17/04/2026

ഈ നിമിഷം : ഭാഗം 05

രചന – രോഹിണി ആമി

കണ്ണാടിക്ക് മുന്നിൽ സ്വന്തം മുഖം നോക്കി നിൽക്കുകയാണ് പദ്മ….. കണ്ണടയ്ക്കാൻ സാധിക്കുന്നില്ല.. ചുണ്ടിൽ തൊടാൻ പറ്റുന്നില്ല… മുഖം കഴുകിയപ്പോൾ കണ്ണു നീറിപ്പുകഞ്ഞു.. ഇപ്പോളും കവിളിലെ മരവിപ്പ് മാറിയിട്ടില്ല… തനിക്ക് ഇത്രയും ക്ഷമ ഉണ്ടോ.. പദ്മ സ്വയം ആലോചിച്ചു… പക്ഷേ എല്ലാവർക്കും മുന്നിൽ നാണംകെട്ടതൊക്കെ ഓർക്കുമ്പോൾ ഉള്ളിൽ എരിഞ്ഞു കത്തുന്നുണ്ട്.. പതിയെ അടുക്കളയിൽ അമ്മയ്ക്ക് അരികിൽ ചെന്നു നിന്നു… അടുത്ത് ആരും ഇല്ലെന്ന് മനസ്സിലാക്കിയപ്പോൾ പറഞ്ഞു..

എനിക്ക് എന്റെ വീട്ടിൽ പോകണം അമ്മേ.. എനിക്ക് ഇവിടെ നിൽക്കാൻ കഴിയുന്നില്ല…

അപ്പോൾ മാത്രമാണ് പദ്മയുടെ മുഖം അവർ കണ്ടത്.. അവൾ ചോദിച്ചതിന് ഒന്നും പറയാതെ താടിയിൽ പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു നോക്കി… മുഖത്തെ ശാന്തത മാറി ദേഷ്യം നിറഞ്ഞു..

ആരാ ഇത് ചെയ്തത് നിന്നോട് .. തട്ടി വീണു എന്നൊന്നും കളവ് പറയാൻ നിൽക്കണ്ട.. എന്നെ മണ്ടിയാക്കരുത്..

വിഷ്ണു…വേറൊന്നും ചിന്തിക്കേണ്ടി വന്നില്ല പദ്മയ്ക് ആ ഉത്തരം പറയാൻ…

എന്തിനെന്നോ ഏതിനെന്നോ ചോദിക്കാതെ പദ്മയുടെ കയ്യിൽ പിടിച്ചു വലിച്ചു വിഷ്ണുവിന്റെ മുറിയിലേക്ക് ചെന്നു.. നെറ്റിയിൽ കൈ വെച്ച് ഉറങ്ങുവാണ്.. നെഞ്ചിൽ ആ കത്ത് ചേർത്തു വെച്ചിട്ടുണ്ട്.. അമ്മ ആ കത്തെടുത്തു വായിച്ചു.. ആ മുഖത്തു ദേഷ്യമോ വെറുപ്പോ എന്തൊക്കെയോ വന്നുപോയി…. എന്നിട്ട് വിഷ്ണുവിനെ വിളിച്ചു… അമ്മയെ കണ്ടപ്പോൾ ചാടിയെഴുന്നേറ്റു.. പദ്മയെ അടുത്തു കണ്ടപ്പോൾ കാര്യം മനസ്സിലായി… നെഞ്ചിൽ തപ്പി.. ചുറ്റും നോക്കിയപ്പോൾ അത് അമ്മയുടെ കയ്യിൽ ഇരിക്കുന്നത് കണ്ടു…

വിഷ്ണു.. ഇന്നേവരെ നിന്റെ അച്ഛൻ എന്റെ നേർക്ക് കയ്യ് ഉയർത്തുന്നത് കണ്ടിട്ടുണ്ടോ.. അമ്മ ചോദിച്ചപ്പോൾ വിഷ്ണു തല കുനിച്ചു…

ചോദിച്ചതിന് ഉത്തരം പറയെടാ… ഉണ്ടോന്ന്… അമ്മയുടെ ശബ്ദം ഉയർന്നു കേട്ടു..

ഇല്ല.. വിഷ്ണു പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു..

പിന്നെ എന്തു ധൈര്യത്തിലാ നീ ഇവളെ തല്ലിയത്.. ആരോട് ചോദിച്ചിട്ട്… ഒരു താലിയുടെ ബലത്തിൽ എന്തു തോന്നിവാസവും കാണിക്കാമെന്ന് കരുതിയോ നീ …. ഇവളുടെ അച്ഛൻ കയ്യിലേൽപ്പിച്ചു തന്നത് ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാനാണ്.. അല്ലാതെ നിന്റെ അടിയും ചവിട്ടും കൊള്ളാനല്ല.. ഇനിയിത് ആവർത്തിച്ചാൽ ഞാൻ ഇങ്ങനെ ആവില്ല പ്രതികരിക്കുന്നത്.. ഓർത്തോ… കൈ ചൂണ്ടി പറഞ്ഞു… ദേഷ്യം കൊണ്ട് അമ്മയുടെ ചൂണ്ടുവിരൽ വിറച്ചു… വിഷ്ണു തലയാട്ടി…

എന്താ ഇത്… അമ്മ ആ പേപ്പർ നീട്ടി ചോദിച്ചു…

അത്.. ഹിമ.. എനിക്ക് എഴുതിയതാ.. കിട്ടിയത് ഇപ്പോളാ.. വിഷ്ണു വിക്കി വിക്കി ഒരുവിധം പറഞ്ഞൊപ്പിച്ചു..

ഇത് എഴുതാനെടുത്ത സമയം മതിയായിരുന്നല്ലോടാ അവൾക്ക് ഒന്ന് നിന്നെ വിളിച്ചു പറയാൻ.. എല്ലാവരെയും നാണംകെടുത്തി ലക്ഷ്യം തേടി പോകുവാണത്രേ .. അവർ പരിഹസിച്ചു പറഞ്ഞു…

അമ്മേ ഹിമയുടെ സാഹചര്യം….. വേറെന്താ അവൾ ചെയ്യുക… എല്ലാവരോടും പറഞ്ഞിട്ട് സമ്മതിക്കാത്തത് കൊണ്ടല്ലേ അവൾ … വിഷ്ണു ന്യായീകരിച്ചു..

നാണമില്ലേടാ വിഷ്ണു നിനക്ക്…… അവൾടെ ഒരു പ്രേമലേഖനം…. അമ്മ ആ പേപ്പർ ചുരുട്ടി നിലത്തേയ്ക്ക് എറിഞ്ഞു..

ഒളിച്ചോടി ലക്ഷ്യം നേടിയവളെക്കാൾ എനിക്ക് വലുത് മറ്റുള്ളവർക്ക് മുന്നിൽ അച്ഛന്റെയും അമ്മയുടെയും തല താഴാതെ നോക്കിയവളെ തന്നെയാണ്… കാര്യം എന്തായാലും മേലിൽ ഇവൾടെ ദേഹത്ത് അടി വീഴരുത്… അത്രയും പറഞ്ഞ് അമ്മ പദ്മയെ കൂട്ടി മുറിയിൽ നിന്ന് നടന്നു…

എനിക്കിവളെ വേണ്ടാ അമ്മേ… ഒന്ന് മുഖത്തു നോക്കാൻ പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല… പിന്നെങ്ങനെ ഭാര്യ ആയിട്ട് കാണും ഞാൻ…. വിഷ്ണു നിന്നിടത്തു നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.. അമ്മ തിരിഞ്ഞു നിന്നു… പദ്മ നിന്നിടത്തു നിന്നും അനങ്ങിയില്ല…

പ്ലീസ് അമ്മാ… എന്നെയൊന്നു മനസ്സിലാക്കുവോ.. എന്നെക്കൊണ്ട് പറ്റുന്നില്ല ഇവൾക്കൊപ്പം ജീവിക്കാൻ .. ഇവൾ..ഇവളെ എനിക്ക് വേണ്ടാ അമ്മാ … എനിക്ക് ഹിമയെ വേണം…. ഓടിവന്നു അമ്മയുടെ രണ്ടു കയ്യും കൂട്ടിപിടിച്ചു പറഞ്ഞു… കണ്ണ് കലങ്ങി…

എന്തുകൊണ്ട് അന്ന് നീ പറഞ്ഞില്ല…. താലി കെട്ടി കൂടെ കൂട്ടിയിട്ടാണോ വേണ്ടാന്ന് പറയുന്നത്… ആദ്യമൊന്ന് ഞെട്ടിയെങ്കിലും അവർ ചോദിച്ചു…

അത്….. എല്ലാവരും കൂടി നിർബന്ധിച്ചപ്പോ.. അച്ഛന്റെ അവസ്ഥ ഓർത്തപ്പോൾ.. ജാതകം….. അമ്മയുടെ ഇഷ്ടം….ഞാൻ…. സമ്മതിച്ചു പോയതാ… വിഷ്ണു ഒന്നും ഉറച്ചു പറയാതെ നിന്ന് വിയർത്തു ..

അങ്ങനെ ആരെങ്കിലും നിർബന്ധിച്ചാൽ തീരുന്നതേ ഉള്ളോ നിന്റെ ഇഷ്ടവും പ്രേമവും ഒക്കെ .. എല്ലാവരും കൂടി ചേർന്നെടുത്ത തീരുമാനം ആയിരുന്നില്ലേ ഇത്.. അന്ന് ഹിമയെ മാത്രേ വിവാഹം കഴിക്കൂ എന്നു നീ ഉറപ്പിച്ചു പറഞ്ഞിരുന്നെങ്കിൽ ഞാൻ നിന്റെ കൂടെ നിന്നേനെല്ലോ .. നിനക്ക് അത്രയ്ക് ഹിമയെ ഇഷ്ടമായിരുന്നെങ്കിൽ ആരെന്തു പറഞ്ഞാലും പ്രവൃത്തിച്ചാലും നിന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കണമായിരുന്നു…. ഇന്ന് എത്ര നിസ്സാരമായിട്ടാ പറഞ്ഞത് നിനക്ക് ഇവളെ വേണ്ടെന്ന്….ഈ കുടുംബത്തിലേക്ക് വന്ന കൊച്ചാ ഇത്.. നിന്നെ വിശ്വസിച്ചു മാത്രമല്ല ഞങ്ങളെയും കൂടി വിശ്വാസം ഉള്ളതുകൊണ്ടാ അതിന്റെ അച്ഛൻ ഇങ്ങോട്ട് പറഞ്ഞ് വിട്ടത്…ഇതിനെ ഞാൻ എന്തു ചെയ്യണം ഇപ്പോ.. നീ തന്നെ പറഞ്ഞു താ.. അമ്മ പദ്മയെ പിടിച്ചു വിഷ്ണുവിന്റെ മുന്നോട്ട് നിർത്തി ചോദിച്ചു…

എനിക്കറിയില്ല.. ഇവളോട് തന്നെ ചോദിക്ക്.. അന്ന് ഇവൾക്ക് പറഞ്ഞുകൂടായിരുന്നോ ഈ കല്യാണത്തിന് ഇഷ്ടമില്ല എന്ന്.. പറഞ്ഞില്ലല്ലോ… അന്ന് ആരുടെയെങ്കിലും തലേൽ കേറിയാൽ മതീന്നായിരുന്നു അവൾക്ക്… ഗതികേടിന് അത് എന്റെ തലയിലും ആയി…

മതി.. നിർത്തിക്കോ വിഷ്ണു… എന്തൊരു വൃത്തികെട്ട സംസാരം ആണ് നിന്റെ… പറയുന്നത് ഒരു പെൺകുട്ടിയെക്കുറിച്ചാണെന്ന് ഓർമ്മ വേണം…..ആദ്യം നീ നിന്റെ ദേഷ്യം ഒക്കെ മാറ്റിവെച്ചു ഒന്ന് ചിന്തിക്ക്.. എന്നിട്ട് സമയമെടുത്തു തീരുമാനിക്കാം… അങ്ങനെ തോന്നുമ്പോൾ വേണ്ടാന്ന് വെക്കാൻ പറ്റുന്ന ഒരു ബന്ധം അല്ല നിങ്ങൾ തമ്മിലുള്ളത്..

എന്നെ ഹിമയ്ക്ക് ഇഷ്ടമാണ്.. എനിക്കും തിരിച്ചു ഇഷ്ടമാണ്.. അന്ന് അങ്ങനൊരു താലി കെട്ടി എന്നല്ലാതെ യാതൊരു ബന്ധവും പദ്മയുമായി എനിക്കില്ല… അതാണ് ഞാൻ വിവാഹം പോലും രെജിസ്റ്റർ ചെയ്യാൻ പോകാത്തത്… മനസ്സ് കൊണ്ട് ഒട്ടും ഒത്തുപോകാൻ പറ്റുന്നില്ല.. എങ്ങനെയും എന്റെ തലയിൽ നിന്ന് ഒഴിഞ്ഞാൽ മതിയെന്നേ ഉള്ളൂ എനിക്ക്… തീരുമാനം എടുക്കുവാനുള്ള മാനസികാവസ്ഥ ആയിരുന്നില്ല അന്ന് എനിക്ക് … അതിനർത്ഥം ഞാൻ ഹിമയെ മറന്നു എന്നല്ല…. ഒന്ന് മനസ്സിലാക്ക് അമ്മേ… വിഷ്ണു അമ്മയ്ക്ക് മുന്നിൽ നിന്ന് കെഞ്ചി… അവർ എന്തോ ആലോചിച്ചിട്ടെന്നപോലെ തിരിഞ്ഞു പദ്മയോട് ചോദിച്ചു…. എന്താ നിന്റെ തീരുമാനം… എന്തെങ്കിലും പറയാനുണ്ടോ നിനക്ക്…

എനിക്ക് വീട്ടിൽ പോകണം അമ്മേ… അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു…

മ്മ്…. അവർ ഒന്ന് മൂളി… എന്തായാലും പദ്മയെ അവളുടെ വീട്ടിൽ കൊണ്ടു ചെന്നാക്കണം … ഇവിടെ നിന്റെ ദേഷ്യം തീർക്കാൻ അവളെ ഞാൻ വിട്ടു തരില്ല… ബാക്കി പതിയെ നോക്കാം… ഇവിടെ നടന്നതൊന്നും അച്ഛൻ അറിയാൻ പാടില്ല.. ഈ തോന്നിവാസം ഒക്കെ അദ്ദേഹത്തിന് സഹിക്കാൻ കഴിയില്ല… അറിയാമല്ലോ എനിക്ക് നിന്റെ അച്ഛന്റെ ആരോഗ്യം ആണ് വലുത്…

വാതിൽക്കൽ നിൽക്കുന്ന ഹരിയോടായി അമ്മ പറഞ്ഞു … ഇനി നിനക്ക് വല്ലതും പറയാൻ ഉണ്ടോ ഹരീ .. ഇതിനൊരു പരിഹാരം നിന്റെ കയ്യിൽ ഉണ്ടോ.. ഹരി തല കുനിച്ചു…. കയ്യിൽ വന്നത് ഏട്ടന്റെ സന്തോഷത്തിനുവേണ്ടി കൊടുത്തു…. ഇപ്പോ കുടുംബത്തിന്റെ മൊത്തം സന്തോഷവും സമാധാനവും പോയിക്കിട്ടി… ഒന്നും മിണ്ടാതെ നിന്ന ഹരിയെ തട്ടിമാറ്റി അമ്മ പോയി.. പിറകെ പദ്മയും..
വിഷ്ണുവിന്റെ മുഖം പതിയെ തെളിയുന്നത് ഹരി ശ്രദ്ധിച്ചു… എന്തൊക്കെയോ തീരുമാനങ്ങൾ എടുക്കുകയാണ് മനസ്സിൽ …. ഹരി ചെറിയൊരു നിരാശയോടെ മുറിയിലേക്ക് പോയി…

പദ്മ എല്ലാം ബാഗിന്റെ ഉള്ളിലെടുത്തു വെച്ചു…. അതിനും മാത്രം ഒന്നും വെളിയിൽ വെച്ചിട്ടുണ്ടായിരുന്നില്ല.. തന്റേതായിട്ടുള്ള ഒന്നും അവശേഷിക്കരുതെന്ന് അവൾക്ക് നിർബന്ധം ഉണ്ടായിരുന്നു… തനിക്കായി വാങ്ങിയതൊന്നും ഉപയോഗിച്ചിട്ടുണ്ടായിരുന്നില്ല.. എല്ലാം അടുക്കി പെറുക്കി വെച്ചു… പിന്നെ ബാഗ് എടുത്തു റൂമിന് വെളിയിൽ വെച്ചു… അച്ഛനോട് യാത്ര പറഞ്ഞു… അദ്ദേഹം ചിരിയോടെ അനുഗ്രഹിച്ചു വിട്ടു…. നന്നായി പഠിക്കാനും പറഞ്ഞു…. ആ മുഖത്തെ സന്തോഷം കണ്ടാലറിയാം ഒന്നും അറിഞ്ഞിട്ടില്ലെന്ന്.. അമ്മ കെട്ടിപ്പിടിച്ചു നെറുകയിൽ ഉമ്മ തന്നു.. പെണ്ണാണ്… എന്നുവെച്ച് എന്നും താഴ്ന്നുകൊടുക്കണമെന്ന് അതിന് അർത്ഥമില്ല കേട്ടോ .. നല്ലതേ വരൂ… അമ്മ ഇറങ്ങുന്നുണ്ട് ഉടനെ വീട്ടിലേക്ക്..

പദ്മ അമ്മയെ ഒന്നുകൂടി ഇറുക്കി കെട്ടിപ്പിടിച്ചു… കവിളിൽ അമർത്തി ഉമ്മ വെച്ചു… തിരിഞ്ഞു നോക്കാതെ ബാഗ് എടുത്തു കാറിൽ വെച്ചു… വിഷ്ണു വലിയ ഉത്സാഹത്തിലാണെന്ന് തോന്നുന്നു… സന്തോഷത്തോടെ ഡ്രൈവിംഗ് സീറ്റിൽ ഇരുപ്പുണ്ട്.. അമ്മ ഹരിയോടും കൂടെ ചെല്ലാൻ പറഞ്ഞു… ആ കാർ വീടിന്റെ ഗേറ്റ് കടന്നപ്പോൾ അവരുടെ മനസ്സിൽ വല്ലാത്തൊരു വേദന നിറഞ്ഞു… ഒപ്പം പദ്മയുടെ മുഖവും….

ഇടയ്ക്കിടെ വിഷ്ണു പദ്മയെ നോക്കുന്നുണ്ടായിരുന്നു.. അവൾ വെളിയിലേക്ക് നോക്കി കാഴ്ചകൾ ആസ്വദിക്കുകയാണ്.. യാതൊരു വിഷമവും ആ മുഖത്തു കാണാനില്ല… ഒരു കരച്ചിലും പിഴിച്ചിലും പ്രതീക്ഷിച്ചതാണ്.. അത് ഇല്ലാതിരുന്നത് ഒരുകണക്കിന് ആശ്വാസം ആണ്… അടിച്ചതിനു ഒരു സോറി പറയണം എന്നുണ്ട്.. അപ്പോഴത്തെ ആവേശത്തിന് ചെയ്തു പോയതാണ്.. പിന്നീട് അതൊന്ന് സംസാരിക്കണമെന്ന് വെച്ചപ്പോഴാണ് അമ്മയോട് പറഞ്ഞതും അമ്മ തന്നോട് ചോദിക്കാൻ വന്നതുമൊക്കെ.. ദേഷ്യം കൂടിയെന്നല്ലാതെ കുറവുണ്ടായില്ല.. വീട്ടിൽ എത്തുമ്പോൾ അവരോട് ഒക്കെ എന്ത് പറയും എന്നോർത്തിട്ട് ഒരു വിമ്മിഷ്ടം കൂടി ഉണ്ട്… മെയിൻ റോഡിലേക്ക് കാർ കയറിയപ്പോൾ പദ്മ വണ്ടി നിർത്താൻ പറഞ്ഞു… ബാഗ് എടുത്തു ഇറങ്ങി..

എന്ത് പറ്റി… എന്താ ഇവിടെ ഇറങ്ങിയത്.. ഹരി കൂടെ ഇറങ്ങി ചോദിച്ചു….

എന്റെ വീട്ടിലേക്ക് പോകാൻ എനിക്ക് വഴി അറിയാം… നിങ്ങൾ പൊക്കൊളു… അമ്മയോട് എതിർത്തു പറയാൻ തോന്നിയില്ല അതുകൊണ്ടാണ് വീട്ടിൽ നിന്നും നിങ്ങൾക്ക് ഒപ്പം ഇങ്ങു പോന്നത്.. പദ്മ പറഞ്ഞിട്ട് റോഡിലേക്ക് നോക്കി…

അതു വേണ്ടാ പദ്മ… ഞങ്ങൾ വീട്ടിൽ കൊണ്ടുചെന്ന് ആക്കാം… അല്ലെങ്കിൽ വീട്ടുകാർ എന്തു വിചാരിക്കും….മാത്രമല്ല അമ്മ അറിഞ്ഞാൽ……

ഹരി പറഞ്ഞത് കേൾക്കാത്ത മട്ടിൽ ഏതെങ്കിലും ഓട്ടോ വരുന്നുണ്ടോ എന്നു രണ്ടുപാടും നോക്കി നിന്നു…. വീട്ടിൽ ചെന്നു അമ്മയോട് എന്തു മറുപടി പറയുമെന്ന് പേടിച്ചു വിഷ്ണുവും ഇറങ്ങി അവർക്കരികിലേക്ക് ചെന്നു…. ഒരു ഓട്ടോ വരുന്നത് കണ്ടു പദ്മ കൈ നീട്ടി… അവൾ അതിൽ കയറി പോകും എന്ന് ഉറപ്പായപ്പോൾ വിഷ്ണു വിളിച്ചു…

പദ്മാ…. അവൾ ബാഗ് എടുത്തു ഓട്ടോയിൽ വെക്കുന്ന തിരക്കിൽ ആയിരുന്നു… കേട്ടില്ലെന്ന് വിചാരിച്ചു വിഷ്ണു അവൾക്ക് മുന്നിൽ കയറി നിന്ന് പറഞ്ഞു ….. പദ്മാ… എനിക്കൊരു……

ഒന്ന് പോടോ…… മുഴുമിപ്പിക്കാൻ സമ്മതിക്കാതെ വിഷ്ണുവിനോടായി പറഞ്ഞു…. എന്നിട്ട് ഒന്നും കേൾക്കാൻ നിൽക്കാതെ പദ്മ ഓട്ടോയിൽ കയറി ഡ്രൈവറോട് പൊക്കോളാൻ പറഞ്ഞു…. വിഷ്ണു ആകെയങ്ങു ചമ്മി ഹരിയെ നോക്കി… ഹരിയും ഞെട്ടി നിൽക്കുവാണ് പക്ഷേ ഉള്ളിൽ അറിയാതൊരു ചിരി പൊട്ടി… പിന്നീട് തിരിച്ചു പോകുമ്പോൾ ഇങ്ങോട്ട് വരുമ്പോൾ ഉണ്ടായിരുന്ന സന്തോഷം വിഷ്ണുവിന്റെ മുഖത്ത് ഉണ്ടായിരുന്നില്ല…

വീട്ടിൽ ചെന്നു കയറുമ്പോൾ പദ്മയ്ക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി… മുറ്റത്തു നിന്ന് വീട് ആദ്യമായി കാണും പോലെ കുറച്ചു നേരം നോക്കി നിന്നു… എന്നിട്ട് നേരെ അടുക്കളയിലേക്ക് പോയി അമ്മയെ കെട്ടിപ്പിടിച്ചു….. അവരും അത്ഭുതത്തോടെ നോക്കി… എന്നിട്ട് തിരിച്ചു കെട്ടിപ്പിടിച്ചു… നീയിത് എപ്പോ വന്നു….. വിഷ്ണു എവിടെ….

ഞാൻ തനിച്ചാ അമ്മേ… ഞാൻ ഇനി പോകുന്നില്ല…. അച്ഛൻ എവിടെ… ചിപ്സ് കുറച്ചു കയ്യിൽ എടുത്തു ഭരണി അടച്ചു വെയ്ക്കുമ്പോൾ ചോദിച്ചു…

അച്ഛൻ വന്നിട്ട് രണ്ടാളോടും പറയാം.. കുറച്ചു കാര്യങ്ങൾ ഉണ്ട്… വാ പൊളിച്ചു നിൽക്കുന്ന അമ്മയുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു പറഞ്ഞു…

ഒന്നു കുളിച്ചു ഫ്രഷ് ആയി കഴിഞ്ഞപ്പോൾ പഴയ പദ്മ ആയി… വെപ്രാളപ്പെട്ടു അച്ഛൻ മുറിയിലേക്ക് വന്നു… പിറകെ അമ്മയും ഉണ്ടെന്ന് ഊഹിക്കാം… ആ മുഖത്ത് വല്ലാത്തൊരു പരവേശം ഉണ്ടായിരുന്നു… കൂടുതൽ ടെൻഷൻ അടിപ്പിക്കാൻ നിൽക്കാതെ അച്ഛനെയും അമ്മയെയും ഇരുവശത്തും ഇരുത്തി ഇവിടുന്ന് പോയപ്പോൾ മുതൽ ഇങ്ങോട്ട് പോരും വരെയുള്ള കാര്യങ്ങൾ വെടിപ്പായി പറഞ്ഞു… രണ്ടാളും മാറി മാറി നോക്കുന്നുണ്ട്… പിന്നെ ദീർഘശ്വാസം വിടുന്നുണ്ട്… അമ്മ ഇടയ്ക്ക് കണ്ണു തുടയ്ക്കുന്നുണ്ട്… ആരുടെയോ കൈ തോളിൽ കൂടി വന്നു തന്നെ ചേർത്തു പിടിച്ചു…… അച്ഛനാണ്… പിന്നെ കവിളിൽ മെല്ലെ തലോടി.. വേദനിച്ചോ മോൾക്ക്… അച്ഛൻ പോലും ഇന്നേവരെ…. അദ്ദേഹം വിതുമ്പി ചുണ്ട് കടിച്ചു പിടിച്ചു….

ഇല്ല അച്ഛാ… അതിലും വേദനിച്ചത് ഞാൻ ചെയ്യാത്ത കാര്യങ്ങൾക്ക് ഒക്കെ വാക്കുകൾ കൊണ്ട് കുറ്റപ്പെടുത്തിയപ്പോഴാ.. പിന്നെ കളിയാക്കലും സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല… അയാളെ എനിക്ക് തീരെ അംഗീകരിക്കാൻ പറ്റുന്നില്ല അച്ഛാ…. അയാളുടെ മനസ്സിൽ ഇപ്പോളും ചേച്ചി ആണ്… അത് അറിഞ്ഞു വെച്ചുകൊണ്ട് എനിക്ക് പറ്റില്ല… ഹരി അന്ന് ആ ലെറ്റർ കാണിച്ചിരുന്നെങ്കിൽ അയാൾ ചേച്ചിക്ക് വേണ്ടി കാത്തിരുന്നേനെ ചിലപ്പോൾ..

എന്റെ തെറ്റാ… ഒരു മകൾ ചെയ്ത കുറ്റത്തിന് മറ്റൊരു മകൾ വഴി പരിഹാരം തേടാമെന്ന് കരുതി… പക്ഷേ,..

അയ്യേ… അച്ഛൻ ഇങ്ങനെ വിഷമിക്കാതെ… എനിക്ക് യാതൊരു വിഷമവും തോന്നിയില്ല ആ വീട്ടിൽ നിന്നും പോന്നപ്പോൾ… സ്വാതന്ത്ര്യം കിട്ടിയപോലെയാ എനിക്ക് തോന്നിയത്… ഒരിക്കലും ഞാൻ ഇതിന്റെ പേരിൽ വിഷമിച്ചിരിക്കില്ല… അത്രയ്ക്ക് പുണ്യം ഒന്നുമല്ല എനിക്ക് വിഷ്ണു…

രണ്ടാളും പദ്മയുടെ രണ്ട് കയ്യിലും പിടിച്ചു തലോടുന്നുണ്ട്… അവരുടെ രണ്ടാളുടെയും കൈകൾ കൈക്കുള്ളിൽ ആക്കി….. കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം പദ്മ അമ്മയോട് പറഞ്ഞു….

വിശക്കുന്നു അമ്മേ…. ഈ ദിവസം വരെ നേരെ ചൊവ്വേ ഒന്നും കഴിച്ചിട്ടില്ല… കഴിക്കാൻ ഇരിക്കുമ്പോ അങ്ങേര് തുടങ്ങും ഒരുമാതിരി മുള്ളും മുനയും വെച്ച്…..

രണ്ടാളെയും കൂട്ടി ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിച്ചു… പദ്മ നന്നായി ആസ്വദിച്ചു കഴിച്ചു.. പക്ഷേ കൂടെ ഇരുന്ന രണ്ടാൾക്കും ഒരു വറ്റ് പോലും ഇറങ്ങുന്നുണ്ടായിരുന്നില്ല…. ഉറങ്ങുവാൻ നേരം അമ്മ വന്നു കൂടെ കിടക്കാൻ… പദ്മ ഓടിച്ചു വിട്ടു… ഇടയ്ക്ക് വന്നു നോക്കിയപ്പോൾ പില്ലോ കെട്ടിപ്പിടിച്ചു സുഖമായിട്ട് ഉറങ്ങുന്നുണ്ടായിരുന്നു… ജീവിതം തുടങ്ങും മുന്നേ അവസാനിച്ചതിന്റെ യാതൊരു ടെൻഷനും ആ മുഖത്തുണ്ടായിരുന്നില്ല…..

ഓടി വരും..