17/04/2026

ഈ നിമിഷം : ഭാഗം 03

രചന – രോഹിണി ആമി

അമ്മയ്ക്കും അച്ഛനുമൊപ്പമിരുന്നു ഭക്ഷണം കഴിച്ചുവെന്ന് വരുത്തി… ഉച്ചക്കും ഒന്നും കഴിക്കാത്തതിന്റെ ക്ഷീണം ഉണ്ടായിരുന്നു പദ്മയ്ക്ക് .. വിശപ്പിന് വേണ്ടി മാത്രം എന്തൊക്കെയോ കഴിച്ചുവെന്ന് വരുത്തി .. വിഷ്ണുവും ഹരിയും കൂട്ടുകാർക്കൊപ്പം പുറത്താണെന്ന് അമ്മ പറഞ്ഞു.. അത് കളവാണ് ന്ന് അവൾക്കറിയാം… ഹരി മുറിയിലും വിഷ്ണു ഈ വീടിന്റെ ഏതോ ഒരു ഭാഗത്തും ഉണ്ടെന്ന് മനസ്സിലായി… എന്നെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ടോ നാണക്കേടോ എന്താന്ന് അറിയില്ല…

താൻ എന്തോ വലിയ തെറ്റ് ചെയ്ത പോലൊരു തോന്നൽ.. പദ്മയ്ക്ക് മനസ്സിൽ വിഷമം തിങ്ങി…..അച്ഛന്റെ ഉപദേശവും മൊബൈലിൽ കണ്ട കാര്യങ്ങളും എല്ലാം തലയ്ക്കുള്ളിൽ കിടന്നു വീർപ്പുമുട്ടുന്നു… കഴിച്ചുകൊണ്ടിരുന്ന അച്ഛനും അമ്മയും തന്നെ നോക്കുന്നതും പിന്നെ പരസ്പരം നോക്കുന്നതും പദ്മ അറിഞ്ഞു..

നിങ്ങൾ രണ്ടാളും നന്നായിട്ടൊന്ന് സംസാരിക്ക്.. രണ്ടാളും പരസ്പരം അംഗീകരിക്കുമ്പോൾ ബാക്കി ചടങ്ങുകൾ നോക്കിയാൽ മതി… പാല് മൂടിവെച്ചു അമ്മ പദ്മയോട് പറഞ്ഞു… എങ്കിൽ മോള് പോയി കിടന്നോ.. നല്ല ക്ഷീണം കാണും..

പദ്മ ഒരു ചുവടു പോലും മുന്നോട്ട് വെയ്ക്കാൻ മടിച്ചു നില്കുന്നത് കണ്ടപ്പോൾ അമ്മ അവളുടെ രണ്ടു കയ്യിലും പിടിച്ചു…
എല്ലാം ശരിയാകും.. മനസ്സ് വല്ലാത്തൊരു സംഘർഷത്തിലാണെന്ന് അമ്മയ്ക്ക് മനസ്സിലാവും.. ഇങ്ങനെ നടക്കണം എന്നുള്ളത് ദൈവഹിതം ആയിരിക്കും.. മോള് വിഷമിക്കണ്ട കേട്ടോ.. ധൈര്യമായിട്ടിരിക്ക്… അമ്മയില്ലേ ഇവിടെ…

പദ്മ അമ്മയുടെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു.. “അമ്മയ്ക്ക് ഒരു പെൺകുഞ്ഞിനെ തരാത്തതിന് ദൈവത്തിനോട് പരാതി ഉണ്ടായിരുന്നു.. അപ്പോ വിഷ്ണുന്റെ അച്ഛൻ പറയുമായിരുന്നു.. നീ വിഷമിക്കണ്ട വരുന്ന രണ്ട് മരുമക്കളെയും മകളെപ്പോലെ കണ്ടാൽ മതിയെന്ന്”…. അമ്മയുടെ ചിരിക്കൊപ്പം പദ്മയും ചിരിച്ചു.. അവളുടെ മനസ്സ് കുറച്ചൊന്നയഞ്ഞുവെന്ന് തോന്നി…

എങ്കിൽ പോയി കിടന്നോ…. ഉറക്കക്ഷീണം ഒക്കെ മാറിയിട്ട് പതിയെ എണീറ്റാൽ മതി.. കേട്ടോ… അമ്മ പറഞ്ഞപ്പോൾ അവൾ തലകുലുക്കി….

തനിയെ മുറിയിലേക്ക് പോന്നു.. വിഷ്ണു മുറിയിൽ ഉണ്ടായിരുന്നില്ല… അലങ്കാരങ്ങളോ പൂക്കളോ ഒന്നും ആ മുറിയിൽ ഇല്ലാതിരുന്നത് കുറച്ചൊരു ആശ്വാസം ഉണ്ടാക്കി അവളിൽ.. ജനാലയ്ക്ക് അരികിൽ വന്നു നിന്നു… ഒന്ന് നടുവ് നിവർത്തണം എന്നുണ്ട്. പക്ഷേ ആ ബെഡ് കാണുമ്പോൾ…. എന്തോ.. ഒന്നിനും തോന്നുന്നില്ല.. മൊബൈലിലേക്ക് നോട്ടം ചെന്നപ്പോൾ കണ്ണുകൾ പെട്ടെന്ന് തിരിച്ചു വലിച്ചു… ജനാലക്കമ്പിയിൽ പിടിച്ചു തല കൈകളിലേക്ക് മുട്ടിച്ചു നിന്നു..

പദ്മയെന്താ നിന്നുറങ്ങുന്നത്… കിടന്നുറങ്ങിക്കൂടെ… വിഷ്ണുവിന്റെ ശബ്ദം കേട്ടപ്പോൾ ഞെട്ടി തിരിഞ്ഞു നോക്കി.. ആദ്യമായ് കാണും പോലെ അയാളെ നോക്കി നിന്നു…

കയ്യിലെ വാച്ചും മൊബൈലും ഒക്കെ മേശമേൽ വെയ്ക്കുകയാണ്… എന്നിട്ട് തിരിഞ്ഞു നിന്ന് പദ്മയെ നോക്കി.. കുറച്ചു നേരം മേശയിൽ ചാരി കയ്യും കെട്ടി പദ്മയെ നോക്കി നിന്നു.. തല കുനിച്ചു നിൽക്കുന്ന അവളോട് പറഞ്ഞു…

താനിങ്ങു വാ… ഇവിടെ വന്നിരുന്നേ… ബെഡിൽ തട്ടി പറഞ്ഞു… വിറച്ചെങ്ങാനും താഴെ വീണാൽ പൊക്കിക്കൊണ്ട് പോകാൻ വയ്യ. അതോണ്ടാ….

അപ്പോൾ മാത്രമാണ് പദ്മ ശ്രദ്ധിച്ചത് തന്റെ കൈ വിറയ്ക്കുന്നത്….കൈകൾ മാത്രമല്ല കാലും…. വിറച്ചു വിറച്ചു ബെഡിൽ പോയിരുന്നു…

എനിക്ക് തന്റെ പേര് മാത്രേ അറിയൂ… സത്യത്തിൽ തന്നെപ്പറ്റി വേറൊന്നും അറിയില്ല… എനിക്ക് ഹിമയെ ഇഷ്ടമായിരുന്നുവെന്ന് തനിക്ക് അറിയാമായിരുന്നോ…. വിഷ്ണു പദ്മയെ നോക്കി…. കൈകൾ കോർത്തു പിടിച്ചിരിക്കുകയാണ്…. എന്തെങ്കിലും ചോദിച്ചാൽ അതിനു മറുപടി പറയാൻ അറിയില്ലേ…. വിഷ്ണുവിന്റെ സ്വരത്തിന് കട്ടി കൂടി….

മ്മ്… അറിയാം.. ചെറിയൊരു ശബ്ദം കേട്ടു വിഷ്ണു…

എന്തറിയാം ന്ന്….

നിങ്ങൾ തമ്മിൽ ഇഷ്ടമായിരുന്നുവെന്ന്…

വിഷ്ണു ശ്വാസം വലിച്ചെടുക്കുന്നതറിഞ്ഞു….. ഇതൊക്കെ അറിഞ്ഞു വെച്ചിട്ട് എന്തിനായിരുന്നു എന്റെ ജീവിതത്തിലോട്ട് കെട്ടിയെടുത്തത്.. തനിക്ക് സമ്മതമല്ലാന്ന് പറഞ്ഞിരുന്നെങ്കിൽ ഈ വിവാഹം നടക്കില്ലായിരുന്നല്ലോ.. ശല്യം….. അതോ ആരെയെങ്കിലും ഒന്ന് കെട്ടിയാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളോ തനിക്ക് …. വിഷ്ണു ദേഷ്യത്തിൽ പദ്മയെ നോക്കി ചോദിച്ചു…. പദ്മ പേടിച്ചു എഴുന്നേറ്റു നിന്നു … ചുണ്ടുകൾ വിറച്ചു.. കണ്ണുനീർ പുറത്തേക്ക് ചാടാൻ ധൃതി പിടിച്ചു…. വിഷ്ണുവിന്റെ നോട്ടം മാറിയെന്നു കണ്ടപ്പോൾ പെട്ടെന്ന് തുളുമ്പിയ കണ്ണു തുടച്ചു കളഞ്ഞു…

ഹിമ പറഞ്ഞിട്ടുണ്ട് തനിക്ക് സ്വന്തമായി അഭിപ്രായങ്ങളോ ഇഷ്ടങ്ങളോ ഒന്നും ഇല്ലെന്ന്.. അന്ന് ഞാൻ വിചാരിച്ചു താൻ അത്രയും പാവം ആയിരിക്കുമെന്ന്… പക്ഷേ സ്വന്തം ജീവിതം തിരഞ്ഞെടുക്കുമ്പോൾ പോലും ഒരു അഭിപ്രായവും ഇല്ലാത്ത ഒരാളെ ഞാൻ ആദ്യമായിട്ടാ കാണുന്നെ…. അന്ന് ആ കല്യാണത്തിന് വന്ന ആരെ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും താൻ കെട്ടുമായിരുന്നില്ലേ ….. ആരെങ്കിലും ഒരാൾ പോരായിരുന്നില്ലേ തനിക്ക് .. അതിന് ഈ ഞാൻ തന്നെ വേണമായിരുന്നോ….കഷ്ടം തന്നെ… വിഷ്ണു നിന്നു കിതച്ചു….. എന്നിട്ട് നെറ്റിയിൽ തിരുമ്മി ചോദിച്ചു… ടോ… സെൽഫ് റെസ്‌പെക്ട് എന്നൊരു സാധനം ഉണ്ട്.. അത് എന്താന്നറിയോ…. എങ്ങനെ അറിയാനാ അല്ലേ…… ഹിമ ഇങ്ങനെ ചെയ്തതിൽ എനിക്ക് ദേഷ്യം ഉണ്ടായിരുന്നു… പക്ഷേ ഇപ്പോൾ അതിലും വലുതാണ് തന്നോടുള്ള വെറുപ്പും ദേഷ്യവും….. അറിയുവോ… പാതി തിരിഞ്ഞു നിൽക്കുന്ന അവളുടെ നിൽപ്പ് കണ്ടപ്പോ വിഷ്ണു ഒന്നയഞ്ഞു… കുറച്ചു നേരം മിണ്ടാതെ ഇരുന്നു.. പിന്നെ സമാധാനത്തിൽ പറഞ്ഞു തുടങ്ങി….

താനൊന്ന് സമ്മതമല്ല എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ എങ്ങനെയും വീട്ടുകാരെ പറഞ്ഞു നിർത്തിയേനെ… അവർ അനുസരിക്കുകയും ചെയ്തേനെ… കാരണം ഞാൻ അത്രയ്ക്ക് സ്നേഹിച്ചു പോയെടോ ഹിമയെ.. വിഷ്ണുവിന്റെ വിഷമം മുഴുവൻ പുറത്തു ചാടിയിരുന്നു ആ വാക്കുകളിലൂടെ….. ശബ്ദം ഇടയ്ക്കിടെ ഇടറുന്നത് പദ്മ അറിഞ്ഞു….. വിഷമം ഒന്ന് തണുക്കും വരെ മിണ്ടാതെ ഇരുന്നും വീണ്ടും അതിലേറെ വിഷമത്തോടെയും സംസാരിക്കാനും തുടങ്ങി…..

എന്റെ ആദ്യപ്രണയം ആണ് ഹിമ .. ഒരുമിക്കും എന്ന് ഉറപ്പുള്ള ഒരു പ്രണയം.. അവൾക്കും തിരിച്ചു ഇഷ്ടമായിരുന്നു എന്നെ… ഒരുപാട് പെണ്ണ് കണ്ടിട്ടും ആരും ഇതേപോലെ മനസ്സിൽ കയറിക്കൂടിയിട്ടില്ല.. അവളുടെ സ്വപ്നങ്ങൾ എന്തൊക്കെയെന്ന് എനിക്കു ശരിക്കും അറിയാം.. അത് നേടിയെടുക്കാൻ ഞാനും കൂടെ നിന്നേനെ… വിവാഹം കഴിഞ്ഞ് പതിയെ വീട്ടുകാരെ പറഞ്ഞു മനസിലാക്കാം എന്നു കരുതി ഞാൻ… പക്ഷേ അവൾ എടുത്തു ചാടി…….

സാരമില്ല….സാഹചര്യം ആയിരിക്കണം അവളെക്കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യാൻ പ്രേരിപ്പിച്ചത്… അവളെ കുറ്റം പറയാൻ പറ്റില്ല… അയാളൊന്ന് നിർത്തി….. കുറച്ചേറെ നേരം ആ ശബ്ദം കേൾക്കാഞ്ഞപ്പോൾ കഴിഞ്ഞുവെന്ന് തോന്നി…. പക്ഷേ തന്റെ തൊട്ടു പിറകിൽ നിൽപ്പുണ്ടെന്ന് അറിഞ്ഞപ്പോൾ വീണ്ടും ഒന്ന് പേടിച്ചു…..

എനിക്ക് ഹിമയെ മറക്കാൻ അത്ര പെട്ടെന്നൊന്നും കഴിയില്ല.. മനസ്സിൽ അത്രയ്ക്കും നിറഞ്ഞു നിൽക്കുവാണ് ആ മുഖം… പദ്മയ്ക്ക് എല്ലാം മനസ്സിലാകുമെന്ന് ഞാൻ വിശ്വസിക്കുന്നു….. ഒരിക്കലും ഒരു ഭാര്യ ഭർത്താവ് എന്ന ബന്ധം പ്രതീക്ഷിക്കണ്ട… എന്നെക്കൊണ്ട് പറ്റില്ല… ഇത് താനായിട്ട് ഉണ്ടാക്കി വെച്ച കുരുക്ക് ആണ്.. തനിക്കിത് എങ്ങനെ വേണമെങ്കിലും അഴിക്കാം…. ഏത് മാർഗവും സ്വീകരിക്കാം… ഒരുപക്ഷേ ഒന്നുമറിയാതെ താനിതിൽ പെട്ടു പോയതായിരുന്നെങ്കിൽ കൂടെ നിന്നേനെ ഞാൻ …. അതുകൊണ്ടാണ് ആദ്യമേ ചോദിച്ചത് ഞങ്ങൾ തമ്മിലുള്ള ബന്ധം അറിയാമായിരുന്നോന്ന്…. അപ്പോൾ എല്ലാം അറിഞ്ഞിട്ടും ഇങ്ങനെ ചെയ്തെങ്കിൽ കയ്യൊഴിയുക എന്നതല്ലാതെ വേറൊന്നും എനിക്ക് ചെയ്യാനില്ല…

ഇങ്ങനെ ഒന്നും ഉള്ള ഒരാളെ അല്ല ഞാൻ എന്റെ ജീവിതത്തിലേക്ക് പ്രതീക്ഷിച്ചത്… ഒന്നും ഉണ്ടായില്ലെങ്കിലും സ്വന്തമായിട്ട് ഒരു തീരുമാനം എടുക്കാൻ കഴിവുള്ള ഒരാളെങ്കിലും ആവണം … ഇത് ചുമ്മാ…… താനൊക്കെ എങ്ങനാടോ ആ ചേച്ചിയുടെ അനിയത്തി ആയത്…

വിഷ്ണുവിന്റെ വാക്കുകളിലെ പുച്ഛം പദ്മയ്ക് മനസ്സിലായി… നെഞ്ച് പടപടാന്ന് മിടിക്കുന്നുണ്ട്…. തൊണ്ടക്കുഴിയിൽ ഒരു പൊട്ടികരച്ചിൽ പുറത്തേക്ക് വരാതെ കുരുങ്ങി കിടക്കുന്നു….

ഞാൻ പറഞ്ഞതൊക്കെയും തനിക്കു ഒരു വിഷമവും ഉണ്ടാക്കിയിട്ടില്ലെന്ന് അറിയാം… അല്ലെങ്കിലും എന്തിന്……

മറുപടി ഒന്നും പറയാതെ നിൽക്കുന്ന പദ്മയെ കണ്ടപ്പോൾ വിഷ്ണുവിന് ദേഷ്യം തോന്നി… താൻ പറഞ്ഞതെല്ലാം ശരിയെന്നു പറയുന്നത് പോലെ തോന്നി അവളുടെ മൗനം… എന്തൊക്കെ പറഞ്ഞാലും അവൾ ഈ മൗനം വെടിയില്ലെന്ന് തോന്നി വിഷ്ണുവിന്…. ഇനി പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലെന്ന് തോന്നിയത് കൊണ്ടാവും വിഷ്ണു പറഞ്ഞു….

താനിവിടെ കിടന്നോ… ക്ഷീണം കാണും.. കഷ്ടപ്പെട്ട് ഒരു വിവാഹം ഒക്കെ കഴിച്ചതല്ലേ….. ഞാൻ അപ്പുറത്തെ മുറിയിൽ കിടന്നോളാം….. വിഷ്ണു റൂമിന് വെളിയിൽ ഇറങ്ങി വാതിൽ ചാരി…. പദ്മ സ്വിച്ച് കണ്ടുപിടിച്ചു ലൈറ്റ് ഓഫ്‌ ചെയ്തു… രണ്ടു കയ്യിലും മുഖം പൊത്തി പൊട്ടിക്കരഞ്ഞു….. ഇങ്ങനൊരു അപമാനം ഇന്നേവരെ ഉണ്ടായിട്ടില്ല ജീവിതത്തിൽ… വിഷമം അതിന്റെ മൂർദ്ധാന്യാവസ്ഥയിൽ എത്തിയിരുന്നു…. അതിന്റെ ഫലമായി മുടിയിൽ കൊരുത്തു പിടിച്ചു വലിച്ചു.. കയ്യിൽ സ്വയം കടിച്ചു… മുഖത്തു രണ്ടു കൈകൾ കൊണ്ടും അടിച്ചു….. വാ മുറുക്കി പൊത്തി അലറി വിളിച്ചു…. കണ്ണുനീർ കവിളിൽ നിന്നും കഴുത്തിലേക്ക് ഒലിച്ചിറങ്ങി….. കരഞ്ഞു കരഞ്ഞു മനസ്സൊന്നു പിടിച്ചാൽ കിട്ടുമെന്നായപ്പോൾ എഴുന്നേറ്റു മുഖത്തേക്ക് ശക്തിയിൽ വെള്ളം തെറുപ്പിച്ചു… എന്നിട്ടും വിഷമം തീരാതെ കണ്ണുകൾ നിറഞ്ഞു തുളുമ്പിക്കൊണ്ടേ ഇരുന്നു….. തല പൊളിയുന്നു.. വിക്സ് കിട്ടുമോന്ന് അറിയാൻ ചെറുതായിട്ട് ഒന്ന് പരതി നോക്കി… ഇല്ല… ടവൽ വെച്ച് നെറ്റിയിൽ വലിഞ്ഞു മുറുക്കി കെട്ടി…. പതിയെ കിടന്നു… നെറ്റിയ്ക്ക് മീതെ കൈ വെച്ചു.. കണ്ണുകൾ തുറന്നു പിടിക്കാൻ സാധിക്കുന്നില്ല സൂചി വെച്ചു കുത്തും പോലെ……. കണ്ണടച്ചു കിടന്നു…..

എല്ലാവർക്കും ചേച്ചി ചെയ്തത് ശരിയും താൻ ചെയ്തത് തെറ്റുമാണ് …. എന്നെ വിശ്വസിക്കാത്ത ഒരു കൂട്ടം ആളുകൾക്ക് നടുക്കാണ് ഇപ്പോൾ… ഞാൻ നിരപരാധി ആണെന്ന് പറഞ്ഞാലും ആരും വിശ്വസിക്കില്ല… വിഷ്ണു പറഞ്ഞത് എല്ലാം സത്യമാണ് തീരുമാനം ഒന്നും സ്വയം എടുത്തിട്ടില്ല… അല്ലെങ്കിലും പഠിക്കുന്ന പ്രായത്തിൽ അതിനും മാത്രം എന്ത് വലിയ തീരുമാനം എടുക്കാൻ ആണ്… അതിനുള്ള സാഹചര്യം ഒന്നും ഇന്നേവരെ ഉണ്ടായിട്ടില്ല… എനിക്ക് ടീച്ചർ ആയാൽ മതിയെന്ന് അച്ഛനോട് പറഞ്ഞത് ഞാൻ ആണ്… അച്ഛൻ കണ്ടുപിടിക്കുന്ന ഒരാൾ മതി എനിക്ക് എന്നു പറഞ്ഞതും ഞാൻ ആണ്… അത് പറയുമ്പോൾ അച്ഛന്റെ മുഖത്തെ സന്തോഷവും അഭിമാനവും മാത്രം മതിയായിരുന്നു തനിക്ക് സന്തോഷിക്കാൻ… ഇത് രണ്ടും എന്റെ തീരുമാനം ആയിരുന്നില്ല ആഗ്രഹം ആയിരുന്നു….. അച്ഛനും അമ്മയ്ക്കും എതിരായിട്ട് ഇന്നേവരെ ഒന്നും ചെയ്യാൻ തോന്നിയിട്ടില്ല…ചിന്തിച്ചിട്ട് പോലുമില്ല…അങ്ങനെ ഉള്ളവരെ പറയുന്ന പേരാണോ സെൽഫ് റെസ്‌പെക്ട് ഇല്ലാത്തവൾ എന്ന്…. ചേച്ചിയുടെ സാഹചര്യം വിഷ്ണുവിന് പെട്ടെന്ന് മനസ്സിലായി.. അത് അയാൾക്ക് ക്ഷമിക്കാനും സാധിച്ചു….എന്റെ സാഹചര്യം മാത്രം മനസ്സിലാക്കാൻ ആരുമില്ല….. മൊബൈലിൽ കണ്ടതോ കേട്ടതുമൊക്കെ ഇത് വെച്ചു നോക്കുമ്പോൾ ചെറുത് ആയിരുന്നുവെന്ന് മനസ്സിലായി… കുറച്ചു നേരം കിടന്നും കുറച്ചു നേരം നടന്നും നിന്നും ഒക്കെ വിഷമങ്ങൾ മറക്കാൻ ശ്രമിച്ചു… തലവേദന സ്വന്തം കൺട്രോളിൽ നിൽക്കില്ലെന്ന് തോന്നിയപ്പോൾ ഉറങ്ങാൻ ശ്രമിച്ചു….. കണ്ണുനീരിന്റെ ഒഴുക്കിന്റെ ശക്തി കുറഞ്ഞുവെന്നേ ഉള്ളൂ.. ഓരോ തുള്ളിയും ഉരുണ്ടുരുണ്ട് പില്ലോ നനച്ചുകൊണ്ടേയിരുന്നു…

എന്തോ ശബ്ദം കേട്ടാണ് കണ്ണു തുറന്നത്.. വെളിച്ചം അകത്തേക്ക് കയറുന്നുണ്ടായിരുന്നു.. കണ്ണു വലിച്ചു തുറന്നു.. തലവേദനയ്ക്ക് ഒരു കുറവുമില്ല.. മുടി വലിച്ചു പറിച്ചതിനാലാവും.. കണ്ണിന്റെ പോളയിൽ ആണെങ്കിൽ കല്ലെടുത്തു വച്ചത് പോലെ.. തുറക്കാനേ സാധിക്കുന്നില്ല.. രണ്ടു കയ്യും തലയിൽ ഞെക്കിപ്പിടിച്ചു എഴുന്നേറ്റു…

ഉറക്കം ഒക്കെ സുഖമായിരുന്നില്ലേ… ശബ്ദം കേട്ട ഭാഗത്തേക്ക്‌ പദ്മ നോക്കി… വിഷ്ണു എന്തൊക്കെയോ എടുക്കുകയാണ് അലമാരിയിൽ നിന്നും… സുഖം അന്വേഷിച്ചറിയാനുള്ള ചോദ്യം ഒന്നുമായിരുന്നില്ല.. പുച്ഛമാണ് ശബ്ദത്തിൽ നിറയെ… ഇതിന് ഒരു അവസാനം എന്നാണോ ഈശ്വരാ.. പദ്മ എഴുന്നേറ്റു വാഷ്റൂമിലേക്ക് നടന്നു…

എല്ലാവരും ഒരുമിച്ചിരുന്നു കഴിക്കാൻ.. പദ്മയ്ക്ക് ഒരു മടി തോന്നി എല്ലാവർക്കും ഒപ്പമിരിക്കാൻ… ആരെയും ഫേസ് ചെയ്യാൻ തോന്നുന്നില്ല…. ഒഴിഞ്ഞു മാറിയ അവളെ അമ്മ കയ്യോടെ പിടിച്ചു അടുത്തിരുത്തി…

ഇത് ഈ വീട്ടിലെ ഒരു രീതിയാണ് കൊച്ചേ .. എല്ലാവരും ഒരുമിച്ചിരുന്നേ കഴിക്കൂ… ആരും ആർക്കും വിളമ്പിയൊന്നും കൊടുക്കണ്ട.. ആവശ്യമുള്ളത് എടുത്തു കഴിച്ചോളും.. അമ്മ പറഞ്ഞു…. എല്ലാവരും ചെയ്യും പോലെ അവളും പ്ലേറ്റിൽ ഒരു ദോശ എടുത്തു ചമ്മന്തി അമ്മ ഒഴിച്ചു തന്നു…..

ഇതൊക്കെ മോൾക്ക് ഇഷ്ടമാണോന്ന് അറിയില്ല …. ഞാൻ ഇവിടെ ആരോടും ചോദിക്കാറില്ല എന്തു വേണം.. എന്താ ഇഷ്ടം എന്നൊക്കെ…. എനിക്ക് എന്ത് തോന്നുന്നുവോ അത് ഉണ്ടാക്കും… ഇഷ്ടമില്ലെങ്കിൽ കഴിക്കണ്ട.. എന്തായാലും ഞാൻ ഉണ്ടാക്കുന്നത് ഇവിടെ ആസ്വദിച്ചു കഴിക്കുന്നത് ഞാൻ തന്നെയാ…. അമ്മ പറഞ്ഞിട്ട് സ്വയം ചിരിച്ചു… പദ്മ ചുറ്റും നോക്കി.. അമ്മ പറയുന്നത് കേട്ടപ്പോൾ ബാക്കി ഉള്ളവരുടെ മുഖത്തും ചെറിയൊരു ചിരി ഉണ്ട്…. ഈ വീട്ടിലെ രാജാവും രാജ്ഞിയും എല്ലാം അമ്മ തന്നെയാണെന്ന് മറ്റുള്ളവരുടെ പെരുമാറ്റത്തിൽ നിന്നേ അറിയാം….

മോൾക്ക് എന്തു കഴിക്കാനാ ഏറെ ഇഷ്ടം…. അമ്മ പദ്മയോട് ചോദിച്ചു…..

കല്യാണം…..

എല്ലാവരും ഒരേപോലെ ശബ്ദം കേട്ടിടത്തേക്ക് തല ഉയർത്തി നോക്കി…. വിഷ്ണു ആണ്…. അയാൾ ചിരിച്ചു കൊണ്ട് പ്ലേറ്റ് എടുത്തു അടുക്കളയിലേക്ക് പോയി…. അച്ഛനും അമ്മയും ചിരിച്ചെങ്കിലും പദ്മയുടെ നെഞ്ചു നീറി….. അയാൾ പറഞ്ഞതിനർത്ഥം പെട്ടെന്ന് മനസ്സിലായി.. പിച്ചിയിട്ട ദോശ വായിലേക്ക് വെയ്ക്കാനാവാതെ ഇരുന്നു… പ്ലേറ്റിൽ നിന്നും കണ്ണൊന്നു പൊന്തിച്ചപ്പോൾ കണ്ടു ഹരി നോക്കിയിരിക്കുന്നത്,… കഴിച്ചു കഴിഞ്ഞ അമ്മയുടെ പ്ലേറ്റും കൂടി എടുക്കാൻ തുടങ്ങിയപ്പോൾ അമ്മ തടഞ്ഞു… ഇവിടെ എല്ലാവരും അവനവന്റെ പ്ലേറ്റ് തനിയെ എടുത്തോളും… ആരും ആർക്കും മുകളിൽ അല്ല.. മോൾക്ക് ഇവിടെ ആർക്കെങ്കിലും എന്തെങ്കിലും ചെയ്തു കൊടുക്കണം എന്നുണ്ടെങ്കിൽ അത് അച്ഛന് മാത്രം മതി… രണ്ട് അറ്റാക്ക് കഴിഞ്ഞതാണേ… അതോണ്ടാ….

പദ്മ ഒന്ന് തലയാട്ടി പ്ലേറ്റും എടുത്ത് അടുക്കളയിലേക്ക് പോയി…

എനിക്കൊന്ന് സംസാരിക്കണം.. ഹരി അടുത്തു വന്നു പറഞ്ഞു.. കേൾക്കാത്ത ഭാവത്തിൽ പദ്മ നടന്നു…

ഒരേ വീട്ടിൽ താമസിക്കുന്നവരാണ്… എന്നും തമ്മിൽ കാണേണ്ടവരും മിണ്ടേണ്ടവരും… പറയാനുള്ളത് പറഞ്ഞു തീർക്കണം എന്നു തോന്നി… അതുകൊണ്ട് പറഞ്ഞതാ… ഹരി പറയുന്നത് കേട്ടിട്ടും തിരിഞ്ഞു നോക്കാതെ മുന്നോട്ട് നടന്നു…..

ഓടി വരും..