രചന – രോഹിണി ആമി
രണ്ടു ദിവസം ആയി സ്കൂളിൽ പോയിട്ട്… എന്തോ ഒരു സുഖം തോന്നുന്നില്ല…. വല്ലാത്ത ഒരു വിഷമം മനസ്സിനെ അലട്ടുന്നുണ്ട്… എത്രയോ പ്രാവശ്യം ശ്രമിച്ചിട്ട് ഒരേയൊരു വട്ടം മാത്രം ചേച്ചിയെ വിളിച്ചപ്പോൾ കിട്ടി….. എല്ലാം അറിഞ്ഞിട്ടും അവളുടെ തണുപ്പൻ രീതിയിൽ ഉള്ള പ്രതികരണം ആയിരുന്നു എനിക്ക് വിഷമം തോന്നിയത്.. ഒരു അർജെന്റ് മീറ്റിംഗ് ഉണ്ടായിരുന്നുവത്രേ.. ഇടയ്ക്ക് വന്നാൽ ഞാൻ കാരണം കമ്പനിക്ക് നഷ്ടം ഉണ്ടാകും ന്ന്… ഞാൻ വന്നിട്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലല്ലോ…. വിഷ്ണുവിനോട് വിളിച്ചു പറഞ്ഞിരുന്നല്ലോ എല്ലാം . എന്നൊരു ന്യായവും…
ഒരിക്കലും നികത്താൻ കഴിയാത്ത നഷ്ടം ആണ് ആ അമ്മയ്ക്കും മക്കൾക്കും എന്ന് എങ്ങനെ ഞാൻ ഇവളെ പറഞ്ഞു മനസ്സിലാക്കാനാ… മനസ്സ് എന്നൊരു സാധനം ചേച്ചിക്ക് ഇല്ലേയെന്ന് ആദ്യമായിട്ട് തോന്നി….
ഒന്നും മനഃപൂർവം അച്ഛനെയും അമ്മയെയും അറിയിച്ചില്ല… അവർക്ക് ഇത് സഹിക്കാൻ കഴിയില്ല.. പിന്നെ ഒരു ആധി ആയിരിക്കും.. ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാലും ഹിമയുടെ രീതി ഇങ്ങനെ തന്നെ ആവില്ലേന്ന് ഓർത്ത് …
വൈകുന്നേരം ചെടികൾ നനച്ചു നിന്നപ്പോളാണ് ഗേറ്റിന് അരികിൽ ആരോ നിൽക്കും പോലെ തോന്നിയത്…. നോക്കിയപ്പോൾ ഇടയിൽ കൂടി ഒരു കുഞ്ഞു കൈ മാടി വിളിക്കുന്നു.. പൈപ്പ് അച്ഛനെ എല്പിച്ചിട്ട് ഓടി ചെന്നു ഗേറ്റ് തുറന്നു… ദൈവമേ… ആ കുഞ്ഞിപ്പെണ്ണ് മിന്നു…. യൂണിഫോംമിൽ ചിരിച്ചു കൊണ്ടു നിൽക്കുന്നു… ഇവൾക്ക് എങ്ങനെ എന്റെ വീട് അറിയാം.. എങ്ങനെ വന്നു ഇവിടെ വരെ.. അതും തനിച്ച്… പദ്മ റോഡിൽ അപ്പുറവും ഇപ്പുറവും നോക്കി…
മിന്നൂ.. നീയെന്താ ഇവിടെ…. നിന്റെ വീട് ഇവിടെ അടുത്താണോ…. അത്ഭുതത്തോടെ ചോദിച്ചു…
അല്ല… ക്ലാസ്സിലെ രേഷ്മയാ പറഞ്ഞത് ഇതാണ് ടീച്ചറിന്റെ വീടെന്ന്… അവൾടെ വീട് ദോ ആ കാണുന്നതാ…. അവളുടെ കൂടെയാ വന്നേ.. വീടെത്തിയപ്പോ അവൾ പോയി… മുഖം വാടി വളരെ നിഷ്കളങ്കമായി മറുപടി പറഞ്ഞു…
ആരാ മോളെ അവിടെ…. അച്ഛൻ ഉറക്കെ വിളിച്ചു ചോദിച്ചു….
പദ്മ മിന്നുവിന്റെ കയ്യും പിടിച്ചു അകത്തേക്ക് വന്നു…. അച്ഛനും അമ്മയും അവളെ ചിരിയോടെ സ്വീകരിച്ചു….
അമ്മയ്ക്ക് ഇതാരാണെന്ന് മനസ്സിലായോ…. പദ്മ ചോദിച്ചു…
ഉവ്വ്… നിന്നേ തിരക്കി വരണമെങ്കിൽ അത് മിന്നു ആയിരിക്കും…. വേറെ ആരെങ്കിലും ഇത്രയും വർഷമായിട്ട് ഈ പടി കടന്നിട്ടുണ്ടോ നിന്നേ അന്വേഷിച്ചു … മോള് വന്നേ ചോദിക്കട്ടെ….. അമ്മ കൈ നീട്ടി….. അവൾ അമ്മയുടെ കയ്യിൽ പിടിച്ചു… രണ്ടാളും പടിയിൽ ഇരുന്നു….
വിശക്കുന്നുണ്ടോ… അമ്മമ്മ ചായ എടുക്കട്ടെ…. അമ്മ അങ്ങനെ ചോദിച്ചപ്പോൾ ആ കുഞ്ഞു മിഴികൾ വിടർന്നു… വേണ്ടാന്ന് ചുമൽ കൂച്ചി കാണിച്ചു…
മിന്നൂ… നീ വീട്ടിൽ പറഞ്ഞിട്ടാണോ വന്നത്… ആദ്യത്തെ ഒരു അമ്പരപ്പ് മാറിയപ്പോൾ പദ്മ ചോദിച്ചു….
“അല്ല… ടീച്ചർ ഇത്രേം ദിവസം വരാഞ്ഞോണ്ട് തിരക്കി വന്നതാ… ഓഫീസിൽ പറയുന്നത് കേട്ടു ടീച്ചറിന്റെ അച്ഛൻ മരിച്ചു പോയെന്ന്… കരയുവാണോന്ന് നോക്കാൻ വന്നതാ ഞാൻ”.. ടീച്ചർ വഴക്ക് പറഞ്ഞാലോ എന്നു പേടിച്ചു മിന്നു ഉള്ളത് പറഞ്ഞു… എന്നിട്ട് അവരെ മൂന്നാളെയും മാറി മാറി നോക്കി… കാണിച്ചത് തെറ്റാണെന്ന് തോന്നിയതിനാലാവും അവളുടെ കണ്ണു നിറഞ്ഞു… ചുണ്ടു വിറച്ചു….
അടുത്തിരുന്ന അമ്മ അവളെ ചേർത്തു പിടിച്ചു…… അയ്യേ… കരയുവാണോ മോള്… വീട്ടിൽ പറയാതെ പോന്നാൽ അവർ പേടിക്കില്ലേ… അതാ ടീച്ചർ അങ്ങനെ ചോദിച്ചത്… വിഷമിക്കണ്ട കേട്ടോ… മിന്നു തലകുലുക്കി..
പദ്മ കൈ കാട്ടി അടുത്തേക്ക് വിളിച്ചു… മുട്ടിൽ നിന്നു അവളുടെ തോളിൽ പിടിച്ചു… “ടീച്ചറിന്റെ അച്ഛന് ഒന്നും പറ്റിയിട്ടില്ല കേട്ടോ… ടീച്ചർക്ക് വേണ്ടപ്പെട്ട വേറൊരു അച്ഛനാ മരിച്ചത്.. എന്റെ അച്ഛൻ ദേ നിൽക്കുന്നു”….. അടുത്തു നിൽക്കുന്ന അച്ഛനെ ചൂണ്ടി കാണിച്ചു പദ്മ പറഞ്ഞു…
മിന്നുവിന് അച്ഛനെ നോക്കിയപ്പോൾ ഒരു ചമ്മൽ തോന്നി… നാണം കുണുങ്ങി നിന്നു… ഓടിപ്പോയി തിരിച്ചു പോകാനായി ബാഗ് എടുത്തു…
ഹാ… എന്തായാലും ഇവിടെ വരെ വന്നതല്ലേ.. വാന്നേ ചായ ഒക്കെ കുടിച്ചിട്ട് പയ്യെ പോകാം… അച്ഛൻ അവളുടെ കുഞ്ഞിക്കയ്യിൽ പിടിച്ചിട്ട് പറഞ്ഞു…
അമ്മ അപ്പോഴേക്കും ഒരു ഗ്ലാസ്സ് പാലും കഴിക്കാൻ ബിസ്ക്കറ്റ് ചിപ്സ് ഒക്കെയായി വന്നു… അവളെ പിടിച്ചു അടുത്തിരുത്തി പാലെടുത്തു കയ്യിൽ പിടിപ്പിച്ചു….. മിന്നു പദ്മയെ നോക്കി… കുടിച്ചോളാൻ അവൾ കണ്ണു കൊണ്ട് കാണിച്ചു…
മോളേ.. കൊച്ചിനെ നീ കൊണ്ട് വീട്ടിൽ എല്പിച്ചിട്ട് വാ.. അവർ അന്വേഷിച്ചാലോ… അച്ഛൻ പറഞ്ഞപ്പോൾ പദ്മ സ്കൂട്ടറിന്റെ കീ എടുത്തു വന്നു.. പാൽ കുടിച്ച ചുണ്ട് സാരിയുടെ അറ്റം വെച്ചു തുടച്ചു കൊടുത്തു അമ്മ… എന്നിട്ട് സ്ഥിരം ഉള്ള അമ്മമാരുടെ ഉപദേശവും കൊടുത്തു…. അവൾ എല്ലാം തലയും കുലുക്കി സമ്മതിക്കുന്നുണ്ട്… അച്ഛൻ അവളെ പൊക്കിയെടുത്തു സ്കൂട്ടറിന്റെ പിന്നിൽ ഇരുത്തി.. ബാഗ് എടുത്തു മുന്നിലും വെച്ചു…. അച്ഛനും അമ്മയ്ക്കും ഗേറ്റ് വരെ റ്റാറ്റാ ഒക്കെ കൊടുത്തു…
“നമ്മുടെ ഹിമയ്ക്ക് ആ കുഞ്ഞിന്റെ അത്രയും പോലും അലിവ് ഉണ്ടായില്ലല്ലോ വിശ്വേട്ടാ … അറിഞ്ഞപ്പോഴേ ഓടി വന്നത് കണ്ടോ അവളുടെ ടീച്ചറിനെ ആശ്വസിപ്പിക്കാൻ …. പാവം കുഞ്ഞ്”…അമ്മ അച്ഛനോട് പറഞ്ഞു…. അദ്ദേഹവും മനസ്സിൽ ഓർത്തത് അതുതന്നെ ആയിരുന്നു…. അവൾ കണ്ണിൽ നിന്നും മറഞ്ഞപ്പോൾ വീടിനുള്ളിലേക്ക് കയറി രണ്ടാളും….
മിന്നു പറഞ്ഞ വഴിയേ പോകുമ്പോൾ മനസ്സിൽ അവളുടെ അച്ഛനെകുറിച്ചോർത്തു ഒരു പേടി തോന്നി… ചീത്ത കേൾക്കേണ്ടി വരുവോ ഈശ്വരാ… അവൾ പറഞ്ഞ വീടിനു മുന്നിൽ വണ്ടി നിർത്തി… ഓടിട്ട ചെറിയൊരു വീട്… ആരും ഇല്ലെന്ന് തോന്നുന്നു…
ടീച്ചർ പൊക്കോ…. ഞാൻ കേറി പൊക്കോളാം… മിന്നു സ്കൂട്ടറിൽ നിന്നും ഇറങ്ങി ചുറ്റിനും നോക്കിയിട്ട് പറഞ്ഞു…
ഇവിടെ ആരും ഇല്ലേ… നിന്നെ എല്പിച്ചിട്ട് വേണ്ടേ പോകാൻ…. പദ്മ വീട്ടിലേക്ക് നോക്കി ചോദിച്ചു….
ആരും ഇല്ല… കുഞ്ഞാവ അമ്മച്ചിടെ അടുത്താ… ഞാനും യൂണിഫോം മാറ്റിട്ട് അങ്ങോട്ട് പോകും…. മിന്നു പറഞ്ഞു… അവൾ പറഞ്ഞത് ഒന്നും അങ്ങോട്ട് മനസ്സിലായില്ലെങ്കിലും എന്നും ഇതാണ് അവളുടെ രീതി എന്ന് മനസ്സിലായി… മിന്നുനോട് യാത്ര പറഞ്ഞു തിരിച്ചു പോന്നു…. അവൾ തന്നെ തിരിഞ്ഞു നോക്കി നോക്കി വീടിനുള്ളിലേക്ക് പോകുന്നത് കണ്ണാടിയിൽ കൂടി കണ്ടു…ഇത്രയും സ്നേഹം തോന്നാൻ മാത്രം എന്താണ് താനവൾക്ക് ചെയ്തുകൊടുത്തത്… ഒരു നേരം കഴിക്കാൻ തന്റെ ഭക്ഷണം കൊടുത്തു അത്രേയുള്ളൂ… മനസ്സിലേക്ക് കയറാനുള്ള ആദ്യവഴി രുചികരമായ ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതാണെന്ന് കേട്ടിട്ടുണ്ട്.. എന്തായാലും ഈ മിന്നുക്കിളിയെ ഒത്തിരി ഇഷ്ടായി…. പദ്മയുടെ മുഖത്തൊരു ചിരി വിരിഞ്ഞു…
പിന്നീടുള്ള ദിവസങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ മിന്നു കാണാൻ വരാൻ തുടങ്ങി.. ഇപ്പോ ഓടി വന്നൊരു കെട്ടിപ്പിടുത്തവും ഉണ്ട്… സാരിക്കു മീതെ വയറിൽ വന്നു മുഖം ചേർത്തു വെക്കും… തന്റെ മണം ഉള്ളിലോട്ടു വലിച്ചെടുക്കും… ഇപ്പോളും അറിയില്ല തനിക്ക് അവൾ ചെയ്യുന്നതിന്റെ പൊരുൾ എന്താന്ന് .. പിടിച്ചു മാറ്റാനും സാധിക്കാറില്ല… ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ നോട്ടീസ് ബോർഡിൽ കണ്ട പേരിൽ ഒന്ന് അവളായിരുന്നു… ഒരുപാട് വാണിംഗ് കൊടുത്തിട്ടും ഫീസ് അടയ്ക്കാത്തവരുടെ പേര് മാത്രെ വരൂ…മറ്റുള്ള കുട്ടികളുടെ പേര് മാഞ്ഞു പോയിട്ടും മിന്നു മാധവൻ എന്ന പേര് ബോർഡിൽ നിന്ന് വെട്ടിക്കളയാതെ നിന്നപ്പോൾ അച്ഛനെക്കൊണ്ട് അവളുടെ ഫീസ് അടപ്പിച്ചു…അത് അവൾ പോലും ചിലപ്പോൾ അറിഞ്ഞിട്ടുണ്ടാവില്ല.. താൻ അടച്ചാൽ അത് സ്കൂളിൽ മുഴുവൻ പാട്ടാകും.. അത് അവളെയും ബാധിക്കും… ഒപ്പം എന്നെയും… ഇന്നും അവളുടെ അപ്പന്റെ ചീത്തവിളി എനിക്ക് പേടിയാണ്… അത് കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. അവളെക്കുറിച്ച് അധികമൊന്നും ചോദിച്ചിട്ടില്ല അവളോട്… അച്ഛൻ അമ്മച്ചി കുഞ്ഞാവ.. ഇത്രയും ആളുകൾ ഉണ്ടെന്ന് മാത്രേ അറിയൂ….
ഏഴാം ദിവസത്തെ ചടങ്ങിന് വേണ്ടി അച്ഛനും അമ്മയും വിഷ്ണുവിന്റെ വീട്ടിലേക്ക് പോകാൻ തയ്യാറായി… അവരുടെ ധൈര്യത്തിന് വേണ്ടിയാണെന്ന് തോന്നുന്നു നിർബന്ധിച്ചു എന്നെയും കൂട്ടി… അധികം ആളുകൾ ഒന്നുമുണ്ടായിരുന്നില്ല… ചെന്നു കയറിയതേ കണ്ടത് വിഷ്ണുവിനെയും ഹരിയെയും ആണ്.. രണ്ടാളും നന്നായി ക്ഷീണിച്ചിട്ടുണ്ട്.. കണ്ണുകളിൽ ഇപ്പോളും വിഷമം തന്നെ… അച്ഛനും അമ്മയും അവരുടെ അടുത്തേക്ക് പോയി… ഞാൻ നേരെ അമ്മയെ കാണാനാണ് പോയത്.. കിടക്കുകയാണ്.. എന്നെ കണ്ടപ്പോൾ എഴുന്നേൽക്കാൻ നോക്കി. പദ്മയുടെ സഹായത്താൽ എഴുന്നേറ്റിരുന്നു.. വല്ലാതെ കോലം കെട്ടു… മുടിയൊക്കെ പാറി പറന്ന്… ആ കോലം കണ്ടപ്പോൾ അമ്മയും ഇനി അധിക കാലം ഉണ്ടാവില്ലെന്ന് പോലും തോന്നിപ്പോയി… അത്രയ്ക്കും മോശം… ചേച്ചിയുടെ കാര്യം ഒന്നും ചോദിച്ചില്ല… അവളെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയില്ലെന്നാണ് സത്യം.. ഒന്ന് എഴുന്നേറ്റു നടക്കാൻ പോലും ഇപ്പോൾ കൂട്ടിന് ഒരാൾ വേണം എന്ന സ്ഥിതിയാണ് അമ്മക്ക്… ചോദിക്കുന്നതിനു മാത്രം ഒന്നോ രണ്ടോ വാക്കിൽ മിണ്ടും… പദ്മയെ കണ്ടപ്പോൾ ചേർത്തു പിടിച്ച കയ്യാണ്.. ഇതേവരെ വിട്ടിട്ടില്ല… മെല്ലെ നടത്തിച്ചു മുറ്റത്തൊക്കെ കൊണ്ടുപോയി.. അച്ഛനെ ദഹിപ്പിച്ചിടം കണ്ടപ്പോൾ കണ്ണു നിറഞ്ഞു….
ചടങ്ങുകൾ എല്ലാം കഴിഞ്ഞു അച്ഛൻ വന്നു പോകാം എന്നു പറഞ്ഞപ്പോളേക്കും അമ്മ കയ്യിലെ പിടുത്തം മുറുക്കി…. മെല്ലെ വിടുവിച്ചു എണീറ്റപ്പോൾ ദയനീയമായി ഒരു നോട്ടം നോക്കി…. ഇനി കാണാൻ സാധിക്കുമോന്ന് മൗനമായി ചോദിച്ചു…. രണ്ടു കയ്യും അമ്മയുടെ മുഖത്തു വെച്ചു ചോദിച്ചു….
അമ്മ വരുന്നോ പദ്മയുടെ കൂടെ കുറച്ചു ദിവസം നിൽക്കാൻ…. ഇങ്ങനെ തനിയെ വിഷമിക്കാൻ ഞാൻ വിടില്ല….
അമ്മ കെട്ടിപിടിച്ചു കരഞ്ഞു… ഉള്ളിൽ നല്ല വിഷമം ഉണ്ട് പാവത്തിന്… അച്ഛൻ ആയിരുന്നു അമ്മയുടെ ധൈര്യം എന്ന് മനസ്സിലായി … അതാണ് അച്ഛൻ പോയപ്പോൾ ഇത്രയും തളർന്നു പോയത്… മറുപടി കേൾക്കാൻ അവൾ നിന്നില്ല… പദ്മ തന്നെ അമ്മയുടെ ഡ്രസ്സ് ഒക്കെ എടുത്തു ബാഗിൽ വെച്ചു… എന്നിട്ട് മുടിയൊക്കെ ചീകിയൊതുക്കി മെല്ലെ കയ്യിൽ പിടിച്ചു വെളിയിലേക്ക് നടന്നു…. അമ്മയെക്കണ്ടപ്പോൾ വിഷ്ണുവും ഹരിയും അവർക്കരികിലേക്ക് വന്നു…
ഞാൻ അമ്മയെ കൊണ്ടുപോകുവാണ്.. കുറച്ചു ദിവസം എന്റെ കൂടെ നിൽക്കട്ടെ.. ഹെൽത്ത് കുറച്ചു ഓക്കേ ആകുമ്പോൾ ഞാൻ കൊണ്ടുവിട്ടോളാം… പദ്മ രണ്ടു പേരോടുമായി പറഞ്ഞു..
“അല്ല പദ്മാ… അത്”.. ഹരി എന്തോ പറയാൻ തുടങ്ങിയപ്പോൾ പദ്മ തടഞ്ഞു …
“ഇപ്പോൾ ഞാൻ അമ്മയുടെ സമ്മതം മാത്രേ നോക്കുന്നുള്ളു.. അമ്മയ്ക്ക് പൂർണ്ണസമ്മതം ആണ് എന്റെ കൂടെ വരാൻ”….പിന്നെയും ഹരിയ്ക്ക് എന്തൊക്കെയോ ബുദ്ധിമുട്ട് ഉള്ളത് പോലെ തോന്നി….
“എന്നെ വിശ്വസിക്കാം… ഞാൻ പൊന്നുപോലെ നോക്കിക്കോളാം… അമ്മയ്ക്ക് ഇങ്ങോട്ട് വരാൻ തോന്നുമ്പോൾ ഞാൻ കൊണ്ടു വിടും”…. പദ്മ പറഞ്ഞു…
ഹരി വീണ്ടും എന്തോ പറയാൻ തുടങ്ങിയപ്പോൾ വിഷ്ണു തടഞ്ഞു…. അച്ഛൻ പദ്മയുടെ കയ്യിൽ നിന്നും ബാഗ് വാങ്ങി കാറിൽ വെച്ചു…. അമ്മ മക്കളെ രണ്ടാളെയും നോക്കിയിട്ട് പദ്മയ്‌ക്കൊപ്പം നടന്നു കാറിൽ കയറി…. അവരെക്കാൾ ആവശ്യം ഇപ്പോൾ പദ്മ തന്നെയാണ് എന്ന് തോന്നിയിട്ടുണ്ടാവും.. പദ്മയുടെ തോളിലേക്ക് ചാരി കിടന്നു…. കാർ പോകുന്നതും നോക്കി നിന്നു രണ്ടു മക്കളും..
“ഇപ്പോൾ അമ്മയ്ക്ക് സന്തോഷം കിട്ടുന്നത് പദ്മയുടെ അടുത്താണെൽ അതങ്ങിനെ ഇരിക്കട്ടെടാ … ആരുടെ കൂടെ ആണേലും അമ്മ പഴയത് പോലെ ആവണം… അത്രേയുള്ളൂ”…. വിഷ്ണു ഹരിയോടായി പറഞ്ഞു…
കുറച്ചു നേരം മിണ്ടാതെ ഇരുന്നിട്ട് വിഷ്ണു ഹരിയോട് പറഞ്ഞു… “അന്ന് നിനക്ക് പദ്മയെ സ്വീകരിച്ചു കൂടായിരുന്നോ ഹരീ .. എന്തിനാണ് എനിക്ക് വെച്ചു നീട്ടിയത്”.. ഹരി മെല്ലെ തല കുനിച്ചു…
“നിനക്ക് നഷ്ടബോധം ഉണ്ടോ ഹരീ…. ഒന്നും വേണ്ടിയിരുന്നില്ലെന്ന് ഇപ്പോൾ നിനക്ക് തോന്നുന്നുണ്ടോ “…. അതിനും മൗനമായിരുന്നു ഹരിയുടെ മറുപടി….
“ഉണ്ടെന്ന് നിന്റെ മനസ്സ് പറയുന്നുണ്ട്… അതീ മുഖത്തു എനിക്ക് കാണാൻ കഴിയും “..
വേദനയോടെ പറഞ്ഞിട്ട് അകത്തേക്ക് പോകുന്ന ഏട്ടനെ ഹരി നോക്കി നിന്നു….
ഓടി വരും..

by