രചന – രോഹിണി ആമി
ആദ്യമായിട്ടാണ് ഇങ്ങനെ എല്ലാവരും ഒരുമിച്ച് ഇരുന്നു ഭക്ഷണം ഒക്കെ കഴിക്കുന്നത്.. അതും പദ്മയുടെ അടുത്ത്.. നല്ല രുചി തോന്നി എല്ലാത്തിനും.. മിന്നുവിന്റെ പ്ലേറ്റിലേക്ക് ദോശ പിച്ചി വെച്ചു കൊടുക്കയാണ് പദ്മ.. കുഞ്ഞു കുട്ടിയെപ്പോലെ ഓരോന്നും എടുത്തു ചമ്മന്തിയിൽ മുക്കി കഴിക്കുന്നുണ്ട്.. ഇടയ്ക്ക് പദ്മയ്ക്കും വായിൽ വെച്ചു കൊടുക്കുന്നുണ്ട്.. അതിനിടയ്ക്ക് തന്റെ പ്ലേറ്റിലേക്ക് നോക്കുന്നുണ്ട്.. ദോശ ഇട്ട് ഇട്ട് തരുന്നുണ്ട്.. ഒന്ന് തീർക്കാൻ സമ്മതിക്കുന്നില്ല.. വേണ്ടാന്ന് പറഞ്ഞിട്ടും കണ്ണുരുട്ടി പേടിപ്പിക്കുന്നുണ്ട്.. ഇനിയും കഴിച്ചാൽ പണി എടുക്കാൻ ബുദ്ധിമുട്ട് ആണ്ന്ന് പറഞ്ഞപ്പോൾ കുറച്ചൊന്നു മയപ്പെട്ടു..
പാത്രം കഴുകിക്കൊണ്ടിരുന്ന പദ്മയുടെ അടുത്ത് ചെന്നു മാധവൻ.. അമ്മ അവിടെ എവിടെയെങ്കിലും ഉണ്ടോന്ന് നോക്കുന്നുണ്ട്.. ആ നോട്ടം കണ്ടപ്പോൾ പദ്മ ചിരി അടക്കി നിന്നു.. എന്തോ വഷളത്തരം ഒപ്പിക്കാനുള്ള പുറപ്പാടാ.. നോക്കട്ടേ.. മാധവന്റെ ഉള്ളിലെ പ്രണയം എങ്ങനെയെന്നു.. അടുത്തു വന്നു നിന്നു.. ചെവിയിൽ പറഞ്ഞു..
“നമുക്ക് തോട്ടത്തിൽ പോയി രാപാർക്കാം.. കാലത്ത് പോയി പാവയ്ക്ക വള്ളികൾ തളിർത്തു പൂവിടുകയും, പടവലം പൂക്കുകയും ചെയ്തൊന്ന് നോക്കാം”..
“ആഹാ.. എന്നിട്ട്”.. കൈ എളിക്ക് കുത്തി ആശ്ചര്യത്തോടെ ചോദിച്ചു..
“അവിടെ വെച്ചു ഞാൻ നിനക്കെന്റെ പ്രേമം പകർന്നു തരാം”.. കവിളിൽ വിരൽ കൊണ്ട് തലോടി പറഞ്ഞു.. ആ മുഖത്തേക്ക് നോക്കി നിന്നു കുറച്ചു നേരം.. വിരൽ ഇപ്പോൾ കവിളത്തെ ചിത്രരചന കഴിഞ്ഞ് ചുണ്ടിലേക്ക് എത്തുമെന്ന് തോന്നി.. ഇനിയും നിന്നാൽ ഇത് അടുക്കളയാണെന്ന് മാധവൻ മറക്കുമെന്ന് തോന്നിയപ്പോൾ……..
“അച്ഛാ… അച്ഛാ”… പദ്മ നീട്ടി വിളിച്ചു..
“എന്തിനാ ഇപ്പോ അച്ഛനെ വിളിക്കുന്നെ”.. കുറച്ചു മാറി നിന്നു പേടിയോടെ ചോദിച്ചു.. കണ്ണിലെ കുസൃതി മാറി ചെറിയൊരു പരിഭ്രമം പോലെ.. “ഞാൻ നിന്നെ ഇന്നലെ കെട്ടി.. അത് മറന്നു പോകുവോ വല്ലോം ചെയ്‌തോ”.. മാധവൻ പദ്മയോട് ചോദിച്ചപ്പോഴേക്കും അച്ഛൻ വന്നു..
“എന്താ മോളേ”…
“അച്ഛനൊന്ന് മാധവേട്ടന്റെ കൂടെ പറമ്പിലേക്ക് ഒന്ന് ചെല്ലുവോ.. എന്തൊക്കെയോ പൂക്കുകയോ കായ്ക്കുകയോ ഒക്കെ ചെയ്തൊന്ന് നോക്കാൻ.. ദേ ഞാനിത്തിരി പണിയാ”.. കയ്യിലെ പാത്രം കാണിച്ചിട്ട് പദ്മ പറഞ്ഞു..
“അതിനെന്താ.. ഞാൻ അല്ലേ ഇന്നലെ വരെ അവന്റെ കൂടെ ഉണ്ടായിരുന്നത്.. ഇപ്പോ കല്യാണം കഴിച്ചപ്പോ അവന് എന്നെ ഉപേക്ഷിച്ചു”.. അച്ഛൻ ചിരിയോടെ പറഞ്ഞു..
“ഞാൻ അച്ഛനെ വിളിക്കാൻ തുടങ്ങുവായിരുന്നു.. ആ കൂടെ പദ്മയും വരുന്നോന്ന് ചോദിച്ചെന്നു മാത്രം”.. ഒരു വളിച്ച ചിരി ചിരിച്ചു അച്ഛന് പുറകേ നടന്നു.. പോകുമ്പോൾ പദ്മയുടെ മുടി പിടിച്ചു വലിക്കാനും മറന്നില്ല..
“അച്ഛാ എന്തോ ഒന്ന് തരാമെന്നു പറഞ്ഞിട്ടുണ്ട്.. വാങ്ങിച്ചോണ്ട് വരണേ”.. പദ്മ ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ അച്ഛൻ “ആ” എന്നു മറുപടിയും കൊടുത്തു ..
പോകുന്ന പോക്കിൽ ഞെട്ടി തിരിഞ്ഞു നോക്കി “വെച്ചിട്ടുണ്ടെന്ന്” പദ്മയോട് പറഞ്ഞു..
“താനൊന്നു പോടോ” ന്ന് ചുണ്ടനക്കി മറുപടി കൊടുത്തു.. അച്ഛൻ ഉള്ളത് കൊണ്ട് ഒന്നും പറയില്ലെന്ന് അറിയാം പദ്മയ്ക്ക്.. പാവം ഒന്ന് പ്രണയിക്കാൻ വന്നതാ.. കുളമാക്കി കയ്യിൽ കൊടുത്തപ്പോൾ എന്തൊരു സന്തോഷം.. ഹല്ല പിന്നെ സോളമൻ കളിക്കാൻ വന്നേക്കുന്നു.. പദ്മയ്ക്ക് അറിയേണ്ടതും കാണേണ്ടതും മാധവന്റെ പ്രണയം ആണ് , ആ വായിൽ നിന്ന് പദ്മയ്ക്കു വേണ്ടി മാത്രമുള്ള വാക്കുകളും… ആ ചമ്മിയ മുഖം ഓർക്കുന്തോറും പദ്മയുടെ ചുണ്ടിൽ ചിരി തെളിഞ്ഞു തെളിഞ്ഞു വന്നു.. മുഖത്ത് നാണവും..
കുറച്ചു കഴിഞ്ഞ് കുടിക്കാനുള്ള വെള്ളവും എടുത്തോണ്ട് അവർക്കരികിലേക്ക് ചെന്നു..
“അച്ഛൻ പൊക്കോളൂ നല്ല വെയിലാണ്.. ഞാൻ ചെയ്‌തോളാം എന്താണെങ്കിലും” .. വെള്ളം കൊടുത്തുകൊണ്ട് പദ്മ പറഞ്ഞു..
“അതിനു ഞാനിവിടെ ചുമ്മാ നിൽക്കുവാ മോളേ.. അവൻ എന്നെക്കൊണ്ട് എന്തെങ്കിലും ചെയ്യിക്കണ്ടേ,. അവന്റെ കൂടെ മിണ്ടാനും പറയാനും ഒരാൾ കൂടെ ഉണ്ടായാൽ മാത്രം മതി”.. മാധവനെ നോക്കി അച്ഛൻ പറഞ്ഞു.. “ഇനി വെയിൽ മാറീട്ട് ഇറങ്ങാം ന്ന് പറയ് മോളേ.. ഞാൻ കയറുവാ”.. അച്ഛൻ മെല്ലെ നടന്നു പോയി.. ഞങ്ങൾക്ക് വേണ്ടി ഒഴിഞ്ഞു തന്നതാണ്.. ഇല്ലെങ്കിൽ മാധവൻ എപ്പോൾ കയറുന്നോ അപ്പോളേ അച്ഛനും വരൂ..
എന്നെ കണ്ടിട്ടും ഒന്ന് നോക്കുന്നു പോലുമില്ല.. അറിയുന്ന പോലീസിന് ഇടി കൂടുതലാന്ന് പറയും പോലെ എന്നെ കണ്ടിട്ട് ഭയങ്കര പണിയാ.. കുറച്ചു നേരം ഞാൻ ക്ഷമിച്ചു.. പിന്നെ ചോദിച്ചു.. “മാധവേട്ടാ… തരുവോ”..
പിരികം പൊക്കി “ന്ത്” ന്ന് ചോദിച്ചു… ” “മുൻപ് തരാം ന്ന് പറഞ്ഞത്.. അടുക്കളയിൽ നിന്നപ്പോ.”.. ഒന്നൂടെ ഓർമിപ്പിച്ചു പറഞ്ഞു..
“ആ അത് ഞാൻ അച്ഛന് കൊടുത്തു.. നിനക്ക് വേണ്ടന്ന് പറഞ്ഞില്ലേ”.. ഗൗരവത്തിൽ പറഞ്ഞു.. പക്ഷേ ഉടനെ തന്നെ ചിരി പൊട്ടുമെന്ന് ആ മുഖം കണ്ടാലറിയാം ..
അയ്യേ.. ഈ മനുഷ്യൻ.. “എന്നെ എടുക്കുവോ.. അങ്ങോട്ട് വരണം”.. കൈനീട്ടി നിന്നു.. ചെറുതായിട്ട് മഴവെള്ളം പോകാൻ വെട്ടിയിട്ടതാണ്.. വേണമെങ്കിൽ ചാടി കടക്കാം.. പക്ഷേ വേണ്ടാന്നു വെച്ചു..
“ഇവിടെ കാണാൻ ഒന്നുല്ല.. അവിടെയങ്ങു നിന്നാൽ മതി”.. മാധവൻ പറഞ്ഞു..
“എങ്കിൽ ഞാൻ തന്നെ ചാടും.. മൂക്കും കുത്തി വീണാൽ പൊക്കിക്കോണം”.. ദൈവമേ ഞാൻ പറഞ്ഞാൽ ചില കാര്യങ്ങൾ അച്ചട്ടാ.. എങ്ങാനും വീണാൽ പാമ്പ് വല്ലോം കാണുവോ ഇതിനകത്തു.. ചാടാൻ റെഡി ആയപ്പോഴേക്കും ദേണ്ടെ പൊക്കി ഇപ്പുറം എത്തിച്ചു കഴിഞ്ഞിരുന്നു ന്റെ മാധവൻ.. ചുറ്റിയ കൈ എടുത്തു മാറ്റും മുന്നേ തിരിച്ചങ്ങ് കെട്ടിപ്പിടിച്ചു കഴുത്തിൽ തൂങ്ങി..
“പാവൽ വള്ളികൾ തളിർത്തു പൂവിട്ടു പടവലം പൂക്കുകയും ചെയ്തു.. ഇനി തരുവോ മാധവന്റെ പ്രണയം”.. ചിരിയോടെ കണ്ണിലേക്കു നോക്കി ചോദിച്ചു.. ജന്മം ചെയ്താൽ ഈ ചെക്കൻ കുറച്ചധികനേരം എന്റെ കണ്ണിലേക്കു നോക്കില്ല.. നാണമാ.. നല്ലൊരു കടി വെച്ചു കൊടുത്തു കവിളിൽ.. എന്നിട്ട് നെഞ്ചിലേക്ക് ചേർന്നു നിന്നു, എത്ര നേരം വേണമെങ്കിലും മടുപ്പില്ലാതെ മാധവൻ ഇങ്ങനെ പദ്മയിൽ ചേർന്ന് നിൽക്കും.. മിന്നുവിന്റെ അമ്മേയെന്നുള്ള വിളി കേട്ടപ്പോൾ പദ്മ മാറി നിന്ന് വിളി കേട്ടു.. കാണാതായപ്പോൾ തേടി വന്നതാ.. പദ്മയെപ്പോലെ തന്നെ കയ്യും നീട്ടി നിൽക്കുന്നുണ്ട് എടുക്കാൻ.. തിരിച്ചു വീട്ടിലേക്ക് കയറിയപ്പോൾ മാധവനു വേണ്ടപ്പെട്ട രണ്ടു പെണ്ണുങ്ങളും ഭദ്രമായി കൈകൾക്കുള്ളിൽ ഉണ്ടായിരുന്നു..
ഓരോ രാവും പകലും ഒന്നിനൊന്നു കൂടുതൽ സ്നേഹിച്ചു മത്സരിച്ചു രണ്ടാളും.. അച്ഛനും അമ്മയ്ക്കും നല്ലൊരു മകനാണ്.. പദ്മയ്ക്ക് നല്ലൊരു പങ്കാളിയും.. സ്നേഹിക്കാൻ ചുറ്റിനും ആളുകൾ കൂടിയതുകൊണ്ട് മിന്നൂട്ടന് കൊഞ്ചൽ കൂടിയിട്ടുണ്ട്.. അതിന് വളം വെക്കാൻ അപ്പൂപ്പനും അമ്മമ്മയും..എന്ത് തോന്നിവാസത്തിനും കൂട്ടു നിൽക്കുന്നത് അച്ഛനാണ്.. സ്കൂൾ തുറന്നു.. പോകാനിറങ്ങുമ്പോൾ ഒരു നൂറുമ്മ കൊടുക്കും പദ്മയ്ക്ക് മാധവൻ.. ഒരുമാതിരി കുഞ്ഞുകുട്ടികൾ സ്കൂളിൽ പോകുമ്പോൾ അമ്മയ്ക്ക് കൊടുക്കും പോലെ.. എല്ലാം വാങ്ങിയിട്ട് ഉള്ള സ്നേഹം അത്രയും നിറച്ചു ഒരൊറ്റ ഉമ്മ പദ്മ തിരിച്ചു കൊടുക്കും.. വീണ്ടും പ്രതീക്ഷിച്ചു നിൽക്കും.. ഇനിയും കൊടുത്താൽ മാധവൻ പോകാൻ വിടില്ലെന്ന് അറിയാം…
സ്റ്റാഫ് റൂമിൽ എല്ലാവർക്കും എന്റെ കല്യാണം കഴിഞ്ഞു എന്നു മാത്രെ അറിയൂ.. അത് അന്ന് എല്ലാവരെയും പേടിപ്പിച്ച മാധവൻ ആണെന്ന് മാത്രം അറിയില്ല.. ആർക്കും ആള് ആരാണെന്ന് അറിയേണ്ട, ജോലി മാത്രം.. ജോലി കൃഷി ആണ് എന്ന് പറഞ്ഞപ്പോൾ എല്ലാവരും അൽഭുതത്തോടെയാണ് നോക്കിയത്.. ന്തേ അവർക്ക് കുടുംബജീവിതം പാടില്ലേ.. കർഷകൻ എന്നു പറയുമ്പോളേ എല്ലാവരുടെയും മനസ്സിൽ ഒരു രൂപം ഉണ്ടാക്കിയിട്ടുണ്ടാവും സ്വയം.. കഷ്ടം തന്നെ.. കാലം മാത്രേ പുരോഗമിച്ചിട്ടുള്ളു.. മനുഷ്യന്റെ മനസ്സിന് ഇന്നും ആ ഇരുളിമ ഉണ്ട്.. ഞാൻ ഇപ്പോൾ മിന്നൂട്ടന് സ്വന്തം ആയപ്പോൾ സ്റ്റാഫ് റൂമിലോട്ട് എന്നെ കാണാനുള്ള അവളുടെ വരവും നിന്നു..
രണ്ടു ദിവസമായിട്ട് സ്കൂളിനടുത്തായും മറ്റും ഒളിച്ചും പതുങ്ങിയും നോക്കുന്ന ജ്യോതിയെ കാണാനിടയായി.. വല്ലാത്തൊരു സമാധാനക്കേട് മനസ്സിനെ വ്യാപിച്ചു തുടങ്ങി.. മാധവനോട് പറയാൻ പേടിച്ചു.. തന്റെ ജീവനുമായി കൂട്ടിക്കെട്ടിയതിനു ശേഷം ദേഷ്യപ്പെട്ടു കണ്ടിട്ടില്ല ഇന്നേവരെ..
ഇന്നിപ്പോൾ ജ്യോതി ഈ വീട്ടിൽ വരെ മാധവനെ തേടിയെത്തിയെങ്കിൽ എന്താവും കാര്യം.. മാധവേട്ടനെ ഒന്ന് കാണാൻ സാധിക്കുമോ ന്ന് ചോദിച്ചപ്പോൾ.. ആളിവിടെ ഇല്ലെന്ന് പറഞ്ഞു.. താൻ കള്ളം പറഞ്ഞത് പോലെ അകത്തേക്ക് നോട്ടം പോകുന്നുണ്ടായിരുന്നു ജ്യോതിയുടെ.. എന്താണ് കാണേണ്ട ആവശ്യം എന്നു ചോദിക്കാൻ തോന്നിയില്ല.. മാധവനോട് ജ്യോതി തേടി വന്നുന്നു പറയാനും പോയില്ല.. ഇഷ്ടമില്ല എനിക്ക് ജ്യോതിയുടെ പേരു പോലും മാധവന്റെ നാവിൽ നിന്ന് വരുന്നത്..
മാധവന്റെ നെഞ്ചിൽ കിടന്നിട്ടു പോലും ഉറക്കം തേടിയെത്തിയില്ല.. മാധവൻ ഇനിയൊരിക്കലും ജ്യോതിക്ക് സ്വന്തമാവില്ല.. ജ്യോതി തന്നെയാണ് ഡിവോഴ്സ്ന് മുൻകൈ എടുത്തതെന്ന് മാധവൻ പറഞ്ഞിട്ടുണ്ട്.. എല്ലാത്തിനും നിന്നു കൊടുത്തിട്ടുമുണ്ട്.. നിയമപരമായും മനസ്സു കൊണ്ടും മാധവനിപ്പോൾ പദ്മയുടെ സ്വന്തം ആണ്.. പക്ഷേ…. എന്റെ കുഞ്ഞ്.. തിരിഞ്ഞു മിന്നൂട്ടിയെ ചേർത്തു പിടിച്ചു.. ഒരു പെൺകുഞ്ഞായതുകൊണ്ടും കോടതി എന്താവും വിധിക്കുക എന്നറിവുള്ളതുകൊണ്ടും ഉള്ളിൽ പേടിയാണ്.. “അമ്മയെ ഇട്ടേച്ചും പോകുവോ പൊന്നേ”.. ഉണ്ടക്കവിളിൽ ഉമ്മ വെച്ചു.. കണ്ണു നിറഞ്ഞൊഴുകി.. പിന്നിൽ മാധവൻ വന്നു ചേർന്നു കിടന്നപ്പോൾ നെഞ്ചിലെ പിടപ്പ് അറിയാതിരിക്കാൻ ശ്വാസം അടക്കി പിടിച്ചു..
ഒരു ദിവസം ഞങ്ങളെ സ്കൂളിൽ ഇറക്കി തിരിച്ചു പോകുന്ന മാധവന്റെ ഓട്ടോയുടെ പിറകെ ജ്യോതിയുടെ കാർ പോകുന്നത് കണ്ടു.. എന്തിനാണ് മാധവനു പിറകേ.. മനസ്സിൽ ഒരു പേടി തോന്നി.. ദൈവമേ ജ്യോതി എന്തെങ്കിലും പറഞ്ഞാൽ, ന്റെ മാധവൻ കൊലക്കുറ്റത്തിന് അകത്തു പോകുവോ.. കണ്ടു കൊതിപോലും തീർന്നിട്ടില്ല ആ മുഖം.. ക്ലാസ്സ് എടുക്കാനും ഒരു ഉത്സാഹം തോന്നിയില്ല..
വൈകുന്നേരം കൊണ്ടുപോകാൻ മാധവൻ എത്തിയില്ല.. വിളിച്ചിട്ട് കാൾ അറ്റൻഡ് ചെയ്യുന്നില്ല.. ഒരു പേടി തോന്നി.. അങ്ങനെ വരാതെ ഇരിക്കുന്നതല്ല.. എന്റെയും മിന്നുവിന്റെയും കാര്യം കഴിഞ്ഞിട്ടേ എന്തും ഉള്ളൂ.. ഇതിപ്പോ എന്തു പറ്റി.. വേറൊരു ഓട്ടോ വിളിച്ചു വീട്ടിലേക്ക് ചെന്നു.. തോട്ടത്തിലേക്ക് നോക്കി.. അവിടെ ഉണ്ടായിരുന്നില്ല.. മിന്നൂട്ടിയുടെ ബാഗ് വാങ്ങിയിട്ട് അമ്മയുടെ അടുത്തേക്ക് പറഞ്ഞു വിട്ടു.. അകത്ത് ചെന്നു നോക്കിയപ്പോൾ നെറ്റിയിൽ കൈ വെച്ച് കിടക്കുകയാണ് ആള്.. കൈ എടുത്തു മാറ്റി നെറ്റിയിൽ കൈവെച്ചു നോക്കി.. ചൂടൊന്നും ഇല്ല.. കണ്ണു തുറന്നു തന്നെ നോക്കി കിടക്കുകയാണ്.. “ന്തേ കൂട്ടാൻ വരാഞ്ഞത്.. വയ്യേ”..
“സമയം പോയതറിഞ്ഞില്ല.. നല്ല തലവേദന ആയിരുന്നു”.. പദ്മയെ നെഞ്ചിലേക്ക് ചായിച്ചിട്ട് പറഞ്ഞു.. അത് ഞാൻ ആ മുഖം നോക്കാതെ ഇരിക്കാനാണ്.. ഈ തലവേദനക്കുള്ള കാരണം മാധവന്റെ പിറകെ പോന്നത് ഞാൻ കണ്ടിരുന്നു.. അപ്പോൾ തമ്മിൽ കണ്ടിട്ടുണ്ട്.. എന്തോ സംസാരിച്ചിട്ടുണ്ട്.. എനിക്ക് വിഷമം തരുന്ന എന്തോ കാര്യം ആണത് .. ഇല്ലെങ്കിൽ ആദ്യം പറയുക എന്നോടായിരിക്കും.. നെഞ്ചിലെ താളം പോലും ശരിയല്ല.. ഇന്നും ഇന്നലെയും കേൾക്കാൻ തുടങ്ങീതല്ലല്ലോ.. ചോദിച്ചില്ല.. കേൾക്കുന്നത് എന്തോ വിഷമം പിടിച്ച കാര്യം ആണെന്ന് മനസ്സ് പറയുന്നു..
പഴയതു പോലെ മിണ്ടുന്നുണ്ട്.. അതിൽ പ്രണയം ഉണ്ട്.. എന്നോടെന്തോ പറയാൻ ആയുന്നുമുണ്ട്.. വേണ്ടെന്ന് വെയ്ക്കുന്നുമുണ്ട്.. പക്ഷേ മനസ്സിലെ ടെൻഷൻ മുഖത്തു കാണുന്നുമുണ്ട്.. ഭക്ഷണം പോലും നേരെ ചൊവ്വേ കഴിക്കുന്നില്ല.. ചോദിക്കാൻ മനസ്സ് അനുവദിക്കുന്നില്ല.. മാധവൻ എന്നോട് പറയും, ആ വിശ്വാസം ഉണ്ടെനിക്ക്.. ആദ്യമായിട്ടാവും ഒന്നും മിണ്ടാതെ ഇങ്ങനെ പരസ്പരം ചേർന്ന് കിടക്കുന്നത്..
ഒരു വിസിറ്റർ ഉണ്ടെന്ന് അറിഞ്ഞു കാണാൻ ചെന്നു.. അച്ഛനാണ് മനസ്സിലേക്ക് പെട്ടെന്ന് വന്നത്.. ഓടി ചെന്നു നോക്കി.. മാധവൻ ഒപ്പം ജ്യോതി.. അവരുടെ കയ്യിൽ മിന്നു.. കാണാൻ ഇഷ്ടമില്ലാത്ത കാഴ്ച്ച.. എന്തോ സഹിക്കാൻ സാധിക്കുന്നില്ല.. കുറേ ഉമ്മയൊക്കെ കൊടുക്കുന്നുണ്ട് അവർ.. അതൊക്കെ സ്വീകരിക്കുമ്പോളും മിന്നുവിന്റെ കണ്ണുകൾ എന്റെ മേലെയാണ്.. മാധവൻ അരികിൽ വന്നിട്ട് പറഞ്ഞു “ഞാൻ ഒരിടം വരെ പോകുകയാണ്.. ജ്യോതിയുടെ കൂടെ.. ഇന്ന് ചിലപ്പോളേ വരൂ… ഇപ്പോൾ സമയം ഇല്ല ഒന്നിനും .. ഭക്ഷണം നേരെചൊവ്വേ കഴിക്കണം കേട്ടോ”.. പറയുമ്പോളും നോക്കുന്നത് മിന്നുവിനെയാണ്.. തന്റെ മുഖത്തേക്ക് നോക്കാതെ കൈവിരലുകളിൽ പിടിച്ചൊന്ന് അമർത്തി.. എന്തോ പറയും പോലെ..
സമ്മതിച്ചു തലയാട്ടുമ്പോൾ കണ്ണു നിറയാതിരിക്കാൻ ശ്രദ്ധിച്ചു.. മാധവന്റെ മുഖത്തു ഇപ്പോൾ ആ ടെൻഷൻ ഇല്ല.. പകരം എന്തോ നേടിയെടുത്ത ആശ്വാസം.. ശ്വാസം വിടാൻ പോലും മറന്നത് പോലെ തോന്നി പദ്മക്ക്.. “വാ പോകാം.. സമയം ഇല്ല”.. മാധവൻ ജ്യോതിയോട് പറഞ്ഞു.. ജ്യോതി മനസ്സില്ലാ മനസ്സോടെ മിന്നൂട്ടിയെ താഴെ നിർത്തി.. അവൾ പദ്മയുടെ കയ്യിൽ വന്നു പിടിച്ചു.. ജ്യോതി മാധവന്റെ പിന്നാലെ പോയി.. “ഒന്നു നോക്കിയിട്ട്, ഒന്ന് ചേർത്തു പിടിച്ചിട്ട് പോ മാധവേട്ടാ” ന്ന് പറയണമെന്നുണ്ടായിരുന്നു പദ്മയ്ക്ക്.. പക്ഷേ ശബ്ദം പുറത്തേക്ക് വന്നില്ലെന്നു മാത്രം.. അച്ഛന്റെ കാറിലാണ് അവർ പോകുന്നത്.. അപ്പോൾ ജ്യോതിയുടെ വണ്ടി.. അച്ഛന് അറിയുമോ അപ്പോൾ ഇവർ എങ്ങോട്ടേക്കാണ് പോകുന്നതെന്ന്.. ഇന്ന് വരാതിരിക്കാൻ മാത്രം ദൂരെ എങ്ങോട്ടേക്കാവും പോകുന്നത്.. ജ്യോതിയുടെ ഇപ്പോളുള്ള ആള് എവിടെ.. അയാളില്ലാതെ ജ്യോതി എങ്ങോട്ടാ തനിയെ പോകുന്നേ.. എന്തിനാണ് മിന്നുവിനെ കാണാൻ ജ്യോതിക്ക് സമ്മതം കൊടുത്തത്.. അതും കൊണ്ടുവന്ന് കാണിക്കാൻ മാത്രം എന്താ.. ചിന്തിച്ചു നിൽക്കുമ്പോഴേക്കും കാർ സ്കൂൾ കോമ്പൗണ്ട് കടന്നിരുന്നു..
മിന്നു കയ്യിൽ പിടിച്ചു താഴേക്കു വലിച്ചു.. അവൾക്കു മുന്നിൽ മുട്ടു കുത്തി നിന്നു.. കണ്ണൊന്നു നിറയാതെയിരിക്കുവാൻ വളരെ കഷ്ടപ്പെട്ടു.. “അമ്മ കരയണ്ടാ കേട്ടോ.. മിന്നു ജോതിയമ്മേടെ കൂടെ പോവില്ല.. എനിക്ക് ഈ അമ്മേനെ മതി.. സത്യം”.. കെട്ടിപ്പിടിച്ചു പദ്മയുടെ കവിളിൽ ഉമ്മ കൊടുത്തു.. അവളെ ചേർത്തുപിടിച്ചു കണ്ണുനീർ അവളുടെ ഷർട്ടിലേക്ക് ഒഴുകിയിറങ്ങി.. തിരിച്ചു ക്ലാസ്സിലേക്ക് പറഞ്ഞു വിടുമ്പോൾ മിന്നു തിരിഞ്ഞു തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.. അവളോട് ഒന്നും തിരിച്ചു മിണ്ടാനാവാതെ പദ്മ നടന്നു.. വീട്ടിൽ എത്തുമ്പോൾ അച്ഛന്റെ അടുത്തേക്കാണ് ചെന്നത്.. ചോദിച്ചില്ല മാധവൻ എവിടെ പോയതാണെന്ന്.. അത് ഞാൻ അദ്ദേഹത്തിനെ അവിശ്വസിക്കുന്നതിനു തുല്യമാണ്.. അച്ഛൻ ഒന്നും പറഞ്ഞുമില്ല.. അപ്പോൾ അച്ഛനോടും ഒന്നും പറഞ്ഞിട്ടില്ല.. ആ മുഖത്തു യാതൊരു ടെൻഷനും ഇല്ല.. അച്ഛനോട് പോലും പറയാതെ എവിടെക്കാവും പോയിട്ടുണ്ടാവുക.. ചിന്തിച്ചു ചിന്തിച്ചു തല പൊട്ടിത്തെറിക്കുമെന്ന് തോന്നി.. തന്റെ ടെൻഷൻ അറിഞ്ഞിട്ടാവും മിന്നു ഒന്നിനും ശല്യപ്പെടുത്താൻ വന്നില്ല.. പക്ഷേ അമ്മമ്മയ്ക്ക് അരികിൽ പോലും പോവാതെ പദ്മയ്ക്ക് കൂട്ടിരിക്കുന്നുണ്ടായിരുന്നു ആ കുഞ്ഞ് ….
♥️♥️♥️♥️♥️♥️

by