25/05/2026

ഈ നിമിഷം : ഭാഗം 20

രചന – രോഹിണി ആമി

അച്ഛൻ പറഞ്ഞു തന്ന അഡ്രസ്സിൽ ചെന്നു നിൽക്കുമ്പോൾ ചെറുതായി ഒന്ന് വിറച്ചു.. ചോദിക്കുന്നവരോട് എന്തു മറുപടി പറയും, ഇനി ടീച്ചർ വരാൻ കൂട്ടാക്കിയില്ലെങ്കിലോ.. വന്ന വഴിയേ പോകേണ്ടി വരുവോ.. എന്തായാലും ടീച്ചറില്ലാതെ തിരിച്ചു പോകില്ലെന്ന് മനസ്സിൽ ഉറപ്പിച്ചു.. മിന്നു ചുറ്റും നോക്കുന്നുണ്ട്… പിന്നെ തന്റെ മുഖത്തേക്കും നോക്കി, ഇതാരുടെ വീടാണെന്ന് അറിയാൻ.. ആരുമില്ലേ ഇവിടെ.. തിരിച്ചു കയ്യും വീശി പോകേണ്ടി വരുവോ.. ഇറങ്ങണോ വേണ്ടയോന്ന് ആലോചിച്ചിരുന്നപ്പോൾ ദേ കാണാൻ ആഗ്രഹിച്ചയാൾ അടുത്തേക്ക് വരുന്നുണ്ട്.. അച്ഛൻ ആണെന്ന് കരുതി മുഖത്തു ചെറിയൊരു ചിരിയോടെയാണ് വരുന്നത്.. കുറച്ചു അടുത്ത് വന്നപ്പോൾ ആണ് കാറിനുള്ളിൽ ആരെന്ന് മനസ്സിലായത്.. മുഖത്തെ ചിരി മാഞ്ഞു.. മിന്നു പദ്മയെ കണ്ടതും ചാടിയിറങ്ങി ഓടി.. പദ്മ ഓടി വന്ന് അവളെ പൊക്കിയെടുത്തു.. “എന്റെ പൊന്നേ”.. രണ്ടാളും ഒന്നും മിണ്ടാതെ കെട്ടിപ്പിടിച്ചു നിന്നു.. കണ്ണുനീരിന് ഇടയിലും മുഖം നിറയെ ഉമ്മ കൊടുത്തു മിന്നു..

“വാ അമ്മേ നമുക്ക് പോകാം വീട്ടിലേക്ക്.. അമ്മയില്ലാതെ അവിടെ ഒരു രസവുമില്ല.. ഇവിടെ എന്തിനാ വന്ന് നിക്കുന്നേ”.. ആ വീട് മൊത്തത്തിൽ ഒന്നു നോക്കിയിട്ട് മിന്നു ചോദിച്ചു..

“ഇതോ….. ഇത് നിന്റെ അമ്മമ്മ ജനിച്ചു വളർന്ന വീടാ.. അമ്മമ്മയുടെ അമ്മയും വേറൊരു അമ്മയും ഒക്കെയുണ്ട് ഇവിടെ.. കാണണ്ടേ നിനക്ക്. വാ”.. മിന്നുവിന്റെ സമ്മതം കേൾക്കാൻ നിൽക്കാതെ അവളുടെ കയ്യിൽ പിടിച്ചു നടന്നു…

ഞാനിത് തന്നെയാ പ്രതീക്ഷിച്ചത്.. എന്നെ നോക്കില്ലെന്നും മിണ്ടില്ലെന്നും ഒക്കെ.. ഇങ്ങനെ ഒരു ജീവിയെ ഇല്ലെന്ന രീതിയിലാണ് പോക്ക് രണ്ടിന്റേം.. എന്നാലും ഇങ്ങനെ അവഗണിച്ചപ്പോൾ എന്തോ ഒരിത്..

“കയറി വാ.. വീട്ടിൽ വരുന്നവരെ ഇറക്കി വിട്ടു ശീലമില്ല.. വാ”.. പദ്മ അവിടെ നിന്ന് തന്നെ പറഞ്ഞു.. ഇതെനിക്കിട്ട് കുത്തിയതാ.. അന്ന് വീട്ടിൽ നിന്ന് പോകാൻ പറഞ്ഞതിന്.. മാധവൻ വരും വരെ അവിടെ കാത്തു നിന്നു പദ്മ.. ഒരു വീട്ടിൽ വന്നിട്ട് വീട്ടുകാരെ കാണാതെ പോകുന്നത് ശരിയല്ലല്ലോ.. അമ്മയുടെ വീടും വീട്ടുകാരെയും ഒക്കെ ഒന്ന് കണ്ടുകളയാം.. അകത്തേക്ക് കയറിയപ്പോളേ കണ്ടു രാധമ്മയുടെ ഛായ ഉള്ള ഒരമ്മയെ..

“ഇത് അമ്മയുടെ ചേച്ചിയാ.. ദേവി.. ഇവിടാ താമസം.. വല്യച്ഛൻ ഇല്ല.. മോൻ ഉണ്ട്.. ജോലിയുണ്ട് .. ആഴ്ചയിൽ വരും”.. പദ്മ പരിചയപ്പെടുത്തി കൊടുത്തു..

ദേവമ്മ ഒത്തിരി പരിചയം ഉള്ളത് പോലെ വന്ന് മിന്നൂട്ടിയേ പിടിച്ചു.. “ഇത് മിന്നൂട്ടിയല്ലേ”.. മിന്നു അതേയെന്ന് തലയാട്ടി.. “പദ്മ എപ്പോളും മിന്നൂട്ടിയുടെ കാര്യം പറയും”.. ശരിയാണോന്ന് അറിയാൻ മിന്നു പദ്മയുടെ മുഖത്തേക്ക് നോക്കി.. പദ്മ ഒന്നു ചിരിച്ചു.. “അപ്പോൾ ഇത് മാധവൻ ആയിരിക്കുമല്ലോ അല്ലേ”.. അപ്പോൾ പദ്മ തന്നെക്കുറിച്ചും പറഞ്ഞിട്ടുണ്ട്.. അത് ഓർത്തപ്പോൾ തന്നെ മാധവന് ഒരാശ്വാസം തോന്നി ..

“രാധ വിളിച്ചിരുന്നു.. ഇങ്ങനെ രണ്ടുപേർ പദ്മയെ തേടി ഇങ്ങോട്ടേക്കു പോന്നിട്ടുണ്ടെന്നും പറഞ്ഞു”.. ദേവമ്മ പറഞ്ഞപ്പോൾ മാധവൻ ഒന്ന് ആശ്വസിച്ചു ഇനിയിപ്പോൾ തന്നെക്കുറിച്ച് ഒന്നും പറയേണ്ടി വരില്ലല്ലോന്ന് ഓർത്ത് ..

“എന്നിട്ട് അമ്മ എന്നോട് പറഞ്ഞില്ലല്ലോ… ഇവർ വരുന്ന കാര്യം”.. പദ്മ ചോദിച്ചു..

“അത് നിനക്കൊരു കുഞ്ഞു സർപ്രൈസ് തന്നതാ.. അല്ലേ”.. മിന്നൂട്ടിയുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു..

“മ്മ്.. ഇതൊരുമാതിരി വല്ലാത്ത സർപ്രൈസ് ആയിപോയി”.. പദ്മ പറഞ്ഞപ്പോൾ അതും തനിക്കിട്ടുള്ള കുത്ത് ആണെന്ന് മാധവന് മനസ്സിലായി..

“നിങ്ങൾ പോയി അമ്മയെ കാണ്.. ഞാൻ ചായ എടുത്തിട്ട് വരാം”.. ദേവമ്മ പോയപ്പോൾ പദ്മയ്‌ക്കൊപ്പം മാധവനും നടന്നു.. ഒരു റൂമിലേക്കാണ് പോയത്.. കുഴമ്പിന്റെയും രാസ്നാദിയുടെയും രാമച്ചത്തിന്റെയും ഒക്കെ കൂടിക്കലർന്ന ഒരു മണം.. അവിടെ കട്ടിലിൽ നല്ലൊരമ്മ… പദ്മ മിന്നൂട്ടിയെ ആ അമ്മയ്‌ക്കരികിൽ ഇരുത്തി.. അമ്മയുടെ കയ്യിലേക്ക് ആ കുഞ്ഞിക്കൈ വെച്ചു പിടിപ്പിച്ചു.. കണ്ണു പിടിക്കില്ലെന്ന് തോന്നുന്നു.. സൂക്ഷിച്ചു നോക്കുന്നുണ്ട്.

“മിന്നൂട്ടിയാ അമ്മമ്മേ”.. പദ്മ കുറച്ചുറക്കെ പറഞ്ഞു.. ഒന്ന് ചിരിച്ചിട്ട് അവളെ ചേർത്തിരുത്തി ഉമ്മ ഒക്കെ കൊടുത്തു.. മിന്നു ആദ്യമായാണെന്നു തോന്നുന്നു അത്രയും അടുത്ത് ഒരു മുത്തശ്ശിയെ കാണുന്നത്.. അതിന്റെ അത്ഭുതം ആ കണ്ണുകളിൽ ഉണ്ട്… മിന്നുവിനെ ആയമ്മ സ്നേഹിക്കുന്നത് കണ്ടപ്പോൾ മാധവന് ഉള്ളു നിറഞ്ഞ പോലെ തോന്നി.. ഒപ്പം കണ്ണും..

“ആഹാ.. ഇവിടെ വരെ നിന്നെ തേടി വന്നോ കള്ളിപ്പെണ്ണ്”.. അവർ പദ്മയോട് ചോദിച്ചു..

“മിന്നൂട്ടി തനിച്ചല്ല മാധവനും കൂടെയുണ്ട്”..

“ആണോ.. എവിടെ.. ഇങ്ങടുത്തു വാ അമ്മമ്മയ്ക്ക് അടുത്ത് നിന്നാലേ കാണൂ”.. അവർ നിഴൽ പോലെയുള്ള രൂപത്തിന് നേരെ കൈനീട്ടി പറഞ്ഞു.. മാധവൻ ആ കയ്യിലേക്ക് കൈ വെച്ചു കൊടുത്തു.. അവർ അടുത്തിരുത്തി.. മുഖം ഒക്കെ തഴുകി മുടിയിൽ കയ്യോടിച്ചു തോളിൽ വിശ്രമിച്ചു.. “പദ്മ പറഞ്ഞു പറഞ്ഞു മിന്നൂനെയും അവൾടെ അച്ഛനെയും കാണാൻ ആഗ്രഹം തോന്നിയതാ.. അത് ഇത്രയും പെട്ടെന്ന് നടക്കുമെന്ന് വിചാരിച്ചില്ല”.. അമ്മമ്മ പറഞ്ഞു..

ജീവിതത്തിൽ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത സ്നേഹത്തിലൂടെ ഒക്കെ കടന്നു പോകുകയാണ് മാധവൻ.. അമ്മമ്മയുടെ ചുക്കി ചുളിഞ്ഞ കയ്യിൽ മുറുകെ പിടിച്ചു.. ആ അമ്മമണം മനസ്സിൽ ആവോളം സൂക്ഷിച്ചു വെച്ചു .. അപ്പോഴേക്കും ദേവമ്മ ചായയും കൊണ്ടു വന്നു.. മിന്നൂന്റെ കയ്യിൽ പാല് കൊടുത്തു.. “രാധ വിളിച്ചു പറഞ്ഞിരുന്നു മിന്നൂട്ടി പാലുകുടിച്ചിയാന്ന്”.. മിന്നൂട്ടി നാണം വന്നിട്ട് പദ്മയുടെ നെഞ്ചിൽ മുഖം മറച്ചു..

തന്റെ കുഞ്ഞിന്റെ ഇഷ്ടത്തിന് വരെ പ്രാധാന്യം കൊടുക്കുന്നുണ്ട് എല്ലാവരും.. അപ്പോൾ അത്രയും നന്നായിട്ടാവില്ലേ പദ്മ ഇവിടെ പറഞ്ഞിട്ടുണ്ടാവുക.. ഒരുപാട് ഇഷ്ടത്തോടെ ആ മുഖത്തേക്ക് നോക്കി.. എവിടെ.. ഒരു നോട്ടം പോലും ഇങ്ങോട്ടേക്കില്ല.. അമ്മമ്മയുടെ അടുത്തിരിക്കുന്ന മിന്നൂട്ടിയിലാണ് ശ്രദ്ധ മുഴുവൻ..

“മിന്നൂട്ടി പോവണ്ടാട്ടോ മുത്തശ്ശിയുടെ കൂടെ നിന്നോ.. എനിക്കാണെങ്കിൽ മിണ്ടാനും പറയാനും ഒരാളായല്ലോ”..മുത്തശ്ശി പറഞ്ഞപ്പോൾ മിന്നു കുറച്ചു പേടിയോടെ പദ്മയെ നോക്കി. തന്നെ ഇവിടെ ഇട്ടേച്ചു പോകുമോ എന്ന രീതിയിൽ..

“അല്ലെങ്കിലും ഇന്നിനി പോകണ്ടാ .. അവിടെ ചെല്ലുമ്പോൾ രാത്രി ആവില്ലേ.. കൊച്ചിനേം കൊണ്ടു ബുദ്ധിമുട്ട് ആവില്ലേ”.. ദേവമ്മ മാധവനോട് ചോദിച്ചു..

“ഇല്ല പോകണം.. വൈകിയാണെങ്കിലും ചെല്ലാമെന്ന് അച്ഛനോട് പറഞ്ഞിട്ടുണ്ട്”.. മാധവൻ പറഞ്ഞു..

“ഇന്ന് ഇവർ പോകുന്നില്ല ദേവമ്മേ.. ഇനി ഡ്രൈവ് ചെയ്താൽ ശരിയാവില്ല.. നാളെയേ പോകൂ”.. പദ്മയാണ് പറഞ്ഞത്.. മിന്നു ചിരിക്കുന്നുണ്ട്.. അയ്യേ അച്ഛൻ ചമ്മിയേ എന്നുള്ള രീതിയിൽ.. ഇനിയെന്ത് പറയാനാ.. തിരുവായ്ക്ക് എതിർവാ ഇല്ലെന്നല്ലേ.. ഇന്നേവരെ അനുസരിച്ചാണ് ശീലം.. ഇതും അങ്ങനെ തന്നെ.. ദേവമ്മ അനുസരണയോടെ മിണ്ടാതെ ഇരിക്കുന്ന മാധവനെ ഒന്നു നോക്കി ..

“മോളെ ഇവർക്കുള്ള മുറി കാണിച്ചു കൊടുക്ക്”.. ദേവമ്മ പറഞ്ഞപ്പോൾ മാധവൻ എന്തോ പറയാൻ തുടങ്ങി.. അപ്പോഴേക്കും പദ്മയുടെ മറുപടിയും എത്തിയിരുന്നു.. “ഇവിടെ ഔട്ട്ഹൗസ് ഒന്നും ഇല്ല താമസിക്കാൻ.. പിന്നെ, ഞങ്ങൾക്ക് പകർച്ചവ്യാധി ഒന്നും ഇല്ല പകരാൻ മാത്രം.. ഇവിടെ കിടക്കാൻ പറ്റില്ലെങ്കിൽ പത്തിരുപതു കിലോമീറ്റർ അപ്പുറത്ത് ഒരു ലോഡ്ജ് ഉണ്ട്.. പോകുന്നോ”..

പദ്മയുടെ പറച്ചിലും മാധവന്റെ “ഇല്ല” ന്നുള്ള പറച്ചിലും കണ്ടു ദേവമ്മക്ക് ചിരി പൊട്ടി.. മിന്നുവാണെങ്കിൽ ഇതെത്ര കണ്ടിരിക്കുന്നു എന്ന മട്ടിലാണ്.. എങ്കിലും ദേവമ്മ പദ്മയെ വഴക്ക് പറഞ്ഞു.. ഇങ്ങനെ ഒന്നും പറയാൻ പാടില്ലെന്ന്..

“യ്യോ.. അഭിമാനിയാണ് ദേവമ്മോ.. ഒന്നും പറയാൻ പാടില്ല.. ചിലപ്പോൾ വീട് വിട്ടു പോയിക്കളഞ്ഞുന്ന് വരും”.. പദ്മ പറഞ്ഞപ്പോൾ ദേവമ്മ മാധവന്റെ മുഖത്തേക്ക് നോക്കി.. അവിടെ ഒരു ചമ്മിയ ചിരി ഉണ്ടായിരുന്നു.. മുറിയിൽ ബെഡ് ഷീറ്റ് വിരിക്കുകയാണ് പദ്മ.. ദേവമ്മ പോയിന്ന് ഉറപ്പായപ്പോൾ മാധവൻ പറഞ്ഞു..

“ഞങ്ങൾ ഇവിടെ നിൽക്കാൻ വന്നതല്ല.. ടീച്ചറിനെ കൂട്ടാൻ വന്നതാ.. നമുക്ക് ഇപ്പോ തന്നെ പോയാലോ.. ഞാൻ അച്ഛന് വാക്കും കൊടുത്തു ഇന്ന് ഇരുളും മുൻപ് ടീച്ചർ വീട്ടിൽ കാണും ന്ന്”..

“ആരോട് ചോദിച്ചിട്ട്.. ഞാൻ പറഞ്ഞോ എന്നെ കൂട്ടാൻ വരാൻ.. ഇങ്ങോട്ട് ഞാൻ പോന്നത് തനിച്ചാ.. തിരിച്ചു വരാനും അറിയാം.. ഞാനും വാക്ക് കൊടുത്തിട്ടുണ്ട് പലർക്കും.. അതൊന്നും തിരുത്താനും എന്നെക്കൊണ്ട് ആവില്ല”..പദ്മ വാശിയോടെ പറഞ്ഞു..

“അതൊന്നും മനസ്സിൽ നിന്ന് കളഞ്ഞില്ലേ.. എന്റെ ഭാഗത്തു നിന്ന് വിഷമിപ്പിക്കേണ്ടി വന്നതിന് ക്ഷമ ചോദിക്കുവാ ഞാൻ.. ആ ദേഷ്യം മനസ്സിൽ വെച്ചുകൊണ്ട് വീട്ടിൽ നിന്നും ആരോടും പറയാതെ പോന്നത് എന്തിനാണ്.. ശരിയാണോ അത് “..

“ഇയാളിപ്പോ കുറ്റീം പറിച്ചു പോന്നത് എന്നെ ശരിയും തെറ്റും പഠിപ്പിക്കാൻ ആണോ.. ഞാൻ അച്ഛനോടും അമ്മയോടും പറഞ്ഞിട്ടാ വന്നത്.. വേറെ എനിക്ക് വേണ്ടപ്പെട്ടവർ അവിടാരുമില്ല”.. പദ്മ ദേഷ്യം ഒട്ടും കുറയാതെ പറഞ്ഞു ..

“അപ്പോ മിന്നൂട്ടിയോട് എന്നാ പറയാഞ്ഞേ”.. എല്ലാം കേട്ടിരിക്കുന്ന മിന്നു ചോദിച്ചു..

പെട്ടെന്ന് പദ്മയ്ക്ക് ഉത്തരം മുട്ടി.. മാധവന് ചിരി പൊട്ടി.. അത് കണ്ടപ്പോൾ പദ്മ മിന്നുനോട് ദേഷ്യത്തിൽ പറഞ്ഞു.. “മുതിർന്നവർ സംസാരിക്കുമ്പോൾ ഇടയിൽ കയറി സംസാരിക്കരുത്, നല്ല അടി കിട്ടും നിനക്ക് . കേട്ടല്ലോ”.. മിന്നു തലയാട്ടി മര്യാദക്ക് ഇരുന്നു ..

ഹല്ല പിന്നെ.. സീരിയസ് ആയിട്ട് സംസാരിക്കുമ്പോളാ.. അതെങ്ങനെ ആരുടെയാ മകൾ.. ശ്ശേ ആ ഫ്ലോ അങ്ങു പോയി.. പദ്മ പിറുപിറുത്തു..

“എന്നെ കൂട്ടാൻ ആണ് രണ്ടും കൂടി പറപ്പിച്ചു വന്നതെങ്കിൽ കേട്ടോ ഞാൻ ഒരിടത്തേക്കും വരുന്നില്ല.. നാളെ രാവിലെ രണ്ടും സ്ഥലം കാലിയാക്കിക്കോണം.. എനിക്ക് തോന്നുമ്പോൾ ഞാൻ വീട്ടിലേക്ക് വരും.. ഞാൻ ഏതാണ്ട് വഴി തെറ്റി വന്നപോലെയാ, കൂട്ടിക്കൊണ്ട് പോകാൻ വന്നേക്കുന്നു”.. മുറി വിട്ടു പോകുമ്പോൾ മാധവനെ ഒന്ന് തുറിച്ചു നോക്കിയിട്ട് പദ്മ ദേഷ്യത്തിൽ പറഞ്ഞു..

പദ്മ പോയപ്പോൾ മിന്നു അച്ഛനരികിൽ വിഷമത്തോടെ വന്നു ചോദിച്ചു.. “അപ്പോ അമ്മ നാളെ നമ്മുടെ കൂടെ വരൂല്ലേ അച്ഛാ”..

“വന്നില്ലെങ്കിൽ നമ്മൾ എടുത്തോണ്ട് പോവില്ലേ.. അമ്മ തന്നെ വന്നോളും നമുക്കൊപ്പം. ഉറപ്പ്”.. വിശ്വാസം വരാത്തത് പോലെ മിന്നു ഒന്ന് നോക്കി.. “അച്ഛനല്ലേ പറയുന്നേ”.. ആ.. അച്ഛ പാവമല്ലേ ചുമ്മാ വിശ്വസിച്ചേക്കാം എന്ന ഭാവം ആയിരുന്നു മിന്നുവിന്..

ദേവമ്മയ്‌ക്കൊപ്പം നിൽക്കുമ്പോൾ പദ്മയുടെ മനസ്സ് തുള്ളിച്ചാടുകയായിരുന്നു.. ഒരിക്കലും വിചാരിച്ചില്ല രണ്ടാളും വരുമെന്ന്.. അച്ഛൻ ഒന്ന് പറഞ്ഞു കൂടിയില്ല.. മിന്നൂട്ടിയെ കാണാതെ ഓരോ ദിവസവും വളരെ കഷ്ടപ്പെട്ടാണ് നീക്കിക്കൊണ്ടിരുന്നത്.. പോകണമെന്ന് മനസ്സ് പറയുമ്പോളും അതിന്റെ കൂടെ തന്നെ അവൾടെ അച്ഛന്റെ അവഗണയും ദേഷ്യവും ഓർക്കുമ്പോൾ അതങ്ങ് വേണ്ടെന്ന് വെക്കും .. ഇതിപ്പോ എന്താവും മാധവന്റെ ഉദ്ദേശം.. മുഖത്തു ആ പഴയ പിരിമുറുക്കമോ ദേഷ്യമോ ഇല്ല.. ചിരിച്ച ആ മുഖം കാണുമ്പോൾ വീണ്ടും വീണ്ടും മനസ്സ് കൊതിക്കാൻ തുടങ്ങുവാ .. എന്നെയൊന്നു നന്നാവാൻ അങ്ങേര് സമ്മതിക്കില്ലല്ലോ ഈശ്വരാ..

“എന്താണ് ന്റെ മോള് ആലോചിക്കുന്നത്”.. ദേവമ്മ ഒരു ചിരിയോടെ ചോദിച്ചു.. വെറും ചിരിയല്ല ഒരു കള്ളച്ചിരി..

“ഒന്നൂല്ല.. ചുമ്മാ മിന്നുവിനെ ആലോചിച്ചതാ”.. പറഞ്ഞു തീരും മുന്നേ വന്നു കെട്ടിപ്പിടിച്ചു ആള്.. രണ്ടാളുടെയും സ്നേഹവും വാർത്തമാനവും ഒക്കെ ദേവമ്മ നോക്കിയിരുന്നു.. അത് കാണാൻ തന്നെ വല്ലാത്തൊരു ചേലാണ്.. പണ്ട് വെക്കേഷന് കുഞ്ഞുപദ്മ വരുമ്പോൾ ഇങ്ങനെ ആയിരുന്നു തന്റെ അടുത്ത് നിന്നും മാറാതെ എന്തിനും ഏതിനും താൻ വേണമായിരുന്നു.. ഒരു പെൺകുഞ്ഞ് ഇല്ലാത്ത വിഷമം അറിഞ്ഞിട്ടില്ല.. പക്ഷേ ഹിമ അങ്ങനെ ആയിരുന്നില്ല ആരോടും മിണ്ടാൻ പോലും കൂട്ടാക്കിയിരുന്നില്ല ആള്.. എപ്പോളും ഗൗരവം ആണ്..

കഴിക്കാൻ ഇരിക്കുമ്പോളും മാധവന് കൂടെ നിന്ന് ഭക്ഷണം കൊടുത്തതും എല്ലാം പദ്മ ആയിരുന്നു.. ഒപ്പം മിന്നൂട്ടിക്ക് വാരി കൊടുത്തു വയറും നിറച്ചു .. മിന്നൂട്ടിയേക്കാൾ മാധവനാണ് അനുസരണ കൂടുതലെന്നു തോന്നുന്നു..

“മാധവന് മടുപ്പുണ്ടാവും ഇല്ലേ.. ഈ പെണ്ണുങ്ങളുടെ നടുക്ക് നിന്നിട്ട്”.. തനിച്ചിരിക്കുന്ന മാധവന്റെ അടുത്തേക്ക് ദേവമ്മ വന്നിരുന്നു.. മാധവൻ ഒന്നു ചിരിച്ചു..

“ഇല്ല.. ഞാൻ അച്ഛനെ വിളിക്കുവായിരുന്നു.. തനിച്ചല്ലേ.. എന്തെങ്കിലും വയ്യായ്ക തോന്നിയാൽ വിളിക്കണം ന്ന് പറയാൻ.. ഞാൻ വന്നിട്ട് ആദ്യമായിട്ടാണ് രണ്ടാളും തനിച്ച്.. അച്ഛനെ ഒന്ന് കുറച്ചു അധികം വിയർത്തു പോയാൽ അമ്മയുടെ ബോധം പോകും.. കഴിഞ്ഞ വട്ടം ഹോസ്പിറ്റലിൽ പോയതിന് ശേഷം എനിക്കും ഒരു പേടിയാ”.. മാധവൻ ചിരിയോടെ പറഞ്ഞു..

“ഇപ്പോളല്ലേ മനസ്സിലായത് എന്റെ മോള് എങ്ങനാ മാധവനെ ഇഷ്ടപ്പെട്ടതെന്ന്”.. ദേവമ്മ ചിരിയോടെ പറഞ്ഞു.. മാധവൻ ചെറിയൊരു സംശയത്തോടെ അവരെ നോക്കി..

“രാധ എല്ലാം പറഞ്ഞിരുന്നു എന്നോട്.. മാധവൻ ആരാണെന്നും എന്തിനാണ് ഇപ്പോൾ ഇങ്ങോട്ട് വന്നതെന്നും ഒക്കെ”..

“എനിക്കത് മനസ്സിലായി.. ഇല്ലേൽ ചോദിക്കേണ്ട സമയം കഴിഞ്ഞില്ലേ ആരാന്നും എന്തെന്നും ഒക്കെ”.. മാധവൻ ചിരിച്ചു..

“പദ്മ ഹിമയെപ്പോലെയേ അല്ല.. ഹിമയ്ക്ക് സ്വന്തം കാര്യം മാത്രമാണെങ്കിൽ പദ്മയ്ക്ക് അവൾ സ്നേഹിക്കുന്നവർ കഴിഞ്ഞേ ഉള്ളൂ അവളുടെ കാര്യം പോലും .. സ്വന്തം ആയത് കൊണ്ടു പറയുവല്ല ഒരുപാട് നല്ല മോളാണ്.. വിഷ്ണുവിനോ ഹരിയ്ക്കോ അവളുടെ സ്നേഹം അനുഭവിക്കാനുള്ള യോഗം ഇല്ല.. ദൈവം അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോളാ മനസ്സിലായത്”.. പദ്മയുടെ കാര്യങ്ങൾ ഇഷ്ടത്തോടെ കേട്ടിരുന്നു മാധവൻ.. ഇതൊന്നും പറഞ്ഞു അറിയേണ്ട കാര്യം ഇല്ലാലോ.. അനുഭവിച്ചറിഞ്ഞതല്ലേ താൻ.. ആ സ്നേഹവും വഴക്കും കുശുമ്പും എല്ലാം..

“ഇതിപ്പോ ഞാനും എന്റെ മോനും മാത്രേ അറിഞ്ഞിട്ടുള്ളൂ.. ഇനിയുമുണ്ട് ഇവിടെ കുറച്ചു പേര്.. എല്ലാവരും എന്നെപ്പോലെ സമ്മതിക്കണമെന്നോ അംഗീകരിക്കണമെന്നോ ഇല്ല.. ആരും മനസ്സിലെ നന്മയൊ സ്നേഹമോ ഒന്നും നോക്കില്ല, സമ്പാദ്യം, കുടുംബം ഇതൊക്കെ മതി എല്ലാവർക്കും .. എല്ലാം നേരിടാൻ ഒരുങ്ങി വേണം ഇതിലേക്ക് ഇറങ്ങാൻ … ഒന്ന് മാത്രം ഉറപ്പ് തരാം.. വിശ്വനും രാധയും പദ്മയും മാധവന് ഒപ്പം നിൽക്കും എന്നും.. പിന്നെ ഞങ്ങളും.. എനിക്ക് ഇഷ്ടപ്പെട്ടു മാധവനെ.. രണ്ടാളുടെയും സ്നേഹിച്ചും ക്ഷമിച്ചും ഉള്ള ജീവിതം കാണുമ്പോൾ ഈയുള്ള മുറുമുറുപ്പ് ഒക്കെ മാറിക്കോളും.. അതുവരെ ചിലതൊക്കെ കണ്ടില്ല കേട്ടില്ല എന്നൊക്കെ വെച്ചോണം “..

“എനിക്ക് അറിയാം അമ്മേ.. അർഹത ഒന്നുമില്ലെന്ന് നന്നായിട്ട് അറിയാം.. പിന്നെ ദൈവം എനിക്കായിട്ട് ഇങ്ങനൊരു അച്ഛനെയും അമ്മയെയും വെച്ചു നീട്ടുമ്പോൾ വേണ്ടാന്ന് പറയാൻ ഒരിക്കലും കഴിയില്ല.. നിങ്ങൾ ഒക്കെ തരുന്ന ഈ സ്നേഹം തന്നെ എനിക്ക് പുതിയതാ.. എനിക്ക് ഒരമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു.. അതും വളരെ ചെറുതിലെ എന്നെ വിട്ടു പോയി.. പിന്നെ തനിച്ചായിരുന്നു.. ജ്യോതി വരും വരെ.. വീണ്ടും തനിച്ചായി.. ഒന്ന് കര കയറ്റിയത് ടീച്ചറും അച്ഛനും കൂടെ കൂട്ടിയിട്ടാണ് .. അവർക്ക് വേണ്ടി ജീവിതമോ ജീവനോ എന്തും കൊടുക്കാൻ ഞാൻ തയ്യാറാണ്”.. മാധവൻ പറഞ്ഞു.. ദേവമ്മ ആശ്വസിപ്പിക്കുവാൻ മെല്ലെ തോളിൽ തട്ടി.. അപ്പോഴേക്കും മിന്നു വന്നു കൂടെ പദ്മയും.. ഒരുമിച്ച് വരുന്ന അവരെ കണ്ടപ്പോൾ ദേവമ്മ പറഞ്ഞു.. “അമ്മയും മോളും ആണെന്നെ പറയൂ.. അവളുടെ നാവിൽ എപ്പോളും മിന്നൂട്ടി തന്നെയാ.. എന്തിഷ്ടമാണ് രണ്ടാൾക്കും പരസ്പരം”.. മാധവനും തോന്നി ദേവമ്മ പറഞ്ഞത് സത്യമാണെന്നു.. ടീച്ചർ പോന്നതിനു ശേഷം മിന്നുവിന്റെ നാവിലും ടീച്ചർ മാത്രേ ഉള്ളൂ..

“മിന്നു എന്റെ കൂടെയാ.. പോയി കിടന്നോളൂ.. രാവിലെ പോകേണ്ടതല്ലേ”.. മിന്നുവിനെയും കൊണ്ട് റൂമിലേക്ക് പോകുമ്പോൾ മാധവനോടായി പദ്മ പറഞ്ഞു..

ഇതിപ്പോൾ “നാളെ രാവിലെ മര്യാദക്ക് പൊക്കോണം” എന്നൊരു ധ്വനി കൂടിയില്ലേ ആ പറഞ്ഞതിൽ.. അപ്പോൾ കൂടെ വരില്ലേ.. അച്ഛനോട് എന്തു പറയും.. ഈശ്വരാ എന്നോടുള്ള ഇഷ്ടം ഒക്കെ പോയോ .. ദേഷ്യം ആണോ ഇനി .. മാധവൻ ചിന്തിച്ചു..

താനില്ലാതെ മിന്നു വീട്ടിൽ നിന്നതും കരഞ്ഞതും അച്ഛൻ ഡാൻസ് ക്ലാസിനു കൊണ്ടു ചേർത്തതിന്റെയും ഒക്കെ കഥകൾ പറയുവായിരുന്നു മിന്നൂട്ടി.. തല കയ്യിൽ ഊന്നി അവളുടെ വർത്തമാനം കേട്ട് രസിച്ചു ഇരിക്കുവാണ് പദ്മ.. ഇടയിൽ പുന്നാരം കൂടുമ്പോൾ ഓരോ ഉമ്മയും കിട്ടുന്നുണ്ട് പദ്മയ്ക്ക്.. വിശേഷങ്ങൾ ഒക്കെ തീർന്നപ്പോൾ പദ്മ മെല്ലെ അവളോട് ചോദിച്ചു.. “അമ്മ പോന്നപ്പോൾ അച്ഛൻ എന്താ പറഞ്ഞേ.. എന്തിനാ ഇപ്പോ രണ്ടുപേരും ഇങ്ങോട്ട് വന്നത്”.. ചെറിയൊരു വിശേഷം എങ്കിലും അറിയാൻ കഴിയുമോന്ന് ഒരു ശ്രമം നടത്തിയതാ..

“യ്യോ..എനിക്കൊരു സൂത്രം തരാന്നും പറഞ്ഞു കൊണ്ടു വന്നതാ അച്ഛൻ.. ഞാൻ ചോയ്ക്കാൻ മറന്നു പോയി.. ഞാൻ പോയി ചോദിച്ചിട്ട് വരാമേ”.. എന്തെങ്കിലും ഒന്ന് പറയും മുന്നേ മിന്നു ബെഡിൽ നിന്നും ഇറങ്ങി ഓടി .. കുറച്ചു നേരമായിട്ടും കാണാതെ വന്നപ്പോൾ മിന്നുവിനെ നോക്കി പോയതാ.. അച്ഛനും മോളും കെട്ടിപ്പിടിച്ചു കിടക്കുന്നു.. അത് ശരി അതിനെ ഇവിടെ പിടിച്ചു കിടത്തി സാത്താൻ .. ദേഷ്യം വന്നു പദ്മയ്ക്ക്.. ഒന്നും മിണ്ടാതെ പോകാൻ തുടങ്ങിയപ്പോൾ ആണ് “എനിക്കൊന്നു സംസാരിക്കണം” ന്ന് മാധവൻ പറഞ്ഞത്.. പദ്മ ഒന്നും മിണ്ടാതെ നിന്നു..പറഞ്ഞോ കേൾക്കുന്നുണ്ട് എന്ന മട്ടിൽ..

“നാളെ വരുവോ ഞങ്ങളുടെ കൂടെ.. ഞാൻ വന്നത് കൂട്ടിക്കൊണ്ട് പോകാനാണ്”..

“ഇല്ല.. നിങ്ങൾ പൊക്കോ.. ഞാൻ വന്നോളാം കുറച്ചു ദിവസം കൂടി കഴിഞ്ഞു”..

“എന്തിനാണ് ഇങ്ങനെ മാറി നിൽക്കുന്നത്.. ഞാൻ കാരണം ആണെങ്കിൽ അത് വേണ്ടാ.. അച്ഛന് നല്ല വിഷമം ഉണ്ട് കാണാഞ്ഞിട്ട്”..

“ഓഹോ അച്ഛന് വിഷമം ആയതുകൊണ്ട് മാത്രം വന്നതാണ് കൂട്ടാൻ.. ഞാൻ വിചാരിച്ചു………. എന്റെ അച്ഛൻ അല്ലേ ഞാൻ പറഞ്ഞു വിഷമം മാറ്റിക്കോളാം.. നിങ്ങൾ പൊക്കോ”.. പദ്മ മുറി വിട്ടു പോകാനൊരുങ്ങി..

“നിൽക്ക്.. ഞാൻ പറഞ്ഞു കഴിഞ്ഞില്ല. മുഴുവൻ കേട്ടിട്ട് പോയാൽ മതി”.. മാധവന്റെ ശബ്ദം കടുത്തു.. പദ്മയ്ക്ക് മുന്നിൽ വന്നു നിന്നു ചോദിച്ചു.. “എന്റെ സ്ഥാനത്തു ടീച്ചർ ആയിരുന്നെങ്കിൽ എന്തു ചെയ്തേനെ.. ഇഷ്ടം പറയുമ്പോൾ സ്വീകരിക്കുമായിരുന്നോ.. അതോ ഞാൻ ചെയ്തത് പോലെ ചെയ്യുമായിരുന്നോ”..

പദ്മയ്ക്ക് മറുപടി ഉണ്ടായിരുന്നില്ല.. ശരിയാണ്.. ഞാനും ഏതിർത്തേനെ.. പക്ഷേ ഇവിടെ മാധവനോട് തനിക്ക് മാത്രമല്ല അച്ഛനും അമ്മയ്ക്കും ഇഷ്ടമായിരുന്നു.. അത് അറിയുന്നത് കൊണ്ട് മാത്രമാണ് ഞാൻ ഇഷ്ടം പറഞ്ഞതും.. ഒരുപക്ഷേ അച്ഛന് മാധവനെ അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഉറപ്പ് ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇഷ്ടം ഉണ്ടെങ്കിൽ കൂടി അത് പറയില്ലായിരുന്നു..

“എനിക്ക് അച്ഛനെ അത്രയും ഇഷ്ടമാണെന്ന് അറിയാമല്ലോ.. അത് നഷ്ടപ്പെടുമെന്ന് പേടിച്ചാണ് ഞാൻ അന്ന് അങ്ങനെ ഒക്കെ പറഞ്ഞത്.. ടീച്ചർ എനിക്ക് വേണ്ടി അച്ഛനെയും അമ്മയെയും വേണ്ടെന്ന് വെക്കുവോ ഇല്ലല്ലോ.. അതേ ഞാനും ചെയ്തുള്ളൂ”..

“പക്ഷേ ഉള്ളിന്റെയുള്ളിൽ ഒരുപാട് ഇഷ്ടമായിരുന്നു .. എന്നെ വഴക്ക് പറയുമ്പോളും എനിക്കു വേണ്ടി ചിരിക്കുമ്പോളും എന്നെ നോക്കുമ്പോളും എല്ലാം എല്ലാം മനസ്സിലായിരുന്നു എനിക്ക്.. എല്ലാം ആസ്വദിക്കുന്നുണ്ടായിരുന്നു ഞാൻ.. പക്ഷേ.. എന്തോ ഒന്ന് പിറകിലേക്ക് വലിക്കും പോലെ”..മാധവൻ ആസ്വസ്ഥനായി..

“എന്നിട്ട് ഇപ്പോൾ എന്തു പറ്റി.. ന്തേ യോഗ്യതയും അർഹതയും ഒക്കെ ഇത്ര പെട്ടെന്ന് വന്നോ നിങ്ങൾക്ക്”.. പദ്മ ചോദിച്ചപ്പോൾ ഒന്നും മിണ്ടിയില്ല.. പക്ഷേ മനസ്സ് തണുത്തു.. ടീച്ചർ വഴക്ക് പറയുന്നതാണ് ഇഷ്ടം.. ഇല്ലെങ്കിൽ ചിലപ്പോൾ പതറിപ്പോകും..

“എനിക്ക് ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒക്കെ ഒരിഷ്ടം തോന്നുന്നത്.. യോഗ്യത ഇല്ലെന്ന് പറഞ്ഞു മാറി നിന്നപ്പോൾ ഞാൻ പറഞ്ഞില്ലേ നിങ്ങളുടെ യോഗ്യത എന്തെന്ന് പറയാൻ. ഞാൻ അതിന് അനുസരിച്ചു കുറയ്ക്കാം.. അല്ലെങ്കിൽ കൂട്ടാം.. ആരുടെ മുന്നിലും ഇങ്ങനെ യാചിച്ചിട്ടില്ല കെഞ്ചിയിട്ടുമില്ല.. കൂടുതൽ നാണംകെടേണ്ടി വരുമോന്ന് പേടിച്ചാ ഞാൻ………. ഇനിയും അവിടെ നിന്നാൽ ചിലപ്പോൾ ഞാൻ നിങ്ങളുടെ കാലിൽ വരെ വീണേനെ..എന്റെ ഇഷ്ടം സ്വീകരിക്കണം എന്നും പറഞ്ഞു “… പദ്മയുടെ കണ്ണു നിറഞ്ഞൊഴുകി.. ഇത് മാത്രം കാണാൻ സാധിക്കില്ല തന്നെക്കൊണ്ട്… അതാണ് അന്ന് മുഖം തിരിച്ചത്.. ഇല്ലെങ്കിൽ താൻ അടുത്ത് ചെന്ന് അറിയാതെ തന്നെ തുടച്ചു കളഞ്ഞേനെ..

“മിന്നൂനോടുള്ള സഹതാപം കൊണ്ടാണത്രേ നിങ്ങളോട് ഇഷ്ടം തോന്നിയതെന്ന്.. അതിലും സഹതാപം തോന്നേണ്ട കുഞ്ഞുങ്ങൾ വേറെ ഉണ്ട്.. എങ്കിൽ പിന്നെ അവരുടെ അപ്പനോട് പോയി പറഞ്ഞാൽ പോരേ എനിക്ക്.. ഇഷ്ടം തോന്നിയത് എന്നാണെന്നു പോലും അറിയില്ല എനിക്ക് .. അതൊക്കെ പോട്ടേ, ഹരിയോട് പോയി സംസാരിക്കാം എന്നു പറഞ്ഞത് എന്തു വെച്ചിട്ടാണ്.. ഞാനിപ്പോളും ഹരിയെ ഓർത്ത് കഴിയുവാണെന്ന് തോന്നിയോ.. എല്ലാം അറിഞ്ഞു വെച്ചിട്ടും എങ്ങനെ പറയാൻ തോന്നി എന്നോട് .. ഇഷ്ടപ്പെടുന്ന ആളുടെ അടുത്ത് നിന്നും തന്നെ ഇഷ്ടമല്ലാന്നു പറഞ്ഞു കേൾക്കുമ്പോൾ എന്തോരം വിഷമം ഉണ്ടാവു മെന്ന് അറിയോ.. നിങ്ങളും ഒരിക്കലത് അനുഭവിച്ചതല്ലേ.. എന്നിട്ടും.. എന്നിട്ടുമെന്നെ മനസ്സിലാക്കിയില്ലല്ലോ “..

“മതി പറഞ്ഞതും കരഞ്ഞതും “….മാധവൻ പദ്മയെ നെഞ്ചോട് ചേർത്തു അവളുടെ വാ പൊത്തി പിടിച്ചു.. നിറഞ്ഞൊഴുകുന്ന കണ്ണിലേക്കു നോക്കി പറഞ്ഞു ..

ഓടി വരും..