19/04/2026

ഈ നിമിഷം : ഭാഗം 31

രചന – രോഹിണി ആമി

ഹിമയ്ക്ക് ഇഷ്ടപ്പെട്ട കറി ആയിട്ട് വന്നതായിരുന്നു പദ്മ.. ചേച്ചിയും അച്ഛനും കഴിക്കുന്നുണ്ട്.. അമ്മ അടുത്ത് വിളമ്പി ഇരിക്കുന്നുണ്ട്.. പദ്മയും അടുത്തു വന്നിരുന്നു.. കൊണ്ടുവന്ന കറി എടുത്തു വിളമ്പി കൊടുത്തു ചേച്ചിക്ക്.. “നീ കഴിക്കുന്നില്ലേ”.. ഹിമ ചോദിച്ചു..

“ഇല്ല.. രണ്ടാളും കാത്തിരിപ്പുണ്ട് അവിടെ ഞാൻ ചെല്ലാൻ വേണ്ടി .. ഒരുമിച്ചേ കഴിക്കൂ.. ആ ചെറുത് പോലും.. ചേച്ചിക്ക് ഈ കറി ഇഷ്ടമല്ലേ.. തരാൻ വന്നതാ”.. പദ്മ പറഞ്ഞിട്ട് എഴുന്നേറ്റു..

“എങ്കിൽ പിന്നെ അവരെയും കൂടി വിളിച്ചൂടെ.. ഒരുമിച്ച് കഴിക്കാലോ”.. ഹിമ പറഞ്ഞപ്പോൾ അത്ഭുതത്തോടെ എല്ലാവരും അവളെ നോക്കി..

“ഉവ്വ.. അപ്പോൾ എങ്ങനാ മാധവൻ ഇവൾക്ക് വാരിക്കൊടുക്കുക.. ഞങ്ങൾക്ക് മുന്നിൽ ചെയ്യാൻ മടി ഇല്ലെങ്കിലും നിനക്ക് മുന്നിൽ അവൻ ചെയ്യുമെന്ന് തോന്നുന്നില്ല”.. അച്ഛൻ ഹിമയോടായി പറഞ്ഞു..

“ഒന്നു പോയേ അച്ഛാ.. ന്റെ മാധവനെ കളിയാക്കാതെ.. അച്ഛൻ ഞങ്ങൾക്ക് ഇപ്പോളും തരൂല്ലേ.. അമ്മയ്ക്കും കൊടുക്കൂലേ.. അപ്പോൾ അതോ”.. പദ്മ പറഞ്ഞിട്ട് അച്ഛന്റെ കയ്യിൽ നിന്നും ഒരു ഉരുള വാങ്ങി കഴിച്ചു.. അപ്പോഴേക്കും മിന്നുട്ടന്റെ അമ്മേ ന്നുള്ള വിളി കേട്ടു.. “വരുന്നൂ”.. പദ്മ പറഞ്ഞുകൊണ്ട് അങ്ങോട്ടേക്ക് പോയി..

“അവൾ ശരിക്കും ഒരു വീട്ടമ്മ ആയി അല്ലേ അച്ഛാ.. ഇപ്പോളും അച്ഛന്റേം അമ്മേടേം പിന്നിൽ നിന്നും മാറാതെ നടക്കുന്ന പദ്മയാ എന്റെ മനസ്സിൽ.. എന്തായാലും നല്ല കൈപ്പുണ്യം ഉണ്ട്”… ഹിമ കറി രുചിച്ചിട്ട് പറയുന്നത് കേട്ട് അച്ഛൻ അമ്മയെ ഒന്ന് നോക്കി.. ആദ്യമായിട്ടാണ് പദ്മയെക്കുറിച്ച് ഹിമ ഒരു നല്ലത് പറയുന്നത്.. അച്ഛൻ കണ്ണു കൊണ്ട് എന്തുപറ്റി ഇവൾക്ക് എന്ന് അമ്മയോട് ചോദിച്ചു.. അമ്മ കൈമലർത്തി കാണിച്ചു..

മാധവൻ പശുവിനു പുല്ലെടുത്തു കൊടുക്കുന്നതും നോക്കി ഇരിക്കയാണ് പദ്മയും മിന്നുവും.. അപ്പോഴാണ് അമ്മ അങ്ങോട്ടേക്ക് വന്നത്.. ഒന്നും മിണ്ടാതെ മാധവനെയും പദ്മയെയും മിന്നുവിനെയും ഒരുമിച്ച് നിർത്തി കണ്ണുദോഷം മാറാൻ ഉഴിഞ്ഞെടുത്തു.. ഹിമ എന്തോ പറഞ്ഞിട്ടുണ്ട് എന്ന് പദ്മയ്ക്ക് മനസ്സിലായി.. ഇത് പണ്ട് മുതലുള്ള അമ്മയുടെ ശീലമാണ്.. അമ്മയുടെ സന്തോഷത്തിന് വേണ്ടി നിന്നു കൊടുക്കും.. ഓരോരുത്തർക്കും ഓരോരോ വിശ്വാസങ്ങൾ.. ഇടയ്ക്കിടെ ഈ കലാപരിപാടി ഉണ്ടാവാറുണ്ട്.. മിന്നുവിന് പിന്നെ ഡെയിലി ഉണ്ട് … അതുകൊണ്ട് വല്യ പുതുമയില്ല ആർക്കും.. “ശ്ശേ പശു മാമയെക്കൂടി ചെയ്യിക്കാമായിരുന്നു അമ്മമ്മയെക്കൊണ്ട്”.. മിന്നു പറയുന്നത് കേട്ട് പദ്മ ചിരിച്ചു കൊണ്ട് അവളെ എടുത്ത് എന്നും ഇരിക്കുന്നിടത്തു പോയിരുന്നു, അവളെ മടിയിലിരുത്തി.. അമ്മയുടെ മാറിലൊട്ടി കിടന്നു കൊഞ്ചി.. അപ്പോഴേക്കും മാധവൻ വന്നു നെഞ്ചിലേക്ക് ചേർത്തിരുത്തി.. ഡെയിലി വിശേഷങ്ങൾ മൂന്നാളും പങ്കുവെയ്ക്കുന്നത് ഇങ്ങനെയാണ്.. നക്ഷത്രങ്ങൾ എണ്ണിക്കളിക്കുകയാണ് മിന്നു.. മാധവൻ പദ്മയുടെ തലയിൽ തലോടിയും..

“എന്റെ അമ്മയ്ക്ക് നിന്റെ സ്നേഹം അനുഭവിക്കാനുള്ള ഭാഗ്യം കിട്ടിയില്ലല്ലോ പദ്മാ.. ഇത്രയും നാൾ ഞാൻ വിചാരിച്ചിരുന്നത് അമ്മ ഭാഗ്യവതി ആയിരുന്നു എന്നാണ്.. എങ്കിൽ അല്ല.. അമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിക്കുവാ ഇപ്പോ.. നീയും ഞാനും അമ്മയും കുഞ്ഞും”.. ആകാശത്തേക്ക് നക്ഷത്രങ്ങൾ നോക്കി പറയുന്ന മാധവന്റെ മുഖത്തുകൂടി കൈ ഓടിച്ചു പദ്മ..

“ഈ മകന്റെയും സ്നേഹം അനുഭവിക്കാൻ പറ്റിയില്ലല്ലോ അമ്മയ്ക്ക്.. അത്രയ്ക്ക് ഒന്നും വരില്ല എന്റെ സ്നേഹം”.. മാധവൻ മുഖം തിരിച്ചു ഷർട്ടിൽ കണ്ണു തുടയ്ക്കുന്നത് കണ്ടു കവിളിൽ ഒരു അടി വെച്ചു കൊടുത്തു.. അമ്മയെ ഓർക്കുമ്പോൾ ഒക്കെയും മാധവന്റെ കണ്ണു നിറയും.. ആ നെഞ്ചിൽ അമ്മയെന്ന വലിയൊരു വിഷമം അലിയാതെ ഇപ്പോഴും കിടപ്പുണ്ട്.. കഴുത്തിൽ കയ്യിട്ട് ആ മുഖം പിടിച്ചു താഴ്ത്തി.. “ഈ മാധവനെ എനിക്ക് എന്തിഷ്ടമാണെന്ന് അറിയ്യോ.. ചെറിയ പ്രായത്തിൽ വിട്ടു പോയ അമ്മയെ ഓർത്ത് ഇപ്പോളും കണ്ണു നിറയ്ക്കുന്ന ഈ മാധവനെ”… ഇമയൊന്നു ചലിപ്പിക്കാതെ അവളുടെ കണ്ണുകളിലേക്ക് നോക്കി ഇരുന്നു മാധവൻ.. “അറിയാം അമ്മയുടെയും അച്ഛന്റെയും വിടവ് നികത്താൻ ആരെക്കൊണ്ടും സാധിക്കില്ലെന്ന്… എങ്കിലും ഞാനില്ലേ മാധവാ.. അമ്മയായിട്ടും കുഞ്ഞായിട്ടും ഒക്കെ. അതു പോരേ”.. കവിളിൽ ഉമ്മ കൊടുത്തു ചോദിച്ചു.. മതിയെന്ന രീതിയിൽ തോളിലേക്ക് മുഖം ചേർത്തു വെച്ചു പദ്മയുടെ ഉള്ളംകയ്യിൽ അമർത്തി ഉമ്മ വെച്ചു.. മിന്നൂട്ടി ഉറങ്ങാൻ തുടങ്ങിയിരുന്നു.. മാധവൻ എഴുന്നേറ്റു അവളെ കയ്യിലെടുത്തു..” അമ്മമ്മ കൊടുക്കുന്ന പാല് മുഴുവൻ കുടിച്ചു കുടിച്ച് ഗുണ്ടുമണിയായി.. പൊക്കാൻ കൂടി വയ്യെന്നായി”.. മിന്നൂട്ടിയുടെ കവിളിൽ അമർത്തി ഉമ്മ വെച്ചു മാധവൻ പറഞ്ഞു.. പൊട്ടിച്ചിരിക്കുന്ന പദ്മയെ കയ്യിൽ പിടിച്ച് എഴുന്നേൽപ്പിക്കുമ്പോൾ മിന്നായം പോലൊരാൾ ജനാലയ്ക്ക് അരികിൽ നിന്നും മാറുന്നത് മാധവൻ കണ്ടു.. ഹിമയെപ്പോലൊരാൾ..

ഡോർ അടയ്ക്കാൻ നോക്കിയപ്പോഴാണ് പദ്മ ചേച്ചിയുടെ മുറിയിലെ വെളിച്ചം കണ്ടത്.. ആ വീട് മൊത്തത്തിൽ ഉറങ്ങി.. പിന്നെ ചേച്ചി ന്ത്‌ ചെയ്യുവാ.. എന്തെങ്കിലും ടെൻഷൻ ഉണ്ടാവുമോ.. നാളെ എന്തായാലും ചേച്ചിയോട് ചോദിക്കണം എന്ന ഉറച്ച തീരുമാനം എടുത്തു.. ചീത്ത പറഞ്ഞാലും വേണ്ടില്ല.. മാധവൻ പറഞ്ഞത് സത്യമാണോന്ന് അറിയണം.. ചിന്തിച്ചു കൊണ്ട് റൂമിലേക്ക് എത്തിയ പദ്മയെയും കാത്ത് മാധവൻ ഉണ്ടായിരുന്നു.. “അപ്പോൾ നാളെ ഹിമയുടെ വായിലിരിക്കുന്നത് കേൾക്കാൻ തയ്യാറായി അല്ലേ”.. മാധവൻ ചിരിയോടെ ചോദിച്ചു.. എന്ത് മനസ്സിൽ വിചാരിച്ചാലും ഈ മനുഷ്യൻ കണ്ടു പിടിക്കൂലോ ദൈവമേ.. “വാ നാളെ ചീത്ത കേൾക്കാൻ ഉള്ളതല്ലേ എന്റെ പൊന്ന് നേരത്തെ ഉറങ്ങിക്കോ.. ക്ഷീണിക്കണ്ട”.. കയ്യും വിരിച്ചു കിടക്കുവാ.. എനിക്ക് പിന്നെ നാണവും മാനവും ഇല്ലാത്തത് കൊണ്ട് ആ കൈക്കുള്ളിൽ കയറി കിടന്നു.. പൊതിഞ്ഞു പിടിക്കാനും ചുംബനമഴ പെയ്യാനും, പദ്മയെ അതിലലിയിച്ചു ചേർക്കാനും ഒട്ടും താമസമുണ്ടായില്ല..

രാവിലെ തന്നെ ഒരു ചെക്കൻ വന്നു.. കൂടി വന്നാൽ ഒരു പതിനേഴു വയസ്സുണ്ടാവും.. ദീപക്.. അന്യസംസ്ഥാനക്കാരനാണ്.. ഒരുവിധം മലയാളം സംസാരിക്കും.. കേരളത്തിൽ വന്നിട്ട് വർഷങ്ങളായി.. നാട്ടിൽ അച്ഛനും അനിയത്തിയും മാത്രം.. അമ്മ ചെറുതിലെ മരിച്ചു പോയി.. അച്ഛന് പണിയെടുത്തു കിട്ടുന്നത് മുഴുവൻ മദ്യപിക്കാനേ തികയൂ.. അനിയത്തി അമ്മ വീട്ടിലാണ്.. അവളെ പഠിപ്പിക്കാനാണ് ഇവിടെ പണിക്ക് വന്നത്.. ഓട്ടോ സ്റ്റാൻഡിനു അടുത്തുള്ള ഒരു കടയിൽ നിൽക്കുവായിരുന്നു ചുമട് എടുക്കാൻ.. അതിനുള്ള ശമ്പളവും കിട്ടുന്നില്ല.. ആരോഗ്യം പോകുമെന്ന് അല്ലാതെ.. “അപ്പോ മരവേട്ടനാ എന്നോട് പറഞ്ഞത് ഇവിടെ സഹായിക്കാൻ നിന്നോളാൻ”…

“മരവേട്ടനോ”.. മിന്നു കളിയാക്കി വാ പൊത്തി ചിരിച്ചു.. മ്മ്.. ചുമ്മാതല്ല.. ചെക്കന്റെ കഥയൊക്കെ കേട്ടിട്ട് പണിക്ക് നിർത്തിയതാ .. സാധാരണ എല്ലാം തനിച്ച് ചെയ്യാനാ ഇഷ്ടം.. ഇതിപ്പോ മാധവേട്ടന്റെ ചെറുപ്പം ആണ് ആ ചെക്കനിൽ ആള് കാണുന്നത് .. സഹോദരി ഇല്ലെന്ന് മാത്രം.. കുഴപ്പക്കാരൻ അല്ലെന്ന് തോന്നുന്നു.. ഒരു ദൈന്യത ഉണ്ട് മുഖത്ത്.. അച്ഛനും ഇഷ്ടപ്പെട്ടു.. കഴിക്കാൻ കൊടുത്തു അടുത്തിരുന്നു.. ഇടയ്ക്കിടെ തന്നെയും മിന്നുവിനെയും നോക്കുന്നുണ്ട്.. കണ്ണു നിറയുന്നുണ്ട്.. അത് കണ്ടപ്പോൾ ഒരു വല്ലായ്മ.. കുഞ്ഞു മാധവനെ ഓർത്തുപോയി.. മാധവേട്ടനെ കാണണംന്ന് തോന്നുന്നു .. പദ്മ എഴുന്നേറ്റു പോയി ഓട്ടോ കഴുകുന്ന മാധവനെ പിറകിലൂടെ ചെന്നു കെട്ടിപ്പിടിച്ചു.. പുറത്ത് അമർത്തി ഉമ്മ വെച്ചു.. “എന്താണ്.. സാധാരണ ഇങ്ങനെ ഒന്നും ചെയ്യാറില്ലല്ലോ, മറ്റുള്ളവർ കാണും ന്ന് പറയുന്ന ആളാണ്‌ “.. കയ്യിൽ പിടിച്ചു മുന്നിലേക്ക് നിർത്തി ചോദിച്ചു.. കണ്ണിലെ നനവ് കണ്ടപ്പോൾ ആ മുഖത്തെ ചിരി മാഞ്ഞു.. എന്താന്ന് ചോദിക്കും മുന്നേ നെഞ്ചിൽ ചേർന്നു കെട്ടിപ്പിടിച്ചു.. ഒന്നും മിണ്ടാതെ ഒരു കൈകൊണ്ടു ചേർത്തു പിടിച്ചു മറ്റേ കൈകൊണ്ട് ഓട്ടോ തുടച്ചുകൊണ്ടിരുന്നു..

“നീ എന്തോ പറഞ്ഞെടാ എന്റെ കൊച്ചിനെ.. എന്തുപറ്റി അവൾക്ക്”.. പത്രം വായിച്ചുകൊണ്ടിരുന്ന അച്ഛൻ വിളിച്ചു ചോദിച്ചു.. മാധവൻ ഒന്ന് ചിരിച്ചു കാണിച്ചു.. അമ്മ താടിക്ക് കയ്യുംകൊടുത്തു നിൽപ്പുണ്ട്.. ദൈവമേ വന്നു വന്ന് ഇവിടം വരെയായോ… പദ്മ അച്ഛനരികിൽ വന്നിരുന്നു.. കയ്യിൽ കെട്ടിപ്പിടിച്ചു തോളിലേക്ക് തല വെച്ചു.. കുറച്ചു കഴിഞ്ഞു പറഞ്ഞു.. “നമ്മൾ മാധവന് അഭയം കൊടുത്തു.. ഇപ്പോ മാധവേട്ടൻ വേറൊരാൾക്കും.. ആ ചെക്കനെ കണ്ടപ്പോൾ പെട്ടെന്ന് ഓർത്തത് അന്ന് നമ്മുടെ വീടിന്റെ മുന്നിൽ നിൽക്കുന്ന മാധവനെയാ.. ഓർത്തപ്പോൾ വിഷമം വന്നു. സന്തോഷവും.. മറ്റൊരാൾക്ക്‌ അഭയം കൊടുക്കാൻ മാധവേട്ടൻ പ്രാപ്തൻ ആയല്ലോ എന്നോർത്തു “..

“അവൻ നല്ലവനാ.. ഇത് എനിക്ക് തെറ്റിയിട്ടില്ല.. എന്റെ മോള് ഭാഗ്യം ചെയ്തവളാ”.. അച്ഛൻ ഒന്ന് തലോടി..

മിന്നു ദീപകിനെ കൂട്ടി വരുന്നുണ്ട്.. “ദീപു ഭയ്യാ ഇത് അമ്മമ്മ ഹേ.. ഇത് അപ്പൂപ്പൻ ഹേ…. “… ഇതെന്താ ഒരു ഹേ.. എല്ലാവരും മുഖത്തോട് മുഖം നോക്കി.. അപ്പോൾ ദീപക് ആണ് പറഞ്ഞത് ഹിന്ദിയാണ് മിന്നു സംസാരിക്കുന്നതെന്ന്.. ആ പറഞ്ഞത് നന്നായി.. ഇല്ലെങ്കിൽ മനസ്സിലാവില്ലായിരുന്നു… ദീപു തന്നെയാണ് അവളോട് ഭയ്യാ എന്നു വിളിക്കാൻ പറഞ്ഞത്.. രണ്ടു ഹിന്ദി വാക്ക് സംസാരിക്കാൻ പറ്റിയതിന്റെ അഹങ്കാരം ഒക്കെ മിന്നൂട്ടന്റെ മുഖത്തുണ്ട്..

“പണി എടുക്കാൻ വരുന്നവർക്ക് അധികം സ്വാതന്ത്ര്യം കൊടുക്കരുത്.. ഇപ്പോഴത്തെ കാലമാണ്.. ഒരു കുഞ്ഞു കൊച്ച് ഉണ്ട്.. അതോണ്ട് പറഞ്ഞതാ”..ദീപു മാധവനരികിലേക്ക് പോയപ്പോൾ ഹിമ പറഞ്ഞു.. പറഞ്ഞത് സത്യം ആണെങ്കിലും ദീപു അങ്ങനെ ഒരാളാണെന്ന് തോന്നുന്നില്ല.. പദ്മ ദീപുവിനെ നോക്കി ചിന്തിച്ചു..

“എല്ലാവരെയും ഒരേ കണ്ണുകൊണ്ട് നീ അളക്കാതെ.. മാധവൻ ഉള്ളപ്പോൾ ഈ വീട്ടിൽ ഉള്ളവർക്ക് ഒന്നും സംഭവിക്കില്ല.. അവന്റെ കണ്ണ് എല്ലാവർക്കും മേലെയുണ്ട്.. പ്രത്യേകിച്ച് പദ്മയ്ക്കും മിന്നുവിനും ഒപ്പം”.. അച്ഛൻ ഹിമയ്ക്ക് മറുപടിയായി പറഞ്ഞു..

ഇന്നിപ്പോൾ സമയം പോയി, ചേച്ചിയോട് വൈകുന്നേരം സംസാരിക്കാമെന്ന് വെച്ചു മിന്നുവിനെയും കൂട്ടി റെഡിയാവാൻ പോയി.. എന്തൊക്കെയോ ദീപുവിന്റെ കയ്യിൽ നിന്നും പഠിച്ചു വെച്ചിട്ടുണ്ട്.. കുളിപ്പിച്ചുകൊണ്ട് നിൽക്കുമ്പോൾ ആ ഹിന്ദി മുഴുവൻ പദ്മയോട് പ്രയോഗിക്കുന്നുണ്ട്… “ചുപ് രഹോ ബേവകൂഫ്.. നഹി തോ മേം ചന്തിക്ക് നല്ല പെട തരും ഹേ”.. അറിയാവുന്ന ഹിന്ദിയിൽ അവളെ പേടിപ്പിച്ചു നിർത്തി.. വിരൽ വായിൽ വെച്ച് അമ്മ ഇതെപ്പോ പഠിച്ചു എന്ന രീതിയിൽ നിൽക്കുന്നുണ്ട്.. ഹല്ല പിന്നെ.. അവളുടെയൊരു ഹിന്ദി.. നേരെചൊവ്വേ മലയാളം പറയാത്തവളാ ഹിന്ദി ബോൽത്താൻ വന്നേക്കുന്നത്.. ദീപുവിന് ഭക്ഷണം എടുത്തു കൊടുക്കണം എന്ന് പറഞ്ഞേൽപ്പിച്ചു മാധവനു കവിളത്തു നല്ലൊരു കടി കൊടുത്തിട്ട് മിന്നൂട്ടിയെയും കൂട്ടി ഓടി സ്കൂട്ടി സ്റ്റാർട്ട്‌ ആക്കി ഓടിച്ചു പോയി.. പാവം കവിളിൽ കയ്യും വെച്ച് നിൽപ്പുണ്ട്..

ഊണൊക്കെ കഴിഞ്ഞ് മാധവനെ വിളിക്കാൻ മൊബൈൽ എടുത്തപ്പോൾ മാധവന്റെ മിസ്സ്‌കാൾ കണ്ടു.. അസമയത്തു വിളിക്കാറില്ലല്ലോ.. ഉച്ചക്ക് മാത്രേ വിളിക്കൂ.. ഒരൊറ്റ റിങ്ങിൽ കാൾ അറ്റൻഡ് ചെയ്തു.. “ഹോസ്പിറ്റൽ വരെ വരാൻ പറഞ്ഞു.. ടെൻഷൻ അടിക്കേണ്ട.. ഓട്ടോക്ക് വന്നാൽ മതിയെന്നും”.. കഴിച്ച ഭക്ഷണം മുഴുവൻ ഒരൊറ്റ നിമിഷം കൊണ്ട് ദഹിച്ചു.. വല്ലാത്തൊരു വെപ്രാളമായിരുന്നു ഓട്ടോയിൽ ഇരിക്കുമ്പോൾ.. എന്തോ വലുതായിട്ട് ഉണ്ട്.. ഇല്ലെങ്കിൽ തന്നെ കൂട്ടാൻ മാധവനല്ലേ വരിക.. ചിന്തകൾ പലവിധം പോയി…

ഹോസ്പിറ്റലിന്റെ മുൻപിൽ തന്നെയുണ്ടായിരുന്നു മാധവൻ.. പോക്കറ്റിൽ നിന്നും പൈസ എടുത്തു ഓട്ടോക്ക് കൊടുത്തിട്ട് പദ്മയുടെ കയ്യിൽ പിടിച്ചു നടന്നു .. ദയനീയമായി തന്റെ മുഖത്തേക്ക് നോക്കുന്ന പദ്മയെ ചേർത്തു പിടിച്ചു നടന്നു.. കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല… പിന്നീട് പറഞ്ഞു.. “ഹിമ ആത്‍മഹത്യയ്ക്ക് ശ്രമിച്ചു.. ഇപ്പോ ഒബ്സെർവേഷനിൽ ആണ്”..

വിഷമത്തിലുപരി അത്ഭുതമായിരുന്നു അത് കേട്ടിട്ട്.. ചേച്ചിയോ.. ആത്മഹത്യയ്ക്ക് ശ്രമിച്ചൂന്നോ.. ഹിമ എന്നുതന്നെ ആണോ മാധവൻ പറഞ്ഞത്.. മാധവന്റെ മുഖത്തേക്ക് വിശ്വാസം വരാത്ത രീതിയിൽ നോക്കി.. അടുത്തുള്ള ചെയറിലേക്ക് അവളെ പിടിച്ചിരുത്തി കൂടെയിരുന്നു.. “ഇപ്പോൾ കുഴപ്പം ഒന്നുമില്ല.. അച്ഛനെയും അമ്മയെയും ആശ്വസിപ്പിക്കാൻ പറ്റുന്നില്ല.. നീ വേണം ന്ന് തോന്നി.. അതാ വിളിച്ചത്”.. ഒന്നും മിണ്ടാതിരിക്കുന്ന പദ്മയുടെ തോളിൽ പിടിച്ചു കുലുക്കി.. “ഒന്നുമില്ലന്ന് പറഞ്ഞില്ലേ .. ഇങ്ങനെ തളർന്നാൽ ആരാ അവരെ ആശ്വസിപ്പിക്കുന്നത് .. ഞാനില്ലേ കൂടെ.. ഇങ്ങനെ വിഷമിക്കല്ലേ”.. ഒന്നു വിതുമ്പി പദ്മ.. കരയുന്നവളെ തലോടി ആശ്വസിപ്പിക്കാൻ മാത്രമേ അപ്പോൾ മാധവനു കഴിയുമായിരുന്നുള്ളു..

“എന്തിനാ ചേച്ചി ഇങ്ങനെ ചെയ്തേ”.. കരച്ചിലിന് ഇടയിലും പദ്മ ചോദിച്ചു..

“അറിയില്ല.. അത് ഹിമയ്ക്ക് മാത്രമേ അറിയൂ.. ഇന്നലെ നീ ചോദിച്ചപ്പോൾ ഞാൻ പോകാൻ സമ്മതിച്ചാൽ മതിയായിരുന്നു.. എങ്കിൽ ഇങ്ങനെ ആവുമായിരുന്നില്ല.. എന്റെ തെറ്റാ.. ഹിമ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല”.. മാധവൻ പറഞ്ഞപ്പോൾ പദ്മ വായ പൊത്തിപ്പിടിച്ചു.. ആ ഒരു വിഷമം മാധവന്റെ ഉള്ളിലുണ്ടെന്ന് മനസ്സിലായി.. താനിന്നലെ ചോദിച്ചാലും ചേച്ചി ഒന്നും തുറന്നു പറയണമെന്നില്ല.. അഭിമാനിയാണ് ഒപ്പം തന്റേടിയും..

അമ്മയുടെ ബഹളം കേട്ട് താൻ ചെല്ലുമ്പോൾ അച്ഛൻ കാലിൽ ഹിമയുടെ പിടിച്ചു നിൽക്കുവാരുന്നു.. കുരുക്കഴിച്ചു പെട്ടെന്ന് ഇങ്ങോട്ടേക്കു കൊണ്ടുപോന്നു.. മാധവൻ പറയുന്നത് കേട്ട് തളർന്നു തോളിലേക്ക് തല വെച്ചു.. പദ്മ ഒന്ന് ഓക്കേ ആയെന്നു തോന്നിയപ്പോൾ മാധവൻ എഴുന്നേറ്റു പദ്മയെ കൂടെ കൂട്ടി അകത്തേക്ക് നടന്നു…. ചെയറിൽ ചാരി തല ഭിത്തിയിൽ മുട്ടിച്ച് ഇരിപ്പുണ്ടായിരുന്നു അച്ഛൻ.. കൂടെ കണ്ണു തുടച്ചു അമ്മയും.. പദ്മയെ കണ്ടപ്പോൾ അമ്മയുടെ കരച്ചിൽ കുറച്ചുകൂടെ ശക്തിയിൽ ആയി.. അച്ഛൻ തല കുനിച്ചു.. അമ്മയുടെ അടുത്തിരുന്നു.. മാധവൻ അച്ഛനരികിലും.. “എന്തുണ്ടേലും പറഞ്ഞുകൂടായിരുന്നോ അവൾക്ക്.. നമ്മൾ ഇത്രയ്ക്കും അന്യരാണോ മോളേ.. അച്ഛൻ കണ്ടില്ലായിരുന്നുവെങ്കിലോ… “.. അമ്മ വിഷമം മുഴുവൻ പറഞ്ഞു കരയുവാണ്.. കയ്യിൽ തട്ടി ആശ്വസിപ്പിക്കാൻ മാത്രമേ പദ്മയ്ക്കായുള്ളൂ..

“ആ വെപ്രാളത്തിൽ ബോധം പോയതാ.. സൗണ്ട് ക്ലിയർ ആയിട്ടില്ല .. അധികമൊന്നും ചോദിച്ചു ടെൻഷൻ അടിപ്പിക്കേണ്ട.. കുറച്ചു കഴിയുമ്പോൾ റൂമിലേക്ക് മാറ്റാം.. എല്ലാവരും കൂടി നിൽക്കണ്ട.. ആള് നല്ല ഡിസ്റ്റർബ്ഡ് ആണ്.. ഇന്നൊരു ദിവസം ഇവിടെ കിടക്കട്ടേ.. നാളെ ഡിസ്ചാർജ് ചെയ്യാം”.. ഡോക്ടർ പറഞ്ഞപ്പോൾ എല്ലാവർക്കും ആശ്വാസമായി..

“അച്ഛനേയും അമ്മയെയും ഫേസ് ചെയ്യാൻ അവൾക്ക് ബുദ്ധിമുട്ട് ഉണ്ടാവും.. ഞാൻ നിന്നോളാം ഇവിടെ”.. പദ്മ പറഞ്ഞു.. അമ്മ നിൽക്കാമെന്നു പറഞ്ഞിട്ടും പദ്മ സമ്മതിച്ചില്ല.. കരഞ്ഞു പിഴിഞ്ഞ് ഇരിക്കും അമ്മ.. ആരും എതിരൊന്നും പറഞ്ഞില്ല.. വിഷ്ണുവിനെ അറിയിക്കേണ്ടേ എന്ന് ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞു വേണ്ടാന്ന്.. കുഴപ്പം ഒന്നുമില്ലല്ലോ.. നാളെ ഹിമ വീട്ടിൽ വരുമ്പോൾ തീരുമാനം എടുക്കാമെന്ന്.. കണ്ണുകൊണ്ട് യാത്ര പറഞ്ഞു അവർക്കൊപ്പം പോകുന്ന മാധവനെയും നോക്കി നിന്നു പദ്മ..

♥️♥️ഉടനെ വരും ♥️♥️