ഈ നിമിഷം 21
മാധവൻ പദ്മയെ നെഞ്ചോട് ചേർത്തു അവളുടെ വാ പൊത്തി പിടിച്ചു.. നിറഞ്ഞൊഴുകുന്ന കണ്ണിൽ നോക്കി പറഞ്ഞു.. “മതി പറഞ്ഞതും കരഞ്ഞതും”….
“മാറ്.. എന്നെ തൊടേണ്ട”.. കണ്ണുനീർ തുടച്ചു മാധവനെ തള്ളി മാറ്റി.. ഒന്നുകൂടി മുറുക്കി പിടിച്ചു മാധവൻ..
“മനസ്സിലാവില്ല നിങ്ങൾക്കെന്നെ.. ചങ്കു പൊട്ടിയാ ഞാൻ അന്ന് ആ വീട്ടിൽ നിന്നുമിറങ്ങിയത്.. കഴിക്കാനോ കുടിക്കാനോ എന്തിന് ഒന്നുറങ്ങാൻ പോലും കഴിയാതെ ഇന്ന് വരെ ഞാൻ നടന്നത് എങ്ങനെയെന്നു നിങ്ങൾക്കറിയുവോ”.. ശബ്ദം ഇടറി അടഞ്ഞു.. ഉള്ളിലെ വേദനയുടെ പകുതിയേ കണ്ണുനീരായി പുറത്തേക്കൊഴുകുന്നുള്ളുവെന്ന് മാധവന് തോന്നി.. കുതറുന്നുണ്ട് ഇടയ്ക്കിടെ.. എങ്കിലും മുറുക്കി നെഞ്ചിൽ ചേർത്തു പിടിച്ചു..
“എന്നെ അവഗണിച്ചു, നോക്കാതെ നിൽക്കാൻ ഒക്കെ എങ്ങനെ തോന്നി.. ഞാൻ ചെയ്യാത്ത കുറ്റത്തിന് വിഷ്ണുവെന്നെ കുറ്റപ്പെടുത്തിയപ്പോഴോ എന്നെ വേണ്ടായെന്ന് മുഖത്തു നോക്കി പറഞ്ഞപ്പോളോ അടി തന്നപ്പോളോ ബന്ധം ഉപേക്ഷിച്ചപ്പോളോ ഒന്നും ഇന്നേവരെ അതോർത്തു എനിക്കൊരു തരിമ്പ് വിഷമം തോന്നിയിട്ടില്ല.. പക്ഷേ നിങ്ങൾ എന്നെ ഒന്ന് അവഗണിച്ചു മുഖം തിരിച്ചപ്പോൾ ഞാനില്ലാതായിപ്പോയി .. അറിയോ.. അതിനും മാത്രം ഞാൻ എന്താ ചെയ്തേ.. സങ്കടം കൊണ്ട് നെഞ്ചുപൊട്ടി ചത്തു പോകുമെന്ന് തോന്നി.. സഹിക്കാൻ വയ്യാണ്ടായപ്പോൾ അങ്ങനെ ചെയ്യാൻ പോലും തോന്നി.. അറിയോ”..
“ഇങ്ങനെ ഒന്നും പറയല്ലേ .. ശരിക്കും നിന്നെ സ്നേഹിക്കാനുള്ള യോഗ്യതയില്ല മോളെ.. ഇഷ്ടമില്ലാഞ്ഞിട്ടല്ല എനിക്ക്… ഇഷ്ടമാണ്.. ഒരുപാട് ഒരുപാട് ഇഷ്ടമാണ്.. എന്തു പറഞ്ഞാലും മിണ്ടാതെ അനുസരിക്കുന്നത് അതുകൊണ്ട് മാത്രമല്ലേ ഞാൻ”.. കണ്ണു നനഞ്ഞു നിൽക്കുന്ന മാധവനെ കണ്ടപ്പോൾ പദ്മ ഒന്നു തണുത്തു.. ധൃതി വെച്ച് ഓടിക്കൊണ്ടിരുന്ന ശ്വാസം മെല്ലെയായി.. കൈ വിടുവിക്കുവാൻ ഒന്നുകൂടി നോക്കി.. അതിന് കുറേ കഷ്ടപ്പെടണം എന്നു തോന്നിയപ്പോൾ വേണ്ടാന്നു വെച്ചു..
“ഇനിയും ഓരോന്ന് പറഞ്ഞു എന്റെ അടുത്ത് നിന്നും പോകുമെന്ന് ഉണ്ടെങ്കിൽ വരരുത്.. കാരണം ഇനിയും മുന്നോട്ട് പോകും തോറും കേൾക്കാനും കാണാനും ഒത്തിരി ഉണ്ട് ജീവിതത്തിൽ .. ഇപ്പോഴാണെങ്കിൽ ഞാൻ തന്നെ സഹിച്ചോളാം.. ഇങ്ങനെ ഒക്കെ അങ്ങു ജീവിച്ചോളാം..അതല്ല എന്നെ വേണമെന്നാണെങ്കിൽ കൂടെ ജീവിക്കണം എന്നാണ് തീരുമാനം എങ്കിൽ എന്ത് സങ്കടം വന്നാലും ബുദ്ധിമുട്ട് വന്നാലും ഇങ്ങനെ ചേർന്ന് നിന്നോളാം ഞാൻ.. ന്റെ ജീവൻ പോകാതെ ഒറ്റക്കാക്കില്ല നിങ്ങളെ ഞാൻ “.. ആ വാക്കുകൾക്ക് വല്ലാത്തൊരു ശക്തിയുണ്ടെന്നു തോന്നി മാധവന്.. വെറുംവാക്ക് ആയിരുന്നില്ല അത്.. ഈ സ്നേഹത്തിന് മുന്നിൽ താൻ വളരെ ചെറുതായിപ്പോകുന്നത് പോലെ തോന്നി..
“ശരിക്കും എനിക്ക് ഈ സ്നേഹം അനുഭവിക്കുവാനുള്ള അർഹത ഇല്ലാഞ്ഞിട്ട് തന്നെയാ, ആ ബോധ്യം ഉള്ളതുകൊണ്ട് തന്നെയാ അങ്ങനെ പറഞ്ഞത്.. എന്നോട് സ്നേഹം ഉള്ളത് കൊണ്ട് അച്ഛനോ അമ്മയ്ക്കോ നിനക്കോ അങ്ങനെ ഒന്നും തോന്നില്ല.. പക്ഷേ സത്യം അതല്ലേ”.. മാധവൻ ചോദിച്ചപ്പോൾ പദ്മയുടെ മുഖത്തു വീണ്ടും ദേഷ്യം കയറിക്കൂടി.. ഇയാൾ ഒരിക്കലും നന്നാവില്ല.. മനസ്സിൽ പറഞ്ഞു ആ കയ്യൊന്നു വിടുവിക്കാൻ നോക്കി.. ഇതെന്താ ഒട്ടിച്ചു വെച്ചേക്കുവാണോ.. എന്തൊരു ബലവാ.. മടുത്തപ്പോൾ വീണ്ടും അടങ്ങി നിന്നു..
“കഴിഞ്ഞോ ഡാൻസ്”… പദ്മയുടെ ബലം പിടുത്തം നിന്നപ്പോൾ ചോദിച്ചു… “ഇങ്ങു നോക്ക്”..
“മ്മ്”..
“മുഖത്തോട്ട് നോക്ക്”…
“നോക്കുവല്ലേ .. പറയ്”.. ദേഷ്യത്തിൽ കണ്ണിലേക്കു നോക്കി..
“ഞാൻ ഇഷ്ടമല്ലെന്ന് പറഞ്ഞത് സന്തോഷത്തോടെ ആയിരുന്നുവെന്ന് കരുതുന്നുണ്ടോ.. അതോ ഞാൻ എപ്പോളെങ്കിലും ഇഷ്ടമല്ലാത്ത രീതിയിൽ പെരുമാറിയിട്ടുണ്ടോ”…
“ഇല്ല”.. വലിയ താല്പര്യം ഇല്ലാത്തത് പോലെ പറഞ്ഞു..
“ഇനിയിപ്പോൾ ആരെന്തു പറഞ്ഞാലും യോഗ്യത ഇല്ലെങ്കിലും ഉണ്ടെങ്കിലും ഞാൻ ഈ പദ്മയ്ക്ക് ഒപ്പമേ ജീവിക്കുന്നുള്ളൂ എന്നു തീരുമാനിച്ചു.. മുന്നോട്ട് ഇനി നിന്റെ ധൈര്യം ഒന്ന് മാത്രം മതി എനിക്ക്..”
“ഉറപ്പാണോ.. തീരുമാനം മാറ്റുവോ ഇനി”.. വിശ്വാസം വരാത്തത് പോലെ ചോദിച്ചു..
“ഒരിക്കലും ഇല്ല”.. ഒരു ആശ്വാസവാക്ക് കേട്ടതുപോലെ മാധവന്റെ തോളിലേക്ക് നെറ്റി മുട്ടിച്ചു നിന്നു..
“ധൈര്യമുണ്ടെന്നും എല്ലാം സഹിച്ചോളും എന്നൊക്കെ എല്ലാരും ചുമ്മാ പറയുന്നതാ എന്നെപ്പറ്റി.. അച്ഛനും അമ്മയും വിഷമിക്കരുത് എന്ന് നിർബന്ധം ഉണ്ട് എനിക്ക്.. അതുകൊണ്ട് മാത്രമാ ഞാൻ ഇങ്ങനെ………… ഇതിനകത്തു നിന്നും ഇനിയെന്നെ പറിച്ചെറിയരുത്.. എനിക്ക് നല്ലോണം വേദനിക്കും.. സഹിക്കാൻ പറ്റില്ല”.. മാധവന്റെ നെഞ്ചിൽ കുത്തി പദ്മ പറഞ്ഞു..
“ഇനി ചത്താലും വിട്ടു കളയില്ല “… കൈ നെഞ്ചിൽ പിടിച്ചു വെച്ചിട്ട് പറഞ്ഞു..
” ഒരാളെ സ്‌നേഹിക്കുമ്പോൾ ഇത്രയും ഒക്കെ വേദന സഹിക്കേണ്ടി വരുമെന്ന് ഞാൻ അറിഞ്ഞില്ല.. അറിഞ്ഞിരുന്നെങ്കിൽ സത്യമായിട്ടും ഇങ്ങനെ ഇതിലേക്ക് ഞാൻ എടുത്തു ചാടില്ലായിരുന്നു.. കണ്ണു നിറയാത്ത ഒരു സമയം പോലുമില്ല.. അത്രയ്ക്ക് മനസ്സിൽ കയറിക്കൂടിയിരുന്നു ഈ അപ്പനും മോളും അറിയോ.. എവിടായിരുന്നു ഇത്രയും ദിവസം.. എന്നെ തേടി വരാൻ ഇത്രയും ദിവസം എടുത്തതെന്താ” ..
“അച്ഛനും അമ്മയ്ക്കും അത്രയ്ക്കും വേണ്ടപ്പെട്ട മകളല്ലേ.. അവരെയും ഈ മകളെയും വേദനിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല.. പക്ഷേ വീട്ടിൽ നിന്നും പോയീന്നു കേട്ടപ്പോൾ, അതും മിന്നുനോട് പോലും ഒന്നു പറയാതെ പോയല്ലോന്ന് ഓർത്തപ്പോൾ ഒത്തിരി വിഷമം തോന്നി .. പിന്നെ എന്തു ചെയ്താലും ജീവനില്ലാത്തത് പോലെ.. ഒരുമാതിരി ചത്തു ജീവിക്കും പോലെ.. മിന്നുവിനൊപ്പം എന്നും കാത്തിരിക്കും.. അച്ഛൻ എല്ലാം കണ്ടു പിടിച്ചു.. പോയി ന്റെ കൊച്ചിനെ വിഷമിപ്പിക്കാതെ വിളിച്ചോണ്ട് വാടാന്ന് പറഞ്ഞു”..
“ഓഹോ അപ്പോൾ അച്ഛൻ പറഞ്ഞിട്ടാണ്.. അല്ലെങ്കിൽ ഇപ്പോളും വരില്ലായിരുന്നു അല്ലേ.. ദുഷ്ടൻ “..
“അച്ഛൻ സമ്മതിച്ചില്ലെങ്കിൽ ഞാൻ ഇന്നും പറയില്ല.. സത്യമാണ്.. നന്ദികേട് കാട്ടാൻ അറിയില്ല.. അമ്മ പൊറുക്കില്ല.. പക്ഷേ.. എനിക്ക് കിട്ടിയില്ലെങ്കിലും ഈ മുഖം ഒരിക്കലും ഞാൻ മറക്കില്ലാ.. ഒരുമിച്ചുള്ള കുറേ ഓർമ്മകൾ ഇല്ലേ.. അത് പോരേ എനിക്ക്.. എന്നും എപ്പോളും അമ്മയെ ഓർക്കും പോലെ കൂടെ നിന്നെയും ഓർത്തേനെ “.. മാധവൻ പറഞ്ഞപ്പോൾ കുറച്ചു സന്തോഷം തോന്നി.. അമ്മയ്‌ക്കൊപ്പം തന്നെ തനിക്കും ഒരു സ്ഥാനം ഉണ്ട് അപ്പോൾ… അത് മതി..
“എങ്കിൽ കയ്യെടുക്ക്.. കുറേ നേരമായില്ലേ.. രണ്ടു കയ്യും ലോക്ക് ആയിപ്പോയി.. ഇല്ലേൽ ഞാൻ കാണിച്ചു തന്നേനെ.. എനിക്ക് സംശയം ഉണ്ട്, അവസരം മുതലാക്കുവാണോന്നു”.. മാധവന്റെ ചിരി കണ്ടപ്പോൾ അത് ബോധ്യവുമായി പദ്മക്ക് … “വഷളനാ” .. “പോയിക്കിടന്നു ഉറങ്ങിക്കോ”.. പദ്മ പറഞ്ഞപ്പോൾ മാധവൻ ഇല്ലെന്ന് തലയാട്ടി..
“എനിക്ക് ഉറക്കം വരുന്നില്ല.. സംസാരിച്ചിരിക്കാം നമുക്ക്.. വാ”.. കയ്യിൽ പിടിച്ചു വലിച്ചു..
“ഇല്ല.. എനിക്കുറങ്ങണം”.. പദ്മ തിരിച്ചു വലിച്ചു..
“ഇന്ന് ഉറങ്ങുന്നില്ല”.. പദ്മയെ പൊക്കിയെടുത്തു ബെഡിൽ കൊണ്ടിരുത്തി.. എന്തെങ്കിലുമൊന്ന് ചോദിക്കും മുന്നേ പദ്മയുടെ കാലെടുത്തു ബെഡിൽ വെച്ച് മടിയിലേക്ക് തലയും വെച്ചു കാലിൽ കെട്ടിപിടിച്ചു കിടന്നു.. ഒരുപാട് അടുപ്പം ഉള്ളവരെപ്പോലെ, യാതൊരു സങ്കോചമോ പേടിയോ ഇല്ലാതെ.. ഇതാണ് ശരിക്കുമുള്ള മാധവൻ എന്ന് പദ്മയ്ക്കറിയാം അതുകൊണ്ട് തന്നെ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.. ആൾക്ക് വലിയ വികാരത്തള്ളിച്ച ഒന്നുമില്ല.. തൊട്ടോട്ടെ ഉമ്മ വെച്ചോട്ടെ കിടന്നോട്ടെ എന്നീ ചോദ്യങ്ങളില്ല പറച്ചിലില്ല.. എന്റെയാണെന്ന് പൂർണ്ണബോധ്യമുണ്ട്.. അതുകൊണ്ട് പൂർണ്ണ സ്വാതന്ത്ര്യം എടുക്കും.. സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പച്ചമനുഷ്യൻ.. കിടപ്പൊക്കെ കണ്ടപ്പോൾ ചിരി വന്നു പദ്മയ്ക്ക്..
അച്ഛൻ സംസാരിച്ചതും കുടിക്കാൻ വേണ്ടി തുടങ്ങിയതും കൃഷിയുടെ കാര്യവും ഒക്കെ മനസ്സ് തുറന്നു സംസാരിച്ചു.. പുതിയ വിത്തിറക്കാൻ തന്നെ കാത്തിരുന്നതും അച്ഛൻ വഴക്ക് പറഞ്ഞതും, എന്നെ വിളിച്ചു കൊണ്ടു വരാൻ പറഞ്ഞതും ഒക്കെ ആ വായിൽ നിന്നും കേട്ടു.. ഇടയിൽ ജ്യോതിയും കുഞ്ഞും ഒക്കെ കയറി വന്നു.. അത്രയും നാൾ വാ പൂട്ടി മൗനത്തിലാണ്ടവന് കേൾക്കാൻ ഒരാളെ കിട്ടിയപ്പോൾ ഉള്ളിലുള്ള വേദന മുഴുവൻ ശക്തിയിൽ പുറത്തേക്ക് ഒഴുകുകയായിരുന്നു.. തനിച്ചായിപ്പോയവന്റെ എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടും പദ്മയിൽ ഇറക്കി വെച്ച് ആശ്വസിച്ചു.. എല്ലാം മൂളിക്കേട്ടും, സങ്കടങ്ങളിൽ കവിളിൽ തലോടി ആശ്വസിപ്പിച്ചും, ഒഴുകിയ കണ്ണുനീർ തുടച്ചു കൊടുത്തും ക്ഷമയോടെ കൂട്ടായി ഇരുന്നു പദ്മ .. മുടിയിൽ വിരൽ കൊരുത്തു അലിവോടെ അതിലേറെ സ്നേഹത്തോടെ ആ മുഖം കൈകളിൽ പൊതിഞ്ഞു പിടിച്ചു.. ഉള്ളം കയ്യിലെ ചൂടേറ്റപ്പോൾ കണ്ണുകൾ മെല്ലെ അടഞ്ഞു.. രണ്ടു കണ്ണുകൾ പൂട്ടാതെ സ്നേഹം നിറച്ചു തനിക്ക് നേരെ നോക്കുന്നത് കണ്ടു മാധവൻ കണ്ണുകളടച്ചു …
കണ്ണു തുറന്നപ്പോഴും പദ്മയുടെ മടിയിൽ തന്നെ ആയിരുന്നു താനെന്നു മാധവന് മനസ്സിലായി.. ഒരു കൈ തന്റെ നെഞ്ചിൽ വെച്ചിട്ടുണ്ട് മറുകൈ മുടിയിലും… നെഞ്ചിലെ കയ്യിൽ ഒന്നു തലോടി.. ചാരിയിരുന്നു ഉറങ്ങുന്നവളെ ഒന്നുകൂടി നോക്കി.. അമ്മയ്ക്ക് ശേഷം ആദ്യമായിട്ട് ഒരു പെണ്ണിന്റെ മടിത്തട്ടിൽ.. ശ്വാസം ഒന്ന് വലിച്ചു വിട്ടു കയ്യെടുത്തു മാറ്റിയിട്ടു എഴുന്നേറ്റു.. പദ്മ ഒന്നനങ്ങി.. ഉറങ്ങാൻ ഒരുപാട് താമസിച്ചുവെന്ന് ആ മുഖം കണ്ടാലറിയാം.. എടുത്തു മിന്നുവിനരികിൽ നേരെ കിടത്തി.. രണ്ടാളെയും പുതപ്പിച്ചു കൊടുത്തിട്ട് പുറത്തേക്ക് വന്നു..
ദേവമ്മ അടുക്കളയിൽ ഉണ്ടായിരുന്നു.. മുറ്റത്തേക്ക് ഇറങ്ങി ഏറെ വെള്ളമെടുത്തു മുഖത്തേക്ക് തെറുപ്പിച്ചു.. നല്ല ഉന്മേഷം.. മനസ്സിനും ശരീരത്തിനും.. മുണ്ടിന്റെ അറ്റത്തു മുഖം തുടക്കുമ്പോളേക്കും ദേവമ്മ ഒരു ഗ്ലാസ് കാപ്പി നീട്ടി.. അമ്മമ്മയുടെ കാര്യം ഒക്കെ പറഞ്ഞു അടുക്കളയിൽ ഇരുന്നു രണ്ടാളും.. അതിനിടയിൽ ദേവമ്മയുടെ മകനോട് സംസാരിച്ചു.. അതുൽ.. ഒരു മടിയുമില്ലാതെ കൂട്ടുകാരോട് സംസാരിക്കും പോലെ അതുലിനോട് സംസാരിക്കുന്ന മാധവനെ കണ്ടപ്പോൾ വീണ്ടും അത്ഭുതം തോന്നി ദേവമ്മയ്ക്ക്.. പദ്മയ്ക്ക് ഇനി ഒരു ബുദ്ധിമുട്ടോ വിഷമമോ ഉണ്ടാവില്ലെന്ന് മനസ്സ് ആണയിട്ട് പറയും പോലെ.. അച്ഛനും കൂട്ടുകാരനും മകനും ഭർത്താവും എല്ലാം ആയിട്ട് മാധവൻ ഉണ്ടാവും അവൾക്കൊപ്പം..
അതുലിനോട് ചിരിച്ചു സംസാരിക്കുമ്പോളാണ് മുടിയിൽ തോർത്തും ചുറ്റിക്കൊണ്ട് പദ്മ വന്നത്… മാധവൻ പദ്മയെ പിടിച്ചു അടുത്തിരുത്തി കുടിച്ചുകൊണ്ടിരുന്ന കാപ്പി കയ്യിൽ പിടിപ്പിച്ചു.. ഒരു മടിയും കൂടാതെ അതു വാങ്ങി കുടിച്ചു മാധവന്റെ സംസാരം ശ്രദ്ധിച്ചിരിക്കുകയാണ്, ഇടയ്ക്കിടെ മാധവൻ അത് വാങ്ങി കുടിക്കുന്നുണ്ട്.. ഇന്നലെ രണ്ടിന്റേം കല്യാണം കഴിഞ്ഞോ.. ഇത്രയും സ്വാതന്ത്ര്യം എടുക്കുന്നത് കണ്ടു ദേവമ്മ പോലും ചിന്തിച്ചു പോയി.. സ്പീക്കർ ഫോണിൽ മൂന്നാളുംചിരിച്ചു സംസാരിക്കുന്നത് നോക്കി നിന്നു പോയി ദേവമ്മ.. ദൈവമേ ഇവളുടെ അമ്മാവന്മാർ അറിഞ്ഞാൽ വാളെടുക്കും.. പിന്നെ ഒരാശ്വാസം ഉള്ളത് ഇന്നേവരെ പദ്മയ്ക്ക് ഇഷ്ടമില്ലാത്തത് അവരോ അവർക്ക് ഇഷ്ടമില്ലാത്തത് പദ്മയോ ചെയ്തിട്ടില്ല എന്നുള്ളതാണ് ..മാധവനെ മനസ്സിലാക്കി കഴിഞ്ഞാൽ അവരും ഇഷ്ടപ്പെടും.. അവരുടെ മനസ്സ് മാറ്റാനും പദ്മയ്ക്കും മാധവനും കഴിയട്ടെ.. അമ്മയുടെ കാര്യങ്ങൾ നോക്കാൻ മുറിയിലേക്ക് പോകുമ്പോഴും ആ ഒരു പ്രാർത്ഥന മാത്രേ ഉണ്ടായിരുന്നുള്ളൂ..
“പോകണ്ടേ.. ഇങ്ങനിരുന്നാൽ മതിയോ.. ഇനിയും താമസിച്ചാൽ അച്ഛൻ വിളി തുടങ്ങും..ഒന്നാമത് വിത്തിറക്കാൻ താമസിച്ചതിന് ദേഷ്യം പിടിച്ചിരിക്കുവാ”.. മാധവൻ പറഞ്ഞപ്പോൾ പദ്മ കയ്യിൽ കെട്ടിപ്പിടിച്ചു തോളിലേക്ക് ചാരി.. ഒരു കയ്യെടുത്തു നെഞ്ചിൽ ചേർത്തു പിടിച്ചു വെച്ചു മാധവൻ..”എന്റെയാ”..മെല്ലെ അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു.. പദ്മ മാധവനെ ചെരിഞ്ഞു നോക്കി… അടുത്ത് അത്രയും അടുത്ത് ആ കണ്ണുകൾ ആദ്യമായിട്ടാണ് കാണുന്നത്.. കുഞ്ഞൊരു പൊട്ടു പോലെ ആ കണ്ണുകളിൽ തന്റെ മുഖം .. “എന്തോരം ഇഷ്ടമാണെന്ന് അറിയോ… മനുഷ്യാ നിങ്ങളെ…. തിന്നാനുള്ള അത്രയും ഇഷ്ടം..”…. പദ്മ രഹസ്യമായി പറഞ്ഞു.. ചിരിയോടെ മാധവൻ സമ്മതമെന്ന് തലയാട്ടി.. നെറ്റിയിൽ നെറ്റി മുട്ടിച്ച് ഇരിക്കുന്നവരെ കണ്ട് വാതിൽക്കൽ ഒരു കുഞ്ഞു മുഖം അത്ഭുതം കൊണ്ടു വിടർന്നു.. നാണത്തോടെ അവർക്കരികിലേക്ക് വരാൻ മടിച്ചു നിന്നു.. മാധവൻ കൈ നീട്ടി അവളെ മടിയിൽ പിടിച്ചിരുത്തി.. നെഞ്ചിലേക്ക് മുഖം വെച്ച് ഒളികണ്ണിട്ട് പദ്മയെ നോക്കുവാണ്.. പദ്മ കണ്ണടച്ചു ഒന്നു ചിരിച്ചു കാണിച്ചു.. അതിലേറെ സന്തോഷത്തോടെ കുറുമ്പോടെ അവളും അമ്മയുടെ കവിളിൽ പിച്ചി..
അമ്മമ്മയുടെ നെറ്റിയിൽ ഉമ്മ വെച്ചു മാധവൻ യാത്ര പറഞ്ഞു.. ചുളിഞ്ഞ കൈകൾ കൊണ്ട് അയാളെ കെട്ടിപ്പിടിച്ചു.. പദ്മ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി.. മിന്നൂട്ടിയെക്കൊണ്ടും… “മുത്തശ്ശിയെ കാണാൻ ഇനിയും വരണം കേട്ടോ”.. മിന്നുവിനെ ചേർത്തു പിടിച്ചു മുത്തശ്ശി പറഞ്ഞു.. സന്തോഷത്തിൽ തലയൊക്കെ കുലുക്കുന്നുണ്ട്.. ദേവമ്മയോടും യാത്ര പറഞ്ഞു മൂന്നാളും വീട്ടിലേക്ക് തിരിച്ചു..അച്ഛനൊപ്പം ആദ്യമായിട്ടാ അമ്മ ഇങ്ങനെ അടുത്ത് ഇരിക്കുന്നത് കാറിൽ .. മിന്നു രണ്ടാളെയും മാറി മാറി നോക്കുന്നുണ്ട്.. പിന്നീട് പദ്മയുടെ നെഞ്ചിൽ ചേർന്നിരുന്നു വർത്തമാനം തുടങ്ങി…
“ഉറങ്ങിക്കോ.. ഇന്നലെ ഉറങ്ങിയില്ലാലോ”.. മടിയിൽ ഇരുന്നുറങ്ങുന്ന മിന്നുവിനെ തലോടിയിരിക്കുന്ന പദ്മയോട് പറഞ്ഞു..
“ഉറങ്ങണ്ട.. സംസാരിച്ചിരിക്കാം എന്നു പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു രാത്രി മുഴുവൻ അങ്ങു സംസാരിച്ചു മറിക്കുമെന്ന്.. എന്നിട്ട് ആദ്യമങ്ങു കിടന്നുറങ്ങി”..
മാധവൻ ഒന്നു ചിരിച്ചു… “എന്തിനാ എന്റെ മുടിയിൽ കയ്യോടിച്ചത്… തലയിൽ തൊട്ടാൽ അപ്പോൾ ഉറങ്ങും ഞാൻ.. അമ്മയ്ക്ക് ശേഷം ആദ്യമായിട്ടാ ഇങ്ങനെ”.. “നീയെന്നെ വഴക്ക് പറയുമ്പോൾ എല്ലാം ചില സമയം അമ്മയെ ഓർമ്മ വരും… കുറച്ച് ഓർമ്മകൾ മാത്രമേയുള്ളൂ.. പക്ഷേ അതെല്ലാം പൊന്നു പോലെയാ സൂക്ഷിച്ചു വെച്ചേക്കുന്നത് മനസ്സിൽ”…
“ന്തേ ടീച്ചർ വിളി നിർത്തിയേ.. ഇപ്പോ ന്തേ ബഹുമാനം വേണ്ടേ” പദ്മ കളിയാക്കി.. മറുപടിയായി മിന്നുവിന്റെ ദേഹത്തിരുന്ന കയ്യെടുത്തു നെഞ്ചിൽ വെച്ചു.. എന്നിട്ട് തോളിലേക്ക് കണ്ണു കാട്ടി.. കേൾക്കാൻ കാത്തിരുന്നത് പോലെ തോളിലേക്ക് തല വെച്ചു…
മടിയിലിരുന്ന് മിന്നു അനങ്ങുന്നത് അറിഞ്ഞാണ് പദ്മ കണ്ണു തുറന്നത്.. ഊർന്നു പോകാതിരിക്കാൻ ഒരു കൈ കൊണ്ട് തലയിൽ പിടിച്ചിട്ടുണ്ട് മാധവൻ..
“രാധേ മോൾക്ക് ഒരു ഗ്ലാസ്സ് നാരങ്ങ വെള്ളം കൊടുക്ക്.. ചെറിയൊരു ഒളിച്ചോട്ടം കഴിഞ്ഞു വന്നതാ. ക്ഷീണം കാണും”.. അച്ഛൻ പറയുന്നത് കേട്ടപ്പോൾ പെട്ടെന്ന് മുഖം പൊത്തിപ്പിടിച്ചു.. അച്ഛനും അമ്മയും ചിരിക്കുന്നത് കേട്ടു..
“അവര് പോയി.. കണ്ണു തുറക്ക് “.. മാധവൻ പറഞ്ഞു..
“ദുഷ്ടാ.. വീടെത്തും മുൻപ് എങ്കിലും വിളിച്ചൂടായിരുന്നോ.. അയ്യേ.. ഞാനിനി എങ്ങനെ അവരുടെ മുഖത്തു നോക്കും”..
“നല്ല ഉറക്കമായിരുന്നു.. വിളിക്കാൻ തോന്നിയില്ല”.. ചിരിയോടെ പറഞ്ഞപ്പോൾ എല്ലാം മറന്നു കൂടെ ചിരിച്ചു.. പക്ഷേ രണ്ടു വീടുകളിലേക്ക് നടന്നു പോകും തോറും രണ്ടാളുടെയും ആ ചിരി മങ്ങി വന്നു.. വീട്ടിലേക്ക് കയറാൻ പറ്റാതെ രണ്ടാളും പരസ്പരം നോക്കി നിന്നു..
ഓടി വരും ♥️♥️

by