18/04/2026

ഈ നിമിഷം : ഭാഗം 17

രചന – രോഹിണി ആമി

മാധവനോട് തനിക്കുള്ളത് എന്താണ് ന്ന് ശരിക്കും ആലോചിച്ചു പദ്മ.. എങ്ങനെ നോക്കിയാലും ഏതു വിധത്തിൽ ചിന്തിച്ചാലും അതിനൊരു ഉത്തരം മാത്രേ കിട്ടുന്നുള്ളൂ.. ജ്യോതി വന്നാൽ തിരിച്ചു കൊടുക്കേണ്ടി വരുമോ എന്നുള്ളതിനും പദ്മയ്ക്ക് ഉത്തരം ഇല്ലായിരുന്നു.. പക്ഷേ മനസ്സ് അവരെ വിട്ടുകൊടുക്കില്ല എന്നൊരു വാശിയിലാണ്.. സ്നേഹം കൊണ്ട് മകൾ മനസ്സ് കൈക്കലാക്കി, ഇപ്പോ മകൾ വഴി അച്ഛനും കയറി കുടിയിരുപ്പായി.. ഇതുങ്ങളെ എങ്ങനെ ഒഴിവാക്കി മനസ്സ് ഫ്രീ ആക്കും എന്നു വരെ ചിന്തിച്ചു.. ആകെ മൊത്തം മനസ്സ് സ്വന്തം കൈയ്ക്കുള്ളിൽ അല്ലായെന്നു മനസ്സിലായി..

മിന്നുവിനെ പഠിപ്പിക്കുമ്പോളും കഴിക്കുമ്പോളും എന്തിന് സ്കൂളിൽ ഇരിക്കുമ്പോൾ പോലും ചിന്ത മാധവനോടുള്ള തന്റെ ചാഞ്ചാട്ടം ആണ്.. കുറച്ചു ഭയവും അതിലേറെ സ്നേഹവും..
ഇപ്പോൾ മിക്ക ദിവസവും സ്കൂട്ടി എടുക്കാറില്ല.. ഓരോരോ കാരണങ്ങൾ പറഞ്ഞു സ്കൂട്ടിയിലെ യാത്ര ഒഴിവാക്കി ഓട്ടോയിൽ പോകും.. ഓരോന്നും ചോദിച്ചു കൊണ്ടേയിരിക്കും.. മിന്നുവിന് വരെ സംശയം തോന്നുന്ന രീതിയിൽ ആയി കാര്യങ്ങൾ.. എന്നിട്ടും ആ പൊട്ടന് മനസ്സിലായില്ല.. ഒന്ന് ചോദിക്കുക പോലും ചെയ്തില്ല.. എന്നും സ്കൂളിൽ എത്തുമ്പോൾ കൈ നീട്ടും കൂലിക്ക്…. എവടെ…. പിന്നേം ചങ്കരൻ തെങ്ങേൽ തന്നാ.. കൂലി വാങ്ങി പോകുമ്പോൾ മനോഹരമായി ഒന്ന് ചിരിച്ചു കാണിക്കും .. നാശം പിടിക്കാൻ.. ഞാൻ ഇങ്ങനെ നിന്നു പോവത്തേ ഉള്ളൂ… ചാകും മുൻപ് എങ്കിലും പറയാൻ പറ്റുവോ ആവോ ..

“എടീ മിന്നൂട്ടാ.. അമ്മയും കൂടി വരട്ടേ നിന്റെ വീട്ടിലേക്ക്.. അച്ഛയും അമ്മയും മിന്നുട്ടനും… ഹായ് എന്ത് രസമായിരിക്കും”.. മിന്നുവിനെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ പദ്മ ചോദിച്ചു..

“വേണ്ടാ.. അപ്പോ അപ്പൂപ്പനും അമ്മമ്മയും തനിച്ചാവില്ലേ.. ഞാൻ അമ്മേടെ അടുത്തേക്ക് വന്നോളാം.. നമുക്ക് ഇവിടെ നിന്നാൽ മതി.. ഞാനും അമ്മയും അപ്പൂപ്പനും അമ്മമ്മയും, ഹായ് എന്തു രസവാ”.. മിന്നു അത് ഭാവനയിൽ കണ്ടതിന്റെ സന്തോഷത്തിലാ..

ആ ബെസ്റ്റ്.. ഞാൻ ആരോടാ ചോദിക്കുന്നത്.. ആ മനുഷ്യന്റെ ബാക്കി അല്ലേ ഇതും.. ഒന്നു മനസ്സറിയാൻ നോക്കിയതാ.. രണ്ടും കൂടി പൊട്ടനായിട്ട് അഭിനയിക്കുവാണോ അതോ ശരിക്കും പൊട്ടന്മാർ ആണോ.. ഈ പെണ്ണ് വഴി ആ മനസ്സിൽ ഒന്ന് കയറിക്കൂടാമെന്ന് വെച്ചാൽ ഈ കാന്താരി അതിനൊട്ട് വഴിയൊരുക്കുന്നുമില്ല… രണ്ടിനെയും ഒന്ന് മനസ്സിലാക്കി എടുപ്പിക്കാൻ ഞാൻ കുറേ പാടു പെടും.. കണ്ണുകൾ കൊണ്ടും പെരുമാറ്റം കൊണ്ടും ഞാൻ നിങ്ങളെ ഒരുപാട് ഒരുപാട് ഇഷ്ടപ്പെടുന്നുവെന്ന് അയാളോട് പറയുന്ന ഈ രീതി പദ്മ ആസ്വദിച്ചു.. സ്കൂളിൽ പോകുമ്പോളും വരുമ്പോളും എവിടെ നിന്നാലും എന്തു പണി എടുക്കയാണെങ്കിലും ഒരു നോട്ടം തരും, ചിലപ്പോൾ ചെറുതായിട്ടൊരു ചിരിയും.. ആ നോട്ടം മതി പദ്മയ്ക്ക് ആ ഒരു ദിവസത്തെ സുന്ദരമാക്കാൻ ..

ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്നു പറയാനും തിരിച്ച് അയാൾക്ക് തന്നോടുള്ള സ്നേഹം വാക്കുകളിൽ കേൾക്കാനും പദ്മയ്ക്ക് വല്ലാത്ത ആഗ്രഹം ഉണ്ട്.. പക്ഷേ അയാൾക്ക് മുന്നിൽ മനസ്സൊന്നു തുറന്നു കാട്ടാൻ മാത്രം അവളൊന്ന് ഭയന്നു.. ഒരുപക്ഷേ തന്റെ ഇഷ്ടം മാധവൻ നിരസിച്ചാൽ… എന്തു ചെയ്യും.. ഇതെങ്ങനെ മനസ്സിൽ നിന്നും പറിച്ചു മാറ്റും ഞാൻ.. ചിന്തിച്ചപ്പോൾ തന്നെ മനസ്സിൽ ഒരു വെള്ളിടി വെട്ടി.. ഇല്ലാണ്ടായിപ്പോകില്ലേ ഞാൻ എങ്കിൽ.. അങ്ങനൊരു സാഹചര്യം മനസ്സിൽ പോലും ചിന്തിക്കുക പ്രയാസമാണ്.. പിന്നെങ്ങനെ നേരിൽ അനുഭവിക്കും…

ഇങ്ങേരിത് എന്തു കൈവിഷം ആണോ എനിക്ക് തന്നത്.. എവിടെ നോക്കിയാലും മാധവൻ.. ഓരോ ദിവസം കഴിയും തോറും പദ്മയുടെ മനസ്സ് മാധവനൊപ്പം മാത്രമായി .. ആദ്യത്തെ മാധവനെ വെറുപ്പായിരുന്നു, പിന്നീട് കഥ ഒക്കെ അറിഞ്ഞപ്പോൾ വെറുപ്പ് പൂർണ്ണമായും മാറിയിരുന്നില്ലെങ്കിലും സഹതാപം തോന്നി,, തന്റെ വാക്കുകൾ അതേപോലെ അനുസരിക്കുന്ന ആളോട് കൗതുകം തോന്നി.. അച്ഛനൊപ്പം കൂട്ടുകാരനെപ്പോലെ നടക്കുന്നത് കണ്ടപ്പോൾ എപ്പോളോ ആ കൗതുകം മാറി സ്നേഹം കയറിക്കൂടി.. പിന്നീടെപ്പോഴോ മിന്നൂട്ടിക്ക് അമ്മയായ കൂട്ടത്തിൽ എപ്പോളോ എപ്പോളോ മിന്നൂട്ടിയുടെ അച്ഛനേയും കൂടെ ആഗ്രഹിച്ചു പോയി.. തെറ്റാണെന്ന് തോന്നിയിട്ടില്ല ഇന്നേവരെ .. ഒരു വിവാഹം കഴിഞ്ഞതോ കുഞ്ഞുള്ളതോ ഒന്നും മാധവന് ഉള്ള കുറവായി ഞാൻ കരുതുന്നില്ല .. മിന്നുവിനെ ഉൾപ്പെടുത്തിയിട്ടുള്ള ആ ജീവിതമാണ് ഞാനിഷ്ടപ്പെട്ടത്.. രണ്ടിലൊരാൾ ഇല്ലെങ്കിൽ ചിന്തിക്കാൻ വയ്യാ.. പക്ഷേ ആൾക്ക് കുറച്ചു നന്ദി കൂടുതലാ തന്നോട്.. അച്ഛനോട് ഉള്ളതിലും കൂടുതൽ.. കാണുമ്പോളുള്ള നോട്ടവും ചിരിയും മാധവന് ദിനചര്യ മാത്രമാണെന്ന് തോന്നിയിട്ടുണ്ട് എനിക്ക്.. ആാാ…. നോക്കാം.. എനിക്കുള്ളതാണേൽ ദൈവം എന്റെ കയ്യിൽ വെച്ചുതരും.. ഇല്ലെങ്കിൽ.. വരുന്നിടത്തു കാണാം.. ഏതു പ്രായത്തിലും
പ്രണയം മനസ്സിൽ കൊണ്ടുനടക്കാനും അതിലിങ്ങനെ നീറാനും വല്ലാത്തൊരു സുഖമാണെന്ന് പദ്മ അറിയുകയായിരുന്നു ..

“എടീ മോളേ.. പോയി കുറച്ചു പയറും പച്ചമുളകും പറിച്ചിട്ട് വാ”.. സ്വപ്നം കണ്ടിരുന്ന തന്നെ ഉണർത്തി അമ്മ പറഞ്ഞു.. “തുള്ളിച്ചാടി എങ്ങോട്ടാ.. മാധവനോട് ചോദിച്ചിട്ട് വേണം പറിക്കാൻ”.. പോകും വഴി പറഞ്ഞു..

“എന്റെ സ്ഥലം എന്റെ ഐഡിയ അതിന് ഞാൻ അങ്ങേരോട് ചോദിക്കണോ.. ഹും..”

“ഐഡിയ മാത്രമേ നിന്റെ ഉള്ളൂ.. കൃഷി അവന്റെയാ.. പൊന്നുപോലെയാ നോക്കുന്നേ.. അവൻ വീട്ടിലുണ്ട് വിളിച്ചിട്ട് പോ”..അമ്മ പറഞ്ഞു..

എങ്ങനെ വിളിക്കും.. ദേ.. ഒന്നിങ്ങു വരൂ.. ശ്ശേ വേണ്ടാ.., മിന്നൂന്റെ അച്ഛാ… അയ്യേ വേണ്ടാ ബോറാ.. എന്തു വിളിക്കും.. അടുത്തായിരുന്നെങ്കിൽ ഇയാൾ, താൻ എന്നൊക്കെ വിളിച്ചേനെ… രണ്ടും കല്പ്പിച്ചു വിളിച്ചു…. “മാധവാ”.. ആരും കേട്ടില്ല.. ഒന്നുകൂടി നീട്ടി വിളിച്ചു.. “മാധവാ”..

അമ്മ വന്നു കയ്യിൽ ഒരു അടി തന്നു.. “മൂത്തവരെ പേര് ചൊല്ലി വിളിക്കുന്നോ.. ഒന്നുകിൽ ചേട്ടാ ന്ന് വിളിക്ക്.. അല്ലെങ്കിൽ ഒന്നും വിളിക്കാതിരിക്ക്”…

കയ്യിൽ തിരുമ്മി നിന്ന് അമ്മയെ ദേഷ്യത്തിൽ നോക്കുമ്പോൾ കണ്ടു ചിരിയോടെ അരികിലേക്ക് വരുന്ന ആളെ.. എല്ലാം കേട്ടിട്ടുണ്ട്… അമ്മ തന്നെ പറഞ്ഞു കുറച്ചു പയർ പറിച്ചു തരാൻ.. അയാൾ തോട്ടത്തിലേക്ക് നടന്നു.. ഞാനും പിറകെ പോയി.. ഈ അമ്മ എന്നെക്കൊണ്ട് ചേട്ടാ എന്നൊക്കെ വിളിപ്പിച്ചു പ്രണയിക്കാൻ പ്രേരിപ്പിക്കുവാണോ ഈശ്വരാ..

“ആദ്യം ഈ ടീച്ചറേ എന്നുള്ള വിളി നിർത്താൻ പറയ്.. എങ്കിൽ വിളിക്കാം എന്തേലും”.. പദ്മ ആരോടെന്നില്ലാതെ പറഞ്ഞു..

“ഞാൻ സ്കൂളിൽ അധികം പോയിട്ടില്ലല്ലോ.. അതുകൊണ്ട് ടീച്ചറേ ന്ന് അധികം ആരെയും വിളിച്ചിട്ടില്ല.. മാത്രമല്ല ഇങ്ങനെ വിളിക്കുമ്പോൾ ഒരു ബഹുമാനം ഒക്കെ തോന്നും.. പിന്നെ വേറെ ചിലരൊക്കെ പേരു മാറ്റി വിളിക്കുന്നില്ലേ.. അമ്മേന്നോ.. ആന്റീന്നോ ഒക്കെ”…

പദ്മയെ ഒന്നു നോക്കിയപ്പോൾ നിന്നിടത്തു നിന്ന് അനങ്ങാതെ ചമ്മി നിൽപ്പുണ്ട്.. മിന്നുവിനിട്ട് അടി കൊടുക്കണോ നുള്ള് കൊടുക്കണോ ന്ന് ചിന്തിക്കുവാണെന്ന് മനസ്സിലായി.. “മിന്നു പറഞ്ഞതാ പക്ഷേ ഉറക്കത്തിൽ ആണെന്ന് മാത്രം.. അവൾ അമ്മ എന്നു പറഞ്ഞു സംസാരിച്ചപ്പോൾ ഞാൻ ആദ്യം കരുതിയത് ജ്യോതി ആണെന്നാണ്.. എഴുന്നേറ്റപ്പോൾ ഞാൻ ഒന്ന് കുടഞ്ഞു.. ഉള്ള സത്യം പുറത്തു വന്നു.. പിന്നെയല്ലേ മനസ്സിലായത് ആരും അറിയാതെ ഇങ്ങനൊക്കെ ഇവിടെ ചിലതൊക്കെ നടക്കുന്നുണ്ടെന്ന്”..

പിന്നെയൊന്നും പറയാൻ നിന്നില്ല.. വെച്ചുപിടിച്ചു വീട്ടിലേക്ക്.. മാധവൻ പിറകിൽ നിന്ന് വിളിക്കുന്നുണ്ടായിരുന്നു.. ഇനി ചമ്മാൻ വയ്യാത്തോണ്ട് ഓടി വീട്ടിൽ കേറി.. കൈ നീട്ടി നിൽക്കുന്ന അമ്മയോട് പയർ പിറകേ വരുമെന്ന് പറഞ്ഞു മുഖം ഒന്നൊളിപ്പിക്കാൻ റൂമിലേക്ക് ഓടി ..

പിന്നെ കുറച്ചു ദിവസങ്ങൾ മാധവനും അച്ഛനും തിരക്കായിരുന്നു.. വിളവെടുപ്പ് നടക്കുവാണ്.. രാവിലെ തന്നെ ആളുകൾ ഉണ്ട് തോട്ടത്തിൽ പണിക്കായിട്ട്.. അമ്മയ്ക്കും നല്ല തിരക്കാണ് കാപ്പി കൊടുക്കാനും മറ്റും.. പറ്റുന്ന പോലെ അമ്മയെ സഹായിച്ചിട്ട് സ്കൂളിലേക്ക് പോയി.. പോകും വഴി അങ്ങോട്ടേക്ക് നോക്കി.. ആഹാ ദർശനസുഖം കിട്ടി.. ഇന്നെന്തോ ഒരു പ്രത്യേകത,മുഖത്തു നല്ല സന്തോഷം ഒക്കെ ഉണ്ട്,കുറിയൊക്കെ തൊട്ട് നല്ല ഭംഗിയുണ്ട് ചിരിക്ക് ..അമ്പലത്തിൽ ഇന്ന് അന്നദാനത്തിന് ഇവിടുത്തെ പച്ചക്കറിയാണ് ഉപയോഗിക്കുക.. അച്ഛൻ നേർന്നതാണ്.. അയാൾക്ക് നല്ലത് മാത്രം വരുത്തണമെന്ന് മനസ്സിൽ തട്ടി പ്രാർത്ഥിച്ചു.. കഷ്ടപ്പെട്ടതിന് ഫലം ഉണ്ടാവണേന്നും..

വൈകുന്നേരം വന്നപ്പോൾ മുതൽ തന്റെ മുഖത്തു നോക്കി അച്ഛനും മാധവനും കഥകളി തുടങ്ങിയതാ.. രണ്ടാളോടും കണ്ണുകൊണ്ടു എന്താന്ന് ചോദിച്ചു.. അപ്പോൾ മിണ്ടാതിരിക്കും.. വന്നുവന്ന് അച്ഛനും പേടിയാണോ എന്നെ.. ചിരി വന്നു പോയി.. അച്ഛനെ പേടിച്ചു മാധവൻ തനിക്ക് മുന്നിൽ വന്നു നിന്നു.. “എനിക്കൊരു കാര്യം”.. മാധവൻ വിക്കി..

ദൈവമേ എന്നെ ഇഷ്ടമാണെന്ന് പറയണേ.. നടക്കില്ലെന്നു അറിയാമെങ്കിലും വെറുതെ ഒന്ന് പ്രാർത്ഥിച്ചേക്കാം.. കണ്ണടച്ചു തുറക്കും മുന്നേ മാധവൻ ഒരു കെട്ട് നോട്ട് പദ്മയ്ക്ക് നേരെ നീട്ടി.. “ഇത് ടീച്ചറിന് മാത്രം അവകാശപ്പെട്ടതാ.. അന്ന് എനിക്ക് ഒരു സഹായം വെച്ചു നീട്ടുമ്പോൾ തിരിച്ചു അതിനിരട്ടിയായി തരണമെന്ന് മാത്രമേ പ്രാർത്ഥന ഉണ്ടായിരുന്നുള്ളു.. ടീച്ചർ ഇല്ലായിരുന്നുവെങ്കിൽ ഇന്ന് എന്റെ കുഞ്ഞ് ആരുമില്ലാതെ വല്ല അനാഥമന്ദിരത്തിലും ആവും ഉണ്ടാവുക.. എനിക്കും ഇങ്ങനൊരു ജീവിതം ഉണ്ടാവില്ലായിരുന്നു.. എങ്ങനെയാ ഇതിനൊക്കെ നന്ദി പറയുകാന്ന് അറിയില്ല.. ഇതൊന്നും അതിന് പകരമാകില്ലെന്നും അറിയാം.. വാങ്ങണം ഇത്.. ഇങ്ങനെയൊന്നും പറഞ്ഞു പോലും ശീലമില്ല എനിക്ക് “..

മാധവന്റെ വാക്കുകൾ കേട്ടു നിന്ന അച്ഛനും അമ്മയ്ക്കും സന്തോഷം നൽകിയെങ്കിലും പദ്മയ്ക്ക് അത് തന്റെ ആഗ്രഹങ്ങൾക്ക് മീതെ വീണ തീയായിരുന്നു.. മാധവന് പദ്മ ആഗ്രഹിക്കും പോലൊരാൾ ആവാൻ പറ്റില്ലെന്ന് ആ വാക്കുകളിൽ നിന്ന് പദ്മയ്ക്ക് മനസ്സിലായി .. അത്രയും ബഹുമാനത്തോടെയാണ് തന്നെ മാധവൻ കാണുന്നത്.. “ഇത് നിങ്ങളുടെ മാത്രം അധ്വാനത്തിന്റെ ഫലമാണ്.. ഞാൻ അതിലൊരു ഭാഗമായീന്ന് മാത്രം.. എന്റെ വീതം ഇപ്പോൾ വേണ്ടാന്നെ ഉള്ളൂ .. പക്ഷേ എന്നെങ്കിലും ഞാനത് വാങ്ങിയെടുത്തോളാം”.. ആ നോട്ടുകൾ തിരിച്ചേൽപ്പിക്കുമ്പോൾ പദ്മ പറഞ്ഞു.. അച്ഛനും ആഗ്രഹിച്ചിരുന്നതും അതു തന്നെയായിരുന്നുവെന്ന് അച്ഛനെ നോക്കിയപ്പോൾ മനസ്സിലായി.. മനസ്സില്ലമനസ്സോടെ അച്ഛനെയും പദ്മയെയും നോക്കി.. ഇത് നിന്റെ മാത്രം അധ്വാനത്തിന്റെ ഫലമാണെന്ന് പറഞ്ഞു കയ്യിൽ വെച്ചുറപ്പിച്ചു..

എന്നും പഠിക്കാനുള്ള സമയം ആയിട്ടും മിന്നുവിനെ കാണാഞ്ഞപ്പോൾ അങ്ങോട്ടേക്ക് പോകാൻ തുടങ്ങിയതാ.. അപ്പോളാണ് അമ്മ പറഞ്ഞത് അച്ഛനും മോളും കൂടി ടൗണിൽ പോയെന്ന്..

അതെന്താ തന്നോട് ഒരു വാക്കുപോലും പറയാതെ പോയത്.. സാധാരണ അങ്ങനെ ഉണ്ടാവാറില്ലല്ലോ.. മിന്നു പോലും ഒന്ന് പറഞ്ഞില്ലല്ലോ.. ഓ.. ഷോപ്പിംഗ് ന് പോയതാവും.. പെട്ടെന്നാണ് ജ്യോതി മനസ്സിലേക്ക് വന്നത്.. ഇനി ജ്യോതിയെ വല്ലോം കാണാൻ പോയതാണോ.. അതാണോ ഇനി തന്നെ ഒഴിവാക്കി പോയത്..ചിന്തിച്ചു കൊണ്ട് അവർ വരുന്നതും കാത്ത് ഗേറ്റിലേക്ക് നോക്കി ഇരുന്നു.. വിളക്ക് വെക്കാൻ സമയം ആയിട്ട് കൂടി പദ്മ അതേ ഇരുപ്പിൽ ഇരുന്നു.. ഗേറ്റ് കടന്ന് ഓട്ടോ വരുമ്പോളാണ് മനസ്സ് ഒന്ന് ശാന്തമായത്.. രണ്ടാളും കണ്ടു പദ്മ ഇരിക്കുന്നത്.. രണ്ടിന്റേം മുഖത്ത് കള്ള ലക്ഷണം ആണ്.. എവിടായിരുന്നു ഇതേവരെ എന്നു ചോദിക്കണമെന്നുണ്ട്.. പക്ഷേ ഒന്നും മിണ്ടാതെ പദ്മ അകത്തേക്ക് കയറിപ്പോകുകയാണ് ഉണ്ടായത്..

മിന്നു അടുത്ത് വന്നു നിന്നപ്പോൾ പോലും ഒന്ന് മിണ്ടാൻ തോന്നിയില്ല.. എന്തൊക്കെയോ ചോദിച്ചു. ഒന്നിനും മറുപടി കൊടുത്തില്ല.. അവളെ മറികടന്നു ബാത്‌റൂമിലേക്ക് ഡ്രസ്സ്‌ എടുത്തു പോകുമ്പോൾ പിന്നിൽ നിന്ന് അമ്മേ ന്നുള്ള വിളി കേൾക്കാമായിരുന്നു.. വാശിയും ദേഷ്യവും മാത്രമായിരുന്നു മനസ്സിൽ നിറയെ … കുളിച്ചിട്ട് ഇറങ്ങിയപ്പോൾ അമ്മ ചോദിക്കുന്നുണ്ടായിരുന്നു എന്തിനാണ് നീ മിന്നൂട്ടിയെ കരയിപ്പിച്ചതെന്ന്.. നിന്നെ എന്തോ കാണിക്കാൻ ഓടി വന്നതാ അവൾ ന്ന്.. അവൾക്ക് വിഷമമായി പോലും… അപ്പോൾ അത്രയും നേരം ഞാൻ വിഷമിച്ചതോ.. അപ്പനോ മോൾക്കോ ആർക്കേലും ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടായിരുന്നോ.. മിന്നുവിന്റെ കരയുന്ന മുഖം മനസ്സിന് വല്ലാത്ത ശല്യമായി തോന്നിയപ്പോൾ മെല്ലെ അങ്ങോട്ടേക്ക് നടന്നു.. ബെഡിൽ കമഴ്ന്നു കിടപ്പുണ്ട്.. അരികിൽ അവളെയും നോക്കി മുടിയിൽ തലോടി ആയാളും.. തന്നെ കണ്ടപ്പോൾ അയാൾ എഴുന്നേറ്റു മുറിയുടെ പുറത്തേക്ക് പോയി ..

അവളുടെ അടുത്തിരുന്നു വിളിച്ചു.. മിന്നൂ..
തല സ്വല്പം ചെരിച്ചു ഒളികണ്ണിട്ടു നോക്കി.. എന്നിട്ട് വീണ്ടും പിണങ്ങി മുഖം മാറ്റി.. “നോക്കുന്നില്ലെങ്കിൽ ഞാൻ പോകുവാ.. നീ പിണങ്ങി കിടന്നോ”.. പദ്മ എഴുന്നേൽക്കാൻ തുടങ്ങിയതും മിന്നു ചാടി എഴുന്നേറ്റിരുന്നു.. അവൾക്കെന്തോ പറയാനുണ്ട്.. പിന്നെ കാലെടുത്തു മടിയിൽ വെച്ചു കാണിച്ചു.. കുഞ്ഞു വെളുത്ത ഉരുണ്ട കാലുകളിൽ നല്ല രണ്ടു സ്വർണ്ണപാദസരം.. പദ്മയുടെ മുഖം വിടർന്നു “കൊള്ളാല്ലോ.. നല്ല ഭംഗിയുണ്ട് ചുന്ദരിക്ക്.. അച്ഛ വാങ്ങി തന്നതാണോ “.. അതേയെന്ന് അവൾ തലയാട്ടി.. എന്നിട്ട് പദ്മയ്ക്ക് മുന്നിലേക്ക് ഒരു ചെപ്പ് നീട്ടി മിന്നു ..

“ഇത് തരാനാ ഞാൻ വന്നേ.. അപ്പോ എന്നെ നോക്കിയില്ലല്ലോ.. മോൾക്ക് വിഷമം ആയിപ്പോയി”.. പദ്മ അത് വാങ്ങി തുറന്നു നോക്കി…ഒരു ഇയർ റിങ്..

“കണ്ടപ്പോൾ ടീച്ചറിന് ചേരുമെന്ന് തോന്നി.. ഇഷ്ടമാകുമോന്നു അറിയില്ല”.. മാധവൻ പറഞ്ഞപ്പോൾ പദ്മയ്ക്ക് ദേഷ്യമാണ് തോന്നിയത്… അത് മേശമേലെ വെച്ചിട്ട് ചോദിച്ചു “ഇത് വാങ്ങാനാണോ രണ്ടും കൂടി എന്നോടൊരു വാക്ക് പോലും പറയാതെ പോയത്.. കുറച്ചു നേരം കൊണ്ട് ഞാൻ എത്ര വിഷമിച്ചൂന്ന് അറിയോ.. ടെൻഷൻ അടിച്ചൂന്ന് അറിയോ”.. വിഷമം കൊണ്ട് അറിയാതെ വായിൽ നിന്നും വാക്കുകൾ പുറത്തേക്ക് വന്നു…പദ്മയുടെ കണ്ണു നിറഞ്ഞു..

മാധവൻ ഒന്ന് ഞെട്ടിയ പോലെ തോന്നി.. ടീച്ചർ എന്താ പറയുന്നത്.. മനസ്സിലാകുന്നില്ല.. അതിന് ഇപ്പോൾ കരയാൻ മാത്രം എന്തുണ്ടായി .. മാധവൻ ചോദിച്ചു..

നിങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. പക്ഷേ ഒന്നും അറിയാത്തത് പോലെ നടിക്കുവാണ്.. പദ്മ ദേഷ്യത്തിൽ പറഞ്ഞു..
“കുറച്ചു നേരത്തേക്ക് ആണെങ്കിൽ പോലും എന്നെ ഒഴിവാക്കി നടക്കരുത്.. എനിക്കത് സഹിക്കില്ല.. അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് “.. വാക്കുകൾ പദ്മയുടെ നിയന്ത്രണത്തിൽ ആയിരുന്നില്ല..

മാധവൻ എന്തോ മനസ്സിലായപോലെ തിരിഞ്ഞു നിന്നു.. എന്നിട്ട് പറഞ്ഞു..”ഇത് ടീച്ചറിന്റെ വീടാണ്.. ഇവിടെ നിന്നും പോകാൻ പറയുന്നത് മര്യാദയല്ല.. എങ്കിലും പറഞ്ഞു പോകുവാണ്.. ടീച്ചർ ഇപ്പോ പൊക്കോളൂ.. നമുക്ക് നാളെ സംസാരിക്കാം”..

“ഞാൻ.. ഞാനൊന്ന് പറഞ്ഞോട്ടെ.. എനിക്ക് ശരിക്കും “…. മുഴുമിപ്പിക്കാൻ മാധവൻ സമ്മതിച്ചില്ല.. അതിനു മുന്നേ

മാധവൻ ആ ചെപ്പ് നിലത്തേക്ക് ആഞ്ഞെറിഞ്ഞു.. അത് പൊട്ടി നാലു ഭാഗത്തേക്ക്‌ ചിതറി.. “മതി.. എനിക്കൊന്നും കേൾക്കണ്ട.. ഇതൊന്നും നടക്കില്ല ടീച്ചറേ.. എനിക്ക് നിങ്ങൾ എന്റെ വഴികാട്ടി മാത്രമാണ്.. വേറെ ഒന്നുമില്ല.. ഒന്നും.. ആവശ്യമില്ലാത്തതൊന്നും മനസ്സിൽ വെക്കണ്ട.. ദയയും സഹതാപവും തോന്നുമ്പോൾ ഇങ്ങനെ പലതും കൂടെ തോന്നുന്നതാ.. അല്ലാതെ”.. ജനാല കമ്പിയിൽ പിടിച്ചു ഞെരിച്ചു പറഞ്ഞു …

അന്ന് ജ്യോതിയോട് ഭീഷണി മുഴക്കിയ മാധവനെ വീണ്ടും കണ്ടു പദ്മ.. അതേ ദേഷ്യത്തോടെ.. മിന്നു രണ്ടാളെയും നോക്കി ഇരുപ്പുണ്ട്.. അച്ഛന്റെ ദേഷ്യം കണ്ടപ്പോൾ പേടിച്ചു മര്യാദക്ക് ഇരിക്കുന്നുണ്ട്.. ഇനിയും ആ കുഞ്ഞിന്റെ പേടി കൂട്ടണ്ടാന്ന് വിചാരിച്ചു പദ്മ തിരിഞ്ഞു നിൽക്കുന്ന മാധവനെ നോക്കി..

“എനിക്ക് സ്വന്തമാക്കാൻ ഇഷ്ടമാണ് ഈ അപ്പനെയും മോളെയും.. ശരിക്കും ഇഷ്ടമായിട്ട് തന്നെയാ.. ഒരുപാട് ചിന്തിച്ചെടുത്ത തീരുമാനം.. എന്റെ ഇഷ്ടം വെറും സഹതാപത്തിന്റെ പേരും പറഞ്ഞു ചെറുതാക്കരുത്”.. തിരികെ ഒന്നും കേൾക്കാൻ നിൽക്കാതെ വീട്ടിലേക്ക് പോയി.. അച്ഛനെയും അമ്മയെയും തന്റെ മാറ്റം ഒന്നും അറിയിക്കാതെ നോക്കി.. കിടക്കാൻ നേരം എല്ലാ വിഷമങ്ങളും കണ്ണുനീരായി പുറത്തേക്ക് ഒഴുകി.. ഇഷ്ടപ്പെട്ട ഒരാളോട് മനസ്സ് തുറന്നു കാട്ടുന്നത് തെറ്റാണോ.. വീണ്ടും വീണ്ടും ജീവിതത്തിൽ പരാജയപ്പെടുന്ന പോലെ തോന്നി പദ്മയ്ക്ക്..

ഓടി വരും..