19/04/2026

ഈ നിമിഷം : ഭാഗം 35

രചന – രോഹിണി ആമി

രാത്രിയിൽ ഭക്ഷണം കഴിക്കാൻ എല്ലാവരും ഒരുമിച്ചു വേണമെന്ന് അച്ഛനു നിർബന്ധം.. അച്ഛൻ പറയുന്നതിന് എതിർവാക്ക് മാധവൻ ഒരക്ഷരം പോലും പറയില്ല.. എല്ലാവരും ഇരുന്നു സന്തോഷത്തോടെ കഴിക്കുമ്പോഴും ഒരു മരുമകന്റെ അഭാവം ആ അച്ഛനെ വിഷമിപ്പിച്ചു.. പദ്മ സൂക്ഷിച്ചു മിന്നുവിന് മുള്ള് മാറ്റി മീൻ എടുത്തു കൊടുക്കുവാണ്.. ചിലപ്പോൾ എരിവ് കൊണ്ട് ചുണ്ടു കൂർപ്പിച്ചു പിടിക്കും, പദ്മ ചുണ്ടിലേക്ക് ഊതിക്കൊടുക്കും ഇടയ്ക്ക് ഉമ്മ കൊടുക്കും എന്നിട്ട് വെള്ളം പിടിപ്പിച്ചു കൊടുക്കും.. അത്രയ്ക്ക് എരിവ് ഒന്നും ഇല്ല.. പദ്മ ചെയ്യുന്നതിന് അനുസരിച്ചു പെണ്ണ് കൊഞ്ചുവാണ്.. പൊടികുഞ്ഞുങ്ങൾ കാട്ടും പോലെ.. ഹിമ കുറച്ചു നേരമായി ഈ കലാപരിപാടി കാണുന്നു.. രസമുണ്ട് കാണാൻ.. അമ്മയെയും കുഞ്ഞിനേയും.. ഈ കുഞ്ഞിനോട് പദ്മയെ അമ്മയെന്നു വിളിക്കരുതെന്ന് പറഞ്ഞതാണ് താൻ.. ഈ സ്നേഹം കണ്ടിരിക്കാൻ ഇത്രയും ഭംഗി ആണെങ്കിൽ ഇത് അനുഭവിക്കുമ്പോൾ എന്തു സുഖമുണ്ടാകും.. നെഞ്ചിൽ എന്തോ ഒന്ന് വിങ്ങി, കണ്ണു നിറഞ്ഞത് ആരും കാണാതെ തുടച്ചു..

പ്ലേറ്റിലേക്ക് ഒരു മീൻ വറുത്തത് വെച്ചത് ആരാണെന്ന് മുഖം പൊക്കി നോക്കി.. “മീൻ വറുത്തത് കിട്ടാഞ്ഞിട്ട് കരയണ്ട.. ഇത് കിട്ടാഞ്ഞിട്ട് പലരും വീട് വിട്ടു പോയ ചരിത്രം വരെയുണ്ട്”.. മാധവൻ ചിരിയോടെ പറഞ്ഞു.. ഹിമ ചിരിയോടെ അതിന് പകുതി മിന്നുവിന്റെ പ്ലേറ്റിലും കൂടെ വെച്ചു..

ആരുമങ്ങനെ ഹിമ കഴിക്കുമ്പോൾ പ്ലേറ്റിൽ ഒന്നുംതന്നെ കയ്യാലേ വെക്കാറില്ല .. ഇഷ്ടമാവില്ല അവൾക്ക്.. ഇപ്പോളുള്ള ഈ മാറ്റം തനിക്ക് മാത്രമല്ല അച്ഛനും അമ്മയ്ക്കും ഒക്കെ അത്ഭുതമാണ്..

അച്ഛനെ നോക്കി പേടിപ്പിക്കുന്നുണ്ട് ഒരാൾ.. തനിക്ക് തരാതെ ഹിമയ്ക്ക് കൊടുത്തതിലുള്ള ദേഷ്യം.. പദ്മയ്ക്ക് അത് മനസ്സിലായി അവളെ ചേർത്തു പിടിച്ചു ചെവിയിൽ പറഞ്ഞു..”സാരമില്ല.. ചേച്ചിയമ്മയ്ക്ക് ഉവ്വാവ് ആയതുകൊണ്ടല്ലേ.. അച്ഛനിട്ടുള്ള ഇടി നമുക്ക് വീട്ടിൽ ചെന്നിട്ട് കൊടുക്കാം കേട്ടോ.. കൊരങ്ങനെ ഇന്ന് ശരിയാക്കാം നമുക്ക്”.. അവൾ സമ്മതത്തിൽ തലയാട്ടി..

“രണ്ടും കൂടിയെന്താ കുശുകുശുക്കുന്നെ”.. ഹിമ ചോദിച്ചപ്പോൾ മിന്നു സൂക്ഷിച്ചു നോക്കി.. “മിന്നു എന്താ എന്നോട് കൂടാത്തത്.. പിണക്കം മാറ്റുവോ എന്നോട്.. നാളെ ചേച്ചിയമ്മ ഐസ് ക്രീം വാങ്ങി തരാല്ലോ.. കൂടുവോ”.. മിന്നുവിന്റെ താടിയിൽ പിടിച്ചു ഹിമ ചോദിച്ചു.. മിന്നു കൈ എടുത്തു മാറ്റി കുറച്ചൂടെ പദ്മയ്‌ക്കരികിലേക്ക് ചേർന്നിരുന്നു..

“അപ്പനെ പോലെയല്ല.. അവൾ ഇണങ്ങാൻ പാടാണ്.. ഇണങ്ങിയാൽ പിന്നെ വിട്ടു പോകാനും പാടാണ് .. നീ കുറച്ചു കഷ്ടപ്പെടും കൂട്ട് കൂടാൻ”.. പറഞ്ഞത് അമ്മയാണ്..

ഹും.. കരഞ്ഞു കാണിച്ചു അച്ഛനെ മയക്കി.. എന്റെ അടുത്ത് കണ്ണീരും മീനുമൊന്നും വിലപ്പോകില്ല.. എന്റെ അമ്മയെ കരയിപ്പിച്ചതൊന്നും അത്ര പെട്ടെന്ന് ഞാൻ മറക്കില്ല.. ഹിമയെ കൂർപ്പിച്ചു നോക്കുന്ന മിന്നൂട്ടന്റെ കവിളിൽ ഒരു കുത്തു കൊടുത്തു പദ്മ.. എന്നിട്ട് എനിക്കെല്ലാംമനസ്സിലായി എന്ന രീതിയിൽ ഒന്ന് ചിരിച്ചു.. അമ്മയുടെ അടുത്ത് തന്റെ ഒരു കളിയും നടക്കില്ലെന്നു മിന്നൂട്ടനും അറിയാവുന്നത് കൊണ്ട് നോട്ടം നിർത്തി.. ബനിയൻ പൊക്കി വയർ നിറഞ്ഞുവെന്ന് പദ്മയെ കാണിച്ചു.. അവളെ കൊണ്ടുപോയി വായും മുഖവും ഒക്കെ കഴുകി വന്നപ്പോളേക്കും മാധവൻ ഒഴികെ ബാക്കി എല്ലാവരും കഴിച്ചിട്ട് എഴുന്നേറ്റിരുന്നു.. പദ്മയെ അടുത്തു പിടിച്ചിരുത്തി മാധവൻ ഓരോ ഉരുളയും വായിൽ വെച്ചു കൊടുത്തു.. മിന്നുവിന് ഭക്ഷണം കൊടുക്കുമ്പോൾ പദ്മ ഒന്നോ രണ്ടോ വായ കഴിച്ചാലായി .. ഭക്ഷണം കഴിക്കാൻ മടിച്ചിയാണെന്ന് നന്നായിട്ടറിയാം.. വയർ നിറഞ്ഞൂന്ന് പറഞ്ഞപ്പോൾ പറയുവാ.. മിന്നു കാണിച്ച പോലെ വയർ കാണിച്ചേ.. എന്നാലേ വിശ്വസിക്കൂ ന്ന്.. കൊടുത്തു മോന്തയ്ക്കിട്ട് ഒരു കുത്ത്.. ഓരോരോ പൂതിയേ.. പാത്രം ഒക്കെയും എടുത്ത് കിച്ചണിലേക്ക് പോകുമ്പോൾ മാധവന്റെ കുരുത്തംകെട്ട ചിരി കണ്ടു തനിക്കും കൂടി ചിരി പൊട്ടി..

എല്ലാവരും കൂടി ഒരുമിച്ചിരുന്നു കുറച്ചു നേരം സംസാരിച്ചു.. അതിൽ കൃഷിയും മിന്നുട്ടനും ദീപുവും ഒക്കെയുണ്ടായിരുന്നു.. പക്ഷേ ഒരിക്കൽ പോലും ഹിമയുടെ ഒരു കാര്യവും അതിലേക്ക് വരാതിരിക്കാൻ എല്ലാവരും ശ്രദ്ധിച്ചു.. ഇപ്പോളുള്ള അവളുടെ സന്തോഷം കളയണ്ടാന്ന് തോന്നി.. മിന്നു മുറ്റത്തു നിന്ന് കളിയാണ്.. മടുത്തപ്പോൾ പതിയെ പദ്മയുടെ മടിയിലേക്ക് കയറി നെഞ്ചിൽ മുഖം ചേർത്തുവെച്ചു ഉറങ്ങാൻ തുടങ്ങി.. തണുക്കാതിരിക്കാൻ പദ്മ അവളെ പൊതിഞ്ഞു പിടിക്കുന്നുണ്ട്.. ഇടയ്ക്ക് നെറ്റിയിൽ ഉമ്മ കൊടുക്കുന്നുണ്ട്.. ഹിമ മെല്ലെ മിന്നുവിന്റെ മുഖത്തു തലോടി.. ആ ഉറക്കം നോക്കിയിരുന്നു..

“ഇന്ന് മിന്നുവിനെ എന്റെ കൂടെ കിടത്തുവോ”.. ഹിമയുടെ വായിൽ നിന്നും അറിയാതെ വന്നു പോയി.. പക്ഷെ പദ്മ മാത്രെ കേട്ടുള്ളു.. അച്ഛനും മാധവനും നല്ല സംസാരമാണ്.. അമ്മ അത് കേട്ടുകൊണ്ട് ഇരിക്കുകയാണ്..

“ഇല്ലെടീ ചേച്ചീ.. അവൾക്ക് ഞാൻ വേണം അടുത്ത്.. ഇടയിൽ എഴുന്നേറ്റാൽ തേടും… എനിക്കും എന്റെ കുഞ്ഞില്ലാതെ ഉറങ്ങാൻ പറ്റില്ല.. ആദ്യമായിട്ടാ അവൾ മാറിക്കിടക്കുന്നത് അന്ന് ഞാൻ ഹോസ്പിറ്റലിൽ നിന്നപ്പോൾ”.. പദ്മ മിന്നുവിനെ ഒന്നുകൂടി ചേർത്തു പിടിച്ചു പറഞ്ഞു.. “വേണേൽ ഞാനും മിന്നൂട്ടനും ഒരുമിച്ച് കിടക്കാൻ വരാം”..

“ഓ വേണ്ടാ.. ആ കട്ടിലിൽ പിന്നെ മാധവനും കൂടി കിടക്കാൻ സ്ഥലമില്ല”.. ഹിമ ചിരിയോടെ പറഞ്ഞു.. അത് ചേച്ചി തന്നെ ഒന്ന് കളിയാക്കിയതാണെന്ന് മനസ്സിലായി പദ്മയ്ക്ക്.. അച്ഛനും അമ്മയും ഉറങ്ങാൻ പോയപ്പോൾ പിറകേ ഹിമയും പോയി.. മാധവൻ വന്നു പിറകിൽ ഇരുന്നു നെഞ്ചിലേക്ക് പദ്മയെ ചേർത്തിരുത്തി.. നെഞ്ചിലേക്ക് മുഖം അമർത്തി വെച്ചു മാധവന്റെ മണം ഉള്ളിലേക്ക് വലിച്ചെടുത്തു.. ശരീരം മുഴുവനത് ലയിക്കുമ്പോൾ വല്ലാത്തൊരു സുഖമാണ്.. മിന്നൂട്ടൻ പണ്ട് തന്നെ കെട്ടിപ്പിടിച്ചു മണക്കുമ്പോൾ ഇതേ സുഖമായിരുന്നോ അവൾക്കും ഉണ്ടായിരുന്നത്.. പിന്നിലേക്ക് കയ്യെത്തിച്ചു ആ മുഖം അടുപ്പിച്ചു പിടിച്ചു വിളിച്ചു “മാധവാ”……….

“മ്മ്”…പദ്മയുടെ വിളിയേക്കാൾ ആർദ്രമായി മൂളിക്കേട്ടു..

“മാധവാ”..

“മ്മ്മ്”…

“എന്നെ എടുക്കുവോ .. ഒക്കം വരുന്നു വല്ലാണ്ട്”.. നെഞ്ചിൽ മുഖം ഉരുട്ടി പറഞ്ഞു..

“മ്മ്.. വാ”.. പദ്മയുടെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു.. മുണ്ട് മടക്കി കുത്തി.. പദ്മയെ രണ്ടു കയ്യിലും കോരിയെടുത്തു.. അവൾക്ക് മേലേ മിന്നൂട്ടൻ സുഖ ഉറക്കമാണ്.. “ഒന്നും കഴിക്കണ്ട കേട്ടോ.. മെലിഞ്ഞു മെലിഞ്ഞു ഒരു കോലത്തിലായി…. അല്ലെങ്കിൽ രണ്ടും വണ്ണം വെക്കണ്ടാ.. വണ്ണം വെച്ചാൽ എനിക്കിങ്ങനെ പൊക്കാൻ പറ്റൂല”.. ബെഡിൽ കൊണ്ടുപോയി കിടത്തി.. പദ്മ തിരിഞ്ഞു ദേഹത്തു നിന്നും മിന്നൂട്ടനെ ബെഡിൽ കിടത്തി.. ഉറക്കത്തിൽ കിടന്നു തപ്പുവാ പെണ്ണ്.. ചേർത്തു കിടത്തി കെട്ടിപ്പിടിച്ചു.. കവിളിൽ ഉമ്മ വെച്ചു.. മാധവൻ പോയി ഡോർ ഒക്കെ അടച്ചു വന്നു കൂടെ കിടന്നു.. “മതി അവളെ സ്നേഹിച്ചത്.. ഇനി എന്നെ ഒന്ന് നോക്ക്.. ഏതു നേരത്തും നിന്റെ ചൂടും പറ്റി കിടന്നോളും കാന്താരി. എല്ലാം തനിയെ ചെയ്‌തോണ്ടിരുന്ന കൊച്ചാ.. ഇപ്പോ നീ കാരണം കൊഞ്ചൽ കൂടി ഒരുമാതിരി കുഞ്ഞു പിള്ളേരെപ്പോലെ.. പകൽ ഒക്കെ പോട്ടെന്നു വെക്കാം ഇപ്പോ രാത്രിയിലും നിന്നെ കിട്ടുന്നില്ലന്ന് വെച്ചാൽ കഷ്ടമാ”..

“ആ ഇത് തന്നാ മോളും പറയുന്നേ.. അച്ഛൻ ഏതു നേരത്തും അമ്മേടെ കൂടെയാന്ന്.. അവൾക്ക് എന്നെ കിട്ടുന്നില്ലാന്ന്.. രണ്ടിനും കുശുമ്പ് ഒന്നിനൊന്നു കൂടി കൂടി വരുവാ.. ന്റെ കുഞ്ഞ് അച്ഛനോട് രണ്ടു വർത്തമാനം പറയണം എന്ന് വെച്ച് ഇരിക്കുവാ.. അവൾക്ക് മീൻ വറുത്തത് കൊടുക്കാഞ്ഞിട്ട്.. ഞാൻ ഒരു വിധത്തിലാ സമാധാനിപ്പിച്ചത്”.. പദ്മ പറയുന്നത് കേട്ട് മാധവൻ ഒന്നു ചിരിച്ചു മിന്നുവിന്റെ കവിളിൽ പിച്ചി.. “അച്ഛേടെ പൊന്നുമുത്ത്”..

“എന്തുപറ്റി മുഖത്തൊരു വാട്ടം.. നല്ല വിഷമം ഉണ്ടല്ലോ നിനക്ക്”.. പദ്മയെ നെഞ്ചിൽ കിടത്തി മുടിയിൽ തലോടി ചോദിച്ചു..

“ഒന്നൂല്ല.. നാളത്തെ കാര്യം ഓർത്തിട്ട് വിഷമം വരുന്നു.. വല്ലാത്തൊരു ബുദ്ധിമുട്ട്.. എന്തൊക്കെയോ ഇഷ്ടമില്ലാത്തത് കേൾക്കേണ്ടി വരുമെന്ന് മനസ്സ് പറയുന്നു മാധവാ”.. പദ്മ ഒന്നു ദീർഘമായി ശ്വാസം വിട്ടു.. മാധവന്റെ കവിളിൽ ഒരുമ്മ കൊടുത്തു.. “കണ്ണടയുന്നു.. ഉറങ്ങിക്കോട്ടെ”… സമ്മതമെന്നു പറയും പോലെ അവളുടെ നെറുകയിൽ മുത്തി.. ഒന്നുകൂടി പൊതിഞ്ഞു പിടിച്ചു കണ്ണുകളടച്ചു …

പിറ്റേന്ന് എഴുന്നേറ്റപ്പോൾ മിന്നൂട്ടനോട് പോകാൻ അനുവാദം വാങ്ങി.. അല്ലെങ്കിൽ അവളെ കൂട്ടാതെ പോയാൽ വിഷമം ആവും.. കൂട്ടിയാലോ, അവിടെ എന്തൊക്കെ നടക്കുമെന്ന് പറയാൻ പറ്റില്ല.. ആരെങ്കിലുമൊന്ന് ഒച്ച ഉയർത്തി സംസാരിച്ചാൽ അവൾ പേടിക്കും.. അമ്മമ്മേടെ കൂടെ ഇരുന്നോളാമെന്ന് പറഞ്ഞു സമ്മതിച്ചു.. അല്ലെങ്കിലും എന്റെ കുഞ്ഞിന് പറഞ്ഞാൽ മനസ്സിലാവും.. അച്ഛനോടും അമ്മയോടും ചേച്ചിയോടും എങ്ങോട്ടേക്കാണെന്ന സത്യം പറഞ്ഞില്ല.. അവിടെ നിന്നും ഒന്ന് സന്തോഷം അഭിനയിച്ചിറങ്ങാൻ പദ്മ കുറച്ചു കഷ്ടപ്പെട്ടു.. കാറിൽ ഇരിക്കുമ്പോളും നഖം കടിച്ചിരിക്കുന്നവൾക്കിട്ട് ഒരു തട്ട് കൊടുത്തു.. “ന്തേ കൂടെ മാധവൻ ഉള്ള കാര്യം പദ്മ മറന്നോ.. ഇങ്ങനെ ടെൻഷൻ അടിച്ചാൽ നടക്കാനിരിക്കുന്ന കാര്യം നടക്കാതെ പോകുവോ.. വരുന്നിടത്തു വെച്ചു കാണാം.. എന്തായാലും നേരിട്ടല്ലേ പറ്റൂ”.. മാധവൻ പറഞ്ഞപ്പോൾ ഒന്ന് നോക്കി ചിരിച്ചു.. പറയാതെ തന്നെ ആ തോളിലേക്ക് തല ചായിച്ചു വെച്ചിരുന്നു..

വീടിന് മുറ്റത്തു വണ്ടി നിർത്തി പദ്മ ഇറങ്ങി നേരെ പോയത് അച്ഛന്റെ അടുത്തേക്കാണ്.. അസ്ഥിത്തറയിൽ ഒന്ന് തൊട്ടു അതിൽ കിടന്നിരുന്ന ഇലകൾ തൂത്തു കളഞ്ഞു.. മാധവൻ അവൾക്കരികിൽ ചെന്നു നിന്നു.. ഈ വീട്ടിൽ പദ്മ ഇഷ്ടപ്പെട്ടിരുന്നവരിൽ ഒരാൾ, അതുകൊണ്ട് തനിക്കും വേണ്ടപ്പെട്ട ഒരാൾ..

ആരാണ് വന്നതെന്നറിയാൻ അമ്മ ഇറങ്ങി വന്നു.. പിന്നാലെ വിഷ്ണുവും ഹരിയും.. അച്ഛന്റെ അരികിൽ നിൽക്കുന്നവരെ കണ്ടപ്പോൾ മൂന്നാളുടെയും മുഖം തെളിഞ്ഞു.. അമ്മ അവർക്കരികിലേക്ക് ചെന്നു.. മാധവൻ അമ്മയെ കെട്ടിപ്പിടിച്ചു.. മാധവന്റെ മുഖത്തു തലോടി എന്തൊക്കെയോ ചോദിക്കുന്നുണ്ട്.. മാധവൻ നെറുകയിൽ ഉമ്മയൊക്കെ വെക്കുന്നുണ്ട്..

“ഇതെന്താ അമ്മേ ഇവിടെയൊരു ചെടി പോലും നടാത്തത്..അച്ഛനു ചെടികൾ വല്യ ഇഷ്ടമല്ലേ.. ഇത് ഒരുമാതിരി മരുഭൂമി പോലെ കിടക്കുന്നു.. ” പദ്മ ചുറ്റും നോക്കി തന്റെ വിഷമം പറഞ്ഞു..

“ചെടിയൊക്കെ വെക്കാൻ ആരാണിവിടെ ഉള്ളത് .. ഞാൻ ഇങ്ങോട്ട് വരാറില്ല മോളേ.. ഇവിടെ വരുമ്പോഴാണ് അദ്ദേഹം കൂടെയില്ലെന്ന് കൂടുതൽ അനുഭവപ്പെടുന്നത്.. നീ ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ അദ്ദേഹം ഇത്ര പെട്ടെന്ന് പോകില്ലെന്ന് വരെ തോന്നിയിട്ടുണ്ട് എനിക്ക്.. നിന്നെ വലിയ കാര്യമായിരുന്നു അച്ഛന്.. ഉണ്ടായിരുന്ന ഒരേയൊരു വിഷമവും നിന്നെയോർത്തു മാത്രമായിരുന്നു”.. അമ്മ വിഷമത്തിൽ അങ്ങോട്ടേക്ക് നോക്കി നിന്നു.. പിന്നെ കണ്ണു തുടച്ചു പറഞ്ഞു.. “അതൊക്കെ പോട്ടേ.. മക്കൾ കേറിവാ.. ആ കാന്താരി എന്തിയെ.. വരാൻ വഴക്കിട്ടില്ലേ”.. മാധവനിൽ ഉള്ള പിടി വിടാതെ തന്നെ അമ്മ പദ്മയുടെ കയ്യിൽ കൂടി പിടിച്ചു..

“ഇങ്ങോട്ടേക്കാണെന്നു ആരോടും പറഞ്ഞില്ല അമ്മേ.. പറഞ്ഞിരുന്നെങ്കിൽ അച്ഛൻ വരാതിരിക്കുമോ”.. പദ്മ വിഷമത്തിൽ പറഞ്ഞു..

അവിടെ നിന്നിരുന്ന വിഷ്ണുവിനെയും ഹരിയെയും പദ്മ ശ്രദ്ധിക്കാതെ അമ്മയ്‌ക്കൊപ്പം അകത്തേക്ക് നടന്നു.. മാധവനോട് രണ്ടാളും സംസാരിക്കുന്നുണ്ട്.. വിഷ്ണുവിന്റെ മുഖത്ത് വല്ലാത്തൊരു ബുദ്ധിമുട്ട് ഉണ്ട്.. വേണ്ടാന്നു പറഞ്ഞിട്ടും കേൾക്കാതെ അമ്മ എന്തൊക്കെയോ കഴിക്കാൻ എടുത്തു നിരത്തി വെക്കുന്നുണ്ട്.. എല്ലാവരും ഒരുമിച്ചിരുന്നപ്പോൾ അമ്മയാണ് തുടങ്ങി വെച്ചത്.. വിഷ്ണു കഴിഞ്ഞ ദിവസം പറഞ്ഞ കാര്യം സംസാരിക്കാൻ ആണ് ഇവർ വന്നതെന്ന്.. പദ്മയുടെ അച്ഛന്റെ സ്ഥിതി ഓർത്തിട്ടാണ് ഇവർ വന്നാൽ മതിയെന്ന് പറഞ്ഞത്.. വിഷ്ണുവിന്റെ മുഖം വാടി.. ഒന്നും മിണ്ടാതെ ഇരിക്കുന്ന വിഷ്ണുവിനോട് അമ്മ വീണ്ടും ചോദിച്ചു.. “നിങ്ങൾ തമ്മിലുള്ള പ്രശ്നം എന്താന്ന് നീ ഇതേവരെ എന്നോടും പറഞ്ഞിട്ടില്ല.. ഡിവോഴ്സ് ചെയ്യാൻ മാത്രം എന്താ നിങ്ങൾക്കിടയിൽ.. ഓരോരുത്തർക്കും വിശദീകരണം നൽകുന്നത് നിനക്ക് ബുദ്ധിമുട്ട് ആണെന്ന് അറിഞ്ഞുകൊണ്ടാണ് അമ്മ ചോദിക്കാഞ്ഞത്.. ഇവർ കൂടി വന്നിട്ട് ചോദിക്കാമെന്ന് വെച്ചു”.. മിണ്ടാതെ ഇരിക്കുന്ന വിഷ്ണുവിനോടായി വീണ്ടും അമ്മ ചോദിച്ചു..

“എന്താണെങ്കിലും പറയ് വിഷ്ണു.. നീ ആഗ്രഹിച്ചു നിർബന്ധം പിടിച്ചു നേടിയ ജീവിതം ആണിത്.. നിന്റെ ഈ പ്രവൃത്തി കൊണ്ട് വേദനിക്കുന്നത് ആ വീട്ടിലെ അച്ഛനും അമ്മയും കൂടിയാണ്.. ഒരു മകളുടെ ജീവിതം നീ കാരണം പോയതാണ്, വീണ്ടും അതേ നീ കാരണം അടുത്ത മകളുടെയും.. ആ അച്ഛന് നിറയെ അസുഖങ്ങൾ ഉള്ളതാണ്.. ഒരു ജീവന്റെ വില എന്താണെന്ന് ഞാൻ നിനക്ക് പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ അല്ലേ”.. അമ്മ പറഞ്ഞപ്പോൾ വിഷ്ണു ഒന്ന് പദ്മയെ നോക്കി.. എല്ലാം കേട്ട് നിൽക്കുകയാണ്..

“എനിക്ക് ആരുടേയും ജീവൻ കളയണമെന്നൊന്നും ഇല്ല.. പക്ഷേ ഇപ്പോൾ ഞാൻ ഈ ജീവിതം വേണ്ടാന്നു വെക്കുന്നത് എനിക്ക് വേണ്ടി മാത്രമല്ല.. ഹിമയ്ക്ക് കൂടി വേണ്ടിയാ.. ആരേയും നിർബന്ധപൂർവ്വം എനിക്കൊപ്പം കഴിയാൻ പറയാൻ പറ്റില്ല.. ഫ്രീഡം ആവശ്യമുള്ളവരെ ഞാൻ സ്വാതന്ത്രയാക്കുന്നു.. ഞാൻ ആർക്കുമൊരു തടസ്സം ആകുന്നില്ല”.. വിഷ്ണു പറഞ്ഞു..

“നീയിങ്ങനെ അവിടെയും ഇവിടെയും തൊടാതെ പറഞ്ഞാൽ എങ്ങനാ.. ഇപ്പോളും നിങ്ങൾക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് പറഞ്ഞില്ലല്ലോ”.. അമ്മ കുറച്ചു ദേഷ്യത്തിൽ തന്നെ ചോദിച്ചു..

“സത്യം പറഞ്ഞാൽ എനിക്കിത് ആരോടെങ്കിലും ഒക്കെ പറയാൻ പോലും മടിയാണ്.. ഒരുപാട് വട്ടം ആലോചിച്ചു എടുത്ത തീരുമാനം ആണ്.. ഒരിക്കലും ഞാൻ ഹിമയുടെ ഇഷ്ടങ്ങൾക്കൊന്നും എതിരല്ല.. കൂടെ നിന്നിട്ടേയുള്ളു ഇതുവരെ .. അച്ഛൻ പോയപ്പോൾ പോലും ഒന്ന് വന്നു കാണാൻ ശ്രമിച്ചില്ല അവൾ.. അമ്മയുടെ കൂടെ ഒന്നിരുന്നു സംസാരിക്കാറ് പോലുമില്ല.. അതൊക്കെ ക്ഷമിച്ചു പോട്ടേന്ന് വെക്കാം.. ഞാൻ അവിടെ പോയി അവളെ കാണുമ്പോഴൊക്കെ ഞങ്ങളൊരുമിച്ചു താമസിക്കുന്നത് ഹോട്ടലിൽ ആണ്.. ദിവസങ്ങളോളം.. കമ്പനി ഫ്ലാറ്റ് ഉള്ളവൾ ഞാൻ ചെല്ലുമ്പോളൊക്കെയും ഒരുമിച്ച് ഹോട്ടലിൽ താമസിക്കുന്നത് എന്തിനെന്നു പലവട്ടം ചിന്തിച്ചിട്ടുണ്ട്… അന്നൊക്കെ എന്തൊക്കെയോ പ്രോബ്ലംസ് എന്നാണ് പറഞ്ഞിരുന്നത്.. പിന്നീടാണ് അറിഞ്ഞത് അവൾ മാരീഡ് ആണെന്ന് അവിടുള്ള ഒരാളോടും അവൾ പറഞ്ഞിട്ടില്ല.. അപ്പോളും ഹിമ അതിനായി പറഞ്ഞ ഓരോ ന്യായങ്ങളും ഞാൻ വിശ്വസിച്ചു.. പക്ഷേ എന്റെ കുഞ്ഞിനെ അബോർട്ട് ചെയ്ത് കളയാൻ മാത്രം അവൾ വളർന്നെന്നു ഞാൻ അറിഞ്ഞില്ല അമ്മേ.. അതും വേറൊരുത്തനെ ഭർത്താവെന്ന് പറഞ്ഞു കൂടെ കൂട്ടി”……. എല്ലാവരും ഒരേപോലെ ഞെട്ടിയിരിക്കുകയാണ്.. അമ്മ അറിയാതെ നെഞ്ചിൽ കൈവെച്ചുപോയി.. മാധവൻ നോക്കിയത് മുഴുവൻ പദ്മയെയാണ്.. എല്ലാം കേട്ടിട്ട് വല്ലാത്തൊരു അസ്വസ്ഥതയോടെ ഭിത്തിയിൽ ചാരി നിൽക്കുകയാണ്.. കണ്ണു നിറഞ്ഞൊഴുകുന്നുണ്ട്.. പിടിച്ചു അടുത്തിരുത്തണമെന്നുണ്ട്.. പക്ഷേ എല്ലാം കൂടി കേട്ടിട്ട് ഒന്നെഴുന്നേൽക്കാൻ കൂടി സാധിക്കുന്നില്ല.. തന്റെ പോയകാല ജീവിതത്തിന്റെ എന്തൊക്കെയോ ഓർമ്മയിൽ വരുന്ന പോലെ..

വിഷ്ണുവിന്റെ കണ്ണു നിറഞ്ഞൊഴുകി .. അത് തുടച്ചിട്ട് അമ്മയോടായി പറഞ്ഞു..”ഞാൻ എന്താണ് അമ്മേ ചെയ്യേണ്ടത് അമ്മ തന്നെ പറയ്.. ഇത്രയും തനിച്ച് ചെയ്ത അവളെ ഞാൻ അവളുടെ ഇഷ്ടത്തിന് വിടുന്നതല്ലേ നല്ലത്.. ഞാൻ ഒരുപാട് ചിന്തിച്ചെടുത്ത തീരുമാനം ആണ്.. ഈ വീട്ടിൽ എന്തു നടന്നാലും അവൾക്ക് സമയം ഉണ്ടാവില്ല വരാൻ.. എന്റെയോ അമ്മയ്ക്കോ അരികിൽ ഒന്നിരിക്കാൻ പോലും അവൾക്ക് സമയം ഇല്ല.. എനിക്ക് ഇങ്ങനൊരു ഭാര്യ എന്തിനാണ്.. ഈ കണക്കിന് എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പോലും അവൾക്ക് വരാൻ സമയം ഉണ്ടാവുമോ”.. വിഷ്ണു കുറച്ചു നേരം മിണ്ടാതെയിരുന്നു കിതപ്പടക്കി.. ഒപ്പം വിഷമവും..

“ഒരു മാസം കഴിഞ്ഞു കാണും ഞാൻ ഹിമയോട് സംസാരിച്ചിട്ട്.. ഇങ്ങോട്ട് വിളിച്ചു വീണ്ടും ന്യായങ്ങൾ നിരത്തുന്നത് കണ്ടപ്പോൾ ഞാൻ ബ്ലോക്ക് ചെയ്തു.. അവൾ തെറ്റ് ചെയ്തുന്നു നല്ല ബോധ്യം ഉള്ളതുകൊണ്ടാണ് ഇങ്ങോട്ട് വരാത്തത്.. വരില്ല എന്റെ മുന്നിൽ… എന്റെ മുന്നിലെങ്ങാനും ഇനി വന്നാൽ കരണം പൊകയ്ക്കും ഞാൻ.. അബോർഷൻ ചെയ്യാൻ കൂട്ട് വന്ന കെട്ടിയോൻ ഉണ്ടാവുമല്ലോ കൂടെ.. ജീവിച്ചോട്ടെ..ആരുടെ കൂടെ വേണമെങ്കിലും ജീവിച്ചോട്ടെ.. ആർക്കറിയാം ഇനി അത് അയാളുടെ ആണോന്ന് തന്നെ”.. വിഷ്ണുവിന് വന്ന ദേഷ്യത്തിൽ അത്രയും പറഞ്ഞതേ ഓർമ്മയുള്ളൂ.. കാറ്റു പോലെ പദ്മ വന്നു മുന്നിൽ നിന്ന് വിഷ്ണുവിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു ഉലച്ചു പറഞ്ഞു ..

“ഇനിയെന്റെ ചേച്ചിയെക്കുറിച്ച് അനാവശ്യം പറഞ്ഞാൽ ഞാൻ കേട്ട് നിൽക്കില്ല.. നിങ്ങളുടെ കുഞ്ഞായിരുന്നില്ല അതെന്ന് നിങ്ങൾക്ക് പറയാൻ പറ്റുവോ.. എന്റെ ചേച്ചി നിങ്ങളെ വഞ്ചിച്ചിട്ടുണ്ടെന്ന് നെഞ്ചിൽ കൈവെച്ചു പറയാൻ പറ്റുവോ”.. പദ്മ ദേഷ്യം കൊണ്ട് നിന്ന് വിറച്ചു.. വിഷ്ണു അവളുടെ മുഖത്തു നോക്കി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.. അവളുടെ ദേഷ്യം എല്ലാവർക്കുമൊരു പുതുമയായിരുന്നു.. ഇങ്ങനെയൊരു പദ്മയെ ആദ്യമായ് കാണുകയാണ്..

“ഒന്നുമറിയാതെ ഒരാളെക്കുറിച്ച് ഇങ്ങനെയൊക്കെ പറയാൻ നാണമില്ലേ നിങ്ങൾക്ക്.. അന്ന് എന്നെക്കുറിച്ച് എന്തൊക്കെയാ നിങ്ങൾ പറഞ്ഞത്ന്ന് ഓർക്കുന്നുണ്ടോ.. തരംതാണവൾ.. സെൽഫ് റെസ്‌പെക്ട് ഇല്ലാത്തവൾ.. ഒഴിയാബാധ.. ഏത് ആണിന്റെയും തലയിൽ കേറാൻ നടക്കുന്നവൾ.., അങ്ങനെ.. അങ്ങനെ എന്തൊക്കെ പറഞ്ഞു എന്നെ.. എന്ത്‌മാത്രം അപമാനിച്ചു.. ചെയ്യാത്ത കുറ്റത്തിന് എന്നെ അടിക്കുക വരെ ചെയ്തില്ലേ”.. പദ്മയുടെ കണ്ണു നിറഞ്ഞൊഴുകി.. പല വാക്കുകളും ഏങ്ങലിനിടയിൽ മുറിഞ്ഞു പോയി.. മൂന്നാളും അതൊക്കെ കേട്ടിട്ട് വിഷ്ണുവിനെ നോക്കി നിൽക്കുകയാണ്.. ഇങ്ങനെയൊക്കെ ഇവർക്കിടയിൽ ഉണ്ടായോ……… കരച്ചിലിന് ഇടയിൽ ബാക്കി പറയാൻ വേണ്ടി പദ്മ ശ്വാസം വലിച്ചെടുത്തു.. ശരീരത്തിലെ മുഴുവൻ ഭാരവും ആ കൈകളിലൂടെ തന്റെ നെഞ്ചിൽ ആണെന്ന് വിഷ്ണു അറിഞ്ഞു.. അവളുടെ നിൽപ്പ് കണ്ടാലറിയാം തളർന്നുവെന്ന്.. മാധവൻ പദ്മയെ പിടിക്കാൻ ആഞ്ഞതും അമ്മ കയ്യിൽ പിടിച്ചു നിർത്തി.. അവൾ പറഞ്ഞു തീർക്കട്ടെ എന്ന ഭാവത്തിൽ.. നാളുകളായി അവളുടെ ഉള്ളിലുള്ള വിഷ്ണുവിനോടുള്ള ദേഷ്യം തീർക്കാൻ ഒരു കാരണം കിട്ടിയത് പോലെ അമ്മയ്ക്ക് തോന്നി .. അന്ന് അനുഭവിച്ച മുഴുവൻ അപമാനത്തിന്റെയും കണക്കു ചോദിക്കും പോലെ.. അന്നൊഴുക്കിയ ഓരോ തുള്ളി കണ്ണുനീരിനും എണ്ണിയെണ്ണി കണക്കു പറയിപ്പിക്കും പോലെ.. മാധവന് അവളുടെ വിഷമം കണ്ടു നിൽക്കാൻ കഴിയുമായിരുന്നില്ല.. മാധവന്റെ കൈയ്യുടെ മുറുക്കം അറിഞ്ഞു അമ്മ അവനെ കണ്ണുകൊണ്ട് ആശ്വസിപ്പിച്ചു.. കുറച്ചു നേരം ക്ഷമിക്ക് എന്ന രീതിയിൽ.. കുറച്ചു നേരം പോയിട്ട് ഒരു നിമിഷം പോലും മാധവന് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.. പദ്മയുടെ കരച്ചിൽ അയാളെ ഭ്രാന്ത് പിടിപ്പിക്കും പോലെയൊക്കെ തോന്നി.. പദ്മയുടെ ശബ്ദം കേട്ട് വീണ്ടും അവളെ നോക്കി..

“അന്ന് അതെല്ലാം കേട്ട് നിന്നതല്ലാതെ മറുത്തൊരു വാക്ക് ഞാൻ പറഞ്ഞിട്ടുണ്ടോ.. ഇപ്പോ എന്റെ ചേച്ചിയെക്കുറിച്ചും.. അന്ന് ഞാൻ ഇന്ന് ചേച്ചി.. എന്റെ ചേച്ചിയുടെ പരിശുദ്ധി അളക്കാൻ താനാരാ.. അവളെക്കുറിച്ച് പറയാൻ എന്തു യോഗ്യതയാ തനിക്കുള്ളത്.. വേദനിപ്പിക്കാൻ അല്ലാതെ തനിക്ക് വേറെ എന്തറിയാം.. എന്നെക്കുറിച്ച് എന്തു വേണമെങ്കിലും പറഞ്ഞോ.. ഞാൻ ചിലപ്പോൾ കേട്ടെന്നിരിക്കും.. പക്ഷേ എന്റെ ചേച്ചിയെ ഇമ്മാതിരി വായിൽ തോന്നുന്നത് പറഞ്ഞാൽ സഹിക്കില്ല ഞാൻ”.. ഒന്ന് പറഞ്ഞു നിർത്തി.. ശ്വാസം വിടാൻ ബുദ്ധിമുട്ടില്ല എന്നു തോന്നിയപ്പോൾ, ദേഷ്യം തന്റെ നിയന്ത്രണത്തിലാണെന്ന് തോന്നിയപ്പോൾ വിഷ്ണുവിന്റെ മുഖത്തു നോക്കി പറഞ്ഞു..

“അവളെ തിരുത്തേണ്ടത് നിങ്ങൾ ആയിരുന്നില്ലേ.. അവൾ നിങ്ങൾ ഒരാൾ പറഞ്ഞാൽ മാത്രമല്ലേ കേട്ടിരുന്നുള്ളൂ.. എന്നിട്ടും എന്തുകൊണ്ട് ചെയ്തില്ല.. തെറ്റ് നിങ്ങളുടെ ഭാഗത്തുമുണ്ട്.. അവളുടെ ഇഷ്ടത്തിന് നിങ്ങൾ വിട്ടപ്പോൾ അവളും വിചാരിച്ചിട്ടുണ്ടാവില്ലേ വിഷ്ണുവിനും അതാവും ഇഷ്ടമെന്ന്.. അല്ലെങ്കിൽ പറയ് ഒരിക്കലെങ്കിലും തിരുത്താൻ ശ്രമിച്ചിട്ടുണ്ടോ.. എല്ലാം കൂടി അവളുടെ തലയിൽ കെട്ടി വെക്കാൻ നോക്കണ്ട വിഷ്ണൂ.. പാവമാണ് ചേച്ചി.. ആരെയും ഡിപെൻഡ് ചെയ്യാതെ ജീവിക്കണം എന്നുള്ളത് പണ്ടേ അവളുടെ ആഗ്രഹമാണ് .. ചുറ്റുമുള്ളവരുടെ വിഷമം കാണാനും അലിവ് തോന്നാനുമൊക്കെയുള്ള കഴിവ് കുറച്ചു കുറവാണെന്നേ ഉള്ളു.. പഠിപ്പ് മാത്രമേ ഉള്ളൂ അവൾക്ക്, ബന്ധങ്ങളിലോ അങ്ങനെയുള്ള വികാരങ്ങളോ ഒന്നും അവൾക്ക് അധികം അറ്റാച്ച്മെന്റ് ഇല്ല.. ഒരു പ്രായം വരെ അച്ഛൻ പറഞ്ഞു കൊടുത്തിട്ടുണ്ട്.. പക്ഷേ പിന്നീട്……………………… അവൾ ദുഷിച്ചു നടക്കില്ല ഒരിക്കലും.. ഞങ്ങളെ അച്ഛനും അമ്മയും വളർത്തിയത് അങ്ങനെ അല്ല..പാവമാണ്.. എന്റെ ചേച്ചി”.. പദ്മയുടെ കരച്ചിൽ കണ്ടു ചുറ്റും നിന്നവരുടെ കണ്ണു നിറഞ്ഞു.. വിഷ്ണു തന്റെ കോളറിൽ ചുരുട്ടി പിടിച്ചിരിക്കുന്ന പദ്മയുടെ കയ്യിൽ പിടിച്ചു..

♥️♥️ഉടനെ വരും ♥️♥️