രചന – രോഹിണി ആമി
ഉച്ചയായി അവരെത്തിയപ്പോൾ.. തനിക്ക് മുന്നിലാണ് അച്ഛൻ വണ്ടി നിർത്തിയത്.. പദ്മ ഇറങ്ങി തനിക്ക് മുന്നിലൂടെ ഞങ്ങളുടെ വീട്ടിലേക്ക് പോയി.. ഇങ്ങനെയൊരുത്തൻ നിൽപ്പുണ്ടെന്ന് പോലും ഭാവിക്കുന്നില്ല.. ഇന്നലത്തേക്കാളും ക്ഷീണം ഉണ്ട് ആ മുഖത്ത്.. കണ്ണുകൾക്ക് ജീവൻ ഇല്ലാത്തതു പോലെ.. അച്ഛന്റെയും മുഖത്തൊരു സന്തോഷം ഇല്ല.. അവൾ കയറിപ്പോയെന്ന് കണ്ടപ്പോൾ അച്ഛൻ മാധവനരികിലേക്ക് വന്നു.. “കൺഫേം ചെയ്തു.. ഡോക്ടർ അതു പറഞ്ഞിട്ടും അവളുടെ മുഖത്തൊരു സന്തോഷം ഞാൻ കണ്ടില്ല.. അതുകൊണ്ട് തന്നെ എനിക്കോ രാധക്കോ ഒന്ന് മനസ്സു തുറന്നു സന്തോഷിക്കാൻ ആവുന്നില്ല.. അവളുടെ ബോഡി വീക്ക് ആണെന്നാ ഡോക്ടർ പറഞ്ഞത് .. ശ്രദ്ധിക്കണം……………. മിന്നുവിന്റെ അവസ്ഥ ഞങ്ങൾക്ക് മനസ്സിലാവും, നിന്റെയും.. ഇനി എത്ര കുഞ്ഞുങ്ങൾ ഉണ്ടായാലും മിന്നു കഴിഞ്ഞേ ഉള്ളൂ ഞങ്ങൾക്കും പദ്മയ്ക്കും.. കുഞ്ഞിനെ സ്നേഹത്തിൽ പറഞ്ഞു മനസ്സിലാക്കേണ്ട കടമ നമുക്കെല്ലാവർക്കുമുണ്ട് .. ഒരു കുഞ്ഞു നഷ്ടപ്പെട്ടതിൽ വിഷമിക്കുന്നതിനു മുൻപേ തന്നെ വേറൊരു കുഞ്ഞിനെ തന്നു ദൈവം അനുഗ്രഹിച്ചു.. ഒരു അച്ഛന്റെ വേദന നിനക്ക് ഞാൻ പറഞ്ഞു മനസ്സിലാക്കേണ്ട ആവശ്യം ഇല്ലല്ലോ.. വിഷമിപ്പിക്കല്ലേ മോനേ.. ഇപ്പോൾ രണ്ടു പേരാണ് ഒരേപോലെ വേദനിക്കുക.. ഹോസ്പിറ്റലിൽ ചെന്നിട്ടും അമ്മയോട് ഓരോ മിനിട്ടും വിളിച്ചു നിങ്ങളുടെ കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു അവൾ.. ചെല്ല്… പോയി സമാധാനിപ്പിച്ചു രണ്ടാളും ഒരുമിച്ച് വാ. അമ്മ എന്തെല്ലാമോ ഉണ്ടാക്കുന്നുണ്ട് “.. അച്ഛൻ തലയും കുനിച്ചു വീട്ടിലേക്ക് കയറി പോയി.. മാധവൻ തിരിച്ചു വീട്ടിലേക്ക് ചെന്നു..
കുറച്ചേറെ ടാബ്ലറ്റ്സ് ടേബിളിൽ വെച്ചിട്ടുണ്ട്.. കൂടെ മിന്നൂട്ടന് ഇഷ്ടപ്പെട്ട കുറച്ചു മിട്ടായിയും.. എവിടെ പോയാലും പദ്മ അത് മാത്രം മറക്കില്ല.. നെറ്റിക്ക് മീതെ കൈവെച്ചു കിടക്കുകയാണ്.. മറുകൈ വയറിലും.. അടുത്തു ചെന്നു വയറിലേക്ക് മുഖം വെച്ചു കെട്ടിപ്പിടിച്ചു കിടന്നു.. കയ്യെടുത്തു മാറ്റാൻ ശ്രമിക്കുന്നുണ്ട്.. വീണ്ടും വെച്ചുകൊണ്ടേയിരുന്നു മാധവൻ.. ഏങ്ങലടിക്കുകയാണ് കുറച്ചു പോലും ശബ്ദം വെളിയിൽ കേൾക്കാതെ.. തന്നെയൊന്നു തൊടുന്നത് പോലുമില്ല.. “അച്ഛേടെ പൊന്നേ”…………. സാരി മാറ്റി വയറിൽ ഉമ്മ വെച്ചു.. “ഇഷ്ടമില്ലാഞ്ഞിട്ടല്ല കുഞ്ഞേ.. ഒരുപാട് സന്തോഷം ഉണ്ട്.. പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും.. നിന്റെ ചേച്ചി കുറച്ചു വിഷമത്തിലാണ്.. അവളുടെ അമ്മയുടെ സ്നേഹം ആർക്കും പങ്കിട്ടു കൊടുക്കാൻ അവൾ ഇഷ്ടപ്പെടുന്നില്ല.. അമ്മ അവളുടെ മാത്രമാണ്ന്ന്.. വാശിയിലാണ് നിന്റെ ചേച്ചി.. അച്ഛൻ ആർക്കൊപ്പം നിൽക്കണം.. ചേച്ചിപ്പെണ്ണിനെ പറഞ്ഞു മനസ്സിലാക്കാൻ കുറച്ചു സമയം താ പൊന്നേ.. എന്റെ വിഷമം മനസ്സിലാക്കാതെ അമ്മ പിണങ്ങിയിരിക്കുന്നത് കണ്ടോ.. അച്ഛനെ കൂട്ടാതെ ഹോസ്പിറ്റലിൽ ഒക്കെ പോയത് കണ്ടോ”.. തിരിച്ചൊരു മറുപടി പോലും കിട്ടാഞ്ഞപ്പോൾ മാധവൻ പദ്മയുടെ മുഖത്തിന് നേരെ വന്നു കയ്യെടുത്തു മാറ്റി.. “കരയല്ലേ പദ്മാ.. ഒന്ന് നിർത്തുവോ നീ”… കണ്ണു തുടച്ചുകൊടുത്തു .. പദ്മ കൈ തട്ടി മാറ്റി മാറിക്കിടന്നു.. വാശിയിലാണ്.. നിർബന്ധം പിടിക്കാൻ പോയില്ല.. ദേഷ്യത്തിന് പുറത്ത് എന്തു സംസാരിച്ചാലും അത് ശരിയാവില്ലെന്ന് അറിയാം.. കുറച്ചു നേരം കഴിഞ്ഞപ്പോൾ, പദ്മ ഉറങ്ങിയെന്നു തോന്നിയപ്പോൾ അവളെ നെഞ്ചിൽ ചേർത്തു പിടിച്ചു മുഖം നിറയെ ഉമ്മ കൊടുത്തു.. മീശ കുത്തി അസ്വസ്ഥതയോടെ മുഖം ചുളിച്ചപ്പോൾ ചിരിയോടെ മെല്ലെ ചേർത്തുപിടിച്ചു തലോടി..
സ്കൂളിൽ നിന്നും മിന്നു അച്ഛനരികിലേക്ക് ഓടി വന്ന് പ്രതീക്ഷയോടെ മുഖത്തേക്ക് നോക്കി.. അമ്മ വീട്ടിൽ ഉണ്ടെന്നറിഞ്ഞപ്പോൾ മിന്നുവിന്റെ മുഖം തെളിഞ്ഞു.. പിന്നെ വീട്ടിലേക്ക് വരാൻ നല്ല ഉത്സാഹം ആയിരുന്നു അവൾക്ക്.. വീട്ടിലേക്ക് ഓടി കയറി പദ്മയ്ക്ക് മുന്നിൽ വന്നപ്പോൾ ഉണ്ടായിരുന്ന സന്തോഷം മാറി.. അമ്മയുടെ മുഖത്ത് ഇത്രയും ഗൗരവം ഇന്നേവരെ കണ്ടിട്ടില്ല.. കാണുമ്പോൾ എടുത്തു ഉമ്മ വെക്കുകയാണ് പതിവ്.. യൂണിഫോം ഒക്കെ മാറ്റി കുളിപ്പിക്കുമ്പോളും പദ്മ ഒന്നും മിണ്ടിയില്ല.. മിന്നു പ്രതീക്ഷയോടെ നോക്കുന്നുണ്ട്.. ഡ്രസ്സ് ഒക്കെ ഇടുവിപ്പിച്ചു കൊടുത്തിട്ട് മിന്നുവിനോട് പറഞ്ഞു.. അമ്മമ്മയുടെ അടുത്ത് പോയി പാല് കുടിച്ചിട്ട് വരാൻ.. ഉടനെ തന്നെ തിരിച്ചു വരണം.. ഞാൻ പറഞ്ഞത് കേട്ടോ എന്ന് എടുത്തു ചോദിച്ചു.. മിന്നു തലയാട്ടി, തിരിഞ്ഞു തിരിഞ്ഞു നോക്കി പോയി.. തനിക്ക് നേരെ എന്തോ പറയാൻ തുടങ്ങിയ മാധവനെ ഒന്ന് സൂക്ഷിച്ചു നോക്കി.. പണ്ടത്തെ ടീച്ചറിന്റെ അതേ നോട്ടം.. മാധവന് ഇന്നും ഭയമുള്ള അതേ നോട്ടം.. പറയാൻ വന്നത് മാധവൻ വിഴുങ്ങി.. പദ്മ എന്താണ് ചെയ്യുന്നതെന്നറിയാൻ കയ്യും കെട്ടി അവളെയും നോക്കി നിന്നു.. ഇടയ്ക്കൊന്ന് മാധവനെ നോക്കിയപ്പോൾ ചുണ്ടു കൂർപ്പിച്ചു ഒരുമ്മ കൊടുത്തു അവൾക്ക്.. ഒരു ദയയും ഇല്ല ആ മുഖത്തെന്ന് മാധവന് തോന്നി.. മിന്നു പോയി ശരവേഗത്തിൽ തിരിച്ചെത്തി.. പാലിന്റെ രണ്ടു കൊമ്പ് ചുണ്ടിന് മേലെയിരുന്നത് പദ്മ തുടച്ച് കൊടുത്തു അടുത്തു പിടിച്ചിരുത്തി.. മുഖം കുനിച്ചു പിടിച്ചേക്കുന്നവളെ കുറച്ചു നേരം നോക്കിയിരുന്നു.. പിന്നെ ചോദിച്ചു…
“ഞാനാരാ നിന്റെ”..
“അമ്മ”… ഒന്നു ഞെട്ടിയിട്ട് മെല്ലെ മറുപടി പറഞ്ഞു..
“മുഖത്ത് നോക്കി പറയ് മിന്നൂ”..
“അമ്മയാ”.. പറഞ്ഞിട്ട് കണ്ണു നിറച്ചു വിതുമ്പാൻ തയ്യാറായി നിന്നു..
“സ്വന്തമാണോ”..
“അല്ല”..
“അല്ലേ”.. പദ്മ പിരികം ചുളിച്ച് സൂക്ഷിച്ചു നോക്കി ചോദിച്ചു ..
“അതെ”.. മിന്നു വിറച്ചു പറഞ്ഞു..അച്ഛനെ ഒന്നു നോക്കി.. അച്ഛനും തന്നെ രക്ഷിക്കാൻ പറ്റില്ലെന്ന് ആ നിൽപ്പ് കണ്ടാൽ അറിയാം..
“ജ്യോതിയമ്മ സ്നേഹിക്കുന്നതിലും ഏറെ ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടോ”..
“ഉണ്ട്”.. മിന്നു തലയാട്ടി..
“എന്തെങ്കിലുമൊരു കുറവ് ഞാൻ നിനക്ക് വരുത്തിയോ ഇന്ന് വരെ”..
“മ്മ്ഹും”..
“ഒരുമ്മ തന്നാൽ പോലും ഞാനത് പത്തായിട്ട് തിരിച്ചു തരുന്നില്ലേ നിനക്ക്”..
“മ്മ്”.. മിന്നു സമ്മതിച്ചു തലയാട്ടി..
“സ്നേഹിക്കുന്നില്ലെന്ന് തോന്നുന്നുണ്ടോ.. നിന്നെ ഇട്ടേച്ചു പോകുവോ ഞാൻ”..
“ഇല്ല”.. മിന്നു കരഞ്ഞു പോയി..
“പിന്നെന്താ കുഞ്ഞേ നീയെന്നോടിങ്ങനെ.. അമ്മയെ എന്തിനാടീ വിഷമിപ്പിക്കുന്നെ”… പദ്മയുടെ കണ്ണു നിറഞ്ഞൊഴുകി..
മിന്നു പദ്മയുടെ കഴുത്തിൽ കെട്ടിപ്പിടിച്ചു.. മുഖത്തും കഴുത്തിലുമൊക്കെ അവളെക്കൊണ്ട് പറ്റുന്നത് പോലെ ഉമ്മ കൊടുത്തു.. പദ്മയുടെ കണ്ണു തുടച്ചു കൊടുത്തു.. മാധവൻ പദ്മയ്‌ക്കരികിലേക്ക് ആശ്വസിപ്പിക്കാൻ വന്നതും ഒരു നോട്ടം കൊണ്ട് നിന്നിടത്തു തന്നെ തിരിച്ചു നിർത്തി പദ്മ.. പദ്മയുടെ ദേഷ്യം കണ്ടു മിന്നുവും ഒന്ന് ഭയന്നു.. ഒന്നു തണുത്തപ്പോൾ മിന്നുവിന്റെ കുഞ്ഞിക്കൈ എടുത്തു വയറിൽ വെപ്പിച്ചു.. “ഇവിടെയൊരു കുഞ്ഞുവാവ ഉണ്ട്.. അറിയോ നിനക്ക്”.. മിന്നു അറിയാമെന്നു തലയാട്ടി..
“വേണ്ടേ ആ കുഞ്ഞാവയെ എന്റെ മിന്നൂട്ടന്”..
അവൾ ഒന്നും മിണ്ടിയില്ല.. മുഖം കുനിച്ചു പിടിച്ചു നിന്നു.. അവളുടെ മുഖം രണ്ടു കയ്യിലുമെടുത്തു കണ്ണു തുടച്ചുകൊടുത്തു.. പിടിച്ചു മടിയിലിരുത്തി നെഞ്ചിൽ ചേർത്തു കിടത്തി ചോദിച്ചു.. “എന്താ എന്റെ കുഞ്ഞിന് പറ്റിയെ.. അമ്മയോട് പറ.. എന്താ അമ്മയോട് മിണ്ടാത്തത് ന്ന് “.. മിന്നു മിണ്ടാതെ കിടന്നു..
“എത്ര കുഞ്ഞാവ വന്നാലും ആദ്യമായിട്ട് എന്നെ അമ്മേന്ന് വിളിച്ചത് എന്റെ മിന്നൂട്ടൻ അല്ലേ.. നീയല്ലേ എന്റെ ആദ്യത്തെ കുഞ്ഞ്.. അല്ലേ”..
മിന്നു തലയാട്ടി സമ്മതിച്ചു.. എന്നിട്ട് സംശയത്തോടെ ചോദിച്ചു.. “കുഞ്ഞാവ വന്നപ്പോളേ അമ്മ ബോധം കെട്ട് വീണില്ലേ.. ഇനി കുഞ്ഞാവ വരുമ്പോൾ ജ്യോതിയമ്മ പോയപോലെ അമ്മ പോകുവോ എന്നേം അച്ഛനേം ഇട്ടേച്ച്”..
ഒരു മറുപടിക്കായി തന്റെ മുഖത്തേക്ക് നോക്കി ഇരിക്കുന്ന മിന്നുവിനോട് പദ്മ തിരിച്ചു ചോദിച്ചു.. “അങ്ങനെ പോകുവോ അമ്മ.. നിന്നേം അച്ഛനേം ഇട്ടേച്ചു.. തോന്നുന്നുണ്ടോ അങ്ങനെ”..
മിന്നു ഇല്ലെന്ന് തലയാട്ടി.. “കുറച്ചു കഴിയുമ്പോ കുഞ്ഞാവ മരിച്ചു പോയാലോ.. അപ്പോ മിന്നുന് വിഷമം ആവില്ലേ”.. മിന്നുവിനെ ഒന്നുകൂടി ചേർത്തു പിടിച്ചു പദ്മ.. പേടിയോടെ മാധവനെ ഒന്നു നോക്കി.. മാധവൻ ഒന്നനങ്ങിയതും നോട്ടം പെട്ടെന്ന് ദേഷ്യത്തിലായി.. അതിൽ അടുത്തേക്ക് വരണ്ട എന്നൊരു ധ്വനി ഉണ്ടായിരുന്നു..
“അങ്ങനെ ഒന്നുമുണ്ടാവില്ല.. അമ്പോറ്റിയോട് പ്രാർത്ഥിച്ചാൽ മതി കേട്ടോ.. മിന്നൂട്ടന്റെ വാവയ്ക്ക് ഒന്നും വരുത്തല്ലെന്ന്”..
“മ്മ്”.. അമ്മ പറഞ്ഞാൽ വിശ്വാസമാണ് മിന്നുവിന്.. മിന്നു ചാടിയെഴുന്നേറ്റ് പദ്മയുടെ വയറിൽ ഉമ്മ വെച്ചു.. മിന്നൂട്ടന്റെ മുഖം ചേർത്തു പിടിച്ചു.. “വിഷമം മാറിയോ എന്റെ കുഞ്ഞിന്റെ”..
“മ്മ്”..
“എങ്കിലും ഇന്നലെ അമ്മയോട് പിണങ്ങാനും മാറിക്കിടക്കാനും തനിച്ചു വാരിക്കഴിക്കാനും ഒക്കെ എങ്ങനെ തോന്നി നിനക്ക്”..
“അതിന് ഞാനും അച്ഛനും അമ്മേടെ കൂടെയല്ലേ കിടന്നത്.. എനിക്കും അച്ഛനെപ്പോലെ തന്നാ, അമ്മേനെ മാറിക്കിടക്കുന്നത് ഇഷ്ടാവില്ല”..
“ഉവ്വ.. അത് ഞാനിന്നലെ ഉച്ചക്ക് കണ്ടു.. രണ്ടും പോത്തുപോലെ കിടന്നുറങ്ങിയത്.. എന്നേക്കൂട്ടാതെ”.. പദ്മ പറഞ്ഞപ്പോൾ മിന്നു കെട്ടിപ്പിടിച്ചു ചിരിച്ചു.. പദ്മ മാധവനെ ദേഷ്യത്തിൽ നോക്കി പറഞ്ഞു ..”ദേ ഇത്രേയുള്ളൂ.. അതിനാണ് എന്റെ അടുത്തു നിന്നും കൊച്ചിനെ മാറ്റിയത്”..
അത് ശരി.. ഇപ്പോൾ താനായോ കുറ്റക്കാരൻ.. ഞാൻ മിന്നൂനെ പറഞ്ഞു തിരിച്ചത് പോലെയാ പറച്ചിൽ കേട്ടാൽ .. മിന്നൂട്ടൻ അമ്മമ്മേടെ അടുത്തു പൊക്കോളാൻ പറഞ്ഞു പദ്മ.. ഇനി തന്റെ നേർക്കുള്ള ഊഴമാണെന്ന് മാധവൻ കരുതി.. തന്നെ വഴക്കു പറയുമെന്ന് കരുതി.. എല്ലാം തെറ്റിച്ചു പദ്മ മിന്നു പോയിടത്തേക്ക് പോകാനൊരുങ്ങി.. പിടിച്ച പിടിയാലേ കയ്യിൽ പിടിച്ചു നിർത്തി.. “ഇത്രയും നേരം നോക്കി പേടിപ്പിച്ചു.. ഞാനും അനുസരിച്ചു.. മിന്നുവിനോട് കൂടിയില്ലേ നീ.. എന്നോട് മാത്രം എന്താ ഇത്രയ്ക്കും ദേഷ്യം.. ഞാനാണോ ഇത്രയും ഒപ്പിച്ചു വെച്ചത്”..
“അത് ഞാൻ തന്നെ പറയണോ.. ആ കുഞ്ഞ് എന്നോട് ചെയ്തത് അതിന് ബുദ്ധി അത്രയുമേ ഉള്ളൂ ന്ന് കരുതി ക്ഷമിക്കാൻ പറ്റും.. പക്ഷേ നിങ്ങളോ മാധവേട്ടാ.. ഒറ്റ നിമിഷം കൊണ്ട് രണ്ടാളും എന്നെ ഒറ്റപ്പെടുത്തിയില്ലേ.. എന്നോട് പോട്ടേ.. എനിക്ക് ക്ഷമിക്കാൻ പറ്റും.. നമ്മുടെ കുഞ്ഞോ.. അതിനെയൊന്നു തലോടുക പോലും ചെയ്തില്ല നിങ്ങൾ”.. പദ്മ പൊട്ടിക്കരഞ്ഞു..
“അപ്പോൾ ഞാൻ മിന്നുവിനൊപ്പം നിന്നത് തെറ്റാണെന്നാണോ നീ പറയുന്നത്.. ഞാൻ മിന്നു ഇല്ലാതെ വന്നു നിന്നോടും കുഞ്ഞിനൊടുമുള്ള സ്നേഹം കാണിച്ചിരുന്നെങ്കിൽ നിനക്ക് സന്തോഷം ഉണ്ടാവുമായിരുന്നോ”.. മാധവൻ പറഞ്ഞപ്പോൾ പദ്മ തല കുനിച്ചു.. പദ്മയുടെ മുഖം പിടിച്ചുയർത്തി തന്റെ മുഖത്തിന് നേരെ പിടിച്ചു..
“സന്തോഷം തന്നെ ആയിരുന്നു പദ്മാ അത് കേട്ടപ്പോൾ.. പക്ഷേ മിന്നു അങ്ങനെ പ്രതികരിക്കുമെന്ന് ഞാൻ വിചാരിച്ചില്ല.. ഞാൻ ശരിക്കും ഞെട്ടിപ്പോയി അവൾ പറയുന്നത് കേട്ടപ്പോൾ.. ഞാൻ നിന്നെ തനിച്ചല്ല വിട്ടത്.. നിനക്ക് ചുറ്റും എല്ലാവരുമുണ്ടായിരുന്നു.. മിന്നു കുഞ്ഞല്ലേ.. അവൾ വിഷമിക്കുന്നത് എനിക്കും നിനക്കും സഹിക്കില്ല.. കരഞ്ഞോണ്ടിരുന്ന അവളെ ഒന്നാശ്വസിപ്പിക്കാൻ ഞാൻ എത്ര ബുദ്ധിമുട്ടിയെന്ന് അറിയുമോ.. നിന്നെ നഷ്ടപ്പെടുമോന്ന് പേടിച്ചു കരയുന്ന കുഞ്ഞിനോട് ഞാൻ എന്തു പറഞ്ഞാശ്വസിപ്പിക്കാനാ.. കൂടെ വരാൻ പറഞ്ഞപ്പോൾ കയ്യും തട്ടിത്തെറുപ്പിച്ചു നീയും പോയില്ലേ.. രണ്ടിന്റേം നടുക്ക് നിന്ന് ഞാൻ നീറിയത് നീ അറിഞ്ഞായിരുന്നോ.. എനിക്ക് രണ്ടാളും വേണം.. നിങ്ങൾ രണ്ടിന്റെയും സന്തോഷത്തിലാ ഞാൻ ജീവിക്കുന്നത് തന്നെ”..
“ആരൊക്കെ ചുറ്റിനും ഉണ്ടായിരുന്നെങ്കിലും മാധവാ ഞാൻ ആഗ്രഹിച്ചത് നിങ്ങളെ രണ്ടാളെയുമാണ്.. നിങ്ങളുടെ മുഖത്ത് വിരിയുന്ന സന്തോഷം കാണാനാണ് ഞാൻ ഏറെ കൊതിച്ചതും”..
മാധവൻ തല കുനിച്ചു.. വിഷമത്തോടെ പറഞ്ഞു.. “നീ തന്ന ജീവിതം ആണ് പദ്മാ.. ഈ ജീവനും തടിയും നിനക്ക് വേണ്ടി മാത്രം ഉള്ളതാ.. നിനക്കറിയില്ലേ പിണങ്ങാനും സന്തോഷിക്കാനും വിഷമം കാട്ടാനുമൊക്കെ എനിക്ക് നീ മാത്രേ ഉള്ളൂന്ന്.. തനിച്ചാക്കിയെന്ന് തോന്നിയെങ്കിൽ മാപ്പ്”.. തലയും കുനിച്ചു മാധവൻ അവളെ വിട്ടു പോകാനൊരുങ്ങി.. ഷർട്ടിന്റെ കോളറിൽ പിടിച്ചു കൂടെ നിർത്തി പദ്മ.. “ഇപ്പോളും നിങ്ങൾ എന്നോട് മാത്രേ മിണ്ടുന്നുള്ളൂ മാധവേട്ടാ”.. പദ്മ പരിഭവം കാണിച്ചു.. മാധവൻ അവളെ സൂക്ഷിച്ചു നോക്കി.. കണ്ണുകളിൽ നിറയെ വിഷമവും പരാതിയുമാണ്..
“എന്റെ കുഞ്ഞിനോട് സംസാരിക്കാൻ നിന്റെ അനുവാദം വേണോ എനിക്ക്.. ഞാൻ ഇന്നലെ മുതൽ സംസാരിക്കുന്നുണ്ട്.. നീ കേൾക്കാത്തത് എന്റെ കുഴപ്പമാണോ.. കുഞ്ഞിന് എന്നെ മനസ്സിലാവും.. ഞാൻ അടുത്തു വന്നപ്പോളെല്ലാം നീ ഉറങ്ങുവായിരുന്നു.. ഞാൻ ഉണ്ടായിരുന്നു മുഴുവൻ സമയവും നിന്റെ കൂടെ”..
മുഖത്തിന് തെളിച്ചമില്ലാതെ മാധവൻ പറഞ്ഞു.. “ഞാൻ ചെയ്ത തെറ്റിന് നീയെന്നോട് പകരവും ചെയ്തു.. എന്നെ കൂട്ടാതെ ഹോസ്പിറ്റലിൽ പോയി.. ഒന്നു സംസാരിച്ചു കൂടിയില്ല ഇത്രയും നേരമായിട്ട്”.. പദ്മയുടെ മുഖം പിടിച്ചുയർത്തി.. താടിയിൽ കടിച്ചു ഉമ്മ വെച്ചു ചോദിച്ചു.. “നീ ആഗ്രഹിക്കും പോലെ ഞാൻ നിന്നെ സ്നേഹിക്കുന്നില്ലേ പദ്മേ.. അങ്ങനെ തോന്നുന്നുണ്ടോ.. ഒരു പേടി പോലെ എനിക്ക്”..
“മതിയാവുന്നില്ല മാധവാ.. നിങ്ങൾ തരുന്ന സ്നേഹവും കരുതലും ഒന്നും ഒന്നും മതിയാവുന്നില്ല എനിക്ക് “.. പദ്മ ചിരിയോടെ ചുണ്ടിൽ ചുണ്ടു ചേർത്തുവെച്ചു പറഞ്ഞു..
“കൂടുന്നതല്ലാതെ ഒരു തരിമ്പ് കുറയുന്നില്ല പെണ്ണേ.. പ്രണയം എന്തുവാന്ന് ഞാൻ അറിഞ്ഞത് തന്നെ നിന്നെ സ്നേഹിക്കാൻ തുടങ്ങിയതിനു ശേഷമാണ്”.. മാധവൻ പറഞ്ഞപ്പോൾ കുറുമ്പോടെ പദ്മയൊന്നാ കണ്ണുകളിലേക്ക് നോക്കി.. “അല്ലെങ്കിൽ നീ മിന്നുവിനോട് ചോദിച്ചു നോക്ക് അച്ഛൻ ഇങ്ങനെയായിരുന്നോ എന്ന്.. ആവശ്യമില്ലാത്തതൊക്കെ പഠിപ്പിച്ചതും ശീലിപ്പിച്ചതുമൊക്കെ നീയാണ്”.. കടിക്കും പോലെ കാണിച്ചിട്ട് പറഞ്ഞു..
“നമ്മുടെ ജീവിതത്തിലെ ആദ്യത്തെ വഴക്ക് ആണ്.. അവസാനത്തേതും ഇതാവണം.. ഇനി ഉണ്ടാവരുതെന്നാണ് എന്റെ ആഗ്രഹം.. കുറച്ചു നേരം കൊണ്ട് ഞാൻ നരകത്തിൽ പോയിട്ട് തിരിച്ചു വന്നു.”..
“വഴക്ക് വേണം മാധവാ.. എന്നിട്ട് .. ഇണങ്ങുമ്പോൾ ഇങ്ങനെ… ഇങ്ങനെ……….., തനിച്ചാക്കാതെ ഇരുന്നാൽ മാത്രം മതി..സഹിക്കാൻ പറ്റൂല എനിക്ക്” രണ്ടാളും കുറച്ചു നേരം പരസ്പരം നോക്കി നിന്നു……………… “എനിക്ക് ഇതുപോലൊരു കുഞ്ഞുമാധവനെ വേണം.. ഇങ്ങനെ ചിരിച്ചു മയക്കുന്ന മാധവൻ.. ഇതേ പകർപ്പ്………………………….. സന്തോഷായോ എന്റെ മാധവന് “.. കയ്യെടുത്തു വയറിൽ വെപ്പിച്ചു പദ്മ ചോദിച്ചു..
“ഒത്തിരി വിഷമിപ്പിച്ചോ ഞാൻ നിന്നെ”.. കവിളിൽ തലോടി ചോദിച്ചു..
“മ്മ്.. ഒരുപാട്”… പദ്മ ഒന്നൂടി നെഞ്ചിലേക്ക് ചാരി നിന്നു പറഞ്ഞു..
“എന്താ വേണ്ടത് എന്റെ പദ്മയ്ക്ക്”..
“എന്തൊക്കെയോ”.. ഒരു കുസൃതിചിരിയോടെ പദ്മ പറഞ്ഞു.. പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കി എണ്ണമില്ലാത്ത ചുംബനങ്ങൾ ശരീരം ഏറ്റുവാങ്ങുമ്പോൾ നിറഞ്ഞ മനസ്സോടെ ഓരോന്നും ഹൃദയത്തിന്റെ ഉള്ളറയിൽ അത്രമേൽ ആഴത്തിൽ പതിപ്പിച്ചു വെച്ചു പദ്മ..
“ഡോക്ടർ ന്താ പറഞ്ഞത്.. എന്തിനാണ് ഇത്രയുമധികം ഗുളികയൊക്കെ”.. മേശപ്പുറത്തേക്ക് നോക്കി മാധവൻ കുറച്ചു പേടിയോടെ ചോദിച്ചു…
“അച്ഛനും മോളും കൂടി കുറച്ചൂടെ ടെൻഷൻ താ എനിക്ക്.. പിന്നെ ചോറുണ്ണേണ്ടി വരില്ല.. ടാബ്ലറ്റ് തിന്ന് വയറു നിറയ്ക്കാം”..
“മാധവനെ അറിയുന്ന പദ്മക്ക് ടെൻഷന്റെ ആവശ്യമില്ല .. ഉണ്ടോ “.. മാധവൻ ചോദിച്ചതിന് മറുപടിയായി പദ്മ ഇല്ലെന്ന് കണ്ണടച്ചു കാട്ടി.. രണ്ടാൾക്കും ഇടയിലേക്ക് മിന്നുവും കൂടി വന്നു.. അമ്മയുടെ നെഞ്ചിൽ ചേർന്ന് കിടന്നു കൊഞ്ചാൻ.. കുറച്ചു നേരത്തേക്ക് ആണെങ്കിൽ കൂടി നഷ്ടപ്പെട്ടു പോയ സന്തോഷം തിരിച്ചു പിടിച്ചു മൂന്നാളും.. മാധവൻ രണ്ടാളെയും നെഞ്ചിൽ ചേർത്തു പിടിച്ചു… ഇടയിൽ തങ്ങൾക്കിടയിലേക്ക് വരാൻ പോകുന്ന കുഞ്ഞിനെ തലോടാനും മറന്നില്ല… മിന്നുവിന്റെ കുഞ്ഞുവായിലെ സംസാരം കേൾക്കുമ്പോൾ മാധവന്റെ കൈ പദ്മയുടെ കൈ തേടിപ്പിടിച്ചു കൊരുത്തു… രണ്ടാളും കണ്ണുകൾ കൊണ്ട് പരസ്പരം എന്തൊക്കെയോ മോഹിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.. പദ്മയുടെ മുഖത്തിന്റെ നഷ്ടപ്പെട്ട സന്തോഷവും നാണവും ചുവപ്പും തിരികെ വന്നത് പോലെ തോന്നി മാധവന്..
അച്ഛന്റെയും അമ്മയുടെയും മുഖത്തു നിറഞ്ഞ സന്തോഷം ആണ്.. പദ്മയെ മധുരം കഴിപ്പിക്കുകയാണ് എല്ലാവരും ചേർന്ന്.. മധുരം കഴിക്കുമ്പോഴും അവരുടെ മടിയിൽ ആദ്യത്തെ കൊച്ചുമകളായി അധികാരത്തോടെ മിന്നൂട്ടൻ സ്ഥാനം പിടിച്ചിട്ടുണ്ടായിരുന്നു..
♥️ഉടനെ വരും ♥️

by