രചന – രോഹിണി ആമി
തനിക്ക് കാവലായി കിടന്നുറങ്ങുന്ന പദ്മയെയും മാധവനെയും കണ്ടാണ് ഹിമ എഴുന്നേൽക്കുന്നത്.. പദ്മ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ട്.. ഇനിയും തനിയെ എഴുന്നേറ്റു പോയാലോ എന്നു ഭയന്നാവും.. ഹിമ എഴുന്നേൽക്കാൻ നോക്കിയപ്പോഴേ മാധവൻ കണ്ണു തുറന്നു.. തന്നെ ശ്രദ്ധിക്കും മുന്നേ പദ്മയെ വിളിച്ചു എഴുന്നേൽപ്പിച്ചു.. നല്ല ഉറക്കക്ഷീണം ഉണ്ട് രണ്ടാളുടെയും മുഖത്ത്.. ഫ്രഷ് ആകാനുള്ളതെല്ലാം ഹിമയുടെ കയ്യിൽ പിടിപ്പിച്ചു കൊടുത്തു പദ്മ.. തിരിച്ചിറങ്ങിയപ്പോൾ പദ്മ മിന്നുവിനോട് സംസാരിക്കുകയായിരുന്നു.. അവളുടെ മുഖത്ത് പൂനിലാവ് ഉദിച്ചത് പോലെയാണ് ആ കൊച്ചിനോട് സംസാരിക്കുമ്പോൾ.. അതിനിടയിൽ ഹിമയ്ക്ക് ചായയും ബിസ്ക്കറ്റും കൊടുത്തു.. ഭക്ഷണം തീറ്റിക്കുമ്പോൾ ഇവളെന്റെ അമ്മയാണോഎന്ന് തോന്നിപ്പോകും..
രാവിലെ തന്നെ ഡിസ്ചാർജ് ആയി.. ഡോക്ടർ കുറച്ചു ക്ലാസ്സ് ഒക്കെ ചേച്ചിക്ക് കൊടുക്കുന്നുണ്ട്.. എല്ലാം തല കുലുക്കി കേൾക്കുന്നുണ്ട്.. കഴുത്തിൽ വേദന ഉള്ളത് നന്നായി.. ഇല്ലെങ്കിൽ ഇത് കേൾക്കാൻ അവൾ നിന്നു കൊടുക്കുമായിരുന്നോ എന്ന് വരെ സംശയമാണ്.. മാധവൻ ഡ്രൈവ് ചെയ്യുമ്പോഴും തന്റെ കൂടെയിരുന്നു വർത്തമാനം പറയുന്ന പദ്മയിലേക്കാണ് ശ്രദ്ധ.. ഇയാൾക്ക് അവളെ നോക്കി നോക്കി മടുക്കില്ലേ.. എന്തോ പുതിയത് കാണും പോലെയാ ഓരോ നോട്ടവും.. വീടെത്തിയപ്പോഴേക്കും അതുലേട്ടൻ ഇറങ്ങി വന്നു.. മുഖത്തു നോക്കാൻ ഒരു ബുദ്ധിമുട്ട് തോന്നി ഹിമയ്ക്ക് .. പക്ഷേ ഒന്നും സംഭവിക്കാത്തത് പോലെയാണ് ഏട്ടൻ പെരുമാറുന്നത്.. അച്ഛന്റെയും അമ്മയുടെയും മുഖത്തു വിഷമം ഉണ്ടെങ്കിലും പുറമേ കാണിക്കുന്നില്ല.. ഏട്ടൻ തന്റെ കയ്യിൽ പിടിച്ചു ഒന്ന് ഞെക്കി, അതിലുണ്ടായിരുന്നു ഒരു വഴക്ക് പറച്ചിൽ.. പദ്മയെ ഏട്ടൻ കെട്ടിപ്പിടിച്ചു.. അത് അങ്ങനെയാണ് പണ്ടു മുതലേ.. അവളാണ് ഏട്ടന്റെ കണ്ണിലുണ്ണി.. അത് നോക്കി നിന്നപ്പോൾ അമ്മ കയ്യിൽ പിടിച്ചു അകത്തേക്ക് കൂട്ടി..ഹിമ പോയീന്നു അറിഞ്ഞപ്പോൾ പദ്മ അതുലിനോട് പറഞ്ഞു.. “അതുലേട്ടാ.. ഇത് ആരും അറിയണ്ട.. മുത്തശ്ശിയോടു പോലും പറയേണ്ട.. ചിലപ്പോൾ താങ്ങാൻ പറ്റില്ല”..
“എനിക്ക് മനസ്സിലായി പെണ്ണേ”.. അവളുടെ തലയിൽ കൊട്ടി പറഞ്ഞു.. “ടാ ഞാൻ പോകുവാ.. എന്തുണ്ടേലും വിളിക്ക്.. നീ വിളിച്ചപ്പോൾ അമ്മയോട് ഓടി വരാം എന്നും പറഞ്ഞു പോന്നതാ.. ഞാൻ നാട്ടിൽ ഉണ്ടായിരുന്നതുകൊണ്ട് നന്നായി.. അവളോട് ഒന്ന് സംസാരിച്ചു എന്താ പറ്റിയതെന്ന് അറിയണം”.. പദ്മയോടും മാധവനോടും പറഞ്ഞിട്ട് മറുപടിക്ക് കാത്തു നിൽക്കാതെ ബൈക്ക് എടുത്തു പോയി.. അതുൽ കണ്ണിൽ നിന്നും മറഞ്ഞപ്പോൾ രണ്ടാളും അകത്തേക്ക് കയറി..
അമ്മ ഹിമയ്‌ക്കൊപ്പം മുറിയിൽ ഉണ്ടായിരുന്നു.. ചേച്ചിക്ക് അമ്മയെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് ആ മുഖം പറയുന്നുണ്ട്.. അത് മനസ്സിലാക്കി പദ്മ അമ്മയോട് പറഞ്ഞു..”അമ്മ അവൾക്ക് കാവൽ ഇരിക്കേണ്ട.. ഇങ്ങു പോരേ.. ഇനിയൊരു ബുദ്ധിമോശം അവൾ കാണിക്കില്ല.. അല്ലേടി ചേച്ചീ”.. ഹിമ ഒന്നും മിണ്ടിയില്ല.. അമ്മയുടെ കയ്യിൽ പിടിച്ചു പദ്മ വെളിയിലേക്ക് കൂട്ടി.. അമ്മ കരഞ്ഞു തുടങ്ങിയിരുന്നു അപ്പോഴേക്കും.. പദ്മ ചേർത്തു പിടിച്ചു.. “ഇങ്ങനെ വിഷമിക്കല്ലേ അമ്മേ.. ദൈവം സഹായിച്ചു ഒന്നും സംഭവിച്ചില്ലല്ലോ.. ഇനി അവൾ അങ്ങനെ ഒന്നും ചിന്തിക്കില്ല.. എനിക്കുറപ്പുണ്ട്.. എന്തായാലും അവൾക്ക് കുറച്ചു സമയം കൊടുക്കാം.. നമ്മളോട് അവൾ പറയും എല്ലാം.. നമ്മൾ അല്ലാതെ വേറാരാ അവൾക്ക് “.. അമ്മ തലയാട്ടി സമ്മതിച്ചു കണ്ണു തുടച്ചു..
“എന്റെ കുഞ്ഞ് പോകാൻ നേരം എന്തു പറഞ്ഞു അമ്മേ.. ബുദ്ധിമുട്ടിച്ചോ അമ്മയെ”.. പദ്മ വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു..
“എല്ലാം തനിച്ചാ അവൾ ചെയ്തേ.. കുളിച്ചതും ഒരുങ്ങിയതും എല്ലാം.. ഞാൻ ചോറ് ഉണ്ടാക്കുമ്പോഴേക്കും അച്ഛൻ യൂണിഫോം തേച്ചു കൊടുത്തു.. അച്ഛനൊപ്പം ഇറങ്ങിയപ്പോഴും മുഖത്ത് വല്യ തെളിച്ചം ഇല്ലായിരുന്നു.. ആ കുഞ്ഞിന് നീ എത്രമാത്രം പ്രധാനമാണെന്ന് ഇന്നലെ കൊണ്ടു മനസ്സിലായി.. നീ ഇല്ലാതെ അവൾക്ക് ഒന്നിനും ഒരു പൂർണത ഇല്ല മോളേ.. എപ്പോഴും വായിൽ അമ്മ മാത്രമാ.. അപ്പന്റെ അതേ സ്വഭാവം തന്നാ.. എന്തിനും ഏതിനും പദ്മ”.. അമ്മ മാധവനെ നോക്കി പറഞ്ഞു.. ചെറിയൊരു നാണത്തിൽ മാധവൻ മുഖം കുനിച്ചു.. പദ്മ അഭിമാനത്തോടെ ഒന്നു ചിരിച്ചു..
ഒന്ന് കുളിച്ചു കുറച്ചു നേരം മയങ്ങീട്ട് വരാമെന്ന് അമ്മയോട് പറഞ്ഞു വീട്ടിലേക്ക് പോന്നു.. ദീപു ഉണ്ടായിരുന്നു പശുവിന്റെ അടുത്ത്.. ചെറുതായിട്ട് ഒന്ന് വിശേഷം പറഞ്ഞിട്ട് ഫ്രഷ് ആവാൻ പോയി.. വീട്ടിലേക്ക് പോകാൻ തുടങ്ങിയ പദ്മയെ നിർബന്ധിപ്പിച്ചു പിടിച്ചു കിടത്തി.. ഹിമയെ അമ്മ നോക്കിക്കോളും ഇപ്പോൾ ഉറങ്ങാൻ പറഞ്ഞു.. ശാസിക്കുമ്പോൾ മാധവനെ കാണാൻ നല്ല ഭംഗിയാ.. ചിരി ഒന്നുമില്ലാതെ കുറച്ചു ഗൗരവത്തിൽ.. പദ്മ കൈ രണ്ടും നീട്ടി മാധവനെ ക്ഷണിച്ചു.. കേൾക്കാൻ കാത്തിരിക്കും പോലെ പദ്മയുടെ നെഞ്ചിലൊട്ടി.. തനിക്കുള്ളതിലും ഉറക്കക്ഷീണം മാധവന് ഉണ്ടാവുമെന്ന് അറിയാം.. ഞാൻ ഉറങ്ങിയിട്ടും ഇടയ്ക്കിടെ ആള് ചേച്ചിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. മുടിയിലൂടെ വിരലോടിക്കുമ്പോഴേക്കും ആള് മയങ്ങി.. ഉച്ചക്ക് അമ്മ വന്നു വിളിച്ചപ്പോഴാണ് ഒന്ന് കണ്ണു തുറന്നത്.. തന്നെ പുതപ്പിച്ചു അടുത്തൊരു പില്ലോ ഒക്കെ വെച്ചിട്ട് മാധവൻ മുന്നേ പോയിരുന്നു.. ഊണൊക്കെ കഴിഞ്ഞു എന്റെ കുഞ്ഞിനു വേണ്ടി ഒരു കാത്തിരിപ്പായിരുന്നു.. ഓട്ടോയിൽ നിന്നും ചാടിയിറങ്ങി വന്നു തോളിൽ കയറി.. ഒരുപാട് നാളുകൾ കഴിഞ്ഞു തമ്മിൽ കാണും പോലെ.. അങ്ങോട്ടും ഇങ്ങോട്ടും നിറയെ ഉമ്മകൾ കൈമാറി.. സ്കൂളിലെ വിശേഷങ്ങൾ പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല.. അച്ഛനും അമ്മയും ചിരിയോടെ കണ്ടുകൊണ്ടിരിക്കുകയാണ് ആ കാഴ്ച്ച.. കൂടെ ഹിമയും.. മാധവന് മാത്രം ഇതൊരു കാഴ്ചയേ അല്ല.. ഇതിനപ്പുറമാണ് രണ്ടും കൂടി ആ വീട്ടിൽ ദിവസവും കിടന്നു കാണിക്കുന്നത്..
രാത്രിയിൽ ഹിമയ്‌ക്കൊപ്പം പോയി കിടന്നോളാൻ മാധവൻ പറഞ്ഞു.. കേട്ടാൽ അറിയാം മനസ്സോടെയല്ലന്ന്.. ഇനിയും അശ്രദ്ധ കാരണം ഒന്നും സംഭവിക്കാൻ പാടില്ലെന്ന് തോന്നി. അതുകൊണ്ട് മാത്രം.. മിന്നുവിനെ ഉറക്കി കിടത്തിയിട്ട് മാധവന്റെ കവിളിൽ അമർത്തിയൊരു ഉമ്മ വെച്ച് തിരിഞ്ഞതും കയ്യിൽ പിടിച്ചു മടിയിലേക്കിരുത്തി.. കഴുത്തിലേക്ക് മുഖം വെച്ച് ചേർത്തിരുത്തി ചോദിച്ചു.. “എത്ര ദിവസം കാവലിരിക്കും ഇങ്ങനെ”..
പദ്മയ്ക്ക് മറുപടി ഉണ്ടായിരുന്നില്ല.. മാധവന്റെ ചൂടിൽ ഈ കൈകളിൽ ഉറങ്ങി എഴുന്നേൽക്കാനാണ് തനിക്കും ഇഷ്ടമെന്ന് മാധവനും ശരിക്കറിയാം.. കുറച്ചു സമയത്തേക്ക് പോലും വേർപാട് ഒരു ബുദ്ധിമുട്ട് ആണ്.. അതുകൊണ്ടാണ് പദ്മ ഇല്ലാത്ത പകൽ ഒക്കെയും വിശ്രമം ഇല്ലാതെ ഓരോരോ പണികളും ചെയ്യുന്നത്.. പകലൊക്കെ വീട്ടുകാർക്കും മിന്നുവിനും ഒക്കെയും പകുത്തു പോകുന്ന സ്നേഹം മാധവന് മാത്രം സ്വന്തമായിട്ട് കിട്ടുന്നത് രാത്രിയിൽ മാത്രമാണ്.. പരാതിയൊന്നും ഇല്ല.. ആ ഒരു രാത്രി മതി പദ്മയ്ക്ക് പകൽ കൊടുക്കാതിരുന്ന സ്നേഹം കൂടി മാധവന് കൊടുക്കാൻ.. അവളെ എഴുന്നേൽപ്പിച്ചു പൊക്കോളാൻ പറഞ്ഞു.. പോകാതെ തന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്നവളെ നിർബന്ധിച്ചു പറഞ്ഞയച്ചു..
വീട്ടിലെത്തിയിട്ടും കണ്ണ് പോയത് ലൈറ്റ് ഇനിയും കെടാതെ നിൽക്കുന്ന മാധവന്റെ മുറിയിലേക്കായിരുന്നു.. ഹിമയും കാണുന്നുണ്ടായിരുന്നു തനിക്കൊപ്പം കിടക്കുമ്പോഴും ഇടയ്ക്കിടെ എഴുന്നേറ്റു പോയി ജനാലയ്ക്കരികിൽ നോക്കുന്ന പദ്മയെ.. കൂടെ കിടക്കാൻ വന്നപ്പോൾ പൊക്കോളാൻ പറയാൻ തോന്നിയില്ല.. ഇന്നലെ ഒരുദിവസം കൊണ്ട് മനസ്സിലായതാണ് മാധവൻ പദ്മ ഇല്ലാതെ തനിച്ചു നിൽക്കില്ല എന്നുള്ള സത്യം.. പക്ഷേ അവളുടെ സാന്നിധ്യം താനിപ്പോൾ ആഗ്രഹിക്കുന്നുണ്ട്.. അമ്മയേക്കാളേറെ.. എത്ര ഓടിച്ചു വിട്ടാലും അവൾ തനിക്കരികിലേക്ക് പണ്ടത്തെക്കാൾ സ്നേഹത്തോടെ തിരിച്ചു വരാറുണ്ട്.. അന്ന് മുതൽ ഇന്ന് വരെ.. അഹങ്കാരം മാറ്റി വെച്ചു ചിന്തിച്ചപ്പോൾ പദ്മ എന്നൊരു സഹോദരിയെ മനസ്സിലാക്കാൻ ഇപ്പോൾ സാധിക്കുന്നുണ്ട്.. ചെയ്ത തെറ്റുകൾ ഒക്കെയും മുന്നിൽ തെളിഞ്ഞു വരുന്നുണ്ട്.. ചിലതൊന്നും ആർക്കും ക്ഷമിക്കാൻ സാധിക്കാത്തത്.. എങ്കിലും ഇവൾ മാത്രം പൊറുത്തു വീണ്ടും തനിക്കരികിൽ വരും.. ഇവൾ തന്നിരുന്ന ഓരോ ഉമ്മയിലെയും സ്നേഹം ഇപ്പോൾ മനസ്സിലാകുന്നുണ്ട്.. അതൊന്നു മനസ്സിലാക്കാൻ ആരും ഇല്ലാതെ ആകേണ്ടി വന്നു തനിക്ക്.. തിരിച്ചറിവ് വന്നപ്പോഴേക്കും കൂടെ നിൽക്കാൻ ആരുമില്ലാതായിപ്പോയി.. വയറിൽ കെട്ടിപ്പിടിച്ചു തന്നിലേക്കൊട്ടി കിടക്കുന്നവളറിയാതെ കണ്ണു തുടച്ചു അവളുടെ കയ്യിൽ തലോടി കിടന്നു..
ഹിമ ഉറങ്ങിയോന്നറിയാൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി.. പിന്നൊന്നു തോണ്ടി നോക്കി.. നല്ല ഉറക്കമാണ്.. മെല്ലെ എഴുന്നേറ്റു വെളിയിലേക്കിറങ്ങി ഫ്രണ്ട്ഡോർ തുറക്കാൻ ആഞ്ഞതും പിന്നിൽ നിന്നും പൊക്കിയെടുത്തു നടന്നിരുന്നു പദ്മയുടെ മുറിയിലേക്ക് .. അതാരാണെന്ന് മനസ്സിലായതും ആ ഇരുട്ടിൽ കവിളിൽ പിച്ചിപ്പറിച്ചു.. ബെഡിൽ മിന്നു സുഖമായുറങ്ങുന്നുണ്ട്.. “അവിടെ തനിച്ചു കിടക്കാൻ പറ്റുന്നില്ല.. ഇവിടെ ഒരു ഭിത്തിക്കപ്പുറം നീയില്ലേ.. എനിക്കറിയാമായിരുന്നു ഹിമ ഉറങ്ങിയതിനു ശേഷം തേടി വരുമെന്ന്.. കാത്തിരിക്കുകയായിരുന്നു ഞാൻ.. കുറച്ചേ ഉള്ളൂവെങ്കിലും തനിച്ച് ആ ഇരുട്ടിൽ അങ്ങോട്ടേക്ക് പോകാൻ പേടിയില്ലേ പെണ്ണേ നിനക്ക്”..
“അയ്യടാ.. ഈ മാധവൻ ഉള്ളപ്പോഴോ.. മനുഷ്യൻ ആണെങ്കിലും മൃഗം ആണെങ്കിലും മാറി നിൽക്കില്ലേ.. പദ്മയെ തൊടാൻ ഈ മാധവൻ സമ്മതിക്കുമോ”.. പദ്മ ചേർന്നു നിന്നു പറഞ്ഞു.. ആ കണ്ണുകളിലേക്ക് അധികനേരം നോക്കി നിൽക്കാനാവില്ല മാധവന്.. ആ നോട്ടം കണ്ടപ്പോഴേ പദ്മയുടെ മുഖത്തു നാണം വിരിഞ്ഞു.. പദ്മയെന്ന ഭ്രാന്തിലേക്ക് മെല്ലെ അലിഞ്ഞു ചേരാൻ തുടങ്ങി മാധവൻ..മാധവന് സ്നേഹം കൂടുമ്പോൾ വാക്കുകൾ ഒന്നും അതിന് പകരമാവില്ലെന്നറിയുമ്പോൾ പദ്മയെ അതറിയിക്കുന്നത് ഈ ഭ്രാന്തിലൂടെയാണ്.. എന്റെയാണ് എന്റെ മാത്രമാണെന്ന് പറയുന്ന ഒരുതരം വിഭ്രാന്തി.. ആ ഭ്രാന്തിനുള്ള മരുന്നാവാൻ തനിക്കു മാത്രമേ സാധിക്കൂ എന്ന് പദ്മയ്ക്കുമറിയാം.. തളരാതെ ക്ഷമയോടെ മാധവന്റെ സ്നേഹം മുഴുവൻ ഏറ്റുവാങ്ങി.. നെഞ്ചിൽ ഉറങ്ങുന്നവനെ മെല്ലെ തലോടി ആ കയ്യെടുത്തു തന്റെ കവിളിൽ വെച്ചു.. നെറ്റിയിൽ മെല്ലെയൊരുമ്മ കൊടുത്തു.. മുടിയൊതുക്കി വെച്ചു കുറച്ചു നേരം നോക്കിക്കിടന്നു.. പില്ലോയിലേക്ക് മെല്ലെ മുഖം മാറ്റിവെച്ചു ഉണർത്താതെ എഴുന്നേറ്റു.. ഒന്നു ഫ്രഷ് ആയി ആ മുഖത്ത് ഒന്നുകൂടി ചുണ്ടു മുട്ടിച്ചിട്ട് ചേച്ചിയുടെ മുറിയിലേക്ക് പോയി.. ചേച്ചിക്കൊപ്പം കിടക്കുമ്പോഴും മനസ്സിൽ നിന്നു മാധവനെ മാറ്റാൻ കഴിഞ്ഞില്ല.. ചെറിയൊരു ചിരിയോടെ ചേച്ചിയെ കെട്ടിപ്പിടിച്ചു കിടന്നു..
തന്റെ സാരിയും കെട്ടിപ്പിടിച്ചു കിടക്കുന്നവന്റെ മുഖത്തേക്ക് പദ്മ കയ്യിലെ വെള്ളം കുടഞ്ഞു… കണ്ണു ചിമ്മി തുറന്നവനോട് അമ്പലത്തിൽ പോകാൻ എഴുന്നേൽക്കാൻ പറഞ്ഞു.. ആ കുഞ്ഞിപ്പെണ്ണിനേയും എഴുന്നേൽപ്പിച്ചു.. ചുറ്റിനും നോക്കുന്നുണ്ട് ഇന്നലെ കിടന്നത് ഇവിടെയല്ലല്ലോ എന്ന രീതിയിൽ.. അപ്പനെപ്പോലെ തന്നെ പദ്മയെ കണ്ടപ്പോൾ ആ മുഖത്ത് നിലാവുദിച്ചു.. കയ്യും പൊക്കിപ്പിടിച്ചു കിടക്കുന്നുണ്ട് എടുക്കാൻ..
ഹിമ ചായ കുടിച്ചുകൊണ്ട് ഇരുന്നപ്പോഴാണ് പദ്മ റെഡിയായി അങ്ങോട്ടേക്ക് വന്നത്.. എവിടെയോ പോകുവാണെന്ന് മനസ്സിലായി.. നോക്കിയിരുന്ന ഹിമയോട് വെറുതെ ചോദിച്ചു “അമ്പലത്തിൽ വരുന്നോ” എന്ന്.. ഉവ്വെന്ന് തലയാട്ടിയപ്പോൾ അവളത് പ്രതീക്ഷിച്ചിരുന്നില്ല എന്നു തോന്നി.. ഹിമയെയും കാത്തു ഓട്ടോയിൽ ഇരുന്ന മൂന്നാളുടെയും അടുത്തേക്ക് വരുന്നവളെ കണ്ടു ഒന്ന് ഞെട്ടി.. പദ്മയുടെ മുഖമൊന്നു തെളിഞ്ഞു.. പക്ഷേ മാധവന്റെ മുഖം ഇരുണ്ടു.. മിന്നു ഹിമയെയും പദ്മയെയും മാറി മാറി നോക്കുന്നുണ്ട്..
പദ്മയുടെ അതേ രീതിയിൽ സാരിയും ഉടുത്തു, കണ്ണെഴുതി, മുഖത്ത് എടുത്തു കാണും വിധത്തിലുള്ള ഒരു കറുത്ത പൊട്ടും.. ഷേപ്പ് മാത്രേ മാറിയിട്ടുള്ളൂ ബാക്കി എല്ലാം പദ്മയുടെ അതേരീതി.. പദ്മയുടെ മുഖത്ത് സന്തോഷം മാത്രമാണ്.. ഇങ്ങനെ ചേച്ചിയെ കണ്ടതിൽ.. പക്ഷേ എന്തോ…. മാധവന് ഇഷ്ടപ്പെട്ടില്ല.. തീരെ ഇഷ്ടപ്പെട്ടില്ല… കടുകു വലിപ്പത്തിലെ പൊട്ടിൽ നിന്നും കുന്നിക്കുരു വലിപ്പത്തിലുള്ള കറുത്ത പൊട്ടിലേക്ക് അവളെ മാറ്റിയത് താനാണ്.. ആ മുഖത്തേക്ക് നോക്കുമ്പോഴേ കാണുന്നത് ആ പൊട്ടും കണ്ണുകളുമാണ്.. ആ മൂന്നു കറുപ്പിന് താഴെ നീണ്ട മൂക്കും ചുവന്ന ചുണ്ടും.. കഴിവുണ്ടായിരുന്നെങ്കിൽ എന്റെ കണ്ണിലൂടെ കാണുന്ന അവളുടെ സൗന്ദര്യം ഞാൻ വർണ്ണിച്ചെഴുതിയേനെ. തന്റെ മാത്രം സ്വത്ത്.. അതിനെ അനുകരിക്കുന്നത്…. എന്തോ മനസ്സിന് ഇഷ്ടമാവുന്നില്ല.. കണ്ണാടിയിൽ കൂടി തന്റെ മുഖത്തെ അസ്വസ്ഥത കണ്ട് പിരികം അനക്കി എന്താന്ന് ചോദിക്കുന്നവളോട് ചുണ്ട് കൊണ്ട് ഒരുമ്മ കൊടുത്തു.. നോക്കിപ്പേടിപ്പിച്ചു അമ്പലത്തിലേക്കാണ് യാത്രയെന്ന് കണ്ണുകൊണ്ട് കാണിച്ചു.. അപ്പോഴും ആ പൊട്ടിലായിരുന്നു തന്റെ ശ്രദ്ധ.. ആർക്കുവേണ്ടിയാകും ഹിമയുടെ ഈ മാറ്റം.. അതും പദ്മയാകാനുള്ള ശ്രമം.. ആരു പറഞ്ഞിട്ട്… മാധവൻ വീണ്ടും വീണ്ടും ആസ്വസ്ഥനായി..
സാധാരണ അമ്പലത്തിൽ വന്നാൽ മനസ്സ് വളരെ ശാന്തമാകുന്നതാണ്.. പക്ഷേ ഇന്ന് ഒരു വല്ലായ്മ.. ചിന്തിച്ചിരിക്കുന്നവന്റെ നെറ്റിയിൽ തണുപ്പ് പടർന്നു.. പദ്മ ചന്ദനം തൊട്ടതാണ്.. വായിലേക്ക് അവലും പഴവും തിരുകി .. ഇലച്ചീന്തിലെ സിന്ദൂരം എടുത്തു നെറ്റിയിൽ കുറച്ചു നീളത്തിൽ തൊട്ടു കൊടുത്തു മാധവൻ.. ഷേപ്പ് ഒന്ന് മാറാൻ.. അല്ല പിന്നേ.. പദ്മയ്ക്ക് ഒപ്പം പദ്മ മാത്രം മതി.. പദ്മ ചിരിയോടെ മാധവന്റെ മുഖം നോക്കിക്കാണുകയാണ്.. ഹിമ അടുത്തു വന്നപ്പോൾ പദ്മ ചേച്ചിക്കും സിന്ദൂരം തൊട്ടു കൊടുത്തു നെറുകയിൽ .. മാധവന് സ്വയം തലയ്ക്കടിക്കാൻ ഒന്ന് തോന്നി.. ഈ പൊട്ടിപ്പെണ്ണിനെക്കൊണ്ട് തോറ്റു ഞാൻ.. ഇവൾക്ക് ഒന്നും മനസ്സിലാവില്ല,സ്നേഹം കൊണ്ട് കണ്ണുമൂടികിടക്കുവാ.. എന്റെ അമ്മേ എനിക്കാകെയുള്ളൊരു സമ്പത്താ.. തട്ടിയെടുക്കല്ലേ ന്ന് ഒന്നുകൂടി കോവിലിനു ഉള്ളിലേക്ക് നോക്കി പ്രാർത്ഥിച്ച് ഇറങ്ങി.. ചെറുതാണെങ്കിൽ ഇതൊന്നും ശ്രദ്ധിക്കാതെ അവലും പഴവും തിന്നുന്ന ധൃതിയിൽ ആണ്..
“ചേച്ചിക്ക് നല്ല മാറ്റം ഉണ്ട് അല്ലെ മാധവേട്ടാ”.. വീട്ടിലേക്ക് കയറിപ്പോകുന്ന ഹിമയെ നോക്കി പദ്മ ചോദിച്ചു.. മാധവൻ ഒന്നും മിണ്ടിയില്ല.. മിന്നു അമ്മമ്മയ്‌ക്കരികിലേക്ക് പോയിട്ടുണ്ട് പാല് കുടിക്കാൻ.. പദ്മ ദീപുവിനും ചന്ദനം തൊട്ടു കൊടുത്തു.. അവൻ വളരെ ബഹുമാനത്തോടെയും സ്നേഹത്തോടെയും ഒരു ചിരി തിരിച്ചു കൊടുത്തു.. പദ്മയെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് മുറിയിൽ കയറി കതകടച്ചു.. സാരിയിൽ പിടിച്ചു അഴിക്കാൻ നോക്കി .. പദ്മ ആകെ ഞെട്ടി മാധവന്റെ കയ്യിൽ കടന്നു പിടിച്ചു നിൽക്കുവാണ്.. പിന്നീടാണ് മാധവനും ബോധം വന്നത്.. പിടി വിട്ടിട്ട് കയ്യിലൊരു ചുരിദാർ എടുത്തു പിടിപ്പിച്ചു.. “ഇതിട്ടാൽ മതി.. ഇനി സാരി വേണ്ടാ”.. ഒരുമാതിരി കുഞ്ഞുകുട്ടികൾ പറയും പോലെ.. ഷർട്ട് മാറുന്നവനെ മുന്നിലേക്ക് പിടിച്ചു നിർത്തി..
“സത്യം പറഞ്ഞോ മാധവാ.. ഞാൻ കുറേ നേരമായി ശ്രദ്ധിക്കുന്നു ഒരിക്കലും ഇല്ലാത്ത വെപ്രാളവും രീതിയും.. എന്തു പറ്റി”.. മാധവൻ ഒന്നും മിണ്ടിയില്ല.. അവളെ നോക്കാനും പോയില്ല.. “സാരിയിൽ എന്നെ കാണാൻ ഇഷ്ടപ്പെടുന്ന ആൾക്ക് ഇതെന്താ പറ്റിയെ..എന്തോ ഉണ്ട്.. പറയ്”..മുഖം തന്റെ നേരെ അടുപ്പിച്ചു ചോദിച്ചു..
അവളെ ചേർത്തു പിടിച്ചു മുഖം നെഞ്ചിൽ വെപ്പിച്ചു.. “നിനക്കൊന്നും മനസ്സിലാവുന്നില്ലേ ഹിമയുടെ മാറ്റം”..
“അതല്ലേ ഞാനും പറഞ്ഞത് നല്ല മാറ്റം ഉണ്ടെന്ന്”.. പദ്മ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു..
“ഹിമ എന്തിനാണ് പദ്മ ആവാൻ ശ്രമിക്കുന്നത്.. എല്ലാം നിന്നെപ്പോലെ, സാരിയും ഒരുക്കവും എല്ലാം.. ആർക്ക് വേണ്ടിയാ ഇതൊക്കെ”.. മാധവൻ പറയുന്നത് പൂർണ്ണമായും പദ്മയ്ക്ക് മനസ്സിലായില്ല.. പക്ഷേ എന്തൊക്കെയോ തിരിച്ചറിഞ്ഞത് പോലെ..
“എനിക്ക് ഇഷ്ടമാകുന്നില്ല ഒന്നും.. ഹിമയോട് എനിക്ക് അങ്ങനെ ചെയ്യരുത് എന്ന് പറയാൻ ഒരു അവകാശവുമില്ല.. പിന്നെ നിന്നോടേ പറ്റൂ.. വല്ലാതെ മനസ്സ് ആസ്വസ്ഥമാകുന്നു.. എനിക്ക് ഇഷ്ടമല്ല.. എന്റെ പെണ്ണിനെപ്പോലെ ആവാൻ ആരും ശ്രമിക്കുകയും വേണ്ടാ”.. മാധവൻ പദ്മയെ നോക്കാതെ മാറി.. മാറി നിൽക്കുന്നവനെ നോക്കിയിട്ട് ഒന്നും പറയാതെ പോയി സാരി മാറ്റി ചുരിദാർ ഇട്ടു വന്നു .. നെറ്റിയിലെ കറുത്ത വട്ടപ്പൊട്ട് മാറ്റി.. മാധവന്റെ അടുത്തേക്ക് വന്നു രണ്ടുകയ്യും ആ മുഖത്തു വെച്ചു പറഞ്ഞു.. “പദ്മയെ ആരും അനുകരിച്ചോട്ടെ പ്രശ്നമില്ല.. മാധവന്റെ മാത്രം പദ്മ ആവാൻ എന്നെക്കൊണ്ടല്ലാതെ വേറെയാർക്കും കഴിയില്ല.. മുഖമൊന്നു മാറ്റിയാലോ ഡ്രസ്സ് മാറ്റിയാലോ പദ്മ ആവുമോ.. മനസ്സ് അസ്വസ്ഥമാവാൻ മാത്രം അതിലൊന്നുമില്ല മാധവേട്ടാ” .. മാധവനെ ആശ്വസിപ്പിച്ചു.. പദ്മയുടെ മുഖത്തേക്ക് നോക്കി വീണ്ടും ആ കറുത്തപൊട്ട് കുത്തിക്കൊടുത്തു..
“ഇങ്ങനെ കാണാനാ എനിക്കിഷ്ടം.. വേറെ ആർക്കു വേണ്ടിയും നീ മാറുന്നത് ഇഷ്ടമല്ല.. നിന്റെ കാര്യത്തിൽ ചിലപ്പോളൊക്കെ വളരെ സ്വാർത്ഥനാകും.. അതാണ് ഞാൻ പെട്ടെന്ന് ………… പോട്ടെ സാരമില്ല..” പദ്മയുടെ കവിളിൽ തലോടി പറഞ്ഞു..
“മ്മ്.. സാരിയിലെ പിടുത്തം ഒക്കെ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഇപ്പോ കൃഷ്ണനെ ഒക്കെ വിളിക്കേണ്ടി വരുമെന്ന്”.. പദ്മയുടെ ചിരി പക്ഷേ മാധവന്റെ ചുണ്ട് വരെ എത്തിയില്ല.. പദ്മയ്ക്ക് മാധവന്റെ വിഷമം മനസ്സിലായി.. ചേച്ചി തന്നെ അനുകരിക്കുന്നതിന്റെ കാര്യവും നന്നായി ആൾക്ക് അറിയാം.. മുന്നേ തന്നോട് പറഞ്ഞതുമാണ് ആ കാരണം.. വിഷ്ണു…
ചേച്ചിയുടെ ഈ മാറ്റം അച്ഛനും അമ്മയ്ക്കും പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റുന്നുണ്ടായിരുന്നില്ല.. പക്ഷേ രണ്ടാൾക്കും സന്തോഷമുണ്ട്.. ഇങ്ങനൊരു ബുദ്ധിമോശം കാട്ടിയതുകൊണ്ട് ആരുടെയെങ്കിലും ഒരാളുടെ നോട്ടം എപ്പോഴും അവൾക്ക് മേലെ ഉണ്ട്.. കിച്ചണിൽ അമ്മയെ സഹായിക്കുകയാണ്.. ഒരിക്കലും കാണാത്ത ഒരു കാഴ്ച ആണ്.. കുറച്ചു നേരം നോക്കി നിന്നു തന്റെ മാധവനെ കുറച്ചു നേരത്തേക്കെങ്കിലും വിഷമിപ്പിച്ച ആ രൂപത്തിനെ.. അതെ തന്നെപ്പോലെ തന്നെ… സാരിയുടെ തുമ്പെടുത്തു എളിയിൽ കുത്തി മുടി ഒതുക്കി ഉയർത്തിക്കെട്ടി ഇഷ്ടത്തോടെ അമ്മയ്‌ക്കരികിൽ നിൽക്കുകയാണ്.. അതിലും അത്ഭുതം ചേച്ചി ഇടയ്ക്ക് എന്റെ മിന്നൂട്ടന് പാല് തണുപ്പിച്ചു ഒഴിച്ചു കൊടുക്കുന്നുണ്ട്.. അവൾ ഇപ്പോഴും ആ കൂർത്ത നോട്ടം തന്നെ.. ദേഷ്യത്തിലാണ് ആള് … പക്ഷേ ആ ദേഷ്യം പാലിനോട് കാണിക്കുന്നില്ല എന്നു മാത്രം..
മാധവൻ മൊബൈലിൽ സീരിയസ് ആയിട്ട് സംസാരിച്ചു വരുന്നുണ്ട്.. കൈകാട്ടി അടുത്തേക്ക് വിളിച്ചു.. തോളിൽ കയ്യിട്ടുകൊണ്ട് തോട്ടത്തിലേക്ക് കൂട്ടി പോയി.. സംസാരം നിർത്തിയിട്ടില്ല.. ആ അമ്മേ ഞങ്ങൾ വരാം എന്നൊക്കെ പറയുന്നുണ്ട്.. ദേവമ്മ ആണോ അതോ വിഷ്ണുവിന്റെ അമ്മയോ.. കാൾ കട്ട് ചെയ്തു മൊബൈൽ പോക്കറ്റിലേക്ക് ഇട്ടു.. എന്നിട്ട് തനിക്ക് നേരെ നിന്നു മുഖവുരയില്ലാതെ പറഞ്ഞു.. “വിഷ്ണുവിന്റെ അമ്മയാണ്.. എന്തോ നേരിട്ട് കണ്ടു സംസാരിക്കാനുണ്ടെന്ന്.. നാളെ അങ്ങോട്ടേക്കൊന്നു ചെല്ലുമോന്ന് നമ്മൾ രണ്ടും.. ഞാൻ വരാമെന്നു പറഞ്ഞു”..
“കാര്യം എന്താന്ന് ഏട്ടനോട് പറഞ്ഞില്ലേ.. ചോദിച്ചില്ലേ”.. കുറച്ചു ടെൻഷനോടെ ചോദിച്ചു..
“മ്മ്.. വിഷ്ണു ഹിമയെ ഡിവോഴ്സ് ചെയ്യാൻ പോകുവാണെന്നു അമ്മയോടും ഹരിയോടും സൂചിപ്പിച്ചെന്ന് .. എന്തൊക്കെയോ പ്രശ്നങ്ങൾ അവർക്കിടയിൽ ഉണ്ട്.. വിഷ്ണു അത്രയും ദേഷ്യത്തിലാണ് സംസാരിച്ചത് പോലും.. അച്ഛന്റെ അവസ്ഥ അറിയാവുന്നത് കൊണ്ടാ അമ്മ ഇങ്ങോട്ട് അതൊന്ന് അറിയാൻ വരാത്തത്.. എന്തെങ്കിലും തീരുമാനം വിഷ്ണു എടുക്കും മുന്നേ ഒന്ന് സംസാരിക്കണമെന്ന്.. ബാക്കി ചെല്ലുമ്പോൾ പറയാമെന്നു………. ഇവിടെ നടന്നതൊന്നും ഞാൻ അറിയിച്ചില്ല”..
ഒന്നും മിണ്ടാതെ കണ്ണു നിറച്ചു ഞെട്ടി നിൽക്കുന്നവളെ അടുത്തേക്ക് ചേർത്തു പിടിച്ചു ..
“ഇങ്ങനെ വിഷമിക്കല്ലേ.. നമുക്കൊന്ന് നാളെ പോയി നോക്കാം.. എല്ലാം ശരിയാകും.. ഞാനില്ലേ കൂടെ”.. കണ്ണു തുടച്ചു കൊടുത്തു കൊണ്ട് മാധവൻ പറഞ്ഞു.. കൂടെ മനസ്സിലും ഉറപ്പിച്ചു ഇതിനൊരു അവസാനം കാണണമെന്ന്..
♥️♥️ഉടനെ വരും ♥️♥️

by