19/04/2026

ഈ നിമിഷം : ഭാഗം 38

രചന – രോഹിണി ആമി

പദ്മയ്ക്ക് ആ അപ്പന്റെയും മകളുടെയും പിന്നാലേ പോകണമെന്നുണ്ടായിരുന്നു.. പക്ഷേ ശരീരം ഒന്നിനും സമ്മതിക്കാത്തത് പോലെ.. ഒന്നു കിടന്നാൽ മതിയെന്നേ ഉള്ളൂ.. ഇപ്പോൾ മനസ്സിനും കൂടി തളർച്ചയാണ്.. വിഷ്ണുവും ഹിമയും ഹരിയും ഒരുമിച്ചിരുന്നു സംസാരിക്കുകയാണ്.. മിന്നു ആണ് വിഷയം.. “മിന്നു അങ്ങനെയൊന്നും പെരുമാറുന്നതല്ല.. ബുദ്ധിയുള്ള കുട്ടിയാ.. ഇന്നെന്തുപറ്റിയെന്ന് അറിയില്ല. കുഞ്ഞല്ലേ”.. അച്ഛൻ അവർക്കൊപ്പമിരുന്നു പറഞ്ഞു.. അമ്മമാർ രണ്ടാളും അടുക്കളയിൽ ആണ്.. അവിടെയും വിഷയം മിന്നു തന്നെ ആവും.. ആരെയും ശ്രദ്ധിക്കാതെ മെല്ലെ റൂമിലേക്ക് പോയി ബെഡിൽ കിടന്നതേ കണ്ണു നിറഞ്ഞൊഴുകാൻ തുടങ്ങി.. രണ്ടു കയ്യും വയറിൽ ചേർത്തു പിടിച്ചു ചുരുണ്ടു.. അച്ഛൻ ഇടയ്ക്കിടയ്ക്ക് വന്നു തലയിൽ തലോടി ഇരിക്കുന്നുണ്ട്.. മനസ്സ് മുഴുവൻ ആ അപ്പന്റെയും മകളുടെയും പിറകെയാണ്.. കുറച്ചു നേരത്തേക്കാണെങ്കിലും തന്നെ തനിച്ചാക്കിയതിൽ ദേഷ്യം തോന്നി.. അതിനുമപ്പുറം വിഷമം തോന്നി രണ്ടാളോടും..

മിന്നൂട്ടൻ ബെഡിൽ കയറി കമഴ്ന്നു കിടക്കുകയാണ്.. മാധവൻ അവൾക്കടുത്തു പോയി കിടന്നു.. കെട്ടിപ്പിടിച്ചു.. “അച്ഛേടെ മിന്നൂട്ടാ”..

മ്മ്..

കരയുവാണോ..

മ്ഹൂ…

എന്തുപറ്റി കുഞ്ഞിന്.. എന്താ വിഷമം ആയത്..

കുഞ്ഞാവ വേണ്ടാ അച്ഛാ.. കുഞ്ഞാവ വന്നാൽ അമ്മ നമ്മളെ ഇട്ടേച്ചും പോകും..

ഓഹോ.. അപ്പോൾ അതാണ് കാര്യം.. ജ്യോതിയുമായിട്ട് പദ്മയെ താരതമ്യം ചെയ്യുവാണ്.. “ഇല്ലെടാ .. ഈ അമ്മ നമ്മളെ ഇട്ടേച്ചും പോകുമെന്ന് തോന്നുന്നുണ്ടോ നിനക്ക്.. നമ്മളെ എന്തിഷ്ടവാ അമ്മയ്ക്ക്.. അല്ലേ”..

മ്മ്.. പക്ഷേ.. കുഞ്ഞാവ വേണ്ടാ അച്ഛാ.. എനിക്ക് ഇഷ്ടമല്ല..

“ഇത് അമ്മ പോകുമോന്നു ഓർത്തിട്ടാണോ അതോ മിന്നൂട്ടനോടുള്ള അമ്മയുടെ ഇഷ്ടം കുറയുവോന്ന് പേടിച്ചിട്ടാണോ.. അച്ഛനോട് സത്യം പറയ്”..

മിന്നു ഒന്നും മിണ്ടിയില്ല..”മ്മ് സാരമില്ല.. കുഞ്ഞിന്റെ സംശയം ഒക്കെ അച്ഛൻ തീർത്തു തരാം.. ഇപ്പോ അമ്മയെ വിഷമിപ്പിക്കരുത്.. വാ നമുക്ക് അമ്മയുടെ അടുത്തേക്ക് പോകാം.. അവിടെ വിഷമിച്ചു ഇരിക്കുവായിരിക്കും”..

“ഞാൻ വരൂല്ല.. ഇഷ്ടവില്ല”.. അവളുടെ വാശിക്കും നിർബന്ധത്തിനും ഇപ്പോൾ സംസാരിക്കുന്നത് ശരിയാവില്ലെന്ന് തോന്നി.. അവൾക്കൊപ്പം കിടന്നു.. മുടിയിൽ തലോടി.. അച്ഛന്റെ ചൂടു പറ്റി കിടക്കുമ്പോഴും മിന്നൂട്ടന്റെ മനസ്സിൽ നൂറു നൂറു ചിന്തകൾ ആയിരുന്നു..

ഒരു സ്റ്റെപ് പോലും വെക്കാൻ സാധിക്കുന്നില്ല.. തലയ്ക്കുള്ളിൽ എന്തൊക്കെയോ ബുദ്ധിമുട്ട്.. എഴുന്നേറ്റു നിൽക്കുമ്പോൾ ശരീരത്തിന് ഭാരമില്ലാത്തത് പോലെ ഒക്കെ തോന്നുന്നു.. അമ്മ ചോറുണ്ണാൻ വിളിച്ചപ്പോഴാണ് ഒന്ന് എഴുന്നേറ്റത്.. രണ്ടാളെയും വിളിക്കാൻ ഹിമ പോകാനൊരുങ്ങിയപ്പോൾ താൻ പൊക്കോളാമെന്ന് പറഞ്ഞു.. ദൂരം കൂടുതൽ പോലെ തോന്നി.. വീഴാതിരിക്കാൻ പിച്ച വെച്ചു നടന്നു.. വെയിൽ കൊള്ളുമ്പോൾ തീയിൽ നിൽക്കും പോലെ ഒക്കെ തോന്നി.. ചെന്നപ്പോൾ രണ്ടാളും കെട്ടിപ്പിടിച്ചു നല്ല ഉറക്കമാണ്.. തന്നെ മാത്രം ഒഴിവാക്കി.. അപ്പോൾ താനില്ലെങ്കിലും ഇവർക്ക് ഉറങ്ങാൻ കഴിയും അല്ലേ.. കണ്ണു നിറഞ്ഞൊഴുകി വീണ്ടും.. ഇന്നത്തെ ദിവസം തന്റെ കണ്ണു തോർന്നിട്ടില്ലെന്ന് ഓർത്തു പദ്മ.. ഉള്ളിൽ നല്ല വേദന തോന്നി.. ആ ഉറക്കം കളയാൻ മനസ്സ് വന്നില്ല.. കുറച്ചു നേരം കൂടി രണ്ടാളെയും നോക്കി നിന്നിട്ട് തിരിച്ചു പോന്നു..

രണ്ടാളും നല്ല ഉറക്കമാണെന്ന് പറഞ്ഞപ്പോൾ അച്ഛനാണ് എല്ലാവരേയും കഴിക്കാൻ പിടിച്ചിരുത്തിയത്.. അച്ഛന് പദ്മയെ പെട്ടെന്ന് മനസ്സിലാകും.. സന്തോഷം അഭിനയിച്ച് അവർക്കൊപ്പം പദ്മയും ഇരുന്നു.. ഒന്നും കഴിക്കാൻ കൂട്ടാക്കാഞ്ഞപ്പോൾ അമ്മ ജ്യൂസ്‌ കൊണ്ടു തന്നു..അത് നുണഞ്ഞുകൊണ്ടിരുന്നപ്പോൾ വിഷ്ണുവിന്റെ അമ്മ ചോദിച്ചു നിനക്ക് എന്തു കഴിക്കാനാണ് ഇപ്പോൾ ഇഷ്ടം തോന്നുന്നതെന്ന്.. ഒന്നും ചിന്തിക്കാതെ വിഷ്ണുവിനെ നോക്കി പറഞ്ഞു… “കല്യാണം”… കേട്ടതും വിഷ്ണുവിന്റെ ഉച്ചിയിൽ ഭക്ഷണം കയറി ചുമച്ചു.. ചേച്ചി തട്ടി കൊടുത്ത് വെള്ളം ഒക്കെ കൊടുക്കുന്നുണ്ട്.. കൊടുക്ക് കൊടുക്ക് എന്നെ കുറേ വെള്ളം കുടിപ്പിച്ചതാ.. അമ്മയും ഹരിയും പൊട്ടിച്ചിരിച്ചു.. ബാക്കി ഉള്ളവർക്കൊന്നും ഒന്നും മനസ്സിലായില്ല.. അമ്മയുടെ ചിരി കണ്ടപ്പോൾ പദ്മയ്ക്കും ചിരി വന്നു.. അന്ന് വിഷ്ണു കളിയാക്കിയപ്പോൾ താനേറെ ബുദ്ധിമുട്ട് അനുഭവിച്ചതാണ്, ഇന്നിപ്പോൾ അത് വെറുമൊരു തമാശ.. വിഷ്ണു തന്നെ നോക്കിപ്പേടിപ്പിക്കുന്നുണ്ട്.. “നീ കൊച്ചിനെ നോക്കിപ്പേടിപ്പിക്കുവൊന്നും വേണ്ട.. നീ പ്രയോഗിച്ച വാക്കുകൾ നിനക്കെതിരായിട്ട് വരുന്നതാ.. കേട്ടിട്ടില്ലേ കർമ ബൂമറങ് പോലെയാണെന്ന്.. തിരിച്ചു നമ്മിലേക്ക്‌ തന്നെ വന്നു ചേരും”.. അമ്മ പറഞ്ഞു..

ഭക്ഷണം എല്ലാം കഴിഞ്ഞപ്പോൾ ഹിമ പദ്മയ്ക്കരികിലേക്ക് വന്നു, കൂടെ കിടന്നു.. വയറിൽ കൈവെച്ചു..കെട്ടിപ്പിടിച്ചു.. “കൺഫേം ആയില്ലെടീ ചേച്ചീ.. അതിന് മുന്നേ നീ എന്നെ ഗർഭിണി ആക്കാതെ”..

“ഉറപ്പാ പെണ്ണേ.. പണ്ടുമുതലേ ഞാൻ കാരണം ഉണ്ടാക്കുന്ന വിഷമം എല്ലാം പരിഹരിക്കുന്നത് നീയാ.. ഇതും അങ്ങനെ തന്നാ.. എല്ലാവർക്കും സന്തോഷം ആയി.. നിനക്കൊഴികെ”.. ചേച്ചി അങ്ങനെ പറഞ്ഞതിന് അർത്ഥം പദ്മയ്ക്ക് പിടി കിട്ടി.. “എനിക്ക് വിഷമം ഒന്നുമില്ലെടീ..ആ രണ്ടു ജീവനും ഞാനില്ലാതെ അധികനേരം കഴിയാനാവില്ല.. ഉടനെ തന്നെ വരും”..

“മ്മ്.. എനിക്കറിയാം.. ഞാൻ വന്നത് ഒരു കാര്യം ചോദിക്കാനാ”..

ന്ത്‌..

“ഞാൻ വിഷ്ണുവേട്ടനൊപ്പം ഇപ്പോൾ പോണോ.. അതോ നിന്റെ കൂടെ കുറച്ചു ദിവസം കൂടി നിൽക്കണോ.. ഈ അവസ്ഥയിൽ നിന്റെ കൂടെ നിൽക്കണമെന്നുണ്ട് എനിക്ക്”..

“ഒന്നു പോയേ നീ.. ഒരു നിമിഷം പോലും കളയാതെ പോയി ജീവിക്കാൻ നോക്ക് ചേച്ചീ.. എനിക്ക് കൂട്ട് ഇവിടെ എല്ലാരും ഉണ്ട്… ഇനി വഴക്കൊന്നും ഇടരുത് കേട്ടോ.. ആ അമ്മയെ നല്ലോണം സ്നേഹിച്ചാൽ മതി, വിഷ്ണു എന്നൊരാൾ നിന്റെ പിന്നിൽ നിന്നും മാറാതെ നടന്നോളും”..

മ്മ്..

ടീ ചേച്ചീ.. നീ പദ്മയാകാൻ ഒന്നും ശ്രമിക്കേണ്ട കേട്ടോ.. ഹിമ ഹിമയായി ഇരുന്നാൽ മതി.. നീ നല്ലതാ.. മാപ്പ് ചോദിക്കാൻ തന്നെ നല്ലൊരു മനസ്സ് വേണം.. എനിക്ക് നിന്നെ ഭയങ്കര ഇഷ്ടവാ.. എനിക്ക് മാത്രമല്ല അച്ഛനും അമ്മയ്ക്കും എല്ലാം.. നീ അത് മനസ്സിലാക്കാതെ പോയതാണ്.. പഴയതൊന്നും ഓർക്കേണ്ട കേട്ടോ.. ജീവിതം അടിച്ചുപൊളിച്ചു ജീവിക്ക്.. ഇടയ്ക്ക് അച്ഛനെയും അമ്മയെയും ഒന്നു വന്നു കണ്ടാൽ മതി.. കുറച്ചു നേരം സ്നേഹത്തോടെ ഒന്ന് സംസാരിച്ചാൽ മതി.. അവർ ഹാപ്പിയാകും”..

മ്മ്..

“നീ കരയണ്ട.. സാരമില്ല… സമയം ഒന്നും കഴിഞ്ഞിട്ടില്ല.. ഒന്നിനും”.. ഹിമയുടെ കണ്ണു തുടച്ചു കൊടുത്തു..

“പോകണ്ടേ.. വരുന്നില്ലേ”.. വിഷ്ണു വാതിൽക്കൽ വന്നു ചോദിച്ചു.. ഹിമ മെല്ലെ പദ്മയെക്കൂടെ പിടിച്ചെഴുന്നേൽപ്പിച്ചു.. വിഷ്ണു അകത്തേക്ക് വന്നു പദ്മയുടെ മുന്നിൽ വന്നു നിന്നു.. “താങ്ക്സ് പദ്മാ……. പൊക്കോട്ടേ ഞങ്ങൾ”..

പോയിട്ട് വരാം ന്ന് പറയ്.. പദ്മ പറഞ്ഞു.. ഹിമയുടെ കൂടെ പോകുമ്പോൾ വിഷ്ണു ഒന്ന് തിരിഞ്ഞു നോക്കി.. പദ്മ രണ്ടാൾക്കും മനോഹരമായ ഒരു പുഞ്ചിരി കൊടുത്തു.. യാത്ര അയക്കാൻ വന്നപ്പോൾ അമ്മ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വെച്ചു.. ഇടയ്ക്ക് വരാമെന്നു പറഞ്ഞു.. കൂടെ ആരൊക്കെ ഉണ്ടെങ്കിലും പദ്മയുടെ കണ്ണുകൾ ആ വീട്ടിലേയ്ക്കായിരുന്നു.. അപ്പന്റെയും മോളുടേം അടുത്ത്..

“സാരമില്ല.. കുഞ്ഞല്ലേ.. പൊരുത്തപ്പെടാൻ കുറച്ചു നേരമെടുക്കും.. പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചാൽ മതി.. അതോർത്തിട്ട് താൻ ടെൻഷൻ ഒന്നും അടിക്കേണ്ട”.. പിന്നിൽ നിന്നുമുള്ള ശബ്ദം കേട്ടപ്പോൾ പദ്മ തിരിഞ്ഞു നോക്കി.. ഹരിയാണ്.. വീട്ടിലേക്ക് നോക്കി നിൽക്കുന്നത് കണ്ടപ്പോൾ പറഞ്ഞതാണെന്ന് തോന്നുന്നു..

“അതിന് ഞാൻ ഇങ്ങേരോട് വല്ലതും ചോദിച്ചോ അഭിപ്രായം പറയാൻ.. എന്റെ കുഞ്ഞല്ലേ. അതിനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കണമെന്ന് എനിക്കറിയാം.. ആദ്യം സ്വന്തമായിട്ട് ഒരു ജീവിതം ഉണ്ടാക്കാൻ നോക്ക്.. എന്നിട്ട് മതി ബാക്കിയുള്ളവന്റെ ജീവിതത്തിലോട്ട് എത്തി നോക്കുന്നത്”.. ഹരിയോട് പറയാനുള്ളതെല്ലാം പദ്മയുടെ മറുപടിയിൽ ഉണ്ടായിരുന്നു, തന്റെ ജീവിതത്തിൽ ഇടപെടരുതെന്നും മര്യാദക്ക് ഒരു കല്യാണം കഴിച്ചു ജീവിക്കാനും ഒക്കെ.. ഹരിയ്ക്കത് മനസ്സിലായതു പോലെ അയാളുടെ ചുണ്ടിൽ ചെറിയൊരു ചിരി ഉണ്ടായിരുന്നു..

അമ്മയ്ക്കും അച്ഛനും ചേച്ചിയുടെ സന്തോഷം കണ്ട് മനസ്സ് നിറഞ്ഞു.. കൈവീശി അവരെ യാത്രയാക്കുന്നുണ്ട്..

“ഹോസ്പിറ്റലിൽ പോകണ്ടേ മോളേ.. നല്ല ക്ഷീണം ഉണ്ടല്ലോ”.. അച്ഛൻ അടുത്തു വന്നിരുന്നു ചോദിച്ചു..

“മാധവൻ വരട്ടേ അച്ഛാ.. എന്നിട്ട് പോകാം”..

അങ്ങോട്ടേക്ക് പോകാൻ തുടങ്ങിയ അച്ഛനെ പിടിച്ചിരുത്തി.. “അവൻ വരും വരെ ഇങ്ങനെ ഇരിക്കാനാണോ.. അച്ഛൻ കൊണ്ടുപോകാം നിന്നെ”.. അച്ഛൻ പറഞ്ഞപ്പോൾ പദ്മ വേണ്ടെന്ന് കാട്ടി.. ഒരു ദീർഘ ശ്വാസം വിട്ടിട്ട് അച്ഛൻ അകത്തേക്ക് പോയി.. അമ്മയുടെ നെഞ്ചിലേക്ക് മുഖം വെച്ചു.. അമ്മയല്ലേ, പറയാതെ മനസ്സിലാക്കാനുള്ള കഴിവ് ഉള്ളതുകൊണ്ട് ഒന്നും ചോദിക്കാതെ ആ വീട്ടിലേക്ക് നോക്കി തന്റെ മുടിയിൽ തലോടി നിന്നു..

അമ്മ അടുക്കളയിൽ കൊണ്ടുപോയി അടുത്തിരുത്തി ചോറ് വാരിത്തന്നു.. മിന്നു എഴുന്നേൽക്കുമ്പോൾ കൊടുത്തോളാം ന്ന് പറഞ്ഞു.. ഒന്നുകൂടി പോയി നോക്കാൻ മനസ്സും ശരീരവും അനുവദിച്ചില്ല.. കിടക്കാൻ പോകും നേരം മനഃപൂർവം റൂമിന്റെ ഡോർ ലോക്ക് ചെയ്തു.. തന്നെ കാണാതെ ഇത്രയും നേരം ഇരിക്കാൻ രണ്ടാൾക്കും കഴിഞ്ഞില്ലേ.. ഇനിയും അതിന് കഴിയും.. ക്ഷീണം ഉള്ളതുകൊണ്ട് മാത്രം ഉറങ്ങിപ്പോയി..

ഡോറിലെ മുട്ട് കേട്ടാണ് എഴുന്നേറ്റത്.. അമ്മ ആയിരുന്നു.. നേരം ഇരുട്ടിയിരുന്നു.. ഇത്രയും നേരം താൻ ഉറങ്ങിയോ.. ദൈവമേ എന്റെ മാധവനും കുഞ്ഞും.. അവർക്കരികിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് മിന്നു അച്ഛന്റെ കൂടെ ഇരിക്കുന്നത് കണ്ടത്.. അടുത്ത് ചെന്നിരുന്നു.. “നീ ചോറുണ്ടോ മിന്നൂ”.. അവൾ ഒന്നും മിണ്ടാതെ തലയും കുനിച്ചിരുന്നു.. “അമ്മമ്മ വാരിക്കൊടുത്തു കുഞ്ഞിന് അല്ലേ”.. അച്ഛൻ ചോദിച്ചപ്പോൾ അവൾ തലയാട്ടി.. അച്ഛൻ എഴുന്നേറ്റു പോകാനൊരുങ്ങിയപ്പോൾ അവളും അച്ഛന്റെ കയ്യിൽ പിടിച്ചു എഴുന്നേറ്റു.. “മിന്നൂ ഇവിടെ വന്നേ”.. പദ്മ വിളിച്ചപ്പോൾ അവൾ അച്ഛനെ ഒന്ന് നോക്കി.. അച്ഛൻ പദ്മയെ ഒന്നു നോക്കി.. അതിലുണ്ടായിരുന്നു പിന്നീട് സംസാരിച്ചാൽ മതിയെന്ന്.. വല്ലാത്തൊരു വിമ്മിഷ്ടം തോന്നി പദ്മയ്ക്ക്.. മിന്നുവിനെ നോക്കി നിന്നു.. അവൾ മാധവനരികിൽ പോകുന്നതും മിണ്ടുന്നതും ദീപുവിനൊപ്പം ചിരിക്കുന്നതുമെല്ലാം നോക്കി നിന്നു.. മാധവൻ തന്നെയും മിന്നുവിനെയും മാറി മാറി നോക്കുന്നുണ്ട്.. ആരെയും കൂടുതൽ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി പദ്മ അകത്തേക്ക് പോയി..

രാത്രിയിൽ ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ മിന്നുവിന് നേരെ കൈ നീട്ടി അടുത്തേക്ക് വരാൻ.. അവൾ മാധവനോട് ചേർന്ന് ചേർന്ന് ഇരുന്നു.. തനിയെ ചോറു വാരിത്തിന്നുന്നവളെ കണ്ണ് ചിമ്മാതെ നോക്കിയിരുന്നു.. ഇന്ന് രാവിലെ വരെ വാരികൊടുക്കാതെ തിന്നില്ലായിരുന്നു.. പെറുക്കി പെറുക്കി കഴിക്കുന്നതിനിടയിൽ അറിയാതെ പോലുമൊന്ന് തന്നെ അവൾ നോക്കുന്നില്ല.. രണ്ടാളും എന്നെ കൂട്ടാതെ എന്തൊക്കെയോ സംസാരിച്ചിട്ടുണ്ടെന്ന് കണ്ടാലറിയാം.. മാധവൻ തന്നെ നോക്കുന്നതല്ലാതെ ഒന്നും മിണ്ടുന്നില്ല.. കഴിക്കുന്നതൊന്നും തൊണ്ടയിൽ നിന്നും ഇറങ്ങാതെ നിൽക്കുന്നു.. ഓരോ ഉരുളയ്ക്കും ഓരോ കവിൾ വെള്ളം കുടിച്ചിറക്കേണ്ടി വന്നു.. താൻ കഴിച്ചു തീരും വരെ മാധവൻ കൂടെ ഇരുന്നു.. കരയാനും കരയാതിരിക്കാനും വയ്യാത്ത ഒരവസ്ഥ.. മിന്നുവിനോട് ഇപ്പോഴെങ്ങും സംസാരിക്കേണ്ട.. അവളുടെ വാശി കുറച്ചു കുറയട്ടെ, ഇല്ലെങ്കിൽ പ്രശ്നം വഷളാവുംന്ന് അച്ഛൻ പറഞ്ഞതു കൊണ്ട് മാത്രം മിണ്ടാതെ പിടിച്ചു നിൽക്കുകയാണ്.. ആയിക്കോ.. എല്ലാവരുടെയും വാശിയും പിണക്കവും ഇണക്കവും ഒക്കെ കഴിഞ്ഞു വന്നാൽ മതി.. ഞാൻ ഇവിടെ തന്നെ കാണും.. ചില തീരുമാനങ്ങൾ മനസ്സിൽ എടുത്തു..

വീട്ടിലേക്ക് പോകാൻ നേരം മാധവൻ വന്നു കയ്യിൽ പിടിച്ചു.. “വാ വീട്ടിലേക്ക് പോകാം നമുക്ക്”.. അപ്പോഴും നോക്കിയത് തന്നോടൊന്നു മിണ്ടാതെ നടന്നു പോകുന്ന മിന്നുവിനെ ആയിരുന്നു.. ഇത്രയും നേരമൊന്ന് മിണ്ടാത്തതിന് ഉച്ചക്ക് തന്നെ തനിച്ചാക്കി ഉറങ്ങിയതിന് എല്ലാ ദേഷ്യവും കൂട്ടി ആ കൈ കുടഞ്ഞെറിഞ്ഞു പദ്മ.. തിരിഞ്ഞൊന്ന് നോക്കാതെ സ്വന്തം മുറിയിലേക്ക് പോയി..

ദേഷ്യം അല്ല.. ആരോടുമില്ല.. ആ കുഞ്ഞിനോട് ദേഷ്യം കാണിക്കാൻ മാത്രം ബുദ്ധിശൂന്യ അല്ല താൻ.. വിഷമം ആണ്.. ഉള്ളൂ നീറുവാണ്.. ഇതുവരെ തന്നോടോ കുഞ്ഞിനോടോ ഒന്ന് മിണ്ടാത്തതിൽ.. അതിനെ ഒന്നു തലോടാത്തതിൽ… എന്തോ നെഞ്ചിൽ കട്ടിയിൽ നിറഞ്ഞിരിക്കുവാണ്..

ഉറക്കത്തിൽ മിന്നൂട്ടനും മാധവനും മത്സരിച്ചു കുഞ്ഞിന് ഉമ്മ കൊടുക്കുന്നതും, കുഞ്ഞിച്ചുണ്ട് വയറിൽ വെച്ചു വർത്തമാനം പറയുന്നതും, തന്നെ പൊതിഞ്ഞു പിടിച്ചു രണ്ടാളും ഇരുവശത്തു കിടക്കുന്നതുമൊക്കെ സ്വപ്നം കണ്ടു.. ഞങ്ങളുടെ മാത്രം ലോകം.. ഞങ്ങളുടെ സ്വർഗം…… എഴുന്നേൽക്കുമ്പോൾ രണ്ടാളും ഉണ്ടായിരുന്നു തനിക്കരികിൽ.. അപ്പോൾ ഇന്നലെ അനുഭവിച്ചതൊന്നും സ്വപ്നം ആയിരുന്നില്ല.. ഉണർത്താതെ അവിടെ നിന്നും എഴുന്നേറ്റു രണ്ടിനെയും നോക്കി.. ഒരൊറ്റ ദിവസം കൊണ്ട് രണ്ടും കൂടി തനിക്ക് തന്നത് ഒരായുസ്സിന്റെ വിഷമം ആണ്.. ഓർക്കും തോറും വിഷമം ഏറി വരികയാണ്.. മകൾ അറിഞ്ഞില്ലെങ്കിലും അപ്പൻ അറിയണം ഞാൻ അനുഭവിച്ചതിന്റെ ഒരംശം എങ്കിലും.. പദ്മ എന്തൊക്കെയോ ഉറപ്പിച്ചു വാഷ്റൂമിലേക്ക് നടന്നു..

മിന്നു വിളിച്ചെഴുന്നേൽപ്പിച്ചപ്പോഴാണ് മാധവൻ എഴുന്നേൽക്കുന്നത്.. സാധാരണ പദ്മയാണ് വിളിക്കാറ്.. പിന്നെ അവളെയും നെഞ്ചിലിട്ട് കുറച്ചു നേരം കൂടി കിടക്കും.. ഒടുവിൽ വഴക്ക് പറഞ്ഞു രണ്ട് അടിയും തരുമ്പോഴാണ് എഴുന്നേൽക്കുക..

“അമ്മ പോയിന്ന് പറഞ്ഞു അമ്മമ്മ.. അപ്പൂപ്പൻ അമ്മയെ എവിടെയോ കൊണ്ടുപോയീന്ന്”.. മിന്നു വിതുമ്പി പറഞ്ഞു.. മാധവൻ ഒന്ന് ഞെട്ടി.. ദൈവമേ അന്നത്തെപ്പോലെ പിണങ്ങി പോയോ.. പെട്ടെന്ന് എഴുന്നേറ്റ് അമ്മയ്‌ക്കരികിൽ ചെന്നു ചോദിച്ചു പദ്മ എവിടെന്ന്..

അച്ഛനെയും കൂട്ടി രാവിലെ ഹോസ്പിറ്റലിൽ പോയിട്ടുണ്ട്.. ഞാനും കൂടി വരാമെന്നു പറഞ്ഞതാ.. മിന്നൂനെ സ്കൂളിൽ വിടണം.. ചോറ് കൊടുത്തു വിടണം എന്നും പറഞ്ഞു നിർത്തിയതാ എന്നെ..

“ഏത് ഹോസ്പിറ്റലിൽ”..

“അറിയില്ല.. നീ വിളിച്ചു നോക്ക്”..

വിളിച്ചിട്ടും കാൾ എടുക്കുന്നുണ്ടായിരുന്നില്ല.. അച്ഛനെ വിളിച്ചപ്പോൾ മൊബൈൽ അടുക്കളയിൽ ഇരുന്നു ബെല്ലടിക്കുന്നുണ്ടായിരുന്നു.. അപ്പോളേ മനസ്സിലായി ഇത് പദ്മയുടെ വാശി തീർക്കൽ ആണെന്ന്.. ഇന്നലത്തേതിന്റെ ബാക്കി..

ടിഫിൻ എടുത്തു മിന്നുവിന്റെ ബാഗിൽ വെച്ചു മുഴുവൻ കഴിക്കണമെന്ന് പറഞ്ഞു ഉമ്മയും കൊടുത്തു അമ്മമ്മ.. ഓട്ടോയിൽ ഇരിക്കുമ്പോളും മിന്നുവിന്റെ മുഖം തെളിയുന്നുണ്ടായിരുന്നില്ല.. ഇടയ്ക്കിടെ മാധവനെ നോക്കുന്നുണ്ട്.. “സാരമില്ലാട്ടോ.. വൈകുന്നേരം വീട്ടിൽ വരുമ്പോൾ അമ്മ ഉണ്ടാവും.. ഹോസ്പിറ്റലിൽ പോയതല്ലേ”.. അവളുടെ കവിളിൽ തട്ടി മാധവൻ ആശ്വസിപ്പിച്ചു ക്ലാസ്സിലേക്ക് പറഞ്ഞു വിട്ടു…

വീട്ടിൽ വന്നിട്ടും ഒരു സമാധാനം ഉണ്ടായിരുന്നില്ല.. അമ്മ നിർബന്ധിച്ചത് കൊണ്ടുമാത്രം എന്തോ കഴിച്ചുവെന്ന് വരുത്തി.. തുപ്പാനും ഇറക്കാനും കഴിയാതെ.. ഓരോ നിമിഷവും ഗേറ്റിലേക്ക് കണ്ണുകൾ പോയി.. ഇടയ്ക്കിടെ പദ്മയെ വിളിച്ചുകൊണ്ടിരുന്നു.. വല്ലാത്തൊരു ആധി വന്നു പൊതിയുന്നു.. ഒരു കാര്യമില്ലാതെ ദീപുവിനോട്‌ തട്ടിക്കയറി.. ദേഷ്യവും വിഷമവുമെല്ലാം ജീവനുള്ളതിനോടും ഇല്ലാത്തതിനോടും ഒക്കെ തീർത്തു കൊണ്ടിരുന്നു..

♥️ഉടനെ വരും♥️