രചന – രോഹിണി ആമി
അച്ഛന്..
ഒരു ക്ഷമ പറച്ചിലിന്റെ ആവശ്യം ഉണ്ടോന്ന് അറിയില്ല.. ഇത്രയൊക്കെ ആക്കി വെച്ചതിന് അച്ഛനും പങ്കുണ്ട്.. ഈ വിവാഹത്തിന് താല്പര്യം ഇല്ലെന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ അച്ഛാ.. കുറച്ചു സമയം മാത്രെ ഞാൻ ആവശ്യപ്പെട്ടുള്ളൂ.. ജാതകത്തിന്റെ പേരും പറഞ്ഞു സമ്മതിക്കാഞ്ഞത് അച്ഛൻ ആണ്.. എന്നെ ജനിപ്പിച്ചു വളർത്തുമ്പോളും പഠിപ്പിക്കുമ്പോളും നോക്കാത്ത ജാതകം വിവാഹം വരുമ്പോൾ മാത്രം വില്ലൻ ആകുന്നത് എങ്ങനാന്നാ അറിയാൻ പാടില്ലാത്തത്… ഒരു ജാതകം അല്ല എന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടത്.. ഈ പ്രായം അല്ലെങ്കിൽ വേറൊരു പ്രായത്തിൽ അത് നടന്നോളും… വിവാഹം ആണോ സ്വന്തം സ്വപ്നലക്ഷ്യം ആണോ എനിക്ക് വലുതെന്നു ചോദിച്ചാൽ അതിനുള്ള മറുപടി ആണ് ഇന്ന് ഈ വിവാഹപന്തലിൽ നിന്നുള്ള എന്റേയീ ഒളിച്ചോട്ടം… എന്റെ സ്വപ്നം ആണ് ഈ ജോബ്.. ഇന്ത്യയിലെ തന്നെ ഒരു നമ്പർ വൺ കമ്പനി… അതിൽ ഉയർന്ന പോസ്റ്റ്.. ഞാൻ പഠിച്ചത് സ്വപ്നം കണ്ടത് എല്ലാം ഇത് മോഹിച്ചാണ്.. എന്റെ സ്വപ്‌നങ്ങൾ നടത്തി ഞാൻ വരും അച്ഛനെ കാണാൻ.. അന്ന് അഭിമാനം കൊണ്ട് അച്ഛൻ എന്നെ ചേർത്ത് പിടിക്കും എനിക്കറിയാം.. വിഷ്ണുവേട്ടൻ എന്നെ മനസ്സിലാക്കും എന്നു വിശ്വസിക്കുന്നു… എല്ലാം ഞാൻ തുറന്നു പറഞ്ഞതാണ് വിഷ്ണുവേട്ടനോട്.. പക്ഷേ അദ്ദേഹത്തിനും എന്റെ സ്വപ്നങ്ങളെക്കാൾ വലുത് ജ്യോത്സ്യന്റെ വാക്കുകളെയാണ്.. ഈയൊരു പ്രായത്തിൽ അദ്ദേഹത്തിന്റെ വിവാഹം നടന്നില്ലെങ്കിൽ പിന്നെ നടക്കില്ലെന്നു പറയാൻ ജ്യോത്സ്യൻ ദൈവം ഒന്നും അല്ലല്ലോ.. എന്നെയും പദ്മയെയും ഒരേ വീട്ടിൽ കെട്ടിച്ചു കൊടുക്കണം എന്നുള്ളത് അച്ഛന്റെ ആഗ്രഹം ഞാൻ വേണ്ടാന്ന് ഒന്നും പറഞ്ഞില്ലല്ലോ… വിഷ്ണുവേട്ടനെ ഇഷ്ടമല്ലാന്നും ഞാൻ പറഞ്ഞിട്ടില്ല.. കുറച്ചു സമയം മാത്രം.. അതേ ഞാൻ ചോദിച്ചുള്ളൂ… കല്യാണം കഴിഞ്ഞും ജോലിക്ക് ശ്രമിക്കാമല്ലോ എന്ന വാക്കുകളിൽ എനിക്ക് വിശ്വാസമില്ല…. പദ്മയെപ്പോലെ അച്ഛൻ പറയുന്ന ഡിഗ്രി എടുത്ത് അച്ഛൻ പറയുന്ന ആളെ വിവാഹം കഴിച്ച് ഏതെങ്കിലും ഒരു സ്കൂളിൽ കുറച്ചു പിള്ളേരേം പഠിപ്പിച്ചു ഒരു മാസം മുഴുമിപ്പിക്കാൻ ബുദ്ധിമുട്ടുള്ള സാലറി വാങ്ങി ജീവിച്ചു തീർക്കുന്നതല്ല എന്റെ സ്വപ്നം… പദ്മയെപ്പോലെ ഒരു ഇമോഷണൽ ഫൂൾ ആവാൻ ഞാൻ ഇല്ല ….. ഒന്നു മനസ്സിലാക്കു.. എന്റെ ആദ്യത്തെ ചുവടു വെപ്പ് ആണിത്… നാളെ ഞാൻ ജോയിൻ ചെയ്യുകയാണ്… അനുഗ്രഹിച്ചില്ലെങ്കിലും അംഗീകരിക്കണം.. ഞാൻ തിരിച്ചു വരും..
ഹിമ
വിശ്വന്റെ കൈയിലിരുന്ന പേപ്പർ വിറച്ചു … സ്വന്തം മകൾ… ഈ ദിവസം ഇങ്ങനെ ഒരു ചതി അവളുടെ ഭാഗത്തു നിന്നും പ്രതീക്ഷിച്ചില്ല.. നെഞ്ചിൽ എന്തോ ഒരു ഭാരം പോലെ.. കൈ നെഞ്ചിൽ അമർത്തിയപ്പോഴേക്കും രാധ ഓടി വന്നു… എന്താ വിശ്വേട്ടാ… ന്ത് പറ്റി… കയ്യിലിരുന്ന പേപ്പർ അവരെ ഏൽപ്പിച്ചു അടുത്തുള്ള ചെയറിൽ ഇരുന്നു… രാധയുടെ കണ്ണുകൾ ആ പേപ്പറിൽ കൂടി ചിതറിയോടി….
എന്റീശ്വരാ.. അവൾ നമ്മളെ ചതിച്ചല്ലോ… ഇനിയിപ്പോ എന്താ ചെയ്യുക… വിവാഹത്തിന് തയ്യാറായിട്ട് വന്ന ആ കുടുംബത്തോട് നമ്മൾ എന്തു പറയും വിശ്വേട്ടാ.. അയാളുടെ തോളിലേക്ക് നെറ്റി മുട്ടിച്ചു രാധ ചോദിച്ചു…
എനിക്കറിയില്ല.. എനിക്കൊന്നും അറിയില്ല… അയാൾ പറഞ്ഞു..
ഈയൊരു വാർത്ത എല്ലാവരുടെയും ചെവിയിൽ എത്താൻ അധികം നേരമെടുത്തില്ല.. ചെക്കന്മാരുടെ വീട്ടുകാർ എല്ലാം ഒരിടത്തു കൂടി നിന്ന് വലിയ ചർച്ചയിൽ ആണ്… പെണ്ണിന്റെ വീട്ടുകാർ വേറൊരു വശത്തും.. ഇതിനിടയിൽ ഹിമ ജോബിന് പോയതാണോ അതോ വേറെ ആരുടെയെങ്കിലും കൂടെ പോയതാണോ എന്നു വരെ പറച്ചിൽ ഉണ്ടായി … രണ്ടു പേരുടെയും കൂടെ അല്ലാത്തവർ ഇതിന്റെ അവസാനം എന്താന്ന് അറിയാൻ ആകാംഷയോടെ ഹാളിൽ നിൽപ്പായി…
ഇതേ സമയം ആരും അടുത്തില്ലാതെ കണ്ണാടിയ്ക്ക് മുന്നിൽ വധുവിന്റെ വേഷത്തിൽ ഒരാൾ ഇരുപ്പുണ്ടായിരുന്നു …പദ്മ…. ആരൊക്കെയോ ഇടയ്ക്ക് വന്ന് ഒളിഞ്ഞു നോക്കി നെടുവീർപ്പിട്ട് പോകുന്നുണ്ട്.. ശരീരത്തിന് ഭാരമായ കുറെയേറെ സാധനങ്ങൾ ഊരി മാറ്റണോ വേണ്ടയോന്ന് അറിയാതെ കണ്ണുകൾ പലയിടത്തേക്കും പായിച്ചു.. അച്ഛനെയും അമ്മയെയും ഒന്ന് കണ്ടിരുന്നെങ്കിൽ.. പുറത്തു എന്താ നടക്കുന്നത് എന്നെങ്കിലും അറിയാമായിരുന്നു… ചേച്ചി ഇപ്പോ ഇവിടെ ഇല്ലാന്ന് മാത്രം അറിയാം… കഴിഞ്ഞ കുറച്ചു ദിവസം ആയിട്ടുള്ള ചേച്ചിയുടെയും അച്ഛന്റെയും യുദ്ധം അവസാനിച്ചിരിക്കുന്നു.. ജയം ഉറപ്പിച്ച് അച്ഛനെ തോൽപ്പിച്ചു ചേച്ചി മുന്നേറി.. ഈ കല്യാണം ഉറപ്പിച്ചതിന് ശേഷമായിരുന്നു അവളുടെ അപ്പോയ്ന്റ്മെന്റ് ലെറ്റർ വന്നത്.. വളരെ സന്തോഷത്തിൽ ആയിരുന്നു അച്ഛനും ചേച്ചിയും ഒക്കെ .. പക്ഷേ ചെറുക്കന്റെ വീട്ടിൽ അത് അത്രയ്ക്ക് സന്തോഷം തരുന്ന വാർത്ത ആയിരുന്നില്ല… ജോബ് ഒക്കെ നല്ലതാ പക്ഷേ വീട്ടിൽ നിന്ന് പോയി വരുന്നത് മതി.. ദൂരേക്ക് വിടില്ല.. അവിടെയും ഇവിടെയും നിൽക്കാൻ ആണെങ്കിൽ വിവാഹം എന്തിനാ.. അതും പുത്രനും ഭാര്യയും വീട്ടിൽ തന്നെ വേണം എന്നുള്ള ആ അച്ഛന്റെയും അമ്മയുടെയും നിർബന്ധം…. രണ്ടു മക്കളും കണ്മുന്നിൽ വേണം പോലും… അച്ഛന് എന്തോ വരന്റെ വീട്ടുകാർക്ക് ഒപ്പം നിൽക്കാനായിരുന്നു ഇഷ്ടം.. അതിലും നല്ലൊരു കുടുംബം മക്കൾക്ക് വേറെ ഇനി കിട്ടില്ല എന്ന രീതിയിൽ ആയിരുന്നു അച്ഛൻ… അച്ഛന്റെ തീരുമാനത്തിൽ ആദ്യം വലിയ എതിർപ്പ് ആയിരുന്നു ചേച്ചിക്ക്.. അച്ഛൻ തീരുമാനം മാറ്റില്ലെന്നും വീട്ടു തടങ്കലിൽ ആകുമോ എന്നുള്ള പേടിയിലും ചേച്ചി കൂടുതൽ ബലം പിടിച്ചില്ല.. പക്ഷേ ഇതായിരുന്നോ ചേച്ചിയുടെ പ്ലാൻ… എന്നോടെങ്കിലും ഒന്ന് സൂചിപ്പിക്കാമായിരുന്നു… ആരുടെയും കൂടെ അല്ലല്ലോ സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലിക്ക് വേണ്ടിയല്ലേ… അവൾക്ക് ചേച്ചിയോട് കുറച്ചു ബഹുമാനം ഒക്കെ തോന്നി…..പദ്മ ഒരു ദീർഘശ്വാസം വിട്ടു…
പുറത്തു എന്തൊക്കെയോ ബഹളം കേൾക്കുന്നുണ്ട്…. ചെവി വട്ടം പിടിച്ചിട്ടും ഒന്നും ക്ലിയർ ആകുന്നില്ല… അച്ഛനും അമ്മയും ആധി പിടിച്ചു അകത്തേക്ക് കയറി… വാതിൽ കുറ്റിയിട്ടു…. അച്ഛൻ ഓടി വന്നു പദ്മയുടെ കൈകൾ ചേർത്തു പിടിച്ചു….
മോളെങ്കിലും അച്ഛൻ പറയുന്നത് അനുസരിക്കുമോ.. അതോ ഹിമയെപ്പോലെ നിനക്കും അച്ഛന്റെ അഭിമാനം ഒരു പ്രശ്നമല്ലെന്നുണ്ടോ….. പദ്മ അച്ഛൻ പറയുന്നത് കേൾക്കാം എന്ന രീതിയിൽ തലയാട്ടി…..
ഹിമ ഇങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തിൽ കൂടെ വിചാരിച്ചില്ല… അച്ഛന്റെ മാനം നിന്റെ കയ്യിൽ ആണ്… സഹായിക്കില്ലേ നീ … അമ്മയും അച്ഛനും അപേക്ഷയോടെ പദ്മയെ നോക്കി..
ആദ്യമായിട്ടാണ് അച്ഛൻ തന്നോട് അപേക്ഷിക്കുന്നത്… ചേച്ചി കാണിച്ചതിൽ തെറ്റില്ലെന്ന് തോന്നിയ തന്റെ മനസ്സിന് പെട്ടെന്ന് അവളോട് ചെറിയ ദേഷ്യം തോന്നി…
നിശ്ചയിച്ച സമയത്ത് തന്നെ വിവാഹം നടത്തും… മോള് തടസ്സം ഒന്നും പറയരുത്…
തന്റെ തലയിൽ തലോടുന്ന അച്ഛന്റെ കൈ പിടിച്ചു വച്ചു പദ്മ.. ചേച്ചി വരുത്തിയ നാണക്കേട് തന്നെക്കൊണ്ട് മായ്ക്കാൻ പറ്റുമെങ്കിൽ അങ്ങനെ നടക്കട്ടെ… എന്തായാലും ഇന്ന് നടക്കാൻ ഇരുന്ന വിവാഹം അല്ലേ.. ചേച്ചി ഇല്ലയെന്നുള്ള വിഷമം മാത്രം…
അച്ഛൻ പറഞ്ഞോ…. ഞാൻ അനുസരിക്കാം …
പദ്മയുടെ മറുപടി വിശ്വനിൽ കുറച്ചൊരു ആശ്വാസം ഉണ്ടാക്കി….. അയാൾ മുഖം തുടച്ചു രാധയോടായി പറഞ്ഞു…. മോളേ പെട്ടെന്ന് മണ്ഡപത്തിലേക്ക് കൊണ്ടു വാ… എന്നിട്ട് വേഗത്തിൽ പുറത്തേക്ക് പോയി…. അമ്മയോട് എന്തെങ്കിലും ഒന്ന് ചോദിച്ചറിയും മുന്നേ ബന്ധുക്കൾ മുറിയിലേക്ക് ഇരച്ചു കയറി…. എല്ലാവർക്കും മുന്നിലൂടെ നടന്നു മണ്ഡപത്തിലേക്ക് കയറുമ്പോൾ പലരുടെയും കുശുകുശുപ്പ് കേൾക്കാമായിരുന്നു… എല്ലാവരെയും തൊഴുതിട്ട് ഇരിക്കുമ്പോൾ അടുത്തിരിക്കുന്ന ആളെ നോക്കാൻ ഭയന്നു… എന്റെ ചേട്ടന്റെ സ്നേഹം വേണ്ടാന്നു വെച്ച് നിന്റെ ചേച്ചിക്ക് എങ്ങനെ പോകാൻ തോന്നിയെന്ന് എങ്ങാനും ചോദിച്ചാൽ ഞാൻ എന്ത് മറുപടി പറയും…. ഇന്നലെ വരെ ഒരേ വീട്ടിൽ ഒരുമിച്ച് ഉണ്ടും ഉറങ്ങിയും നടന്നവരാണ്… തനിക്ക് ഒന്നുമറിയില്ല എന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ….
താലി കെട്ടാൻ നീട്ടിയപ്പോൾ കഴുത്തു കുനിച്ചു കൊടുത്തു… നേരെ തല ഉയർത്തിയപ്പോൾ തന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് പദ്മ ഞെട്ടി.. ഹരിയേട്ടൻ……. അടുത്ത നിമിഷം തൊട്ടടുത്തിരിക്കുന്ന ആളെ നോക്കി.. വിഷ്ണുവേട്ടൻ… ബോധം പോകും പോലെ തോന്നി… ചേട്ടൻ എന്തിനാണ് തന്നെ കെട്ടിയത്… അപ്പോൾ ഹരിയേട്ടൻ…. അയാളെ നോക്കിയപ്പോൾ വാടിയ ഒരു ചിരി അവൾക് കൊടുത്തു… തിരിഞ്ഞു വിഷ്ണുവേട്ടനെ നോക്കിയപ്പോൾ ഒട്ടും തൃപ്തി ഇല്ലാതെ മുഖം കടുപ്പിച്ചു ഇരുപ്പുണ്ടായിരുന്നു….ഇതായിരുന്നോ അച്ഛൻ തന്നോട് ചോദിച്ചതും താൻ സമ്മതം പറഞ്ഞതും…. അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഇതിന് സമ്മതിക്കില്ലായിരുന്നു… അച്ഛൻ കൈ പിടിച്ചു കൊടുത്തു.. തന്റെ കൈ ചുട്ടുപൊള്ളും പോലെ തോന്നി … കൈ തിരിച്ചു വലിച്ചാലോ എന്നുവരെ ആലോചിച്ചു ….
ഈ മുഹൂർത്തത്തിൽ തന്നെ വിഷ്ണുവിന്റെ കല്യാണം നടക്കണമെന്ന്… ഇല്ലെങ്കിൽ ഇനിയൊരു വിവാഹം പാടാണ് പോലും… അച്ഛൻ പറഞ്ഞു…
അങ്ങനെ ഒന്നും ഇല്ല അച്ഛാ.. കല്യാണം എപ്പോ വേണേലും നടക്കും.. എന്നൊക്കെ പറയാൻ തോന്നി പദ്മക്ക്….. കുറച്ചു നേരത്തേക്ക് എങ്കിലും ചേച്ചിയുടെ നാവ് ഒന്ന് കിട്ടിയിരുന്നെങ്കിൽ എന്നു പോലും ആഗ്രഹിച്ചു പോയി……
ചേട്ടന്റെ കല്യാണം നടക്കാതെ ഹരി കല്യാണത്തിന് തയ്യാറല്ല… നമ്മുടെ കുട്ടി കാരണം ഉണ്ടായ ബുദ്ധിമുട്ട് ആണ്… രണ്ടു കല്യാണവും മുടങ്ങുന്നതിലും നല്ലതല്ലേ ഇത്… ഹരി ആണ് ഇങ്ങനൊരു ഉപായം പറഞ്ഞത്….. കൂടെ എല്ലാവരും ഈ തീരുമാനം ശരി വെച്ചു…… അച്ഛനും ഇത് ശരിയെന്നു തോന്നി…
കുറച്ചു വാക്കുകളിൽ അച്ഛൻ എല്ലാം വിശദീകരിച്ചു.. ഒന്നും അറിയാതെ ഇത്രയും നേരം ഇരുന്നത് താനാണ്… അറിഞ്ഞു വന്നപ്പോഴേക്കും ഇങ്ങനെ ഒക്കെയായി.. ഹരി ആണ് ഇതിന് മുൻകൈ എടുത്തത് എന്നു കേട്ടപ്പോൾ എവിടെയോ ഒന്ന് കൊളുത്തിപ്പിടിച്ചു…. ഞെട്ടലിൽ നിന്നും മോചിത ആവാൻ പദ്മയ്ക് ഇനിയും കഴിഞ്ഞിരുന്നില്ല എന്നതായിരുന്നു സത്യം ..
ചെക്കന്റെ വീട്ടിലേക്ക് ഇറങ്ങാൻ നേരം ആയെന്ന് ആരൊക്കെയോ പറയുന്നത് കേട്ടു… വല്ലാത്തൊരു വെപ്രാളം പദ്മയിൽ നിറഞ്ഞു.. അലങ്കരിച്ചു നിർത്തിയിട്ടിരിക്കുന്ന രണ്ടു കാറിൽ ഒരു കാറിലെ പൂക്കൾ എല്ലാം എടുത്തു മാറ്റുന്നത് കണ്ടു… ഒന്നു കരയാൻ പോയിട്ട് ശ്വാസം എടുക്കാൻ പോലും തോന്നുന്നില്ല… അച്ഛനും അമ്മയും ആശ്വാസത്തോടെ കെട്ടിപ്പിടിച്ചു യാത്രയാക്കി…. ആ യാത്രയിൽ ഒരുമിച്ചു ജീവിക്കേണ്ടവർ മാത്രം രണ്ടു ദിശയിലേക്ക് നോക്കിയിരുന്നു….
കാറിൽ ഇരുന്നപ്പോൾ ചേച്ചിയെക്കുറിച്ചാണ് ഓർത്തത് മുഴുവൻ….. സ്വന്തം തീരുമാനത്തിൽ നിന്നും മാറിപ്പോകില്ല അവൾ … അത് തെറ്റാണെങ്കിൽ കൂടി തീരുമാനം മാറ്റാൻ തയ്യാറാവില്ല … അതിപ്പോൾ ആരെങ്കിലും ചാകും എന്നു പറഞ്ഞാലും അവൾ കുലുങ്ങില്ല… പ്രത്യേകതകൾ ഏറെ ഉണ്ടായിരുന്നു അവൾക്ക്…. ഹൈമാവതി എന്നായിരുന്നു അച്ഛൻ അവൾക്ക് ഇട്ട പേര്.. സഹോദരിയെ ഒരുപാട് ഇഷ്ടമായിരുന്നു. അതുകൊണ്ട് ആ പേര് തന്നെ അങ്ങിട്ടു… അത് ഇഷ്ടമല്ലെന്നും പറഞ്ഞു തനിയെ മാറ്റിയ പേരാണ് ഹിമ എന്നുള്ളത്.. അച്ഛൻ പെങ്ങൾ മരിച്ചു പോയില്ലേ. ഒരു പേരിൽ ആണോ അവരോടുള്ള സ്നേഹം കാണിക്കേണ്ടത് എന്നാ അവൾ അച്ഛനോട് ചോദിച്ചത്… എന്തു പഠിക്കണം എന്ന് സ്വയം തീരുമാനിച്ചു.. അച്ഛന് അതിന്റെ ഫീസും കാര്യങ്ങളും താങ്ങാൻ സാധിക്കുമോന്നു പോലും ഓർക്കാറില്ല.. ഒരേ കുടുംബത്തിലേക്ക് മക്കളെ രണ്ടാളെയും വിട്ടാൽ ഒരാൾക്ക് മറ്റൊരാൾ തുണ ആകുമല്ലോന്ന് വിചാരിച്ചു കാണും അച്ഛൻ…. അങ്ങനെ വന്ന ആലോചന ആയിരുന്നു ഈ ചേട്ടന്റെയും അനിയന്റെയും…. അവർക്കും വലിയ താല്പര്യം… ചേച്ചിക്ക് വിഷ്ണുവേട്ടനെ വലിയ ഇഷ്ടമായിരുന്നു… അതാ പെരുമാറ്റത്തിൽ ഉണ്ടായിരുന്നു…. അവർ തമ്മിൽ ദിവസത്തിൽ രണ്ടു നേരമെങ്കിലും സംസാരിക്കുമായിരുന്നു… അപ്പോയ്ന്റ്മെന്റ് ഓർഡർ വരും വരെ ഹാപ്പി ആയിരുന്നു ചേച്ചി…… ഒരുപക്ഷേ എല്ലാം പുള്ളിയോട് പറഞ്ഞിട്ടുണ്ടാവണം… സമ്മതിച്ചിട്ടുണ്ടാവില്ല… അതാവും അവളുടെ ഈ ഒളിച്ചോട്ടം… ഇന്നലെ വരെയുള്ള അവളുടെ സന്തോഷം കണ്ടപ്പോൾ താൻ വിചാരിച്ചത് വിഷ്ണുവേട്ടനോടുള്ള ഇഷ്ടം കൊണ്ട് ജോബ് വേണ്ടാന്ന് വെച്ചെന്നാണ് … പക്ഷേ ഉള്ളിന്റെ ഉള്ളിൽ എല്ലാം തീരുമാനിച്ചുറച്ചെന്ന് ആരും അറിഞ്ഞില്ല….
പെണ്ണു കാണാൻ വന്നപ്പോൾ അല്ലാതെ ഹരിയോട് താൻ സംസാരിച്ചിട്ടില്ല… എന്നെ വിളിച്ചിട്ടില്ല. ഞാനും വിളിച്ചിട്ടില്ല… അങ്ങനെ സംസാരിക്കാനും തോന്നിയിട്ടില്ല.. അച്ഛനും അമ്മയും ഏറ്റവും നല്ലതാവില്ലേ മക്കൾക്ക് തിരഞ്ഞു പിടിക്കുക… ആ വിശ്വാസം എനിക്കുണ്ടായിരുന്നു… ചേച്ചി പറഞ്ഞത് ശരിയാ… താൻ വെറുമൊരു ഇമോഷണൽ ഫൂൾ തന്നെയാ.. കൂടെ ഉള്ളവർ സങ്കടപ്പെടുന്നത് അന്നും ഇന്നും സഹിക്കില്ല തനിക്ക്… അപ്പോൾ പിന്നെ ഇങ്ങനെ ഒക്കെ സഹിക്കേണ്ടി വരും….. ചേച്ചിയെപ്പോലെ ഒന്ന് മറ്റുള്ളവർക്ക് മുന്നിൽ മറുപടി പറയാൻ കഴിഞ്ഞിരുന്നെങ്കിൽ ഇന്ന് ഈ മനുഷ്യനൊപ്പം ഇരിക്കേണ്ടി വരില്ലായിരുന്നു…. പദ്മയ്ക്ക് വല്ലാത്ത നിരാശ തോന്നി… എങ്ങനാവും തന്റെ മുന്നോട്ടുള്ള ജീവിതം.. എങ്ങനെ അംഗീകരിക്കും പരസ്പരം….. ഒരുമാതിരി സ്വർണക്കടയിലെ പരസ്യം പോലെ കുറേ സ്വർണവും ഇട്ട്, സ്വന്തമായി അഭിപ്രായം പോലും പറയാൻ അറിയില്ലാത്ത തന്നെയോർത്തു ആദ്യമായി അവൾക്ക് ലജ്ജ തോന്നി….
തുടരും

by