രചന – രോഹിണി ആമി
എഴുന്നേറ്റപ്പോൾ മുതൽ അച്ഛനും അമ്മയും തന്നെ ആദ്യമായി കാണും പോലെയാ നോക്കുന്നത്.. അമ്മയാണെങ്കിൽ മുഖത്തൊക്കെ തലോടി ഉമ്മയൊക്കെ തരുന്നുണ്ട്.. അച്ഛന്റെ കണ്ണിൽ നിന്നും വാത്സല്യം തുളുമ്പി തട്ടിയിട്ട് നടക്കാൻ വയ്യ.. ഇടയ്ക്കിടെ കണ്ണുകൾ മാധവനെ തേടുന്നുണ്ട്.. എഴുന്നേറ്റില്ലേ ഇനി.. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത മറന്നോ.. പോണോ.. പോകാൻ ഒരു മടി.. അമ്മ വഴക്ക് പറയുവോ.. പറയുമെന്നൊരു തോന്നൽ.. അമ്മയെ നോക്കിയപ്പോൾ തന്നെ നോക്കി നിൽക്കുവാണ്..
“മതി.. കല്യാണം കഴിഞ്ഞും വല്ലതും പറയണ്ടേ.. അതിനു വല്ലതും മിച്ചം വച്ചിട്ടുണ്ടോ രണ്ടും.. പോയി കൊച്ചിനെ എഴുന്നേൽപ്പിച്ചു ഒരുക്കാൻ നോക്ക്.. അപ്പന്റേം അമ്മേടേം കല്യാണത്തിന് പോകാം ന്ന് പറയ്”.. അമ്മ ചിരിയോടെ പറഞ്ഞപ്പോൾ അച്ഛനും കൂടെ കൂടി.. അവളെ വിളിച്ചെഴുന്നേൽപ്പിക്കാൻ പോയപ്പോളാണ് എതിരെ വന്നയാളെ കൂട്ടിയിടിച്ചത്.. “അതുലേട്ടൻ”.. കണ്ടപ്പോൾ സന്തോഷവും ഒപ്പം വിഷമവും വന്നു..
“ദേവമ്മ വന്നില്ലേ”.. പിന്നിലേക്ക് നോക്കി ചോദിച്ചു.. അതുൽ അവളുടെ തോളിലൂടെ കയ്യിട്ടു..”അമ്മ വരില്ലെന്ന് പറഞ്ഞില്ലായിരുന്നോ നിന്നോട്.. അമ്മമ്മയെ ഒരാളെ എല്പിച്ചിട്ട് വരവ് നടക്കില്ല.. നിന്റെ ആദ്യത്തെ വിരുന്ന് അങ്ങോട്ടേക്ക് വേണം ന്ന് അമ്മ പറഞ്ഞു വിട്ടിരിക്കുവാ.. എല്ലാ അനുഗ്രഹവും അമ്മേടെ മോൾക്ക് ഉണ്ടാവും എന്നും പറയാൻ പറഞ്ഞു”..
കണ്ണു നിറഞ്ഞ പദ്മയെ ഒന്നുകൂടി ചേർത്ത് പിടിച്ചു.. “അയ്യേ കല്യാണപ്പെണ്ണ് കരയുവാണോ.. നിന്റെ വിഷമം ഒന്നും തീർന്നില്ലേ ഇതുവരെ”.. പദ്മയുടെ തലയിൽ തലോടി ചോദിച്ചു.. “നിന്റെ കല്യാണം കഴിഞ്ഞിട്ട് വേണം എനിക്ക് പെണ്ണ് അന്വേഷിക്കാൻ.. കെട്ടാചരക്ക് ആയിട്ട് നിൽക്കാൻ തുടങ്ങീട്ട് കുറച്ച് കാലമായി.. ഞാൻ വിചാരിച്ചു കുഞ്ഞമ്മയ്ക്കെങ്കിലും ആ ചിന്ത ഉണ്ടാവുമെന്ന്.. അമ്മയ്ക്കാണെങ്കിൽ ഞാൻ ഇപ്പോളും കുഞ്ഞാ”.. അതുൽ രാധയോട് പറയുന്നത് കേട്ടപ്പോൾ പദ്മ ഉൾപ്പെടെ എല്ലാവരും ചിരിച്ചു..
“എവിടെ എന്റെ അളിയൻ.. ഞാൻ ഇത്രയും നേരത്തെ വന്നത് അവനെ ഒന്ന് കാണാനാ.. ഞാൻ നിന്റെ ചേട്ടൻ ആയിട്ടല്ല കേട്ടോ ഞാൻ ചെക്കൻ കൂട്ടരുടെ കൂട്ടത്തിലാ.. അവന്റെ കൂടെ ആരെങ്കിലും വേണ്ടേ”.. പദ്മ ഒന്നുകൂടി അതുലിനെ ചേർത്തു പിടിച്ചു.. ഇതുപോലെ ഒന്ന് മതി, ഒരേയൊരാൾ മതി, മനസ്സറിഞ്ഞു പെരുമാറുന്ന ഒരാൾ.. മാധവന് ഇപ്പോൾ വിളിക്കാനും പറയാനും ഉള്ളവരിൽ ഒരാളാണ് അതുൽ.. നല്ല കൂട്ടാണ് രണ്ടാളും… അന്ന് വീട്ടിൽ നിന്നും തുടങ്ങിയ ബന്ധം.. ഇന്നത്തെ ദിവസം മാധവന് ബുദ്ധിമുട്ടാവും എന്ന് തനിക്ക് നന്നായിട്ടറിയാം.. കാരണം ചുറ്റും ഉള്ളത് മുഴുവൻ തന്റെ മാത്രം വീട്ടുകാരാണ്.. മാധവന് സ്വന്തം മിന്നു മാത്രം.. അച്ഛൻ ആ കൈ വിടില്ലെന്ന് നന്നായറിയാം.. എങ്കിലും ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടാവും ആൾക്ക്… ഇനിയിപ്പോൾ ആ ഒരു വിഷമം പോയിക്കിട്ടി.. സഹോദരങ്ങളിൽ തന്നോട് ഏറ്റവും പ്രിയം അതുലേട്ടനാണ്.. എന്നെപ്പോലൊരു പെണ്ണിനെ തപ്പി നടക്കുവാ.. എവിടെ കിട്ടാൻ.. എന്നെപ്പോലെ ഞാൻ മാത്രം.. ഒരേ സ്വഭാവം ഉള്ള വേറൊരാൾ ഉണ്ടാവുമോ.. ഒരേ വയറ്റിൽ നിന്നു വന്ന എന്റേം ചേച്ചിയുടെയും സ്വഭാവം പോലും തെക്കോട്ടും വടക്കോട്ടുമാ ഉള്ളത്..
“ആ കൊള്ളാം.. ഇന്ന് ദൈവം അവൾക്കൊപ്പമാണെന്ന് തോന്നുന്നു .. അവൾ എങ്ങനെ ഒന്ന് മാധവനെ കാണാം ന്ന് വിചാരിച്ചിരിക്കുവായിരുന്നു.. ഞാൻ പിടിച്ചു വെച്ചേക്കുവായിരുന്നു”.. അമ്മ പദ്മയെ കളിയാക്കി..
“അല്ലെങ്കിലും ദൈവം അവൾക്കൊപ്പം തന്നെയല്ലേ കുഞ്ഞമ്മേ…. നീ വാ.. ഏട്ടൻ കാണിക്കാം മാധവനെ”.. പദ്മയെയും കൊണ്ട് അടുക്കള വാതിലിൽ കൂടി വെളിയിലേക്ക് ഇറങ്ങി നടന്നു..
മാധവൻ ഡോർ തുറന്നപ്പോഴേ അതുൽ അളിയാന്ന് വിളിച്ചു കെട്ടിപ്പിടിച്ചു.. സന്തോഷത്തോടെ മാധവനും.. ആദ്യമായിട്ടാണ് രണ്ടാളും നേരിൽ കാണുന്നത് എന്ന് തോന്നിപ്പിക്കാത്ത വിധം ആയിരുന്നു പെരുമാറ്റം.. പിന്നിൽ നിൽക്കുന്ന തന്നെയും കൂടി കണ്ടപ്പോൾ ആ മുഖം ഒന്നുകൂടി തെളിഞ്ഞു.. രണ്ടാളും ഒരേപോലെ ചിരിച്ചു.. “മതീടാ നോക്കിയത്.. അതെന്റെ പെങ്ങളാ.. ഇന്ന് തന്നേക്കാം സ്വന്തമായിട്ട് അതുവരെ ഒന്ന് ക്ഷമിക്ക് “.. അതുൽ പറയുന്നത് കേട്ട് മാധവൻ ചിരിച്ചു..
“മോള് വീട്ടിൽ പോയി റെഡിയായിക്കോ.. ചുറ്റിനും വായിനോക്കികളാ”.. അതുൽ പദ്മയോട് പറഞ്ഞു.. “ഞാൻ ഇവനൊപ്പം ഇറങ്ങിക്കോളാം”.. അവളെ നിർബന്ധിച്ചു വീട്ടിലേക്ക് വിട്ടു.. മനസ്സ് നിറഞ്ഞതുപോലെ.. മാധവനെ ഒന്നു നോക്കിയിട്ട് പദ്മ വീട്ടിലേക്ക് നടന്നു.. വല്ലാത്തൊരു ആശ്വാസം ഉണ്ട് മനസ്സിനിപ്പോൾ..
നേരെ പോയി മിന്നൂട്ടനെ എഴുന്നേൽപ്പിച്ചു.. എന്നേക്കാൾ ഉത്സാഹത്തിലാണ് അവൾ.. മാധവന്റെ ഇഷ്ടത്തിന് മാധവന്റെ പദ്മയായിട്ട് ഒരുങ്ങി.. അധികം ചമയങ്ങളോ ആഭരണങ്ങളോ ഇല്ലാതെ വീതിയിൽ സ്വർണക്കരയുള്ള ഒരു സെറ്റ് സാരിയിൽ മുടിയിൽ ആവശ്യത്തിന് മുല്ലപ്പൂവും ചൂടി പദ്മ വന്നു.. കൂടെ മിന്നൂട്ടിയും.. അതുലിനോട് പെട്ടെന്ന് തന്നെ കൂട്ടായി മിന്നു.. ഇപ്പോൾ ആ കയ്യിൽ പിടിച്ചാണ് നടപ്പ്.. അമ്പലത്തിലേക്കാണ് എല്ലാവരെയും അച്ഛൻ ക്ഷണിച്ചിരിക്കുന്നത്.. വീട്ടിൽ വന്ന് കൂടുതൽ സമയം മാധവനെ ആരും ബുദ്ധിമുട്ടിക്കരുത് എന്നൊരു ഉദ്ദേശവുമുണ്ടായിരുന്നു അതിൽ.. മാധവനും അതുലും ഒരുമിച്ചാണ് വന്നത്.. അച്ഛനൊപ്പം ഞാനും മിന്നുവും അമ്മയും മാത്രം.. ഒരു നിമിഷം ചേച്ചിയെ മിസ്സ് ചെയ്തു, തന്റെ കയ്യിൽ പിടിച്ച് ഉണ്ടാവേണ്ടതാണ് ഇവിടെ..
അമ്പലത്തിൽ ചെന്നിറങ്ങുമ്പോൾ ഒരു പേടിയുണ്ടായിരുന്നു.. എല്ലാവർക്കുമൊന്നും മാധവനെ അംഗീകരിക്കാൻ കഴിയില്ല.. അതറിഞ്ഞിട്ടാവണം അതുലേട്ടൻ കൂടെ ഉണ്ട്.. അമ്മാവന്മാരെയും മറ്റും പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട്.. പദ്മയുടെ നോട്ടം മുഴുവൻ ആരെങ്കിലുമൊരു നോട്ടം കൊണ്ടെങ്കിലും മാധവനെ ദുഷിച്ചു പറയുന്നുണ്ടോ എന്നാണ്.. വളരെ ചുരുക്കം ആളുകളേ ഉള്ളൂ.. പദ്മയെ ഏറെ ഇഷ്ടപ്പെടുന്നവർ മാത്രം.. മാധവൻ സന്തോഷത്തിലാണെന്ന് കണ്ടപ്പോൾ പദ്മയ്ക്ക് കുറച്ചു ആശ്വാസം തോന്നി…
ഒരു വശത്തു ആരുടേയും കൂടെ കൂടാതെ മൂന്നു പേര്.. ഹിമയും വിഷ്ണുവും ഹരിയും .. മാധവനൊപ്പം അമ്മ കൂടി.. പദ്മ ഹിമയെ തന്നെ നോക്കി നിന്നു.. ഹിമ മുഖം മാറ്റിക്കളഞ്ഞു.. അവൾ അങ്ങനെ ആണെന്നറിയാം കൂടുതലൊന്നും പ്രതീക്ഷിക്കുന്നുമില്ല.. എങ്കിലും ഒന്ന് വന്ന് കെട്ടിപ്പിടിച്ചൂടെ ഇവൾക്ക്.. അല്ലെങ്കിൽ അടുത്തെങ്കിലും വന്നുകൂടെ.. പദ്മയുടെ കണ്ണൊന്നു നിറഞ്ഞു .. അമ്മയുടെ നിർബന്ധത്തിന് വന്നതാവും.. അല്ലെങ്കിൽ മറ്റുള്ളവർ എന്ത് കരുതുമെന്ന് വിചാരിച്ച് …എന്തായാലും സാരമില്ല അവളൊന്ന് വന്നൂല്ലോ… ധാരാളം..
പദ്മ ഹിമയ്ക്ക് അരികിലേക്ക് ചെന്നു കെട്ടിപ്പിടിച്ചു..കവിളിൽ ഒരുമ്മയും കൊടുത്തിട്ട് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തിരിഞ്ഞു നടന്നു.. ഇതാണ് പദ്മ.. മറുപടി കിട്ടില്ലെന്നറിഞ്ഞിട്ടും ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കും.. തിരിച്ചൊന്നവൾ പിടിക്കില്ലെന്ന് അറിഞ്ഞിരുന്നാലും കെട്ടിപ്പിടിക്കും.. തിരിച്ചൊരുമ്മ തന്നില്ലെങ്കിൽ കൂടി താൻ കൊടുക്കും.. കാണുന്നവർക്കും കേൾക്കുന്നവർക്കും വിഡ്ഢിത്തം എന്നു തോന്നാം.. പക്ഷേ ഇതാണ് പദ്മയുടെ സുഖവും സന്തോഷവും.. എനിക്ക് വേണ്ടപ്പെട്ടവരെ ചേർത്തു പിടിക്കാൻ വേറൊരാളുടെയും അഭിപ്രായം ചോദിക്കാൻ പോകില്ല.. അവരുടെ പോലും..
മാധവന്റെ കൈകൾ താലിയിലെ കെട്ടുകൾ ഭദ്രമാക്കുമ്പോൾ കണ്ണടച്ചു ഒന്നേ പ്രാർത്ഥിച്ചുള്ളൂ, ഞാൻ ജീവനോടെ ഉള്ള കാലം വരെ രണ്ടാളും എനിക്കരികിൽ തന്നെ ഉണ്ടാവണമെന്ന്.. ഈ നിമിഷം.. മാധവനെയും മിന്നൂട്ടിയെയും സ്വന്തമാക്കുന്ന ഈ നിമിഷം ഇതെത്രയും വിലപ്പെട്ടതാണെന്ന് ആരെയും പറഞ്ഞറിയിക്കാൻ എന്നെക്കൊണ്ട് സാധിക്കില്ല.. അച്ഛൻ എന്റെ കൈ മാധവന്റെ കയ്യോട് ചേർത്തു വെച്ചു കൊടുത്തു എന്നിട്ട് ഞങ്ങളെ രണ്ടാളെയും ചേർത്തുപിടിച്ചു.. മാധവൻ അച്ഛനെ കെട്ടിപ്പിടിച്ചു.. കാണുന്നവർക്ക് അത് വെറുമൊരു സന്തോഷപ്രകടനം മാത്രം.. പക്ഷേ എനിക്കറിയാം അതൊരു നന്ദി പറച്ചിലാണ്.. എന്നെ കൊടുത്തതിന്, അച്ഛനെയും അമ്മയെയും കൊടുത്തതിന്, ജീവിതത്തിൽ ഒരു ലക്ഷ്യം കാട്ടിതന്നതിന്… വിടാതെ പിടിച്ചിരിക്കുന്ന കൈയുടെ ചൂടുള്ള സ്നേഹത്തിലും ഒളികണ്ണിട്ടു നോക്കുന്ന നോട്ടത്തിലും ഒക്കെയും പറയാതെ പറയുന്നുണ്ടായിരുന്നു മാധവന്റെ ഇനിയുള്ള ജീവിതം നിനക്കാണെന്ന്..
എല്ലാം കണ്ടു നിന്ന മിന്നൂട്ടിക്ക് മനസ്സിലായി അവളുടെ അമ്മ ഇനി മുതൽ അവൾക് സ്വന്തമാണെന്ന്… കൈകൊട്ടി സന്തോഷം പ്രകടിപ്പിച്ചു.. എല്ലാവരും അവളിലേക്ക് നോക്കിയപ്പോൾ ഒന്നു ചമ്മി.. ഓടി വന്നു പദ്മയുടെ വയറിൽ മുഖം ഒളിപ്പിച്ചു.. അവളെ പദ്മ പൊക്കിയെടുത്തു.. കാലും കയ്യും കൊണ്ട് പദ്മയെ ഇറുക്കിപൂട്ടി മുഖം പിടിച്ചു ഉമ്മ കൊടുത്തു.. വിതുമ്പിപ്പോയി പാവം കുഞ്ഞ്.. അവളുടെ ഉള്ളിലെ അമ്മയോടുള്ള സ്നേഹം അറിയാതെ പുറത്തു ചാടി.. പദ്മ അവളുടെ കണ്ണു തുടച്ചു കൊടുത്തു തിരിച്ചും കുറെയേറെ ഉമ്മ കൊടുത്തു ഉണ്ടക്കവിളിൽ.. നെറ്റിയിൽ.. കണ്ണിൽ.. കുറച്ചൊക്കെ വാശി പിടിച്ച് നിന്നവരുടെയൊക്കെ മനസ്സ് അലിയിക്കാൻ ആ ഒരു കാഴ്ച്ച തന്നെ ധാരാളമായിരുന്നു.. അമ്മമാർ രണ്ടുപേരും കണ്ണു തുടച്ചു ആ സ്നേഹം കണ്ടിട്ട് .. മാധവൻ വന്ന് രണ്ടാൾക്കുമൊപ്പം നിന്നു മിന്നൂട്ടിയെ കയ്യിലെടുത്തു മറുകൈ കൊണ്ട് പദ്മയെ ചേർത്തു പിടിച്ചു.. അവർ മൂന്നുപേരും മാത്രമുള്ള ലോകത്താണ് ഇപ്പോൾ.. എന്തെല്ലാമോ പറഞ്ഞു ചിരിക്കുന്നുണ്ട്.. അതുലും കൂടിയിട്ടുണ്ട് മിന്നുവിനെ വഴക്കിട്ടും കിള്ളിയും സന്തോഷിപ്പിക്കാൻ..
ഹിമയ്ക്ക് അവരുടെ സ്നേഹം കണ്ടിട്ട് സഹതാപമാണ് തോന്നിയത്.. പദ്മ എങ്ങനെ അയാളെ സ്നേഹിച്ചുവെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല.. ചേറിലും ചെളിയിലും പണിയെടുക്കുന്ന, ഒരു ജീൻസിലേക്ക് പോലുമൊന്ന് മാറാത്ത, വെളിയിൽ ആരെങ്കിലും ഭർത്താവ് എന്തെടുക്കുന്നുവെന്നു ചോദിച്ചാൽ പറയാൻ പറ്റാത്ത, മുൻപ് ഒരുത്തിയുടെ കൂടെ ജീവിച്ചു ഒരു കൊച്ചുള്ള ഇങ്ങേരെയൊക്കെ എന്തു കണ്ടിട്ടാണ് ഇവൾ സ്നേഹിക്കുന്നത്.. എന്തിനാണ് അതിനിത്രയും സന്തോഷിക്കുന്നത്.. അവൾ സന്തോഷം കാണിക്കുന്നത് പോട്ടേ വിവരം ഇല്ലാഞ്ഞിട്ടാണെന്നെങ്കിലും കരുതാം.. പക്ഷേ ബാക്കിയുള്ളവർ ആ സന്തോഷം കണ്ടു കൂടെ സന്തോഷിക്കുന്നത് എന്തിനാണെന്നാ മനസ്സിലാകാത്തത്.. ഹിമയുടെ നോട്ടം കണ്ടിട്ടാവണം മിന്നൂട്ടി പദ്മയുടെ കവിളിൽ അമർത്തി ഉമ്മ കൊടുക്കുന്നുണ്ടായിരുന്നു.. നോക്കണ്ട അമ്മ എന്റെയാ എന്നുള്ള ഭാവമുണ്ടായിരുന്നു ആ നോട്ടത്തിൽ..
ഹരി കുറച്ചേറെ ദീർഘശ്വാസം വിട്ടു കഴിഞ്ഞു.. വല്ലാത്തൊരു നഷ്ടബോധം തോന്നുന്നു.. എന്റെ നെഞ്ചിൽ ചേർന്ന് നിൽക്കേണ്ട ആളാണ് മാധവന്റെ കൈക്കുള്ളിൽ.. ചേട്ടന് നീട്ടിയപ്പോൾ പോലും ഇത്രയും വിഷമം തോന്നിയിരുന്നില്ല.. ചേട്ടൻ താലി കെട്ടിക്കഴിഞ്ഞു പദ്മ തനിക്ക് നേരെ ഞെട്ടിയുള്ള ഒരു നോട്ടം ഉണ്ടായിരുന്നു.. വളരെ ദയനീയമായിട്ട്.. എന്തിനാ എന്നെ കൊടുത്തത് എന്നുള്ള രീതിയിൽ.. ആ നോട്ടം പിന്നീടൊരിക്കലും തനിക്ക് നേരെ വന്നിട്ടില്ല.. അന്ന് മുതൽ ഇന്ന് വരെ മിത്രം പോയിട്ട് ശത്രു ആയിട്ട് പോലും തന്നെ പദ്മ കണ്ടിട്ടില്ല.. പക്ഷേ പദ്മ എന്താണെന്ന് അറിഞ്ഞു കഴിഞ്ഞപ്പോൾ മുതൽ താൻ ആഗ്രഹിക്കാൻ തുടങ്ങിയതാണ്.. തന്റെ അമ്മയുടെ പൊന്നുമോൾ ആണ്.. ബന്ധത്തിൽ പോലുമുള്ള പെൺകുട്ടിയെ പോലും അമ്മ ഇങ്ങനെ സ്നേഹിക്കുന്നത് താനിതുവരെയും കണ്ടിട്ടില്ല.. കൂടെ ഉണ്ടായിരുന്നുവെങ്കിൽ തനിക്ക് ഒരു സ്വർഗം തന്നെ ഭൂമിയിൽ തീർക്കാൻ കഴിഞ്ഞേനെ.. എല്ലാവരുടെയും രീതിക്കനുസരിച്ചു അവർക്കൊപ്പം സഹകരിക്കുന്ന പെണ്ണാണ് പദ്മ.. അവളെപ്പോലെ വേറൊരു പെണ്ണിനെ തനിക്കിനി കിട്ടില്ല.. വേണ്ടിയിരുന്നില്ല.. ഏട്ടന്റെ ഉള്ളിലിരുപ്പ് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഞാൻ വിട്ടുകൊടുക്കില്ലായിരുന്നു പദ്മയെ.. ഒന്നും വേണ്ടിയിരുന്നില്ല.. അമ്മയോടുള്ള ആ ചിരിയും സന്തോഷവും കുട്ടിത്തവുമൊക്കെ കാണുമ്പോൾ വീണ്ടും വീണ്ടും മനസ്സ് കൊതിക്കുന്നു.. കണ്ടു നിൽക്കാൻ വല്ലാത്തൊരു ബുദ്ധിമുട്ട് പോലെ.. ഹരി പദ്മയ്ക്ക് അരികിലേക്ക് ചെന്നു മാധവന് നേരെ കൈ നീട്ടി അഭിനന്ദനങ്ങൾ അറിയിച്ചു.. മാധവൻ കൈ കൊടുത്തിട്ട് മറുപടിയായി ഒന്ന് ചിരിച്ചു.. പദ്മയ്ക്ക് നേരെ കൈ നീട്ടും മുന്നേ അവൾ മിന്നൂട്ടിയെ കയ്യിലെടുത്തു.. “കൺഗ്രാറ്റ്സ് പദ്മാ” പറഞ്ഞതിന് ഒരു ചിരി മാത്രമായിരുന്നു പദ്മയുടെയും മറുപടി.. പിന്നെ അവിടെ നിൽക്കാൻ ഹരിയെക്കൊണ്ടായില്ല.. തിരക്കിനിടയിൽ നിന്നും നെഞ്ചു നിറയെ ഭാരവുമായി പതിയെ ഇറങ്ങി നടന്നു.. അമ്മയ്ക്ക് ആ മകന്റെ അവസ്ഥയോർത്തു വിഷമം വന്നെങ്കിലും ഒന്നും ചെയ്യാൻ സാധിക്കില്ലായിരുന്നു.. തന്റെ രണ്ടു മക്കൾക്കും പദ്മയെ നേടിയെടുക്കാൻ ദൈവം അവസരം കൊടുത്തതാണ്.. തട്ടിയെറിഞ്ഞത് അവർ തന്നെയാണ്.. ഇപ്പോൾ പദ്മയ്‌ക്കൊപ്പം നിൽക്കാനേ അമ്മയായിട്ടും ഒരു സ്ത്രീയായിട്ടും തന്നെക്കൊണ്ട് സാധിക്കൂ..
“ഹരി പോയെന്ന് തോന്നുന്നു.. നമുക്കും പോയാലോ വിഷ്ണുവേട്ടാ.. എനിക്ക് നാളെ പോകാൻ ഉള്ളതാ.. ഈ കോപ്രായങ്ങൾ ഒന്നും കണ്ടോണ്ട് നിൽക്കാൻ എനിക്ക് സമയം ഇല്ല”.. ഹിമ വാച്ചിൽ നോക്കിയിട്ട് വിഷ്ണുവിനോടായി പറഞ്ഞു..
വിഷ്ണു അതിനൊന്നും മറുപടി പറഞ്ഞില്ല.. അനിയത്തിയുടെ കല്യാണം കോപ്രായമാണ് പോലും.. അമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഹിമയുടെ വരവ്.. ഞാനും എന്റെ കെട്ടിയോനും ഈ കല്യാണത്തിന് പങ്കെടുക്കില്ല എന്ന് ഹിമ പറഞ്ഞപ്പോൾ അമ്മ തറപ്പിച്ചു പറഞ്ഞു ഈ വീട്ടിലുള്ള എല്ലാവരും പദ്മയുടെ വിവാഹത്തിന് പങ്കെടുത്തിരിക്കുമെന്ന്..അത് അവസാന വാക്ക് ആയതുകൊണ്ട് അവൾ അനുസരിച്ചു എന്നു മാത്രം..
ഇത്രയും നേരം പദ്മയുടെ സന്തോഷം നോക്കി കാണുകയായിരുന്നു.. പദ്മയെ താൻ ആഗ്രഹിക്കുന്നൊന്നുമില്ല അന്നും ഇന്നും.. പക്ഷേ നേടിയെടുത്ത ഈ ജീവിതവും ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നില്ല.. ആഗ്രഹിച്ചത് മുഴുവൻ ഇങ്ങനെ അമ്മയ്ക്കും തനിക്കും ഒരേപോലെ ചേർന്നുപോകാൻ പറ്റിയ മനസ്സുള്ള ഒരു പെൺകുട്ടിയെ ആയിരുന്നു.. തന്റെ അമ്മയെപ്പോലെ കുറച്ചു ബോൾഡ് ആയ, തീരുമാനങ്ങൾ സ്വയം എടുക്കാനും വേണമെങ്കിൽ തന്നെ കൈപ്പിടിയിൽ ഒതുക്കാനും കഴിവുള്ളവൾ.. ഹിമയെ കണ്ടപ്പോളും അടുത്തപ്പോളും ഒക്കെയും തോന്നിയത് അങ്ങനെ ഒക്കെ ആയിരുന്നു.. പക്ഷേ തനിക്ക് തെറ്റി..
എന്തോ ഒന്ന് തനിക്കും ഹിമയ്ക്കുമിടയിൽ ഇല്ല.. ഉള്ളിൽ സ്നേഹം ഉണ്ട് രണ്ടാൾക്കും, പക്ഷേ ഭർത്താവ് ഭാര്യയിൽ നിന്നും ആഗ്രഹിക്കുന്ന ഒരു കെയറിങ്ങോ സ്പെഷ്യൽ ആയിട്ടുള്ള ഒരു സ്നേഹമോ ഒന്നുമില്ല.. പദ്മ മാധവനോട് കാണിക്കുന്ന തുറന്ന സ്നേഹമാണ് താനിഷ്ടപ്പെടുന്നത്.. മറ്റുള്ളവർ ഉണ്ടെന്നുള്ളത് പദ്മയുടെ നോട്ടവും സ്നേഹവും മാധവനിലേക്ക് എത്താതിരിക്കുവാനുള്ള ഒരു കാരണം അല്ല .. അവർ പ്രണയിക്കും.. ഇപ്പോളുള്ള ഈ ആൾക്കൂട്ടത്തിനിടയിലും അവർ പ്രണയിക്കുന്നുണ്ട്.. അത് അവരെ നോക്കുന്ന ഏതൊരാൾക്കും മനസ്സിലാകും.. ഇതൊക്കെയല്ലേ സ്നേഹം.. അങ്ങനെയല്ലേ സ്നേഹിക്കപ്പെടേണ്ടതും.. ഉള്ളിൽ സ്നേഹിച്ചാൽ മതിയെന്നാണ് ഹിമയ്ക്ക് പക്ഷേ തനിക്കത് അനുഭവിച്ചു തന്നെ ജീവിക്കണം.. അല്ലാതെ എന്ത് ജീവിതം.. ആഗ്രഹിച്ചത് പണ്ടത്തെ ഹിമയെ ആണ്.. കുറുമ്പും വഴക്കും സ്നേഹവും ഒക്കെയുള്ള ഹിമ.. ഇപ്പോൾ ഒന്നിനും സമയം ഇല്ല.. സ്നേഹിക്കാൻ പോലും.. കൂടെ വന്ന് നിൽക്കാൻ പറയാനോ അമ്മയോടൊന്നു വിഷമം പറഞ്ഞു ആശ്വസിക്കാനോ തന്നെക്കൊണ്ട് പറ്റുന്നില്ല.. തന്റെ നിർബന്ധത്തിന് നേടിയെടുത്ത ജീവിതം ആണ്.. ഒന്നും പറയാനില്ല.. സ്വയം സഹിക്കുകയല്ലാതെ.. ഒന്ന് മാത്രമേ അറിയേണ്ടതായുള്ളൂ, ഹിമ ആഗ്രഹിച്ചത് ഇപ്പോൾ ജീവിക്കുന്ന ജീവിതം ആയിരുന്നോ അതോ പദ്മയെയും മാധവനെയും പോലെ………….
അമ്മയെയും കൂട്ടി പോകാമെന്നു കരുതി അടുത്തേക്ക് ചെന്നു.. അവർ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ പദ്മയും അമ്മയും അത്ഭുതത്തോടെ ഹിമയെ ഒന്നു നോക്കി.. പദ്മയുടെ ചുറ്റുമുള്ള സന്തോഷം കണ്ട് സഹിക്കാൻ കഴിയുന്നില്ല അത് മറയ്ക്കാനുള്ള കാരണം സമയമില്ലായ്മയും.. പദ്മ അമ്മയുടെ കയ്യിൽ പിടിച്ചു.. “ഇപ്പോ പോകണ്ട അമ്മേ.. കുറച്ചു കഴിഞ്ഞു പോയാൽ മതി”.. എന്നൊരു അപേക്ഷ ഉണ്ടായിരുന്നു അതിൽ..
“ഞാനിപ്പോൾ ഇല്ല.. എന്റെ കൊച്ചിന്റെ കല്യാണസദ്യ ഉണ്ണാതെ വരാനോ.. നിങ്ങൾ പോകുന്നെങ്കിൽ പൊക്കോളൂ”.. അമ്മ പരിഭവത്തോടെ പറഞ്ഞു.. പക്ഷേ വിഷ്ണു പോകാൻ കൂട്ടാക്കിയില്ല.. അതുകണ്ടപ്പോൾ അമ്മ പറഞ്ഞു..”പൊക്കോ വിഷ്ണു.. എന്നെ മാധവൻ കൊണ്ടു വിടും”..
അതിന് അമ്മയ്ക്ക് മാധവനോട് ഒരു അനുവാദം പോലും ചോദിക്കേണ്ട കാര്യമില്ലന്ന് തോന്നി.. അയാൾ സുരക്ഷിതമായി കൊണ്ടുവിടുമെന്നത് അമ്മയുടെ വിശ്വാസമാണ്.. അല്ലെങ്കിലും അമ്മയുടെ വായിൽ നിന്ന് അത്രയും സ്നേഹത്തോടെ വരുന്ന പേരുകളാണ് പദ്മയും മാധവനും മിന്നുവും.. പദ്മ വീട്ടിലേക്ക് തിരിച്ചു പോയതിന് ശേഷം തന്നോടും ഒരു അകൽച്ചയാണ് അമ്മയ്ക്ക്.. പണ്ടത്തെ ആ ഒരു അമിതവാത്സല്യം ഒന്നുമിപ്പോൾ ഇല്ല.. അച്ഛനും അമ്മയും പദ്മയുടെ വീട്ടിൽ പോയി മകന്റെ തെറ്റ് ഏറ്റുപറഞ്ഞു ആ അച്ഛനോടും അമ്മയോടും മാപ്പ് ചോദിച്ചു.. മറുഭാഗത്തു പദ്മ മാത്രമായതുകൊണ്ടാണ് അടിച്ചിറക്കാഞ്ഞതെന്ന് അമ്മ അന്ന് പറഞ്ഞു.. അച്ഛനും അമ്മയ്ക്കും പദ്മയെ എത്രമാത്രം ഇഷ്ടമായിരുന്നുവെന്ന് ബാക്കിയുള്ള ദിവസങ്ങൾ കൊണ്ടു മനസ്സിലായതാണ് തനിക്ക്..
ഹിമ പോയതിന് പിന്നാലെ വിഷ്ണു നടന്നു.. തിരിഞ്ഞൊന്നു കൂടി നോക്കി.. അമ്മയുടെയും പദ്മയുടെയും തോളിൽ കയ്യിട്ട് എന്തോ പറഞ്ഞു പൊട്ടിച്ചിരിക്കുകയാണ് മാധവൻ.. ഒപ്പം അമ്മയും പദ്മയും.. സന്തോഷത്തിന് പകരം വിഷമം ആണ് വന്നത്.. ജീവിതത്തിൽ വന്ന ഒരു നഷ്ടം അതിനി എന്തൊക്കെ വെച്ചു നികത്തിയാലും നികലില്ല എന്നു മനസ്സിലായി..
“ആഹാ.. ഞാൻ വിചാരിച്ചു ഹരി പോയിട്ടുണ്ടാവുമെന്ന്.. ഈ പേക്കുത്തൊക്കെ കാണാൻ ബോധം ഉള്ള ആരെക്കൊണ്ടും സാധിക്കില്ല”.. ഹിമ പറയുന്നത് കേട്ടാണ് വിഷ്ണു സ്വബോധത്തിലേക്ക് വന്നത്.. തല സീറ്റിലേക്ക് ചാരി വെച്ച് ഹരി ഇരുപ്പുണ്ടായിരുന്നു.. അവന്റെ കണ്ണു കലങ്ങിയിട്ടുണ്ടോ.. ഉണ്ട്.. അവനത് മറയ്ക്കാൻ പാടുപെടുന്നുമുണ്ട്.. താൻ കാരണം ആണ്.. ഇല്ലെങ്കിൽ പദ്മ ഇന്ന് ഹരിയുടെ സ്വന്തം ആയിരുന്നേനെ.. വിഷ്ണുവിന് ഹരിയെ നോക്കാൻ കൂടി ഒരു മടി തോന്നി..
“പേക്കൂത്ത് ആയാലും എന്തായാലും മാധവൻ ലക്കിയാണ് എല്ലാം കൊണ്ടും”.. വിഷ്ണു ഹിമയ്ക്കുള്ള മറുപടിയായി പറഞ്ഞു.. ഹിമ വിചാരിച്ചത് തനിക്കൊപ്പമാണ് വിഷ്ണുവും ഹരിയും ചിന്തിക്കുന്നത് എന്നാണ്, പദ്മയുടെ സ്വത്തും വീടും കുടുംബവും എല്ലാം മാധവന് സ്വന്തം ആയ കാര്യമോർത്തിട്ടായിരിക്കും വിഷ്ണു അങ്ങനെ പറഞ്ഞതെന്ന് എന്നാണ്.. പക്ഷേ പറഞ്ഞതിനർത്ഥം ആ ചേട്ടനും അനിയനും മാത്രം നന്നായി മനസ്സിലായി..
ഓടി വരും ♥️♥️

by