20/04/2026

ഈ നിമിഷം : ഭാഗം 29

രചന – രോഹിണി ആമി

പദ്മയ്ക്ക് രാത്രിയിൽ ഭക്ഷണം പോലും ഇറങ്ങുന്നുണ്ടായിരുന്നില്ല.. മിന്നുവിന് വാരിക്കൊടുത്തിട്ട് എല്ലാമൊന്ന് ഒതുക്കി പോയി കിടന്നു.. തന്റെ മുഖം കണ്ടിട്ടാവും അവൾ ഒന്നും ചോദിക്കാനും പറയാനും നിന്നില്ല.. സ്കൂളിൽ കിടന്നു കുത്തിമറിയുന്നതു കൊണ്ട് ബെഡ് കണ്ടാൽ അപ്പോൾ മിന്നൂട്ടൻ ഉറങ്ങും.. മനസ്സ് ഒരിടത്തും സ്ഥിരമായി ഒന്ന് നിൽക്കുന്നില്ല.. പേടിയാണോ..അല്ല, വിശ്വാസക്കുറവ് ആണോ..ഒട്ടുമല്ല, പിന്നെന്താ.. എന്തോ ഒന്ന്.. താനേറെ ഇഷ്ടപ്പെടുന്ന ആളും തനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ആളും ഒരുമിച്ചാണ് പോയിരിക്കുന്നത്.. ആ ഒരു ബുദ്ധിമുട്ട്.. സമയം ആണെങ്കിൽ ഇഴഞ്ഞു ഇഴഞ്ഞാണ് പോകുന്നതെന്ന് തോന്നി..

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല.. മിന്നുവിന്റെ മുഖത്തേക്ക് നോക്കി കിടക്കുമ്പോൾ ആവശ്യമില്ലാത്ത ചിന്തകൾ കയറി വരുന്നു.. തന്നെ ചുറ്റിപ്പിടിച്ചിരിക്കുന്നവൾക്കു ജ്യോതിയുടെ ഛായ ഉള്ളത് പോലെ .. ചുറ്റിപ്പിടിച്ചിരിക്കുന്ന ആ കൈ എടുത്തു മാറ്റാൻ തോന്നുന്നുണ്ടോ.. ദൈവമേ.. എന്റെ കുഞ്ഞ്… ഒരു നിമിഷം ചിന്തകൾ മാറിപ്പോകുന്നപോലെ.. ഭ്രാന്ത് പിടിക്കും പോലെ ഒക്കെ തോന്നുന്നു.. ഒന്നുകൂടി കുഞ്ഞിനെ കെട്ടിപ്പിടിച്ചു.. കണ്ണുകൾ പൂട്ടി സ്വബോധത്തിലേക്ക് വരാൻ ശ്രമിച്ചു.. ഇല്ല.. മനസ്സും ചിന്തയും അവർക്ക് പിറകെയാണ്… ഈ നേരം വരെ എത്ര വട്ടം ജ്യോതി മാധവനെ നോക്കിയിട്ടുണ്ടാവും പ്രണയത്തോടെയും അല്ലാതെയും.. തനിക്ക് വേണ്ടി മാത്രം തുറന്നിടാറുള്ള ആ നെഞ്ചിൽ കണ്ണെത്തിയിട്ടുണ്ടാവില്ലേ, മനസ്സ് കൊണ്ടു ചുംബിച്ചിട്ടുണ്ടാവില്ലേ, ആ ഗന്ധം വലിച്ചെടുത്തിട്ടുണ്ടാവില്ലേ.. ഒന്ന് കരയാൻ കൊതിച്ചു പദ്മ.. നെഞ്ചിൽ എന്തോ ഇരുന്നു വിങ്ങുന്നു.. മാധവൻ എന്റെയാണ് എന്റെ മാത്രമാണ്, ഉറക്കെയും അല്ലാതെയുമൊക്കെ മനസ്സിനെ പറഞ്ഞാശ്വസിപ്പിച്ചു.. മാധവനെ കാണാതെ മനസ്സ് ശാന്തമാവില്ലെന്നു നിർബന്ധമുള്ളത് പോലെ.. പറ്റുന്നില്ല.. മാധവനില്ലാതെ ഇനിയൊരു നിമിഷം പറ്റില്ല.. ഉറങ്ങിയിട്ടുണ്ടാവുമോ.. ഉറങ്ങുമ്പോഴുള്ള ആ ശാന്തത നോക്കി കാണുന്നുണ്ടാവുമോ അവൾ തന്നെപ്പോലെ..

വിളിച്ചപ്പോൾ സ്വിച്ച് ഓഫ്‌ പറയുന്ന മൊബൈൽ എടുത്തു വലിച്ചെറിഞ്ഞു.. എഴുന്നേറ്റു ഒരു മൂലയിൽ മുട്ടിന്മേൽ മുഖം ചേർത്തു വെച്ചിരുന്നു.. ഈ മുറിയിൽ മാധവൻ ഇല്ലാതെ ഇതാദ്യമായാണ്.. ഞങ്ങളുടെ ഇണക്കങ്ങളും സ്നേഹവും എല്ലാം കാണുന്ന മുറി.. ചെറിയൊരു സ്വർഗം ആണിത്.. ഇത്രയേറെ മാധവനെ സ്നേഹിക്കുന്നുണ്ടായിരുന്നോ .. വല്ലാത്തൊരു നിശബ്ദത പൊതിയുന്നു.. എന്തൊക്കെയോ മാറ്റങ്ങൾ മനസ്സിനും ശരീരത്തിലും.. ഇത്രയും ടെൻഷൻ അനുഭവിക്കുന്നത് ഇതാദ്യമായിട്ടാണ്.. കണ്ണിൽ ഇരുട്ട് കയറുന്നതാണോ ഉറക്കം മൂടുന്നതാണോന്ന് അറിയില്ല.. കണ്ണടയും മുന്നേ “പദ്മാ” ന്നുള്ള വിളി കേട്ടു… “മാധവൻ”.. പദ്മയുടെ ചുണ്ടനങ്ങി..

തോന്നലാണോ.. അല്ല.. പരിഭ്രമത്തോടെ വിളിക്കും പോലെ.. “പദ്മാ”.. വീണ്ടും കേട്ടു ആ വിളി.. എഴുന്നേറ്റു അങ്ങോട്ടേക്ക് ഓടി.. മേശയിൽ കാൽ തട്ടി.. വേദന തോന്നിയില്ല.. പോകുമ്പോൾ വാതിൽപ്പടിയിൽ തോളിടിച്ചു.. വേദനിച്ചില്ല.. വെപ്രാളത്തിൽ തുറന്ന പൂട്ടിനിടയിൽ വിരൽ ഉരഞ്ഞു പൊട്ടി .. കാര്യമാക്കിയില്ല.. വേദനയെന്തെന്ന് അറിയുന്നില്ല.. ആ വിളിയിൽ മാത്രമാണ് ശ്രദ്ധ.. ലൈറ്റ് ഇടാൻ പോലുമുള്ള ചിന്ത പോയില്ല.. എങ്ങനെയൊക്കെയോ വാതിൽ തുറന്നു.. ഇരുളിൽ ഒരു രൂപം.. അങ്ങോട്ടേക്ക് ചെല്ലും മുന്നേ കാറ്റുപോലെ പദ്മയുടെ ദേഹത്തേക്ക് ഒട്ടിച്ചേർന്നു മാധവൻ.. മുഖം രണ്ടു കൈകൾക്കുള്ളിലാക്കി നിറയെ ഉമ്മകൾ കൊടുത്തു.. “ഇനിയും കാണാതിരുന്നാൽ ഞാൻ ശ്വാസംമുട്ടി ചാവുമെന്ന് തോന്നി.. ജ്യോതിയെ അവളുടെ അച്ഛനടുത്താക്കി ഒരു നിമിഷം പോലും കളയാതെ ഓടി വരുകയായിരുന്നു ഞാൻ.. എന്തു കൂടോത്രം ചെയ്തു മയക്കി വെച്ചേക്കുവാ പെണ്ണെ നീ എന്നെ. നിന്നെ കാണാതെ ഒരു നിമിഷം എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല”..

പരിഭവവും പരാതിയും വിരഹവും ഒക്കെ പറഞ്ഞു പ്രകടിപ്പിക്കുന്ന മാധവനെ ഇമ ചിമ്മാതെ നോക്കി നിന്നു.. ഓരോ വാക്കുകൾ പറയുമ്പോളും അയാൾ തരുന്ന ചുംബനം ഏറ്റുവാങ്ങിക്കൊണ്ട് അനങ്ങാതെ നിന്നു .. ഇവിടെ ഞാൻ എങ്ങനെ കഴിഞ്ഞുവെന്ന് പറഞ്ഞാൽ ഈ മനുഷ്യൻ വിശ്വസിക്കുമോ.. കുറച്ചു നേരം കൂടി കഴിഞ്ഞിരുന്നെങ്കിൽ എന്താവുമെന്ന് ഊഹിക്കാൻ സാധിക്കുമോ.. ആ നെഞ്ചിൽ മുഖം ചേർത്തു പിടിപ്പിച്ചു മാധവൻ.. ഇല്ല.. ഇവിടെ ഇപ്പോഴും പദ്മയുടെ ഗന്ധം തന്നെയാണ്.. ഉള്ളിലുള്ള വിഷമങ്ങൾ എല്ലാം തന്നെ മുറിഞ്ഞു മുറിഞ്ഞു ആ ശ്വാസത്തിൽ കലർന്നു മാഞ്ഞു.. ഒരു തുള്ളി കണ്ണുനീർ പൊഴിച്ചില്ല.. മാധവനെ ഇറുക്കി വരിഞ്ഞു കെട്ടിപിടിച്ചു.. ആ മുറുക്കത്തിൽ ഉണ്ടായിരുന്നു അവൾ അനുഭവിച്ച വിഷമം മുഴുവൻ.. വിഷമം മാറി അഹങ്കാരം നിറഞ്ഞു.. ഇവൻ എന്റെയാണ്..എന്റെ മാത്രം.. ഭൂലോകത്തിലെ ഏതു സുന്ദരി മുന്നിൽ വന്നു നിന്നാലും പദ്മയെ മാത്രം തേടുന്നവൻ.. കാലിൽ കയറി നിന്ന് എത്തിവലിഞ്ഞു കവിളിൽ ഉമ്മ വെച്ചു.. “നിനക്കെന്നെ കാണാനൊന്നും തോന്നിയില്ലേ.. ഞാൻ വിചാരിച്ചു എന്നെ കാണുമ്പോൾ കടിച്ചു തിന്നുമെന്ന്.. സ്നേഹിച്ചു സ്നേഹിച്ചു ഇപ്പോൾ ഒട്ടും സ്നേഹമില്ല നിനക്ക് എന്നോട്”.. മാധവൻ പരിഭവിച്ചു പറഞ്ഞു.. എന്തു പറയും ഞാൻ ഈ മനുഷ്യനോട്…

അവളൊന്ന് ചിരിച്ചതുപോലെ തോന്നി മാധവനു.. “എന്തെങ്കിലും കഴിച്ചോ നീ”.. വയറിൽ കൈവെച്ചു ചോദിച്ചു.. ഇല്ലെന്ന് തലയാട്ടി.. “ഞാനും കഴിച്ചില്ല.. ജ്യോതിക്ക് വാങ്ങിക്കൊടുത്തപ്പോൾ ഒരു ഗ്ലാസ്‌ കാപ്പി കുടിച്ചു.. അതുപോലും നേരെചൊവ്വേ ഇറങ്ങിയില്ല.. വിശക്കുന്നുണ്ട്.. കഴിക്കാം നമുക്ക്”.. പദ്മ തലയാട്ടി.. മടിയോടെ നെഞ്ചിൽ നിന്നും മാറി കിച്ചണിലേക്ക് പോയി.. ലൈറ്റ് ഇട്ടപ്പോൾ കണ്ണിലേക്കു സൂചി കുത്തും പോലെ വേദന അനുഭവപ്പെട്ടു.. ഇപ്പോൾ കാൽവിരലും തോളും കൈവിരലുമൊക്കെ വേദനിക്കുന്നു.. നീറുന്നു.. പിന്നിൽ വന്നു ചേരുന്ന ശരീരത്തിന് നല്ല സോപ്പിന്റെ മണം.. ചെവിയിൽ മുട്ടിച്ച് വെച്ചിരിക്കുന്ന മുഖത്തിൽ നിന്നും വെള്ളം ഇറ്റിറ്റു വീഴുന്നുണ്ട്.. പദ്മ തിരിഞ്ഞു നിന്ന് ടവൽ വാങ്ങി തല തുവർത്തി കൊടുത്തു.. മാധവന്റെ നോട്ടം പദ്മയുടെ മുഖത്തു തന്നെയായിരുന്നു.. “നീ കരഞ്ഞോ പദ്മാ.. മുഖമെന്താ ഇങ്ങനെ ഇരിക്കുന്നത്”.. പദ്മ മുഖം കുനിച്ചു.. തോളിൽ പിടിച്ചു അടുത്തേക്ക് നിർത്തിയപ്പോഴേക്കും പദ്മ വേദന കൊണ്ടു വാ പൊളിച്ചു.. മാധവൻ തുണി മാറ്റി നോക്കി.. ചുവന്നു കിടക്കുന്നു.. “ഇതെന്താ.. ആരെങ്കിലും വന്നോ ഇവിടെ.. ഉപദ്രവിച്ചോ നിന്നെ ആരെങ്കിലും.. അതോ വേറെന്തെങ്കിലും”.. മാധവന്റെ ചോദ്യത്തിൽ നിറയെ ഭയം ഉള്ളതു പോലെ.. തന്നെ അടിമുടി നോക്കുന്നുണ്ട്… ആദ്യമായിട്ടാണ് മാധവനെ ഇങ്ങനെ ഭയന്ന് കാണുന്നത്..

“ഇനിയിങ്ങനെ എന്നെ തനിച്ചാക്കി പോകരുത്.. എവിടേക്കാണെന്നു കൂടി പറയാതെ… എത്ര വിളിച്ചൂന്ന് അറിയോ.. കാണാതെ, ഈ ശബ്ദം കേൾക്കാതെ.. കുറച്ചു നേരത്തേക്കാണെങ്കിലും ഞാനില്ലാതായിപ്പോയി .. എന്തു വിഷമിച്ചൂന്ന് അറിയോ”.. പദ്മയുടെ കണ്ണു നിറഞ്ഞൊഴുകി… “ഒടുവിൽ ഈ ശബ്ദം കേട്ട് ഓടി വന്നതാ, ഇരുട്ടിൽ തട്ടിയതാ.. ഇവിടെ.. ഇവിടെ.. ദോ ഇവിടെ” കുഞ്ഞുകുട്ടികളെപ്പോലെ മുറിവ് പറ്റിയിടം കാട്ടുമ്പോൾ മാധവന്റെ മുഖത്തു നിറയെ അവളോടുള്ള സ്നേഹം ആയിരുന്നു.. മാധവനെ ഇത്രയും നിഷ്കളങ്കമായി സ്നേഹിക്കാൻ ആരെക്കൊണ്ടും സാധിക്കില്ലന്ന് അയാൾ മനസ്സിലാക്കുകയായിരുന്നു.. തോളിലെ ചുവന്ന പാടിലേക്ക് ചുണ്ടു ചേർത്തു.. ചേർത്തുപിടിച്ചു ചെയറിൽ കൊണ്ടിരുത്തി.. കാലെടുത്തു മടിയിൽ വെച്ചു.. ചെറുവിരലിനു ഇടയിൽ ചോര ഉണങ്ങിയിരിക്കുന്നു.. “നിനക്കാ ലൈറ്റ് ഇട്ടുടായിരുന്നോ.. വീണിരുന്നെലോ”.. മാധവൻ ശാസിച്ചു.. ശ്രദ്ധയോടെ ചോര തുടച്ചു കളഞ്ഞു ചെറിയൊരു ഉമ്മ കൊടുത്തു .. ഉടനെ തൊലി പോയ കൈവിരൽ കൂടി കാണിച്ചു.. ഓരോ വിരലിലും ചിരിയോടെ മാധവൻ ഉമ്മ വെച്ചു.. മതിയായോ എന്നുള്ള രീതിയിൽ അവളെയൊന്നു നോക്കി.. കാറൊഴിഞ്ഞിട്ടുള്ള സൂര്യന്റെ വരവു പോലെ പദ്മയുടെ മുഖമൊന്നു തെളിഞ്ഞു…

ഒരേപാത്രത്തിൽ നിന്നും കഴിച്ചു.. വയറു നിറഞ്ഞിട്ടും ഓരോ ഉരുളകൾ അവളെ കഴിപ്പിച്ചുകൊണ്ടേയിരുന്നു.. ഇനിയെങ്ങോട്ടെങ്കിലും ഒന്ന് കിടന്നാൽ മതീന്നേ അവൾക്കുണ്ടായിരുന്നുള്ളു.. വയർ അത്രയും നിറച്ചിരുന്നു മാധവൻ.. മിന്നൂട്ടിക്കരികിൽ പദ്മയെ കൊണ്ടു കിടത്തി.. മിന്നുവിന്റെ കവിളിൽ ഒന്നു തലോടി.. കയ്യിൽ ഒരുമ്മ കൊടുത്തു.. പദ്മയെ നെഞ്ചിലേക്ക് ചേർത്തു വെച്ചു.. നെഞ്ചിൽ കൈവെച്ചു താടി കുത്തി ആ മുഖത്തേക്ക് നോക്കി കിടന്നു.. പറയാനുള്ളത് മുഴുവൻ കേൾക്കാൻ പാകത്തിന്..

കഴിഞ്ഞ ദിവസം ജ്യോതി കാണാൻ വന്നത്.. സുഖജീവിതം സ്വപ്നം കണ്ടു പോയ ജ്യോതിക്ക് അവിടെ അത്ര നല്ല അനുഭവം ആയിരുന്നില്ല.. അവളുടെ കാര്യം കേൾക്കാൻ താല്പര്യം ഇല്ലെന്ന് പറഞ്ഞു ഞാൻ പോരാൻ തുടങ്ങിയതാ.. പക്ഷേ എന്റെ മിന്നുവിനെ ജ്യോതിയെക്കൊണ്ട് അവരുടേതാക്കാൻ ശ്രമിക്കുന്നു എന്നു കേട്ടപ്പോൾ ജ്യോതി പറയുന്നത് കേൾക്കണം എന്നു തോന്നി .. ജ്യോതിയെ അയാൾ വിവാഹം കഴിച്ചിട്ടുണ്ടായിരുന്നില്ല.. രണ്ട് ആൺമക്കളും വലുതായതുകൊണ്ട് അവർക്ക് നാണക്കേട് ഉണ്ടാക്കുന്ന ഒന്നും ചെയ്യാൻ അയാൾ ഒരുക്കമല്ലായിരുന്നു.. മാത്രമല്ല അയാൾക്കാവശ്യം ഒരു ഭാര്യയെ ആയിരുന്നില്ല.. അയാളുടെ ആവശ്യങ്ങൾക്ക് ഒരു പെണ്ണ്.. പിന്നീട് അപ്പന്റെ കൂടെ മാത്രമല്ല മക്കൾക്കും കൂടി കിടക്ക വിരിക്കേണ്ടി വന്നുവെന്ന്.. ഒപ്പം അയാളുടെ മൗനസമ്മതവും.. ആരും ചോദിക്കാൻ ചെല്ലില്ലെന്ന് അയാൾക്ക് നന്നായിട്ടറിയാമായിരുന്നു.. മിന്നൂട്ടിയെ ഷോപ്പിൽ വെച്ചു കണ്ടപ്പോൾ മുതൽ അയാൾ ജ്യോതിയെ നിർബന്ധിക്കാൻ തുടങ്ങിയത്രേ അവളെ കൂടെ ചേർക്കാൻ.. ഞാൻ സമ്മതിക്കില്ലെന്ന് പറഞ്ഞപ്പോൾ സ്റ്റേഷനിൽ കംപ്ലയിന്റ് കൊടുക്കാമെന്നു ജ്യോതിയോട് പറഞ്ഞു.. അയാൾക്ക് പോലീസിൽ ഉള്ള പിടിപാട് ജ്യോതിക്ക് നന്നായിട്ടറിയാം.. അയാളുടെ ഉദ്ദേശം എന്താണ് ന്ന് ശരിക്കും മനസ്സിലായപ്പോൾ ആണ് എന്നെ കാണാൻ വന്നത്.. അയാളുടെ ബിസിനെസ്സിലെ ഉയർച്ചകൾക്ക് വേണ്ടി ഇനിയും ജ്യോതിയെ കരുവാക്കുമെന്ന് മനസ്സിലായി.. ജീവിതം നശിക്കുമെന്ന് തോന്നി… എങ്ങനെയും അവിടെ നിന്നും രക്ഷപെട്ടാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളൂ ജ്യോതിക്ക്.. അവളെപ്പോലെ നശിക്കാൻ മിന്നുവിനെ വിട്ടുകൊടുക്കില്ലന്ന് പറഞ്ഞു.. ഇന്ന് അവിടെ നിന്നും അയാളുടെ കണ്ണു വെട്ടിച്ചു ഓടി വന്നതാണ് രക്ഷിക്കണം എന്നും പറഞ്ഞു..

“നിന്നോടൊന്നു പറയാൻ കൂടി സമയം കിട്ടിയില്ല.. ഞാൻ ആണ് രക്ഷപെടാൻ കൂട്ടു നിന്നതെന്ന് അയാളറിഞ്ഞാൽ വെറുതെയിരിക്കില്ല.. എനിക്ക് എന്തെങ്കിലും ആയാൽ ന്റെ പദ്മ വിഷമിക്കില്ലേ.. അതെനിക്ക് സഹിക്കുവോ.. ഒരിക്കലും മിന്നുവിന്റെ മേലെ ഒരു അവകാശവും സ്ഥാപിക്കാൻ വരരുത് എന്ന ഉറപ്പിലാണ് ഇത്രയും റിസ്ക് എടുത്തു ജ്യോതിയെ വീട്ടിൽ കൊണ്ടുവിട്ടത്.. എന്റെ പദ്മ മിന്നു ഇല്ലാതെ കഴിയില്ല.. നിങ്ങൾ രണ്ടാളും ഇല്ലാതെ ഞാനും.. എന്തായാലും അവളുടെ സുഖത്തിനു വേണ്ടി മിന്നുവിനെ പിടിച്ചു വാങ്ങിയില്ലല്ലോ .. ആ ഒരു നന്ദി ഉണ്ട്, അത് ഞാൻ കാണിച്ചു”..

“തെറ്റായോ ഞാൻ ചെയ്തത്”.. മാധവൻ ചോദിച്ചു.. പദ്മ കണ്ണടച്ചു ഇല്ലെന്നു കാട്ടി.. “നിനക്ക് ഇഷ്ടമില്ലെന്നറിയാം ജ്യോതിയെ.. പ്രത്യേകിച്ച് എനിക്കൊപ്പം കാണുന്നത്.. നിന്റെ വിഷമം കാണാൻ വയ്യാഞ്ഞിട്ടാ മുഖത്തു പോലും നോക്കാഞ്ഞത്.”..

“ഞാൻ കണ്ടിരുന്നു ജ്യോതിയെ പലയിടങ്ങളിൽ വെച്ചും… എന്നോട് പറഞ്ഞാൽ പോരായിരുന്നോ.. എങ്കിൽ ഇത്രയും ടെൻഷൻ അടിക്കേണ്ട കാര്യമുണ്ടായിരുന്നോ”..

“എന്നിട്ടെന്തിനാ.. നീ വേദനിക്കുന്നത് ഞാൻ കാണണ്ടേ.. മിന്നു ഇല്ലാതെ നിനക്ക് പറ്റില്ലെന്ന് എനിക്കറിഞ്ഞൂടെ.. അവളെ ജ്യോതിക്ക് വിട്ടുകൊടുക്കേണ്ടി വരുമോന്ന് ഓർത്ത് ടെൻഷൻ അടിക്കില്ലേ.. അതാ പറയാഞ്ഞത്”..

“അതോണ്ട്.. ഇപ്പോ ഞാൻ ഒട്ടും ടെൻഷൻ അടിച്ചില്ലല്ലോ..അല്ലേ.. ഒന്ന് ചേർത്തു പിടിച്ചൂടായിരുന്നോ… എങ്കിൽ ഞാനിത്രയും വിഷമിക്കില്ലായിരുന്നു”..

“കുശുമ്പീ… ആരെയെങ്കിലും കാണിക്കാൻ വേണ്ടി മാധവൻ എന്നെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടോ.. പദ്മ എന്റെയാണെന്ന് എനിക്ക് നന്നായിട്ടറിയാമല്ലോ.. പക്ഷേ എനിക്ക് സ്നേഹിക്കണം എന്നു തോന്നുമ്പോൾ ആരെങ്കിലും അടുത്തുണ്ടോന്ന് ഞാൻ നോക്കാറില്ലെന്ന് മാത്രം”..

എന്നിട്ട്.. അവിടെ പോയിട്ട്.. എന്തായി “… ബാക്കി കേൾക്കാൻ കാതോർത്തു..

“എന്നിട്ടെന്താ ജ്യോതി എന്റെ കാലിൽ വീണു ക്ഷമ ഒക്കെ പറഞ്ഞു.. ആ വീട്ടുകാരും.. അവളുടെ അച്ഛനെ ഏൽപ്പിച്ചു ആ ഒരധ്യായം അവിടെ തീർന്നു… ക്ഷമ സ്വീകരിക്കാനോ അതൊന്നും ശ്രദ്ധിക്കാനോ എനിക്ക് സമയം കിട്ടിയില്ല.. എത്രയും പെട്ടെന്ന് നിന്റെ അടുത്ത് വന്നാൽ മതീന്നേ ഉണ്ടായിരുന്നുള്ളൂ.. ജീവൻ കയ്യിൽ പിടിച്ചാ ഇവിടെ വരെ എത്തിയത് “.. എല്ലാ ടെൻഷനും ചേർത്ത് അമർത്തി ഒരുമ്മ വെച്ചു പദ്മയുടെ കൈവെള്ളയിൽ.. മെല്ലെ ആ മുടിക്കുള്ളിലേക്ക് കൈവിരലുകൾ ചലിപ്പിച്ചു പദ്മ.. “ഇനിയെന്ത് ബുദ്ധിമുട്ട് ആയാലും എന്നോട് പറയണം.. എന്നെ ആശ്വസിപ്പിക്കുവാൻ നിങ്ങളെക്കൊണ്ട് കഴിയും .. അതുപോലെ മാധവേട്ടനെ എന്നെക്കൊണ്ടും.. പിന്നെന്തിനാ മറച്ചു വെക്കുന്നത്”.. പദ്മ പറഞ്ഞപ്പോൾ സമ്മതിച്ചു തലകുലുക്കി..

ഇടയിലെപ്പോഴോ കൈകൾ അയഞ്ഞപ്പോൾ മനസ്സിലായി ഉറങ്ങിയെന്നു.. തന്റെ ആധിയെല്ലാം അസ്ഥാനത്തായിരുന്നുവെന്ന് പദ്മയ്ക്ക് മനസ്സിലായി.. അല്ലെങ്കിലും അതങ്ങിനെയേ വരൂ, മറ്റൊരാൾ വേദനിക്കേണ്ടെന്ന് കരുതി മൂടിവെയ്ക്കുന്നത്, അതാവും അയാളെ ഏറെ വേദനിപ്പിക്കുന്നതും .. ജ്യോതി എന്നൊരാൾ ഇനി ജീവിതത്തിൽ വേണ്ട.. നല്ല പേടിയുണ്ടായിരുന്നു.. മിന്നൂട്ടന്റെ കാര്യത്തിൽ.. മാധവന്റെ കാര്യത്തിൽ ടെൻഷൻ ഉണ്ടായിരുന്നില്ല.. അപ്പോൾ മുൻപ് അനുഭവിച്ച വിഷമവോ എന്ന് ചോദിച്ചാൽ.. അറിയില്ല എനിക്ക്.. പക്ഷേ.. എനിക്കിഷ്ടമല്ല.. ജ്യോതിക്കൊപ്പം മാധവനെ കാണുന്നത് ഒട്ടും ഇഷ്ടമല്ല.. ചങ്കിടിപ്പ് നിന്നു പോകും പോലെയാ.. പണ്ട് അവർ ഒന്നിച്ചു കഴിഞ്ഞതാണല്ലോന്ന് ഓർക്കുമ്പോൾ ഒരു വെപ്രാളം ആണ്.. മാധവൻ എന്റെയാ… പണവും സുഖസൗകര്യങ്ങളും മോഹിച്ചു മക്കളെ ഇട്ടിട്ട് പോയവളോട് ഒരു ദയയും തോന്നുന്നില്ല.. ജ്യോതിക്ക് ഉണ്ടായതെല്ലാം അവൾ ചോദിച്ചു വാങ്ങിയതാണ്.. ജ്യോതിക്കൊപ്പം നിന്നപ്പോൾ മാധവന്റെ കണ്ണുകൾ ചുറ്റും തേടുന്നത് കണ്ടിരുന്നു.. അതുപക്ഷേ എനിക്കും കുഞ്ഞിനും കൂടിയുള്ള സുരക്ഷ ആയിരുന്നുവെന്ന് ഇപ്പോൾ മനസ്സിലാകുന്നുണ്ട്..

വലിച്ചെറിഞ്ഞാലും അതിലും വേഗത്തിൽ തന്നിലേക്ക് തിരിച്ചൊട്ടും ഈ മാധവൻ.. ഇരുളിൽ വ്യക്തമാവാത്ത, തന്റെ മനസ്സിൽ അത്രയും നന്നായി തെളിഞ്ഞിരിക്കുന്ന ആ മുഖത്തൊന്നു തലോടി.. പിന്നിലേക്ക് കയ്യെത്തിച്ചു ആ കുഞ്ഞിക്കൈ എടുത്തു ഒരുമ്മ കൊടുത്തു വയറിലേക്ക് ചുറ്റി പിടിപ്പിച്ചു.. ഒരു നിമിഷം, ഒരേയൊരു നിമിഷം അമ്മയുടെ മനസ്സ് പതറി പോയി പൊന്നേ ..ക്ഷമിക്ക്… ഇരുവശവും കിടക്കുന്നവർ തനിക്ക് മാത്രം സ്വന്തമാണെന്ന തിരിച്ചറിവിലേക്ക്, വിട്ടു പോകില്ലെന്നുള്ള തിരിച്ചറിവിലേക്ക്, ആ ഒരു സത്യം മനസ്സിലാക്കാൻ വേണ്ടിയുള്ളതാവട്ടെ ഈയൊരു സംഭവമെന്ന് പദ്മ ആശ്വസിച്ചു..

കുഞ്ഞിപ്പെണ്ണിന്റെ സംസാരം കേട്ടിട്ടാണ് രാവിലെ കണ്ണു തുറന്നത്.. മാധവന്റെ നെഞ്ചത്ത് തവള കിടക്കും പോലെ കിടക്കുന്നുണ്ട്.. ഇന്നലെ സ്കൂളിൽ വെച്ച് താൻ കരഞ്ഞതൊക്കെ പറഞ്ഞു കൊടുക്കുകയാണ്.. “എനിക്ക് ജ്യോതിയമ്മയേക്കാൾ ഇഷ്ടം ഈ അമ്മയെ ആന്ന് പറഞ്ഞിട്ട് വിശ്വാസം ഇല്ല അച്ഛാ.. പിന്നേം കരയുവായിരുന്നു”.. മാധവൻ ഒന്ന് നോക്കിയപ്പോഴേക്കും നോട്ടം മാറ്റിക്കളഞ്ഞു പദ്മ..

“വല്യ ടീച്ചർ ആണ് പോലും.. കുഞ്ഞു കുട്ടികളെക്കാൾ കഷ്ടമാ.. അല്ലേ”.. മാധവനും മിന്നൂട്ടിയുടെ കൂടെ കൂടി കളിയാക്കി..

“അതേ ഞാൻ അങ്ങനെയാ.. നിങ്ങളുടെ രണ്ടിന്റെയും കാര്യത്തിൽ ഞാൻ സാധാരണ പെണ്ണിലും താഴെയാ.. എനിക്ക് അങ്ങനെയേ പറ്റൂ”.. കുറച്ചു പരിഭവിച്ചു പറഞ്ഞിട്ട് എഴുന്നേറ്റു പോകാനൊരുങ്ങിയ പദ്മയെ രണ്ടാളും കൂടി പൊതിഞ്ഞു പിടിച്ചു കൂടെ കൂട്ടി..

♥️♥️♥️♥️♥️♥️