17/04/2026

ഈ നിമിഷം : ഭാഗം 12

രചന – രോഹിണി ആമി

മിന്നു അത്രയും വലിയൊരു വീട് ആദ്യമായിട്ടാണ് കാണുന്നതെന്ന് അവളുടെ കുഞ്ഞിക്കണ്ണുകളിൽ ഉണ്ടായിരുന്നു… ഓരോന്നും തൊട്ടും തലോടിയും അത്ഭുതത്തോടെ ആ വീട് മുഴുവൻ ഓടി നടന്നു.. അച്ഛൻ വിട്ടു പോകാത്തതിലും ടീച്ചർ ഇനി അടുത്തുള്ളതിന്റെയും ഒക്കെ സന്തോഷം ആ മുഖത്ത് ഉണ്ടായിരുന്നു.. ഒരു ആത്മവിശ്വാസം കൂടിയ പോലെ അവൾക്ക് .. ടീച്ചറിന്റെ അടുത്തു നിന്നും മാറി ഇപ്പോ രാധമ്മയ്ക്ക് ഒപ്പമാണ് നടക്കുന്നത്.. അമ്മയാണെങ്കിൽ അവളുടെ ഓരോ സംശയത്തിനും ചിരിയോടെ മറുപടി കൊടുക്കുന്നുണ്ട്.. മാധവനു മാത്രമായിരുന്നു ഒരു വൈഗ്ലഭ്യം.. കഴിക്കുമ്പോളും ആ വീട്ടിൽ ഇരിക്കുമ്പോളും എല്ലാം.. അയാൾക്ക് ഒന്നിനും യോഗ്യത ഇല്ലാത്തത് പോലെ ആയിരുന്നു ഭാവം.. അച്ഛൻ കൂടെ ഇരുന്ന് അയാളുടെ ആ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നുണ്ടായിരുന്നു.. ഓരോന്നും പറഞ്ഞു മനസ്സിന് ബലം കൊടുക്കുന്നുണ്ടായിരുന്നു..

പദ്മ മിന്നുവിനെയും കൂട്ടി സ്കൂളിലേക്ക് പോകാനിറങ്ങി .. പദ്മ അമ്മമാർക്കും അച്ഛനും ഉമ്മ കൊടുക്കുന്നത് മിന്നു നോക്കി നിന്നു.. അവളുടെ നിൽപ്പ് കണ്ടിട്ട് രാധമ്മയും അമ്മയും കവിളിൽ ഉമ്മ വെച്ചു.. നാണം വന്നിട്ട് ആ കുറുമ്പി ചേന വരച്ചില്ലെന്നേ ഉള്ളൂ.. മാധവന്റെ കണ്ണുകൾ ചെറുതായിട്ട് ഒന്ന് നനഞ്ഞു.. മിന്നു സ്കൂട്ടറിൽ കയറിയപ്പോൾ പദ്മ മാധവനെ ഒന്ന് പുച്ഛത്തിൽ നോക്കാനും മറന്നില്ല.. “എന്താ താൻ തെറി വിളിക്കുന്നില്ലേ”എന്ന രീതിയിൽ… സർവ്വസ്വാതന്ത്ര്യത്തോടെ അവൾ കയറിയിരുന്നു തന്റെ ടീച്ചറിനെ മുറുക്കി പിടിച്ചു.. എല്ലാവരെയും കൈ വീശി കാണിച്ചു…

സ്കൂട്ടി ഓടിച്ചു പോകുമ്പോൾ മാധവന് പാട്ടത്തിന് കൊടുത്ത സ്ഥലത്തേക്ക് ഒന്ന് നോക്കി.. നന്നായി കാട് കയറി കിടക്കുകയാണ്.. കുറച്ചു കഷ്ടപ്പെടേണ്ടി വരും.. അച്ഛൻ കൂടെ നിന്ന് എല്ലാം ശരിയാക്കി കൊടുക്കും.. മാധവനു കൂടുതൽ ഒന്നും ചിന്തിക്കേണ്ടി വരില്ല…

ഒന്നും നേരത്തെ തീരുമാനിച്ചുറച്ച കാര്യങ്ങൾ ആയിരുന്നില്ലല്ലോ . അപ്പോൾ തോന്നിയത് അപ്പോൾ തന്നെ ചെയ്തു.. അയാൾ അത് സ്വീകരിക്കുമെന്ന് ഒരു ഉറപ്പും ഇല്ലായിരുന്നു.. പക്ഷേ.. പുറമെ കാണുന്ന പോലെ ആയിരുന്നില്ല അയാൾ.. അയാൾക്ക് പിന്നിൽ ഇത് പോലൊരു കഥ ഉണ്ടാവുമെന്ന് താനും വിചാരിച്ചില്ല.. മിന്നുവിന്റെ സന്തോഷം തിരിച്ചു പിടിച്ചതിന്റെ ആശ്വാസത്തിലായിരുന്നു പദ്മ..

വൈകുന്നേരം മിന്നുവിനെ കൂട്ടി കുറച്ചു ഉടുപ്പുകളും അവളാവശ്യപ്പെട്ട കുറച്ചു സാധനങ്ങളും ഒക്കെ വാങ്ങി.. ഭയങ്കര സന്തോഷത്തിലാണ് ആള്.. ഒരു പുതുജീവൻ കിട്ടിയ പോലെ… വീട്ടിലെത്തിയപ്പോൾ കണ്ടു കുറച്ചാളുകൾ നിന്ന് പറമ്പ് തെളിക്കുന്നത്.. പകുതിയിലേറെയും കഴിഞ്ഞു.. അച്ഛൻ എല്ലാത്തിനും മേൽനോട്ടം വഹിക്കുന്നുണ്ട്.. അവർക്കുള്ള വീടും റെഡി ആക്കിയിട്ടുണ്ട്.. നേരെ അങ്ങോട്ടേക്കാണ് പോയത്.. ഒരു മുറിയിൽ കട്ടിലും ഒരു അലമാരിയും ഉണ്ട്. ഹാളിൽ അവൾക്ക് പഠിക്കാൻ ഒരു ടേബിൾ.. അടുക്കളയിൽ ഗ്യാസ് സ്റ്റവും ആവശ്യത്തിന് മാത്രം കുറച്ചു സാധനങ്ങളും .. മിന്നുവിന് വേണ്ടി വാങ്ങിയ ഡ്രസ്സ്‌ എല്ലാം അടുക്കി അലമാരയിൽ വെച്ചു.. അതിൽ നിന്നും ഒരെണ്ണം എടുത്തു അവളുടെ കയ്യും പിടിച്ചു വീട്ടിലേക്ക് പോന്നു.. ഡ്രസ്സ്‌ മാറി നേരെ അവളെയും കൂട്ടി ബാത്‌റൂമിൽ കയറി.. ചുറ്റും നോക്കിയിട്ട് ടീച്ചർ എന്തു ചെയ്യാൻ പോകുവാണെന്നു നോക്കി നിന്നു… യൂണിഫോം ഊരാൻ തുടങ്ങിയപ്പോൾ അവൾ നാണത്തോടെ ചിരിച്ചു.. എല്ലാം ഊരി ഒരു ടവൽ ചുറ്റി.. മുടി പിന്നൽ അഴിച്ചു ഷാംപൂ ഇട്ട് കഴുകി… നന്നായിട്ട് കുളിപ്പിച്ച് ഇറക്കി പുതിയ ഡ്രസ്സ്‌ ഇട്ടപ്പോഴേക്കും ആളുടെ രൂപം തന്നെ മാറി.. അപ്പോഴേക്കും അവർക്കുള്ള പാല് എടുത്തു വന്നു രാധമ്മ.. പദ്മ മിന്നുവിനെയും കൂട്ടി പറമ്പിലേക്ക് ചെന്നു… അച്ഛന്റെ അടുത്തു ചെന്നു നിന്നു.. എപ്പോളും പദ്മയുടെ കയ്യും പിടിച്ചു മിന്നുവും കാണും.. മാധവൻ മിന്നുവിന്റെ പുതിയ രൂപത്തെ നോക്കിക്കാണുകയായിരുന്നു… കുഞ്ഞിന് വല്ലാത്തൊരു മാറ്റം.. പദ്മയോട് എന്തെങ്കിലുമൊന്ന് മിണ്ടാനോ നോക്കാനോ അയാൾക്ക് വിഷമം ഉള്ളത് പോലെ… പദ്മയും അയാളെ തീരെ ശ്രദ്ധിക്കാൻ പോയില്ല..

വൈകുന്നേരം രാധമ്മയുടെ കൂടെ വിളക്കു തുടയ്ക്കാനും കത്തിക്കാനും നാമം ജപിക്കാനുമെല്ലാം മിന്നുവും ഉണ്ടായിരുന്നു.. തനിച്ചിരുന്നു ഹോം വർക്ക് ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന മിന്നുവിനെ പദ്മ നോക്കിയിരുന്നു.. എല്ലാം തനിച്ചു ചെയ്യാൻ അവൾക്കറിയാം.. ചെയ്തു കൊടുക്കാൻ അമ്മ ഇല്ലാത്തതിനാലാവാം.. അല്ലെങ്കിൽ ഈയൊരു പ്രായത്തിൽ ഇളയതിനെ വളർത്തിയ പക്വത ആയിരിക്കും.. എങ്കിലും എങ്ങനെ തോന്നി ആ സ്ത്രീയ്ക് മക്കളെ ഇട്ടിട്ട് പോകാൻ.. മാധവൻ പറഞ്ഞു കേട്ടത്രേം അവരുടെ ജീവിതം മനോഹരം ആയിരുന്നു.. പിന്നെന്തിനാ പ്രായം പോലും നോക്കാതെ അയാൾക്കൊപ്പം പോയത്.. ആ ഒരു ചിന്ത പദ്മയുടെ മനസ്സിൽ വന്നു പോയി.. മിന്നുവിന് ഭക്ഷണം കൊടുത്തു അവളെ കൊണ്ടാക്കാൻ ചെന്നു പദ്മ.. മാധവനുള്ളത് പാത്രത്തിൽ എടുത്ത് മേശപ്പുറത്തു മൂടി വെച്ചു.. മിന്നുവിനെ കിടത്തി പുതപ്പിച്ചു.. അവൾ പദ്മയുടെ കവിളിൽ ഉമ്മയും വെച്ചു … അയാൾ അവിടെ എവിടെയോ ഉണ്ടെന്ന് ബീഡി മണത്തിൽ നിന്നും മനസ്സിലായി.. പദ്മ തിരിച്ചു പോന്നു..

മിറ്റം അടിച്ചു വാരുന്ന ശബ്ദം കേട്ടാണ് പദ്മ കണ്ണു തുറന്നത്… “ഈ അമ്മയുടെ ഒരു കാര്യം “.. ഒന്നു ഫ്രഷ് ആയി പുറത്തേക്ക് അമ്മയെ വഴക്ക് പറയാൻ വന്നു നോക്കിയപ്പോൾ മിന്നു അവളെക്കാൾ വലിയൊരു ചൂലും വെച്ച് മുറ്റം തൂത്തു വാരുകയാണ്..

“സ്വയം ചെയ്തില്ലെങ്കിലും പഠിപ്പിക്കുന്ന പിള്ളേരെ ഒക്കെ സ്വയംപര്യാപ്തരാക്കിയിട്ടുണ്ട്”.. ആശരീരി പോലെന്തോ ഒന്ന് പദ്മ കേട്ടു.. രാധമ്മ തന്നെയും മിന്നുവിനെയും നോക്കി പറഞ്ഞതാ… അതിരാവിലെ ഒന്നും മുറ്റം തൂക്കില്ലെന്നേ ഉള്ളൂ.. ഞാൻ തന്നെയാ ഈ വീട്ടിൽ ഇതൊക്കെ ചെയ്യുന്നേ.. “മനുഷ്യന് പേരുദോഷം ഉണ്ടാക്കാൻ.. ഇവളെ ഇന്ന് ഞാൻ..” പൊറുപൊറുത്തുകൊണ്ട് മിന്നുവിന് അടുത്തേക്ക് ചെന്നു..

“ഇത് കുറെയുണ്ടല്ലോ മിന്നമ്മേ..” അവൾ കൂട്ടി വെച്ചിരിക്കുന്ന ബീഡിക്കുറ്റി ഒക്കെ നോക്കിയിട്ട് പദ്മ പറഞ്ഞു..

” അച്ഛൻ വലിച്ചതാ.. ഒത്തിരി വലിക്കും.. രാത്രിയിൽ ഉറങ്ങാതെ “.. മിന്നുവിന്റെ ശബ്ദത്തിൽ ചെറിയൊരു വിഷമം ഉള്ളത് പോലെ.. അവളുടെ കയ്യിൽ നിന്നും ചൂൽ വാങ്ങിയിട്ട് മാധവൻ കേൾക്കാൻ വേണ്ടി തന്നെ കുറച്ച് ഉറക്കെ പറഞ്ഞു..

“ഇതൊക്കെ വലിച്ചു കേറ്റുമ്പോ അവനവനു മാത്രമല്ല കൂടെ ഉള്ളവർക്കും ആപത്താ.. സ്വയം അങ്ങു ചത്താൽ പോരേ മറ്റുള്ളവരെ കൂടെ കൊല്ലണോ.. പഠിപ്പ് മാത്രമല്ലേ ഇല്ലാത്തതുള്ളൂ.. കുറേ പ്രായം ഉണ്ടല്ലോ.. ഇത്രയും നാളത്തെ ജീവിത അനുഭവം ഉണ്ടല്ലോ.. അതിൽ നിന്നും കിട്ടുന്ന വിവേകവും വിവരവും പഠിപ്പിനേക്കാൾ വലുതാണ്.. കൊട്ടക്കണക്കിന് അഭിമാനം മാത്രം ഉണ്ട് കൈമുതലായിട്ട് “.

കേൾക്കേണ്ട ആൾ കേട്ടുവെന്ന് പദ്മയ്ക്ക് ബോധ്യമായി.. മിന്നു ആകെ അന്തംവിട്ടു നിൽക്കുന്നുണ്ട്.. ടീച്ചർ ഇതൊക്കെ എന്നോട് എന്തിനാ പറയുന്നേ.. ഞാൻ എന്തു ചെയ്തു.. ” നീ സ്കൂളിൽ പോകുന്നില്ലേ ഇന്ന്.. നാലക്ഷരം പഠിച്ചു മറ്റുള്ളവർക്ക് മുന്നിൽ ജീവിച്ചു കാണിക്ക്.. അല്ലാതെ അഭിമാനം കൊണ്ടിരുന്നാൽ ആരും കൊണ്ടു തരില്ല വിശപ്പിന്.. ഒരുങ്ങീട്ട് വീട്ടിലോട്ട് വന്നേക്കണം നീ . കേട്ടല്ലോ “.. പദ്മ ചൂലും കൊണ്ടു കയ്യിൽ രണ്ടു തട്ട് തട്ടി ഒന്നമർത്തി മൂളിയിട്ട് വീട്ടിലേക്ക് പോയി.. ഇനി ചൂല് വെച്ചെങ്ങാനും ടീച്ചറിന്റെ തല്ലു കിട്ടിയാലോന്ന് വിചാരിച്ചു മിന്നു പേടിച്ചു അകത്തേക്കോടി.. ജനാലയിൽ കൂടി രണ്ടു കണ്ണുകൾ പദ്മയെ പിന്തുടർന്നു . കയ്യിലിരുന്ന ബീഡിയുടെ പാക്കറ്റ് മേശപ്പുറത്തേക്ക് ഇട്ടു ..

ഓരോ ദിവസം കഴിയും തോറും ബീഡിക്കുറ്റിയുടെ എണ്ണം കുറഞ്ഞു വന്നു.. മിന്നുവിന്റെ മുഖത്തെ ഐശ്വര്യം കൂടി കൂടി വന്നു..സന്തോഷവും.. സ്ഥലം മുഴുവൻ കിളച്ചു മറിച്ചു.. വിത്തിടാൻ നല്ല ദിവസം നോക്കി വെച്ചു.. അച്ഛന്റെ കൂട്ടുകാരൻ പെൻഷൻ ആയ ഒരു കൃഷിഓഫീസർ കൂടി ഉണ്ട് എല്ലാത്തിനും അച്ഛനൊപ്പം.. മിന്നുവും പദ്മയും രാവിലെ അമ്പലത്തിൽ പോയി വന്നു.. “എങ്കിൽ പിന്നെ തുടങ്ങിക്കോളാൻ” അച്ഛൻ പറഞ്ഞു.. മാധവൻ പദ്മയുടെ നേർക്ക് വിത്തിന്റെ പാത്രം നീട്ടി… പദ്മ അച്ഛനെ ഒന്നു നോക്കി.. വാങ്ങാൻ അച്ഛൻ സമ്മതം തന്നു.. മണ്ണ് കുറച്ചു മാറ്റി.. വിത്തെടുത്തു മനസ്സ് കൊണ്ട് പ്രാർത്ഥിച്ചു.. “ദൈവമേ മിന്നിച്ചേക്കണേ” ന്ന്.. പദ്മയും മിന്നുവും ഒരുമിച്ച് വിത്തിട്ടു മണ്ണു മൂടി.. അമ്മമാർ രണ്ടാളും കൈകൂപ്പി നിന്നു പ്രാർത്ഥിച്ചു… ബാക്കി എല്ലാവരും പണി തുടങ്ങി.. മാധവനെ സഹായിക്കാൻ അച്ഛൻ ഏർപ്പാടാക്കിയ ആളുകളാണ്..

അമ്മമാർ രണ്ടാളും കൂടി എല്ലാവർക്കും വേണ്ടി നല്ലൊരു സദ്യ തന്നെ ഉണ്ടാക്കി.. ഞാനും മിന്നുവും അവർക്കൊപ്പം കൂടി.. ചിരകുന്ന തേങ്ങ ഒക്കെയും തിന്ന് അവളും സഹായിച്ചു.. അച്ഛനും മാധവനൊപ്പം തന്നെ വലിയ ഉത്സാഹത്തിലാണ്.. മിണ്ടാനും പറയാനും കൂടെ നടക്കാനും ഒരാളെ കിട്ടിയതിന്റെ സന്തോഷത്തിലാണ്.. ഇപ്പോൾ ആൾക്ക് ചേച്ചിയെക്കുറിച്ചുള്ള ടെൻഷൻ കുറഞ്ഞത് പോലെ.. കിടക്കുമ്പോളും എണീക്കുമ്പോളും മാധവനും കൃഷിയും മാത്രം ആണ് വായിൽ .. ഇതുപോലെ ഒരാളെയാണ് ഇത്രയും നാൾ കാത്തിരുന്നത് എന്നു തോന്നും പോലെ ആയിരുന്നു അച്ഛന്റെ രീതി ഒക്കെയും ..

വിത്ത് ഇട്ടതിനു ശേഷം അധികം പണിയുണ്ടായില്ല മാധവനു.. വൈകുന്നേരം ഒന്ന് നനച്ചു കൊടുക്കണം.. അത്രമാത്രം.. പകലൊക്കെ വെറുതെ ഇരിക്കുന്ന ആൾക്ക് അച്ഛൻ ലോണിൽ ഒരു ഓട്ടോ എടുത്തു കൊടുത്തു.. വേണ്ടാ എന്നു പറയാൻ മാധവനു തോന്നിയില്ല ..ലോൺ തനിക്ക് അടച്ചു തീർക്കാൻ കഴിയും എന്നുറപ്പുണ്ടായിരുന്നു അയാൾക്ക്.. മാത്രമല്ല പദ്മയുടെ വാക്കിനെ എതിർക്കാൻ അയാൾക്ക് അത്രയും പേടിയുണ്ടായിരുന്നു.. പദ്മയ്ക്ക് മുന്നിൽ അയാൾക്കും മിന്നുവിനും ഒരേ പ്രായമായിരുന്നു.. എങ്ങാനും ബീഡി വലിച്ചു നിൽക്കുമ്പോൾ പദ്മയെ കണ്ടാൽ അത് വലിച്ചെറിയും.. അവളെ കാണുമ്പോൾ തലയും കുനിച്ചൊരു പോക്കാ.. മിന്നു കളിയാക്കാൻ തുടങ്ങി “അയ്യേ ടീച്ചറിനെ പേടിയാ അച്ഛന് “.. എന്നിട്ട് വാ പൊത്തി ചിരിക്കും..

“പുതിയ ആള് ആയോണ്ടാവും ഓട്ടം ഒന്നും കിട്ടുന്നില്ല.. പിന്നെ ചുമ്മാ സ്റ്റാൻഡിൽ പോയി കിടക്കാം “..അച്ഛനോട് മാധവൻ സങ്കടം പറയുന്നത് കേട്ടു..

“അതിന് ആദ്യം സവാരി പോകാൻ വരുന്നവർക്ക് ഓട്ടോ ഡ്രൈവർ ഒരു മനുഷ്യൻ ആണെന്ന് തോന്നണം.. ഇതൊരുമാതിരി മുടിയും താടിയും നീട്ടി ബീഡിയും വലിച്ചു നിന്നാൽ ആരും വരില്ല ആ ഓട്ടോയിൽ കയറാൻ.. എന്തിന്.. ഈ ഞാൻ പോലും കയറില്ല പേടിച്ച് “.. പദ്മ പറയുന്നത് കേട്ടപ്പോൾ അച്ഛൻ തിരിഞ്ഞു നോക്കി അവളെ കണ്ണുരുട്ടി കാണിച്ചു.. അവൾ അച്ഛനോട്, ഞാൻ സത്യമല്ലേ പറഞ്ഞത് എന്ന് ആംഗ്യത്തിൽ ചോദിച്ചു.. മാധവൻ തിരിഞ്ഞു നോക്കിയില്ല.. ഈ സംസാരം ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ.. കേട്ട് ശീലമായി.. ഇതാണ് പദ്മ ഇങ്ങനെയാണ് പദ്മ എന്ന് മാധവനു ഇപ്പോൾ ശരിക്കും മനസ്സിലായി.. അന്ന് പറഞ്ഞതിനെല്ലാം കൂട്ടി ഇന്ന് പകരം വീട്ടുവാണ് തന്നോട് ..

ഓടി വരും..