രചന – രോഹിണി ആമി
പദ്മ പോയപ്പോൾ വീട് ഉറങ്ങിയത് പോലെ തോന്നി വിശ്വന്.. രാധ ഇപ്പോളും വിചാരിച്ചു വെച്ചിരിക്കുന്നത് പദ്മ വെക്കേഷൻ ആയോണ്ട് അമ്മവീട്ടിലേക്ക് എല്ലാവരുടെയും സുഖവിവരം തിരക്കാൻ പോയിരിക്കുകയാണെന്നാ.. ഒരു ഒളിച്ചോട്ടമാണെന്ന് ഇപ്പോളും അറിയില്ല.. ഒരു നല്ല സമയം കിട്ടിയപ്പോൾ എല്ലാം രാധയോട് പറഞ്ഞു.. കിളി പോയ അവസ്ഥയിൽ ഇരിക്കുവാ.. “ഈശ്വരാ നമ്മുടെ പദ്മ കൊച്ചിന് പ്രേമവോ”.. താടിക്ക് കയ്യും കൊടുത്ത് അറിയാതെ പറഞ്ഞു..
“അതെന്താ എന്റെ കൊച്ചിന് പ്രണയിച്ചു കൂടെ.. മാത്രവല്ല പ്രണയം തോന്നിയവനോട് നേരിട്ട് പറയുകയും ചെയ്തു”..വിശ്വൻ അഭിമാനത്തോടെ പറഞ്ഞു..
“ഈശ്വരാ”.. നെഞ്ചത്ത് കൈവെച്ചു.. “അപ്പനും മോളും കൊള്ളാം.. എന്റെ വിശ്വേട്ടാ അവളെ പറഞ്ഞു തിരുത്താൻ ഉള്ളതിന് അതിന് സപ്പോർട്ട് ചെയ്യുവാണോ നിങ്ങൾ” .
“എന്തിനാ തിരുത്തുന്നത്.. അതിനവൾ തെറ്റാണോ ചെയ്തത്.. അവൾ ചെയ്തത് ശരിയാണെന്നും എനിക്ക് ഇതിൽ എതിർപ്പ് ഉണ്ടാവില്ലെന്നും ഉള്ളത് അവളുടെ വിശ്വാസമാണ്.. നമുക്ക് ഇഷ്ടമില്ലാത്തത് മോള് ചെയ്യില്ലാന്ന് ഉള്ളത് എന്റെയും വിശ്വാസമാണ്.. ഇന്നേവരെ അവളത് തെറ്റിച്ചിട്ടില്ല.. അതോ മാധവൻ അത്രയ്ക്ക് കൊള്ളാത്തവൻ ആണോ നിന്റെ കണ്ണിൽ”.. പദ്മയെപ്പറ്റി പറഞ്ഞപ്പോൾ അയാളുടെ മുഖത്തു നിറയെ അഭിമാനം ആയിരുന്നു..
“എന്നു ഞാൻ പറഞ്ഞോ.. എനിക്ക് അവനെ ഇഷ്ടമാ.. നല്ലൊരു മകൻ തന്നെയാ.. അതിലൊരു സംശയവും ഇല്ല.. പക്ഷേ.. ഒരു ആലോചന വരുമ്പോൾ നമ്മൾ എല്ലാം നോക്കണ്ടേ വിശ്വേട്ടാ”..
“എല്ലാം നോക്കി ഒരുത്തനു കൊടുത്തിട്ട് എന്തായി.. എന്റെ കൊച്ചിന്റെ ദേഹത്ത് വരെ കൈ വെച്ചില്ലേ വിഷ്ണു.. അവന്റെ അപ്പനേം അമ്മയെയും ഓർത്തിട്ടാ ഞാൻ ക്ഷമിച്ചത്.. എന്റെ കൊച്ചിനെ സ്നേഹിച്ചും പരിഗണിച്ചും കൂടെ ജീവിക്കാൻ ഒരാൾ .അതാണ് വേണ്ടത്”.. അയാളുടെ മുഖത്ത് അത്രയും ബുദ്ധിമുട്ട് ഉണ്ടായിരുന്നു പഴയത് ഒക്കെ ഓർത്തപ്പോൾ.
“എന്നാലും വിശ്വേട്ടാ.. മാധവൻ കല്യാണം കഴിഞ്ഞ് കുഞ്ഞും ഉള്ളത് കൊണ്ടാണ് ഞാൻ അങ്ങനെ ചോദിച്ചത് .. പണവും പാരമ്പര്യവും ഒന്നും എനിക്ക് പ്രശ്നമല്ലെന്ന് അറിയില്ലേ”..
“നിനക്ക് തോന്നുന്നുണ്ടോ നമ്മുടെ മകൾക്ക് വിവരവും വിവേകവും ഇല്ലെന്ന്.. മാധവന് ഒരു കുഞ്ഞുള്ളതോ അല്ലെങ്കിൽ കല്യാണം കഴിഞ്ഞതോ ഒന്നും അവൾക്കൊരു കുറവായി തോന്നിയിട്ടില്ല.. അല്ലെങ്കിലും അവൾ ആദ്യം സ്നേഹിച്ചത് മിന്നൂട്ടിയേ അല്ലേ.. പിന്നീടല്ലേ മാധവൻ.. അതും അവനെ അടുത്ത് അറിഞ്ഞതുകൊണ്ട്.. അവരുടെ രണ്ടു പേരുടേം മനസ്സിൽ ഒരിടം, അത്രേ പദ്മയും ആഗ്രഹിച്ചുള്ളൂ.. അവനും ആ കുഞ്ഞിനും സ്നേഹിക്കാൻ മാത്രേ അറിയൂ.. അതല്ലേ ഏറ്റവും വലിയ ഗുണവും”..
“നിന്നെക്കാൾ നന്നായി മാധവനെ മനസ്സിലാക്കിയതുകൊണ്ട് പറയുവാ.. അവനെ എനിക്കിഷ്ടമാ.. ഒരു മകൻ എനിക്കുണ്ടായിരുന്നുവെങ്കിൽ എങ്ങനെ ആണോ അതുപോലെയാ ഞാൻ കാണുന്നത്.. മരുമകൻ മകന്റെ സ്ഥാനം തന്നെ അല്ലേ.. അല്ലെങ്കിൽ നീയൊന്ന് ചിന്തിച്ചു നോക്കു വിഷ്ണുവിനോട് എനിക്ക് ഈ അടുപ്പം ഉണ്ടോന്ന്.. പദ്മ ആഗ്രഹിക്കുന്നത് നമ്മളെ രണ്ടാളെയും പൊന്നുപോലെ നോക്കുന്ന ഒരാളെയാണ്.. നമ്മളെയും കൂടി ഉൾക്കൊള്ളുന്നവനെയെ അവൾ മനസ്സിൽ കയറ്റൂ.. അവൾ അത് മാധവനിൽ കണ്ടു.. തെറ്റു പറയാൻ പറ്റില്ല.. അവൻ നല്ല മനസ്സുള്ള ചെക്കനായതുകൊണ്ടു മാത്രവാ മോൾടെ ഇഷ്ടം നിരസിച്ചതും”.. അയാളൊന്ന് ചിരിച്ചു..
അത് കണ്ടപ്പോൾ രാധയുടെ മുഖമൊന്നു തെളിഞ്ഞു.. പദ്മ ഒരാളോട് ഇഷ്ടം തുറന്നു പറഞ്ഞു എന്നു കേട്ടിട്ട് അത്ഭുതം അടക്കാനാവുന്നില്ല.. ഒന്നും പറയാതെ വിഷമിച്ചു എല്ലാം മനസ്സിൽ കൊണ്ടു നടന്നതിന് വെച്ചിട്ടുണ്ട് ഞാൻ.. ഇങ്ങു വരട്ടെ.. അവർ മനസ്സിൽ പറഞ്ഞു..
“നിന്നോടും മോളോടും ഞാൻ പറയാഞ്ഞതാ.. ഇടയ്ക്കൊരു ആലോചന വന്നിരുന്നു അവൾക്ക്.. അത് രണ്ടാം വിവാഹം ആണ്.. അയാൾക്കുമുണ്ട് മക്കൾ.. മാത്രമല്ല പ്രായവും ഉണ്ട്.. അങ്ങനെയുള്ള ആലോചനകൾ വേണ്ടാന്ന് കുറച്ചു കടുപ്പത്തിൽ പറയേണ്ടി വന്നു എനിക്ക് ..അപ്പോൾ അയാൾ ചോദിച്ചത് മകളും രണ്ടാം കേട്ടല്ലേ ന്ന്.. എന്തെങ്കിലും ഉള്ളത്കൊണ്ടാവില്ലേ അതിനെ ഉപേക്ഷിച്ചു ചേച്ചിയെ കെട്ടിയതെന്ന്.. പിന്നെ എനിക്ക് ആലോചന കൊണ്ടുവരാൻ പറയാൻ പേടിയായിരുന്നു.. അവൾ നമുക്ക് ഭാരമൊന്നുമല്ലല്ലോ”.. അത് പറഞ്ഞപ്പോൾ രാധയുടെ മുഖം മങ്ങി.. കണ്ണു നിറഞ്ഞു.. കുറച്ചു നേരം രണ്ടാളും ഒന്നും മിണ്ടിയില്ല.. രാധ അയാൾക്കരികിൽ ഇരുന്നു കയ്യിൽ പിടിച്ചു ആശ്വസിപ്പിച്ചു.. രാധയ്ക്കറിയാം മക്കളുടെ കാര്യം വരുമ്പോൾ മാത്രം അയാളുടെ മനസ്സ് പതറുമെന്ന്.. അയാൾ കരഞ്ഞു കണ്ടിട്ടുണ്ടെങ്കിൽ അത് മക്കളുടെ കാര്യത്തിൽ മാത്രമാണ്..
“വേറൊരുത്തനോട് എന്റെ കുഞ്ഞിന്റെ ശുദ്ധി വിവരിക്കേണ്ടി വരുന്നതിലും നല്ലതല്ലേ എല്ലാം അറിയുന്ന ഒരാൾക്ക് കൈപിടിച്ച് കൊടുക്കുന്നത്.. മാധവന് എല്ലാം അറിയാം.. ഒരു അപ്പന്റെ അത്യാഗ്രഹം ആണെന്ന് കൂട്ടിക്കോ.. ഇനി എന്റെ കുഞ്ഞ് എനിക്കൊപ്പം വേണം.. ഞാൻ കണ്ണടയ്ക്കും വരെ അവളുണ്ടാവണം അടുത്ത് .. എന്റെ കണ്മുന്നിൽ ജീവിക്കട്ടെ അവൾ.. അതിനു മാധവൻ തന്നെയാ നല്ലത്.. അവൻ അധ്വാനിയാ.. അഭിമാനിയും.. എന്റെ കുഞ്ഞിനെ വേദനിപ്പിക്കില്ലെന്ന് എന്റെ മനസ്സ് പറയുന്നു.. മാധവന് ഇപ്പോൾ നമ്മൾ അല്ലാതെ മാറ്റാരുമില്ല.. അവന്റെ സ്നേഹം മുഴുവൻ നമുക്ക് സ്വന്തം ആണ്.. അതിനു അവകാശം പറഞ്ഞു വരാൻ വേറാരുമില്ല”..
“മതി.. മാധവൻ തന്നെ മതി.. നിങ്ങൾക്കും അവൾക്കും ഇഷ്ടമാണേൽ പിന്നെ എനിക്ക് ഇഷ്ടമാവാതെ ഇരിക്കുമോ.. എനിക്കും അവൾ നമുക്കൊപ്പം വേണമെന്ന് തന്നെയാ.. നമുക്ക് ഇത് ആലോചിക്കാം”.. വിശ്വന്റെ സംസാരത്തിൽ വിഷമം കൂടി കൂടി വരുന്നതറിഞ്ഞ രാധ ചെറിയൊരു പേടിയോടെ പറഞ്ഞു.. ഒപ്പം കയ്യിൽ അമർത്തി പിടിച്ചു ആശ്വസിപ്പിക്കുന്ന രീതിയിൽ.. നെഞ്ചിലെ താളം തെറ്റരുതേയെന്നു പ്രാർത്ഥിച്ച്..
“അതിനാ ചെക്കൻ സമ്മതിക്കണ്ടേ.. അവൻ സമ്മതിച്ചിരുന്നെങ്കിൽ പദ്മ ഇപ്പോ പോകുമായിരുന്നോ.. രണ്ടും കൂടി ഒളിച്ചുകളിയാ.. അവൾ പറയും പോലെ നമുക്കും കാത്തിരിക്കാം അവന്റെ ഉള്ളിലെന്താന്ന് അറിയാൻ”.. അയാൾ ചിരിയോടെ പറഞ്ഞു..
“എന്നാലും എന്റെ വിശ്വേട്ടാ എനിക്കങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല.. ആ പെണ്ണിന് പ്രേമവും മണ്ണാങ്കട്ടയും തോന്നിയല്ലോന്ന് ഓർത്തിട്ട്.. പാവം പിടിച്ചു നടന്നിട്ടിപ്പോ” നാണം കൊണ്ടു ചുമന്നുള്ള രാധയുടെ പറച്ചിൽ കേട്ട് വിശ്വന് ചിരി വന്നു ..
“അതിനു പ്രേമം തോന്നാൻ അധികം നേരമൊന്നും വേണ്ടടീ”.. അയാളെ പൂർത്തിയാക്കുന്നതിന് മുന്നേ മിന്നു ഓടി വന്നു..
“അമ്മമ്മേ”… മിന്നു വാതിൽക്കൽ വന്നു നിന്ന് വിളിച്ചു.. രാധ അവളെ പിടിച്ചു മടിയിൽ ഇരുത്തി മുടിയൊക്കെ ഒതുക്കി കവിളിൽ ഉമ്മ കൊടുത്തു.. അവളെ നോക്കുമ്പോൾ ഇപ്പോൾ ഒരിക്കലും ഇല്ലാത്ത വാത്സല്യം തോന്നുന്നു.. സ്വന്തം കൊച്ചുമകൾ ആയി കണ്ടുതുടങ്ങി രണ്ടാളും..
“ടീച്ചർ എന്തിയെ”.. നല്ലൊരു ഈണത്തിൽ കൊഞ്ചി ചോദിച്ചു.. വീട് മുഴുവൻ നോക്കിയിട്ടും കാണാഞ്ഞിട്ടുള്ള ചോദ്യമാണ്.. അവളുടെ ചോദ്യത്തിന് മറുപടി കൊടുത്തത് വിശ്വനാണ്..
“ടീച്ചർ കുറച്ചു ദിവസം കഴിഞ്ഞേ വരൂ കുഞ്ഞേ .. ഒരിടം വരെ പോയേക്കുവാ”..
“എവിടെ”..
“കുറച്ചു ദൂരെ”..
“എപ്പോ വരും”..ചോദിക്കുന്നതിനൊപ്പം
ആ കുഞ്ഞു മുഖം മങ്ങുന്നത് കണ്ടപ്പോൾ അയാൾക്ക് വിഷമം തോന്നി.. അവളുടെ കുഞ്ഞിക്കയ്യിൽ പിടിച്ചു ചേർത്തു നിർത്തി..
“അപ്പൂപ്പനും അമ്മമ്മയും ഇല്ലേ ഇവിടെ.. പിന്നെന്താ”..
മുഖം തെളിഞ്ഞില്ലെന്ന് മാത്രമല്ല കണ്ണു നിറയാനും തുടങ്ങി.. ഇപ്പോൾ കരയുമെന്നായപ്പോൾ അയാൾ അവളെയും എടുത്തു കൊണ്ടു മിറ്റത്ത് വന്നു.. സ്കൂട്ടിയിൽ എടുത്തിരുത്തി ഓടിച്ചു പോയി.. ചെറിയൊരു പുഞ്ചിരിയോടെ രാധയ്ക്ക് നേരെ കൈവീശി കാണിച്ചു മിന്നു.. ഇനി വിഷമം മാറ്റി കൈ നിറയെ പലഹാരം കൊണ്ടേ രണ്ടാളും മടങ്ങി വരൂ..
വൈകുന്നേരം ആയപ്പോഴേക്കും കൂടെ ആരൊക്കെ ഉണ്ടെങ്കിലും മിന്നുവിന് സങ്കടം വന്നു തുടങ്ങി.. ഈ നേരം പദ്മയുടെ കൂടെയാണ് എന്നും.. ആരോടും ഒന്നും മിണ്ടാതെ ബെഡിൽ വന്നു കമഴ്ന്നു കിടന്നു.. മാധവൻ അതുകണ്ടു ചോദിച്ചു..
“ന്തേ അച്ഛേടെ മിന്നൂന് വയ്യേ.. ഉവ്വാവ് വല്ലോം ഉണ്ടോ”..
“മ്ഹൂം”..
“പിന്നെന്താ ഈ നേരം ഒരു കിടപ്പ്.. പഠിക്കാൻ ഒന്നുമില്ലാത്തത് കൊണ്ടാണോ”.. മാധവൻ അവൾക്കരികിൽ വന്നു കിടന്നിട്ട് ചോദിച്ചു.. അവൾ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോൾ നേരെ പിടിച്ചു കിടത്തി..
“കരയുവാണോ അച്ഛേടെ മിന്നു.. ന്തേ ഇന്നും ടീച്ചർ വഴക്ക് പറഞ്ഞോ”.. അവളുടെ കുഞ്ഞു താടിയിൽ പിടിച്ചു ചോദിച്ചു.. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി .. “അയ്യേ അച്ഛേടെ മിന്നു നല്ല കുഞ്ഞല്ലേ.. സാരമില്ല നമുക്ക് അപ്പൂപ്പനോട് പറയാം ടീച്ചറിനെ വഴക്ക് പറയാൻ”..
“അമ്മ പോയി അച്ഛേ” .. മിന്നു മാധവന്റെ മുഖത്ത് നോക്കിയിട്ട് വിതുമ്പി പറഞ്ഞു..
“എവിടെ.. എവിടെ പോയെന്ന്”..
“അറിയൂല.. അപ്പൂപ്പൻ പറഞ്ഞല്ലോ ഇനി ഉടനെ ഒന്നും വരില്ലെന്ന്”.. അവളെ എങ്ങനെ പറഞ്ഞു സമാധാനിപ്പിക്കണമെന്ന് മാധവന് അറിയില്ലായിരുന്നു..
“അത് ചുമ്മാ പറഞ്ഞതാവും.. ടീച്ചർ ഉടനെ വരും.. വേറെ എവിടെ പോവാനാ അപ്പൂപ്പനും അമ്മമ്മയും ഇവിടെ ഉള്ളപ്പോൾ.. സാരമില്ല.. കരയണ്ട”.. കെട്ടിപ്പിടിച്ചു തലോടി ..
“അച്ഛൻ എന്തിനാ അമ്മയെ വഴക്ക് പറഞ്ഞേ.. എന്തിനാ വിഷമിപ്പിച്ചേ.. അതോണ്ടല്ലേ എന്നോടും സ്നേഹം കുറഞ്ഞേ.. അല്ലെങ്കിൽ എന്നോട് പറയാതെ ഒരിടത്തും പോവില്ലല്ലോ”.. മിന്നു മാധവനോട് വിഷമത്തോടെ ചോദിച്ചു.. അയാൾ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോൾ വീണ്ടും ചോദിച്ചു, “അമ്മ വരൂല്ലേ അച്ഛാ ഇനി”..
എന്ത് മറുപടി പറയും.. വഴക്കിട്ടതല്ലന്നോ , ഇഷ്ടത്തിനേക്കാൾ നന്ദിക്കും കടപ്പാടിനും തൂക്കം കൂടുതലാണെന്നോ.. അതോ ടീച്ചറിനെപ്പോലെ ഒരാളെ കിട്ടാൻ ഉള്ള നന്മ ഒന്നും തനിക്കില്ലെന്നോ.. ആ കുഞ്ഞിനേക്കാൾ ആവലാതിയും വിഷമവും തോന്നി മാധവന്.. ഇനി മിന്നു പറഞ്ഞ കാരണം കൊണ്ടാവുമോ പോയത്. അല്ലെങ്കിൽ പിന്നെ മിന്നുനോട് പോലുമൊന്ന് പറയാതെ പോകുമോ.. ദൈവമേ അച്ഛനും അമ്മയും ടീച്ചറിനെ പിരിഞ്ഞു ഇരിക്കുവോ.. വിഷമം ഉണ്ടാവില്ലേ.. വല്ലാത്തൊരു അസ്വസ്ഥത വന്നു മൂടി..
“മിന്നൂട്ടിയേ… മിന്നൂട്ടി”.. അച്ഛന്റെ ശബ്ദം കേട്ടു വെളിയിൽ നിന്ന്.. മാധവൻ ചാടി എഴുന്നേറ്റപ്പോൾ കൂടെ മിന്നുവും എഴുന്നേറ്റു.. “ഇന്നാ ടീച്ചറാ”.. മൊബൈൽ നീട്ടി അച്ഛൻ പറഞ്ഞു..
അത് ചാടി വാങ്ങി ചെവിയിൽ വെച്ചപ്പോളേ അവൾ കരഞ്ഞു തുടങ്ങിയിരുന്നു.. “അമ്മേ.. എവിടെ പോയതാ.. മിന്നൂട്ടിയെ ഇട്ടേച്ചും.. എനിക്കിപ്പോ കാണണം.. എന്നേം കൂടി കൊണ്ടുപോ.. ഞാനും വരുന്നൂ”.. മറുവശത്തു നിന്നും പറയുന്നതൊന്നും കേൾക്കാതെ അവൾ പതം പറഞ്ഞു കരയുവാണ്.. കണ്ടിട്ട് മാധവനോ അച്ഛനോ സഹിക്കാൻ പറ്റിയില്ല.. മിന്നൂന്റെ കരച്ചിൽ കേട്ട് രാധ പേടിച്ചു അടുത്തേക്ക് വന്നു.. അവളെ ചേർത്തു പിടിച്ചു… പദ്മ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചെന്ന് തോന്നുന്നു.. എങ്കിലും ഇടയ്ക്കിടയ്ക്ക് “വേണ്ടാ”..”ഞാനും വരട്ടേ”.. എന്നൊക്കെ ചോദിച്ചു കണ്ണു തുടച്ചു മൂളുന്നുണ്ട്.. പിന്നെ മൊബൈൽ അച്ഛന് കൊടുത്തു.. എങ്കിലും കരച്ചിൽ നിന്നിട്ടില്ല..
“വാ.. ഇന്ന് കുഞ്ഞ് അമ്മമ്മയുടെ കൂടെ കിടന്നാൽ മതി.. ടീച്ചർ ഇങ്ങു വരട്ടേ രണ്ടെണ്ണം കൊടുക്കുന്നുണ്ട് ഞാൻ കുഞ്ഞിനെ കരയിച്ചതിന് “.. രാധ അവളെ കയ്യിലെടുത്തു നടന്നു..
“എങ്കിൽ നീ പോയി കിടന്നോ.. കുഞ്ഞ് അവിടെ കിടന്നോട്ടെ”.. അച്ഛൻ മാധവനോട് പറഞ്ഞിട്ട് രാധായ്ക്ക് പിന്നാലെ പോയി..
മനസ്സിൽ മുഴുവൻ മിന്നുവിന്റെ കരച്ചിൽ ആയിരുന്നു.. കരച്ചിൽ ആയിരുന്നില്ല അത്.. നിലവിളി ആയിരുന്നു.. ജ്യോതി പോയെന്ന് അറിഞ്ഞപ്പോളോ അവൾക്ക് എന്നെയും മക്കളെയും വേണ്ടെന്ന് മുഖത്ത് നോക്കി പറഞ്ഞപ്പോൾ പോലും മിന്നു ഇങ്ങനെ കരയുന്നത് കണ്ടിട്ടില്ല.. ടീച്ചറിനെ അമ്മയെന്നു വിളിക്കുന്നുണ്ടെങ്കിലും ഇങ്ങനെ ആഴത്തിൽ മനസ്സിൽ പതിഞ്ഞിട്ടുണ്ടെന്ന് വിചാരിച്ചില്ല.. മിന്നുവിനെയും കൊണ്ടു ഇവിടെ നിന്നും പോകണമെന്ന് വിചാരിച്ചതാ… പക്ഷേ ഇനിയത് അത്ര എളുപ്പമാകുമെന്ന് തോന്നുന്നില്ല.. മനസ്സ് വല്ലാതെ അസ്വസ്ഥമായപ്പോൾ അലമാര തുറന്നു മദ്യക്കുപ്പി എടുത്തു.. പണ്ടത്തേതിന്റെ ബാക്കിയാണ്.. കളയാതെ വെച്ചിരുന്നത്.. ഗ്ലാസ്സിൽ ഒഴിച്ചു കുടിക്കാൻ ചുണ്ടിൽ മുട്ടിച്ചപ്പോഴേക്കും ഒരു മുഖം മനസ്സിലേക്ക് വന്നു.. ഒരു കൈ എളിയിൽ കുത്തി ദേഷ്യപ്പെട്ടു തുറിച്ചു നോക്കുന്ന ഒരു മുഖം.. ചെറിയൊരു ചിരി വന്നു പോയി പെട്ടെന്ന്.. അത് വേണ്ടെന്ന് വെച്ചു ഗ്ലാസിലുള്ളത് ജനാലയിൽ കൂടി പുറത്തേക്ക് കളഞ്ഞു….കുറച്ചു നാളായിട്ട് വേണ്ടെന്ന് വെച്ച ശീലങ്ങൾ ആണ്..ഇനി ആ നശിച്ച ജീവിതത്തിലേക്ക് തിരിച്ചു പോകില്ലെന്ന് ഉറപ്പിച്ചതായിരുന്നു.. ഇനിയും മിന്നുവിനെ വിഷമിപ്പിക്കാൻ വയ്യ..
എന്നും മിന്നു നോക്കിയിരിക്കും പദ്മയെ.. പദ്മ വിളിക്കുന്ന സമയം മാത്രം കുറച്ചു ഹാപ്പി ആയിരിക്കും.. എന്നും ചോദിക്കും അവൾ “ഇന്ന് ടീച്ചർ വരുമോന്ന്”.. ഇല്ലെന്ന് കേൾക്കുമ്പോൾ വീണ്ടും ഗേറ്റിലേക്ക് നോക്കിയിരിക്കുന്ന മിന്നുവിനെ കാണുമ്പോൾ എല്ലാവർക്കും വേദനയാണ്.. അപ്പോൾ അവിടെ പദ്മ എന്തു മാത്രം വിഷമത്തിലാവുമെന്ന് വിശ്വനും രാധയ്ക്കും ഊഹിക്കാവുന്നതേയുള്ളൂ.. എപ്പോൾ വിളിച്ചാലും മിന്നുവിന്റെ കാര്യം മാത്രമാണ് അവൾ ചോദിക്കുക.. ഇത്രയും വിഷമം സഹിച്ചു അവിടെ നിൽക്കേണ്ട കാര്യമുണ്ടോന്ന് ചോദിച്ചപ്പോൾ മറുപടി ഇല്ലായിരുന്നു.. മനസ്സിലെ തീരുമാനത്തിനു മാറ്റം വരുത്തുന്നില്ല എന്നു തന്നെയായിരുന്നു അവളുടെ തീരുമാനം.. മിന്നുവിനെ തനിച്ചാക്കാതെ ഇരിക്കുവാൻ വേണ്ടി മാധവനും കൂടെയിരിക്കും ഇപ്പോൾ .. അറിയാതെ ആണെങ്കിൽ കൂടിയും മാധവന്റെയും കണ്ണുകൾ പ്രതീക്ഷിക്കാൻ തുടങ്ങി ആരുടെയോ വരവിനായി ..
മണ്ണ് മുഴുവൻ ഉഴുതു മറിച്ചു വിത്തിടാൻ പാകത്തിന് ആക്കിയിട്ടിട്ട് കുറച്ചു ദിവസങ്ങളായി.. വിത്തിടാൻ സമയം ആയില്ലെയെന്ന് വിശ്വൻ ചോദിക്കുമ്പോൾ ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞു അത് നീട്ടി വെക്കും മാധവൻ .. മണ്ണ് വീണ്ടും നനവ് മാറി കട്ട പിടിക്കാൻ തുടങ്ങി.. മാധവന്റെ ഈ തണുപ്പൻ മട്ട് വിശ്വനെ ദേഷ്യം പിടിപ്പിച്ചു തുടങ്ങി.. അത് ചോദിക്കുകയും ചെയ്തു..
“നിനക്ക് എന്താ മാധവാ പറ്റിയത്.. മടി ആയിതുടങ്ങിയോ നിനക്ക്.. അതോ ജീവിക്കണമെന്ന വാശി തീർന്നോ നിന്റെ”..
വീണ്ടും ഓരോരോ ന്യായങ്ങൾ പറയാൻ തുടങ്ങിയപ്പോൾ അച്ഛൻ ചോദിച്ചു..
“നീ ആരെയെങ്കിലും കാത്തിരിക്കുവാണോ.. വിത്തിടാൻ അതാണോ താമസം”..
ഇനിയൊന്നും ഒളിച്ചിട്ട് കാര്യമില്ലെന്ന് തോന്നിയതിനാലാവണം മാധവൻ പറഞ്ഞു.. “ടീച്ചർ വരട്ടേ.. അല്ലാതെ വിത്തിറക്കാൻ പേടിയാണ്.. വിളവ് കിട്ടില്ലെന്ന് ഒരു തോന്നൽ”..
“എങ്കിലത് നിനക്ക് വാ തുറന്നു ഒന്ന് പറഞ്ഞു കൂടെ.. അല്ലാതെങ്ങനെ ഞാൻ അറിയാനാ.. പദ്മ ഇല്ലെങ്കിൽ വേണ്ട.. നമുക്ക് മിന്നുവിനെക്കൊണ്ട് തുടങ്ങാം”..
അച്ഛൻ പറഞ്ഞതുകൊണ്ട് മനസ്സില്ലാ മനസ്സോടെ മാധവന് സമ്മതിക്കേണ്ടി വന്നു..മാധവൻ മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോൾ അച്ഛൻ ചോദിച്ചു.. “നിനക്ക് എന്തെങ്കിലും എന്നോട് ചോദിക്കാനോ പറയാനോ ഉണ്ടോ”..
ഇല്ലായെന്ന് തലയാട്ടി കാണിച്ചു.. വിശ്വന്റെ മുഖത്തൊരു ചിരി തെളിഞ്ഞു.. ഇവൻ ചോദിച്ചിട്ട് ആ പെണ്ണിനെ ഇവന് കൊടുക്കാമെന്നു വിചാരിച്ചാൽ ഒരിക്കലും നടക്കില്ല.. അതവന് ധൈര്യം ഇല്ലാഞ്ഞിട്ടല്ലെന്നും അറിയാം.. താനെന്തെങ്കിലും വിചാരിച്ചാലോ എന്നോർത്തിട്ടാ.. ഇവൻ വാ തുറന്നു ചോദിക്കില്ല.. അങ്ങനെ ആയിരുന്നുവെങ്കിൽ പദ്മ എവിടെയെന്ന് എങ്കിലും ചോദിച്ചേനെ..
“ഈ അപകർഷതാബോധം നല്ലതല്ല മോനേ.. യോഗ്യത ഇല്ലാത്തവരായി ആരും ഭൂമിയിലേക്ക് പിറക്കുന്നില്ല.. അതൊക്കെ അവനവൻ ഉണ്ടാക്കി എടുക്കേണ്ടതാണ്.. ഇപ്പോ നീ ഉണ്ടാക്കിയെടുത്തത് പോലെ.. നീ ഇട്ടാലും വിത്തു മുളയ്ക്കും.. അതിനു പദ്മ തന്നെ വേണം എന്നില്ല”..അച്ഛൻ പറഞ്ഞതിന് സമ്മതിച്ചു തലയാട്ടി.. അത് തനിക്കും അറിയാം.. പക്ഷേ തന്റെ ഭാഗ്യം ടീച്ചർ ആണ്.. ജീവിക്കാൻ വീണ്ടും ധൈര്യം തന്നതും ടീച്ചറാണ് . ആ സാന്നിധ്യം എങ്കിലും വേണം ഒരു ധൈര്യത്തിന്.. ആ ഒരു ചിന്ത അതിങ്ങനെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു കിടക്കുവാ..
ശരിക്കും ഒരുപാട് ഇഷ്ടമാണ് .. അല്ലെങ്കിലും ടീച്ചറിനെ ഇഷ്ടപ്പെടാതിരിക്കാൻ കാരണങ്ങൾ ഒന്നുമില്ല.. പക്ഷേ എന്റെ ജീവിതത്തിലേക്ക് കൂട്ടാൻ പറ്റില്ല, അതിന് കാരണങ്ങൾ ഒരുപാടുണ്ട്.. നല്ലൊരു ജീവിതം കിട്ടും.. എന്തുകൊണ്ടും നല്ല ഒരു ബന്ധം.. “ഇഷ്ടമാണ് എനിക്ക്.. ഒരുപാട് ഇഷ്ടമാണ് നിങ്ങളെ”.. ടീച്ചറിന്റെ അടുത്ത് നിന്നും കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നിയതാ.. പക്ഷേ ഞാൻ ആരാണെന്നു സ്വയം മനസ്സിലായപ്പോൾ ആ സന്തോഷം മാഞ്ഞു..
ദേഷ്യം ആവുമെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് ഹരിയുടെ കാര്യം പറഞ്ഞത്.. അങ്ങനെ എങ്കിലും വെറുത്തോട്ടെന്ന് കരുതി.. ആ പൂ പോലുള്ള കൈകൊണ്ട് എന്നെ അടിച്ചാൽ എന്താവാനാണ്.. അടുത്തറിയുന്ന ഒരാൾക്കും ടീച്ചറിനെ വേറെ ആർക്കും കൊടുക്കാൻ തോന്നില്ല.. അതാണ് ഹരിയുടെ അമ്മ പോലും ടീച്ചറിന്റെ ഒപ്പം നിൽക്കുന്നത്.. പക്ഷേ എനിക്ക് കൊടുത്തല്ലേ പറ്റൂ.. കുറച്ചേറെ പോരായ്മകൾ ഉണ്ട് തനിക്ക്.. ടീച്ചർ മറ്റൊരാൾക്ക് സ്വന്തം ആകുമ്പോൾ ഇവിടെ നിന്നും മിന്നുവിനെ കൂട്ടി പോകണം എന്നു തന്നെ തീരുമാനിച്ചതാണ്..
ഓരോന്നും ചിന്തിച്ചു ഇരിക്കുന്ന മാധവന്റെ തോളിൽ കയ്യിട്ടു അച്ഛൻ.. “നിന്റെ മനസ്സിൽ എന്താണെന്ന് എനിക്ക് അറിയാം.. ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും നിനക്കൊന്നും മനസ്സിലായില്ലെന്നും മനസ്സിലായി”.. മാധവൻ അച്ഛനെ ഒന്നു നോക്കി..
“ഞാൻ എന്റെ മോളെ നിന്നെ എൽപ്പിക്കട്ടെ”.. മാധവൻ ഒന്നു ഞെട്ടി അച്ഛനെ നോക്കി.. ഇനി അദ്ദേഹം പറയുന്നത് എന്തെങ്കിലും താൻ തെറ്റി കേട്ടതാണോന്ന് അറിയാൻ..
“വിഷ്ണുവിന്റെ വീട്ടിൽ നിന്നും വരുമ്പോൾ അവളുടെ മുഖത്ത് ചെറിയൊരു വിഷമമോ നഷ്ടബോധമോ ഒന്നുമുണ്ടായിരുന്നില്ല.. പക്ഷേ നിന്നെ നഷ്ടപ്പെട്ടു എന്നു തോന്നിയപ്പോൾ ആ വിഷമവും നഷ്ടബോധവും ഒക്കെ ഞാൻ അവളിൽ കണ്ടു.. കരഞ്ഞു എന്റെ കുഞ്ഞ് ഒത്തിരി”.. മാധവൻ തല കുനിച്ചു..
“നിന്നോട് ദേഷ്യം ഒന്നുമില്ല.. നിന്റെ സ്ഥാനത്തു ഞാൻ ആണെങ്കിലും ഇങ്ങനെയേ പറയൂ.. നിന്റെ അടുത്തുനിന്നുമുള്ള ഒളിച്ചോട്ടമാണ് ഇപ്പോളുള്ള ഈ പോക്ക്.. കാണാതെ ഇരിക്കുമ്പോൾ മറക്കുമെന്നാ അവൾ കരുതിയിരിക്കുന്നെ.. പക്ഷേ ഇഷ്ടം കൂടുമെന്നല്ലാതെ കുറയാൻ ഇത് ഉപകരിക്കില്ല.. നിന്റെ മനസ്സിലും അവളെ ഇഷ്ടമാണെന്ന് മനസ്സിലായി. അതുകൊണ്ടാ പറഞ്ഞത്.. ഞാൻ പറഞ്ഞിട്ട് നീ സമ്മതിക്കണ്ടന്നാ അവളുടെ നിലപാട്.. പക്ഷേ.. നീ മനസ്സിൽ കൊണ്ടു നടക്കുമെന്നല്ലാതെ പറയുമെന്ന് തോന്നുന്നില്ല.. അതാണ് “..
“അച്ഛാ ഞാൻ.. എനിക്ക് ടീച്ചറിനെ സ്വന്തമാക്കാൻ മാത്രം ഭാഗ്യം ഒന്നുമില്ല.. സത്യത്തിൽ ശരിക്കും ആഗ്രഹിക്കുന്നുണ്ട് ഞാൻ .. പക്ഷേ കുറവുകൾ മാത്രമേ എനിക്കുള്ളൂ.. മുന്നോട്ട് ടീച്ചർ വേദനിക്കേണ്ടി വരില്ലേ.. എന്റെ കയ്യിൽ ഒന്നുമില്ല.. ഒന്നും”.. മാധവൻ ഉള്ളിലുള്ളത് തുറന്നു പറഞ്ഞു.. വേദനയോടെ.. വളരെ വേദനയോടെ.. ഈയൊരു കാര്യം മാറി പോകുവാണെങ്കിൽ പൊക്കോട്ടെയെന്ന് കരുതി മാധവൻ..
“അത് നീ അവളെ ശരിക്കും മനസ്സിലാക്കാഞ്ഞിട്ടാ.. ഒരു ചോറുംപാത്രത്തിൽ തുടങ്ങിയ ബന്ധമാണ് മിന്നുവും പദ്മയും തമ്മിൽ.. നിന്നെ സ്‌നേഹിക്കുന്നതിനേക്കാൾ കൂടുതൽ ആ കുഞ്ഞിനെ സ്നേഹിക്കുന്നുണ്ട് അവൾ .. എന്നിട്ടും അവളെ ഉപേക്ഷിച്ചു പോകണം എന്നുണ്ടെങ്കിൽ ഉള്ളിൽ എത്ര വിഷമം ഉണ്ടെന്ന് മനസ്സിലാക്കണം.. നിന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ട് തന്നെയല്ലേ അവൾ സ്നേഹിച്ചത്.. അവൾക്ക് നിന്റെ കയ്യിൽ ഇപ്പോൾ എത്ര പൈസ ഉണ്ടെന്ന് വരെ അറിയാം.. അവൾക്ക് ആവശ്യം അതൊന്നുമല്ല.. അവളെ സ്നേഹിക്കണം ഒപ്പം ഞങ്ങളെയും.. അത് നിന്നെക്കൊണ്ട് കഴിയില്ലേ.. അത് മതി.. നിന്റെ കല്യാണം കഴിഞ്ഞ് ഒരു കുഞ്ഞ് ഉള്ളതൊന്നും ഒരു യോഗ്യതക്കുറവല്ല മാധവാ.. യോഗ്യത അളക്കുന്നത് അതിലൊന്നുമല്ല”…
മാധവന്റെ മനസ്സൊന്നു തെളിഞ്ഞു.. എന്നിട്ടും അച്ഛനെ നോക്കാനൊരു മടി പോലെ..
“എന്റെ മോളെ കാണാതിരിക്കാൻ എനിക്ക് കഴിയില്ല.. അതുപോലെ അവൾക്ക് അവളുടെ മോളെയും”.. മാധവൻ നോക്കിയപ്പോൾ അച്ഛൻ പറഞ്ഞു.. “ഞാൻ മിന്നൂനെയാ ഉദ്ദേശിച്ചത്.. പദ്മ അവിടെ ശരിക്കും വീർപ്പു മുട്ടുന്നുണ്ട് മിന്നുനെ കാണാഞ്ഞിട്ട്… ആ കുഞ്ഞ് ഇവിടെയും.. അത് നീ കണ്ടതല്ലേ.. നിന്റെ ജീവിതത്തിൽ എന്തെങ്കിലും മാറ്റം വരണമെന്ന് നിനക്ക് ആഗ്രഹം ഉണ്ടെങ്കിൽ ആദ്യം അത് നീ തന്നെ വിചാരിക്കണം.. കടപ്പാടും നന്ദിയുമൊക്കെ ജീവിതത്തിൽ ആവശ്യമാണ്.. പക്ഷേ അത് നമ്മളെ ജീവനെപ്പോലെ സ്നേഹിക്കുന്നവരെ അവഗണിച്ചിട്ടാവരുത്.. അതുകൊണ്ട് നിനക്ക് ഇഷ്ടമെങ്കിൽ മാത്രം ഞാൻ അഡ്രസ് തരാം.. പോയി കൂട്ടിക്കൊണ്ട് വാ.. അധികാരത്തോടെ തന്നെ..”.. അച്ഛൻ പറഞ്ഞപ്പോളേക്കും മാധവൻ വീണ്ടുമെന്തോ പറയാൻ എഴുന്നേറ്റു …
“നിനക്ക് അവളെ ഇഷ്ടമാണെങ്കിൽ മാത്രം മതി.. എന്റെ നിർബന്ധത്തിനോ എനിക്ക് വേണ്ടിയോ വേണ്ട.. അവൾക്ക് വിഷമം ആവും”.. പെട്ടെന്നു മാധവന്റെ മുഖം മാറി കണ്ടപ്പോൾ അച്ഛൻ കുറച്ചു ടെൻഷനോടെ പറഞ്ഞു..
“ഞാൻ ഇന്ന് തന്നെ പോയി കൊണ്ടുവരാം.. കുളിക്കുന്ന താമസം”.. മാധവന്റെ ധൃതി കണ്ടപ്പോൾ അച്ഛന് ചിരി പൊട്ടി..
“അതുശരി നീയിവിടെ ഇങ്ങനെ കയറു പൊട്ടിച്ചു നിൽക്കുവായിരുന്നുവെന്ന് അച്ഛൻ അറിഞ്ഞില്ലല്ലോടാ.. ഇന്ന് തന്നെ പോകണമെന്നില്ല.. പയ്യെ മതി.. അവൾ നല്ല ദേഷ്യത്തിൽ ആയിരിക്കും നിന്നോട്.. അതൊക്കെ സഹിക്കാൻ കെൽപ്പുണ്ടെങ്കിലേ പോകാവൂ.. ചിലപ്പോൾ കൂടെ വരണമെന്നു പോലുമില്ല.. അവളുടെ ദേഷ്യം അറിയാല്ലോ നിനക്ക്.”..
“ഇന്ന് ഇരുളും മുന്നേ ടീച്ചർ ഇവിടെ നമുക്കൊപ്പം ഉണ്ടാവും.. ഉറപ്പ്”.. മാധവൻ ചിരിയോടെ അച്ഛന് വാക്ക് കൊടുത്തു.. എന്നിട്ട് അകത്തേക്ക് ധൃതിയിൽ പോയി.. അവന്റെ പോക്ക് കണ്ട് വിശ്വന് ചിരി വന്നു.. എല്ലാമൊന്ന് കലങ്ങി തെളിഞ്ഞ ആശ്വാസം ഉണ്ടായിരുന്നു ആ മുഖത്ത്.. പദ്മയോട് പറയാൻ നിന്നില്ല മാധവൻ കൂട്ടാൻ വരുമെന്ന്.. അവർ പറഞ്ഞു തീർക്കട്ടെ ദേഷ്യവും വിഷമവും എല്ലാം..
കാറിൽ ഇരിക്കുമ്പോളും മിന്നുവിന്റെ മുഖത്ത് സംശയം ഉണ്ടായിരുന്നു.. ഇടയ്ക്കിടെ അച്ഛനെ നോക്കുന്നുണ്ടായിരുന്നു.. “നമ്മൾ എങ്ങോട്ടാ പോകുന്നേ അച്ഛേന്ന്” ചോദിച്ചപ്പോൾ പറഞ്ഞത്.. “ഒരു സൂത്രം തരാൻ.. മിന്നൂട്ടിക്ക് ഒത്തിരി ഇഷ്ടമുള്ള സൂത്രം”..
ആ സൂത്രം എന്താവുമെന്ന് തല പുകഞ്ഞു ആലോചിക്കുവാ.. പാവം.. മാധവൻ ആണെങ്കിൽ സ്വപ്നലോകത്താണ് കുറച്ചു നേരമായിട്ട്.. ഒരിക്കലും സ്വപ്നം പോലും കാണാൻ പറ്റിയിട്ടില്ല ഇങ്ങനൊരു ജീവിതം.. ഇനിയൊരു ജീവിതം തനിക്ക് ഇല്ലെന്ന് മനസ്സിൽ ഉറപ്പിച്ചതാണ്.. അത്രയും നല്ലൊരു അടിയാണ് ജീവിതത്തിൽ കിട്ടിയതും.. .. ഇഷ്ടമാണെന്ന് ഒരു പെണ്ണ് മുഖത്തു നോക്കി പറയുന്നത് തന്നെ ആദ്യമായിട്ടാണ്.. കൂടെ ഉണ്ടായിരുന്ന ജ്യോതി പോലും ഇന്നേവരെ പറഞ്ഞിട്ടില്ല.. കയ്യിൽ പൈസ കിട്ടുന്ന അന്ന് കുറച്ചു സ്നേഹം കൂടുതൽ ഉണ്ടെന്നു മാത്രം..
താനും ആദ്യമായിട്ടാണ് ഒരാൾ ദേഷ്യത്തിൽ പറയുന്നത് അനുസരിക്കാൻ നിന്നുകൊടുക്കുന്നതും.. അനുസരിക്കുന്നതും.. ഇന്നേവരെ തനിക്ക് വിഷമം വരുന്ന രീതിയിൽ ഒരു വഴക്ക് പറഞ്ഞിട്ടില്ല.. ആ വഴക്കു പറച്ചിലിൽ നിറയെ സ്നേഹം ഉണ്ട് അമ്മ പറയും പോലെ .. അമ്മയെ ഓർത്തത് കൊണ്ടാവും പെട്ടെന്ന് മാധവന്റെ കണ്ണു നിറഞ്ഞു.. ഇനി തനിക്കും സ്വന്തമായിട്ട് ഒരു അച്ഛനും അമ്മയും .. മിന്നൂട്ടിക്ക് അപ്പൂപ്പൻ അമ്മമ്മ.. പിന്നെ..♥️ പിന്നെ.. ♥️♥️♥️♥️..
ഓടി വരും..

by