20/04/2026

ശ്രുതി : ഭാഗം 51

രചന – ഭദ്ര രുദ്ര

” ശ്രുതി താൻ ഒന്ന് വന്നേ പൂന്തോട്ടത്തിനടുത്ത് ദീപം തെളിയിച്ചിട്ടില്ല ” എന്നു പറഞ്ഞുകൊണ്ട് അഞ്ജലി അവളുടെ കയ്യിൽ പിടിച്ച് പൂന്തോട്ടത്തിന്റെ അടുത്തേക്ക് നടന്നു . അപ്പോഴാണ് ചെറിയച്ഛൻ അവളെ വിളിച്ചത് . ” ശ്രുതി , മോള് ഒന്നു വേഗം വന്നേ ” ” ദാ വരുന്നു ചെറിയച്ഛാ ” ” അഞ്ജലി ഞാനിപ്പോൾ വരാം ചെറിയച്ഛൻ വിളിക്കുന്നുണ്ട് ” അഞ്ജലി മുഖത്തൊരു ചിരി ഫിറ്റ് ചെയ്തു കൊണ്ട് അവളോട് ശരി എന്ന് പറഞ്ഞു തലയാട്ടി . അപ്പോഴും അഞ്ജലിയുടെ ഉള്ളിൽ പകയുടെ കനൽ എരിയുന്നുണ്ടായിരുന്നു . അവൾ ശ്രുതിയെ തന്നെ നോക്കിയിരിക്കുകയായിരുന്നു . ” എന്തിനാ ചെറിയച്ചാ വിളിച്ചത് ? ” ” നീ ഇതിൽ എന്റെയും ചെറിയമ്മയുടെയും കുറച്ചു ഫോട്ടോസ് എടുത്തു തരുമോ ? ” ചെറിയച്ഛൻ ഫോൺ എന്റെ നേരെ നീട്ടിക്കൊണ്ട് ചോദിച്ചു . ” ഓഹ് അതിനെന്താ എടുത്ത് തരാലോ ” ഞാൻ ചെറിയച്ചനും ചെറിയമ്മയും പല പോസ്റ്റിൽ നിർത്തിയതിനുശേഷം ഫോട്ടോഗ്രാഫിയിൽ ഉള്ള എന്റെ കലാവാസന അങ്ങ് കാണിച്ചുകൊടുത്തു . * * *

ഫ്ലാറ്റിൽ ഇരുന്ന് ബോറടിച്ചപ്പോൾ പുറത്തേക്ക് ഒക്കെ ഒന്ന് ഇറങ്ങി നോക്കി . അപ്പോൾ , മറ്റു ഫ്ലാറ്റിൽ ഉള്ളവരൊക്കെ ദീപം തെളിയിക്കുന്ന തിരക്കിലായിരുന്നു . കുട്ടികളാണെങ്കിൽ പൂത്തിരിയും മറ്റും കത്തിച്ച് രസിക്കുകയായിരുന്നു . അതു കണ്ടപ്പോൾ അയാൾക്ക് എന്തോ പോലെ തോന്നി . അപ്പോൾ തന്നെ അയാൾ പ്ലാറ്റിനകത്ത് വാതിൽ അടച്ചിരുന്നു . ഷെൽഫിൽ നിന്നും ഒരു ബിയർ ബോട്ടിൽ എടുത്ത് അയാൾ ചാരുകസേരയിലേക്ക് ഇരുന്നു . എന്തുകൊണ്ടോ അയാളുടെ മനസ്സ് അസ്വസ്ഥമായിരുന്നു . ഓർമ്മകൾ അയാളെ വേട്ടയാടുന്ന പോലെ തോന്നിയപ്പോൾ വിശ്വനാഥൻ മദ്യത്തിൽ അഭയം പ്രാപിച്ചു . കുടിച്ചുതീർത്തു മദ്യക്കുപ്പികൾക്ക് കണക്കില്ലായിരുന്നു . കുടിച്ചുകുടിച്ച് അവശനായപ്പോൾ അയാൾ ചാരുകസേരയിൽ കണ്ണുകളടച്ചു ഇരുന്നു . ഓർമ്മകൾക്ക് ഒരിക്കലും മരണം ഇല്ല എന്നത് സത്യമാണ് അയാളുടെ കഴിഞ്ഞ് പോയ കാലം മനസ്സിലേക്ക് ഓടി വന്നു കൊണ്ടിരുന്നു . എത്രയൊക്കെ ഓർക്കരുതേ എന്ന് കരുതി അകറ്റി നിർത്താൻ ശ്രമിച്ചാലും ഓർമ്മകൾ വീണ്ടും മനസ്സിലേക്ക് തിങ്ങിനിറയുന്നത് പോലെ തോന്നി അയാൾക്ക് .

അയാളുടെ മനസ്സ് വർഷങ്ങൾ പിന്നോട്ട് സഞ്ചരിച്ചുകൊണ്ടിരുന്നു . നാട്ടിലെ ഉത്സവം വന്നാൽ വീട്ടുകാരെ കാൾ മുന്നിൽ കൂട്ടുകാരുമൊത്ത് പോയിരുന്ന കാലം . കൗമാരത്തിലെ കുസൃതിയും യൗവ്വനത്തിന് പ്രസരിപ്പും നിറഞ്ഞുതുളുമ്പുന്ന കാലഘട്ടം . അന്ന് മംഗലത്ത് കാവിലെ ഉത്സവം എന്ന് പറഞ്ഞാൽ നാടുമുഴുവൻ കൊണ്ടാടിയിരുന്ന ഒന്നായിരുന്നു . ഓർമ്മവെച്ച നാൾ മുതലേ മുടങ്ങാതെ ഉത്സവം കാണാൻ പോയിരുന്ന കാലം , മേള കാഴ്ചകളും തറ കളിയും മറ്റും കണ്ടു നടക്കുന്നതിനിടയിൽ ആരെയോ പോയി കൂട്ടിയിടിച്ചു . നെറ്റി ഉഴിഞ്ഞു നോക്കുമ്പോഴാണ് നിലത്ത് വീണ് പൊട്ടിയ കുപ്പി വളകൾ നോക്കി വിഷമിച്ചിരിക്കുന്ന പെൺകുട്ടിയെ കണ്ടത് . അവളോട് സോറി പറഞ്ഞപ്പോൾ മുഖമൊന്നു ഉയർത്തി നോക്കിയതല്ലാതെ മറുപടിയൊന്നും തന്നില്ല . അപ്പോഴാണ് താൻ അത് ശ്രദ്ധിച്ചത് വാലിട്ടെഴുതിയ രണ്ട് ഉണ്ട കണ്ണുകൾ നിറഞ്ഞു തുളുമ്പി നിൽക്കുന്നത് . അതിനുമാത്രം താൻ ഒന്നും അവളെ ചെയ്തില്ലല്ലോ , ഇനി നിലത്തുവീണതിന് ആയിരിക്കുമോ , ഒരുപക്ഷേ ആശിച്ചു വാങ്ങിയ വള പൊട്ടിയതിനാൽ ആകും .

എഴുന്നേൽക്കാൻ ആയി അവൾക്കുനേരെ ഒരു കൈ സഹായം തേടുമ്പോഴും അവൾ വേഗം എഴുന്നേറ്റ് കൈമുട്ടിലെ മണ്ണെല്ലാം തട്ടി എന്നെ ഒന്ന് നോക്കിയ ശേഷം മേള കൂട്ടിന് ഇടയിലേക്ക് പോയി നടന്നു . കൂട്ടുകാരോടൊപ്പം ഉത്സവപ്പറമ്പ് മുഴുവൻ കറങ്ങി നടക്കുമ്പോഴും കരഞ്ഞുകലങ്ങിയ അവളുടെ കണ്ണുകൾ ആയിരുന്നു മനസ്സ് മുഴുവൻ . പിന്നെ ഒന്നും നോക്കിയില്ല നേരെ പൊട്ടും ചാന്തും കൺമഷിയും വിൽക്കുന്ന നാടോടികളുടെ അടുത്തേക്ക് നടന്നു . ചുവപ്പും കറുപ്പും നിറത്തിൽ ഉള്ള കുറച്ചു കുപ്പിവളകൾ വാങ്ങി . അവളെ തിരഞ്ഞു അവിടെ മുഴുവൻ അലഞ്ഞെങ്കിലും കാണാൻ കഴിഞ്ഞില്ല . നിരാശയോടെ കുപ്പിവള പൊതിയുമായി വീട്ടിലേക്കു മടങ്ങി . പിന്നെയും നാളുകൾ കൊഴിഞ്ഞു പോയി , കോളേജിൽ സീനിയർ ആയി വിലസുന്ന കാലം . പാലക്കാട് മഹാരാജാസ് കോളജിന് മുന്നിൽ ‘നവാഗതർക്ക് സ്വാഗതം ‘ എന്ന വലിയ ഫ്ലക്സ് ഉയർന്നു . ഞാനും ഹരിയും പിന്നെ ഞങ്ങളുടെ ഗ്യാങ്ങുമായി കോളേജിൽ എത്തിയ നവാഗതരെ വളരെ നന്നായി തന്നെ സ്വീകരിച്ചിരുന്നു . ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ റാഗിംഗ് .

നവാഗതർക്ക് സ്വാഗതം പ്രസംഗവും അധ്യക്ഷ പരിപാടിയും തുടങ്ങുന്നതിനുമുമ്പ് ഈശ്വര പ്രാർത്ഥനയ്ക്കായി പുതിയ കുട്ടികളിൽ നിന്നും ഒരു പെൺകുട്ടിയെ ടീച്ചർ വേദിയിലേക്ക് ക്ഷണിച്ചു . പണ്ടുതൊട്ടേ ഇതൊന്നും കേട്ടിരിക്കാൻ ഇഷ്ടമല്ലാത്തതിനാൽ ഓഡിറ്റോറിയം വിട്ടുപോകാൻ ഇറങ്ങിയപ്പോഴാണ് വേദിയിലേക്ക് കയറുന്ന ആ പെൺകുട്ടിയേ ശരിക്കൊന്നു കാണുന്നത് . അത് അവൾ അല്ലേ , അറിയാതെ മനസ്സ് മന്ത്രിച്ചു . വേദിയിൽ കയറിയതിനു ശേഷം എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവൾ കൈകൾ കൂപ്പി കണ്ണുകൾ അടച്ച് ഈശ്വരപ്രാർത്ഥന ആലപിക്കാൻ തുടങ്ങി. അവളുടെ ശബ്ദം എത്രത്തോളം മാധുര്യമേറിയതാണെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല . കാണാനും അവൾ വളരെയേറെ സുന്ദരി ആയിരുന്നു . അതിനാൽ തന്നെ സകല കാട്ടുകോഴി കളുടെയും ദൃഷ്ടി അവളുടെമേൽ പതിച്ചിരുന്നു . പരിപാടി എല്ലാം കഴിഞ്ഞതിനു ശേഷം എല്ലാ പുതിയ കുട്ടികളെയും ക്ലാസ്സിലെത്തി ടീച്ചേഴ്സ് വിസിറ്റ് ചെയ്തു .

ശേഷം അവരെല്ലാവരും സ്റ്റാഫ് റൂമിൽ ഹാജരായപ്പോൾ ഞങ്ങൾ ഇറങ്ങി . ഓരോ കുട്ടികളെയും വിശദമായ പരിചയപ്പെടാൻ , ഞങ്ങളുടെ റാഗിംഗ് ക്ലാസിൽ കയറിയായിരുന്നു . അപ്പോഴേ മുഴുവൻ കുട്ടികളെയും കയ്യിൽ കിട്ടു . ആദ്യം തന്നെ അവളുടെ ക്ലാസ് തിരഞാണ് ഇറങ്ങിയത് . അവസാനം കണ്ടു പിടിച്ചു , ഞങ്ങൾക്കു മുൻപേ ഹരി ഗ്യാങ്ങുമായി അവിടെ എത്തിയിരുന്നു . പിള്ളേരെ മുഴുവൻ റാഗ് ചെയ്യുന്ന തിരക്കിലായിരുന്നു നമ്മുടെ ഗ്യാങ് ഫുൾ . ഞാൻ നേരെ അവളുടെ അടുത്തേക്ക് ചെന്നപ്പോൾ ഹരി അവളെ റാഗ് ചെയ്യാൻ തുടങ്ങുവായിരുന്നു . ” ഇന്നത്തെ പാട്ട് അസ്സൽ ആയിരുന്നു , ഒന്നുകൂടെ പാടിക്കെ കേൾക്കട്ടെ ” അവളാണെങ്കിൽ പേടിച്ചുവിറച്ച് ഹരിയെ നോക്കി നിൽക്കുകയാണ് . പെട്ടെന്നാണ് അവരുടെ അടുത്തേക്ക് വന്ന എന്നെ അവൾ കണ്ടത് . എന്നെ കണ്ടപ്പോൾ അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു . ‘ നോക്കണ്ട കൊച്ചേ നിന്റെ വളകൾ പൊട്ടിച്ച ആൾ തന്നെയാണ് ‘ എന്ന് എന്റെ മനസ്സ് അവളോട് മന്ത്രിക്കുന്ന പോലെ എനിക്ക് തോന്നി . ” പാട് കൊച്ചേ ” ” ഹരി വേണ്ട , വിട്ടേക്ക് ” ഞാൻ അതും പറഞ്ഞ ഹരിയെയും കൊണ്ട് പുറത്തേക്ക് പോയി . ക്ലാസ്സിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് ഞാൻ അവളെ ഒന്നുകൂടി നോക്കി ,

അപ്പോൾ ഡസ്കിൽ കൈകുത്തി എന്നെ ഏന്തി ഒളിഞ്ഞുനോക്കുന്ന അവളെ ആണ് ഞാൻ കണ്ടത് . എന്നെ കണ്ടതും അവൾ പെട്ടെന്ന് തന്നെ ആമ തല വലിക്കുന്ന പോലെ വലിഞ്ഞു . അതിനുശേഷം അവളെ മറ്റു പല സ്ഥലങ്ങളിൽ വച്ച് കാണാനിടയായി . കോളേജിൽ ആർട്സ്ഫെസ്റ്റ് വന്നപ്പോൾ ഡാൻസും പാട്ടുമൊക്കെ അവൾ തന്നെയായിരുന്നു തിളങ്ങിയിരുന്നത് . ഞങ്ങളുടെ കൂട്ടത്തിലെ തന്നെ പല വമ്പൻമാരും അവളെ പ്രൊപ്പോസ് ചെയ്തിരുന്നു . എന്നാൽ അതെല്ലാം അവൾ വളരെ സൗമ്യമായി തന്നെ റിജക്റ്റ് ചെയ്തു എന്നാണ് അറിയാൻ സാധിച്ചത് . അതുകൊണ്ട് അവളെ പ്രൊപ്പോസ് ചെയ്യുക എന്ന സാഹസത്തിന് മുതിരാൻ ഭയമായിരുന്നു . പക്ഷേ എന്നും അവളെ കാണുമ്പോഴും ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കഥ പറയുന്നത് എനിക്ക് പലപ്പോഴും തോന്നാറുണ്ട് . ഇതെല്ലാം ഹരിയോട് ഷെയർ ചെയ്താലോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് , പിന്നെ വേണ്ടെന്നു വച്ചു . അവനും അത്രയ്ക്ക് മോശം ഒന്നും അല്ല , മനസ്സിനുള്ളിൽ ഏതോ ഒരു പെൺകൊച്ചിനെ കൊണ്ട് നടക്കുന്നുണ്ട് . പക്ഷേ ഇതുവരെ ആർക്കും പിടി കൊടുത്തിട്ടില്ല . എല്ലാം സെറ്റ് ആയിട്ട് പറയാം എന്നാണ് അവൻ പറയുന്നത് . നാളുകൾ അങ്ങനെ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു .

ദിനം കഴിയുന്തോറും അവളുടെ മുഖം എന്റെ മനസ്സിൽ ശക്തിപ്രാപിച്ചു കൊണ്ടിരിക്കുകയായിരുന്നു . അങ്ങനെയിരിക്കെയാണ് പുസ്തകങ്ങൾ അടുക്കി വച്ചിരുന്ന എന്റെ ഷെൽഫിൽ നിന്ന് അന്ന് ഞാൻ അവൾക്കു വേണ്ടി വാങ്ങിയ കുപ്പിവളകൾ കിട്ടിയത് . പിറ്റേദിവസം ഞാൻ അത് അവൾക്ക് കൊണ്ടുപോയി കൊടുക്കുമ്പോൾ അവളുടെ മുഖത്തു അത്ഭുതമായിരുന്നു . അവളാ കുപ്പിവളകൾ എന്റെ മുന്നിൽ വച്ച് തന്നെ അവളുടെ കൈകളിൽ അണിഞ്ഞു . പിന്നീട് അവിടുന്നങ്ങോട്ട് ഞങ്ങൾ അടുക്കുകയായിരുന്നു , ആദ്യം നല്ല കൂട്ടുകാർ മാത്രം ആയിരുന്നു . പിന്നെ എപ്പോഴൊക്കെയോ ഇരുവരും പരസ്പരം സ്നേഹിക്കാൻ തുടങ്ങി . മറ്റു കാമുകി കാമുകന്മാരെ പോലെ പൈങ്കിളി അടിക്കാനോ ക്ലാസ്സ് കട്ട് ചെയ്യാനോ ഞാനോ അവളോ മുതിർന്നില്ല . അതിനാൽ തന്നെ ഞങ്ങളുടെ പ്രണയം കോളേജിൽ നിശബ്ദമായിരുന്നു . ഞങ്ങൾക്ക് അല്ലാതെ അത് മറ്റാർക്കും അറിയില്ലായിരുന്നു . അങ്ങനെയിരിക്കെ എന്റെ പഠിത്തം എല്ലാം തീർന്നു എനിക്ക് നല്ലൊരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ലഭിച്ചപ്പോൾ അവിടേക്ക് പോകുന്നതിന് മുമ്പ് ഞാൻ ഞങ്ങളുടെ കാര്യം ഹരിയെ അറിയിച്ചിരുന്നു . അവനത് ശരിക്കും ഒരു ഷോക്ക് ആയിരുന്നു . എങ്കിലും അവൻ എന്നെ തന്നെ സപ്പോർട്ട് ചെയ്തു .

സത്യം പറഞ്ഞാൽ അവൾക്കു മറ്റൊരു പ്രൊപ്പോസൽ വരാതിരിക്കാനാണ് ഹരിയേ അറിയിച്ചത് , അത് വല്ലതും വന്നാൽ അവൻ മുടക്കി കൊള്ളും എന്ന പ്രതീക്ഷയിൽ . അങ്ങനെ അവളോട് യാത്ര പറഞ്ഞു ജോലിയിൽ പ്രവേശികാനായി നാട്ടിൽ നിന്നും തിരിച്ചു . ജോലിയും താമസ സ്ഥലവും എല്ലാം ശരിയായതിനുശേഷം കിട്ടിയ ആദ്യ ലീവിൽ തന്നെ നാട്ടിലേക്കു പുറപ്പെട്ടു . അപ്പോഴേക്കും നാട്ടിലെ അവസ്ഥ വളരെ മോശമായിരുന്നു . ഞങ്ങളുടെ റിലേഷൻ വീട്ടിൽ പിടിച്ചു , അവളുടെ വീട്ടുകാരും എന്റെ വീട്ടുകാരും അതിന്റെ പേരിൽ വഴക്കായി . ഞാൻ നാട്ടിൽ എത്തി എന്ന് അറിഞ്ഞ ഉടനെ തന്നെ അവർ അവളുടെ പഠിത്തം നിർത്തിച്ചു . അവളെ പുറംലോകവുമായി ഒരു ബന്ധവും ഇല്ലാത്ത രീതിയിൽ അടച്ചിട്ടു . എന്നാൽ അവർക്കറിയില്ലല്ലോ , ഈ ഭൂമിയിൽ ഒരു ശക്തിക്കും പിരിക്കാൻ കഴിയാത്ത വിധം ഞങ്ങളുടെ മനസ്സുകൾ തമ്മിൽ അടുത്തിരുന്നു എന്ന് . വീട്ടിൽ നിന്നും അവൾക്ക് നല്ല പ്രഷർ ഉണ്ടായിരുന്നു , എല്ലാ വീട്ടുകാരും ചെയ്യുന്നതുപോലെ തന്നെ അവളെക്കൊണ്ട് നിർബന്ധിച്ച് ഒരു വിവാഹം നടത്താനും അവർ ശ്രമിച്ചിരുന്നു . എന്നാൽ അവളുടെ ഉറച്ച തീരുമാനത്തിൽ മുന്നിൽ അവർ തോറ്റു പിന്മാറി . ശരിക്കും പറഞ്ഞാൽ കാഞ്ചനയേയും മൊയ്തീനെയും പോലെ എത്രകാലം വേണമെങ്കിലും പരസ്പരം കാത്തിരിക്കാൻ ഞങ്ങൾ തയ്യാറായിരുന്നു .

എന്നാൽ അതിനിടയിൽ എന്റെ വീട്ടുകാരും എനിക്കുവേണ്ടി വിവാഹാലോചനകൾ കൊണ്ടുവന്നപ്പോൾ എന്റെ നിലപാടിൽ തന്നെ ഞാൻ ഉറച്ചു നിന്നു . അവസാനം ഈ കുടുംബങ്ങൾ തമ്മിൽ വാക്കേറ്റവും തർക്കവും ആയപ്പോൾ എനിക്ക് അവളെയും കൊണ്ട് നാടുവിടേണ്ടി വന്നു . അന്ന് അവളുടെ കഴുത്തിൽ ഒരു മിന്നു കെട്ടുമ്പോൾ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു ഇനിയൊരിക്കലും ആ നാട്ടിലേക്ക് പോകരുതെന്ന് . ഇവിടെ എത്തിയതിനു ശേഷം ഞാനും അവളും ഒരുപോലെ രാവിനെയും പകലാക്കി കഠിനപ്രയത്നം ചെയ്താണ് ഈ കാണുന്ന ബിസിനസ് സാമ്രാജ്യങ്ങൾ എല്ലാം ഉണ്ടാക്കിയെടുത്തത് . ഹരിയെയും ഞങ്ങൾ മുൻകൈയെടുത്ത് ഇങ്ങോട്ട് കൊണ്ടുവന്നിരുന്നു . അവന് നല്ലൊരു ജോലി ഉണ്ടാക്കിക്കൊടുത്തു . വിവാഹം കഴിഞ്ഞ് രണ്ടു വർഷങ്ങൾക്കു ശേഷം ഞങ്ങൾക്ക് ഒരു മകൾ പിറന്നു .

ഞങ്ങളുടെ ജീവിതത്തിലെക്ക് സർവ്വ സന്തോഷവുമായി വന്ന ഞങ്ങളുടെ മാലാഖ ‘ ശ്രുതി ‘ . അവിടന്നങ്ങോട്ട് ഞാനും ദേവിയും തമ്മിൽ മത്സരമായിരുന്നു മകളെ സ്നേഹിക്കാൻ , അവളെ താലോലിക്കാൻ , അണിയിച്ചൊരുക്കാൻ . മകളുടെ ഓരോ വളർച്ചയിൽ ഞങ്ങൾ ആഘോഷത്തോടെ കൊണ്ടായിരുന്നു . അതിനിടയിലെപ്പോഴോ , ഞങ്ങൾ തമ്മിലുള്ള പൊരുത്തക്കേടുകൾ തുടങ്ങിയിരുന്നു . പക്ഷേ എവിടെയാണ് എല്ലാത്തിനെയും തുടക്കമെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല . ഒരു നൂറുകൂട്ടം സ്വപ്നങ്ങൾ ഉണ്ടായിരുന്നു , എല്ലാം തകർന്നടിഞ്ഞത് ഒറ്റ നിമിഷം കൊണ്ട് ആണ് . ദേവിയുടെ മരണം അക്ഷരാർഥത്തിൽ എന്നെ തളർത്തിയിരുന്നു . എന്റെ കൺ മുന്നിൽ വച്ചാണ് ദേവി………….. അയാളുടെ കണ്ണുകൾ അനുസരണയില്ലാതെ ഒഴുകിക്കൊണ്ടിരുന്നു . ഇത്രയും കാലം അടക്കിപ്പിടിച്ച സങ്കടങ്ങൾ അയാൾ ആ മുറിയിൽ ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞു തീർത്തു . * * *

ചെറിയച്ഛന്റെയും ചെറിയമ്മയുടെയും കൂടെയുള്ള ഫോട്ടോഷൂട്ട് കഴിഞ്ഞതിനുശേഷം അഞ്ജലി വീണ്ടും എന്റെ അടുത്തേക്ക് വന്നു . ” ശ്രുതി താൻ ഫ്രീ ആയോ ? ” ” ഓഹ് , സോറി അഞ്ജലി ഞാൻ മറന്നു പോയതായിരുന്നു . വാ നമുക്ക് പോവാം ” ഞാൻ അവളുടെ കൂടെ പൂന്തോട്ടത്തിന്റെ അടുത്തേക്ക് നടന്നു . അവിടെ ഞാനും അവളും ചേർന്ന് ദീപങ്ങൾ തെളിയിക്കാൻ തുടങ്ങി . ശ്രുതിയുടെ ശ്രദ്ധ ദീപം തെളിയിക്കുന്നതിൽ മാത്രമാണെന്ന് മനസ്സിലായപ്പോൾ അഞ്ജലി അവളുടെ അടുത്ത് നിന്ന് എഴുന്നേറ്റ് കുറച്ച് പുറകിലേക്ക് മാറി നിന്നു . എന്നിട്ട് അവൾ ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി , ആരുമില്ലന്ന് ഉറപ്പായപ്പോൾ അഞ്ജലി ശ്രുതിയുടെ നിലത്തു കിടന്നിരുന്ന സാരി തല പതിയെ ചവിട്ടി വലിച്ചിട്ടു . എന്നിട്ട് അതിലേക്ക് ശ്രുതി അറിയാതെ അവളുടെ കയ്യിലെ എണ്ണ ഒഴിച്ചു കൊടുത്തു . വിശ്വനാഥനു തന്റെ മകളെ ഒരു നോക്ക് കാണാനായി കിച്ചു മകന്റെ ഫോണിൽ ശ്രുതി അറിയാതെ അവളെ വീഡിയോ എടുക്കുവായിരുന്നു . അവന്റെ ഫോക്കസ് ഫുൾ ശ്രുതിയുടെ മേൽ ആയതിനാൽ അഞ്ജലി കാണിച്ചുകൂട്ടുന്നതൊന്നും അവൻ കണ്ടിരുന്നില്ല .

എന്നാൽ അവന്റെ കയ്യിൽ ഉണ്ടായിരുന്ന മൊബൈലിൽ ഇതെല്ലാം റെക്കോർഡ് ആകുന്നുണ്ടായിരുന്നു . ആരുംതന്നെ ശ്രദ്ധിക്കുന്നില്ലെന്ന് മനസ്സിലാക്കിയ അഞ്ജലി ശ്രുതി അറിയാതെ നീണ്ടു കിടക്കുന്ന അവളുടെ സാരിയുടെ അറ്റത്തേക്ക് വിളക്കിൽ കത്തികൊണ്ടിരിക്കുന്ന ഒരു തിരി എടുത്തിട്ടു . അത് അപ്പോൾ തന്നെ ആളിക്കത്താൻ തുടങ്ങിയിരുന്നു . അത് കണ്ട ഉടനെ അഞ്ജലി പെട്ടെന്ന് തന്നെ അവിടെ നിന്ന് ഓടിപ്പോയി . അഞ്ജലിയുടെ ഓട്ടം കണ്ടു സംശയം തോന്നിയ കിച്ചു ശ്രുതിയെ നോക്കുമ്പോഴാണ് ആ കാഴ്ച കണ്ടത് . അവളുടെ സാരിയിലേക്കു തീ പടർന്നു പിടിക്കുന്നു . സാരി കത്തി കരിഞ്ഞ മണവും പുകയും ഉയർന്നപ്പോഴാണ് ശ്രുതി തിരിഞ്ഞു നോക്കിയത് . സാരിക്ക് തീപിടിച്ചു എന്ന് മനസ്സിലാക്കിയ ഉടനെ അവൾ നിലവിളിക്കാൻ തുടങ്ങി . അവളുടെ ആർക്ക് കേട്ട ഉടനെ വീടിന്റെ മുന്നിൽ ദീപം തെളിച്ചു കൊണ്ടിരുന്ന എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി വന്നു . അപ്പോഴാണ് അവരത് കണ്ടത് .

ആ കാഴ്ച കണ്ട ഉടനെ അഭി അവളെ രക്ഷിക്കാനായി ഓടി വന്നപ്പോൾ സുപ്രിയ അവനെ തടഞ്ഞു . എന്നാൽ അവൻ അവരെ പിടിച്ചു തള്ളി അവൾക്ക് നേരെ പാഞ്ഞടുത്തു . “” ശ്രുതി “‘” പൂന്തോട്ടത്തിനെ മറ്റൊരു ഭാഗത്തു നിന്നു കിച്ചുവും അവൾക്ക് നേരെ ഓടുകയായിരുന്നു . ഒരു നിമിഷം ആ കാഴ്ച കണ്ടുനിന്നവരെല്ലാം അന്താളിച്ചു പോയി . ശ്രുതിയുടെ സാരിയിലേക്കു പടർന്നു കയറിയ അഗ്നി അവളെ വിഴുങ്ങുന്നതായി കണ്ടു നിന്നവർക്ക് തോന്നി . അപ്പോഴേക്കും എല്ലാവരുടെയും നിലവിളികൾ അവിടെ ഉയർന്നു കേട്ടിരുന്നു . ( തുടരും )