക്കുന്നത്..

ചെറുതായി പെയിൻ തുടങ്ങിയപ്പോൾ മാധവനെ അടുത്തേക്ക് വിളിച്ചു വീണ്ടും പറഞ്ഞു .. “ചുമ്മാ വിഷമിച്ചിരുന്നു കുഞ്ഞിനെ കരയിക്കരുത്… ഇങ്ങനെ വിഷമിക്കല്ലേ മാധവേട്ടാ.. ഇതൊക്കെ കാണുമ്പോൾ എനിക്ക് വല്ലാണ്ടാവുന്നു.. എങ്ങനാ ഒന്ന് സമാധാനത്തിൽ ഞാൻ പ്രസവിക്കുക”.. ഒടുവിൽ പറഞ്ഞപ്പോൾ പദ്മ ഒന്നു ചിരിച്ചു.. മുഖം കുനിച്ചു പിടിപ്പിച്ചു മാധവന്റെ കവിളിൽ ഒരുമ്മ കൊടുത്തു.. ഇന്നാദ്യമായി പദ്മയ്‌ക്കൊരു ചമ്മൽ തോന്നിയില്ല.. ആരു കണ്ടാലും ഇല്ലെങ്കിലും തനിക്കിപ്പോൾ ഇത് കൊടുത്തേ പറ്റൂ.. ഇല്ലെങ്കിൽ നെഞ്ചു പൊട്ടും..

“ഞങ്ങൾക്ക് ആരുമില്ലെന്ന് അറിയാമല്ലോ നിനക്ക് .. എന്നെ പേടിപ്പിക്കരുത്.. പെട്ടെന്ന് വരണം”.. മാധവൻ ചെവിയിൽ മെല്ലെ പറഞ്ഞു.. പൊതിഞ്ഞു പിടിച്ചിരിക്കുന്ന കയ്യിൽ ഉമ്മ വെച്ചു.. മിന്നൂട്ടനെ ഒന്നുകൂടി നോക്കി.. അച്ഛൻ അമ്മ ചേച്ചി എല്ലാവരെയും കണ്ണിൽ നിറച്ചു.. മാധവനെയും മിന്നുവിനെയും കാണുമ്പോൾ ധൈര്യം മുഴുവൻ ചോർന്നു പോകുകയാണ്.. അന്ന് ആദ്യമായി തന്റെ മുന്നിൽ വന്നു നിന്ന മാധവന്റെ രൂപമായിരുന്നു ഇന്ന്.. ആകെ തകർന്നവനെ പോലെ.. അച്ഛൻ തോളിൽ പിടിച്ചു നിൽക്കുന്നത് ആണ് അവസാനമായി ഡോറടഞ്ഞപ്പോൾ കാണാൻ കഴിഞ്ഞത്.. ടെൻഷൻ കണ്ടിട്ടാവാം ഡോക്ടർ ചോദിച്ചത് ഹസ്ബൻഡ്നെ കാണണോ വിളിക്കണോന്നു… വേണ്ടാന്ന് പറയുന്ന ആദ്യത്തെ സ്ത്രീയാവാം താൻ.. പദ്മയുടെ വിഷമം കാണാൻ ഉള്ള ശേഷി മാധവനില്ല.. ആള് ഇല്ലാണ്ടാവും എന്റെ പ്രസവം കഴിയുമ്പോഴേക്കും..

അച്ഛൻ മാധവനെ അടുത്തു പിടിച്ചിരുത്തി.. മിന്നുവിനെ ചേർത്തു പിടിച്ചിരിക്കുന്നവനെ ആശ്വസിപ്പിക്കാൻ ആരെക്കൊണ്ടും കഴിഞ്ഞില്ല.. രണ്ടു പ്രസവിച്ച അമ്മ പോലും ഒന്നും പറയാനാവാതെ ഒരിടത്തിരുന്നു.. ഹിമ മിന്നുവിനെ എടുക്കാൻ നോക്കിയെങ്കിലും മാധവന്റെ കഴുത്തിൽ നിന്നും പിടി വിട്ട് വരാൻ അവൾ തയ്യാറായില്ല.. സമയം കഴിയും തോറും മാധവൻ ആസ്വസ്ഥനായി.. നെഞ്ചിടിപ്പ് കൂടി കൂടി വന്നു.. വിയർത്തൊലിച്ചു.. എന്തായിന്ന് അറിയാൻ അതുൽ വിളിച്ചപ്പോൾ മൊബൈലിൽ പദ്മയുടെ ചിരിക്കുന്ന മുഖം കണ്ടപ്പോൾ വീണ്ടും കണ്ണു നിറഞ്ഞു.. ഇനി വിളിക്കാത്ത ദൈവങ്ങളോ പ്രാർത്ഥനയോ ഒന്നുമില്ല.. ഇനിയും ഇവിടെ ഇരുന്നാൽ ചത്തുപോകുമെന്ന് തോന്നി.. മിന്നുവിന്റെ കയ്യിൽ പിടിച്ചു എഴുന്നേൽക്കാൻ തുടങ്ങുമ്പോളേക്കും ലേബർ റൂമിൽ നിന്നും ഒരു നേഴ്‌സ് വെളിയിലേക്ക് വന്നു ചോദിച്ചു മിന്നു ആരാണെന്ന്.. കൈ വിടുവിച്ചു മിന്നു ഓടി ചെന്നു.. നേഴ്‌സ് കയ്യിൽ പൊതിഞ്ഞു പിടിച്ചിരുന്ന കുഞ്ഞിനെ അവളുടെ കയ്യിലേക്ക് നീട്ടി.. “അമ്മ പറഞ്ഞു കുഞ്ഞാവയെ മിന്നുവിന്റെ കയ്യിൽ ആദ്യം കൊടുക്കണമെന്ന്”

മിന്നു ഒന്ന് അച്ഛനെ നോക്കിയിട്ട് അവർക്ക് നേരെ കൈ നീട്ടി.. മാധവൻ പിന്നിൽ വന്ന് മിന്നുട്ടന്റെ കൈകൾക്ക് താങ്ങു കൊടുത്തു.. കുഞ്ഞിനെ ഒന്നു നോക്കും മുന്നേ നഴ്സിനോട് പദ്മയെക്കുറിച്ച് ചോദിച്ചു.. കുഴപ്പമില്ല.. റൂമിലേക്ക് മാറ്റുമ്പോൾ കാണാം എന്നു പറഞ്ഞു.. ഒന്നു ശ്വാസം വലിച്ചു വിട്ടത് ആ നേരത്താണ്.. പിന്നീടാണ് ആ കുഞ്ഞുമുഖത്തേക്കൊന്നു നോക്കിയത്.. പദ്മയുടെ ആഗ്രഹം പോലെ തന്നെ കുഞ്ഞുമാധവൻ ആണ്.. പെട്ടെന്ന് ഓർമ്മ വന്നത് തന്റെ കാലിൽ കയറി നിന്ന് “ഇതേപോലെ ചിരിച്ചു മയക്കുന്ന കുഞ്ഞു മാധവനെ വേണം” എന്നു കുറുമ്പോടെ പറയുന്ന പദ്മയെ ആയിരുന്നു.. അവളെയൊന്നു കാണാൻ വല്ലാത്ത കൊതി തോന്നി മാധവന്.. അമ്മയുടെ കയ്യിലേക്ക് അവനെ കൊടുത്തപ്പോൾ ചിണുങ്ങാൻ തുടങ്ങി.. “ചേച്ചിയുടെ കയ്യിൽ നിന്നും വാങ്ങിയത് ഇഷ്ടായില്ല അനിയന്”.. അമ്മ പറഞ്ഞപ്പോൾ മിന്നുവിന്റെ മുഖം കാണേണ്ടതായിരുന്നു പൂത്തിരി കത്തിച്ചത് പോലെ..

കണ്ണു തുറന്നപ്പോൾ റൂമിലായിരുന്നു.. എല്ലാവരും അവിടെയും ഇവിടെയുമായിട്ട് ഉണ്ട്.. പക്ഷേ കാണാൻ കൊതിച്ച രണ്ടു മുഖങ്ങൾ അവർക്കിടയിൽ തേടുകയായിരുന്നു പദ്മ.. കുറച്ചു മാറിയിരുന്നു അച്ഛനരികിലിരുന്നു മിന്നു എങ്ങലടിക്കുന്നുണ്ട്.. വലിയൊരു കരച്ചിൽ കഴിഞ്ഞിട്ടുള്ള ഏങ്ങലടിയാണ്.. ഒന്നു പേടിച്ചു, മിന്നുവിനെ കയ്യാട്ടി വിളിച്ചു.. അച്ഛൻ മിന്നുവിനെ പദ്മയ്‌ക്കരികിൽ ഇരുത്തിയിട്ട് പറഞ്ഞു .. “നീ കണ്ണു തുറക്കാൻ താമസിച്ചിട്ടാ കരച്ചിൽ.. ആരും പറഞ്ഞിട്ട് കേൾക്കുന്നില്ല.. നോക്കി നോക്കി നിന്നു കരയുവാ”..

മിന്നുവിനെ പിടിച്ചു അടുത്തു കിടത്തി.. കവിളിൽ ഉമ്മ കൊടുത്തു ചോദിച്ചു.. “എന്തിനാ എന്റെ പൊന്നു കരയുന്നേ.. അമ്മ ഉറങ്ങുവല്ലായിരുന്നോ……… കണ്ടോ നിന്റെ കുഞ്ഞാവയെ”..

മിന്നുവിന്റെ കണ്ണും മുഖവും വിടർന്നു.. “മ്മ്.. ഞാൻ ഉമ്മ കൊടുത്തപ്പോൾ എന്നെ നോക്കി അമ്മേ.. എന്നിട്ട് പിന്നേം കിടന്നുറങ്ങി”.. പദ്മയോട് വിശേഷം പറച്ചിൽ തുടർന്നു..

“അച്ഛൻ എവിടെ”.. പദ്മ ചോദിച്ചതിന് അമ്മയാണ് മറുപടി പറഞ്ഞത് ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നുവെന്ന്.. കണ്ണുകൾക്ക് ക്ഷമയില്ലാത്തതു പോലെ എപ്പോളും വാതിൽക്കലേക്കാണ് നോട്ടം ചെല്ലുന്നത്..

ഇപ്പോളാണ് റൂമിൽ നിൽക്കുന്നവരെയൊക്കെ കണ്ടത്.. ചേച്ചിയുടെ കയ്യിലുണ്ട് കുഞ്ഞ് വിഷ്ണുവിനോട് ചേർന്ന് നിന്നു കൊഞ്ചിക്കുന്നുണ്ട്.. മിന്നുവിന്റെ കണ്ണ് ഇടയ്ക്കിടെ അങ്ങോട്ട് ചെല്ലുന്നുണ്ട് എങ്ങാനും എടുത്തോണ്ട് പോയാലോ എന്നു പേടിച്ച്.. മിന്നൂട്ടനേയും കൊണ്ട് അച്ഛൻ വെളിയിലേക്ക് പോയി..

ഡോർ തുറക്കുന്നത് കേട്ടപ്പോൾ പദ്മ പെട്ടെന്ന് അങ്ങോട്ടേക്ക് നോക്കി.. രണ്ടാളുടെയും കണ്ണുകൾ വിടർന്നു.. ആദ്യം കാണും പോലെ പരസ്പരം കണ്ണുകളിലേക്ക് നോക്കി.. കുറച്ചു നേരം കൊണ്ട് ക്ഷീണിച്ചു അവശനായത് പോലെ തോന്നി പദ്മയ്ക്ക് മാധവനെ കണ്ടപ്പോൾ.. പദ്മ ഒരു കൈ നീട്ടി അടുത്തേക്ക് വിളിച്ചു.. ആ കയ്യിൽ പിടിച്ചു.. രണ്ടാൾക്കും ജീവൻ തിരിച്ചു കിട്ടിയപോലെ തോന്നി.. അടുത്തിരുന്നു കണ്ണു നിറച്ചു പരസ്പരം ചിരിച്ചു.. “കണ്ടോ എന്റെ കുഞ്ഞുമാധവനെ”..

മാധവൻ ചിരിയോടെ തലയാട്ടി.. കയ്യെടുത്തു ചുണ്ടിൽ വെച്ചു.. പിന്നെ നെഞ്ചിൽ ചേർത്തു പിടിച്ചു.. “നിനക്ക് സന്തോഷമായോ”..

” കണ്ണുനിറയെ ഒന്ന് കുഞ്ഞിനെ നോക്കാൻ പോലും തോന്നിയില്ല.. ഒരുമ്മ പോലും കൊടുത്തില്ല ഞാൻ എന്റെ കുഞ്ഞുമാധവനു.. അപ്പനും മോളും മാറി മാറി കണ്ണും നിറച്ചു അടുത്തിരുന്നാൽ ഞാൻ എങ്ങനാ ഒന്ന് സന്തോഷിക്കുക..” പദ്മ പരിഭവിച്ചു..

“ഞാൻ പകുതി ചത്തു പദ്മാ. ശ്വാസം പോലും എടുക്കാൻ ഞാൻ മറന്നു പോയി.. അറിയ്യോ…… പറ്റില്ല പദ്മാ ഒരു നിമിഷം പോലും പറ്റില്ല ഇങ്ങനെ ടെൻഷൻ അടിച്ചു നീ ഇല്ലാതെ”… കയ്യിൽ അമർത്തി അമർത്തി ഉമ്മ വെച്ചു.. മതിയാവാത്തത് പോലെ വീണ്ടും വീണ്ടും.. പദ്മയുടെ കണ്ണിലേക്ക് സ്നേഹത്തോടെ നോക്കിയിരുന്നു..

വിഷ്ണുവിന്റെ മൊബൈൽ ബെല്ലടിച്ചപ്പോളാണ് മാധവൻ പദ്മയുടെ അടുത്തു നിന്നും കുറച്ച് അകന്നത്.. വിഷ്ണു മൊബൈൽ നോക്കിയിട്ട് അമ്മയോട് പറഞ്ഞു.. ഹരിയാ..

“ഇതെത്ര വട്ടമാ വിളിക്കുന്നത് ഈ ചെക്കൻ.. അവന്റെ ടെൻഷൻ കണ്ടാൽ തോന്നും അവന്റെ ഭാര്യ ആണ് പ്രസവിക്കാൻ പോയതെന്ന്.. കഷ്ടം തന്നെ… ആാാാ… ഒരു കണക്കിന് ഇത് ആ വീട്ടിൽ ജനിക്കേണ്ട കുഞ്ഞല്ലേ”.. ഹിമ മാധവനെ ഇടംകണ്ണിട്ട് നോക്കി ചിരിച്ചു പറഞ്ഞു.. അമ്മമാർ രണ്ടാളും മാധവന്റെ മുഖം കണ്ട് ചിരിക്കുകയാണ്..

“എന്റെ കുഞ്ഞെങ്ങനെ ആ വീട്ടിൽ ജനിക്കും….നിന്റെ ചേച്ചിക്ക് നല്ലൊരു കുഴി ഞാൻ വെട്ടുന്നുണ്ട് നോക്കിക്കോ.. ഇനി ആ കരിക്ക് പെണ്ണു കിട്ടുന്നത് വരെ ഒരു സമാധാനോം ഉണ്ടാവില്ലല്ലോ ദൈവമേ”.. മാധവൻ ചെവിയിൽ പറയുന്നത് കേട്ട് പദ്മ ആ കവിളിൽ പിച്ചി..

“ഈ മാധവനെ പോലെ തന്നെ കുശുമ്പനായിരിക്കുമോ എന്റെ കുഞ്ഞുമാധവനും ദൈവമേ”.. പദ്മയുടെ ചിരിയിൽ ജീവൻ തിരികെ വന്നതുപോലെ തോന്നി മാധവന്..

♥️♥️♥️

സ്കൂൾ വിട്ടാൽ ഒരുതരം വെപ്രാളമാണ് തനിക്കും മിന്നുവിനും എത്രയും പെട്ടെന്ന് ഒന്നു മാധവനും കുഞ്ഞിനുമരികിലെത്താൻ. ആറു മാസം കഴിഞ്ഞു അവനിപ്പോൾ വന്നിട്ട്.. മിന്നൂട്ടൻ ആണ് അപ്പു എന്നു പേരിട്ടത്.. ദേ വരുന്നുണ്ട് തോട്ടത്തിൽ നിന്നും സ്കൂട്ടിയുടെ ശബ്ദം കേട്ടപ്പോഴേക്കും.. അപ്പനെപ്പോലെ തന്നെ തലയിൽ തോർത്തൊക്കെ കെട്ടി തോളത്തിരുന്നു വരുന്നുണ്ട്.. അപ്പന്റെ തനിപ്പകർപ്പാണ്…. മിന്നൂട്ടൻ ഓടി ചെല്ലുന്നത് കണ്ടിട്ട് കൈ വായിൽ വെച്ചു പൊട്ടിച്ചിരിച്ചു കാലിട്ടടിക്കുന്നുണ്ട്.. അപ്പുവിനെ കയ്യിലെടുത്തതും അവൻ മുഖം പിടിച്ചു പല്ലില്ലാത്ത മോണ കൊണ്ട് കടിക്കുകയും നക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.. രണ്ടിന്റെയും സ്നേഹം കണ്ടുകൊണ്ട് നിൽക്കാൻ തന്നെ ഒരു സുഖമാണ്.. ആദ്യം ചേച്ചി പിന്നെയേ അപ്പൂന് വേറെ ആരെയും വേണ്ടൂ.. അവന്റെ ആദ്യത്തെ അമ്മയാണ് മിന്നു.. അതും നോക്കി നിൽക്കുമ്പോളാണ് തന്നെയും നോക്കി ഒരു പൂവാലൻ നിൽക്കുന്നത് കണ്ടത്.. തന്റെ നോട്ടം ചെന്നതും ഉമ്മ പറപ്പിച്ചു വിടുന്നുണ്ട്.. പുശ്ചിച്ചിട്ട് അകത്തേക്ക് പോയി.. ബാഗ് വെക്കും മുന്നേ പിന്നിൽ നിന്നും ഇറുക്കി പിടിച്ചു..

“ഞാൻ പറഞ്ഞ സാധനം വാങ്ങിയോ മാധവേട്ടാ”..

“അയ്യോ മറന്നു”..

“ദേ മാധവാ ഞാൻ ഇത്രയും നേരമായിട്ടും കൊച്ചിനെ വിഷ് ചെയ്തു പോലുമില്ല .. വാങ്ങിക്കോളാമെന്ന് ഉറപ്പ് പറഞ്ഞത് കൊണ്ടല്ലേ ഞാൻ വാങ്ങാഞ്ഞത്”.. പദ്മ ദേഷ്യത്തിൽ മുഖം തിരിച്ചു ചോദിച്ചു..

“എന്റെ പദ്മ പറഞ്ഞത് എന്തെങ്കിലും മറന്നിട്ടുണ്ടോ ഞാൻ ഇന്നേവരെ.. അതും മിന്നൂട്ടന്റെ ബർത്ഡേ.. ഓർഡർ കൊടുത്തിട്ടുണ്ട്.. ദീപുവിനെ വിട്ടു വാങ്ങിപ്പിക്കാം”..

“കള്ളത്തരം മാത്രേ കയ്യിലുള്ളൂ.. ആ ചെക്കനും ഇത് കണ്ട് പഠിക്കുവാ.. ഈ കള്ളനോട്ടവാ ആ ചെറുത് രണ്ടിനും കിട്ടിയേക്കുന്നെ”..മാധവന്റെ കണ്ണിലേക്കു നോക്കി പറഞ്ഞു.. മാധവൻ ചേർത്തു പിടിച്ചു അവളെ..
“അമ്പലത്തിൽ പോകണ്ടേ നമുക്ക്”…പദ്മ മെല്ലെ ചോദിച്ചു..

“പോകാലോ”…

“ചേച്ചിയെ വിളിക്കണ്ടേ കേക്ക് മുറിക്കാൻ”..

“വിളിക്കാലോ”..

“അപ്പോൾ അമ്മയെയും ഹരിയെയും വിളിക്കണ്ടേ”..

“വേണ്ടാലോ”.. അമ്മ പോരട്ടേ.. ആ കരി വേണ്ടാ”..

“അയ്യേ.. ചേച്ചിയെയും വിഷ്ണുവിനെയും വിളിക്കുമ്പോൾ മോശമല്ലേ അവരെ വിളിക്കാത്തത്”..

“ആ കരിയൊന്നു പെണ്ണുകെട്ടി കാണാൻ ഞാനെന്നും പ്രാർത്ഥിക്കുന്നില്ലേ ദൈവമേ.. നീയെന്താ കേൾക്കാത്തെ”.. മാധവൻ ആരോടെന്നില്ലാതെ പറഞ്ഞു.. “എന്റെ പദ്മയെ നോക്കുമ്പോൾ മാത്രം അവന്റെ കണ്ണിൽ ഇപ്പോളും ആരാധനയാ.. വന്ന് കഴിഞ്ഞാൽ ഏതെങ്കിലും ഒരൊഴിഞ്ഞ കോൺ തിരഞ്ഞെടുത്ത് അവിടെ പോയി നിന്ന് നിന്നെ ശ്രദ്ധിക്കയാണ് പ്രധാന പണി.. എനിക്ക് അവനെയും.. അവനാണെങ്കിൽ നീ വിളിക്കാനൊന്നു കാത്തിരിക്കുവാ ഓടി വരാൻ.. കണ്ടു കണ്ട് ഞാൻ മടുത്തു.. അവന്റെ കല്യാണം നടന്നാൽ തല മൊട്ടയടിച്ചേക്കാമെന്ന് നേർച്ചയുണ്ട്”…

“ആരുടെ.. മാധവേട്ടന്റെയോ”.. പദ്മ അത്ഭുതത്തോടെ ചോദിച്ചു..

“ഏയ് അല്ല.. അപ്പൂട്ടന്റെ”.. മാധവൻ ചിരിയോടെ പറഞ്ഞു.. പദ്മ സ്വയം തലയ്ക്കടിച്ചു..

“സത്യായിട്ടും എനിക്കിഷ്ടമല്ല നിന്നെ അവനിങ്ങനെ നോക്കുന്നത്.. നീ എന്റെയാ.. എന്റെ മാത്രം”.. ശബ്ദമൊന്നു വിറച്ചു പദ്മയുടെ കവിളിൽ മെല്ലെ കുത്തിപ്പിടിച്ചു മുഖത്തേക്ക് അടുപ്പിച്ചു മാധവൻ.. മിന്നുവിന്റെയും കുഞ്ഞിന്റെയും ശബ്ദം കേട്ട് മാധവൻ നിരാശയോടെ മാറി.. പദ്മയുടെ ചിരി കണ്ടപ്പോൾ ദേഷ്യത്തിൽ നോക്കി.. അപ്പൂനെ അമ്മയുടെ കയ്യിൽ കൊടുത്തു മിന്നു..

“എന്റെ കൊച്ചിനെ തിന്നോടാ കള്ളാ നീ”.. മിന്നുവിന്റെ മുഖത്തെ തുപ്പൽ തുടച്ചു പദ്മ ചോദിച്ചു..

“വാ അച്ഛ കുളിപ്പിക്കാലോ കുഞ്ഞിനെ” എന്നു പറഞ്ഞപ്പോഴേ യൂണിഫോം ഒക്കെ ഊരിയെറിഞ്ഞു മിന്നു.. സാരിക്കിടയിലൂടെ ഒരു കണ്ണുകൊണ്ടു ചേച്ചി ചെയ്യുന്നത് നോക്കി ചിരിക്കയാണ് അപ്പു.. അവളെയും എടുത്തു മാധവൻ നടക്കാനൊരുങ്ങിയതും ചാടിയെഴുന്നേറ്റു കൈ നീട്ടി.. മാധവൻ രണ്ടിനേം കൊണ്ട് ടാങ്കിന് അടുത്തേക്ക് നടന്നു.. മിന്നൂട്ടൻ ചാടിയിറങ്ങി വെള്ളം തെറുപ്പിക്കാൻ തുടങ്ങി.. അപ്പൂന്റെ കാല് വെള്ളത്തിൽ മുട്ടിച്ചതും പടപടേന്ന് കാലിട്ടടിക്കാൻ തുടങ്ങി.. രണ്ടും കൂടി കുത്തി മറിയുകയാണ്.. അച്ഛനും കൂടി.. കൂടെ ചായയുമായിട്ട് അമ്മയും.. ഇത് സ്ഥിരം കാഴ്ചയാണ്.. ചെറുമക്കളുടെ സന്തോഷം കണ്ട് ലയിച്ചങ്ങനെ നിൽക്കും രണ്ടാളും.. മാധവന്റെ കയ്യിൽ നിന്നും അച്ഛൻ അപ്പൂസിനെ എടുത്തു മിന്നുവിനരികിൽ വന്നു നിന്നു… ചായ കുടിച്ചുകൊണ്ട് അമ്മയോട് സംസാരിച്ചു നിന്ന പദ്മയെ പൊക്കിയെടുത്തു മക്കൾക്കൊപ്പം വെള്ളത്തിലിറക്കി നിർത്തി.. എതിർത്തിട്ടും കാര്യമില്ല.. വന്നു വന്ന് മക്കളേക്കാൾ കുരുത്തക്കേടാണ് മാധവന്.. അവർക്കൊപ്പം അച്ഛനും കൂടി ഇറങ്ങിയപ്പോൾ മിന്നു സന്തോഷത്തോടെ മാധവനോട് പറഞ്ഞു.. “അച്ഛാ അമ്മമ്മേം കൂടി”.. അമ്മ അകത്തേക്ക് ഓടാൻ തുടങ്ങിയതും മാധവൻ പൊക്കിയെടുത്തു പദ്മയ്‌ക്കൊപ്പം നിർത്തിയിരുന്നു..

“ഈ ചെക്കന് എല്ലാരേം എടുക്കാൻ ഇത്രയും ഇഷ്ടമാണോ.. ഇന്നലെ അച്ഛനെ തോട്ടത്തിൽ നിന്നും പൊക്കിയെടുത്തോണ്ട് വരുന്നത് കണ്ടു.. കുഞ്ഞുകളി കൂടി വരികയാണ് ചെക്കന്”.. അമ്മ തോളിൽ അടിച്ചു പറഞ്ഞു..

ഇന്നലെ അച്ഛന്റെ കാലൊന്നു മടിഞ്ഞു.. അതിനാണ് ‌.. പദ്മയോട് അച്ഛൻ രഹസ്യമായി പറഞ്ഞു.. പദ്മ മാധവനെയൊന്നു സ്നേഹത്തോടെ നോക്കി.. മക്കൾക്കൊപ്പം വെള്ളം തെറിപ്പിക്കുകയാണ്..

ഇപ്പോൾ അനുഭവിക്കുന്ന ഇത്രയും സന്തോഷം ഇന്നേവരെ ഈ വീട്ടിൽ അനുഭവിച്ചിട്ടില്ലെന്ന് അച്ഛൻ ഓർത്തു.. മാധവൻ തെളിയിച്ചുകൊണ്ടിരിക്കുകയാണ് പദ്മയ്ക്ക് തന്നെക്കാൾ നല്ലൊരു പങ്കാളിയെ കിട്ടില്ലെന്ന്‌.. കൊച്ചുമക്കൾ രണ്ടാളും കൂടിക്കഴിഞ്ഞാൽ പിന്നെ ആ വീട്ടിൽ എന്നും കാർത്തികയാണ്..

ദീപുവും പശുവും അന്തംവിട്ട് നോക്കി നിൽക്കുന്നുണ്ട്.. കുടുംബം മുഴുവൻ വെള്ളത്തിലാണ്.. തനിക്ക് കുളിക്കാൻ കുറച്ചെങ്കിലും വെള്ളം മിച്ചം വച്ചേക്കുമോ എന്ന് ചിന്തിക്കയാണ് പശു..

എല്ലാവരും ഒരുമിച്ച് അമ്പലത്തിൽ പോയി ദീപാരാധന ഒക്കെ തൊഴുതു വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും ഹിമയും വീട്ടുകാരും എത്തിയിരുന്നു.. മിന്നുവിനെ ഹിമ വാരിയെടുത്തു.. ഇപ്പോൾ രണ്ടാളും നല്ല കൂട്ടാണ്.. പദ്മ ഹോസ്പിറ്റലിൽ ആയിരുന്നപ്പോൾ ഹിമയാണ് മിന്നുവിനെ നോക്കിയതും സ്കൂളിൽ വിട്ടതും എല്ലാം.. അമ്മ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തു അവൾക്ക് .. ഹരി അവളുടെ കവിളിൽ തലോടിയിട്ട് ബർത്ഡേ വിഷ് പറഞ്ഞു.. സത്യാണോ ന്ന് അറിയാൻ പദ്മയെ നോക്കി.. അതേയെന്ന് കണ്ണുകൊണ്ട് കാണിച്ചു.. അപ്പോഴേക്കും ആ ഉണ്ടകയ്യിൽ ഒരു വള ഇട്ടിരുന്നു ഹരി..

കേക്ക് മുറിച്ചു ആദ്യം കൊടുത്തതും അവളുടെ അമ്മയ്ക്കാണ്.. ചേർത്തുപിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു.. ഇവൾ തനിക്ക് ജനിച്ചത് തന്നെയെന്ന് പദ്മ ഉറച്ചു വിശ്വസിച്ചു.. പ്രവൃത്തിയിൽ മിന്നുവും അത് തെളിയിച്ചുകൊണ്ടിരുന്നു… മിന്നു അമ്മക്കുട്ടിയാണ്.. ഇന്നും പദ്മ വേണം എന്തിനും ഏതിനും.. അപ്പൂട്ടൻ പക്ഷേ ചേച്ചിക്കുട്ടനാണ്.. അവളെ കണ്ടില്ലെങ്കിൽ ചുറ്റിനും തിരയും.. കണ്ടില്ലെങ്കിൽ കാണും വരെ നിന്ന് ചിണുങ്ങും.. പദ്മയുടെ സ്നേഹത്തിൽ ജീവിച്ചു ജീവിച്ചു മിന്നു ജ്യോതി എന്നൊരാളെ പൂർണ്ണമായും മറന്നിരുന്നു.. അല്ലെങ്കിൽ അങ്ങനെ ഒരാളെക്കുറിച്ച് ഓർക്കാൻ മിന്നുവിന് അവസരം കൊടുത്തില്ല പദ്മ..

അപ്പൂനേം മിന്നൂനേം മടിയിൽ ഇരുത്തി സെൽഫി എടുക്കുകയാണ് ഹരി.. അതും ശ്രദ്ധിച്ചു നിൽക്കുന്ന മാധവന്റെ അടുത്തേക്ക് പദ്മ വന്നു.. “ഇപ്പോ ഹരിയുടെ മനസ്സിൽ എന്താണെന്ന് അറിയുവോ നിനക്ക്”.. മാധവൻ പദ്മയോട് ചോദിച്ചു..

“എന്താ”.. പദ്മ ആകാംഷയോടെ ചോദിച്ചു..

“എനിക്ക് ജനിക്കാതെ പോയ മക്കളാണ് നിങ്ങൾ.. സാരമില്ല അടുത്ത ജന്മത്തിൽ നമുക്ക് ഒന്നിക്കാം”.. നാടക ഡയലോഗ് പോലെ പറഞ്ഞു കേൾപ്പിച്ചു മാധവൻ..

“ദൈവമേ ഇത് എന്തിന്റെ കുഞ്ഞോ എന്തോ.. ഒരിക്കലും നന്നാവൂലെ ന്റെ മാധവാ”.. പദ്മ കവിളിൽ ശക്തിയിൽ പിടിച്ചു വലിച്ചിട്ട് പോയി..

“പോകല്ലേ.. ഇങ്ങു വന്നേ.. ബാക്കി പറയട്ടേ ഞാൻ”.. നടന്നു പോകുന്ന പദ്മയോട് ചിരിച്ചു പറഞ്ഞു..

“ഒന്നു പോടോ”… ഉച്ചത്തിൽ പറഞ്ഞു നോക്കിയതും മുന്നിൽ വിഷ്ണു.. തന്നോടാണോ എന്ന മട്ടിൽ സൂക്ഷിച്ചു നോക്കുകയാണ്.. അന്ന് തന്നോട് നടുറോഡിൽ വെച്ചു പറഞ്ഞ അതേ വാക്കുകൾ.. പക്ഷേ അത്പോലെയായിരുന്നില്ല ഇത്.. ഇതിൽ നിറയെ സ്നേഹമായിരുന്നു.. ആലോചിച്ചിട്ട് നോക്കിയപ്പോഴേക്കും പദ്മ ദൂരെയെത്തിയിരുന്നു..

വിഷ്ണു പദ്മയെ നോക്കുന്നത് കണ്ട് മാധവൻ ചവിട്ടിതുള്ളി പദ്മയുടെ അടുത്തേക്ക് ചെന്നു.. കയ്യിൽ പിടിച്ചു റൂമിലേക്ക് കൊണ്ടു വന്നു ഡോർ ചാരി.. പിരികം ചുളിച്ചു നോക്കുന്നുണ്ട് താനെന്താ കാണിക്കുന്നതെന്ന്.. “നിന്നെ കാണുമ്പോൾ ഇവന്മാരെന്താ ഇതിനും മാത്രം കണ്ണു തുറന്നു നോക്കുന്നതെന്ന് ഞാനും കൂടി നോക്കട്ടേ”.. വയറിൽ ഇക്കിളിയിട്ട് മാധവൻ പറഞ്ഞു.. പൊട്ടിച്ചിരിക്കുന്നവളെ ഇറുക്കി ചേർത്തുപിടിച്ചു മുൻപ് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന ചുംബനം ചുണ്ടിൽ ചേർത്തു വെച്ചു.. അത്രയും കുശുമ്പ് കൂടുമ്പോഴേ തന്നെ ഇത്രയും ബലത്തിൽ മാധവൻ സ്നേഹിക്കൂ.. ആ നോട്ടം താങ്ങാനാവാതെ പദ്മ കണ്ണുകളച്ചു.. അകന്നു മാറാൻ കഴിയാതെ ആ കൈകൾക്കുള്ളിൽ അനുസരണയോടെ നിന്നു.. ആദ്യചുംബനം കിട്ടിയപ്പോൾ ഉണ്ടായിരുന്ന പിടപ്പ് തന്നെയാണ് ഇന്നുമിത് ഏറ്റുവാങ്ങുമ്പോൾ.. തന്റെ മുഖത്ത് നിന്നും അടർന്നു മാറിയപ്പോൾ കുറുമ്പോടെ ഒരു ചിരിയുണ്ടായിരുന്നു ആ ചുണ്ടിൽ.. തന്നെ മയക്കാൻ പാകത്തിനൊരു ചിരി.. നെറ്റിയിലെ പൊട്ടൊക്കെ നേരെ കുത്തിത്തന്നു പാറി വന്ന മുടി ചെവിയുടെ പിന്നിലൊതുക്കി മുഖം ചെരിച്ചു നോക്കുകയാണ്.. ഒരിക്കൽ കൂടി കവിളിൽ പിടിച്ചു ആ മുഖത്തേക്ക് അടുപ്പിച്ചപ്പോഴേക്കും മുഴുവൻ സ്നേഹവും പല്ലിൽ ആവാഹിച്ചു നെഞ്ചിൽ ആഞ്ഞൊരു കടി കൊടുത്തു.. ചിരിയോടെ പിടുത്തം വിടുവിച്ചു കതകും തുറന്നു പുറത്തിറങ്ങിയതും മുന്നിൽ നിൽക്കുന്നവരെ കണ്ട് പദ്മ ഒന്ന് പരുങ്ങി.. ചിരി മങ്ങി… പിന്നാലേ നെഞ്ചിൽ കൈവെച്ചു വന്ന മാധവൻ പദ്മയെ തട്ടി നിന്നു.. വിഷ്ണുവും ഹരിയും ഹിമയും.. ആ വരവ് കണ്ട് എല്ലാവരും മുഖത്തോട് മുഖം നോക്കി നിൽക്കുകയാണ്.. ഹിമയുടെ ചുണ്ടിലാണ് ആദ്യം ചിരി പൊട്ടിയത്.. എന്നിട്ട് ആക്കിയുള്ള ഒരു ചിരിയും.. പദ്മയുടെ മുഖം ചുവന്നു.. കവിളിൽ നിന്നും എന്തോ തൊട്ടെടുത്തു ചേച്ചി പൊട്ടു കുത്തും പോലെ കാണിച്ചു… ഒരു ചിരിയോടെ അടുക്കളയിലേക്ക് നടന്നു.. മാധവൻ എങ്ങോട്ടേക്ക് പോകുമെന്ന് വിചാരിച്ചു നിൽക്കുമ്പോൾ ഹിമ “വാതിൽ ദോ അവിടെയാണെന്ന്” കാട്ടി കൊടുത്തു…. ഹിമയും വിഷ്ണുവും പരസ്പരം നോക്കി ചിരിക്കുന്നുണ്ടെങ്കിലും ഹരിയുടെ ചിരിയിൽ നിറയെ നിരാശയായിരുന്നു.. പിന്നെ സ്വയം ആശ്വസിക്കും പോലൊരു ദീർഘശ്വാസവും..

രാത്രിയിൽ നാലാളും തനിച്ചായപ്പോൾ മാധവൻ മിന്നൂട്ടന്റെ രണ്ടു കയ്യിലും വള ഇട്ടുകൊടുത്തു.. എന്നിട്ട് ഹരി ഇട്ട വള ഊരാനും നോക്കുന്നുണ്ട്.. ചിരിയോടെ ആ കയ്യിൽ മെല്ലെ അടിച്ചു പദ്മ..

“അമ്മയെന്താ എനിക്ക് തരിക”.. മിന്നു പദ്മയോട് ചോദിച്ചു..

“ദേ അമ്മേനെ മുഴുവൻ ആയിട്ട് നിനക്ക് തന്നേക്കുവാ.. എടുത്തോ”.. പദ്മ അവൾക്ക് മുന്നിൽ നിന്നു.. മിന്നുവിന്റെ കള്ളനോട്ടം കണ്ടപ്പോൾ അവളെ ചേർത്തു പിടിച്ചു വയറിൽ മുഖം വെപ്പിച്ചു.. “ഇങ്ങനെ തുടങ്ങിയ ബന്ധം ആണ് മാധവേട്ടാ ഞങ്ങൾ തമ്മിൽ.. അറിയോ”.. ഒന്നുകൂടി അവളെ ചേർത്തു പിടിച്ചു.. മാധവൻ രണ്ടാളെയും കൗതുകത്തോടെ നോക്കി…

“അന്നവൾക്കൊരു വൃത്തികെട്ട അച്ഛൻ ഉണ്ടായിരുന്നു.. ഒരു താന്തോന്നി.. അങ്ങേര് എന്നെ കണ്ടപ്പോൾ പറയുവാ കൊച്ചിനെ പിരിയാൻ വിഷമം ആണെങ്കിൽ കൂടെ കഴിഞ്ഞോളാൻ.. എന്നിട്ടൊരു വഷളൻ നോട്ടവും.. ചിരിയും.. അടി കൊടുക്കാൻ കൈ പൊന്തിയതാ.. വൃത്തികെട്ടവൻ. പിന്നെ വേണ്ടെന്ന് കരുതി”.. പദ്മയും മിന്നുവും പൊട്ടി ചിരിച്ചു ..

“എന്നിട്ട്”.. രണ്ടാളെയും കെട്ടിപ്പിടിച് കവിളിൽ മീശ ഉരസി മാധവൻ ആകാംഷയോടെ ചോദിച്ചു..

“എന്നിട്ടെന്താ ഞാൻ നല്ല എട്ടിന്റെ പണി കൊടുത്തു.. അങ്ങേരുടെ ആഗ്രഹം പോലെ അങ്ങ് കൂടെ കൂടി”.. പദ്മ ചിരിയോടെ പറഞ്ഞു..

“അച്ഛന് അങ്ങനെ തന്നെ വേണം.. ഇപ്പോളും പേടിയാ അമ്മേ ഈ അച്ഛന് അമ്മയെ”.. മിന്നു പദ്മയുടെ കഴുത്തിൽ കെട്ടിപ്പിടിച്ചു പറഞ്ഞു.. അവളുടെ ഉണ്ടക്കവിളിൽ മാധവൻ കടിച്ചു വലിച്ചു.. എന്നിട്ട് മെല്ലെ തലോടി.. പദ്മ മിന്നുവിനെ തോളിലിട്ട് ഉറക്കുമ്പോൾ മാധവൻ ആകാശത്തേക്ക് നോക്കി അമ്മയോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. അമ്മയെ ഓർക്കുമ്പോൾ ഇന്നും ആ കണ്ണുകൾ നനയാറുണ്ട്.. ഉറങ്ങിയ മിന്നുവിനെ അപ്പുവിനരികിൽ കിടത്തി രണ്ടാളെയും തലോടി പുതപ്പിച്ചു.. പതിയെ മാധവനരികെ വന്നു നെഞ്ചിൽ ചാരിയിരുന്നു.. മാധവൻ പദ്മയെ പൊതിഞ്ഞു പിടിച്ചു.. എന്നുമിങ്ങനെ മാധവന്റെ ചൂടിലും ശ്വാസത്തിലും ഉറങ്ങി എഴുന്നേൽക്കണം.. ഇതിൽ കൂടുതൽ ഒന്നും ആഗ്രഹിക്കുന്നില്ല.. ചിന്തിച്ചിട്ടുപോലുമില്ല ഇങ്ങനൊരു ജീവിതം.. അച്ഛൻ തനിക്ക് വേണ്ടി നല്ലതു തരുമെന്ന് അറിയാമായിരുന്നു.. പക്ഷേ ഇത്.. ശ്വാസത്തിൽ പോലും അലിഞ്ഞുരുകുന്ന സ്നേഹം.. ആഗ്രഹിച്ചതിലും സ്വപ്നം കണ്ടതിലും ഏറെ ആണ് മാധവൻ ഓരോ ദിവസവും തന്നുകൊണ്ടിരിക്കുന്നത്.. “മാധവാ”.. സ്നേഹത്തോടെ വിളിച്ചു..

“മ്മ്”…

“സ്നേഹം കൂടുന്നു മാധവാ.. നെഞ്ചു പൊട്ടുന്നു.. ഒന്നു വഴക്കിട്ടേ”.. നെഞ്ചിൽ മുഖം അമർത്തി പറഞ്ഞു..

“കൂടട്ടെ.. ഞാൻ സഹിച്ചോളാം.. എന്നാലും നിന്നോടൊന്നു വഴക്കിടാൻ മാത്രം ഈ ആയുസ്സിൽ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല”.. ചെവിയിൽ ചുണ്ടു ചേർത്തു പറഞ്ഞു “ജീവനാ പദ്മാ.. നീ ഇല്ലാതെ ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അത് മക്കൾക്ക് വേണ്ടി ആണെങ്കിൽ കൂടെ.. കള്ളമല്ല പെണ്ണേ .. സത്യമാ”.. മുടിയിൽ വിരൽ കൊരുത്ത് മാധവന്റെ മുഖം തന്റെ കഴുത്തിലേക്ക് മറച്ചു വെപ്പിച്ചു .. മുഖം ചെരിച്ചു കവിളിൽ ഉമ്മ വെച്ചു.. എന്തിനാണ് കണ്ണു നിറഞ്ഞൊഴുകിയതെന്ന് ചോദിച്ചാൽ അറിയില്ല.. അറിഞ്ഞിട്ടും മാധവൻ ന്തേ തുടച്ചു തന്നില്ലെന്നും ചിന്തിച്ചില്ല.. അറിയാം ആ കണ്ണും ഇപ്പോൾ നിറഞ്ഞിട്ടുണ്ടാവുമെന്ന്.. കുറച്ചു നേരം കൂടി അങ്ങനെ മിണ്ടാതെ ഒരേ ശരീരമായി ഇരുന്നു.. പദ്മയുടെ കൈകൾ അയഞ്ഞു തുടങ്ങിയെന്നു തോന്നിയപ്പോൾ അവളെ കൈകളിലെടുത്തു മക്കൾക്കൊപ്പം കിടത്തി.. ഡോറടച്ചു തിരികെ വന്നു കുറച്ചു നേരം മൂന്നാളെയും നോക്കി നിന്നു.. അത്രയും മനോഹരമായ കാഴ്ചയായിരുന്നു മാധവന് അത്.. തനിക്കു മാത്രം സ്വന്തമായ മൂന്നുപേർ.. തന്റെ പേരും ഹൃദയവും കൂടെ ചേർത്തവർ.. അത്രയും വിഷമം അനുഭവിച്ച തനിക്ക് അമ്മ കൊണ്ടുതന്ന മനോഹരമായ സമ്മാനം..

കുറച്ചു നേരമായിട്ടും തനിക്കരികിലേക്ക് എത്താത്ത ചൂടിനെ തേടി പദ്മ.. മക്കളെയും തന്നെയും നോക്കി നിൽക്കുന്നവനെ രണ്ടുകയ്യും നീട്ടി വിളിച്ചു.. ആ കൈകളിലേക്ക് ചേർന്നു നെഞ്ചിലേക്ക് മുഖം ചേർത്തു വെച്ചു കിടന്നു.. അമ്മയുടെ നെഞ്ചിൽ കിടന്ന അതേ സുഖം.. അതേ മണം.. നെറുകയിൽ ചേരുന്ന ചുംബനത്തിന് പോലും അതേ അനുഭൂതി.. ഇവൾക്കും എന്റെ അമ്മയുടെ അതേ കണ്ണുകളാണ്.. തന്നെ നോക്കുമ്പോൾ നിറയെ സ്നേഹം മാത്രമാണ്.. ഈ സ്നേഹത്തിനുമപ്പുറം വേറെ സമ്പത്തും സുഖസൗകര്യങ്ങളും ഒന്നും തനിക്ക് വേണ്ടാ.. ദൈവമേ…. മനസ്സിൽ വിളിച്ചു.. ആ വിളി സ്നേഹത്തോടെയുള്ള താക്കീതായിരുന്നു ദൈവത്തിന്.. പിരിക്കല്ലേ ഇനിയും തങ്ങില്ല ന്ന്..

പദ്മയുടെ കൈകൾ മൂന്നാൾക്ക് മേലെയും അപ്പോഴും സ്നേഹത്തോടെ തലോടുന്നുണ്ടായിരുന്നു………. മൂന്നു പ്രാണനെയും അത്രയും സ്നേഹത്തോടെ ചേർത്തു പിടിച്ച്….

♥️♥️♥️പദ്മയുടെ കരുതലിലും സ്നേഹത്തിലും മാധവൻ പലതും നേടിയെടുക്കട്ടെ.. സ്നേഹിച്ചു സ്നേഹിച്ച് അങ്ങനെ അങ്ങനെ… പദ്മയിൽ തുടങ്ങി മാധവനിൽ അവസാനിപ്പിക്കുകയാണ്♥️♥️

Leave a Reply