ഈ നിമിഷം..24
പദ്മയ്ക്ക് മനസ്സിൽ നല്ല ടെൻഷൻ ഉണ്ടായിരുന്നു.. ഇനിയും ചേച്ചി ഓരോന്ന് വിളിച്ചു പറഞ്ഞാൽ അച്ഛന്റെ ആരോഗ്യത്തെ അത് ബാധിക്കുമോന്ന്.. അത് മാധവനോട് പറയുകയും ചെയ്തു.. പദ്മയെ ആയിരിക്കില്ല ഹിമ വല്ലതും പറയുക, എന്നെ ആവും.. അച്ഛൻ അത് നോക്കിക്കോളും.. പേടിക്കേണ്ടന്ന് പറഞ്ഞു ആശ്വസിപ്പിച്ചു.. എന്നാലും ഹിമയെ ശരിക്കും അറിയാവുന്ന പദ്മ അത് പൂർണ്ണമായും മനസ്സിൽ നിന്നും കളഞ്ഞില്ല.. ഏതു നിമിഷം വേണമെങ്കിലും ഒരു ബോംബ് പൊട്ടിക്കാൻ ഹിമ വരുന്നതും കാത്തിരുന്നു പദ്മ..
വിചാരിച്ചതുപോലെ തന്നെ ഹിമ രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഹാജരായി കൂടെ വിഷ്ണുവും.. പദ്മയ്ക്ക് നേരെയുള്ള വിഷ്ണുവിന്റെ നോട്ടം കണ്ടാൽ തോന്നും അയാളെ ഇട്ടേച്ചു പദ്മ മാധവന്റെ കൂടെ പോയതാണെന്ന്.. ഹിമയ്ക്ക് ഒരു സ്റ്റാറ്റസ് ഒക്കെയുണ്ട് പോലും.. അപ്പോൾ അനിയത്തി ഒരു കുട്ടി ഉള്ളയാളെ വിവാഹം കഴിക്കുന്നത് കുറച്ചിൽ ആണ് പോലും.. അതും ഒരു കൃഷിക്കാരനെ.. ഹിമ പറഞ്ഞു കഴിയട്ടെ എന്നു വിചാരിച്ചു കേട്ടിരുന്നു മൂന്നാളും.. പദ്മയെ ന്യായീകരിച്ചു സംസാരിച്ചതിന് വിഷ്ണുവിന്റെ അമ്മയോട് വരെ ദേഷ്യപ്പെടേണ്ടി വന്നുവെന്ന് ഹിമയുടെ നാവിൽ നിന്നുമറിഞ്ഞു.. അത് പദ്മയെ ഒരുപാട് വേദനിപ്പിച്ചു.. പിന്നീട് മൗനമായിരിക്കാൻ പദ്മയെക്കൊണ്ടായില്ല..
“ചേച്ചി പറഞ്ഞതെല്ലാം ഞാൻ കേട്ടു.. സമ്മതിക്കുന്നു.. മാധവൻ ഒരു കുട്ടിയുടെ അച്ഛനാണ് പിന്നെ സമ്പത്തോ കുടുംബമോ ഒന്നും ഇല്ലാത്തയാളാണ്.. ഇതൊക്കെയും അറിഞ്ഞു വെച്ചിട്ട് തന്നെയാ ഞാൻ അദ്ദേഹത്തിനെ സ്നേഹിച്ചത്.. അതൊന്നും എന്റെ കണ്ണിൽ ഒരു കുറവ് ആയിട്ട് തോന്നിയിട്ടില്ല.. എന്നോട് ചേച്ചി പറഞ്ഞത് നിങ്ങളുടെ വീട്ടിൽ നിന്നും ഒരു ആലോചന ഉണ്ടാവരുതെന്നാണ്.. ഞാൻ അത് അനുസരിച്ചിട്ടുമുണ്ട്.. ഇത് എന്റെ ജീവിതം അല്ലേ ചേച്ചി.. നീ തിരഞ്ഞെടുത്തത് പോലെ തിരഞ്ഞെടുക്കാൻ എനിക്കും അവകാശമില്ലേ”..
“ബുദ്ധിമോശം പറയരുത് പദ്മേ.. വിഷ്ണുവേട്ടനെ പോലെയാണോ അയാൾ.. രണ്ടും തമ്മിൽ ഒരുപാട് ഡിഫറെൻസ് ഉണ്ട്.. നിനക്ക് എങ്ങനെ തോന്നി വിഷ്ണുവേട്ടനെ വെച്ച് അയാളെ കമ്പയർ ചെയ്യാൻ”..
“ശരിയാണ് ചേച്ചി പറഞ്ഞത്.. ചേച്ചിയുടെ ഭർത്താവിനെ വെച്ച് താരതമ്യം ചെയ്യാൻ പാടില്ല.. അത് മാധവനാണ് കുറച്ചിൽ.. പഠിപ്പും സമ്പത്തും ഇല്ലെന്നേ ഉള്ളൂ ചേച്ചീ, ഒരാളെ മനസ്സിലാക്കാനും സഹായിക്കാനും സ്നേഹിക്കാനും മാധവനെ വെല്ലാൻ ആകില്ല നിന്റെയീ ഭർത്താവിന്”.. പദ്മ വിട്ടു കൊടുത്തില്ല..
“ഞാൻ പറഞ്ഞിട്ടില്ലേ വിഷ്ണുവേട്ടാ ഇവൾ വെറുമൊരു ഫൂൾ ആണ്.. ഇമോഷണൽ ഫൂൾ.. അയാളൊന്ന് കരഞ്ഞു കാണിച്ചു അവിടെ അവൾ വീണു.. യാതൊരു ലക്ഷ്യമോ, അല്ലെങ്കിൽ എന്തെങ്കിലുമൊന്ന് നേടണമെന്നോ ഒന്നുമില്ല.. കിട്ടുന്നത് എന്തായാലും മതി എന്നാണ് അവൾക്ക്.. അങ്ങനെ ആയിരുന്നു നിന്റെ മനസ്സിൽ എങ്കിൽ ഞാൻ എന്റെ ഓഫീസിൽ ഉള്ള സീനിയർന് ഒന്ന് ആലോചിച്ചേനെ.. അയാൾക്കും കുട്ടിയുണ്ട്.. ഡിവോഴ്സ് ചെയ്തതാണ്.. എനിക്കെങ്കിലും കുറച്ചു പ്രയോജനം ഉണ്ടായേനെ”..
എല്ലാവരുടെയും ഞെട്ടിയുള്ള നോട്ടം കണ്ടപ്പോൾ ഹിമയ്ക്കും തോന്നി കുറച്ചു കൂടിപ്പോയെന്ന്.. വിഷ്ണു വരെ ആദ്യമായിട്ട് കാണും പോലെയാണ് നോക്കുന്നത്.. പദ്മയുടെ മുഖത്തു വിഷമം ഉണ്ടെങ്കിലും അവളത് കാണിക്കുന്നില്ല.. അമ്മ നിന്ന് വിതുമ്പുന്നുണ്ട്.. ശ്ശേ.. വേണ്ടായിരുന്നു സ്വയം കൈ തിരുമ്മി.. ദേഷ്യം വന്നപ്പോൾ അറിയാതെ പറഞ്ഞു പോയതാണ്.. “ആരും വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല ഞാൻ.. ഇയാളെ കല്യാണം കഴിക്കുന്നതിലും നല്ലത് അതല്ലായിരുന്നോന്ന് ഞാൻ ചോദിച്ചതാ.. അതാണെങ്കിൽ ആവശ്യത്തിന് സ്വത്തെങ്കിലും ഉണ്ട്.. ഇവൾക്ക് കഷ്ടപ്പെടേണ്ടി വരില്ല.. ഒന്നുമല്ലെങ്കിലും എനിക്ക് നാണക്കേടില്ലാതെ പറയാമല്ലോ എന്റെ അനിയത്തിയെ കെട്ടിയിരിക്കുന്നത് ഇന്നയ്യാളാണെന്ന് “.. പറഞ്ഞുപോയതിന്റെ കുറ്റബോധത്തിൽ ഹിമ സ്വയം ന്യായീകരിച്ചു പറഞ്ഞു..
“നിനക്കു മാത്രമേ ഇങ്ങനെയൊക്കെ ചിന്തിക്കാൻ കഴിയൂ മോളേ.. നന്നായെന്നു തോന്നുന്നു ഞാനിപ്പോൾ മാധവന്റെയും പദ്മയുടെയുടെയും കാര്യത്തിൽ ഇങ്ങനൊരു തീരുമാനം എടുത്തത്.. ഇല്ലെങ്കിൽ എനിക്കെന്തെങ്കിലും ഒന്ന് വന്നു പോയാൽ നീ അവളെ ലാഭത്തിനു വിൽക്കുമല്ലോ”.. അച്ഛന്റെ കണ്ണു നിറഞ്ഞു പോയി..
“അച്ഛൻ ഇങ്ങനൊക്കെ വളച്ചൊടിക്കണ്ട.. ഞാൻ ദേഷ്യത്തിൽ പറഞ്ഞു പോയതാണ്.. അവൾ എന്റെ അനിയത്തി അല്ലേ .. അവൾക്ക് നല്ലതു വരാനേ ഞാനും ആഗ്രഹിക്കൂ.. അവൾ ആരെ വേണമെങ്കിലും കെട്ടിക്കോട്ടെ.. പക്ഷേ അതൊരു ഗതിയുള്ളവനെ ആകണമെന്നേ ഞാൻ പറഞുള്ളൂ.. ഇന്നത്തെ കാലത്ത് ഈ ഓട്ടോ ഓടിയും കൃഷി ചെയ്‌തും കിട്ടുന്നത് മതിയോ ജീവിക്കാൻ “.. ഹിമ ചോദിച്ചു ..
“ഹിമ പറഞ്ഞതിലും കാര്യമില്ലേ അച്ഛാ.. മുന്നോട്ട് ജീവിക്കണമെങ്കിൽ സ്നേഹം ഒന്നു മാത്രം പോരല്ലോ.. ഇത്രയും സുഖത്തിലും സന്തോഷത്തിലും ജീവിച്ചു വളർന്ന പദ്മയ്ക്ക് ഇല്ലായ്മയിലൊന്നും ജീവിക്കാൻ ആവില്ല.. ഇതൊക്കെ വെറും സിംപതിയുടെ പുറത്തുള്ള എടുത്തുചാട്ടം മാത്രമാണ്. ഒരു വീട് പോലുമില്ലാത്തവനൊക്കെ മകളെ കൊടുക്കാൻ അച്ഛനെങ്ങനെ തോന്നി “.. വിഷ്ണു പദ്മയെ നോക്കി അച്ഛനോടായി ചോദിച്ചു ..
“ജീവിക്കാൻ പണവും സൗകര്യങ്ങളും മാത്രം പോരാ.. സ്നേഹം കൂടി വേണമെന്ന് ഇനിയും മനസ്സിലാക്കിയിട്ടില്ലേ.. ഇല്ലായ്മയിൽ ജീവിക്കാൻ അവളെക്കൊണ്ട് കഴിയും.. എന്റെ കുഞ്ഞിനെ ശരിക്കും മനസ്സിലാക്കാത്തത് കൊണ്ടാണ് ഇങ്ങനെ ഒക്കെ പറയാൻ തോന്നുന്നത് തന്നെ”..
“അവന്റെ കയ്യിൽ എന്റെ കുഞ്ഞ് സുരക്ഷിതം ആയിരിക്കുമെന്ന് മറ്റാരേക്കാളും എനിക്കുറപ്പുണ്ട്.. അവൾക്ക് വിഷമിക്കേണ്ടി വരില്ല.. പട്ടിയെ ഉപേക്ഷിക്കും പോലെ അവനൊരിക്കലും വഴിയിൽ ഉപേക്ഷിക്കില്ല”.. അച്ഛൻ അത്രയും പറഞ്ഞപ്പോളേക്കും വിഷ്ണുവിന്റെ തല കുനിഞ്ഞു.. ഒപ്പം പത്തിയും താഴ്ന്നു..
“അച്ഛൻ വിഷ്ണുവേട്ടനെ വെറുതെ തെറ്റ് പറയണ്ട.. ഇതിപ്പോൾ അയാളാണ് കോളടിച്ചത്.. പദ്മയും കൂടെ അവളുടെ സ്വത്തും.. അയാളുടെ കൊച്ചിനെ നോക്കാൻ ഫ്രീ ആയിട്ട് ഒരാളും”.. ഹിമ പറഞ്ഞു..
“സത്യമാണ് ചേച്ചി പറഞ്ഞത്.. കോളടിച്ചത് അദ്ദേഹമാണ്.. സ്വന്തമായി ഒരു അച്ഛനും അമ്മയും പിന്നെ ഞാനും.. എന്റെ സ്വത്തോ അച്ഛന്റെ സമ്പാദ്യമോ ഒന്നും അദ്ദേഹത്തിന് വേണ്ടാ.. അധ്വാനിക്കാനുള്ള മനസ്സ് ഉണ്ട്.. ഉള്ളതിൽ നിന്നും ഒരു പങ്ക് ഉറപ്പായും തരും.. ആ ഒരുറപ്പ് പോരേ എനിക്ക്”..
“അതൊക്കെ ആദ്യം അങ്ങനെയേ പറയൂ.. പിന്നീട് തനിഗുണം കാണിക്കും..അല്ലെങ്കിൽ നീ നോക്കിക്കോ”.. ഹിമ വിരൽ ചൂണ്ടി പറഞ്ഞു..
“അത് ശരിയാണ്.. അച്ഛനൊരു നെഞ്ചു വേദന വന്നപ്പോൾ അയാളുടെ തനിഗുണം ഞാൻ കണ്ടതാണ്.. നീ കളിയാക്കിയ ആ ഓട്ടോയിൽ സമയത്തു കൊണ്ടുപോയി രക്ഷപ്പെടുത്തി .. രാത്രിയിൽ മുഴുവൻ ഹോസ്പിറ്റലിൽ അച്ഛന് കാവലായി ഇരുന്നു .. ഇന്നും അച്ഛൻ ഇങ്ങനെ ഇരിക്കുന്നുണ്ടെങ്കിൽ കാരണം അയാൾ ആണ്.. അന്നൊന്നും ഈ പറയുന്ന ആരെയും ഞാൻ കണ്ടില്ല ഒന്ന് ആശ്വസിപ്പിക്കാനോ കൂട്ടിരിക്കാനോ ഒന്നും”..പദ്മ പറഞ്ഞു..
ഹിമ അച്ഛനെ ഒന്നു നോക്കി.. വിഷമം ഉണ്ടെങ്കിലും ഹിമ സ്വയം വിട്ടുകൊടുത്തില്ല.. “എന്നോട് ആരുമൊന്ന് പറയാതെ ഞാൻ എങ്ങനെ അറിയാനാണ്.. ഒരാളെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ ആരെക്കൊണ്ടും പറ്റും.. അതിന് ഇത്രയും കേമത്തരം പറയേണ്ട കാര്യമില്ല.. ഇതായിരുന്നോ നീ അയാളിൽ കണ്ട മേന്മ.. കഷ്ടം തന്നെ”..
“മാധവൻ കൊണ്ടുപോയി രക്ഷിച്ചത് എന്റെ അച്ഛനെയാണ്.. വല്ലവരേയും അല്ല.. എനിക്കത് കേമത്തരം തന്നെയാണ് ചേച്ചീ.. നന്ദിയും കടപ്പാടുമുണ്ട് ആ മനുഷ്യനോട്.. നിനക്ക് അതൊന്നും മനസ്സിലാവില്ല”..
“ഇങ്ങനെ ഒക്കെ പറയാൻ എങ്ങനെ തോന്നുന്നു ഹിമേ നിനക്ക്”.. അത്രയും നേരം മിണ്ടാതെ നിന്ന അമ്മയാണ്.. അമ്മ പറയാൻ തുടങ്ങിയാൽ കരഞ്ഞുകൊണ്ടേ അതവസാനിപ്പിക്കൂ.. “ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ ആരെക്കൊണ്ടും പറ്റും.. ശരിയാണ്.. പക്ഷേ സമയത്തു കൊണ്ടുപോയാലേ വല്ല പ്രയോജനം ഉള്ളൂ .. അന്ന് മാധവൻ ഇല്ലായിരുന്നുവെങ്കിൽ രണ്ടു ശവങ്ങൾ കാണേണ്ടി വന്നേനെ നിങ്ങൾക്ക്.. അറിയില്ല നിനക്ക്, അവൻ അന്ന് എന്തുമാത്രം ആശ്വസിപ്പിച്ചിട്ടാണ്ന്ന് അറിയോ ഞാൻ ഒന്ന് ശ്വാസം വലിച്ചു വിട്ടത് പോലും.. എല്ലാം നീ കാരണം.. അന്ന് പദ്മയോട് ദേഷ്യപ്പെട്ടു പോയപ്പോഴാണ് അച്ഛന് നെഞ്ചു വേദന വന്നത്.. അറിയോ.. ആരെയും അറിയിക്കേണ്ട എന്നത് എന്റെ തീരുമാനം ആയിരുന്നു.. നിന്റെ സമയം നഷ്ടപ്പെടുത്തേണ്ട എന്നു തോന്നി”.. അമ്മ കണ്ണൊന്നു തുടച്ചു..വീണ്ടും പറഞ്ഞു.. “പദ്മക്ക് ഭർത്താവ് ആയിട്ട് മാത്രമല്ല മാധവൻ ഇപ്പോൾ ഈ വീട്ടിലെ ഒരംഗം കൂടിയാണ്”..
“ഓഹോ വെളിയിൽ നിന്ന് വന്നവൻ പോലും ഈ വീടിന് സ്വന്തം ആണ്.. അപ്പോൾ ഞാൻ ആരാണ് ഈ വീട്ടിലെ.. എനിക്കെന്താ ഈ വീട്ടിൽ സ്ഥാനം ഉള്ളത്”.. ഹിമ കുറച്ചു ദേഷ്യത്തോടെ അതിലേറെ വിഷമത്തോടെ ചോദിച്ചു..
“അത് നീ തന്നെ ചിന്തിച്ചു നോക്ക്.. ഞങ്ങളെ ഒന്ന് വന്നു കാണാനോ എന്തിന് മിണ്ടാൻ കൂടി നിനക്ക് സമയം ഉണ്ടോ.. ആ നിന്നോട് എന്തു പറയാൻ”.. അച്ഛൻ വേദനയോടെ ചോദിച്ചു..
“വല്ലവനെയുമൊക്കെ വീട്ടിൽ കേറ്റി താമസിപ്പിച്ചോ.. വല്ലതും ചെയ്തിട്ട് ഉള്ളത് മുഴുവൻ അടിച്ചോണ്ട് പോകുമ്പോൾ പഠിക്കും എല്ലാം.. അന്നേ പഠിക്കൂ”.. വാശിയും ദേഷ്യവും കൊണ്ട് ഹിമ പറഞ്ഞു..
പദ്മ എന്തോ പറയാൻ തുടങ്ങിയതും മിന്നു വന്ന് ഒട്ടിച്ചേർന്നു.. വാതിൽക്കൽ എല്ലാം കേട്ടുകൊണ്ട് മാധവനും.. ഹിമ ആദ്യമായി കാണുകയായിരുന്നു രണ്ടാളെയും.. ഓട്ടോ ഓടിക്കുന്നവൻ കൃഷിക്കാരൻ എന്നൊക്കെ പറഞ്ഞപ്പോൾ ഒരു രൂപം ഉണ്ടായിരുന്നു മനസ്സിൽ.. പക്ഷേ ഇതിപ്പോൾ.. ഇരുനിറത്തിൽ എന്തുകൊണ്ടും യോഗ്യനായ ഒരു മനുഷ്യൻ.. മാധവൻ വന്നു പദ്മയ്‌ക്കൊപ്പം നിന്നു.. നല്ല ചേർച്ചയുണ്ട് രണ്ടാളും.. പദ്മ കുറച്ചൊരു ബുദ്ധിമുട്ടോടെ അയാളെ നോക്കുന്നുണ്ട്.. അയാൾ ഒരു ചിരിയോടെ അവളുടെ മുഖത്ത് നോക്കുന്നുണ്ട്.. കണ്ണുകൾ മാത്രമേ ചലിക്കുന്നുള്ളൂ രണ്ടാളുടെയും, കണ്ണുകൾ കൊണ്ട് എല്ലാം സംസാരിക്കുകയാണ്ന്ന് തോന്നിപ്പോകും .. ഹിമയുടെ കണ്ണുകൾ പദ്മയുടെ വയറിൽ മുഖം ചേർത്തു വെച്ചു തന്നെ ഒളികണ്ണിട്ടു നോക്കുന്നവളുടെ നേർക്കായി.. ഹിമ നോട്ടം മാറ്റിക്കളഞ്ഞു..
“എല്ലാം അടിച്ചുകൊണ്ട് പോകാൻ ആയിരുന്നെങ്കിൽ അച്ഛൻ ഹോസ്പിറ്റലിൽ ആയപ്പോഴേ എന്നെക്കൊണ്ട് സാധിച്ചേനെ.. ഇന്നെനിക്ക് അച്ഛന്റെ അലമാര തുറക്കാൻ വരെയുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ട് ഇദ്ദേഹം .. പക്ഷേ എനിക്കീ വീട്ടിൽ നിന്ന് ഈ മൂന്നു ജീവൻ അല്ലാതെ വേറൊന്നും ആവശ്യമില്ല.. എന്റെ ഭാര്യയ്ക്കും അതല്ലാതെ വേറൊന്നും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല”.. “ഉണ്ടോ”.. പദ്മയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.. അവൾ ചിരിയോടെ കണ്ണടച്ചു കാണിച്ചു.. അവരെ രണ്ടാളെയും നോക്കുമ്പോൾ നോക്കുന്നവരുടെ മുഖത്തും ഒരു നാണം തെളിയും.. അത്രയും മനോഹരമായി രണ്ടാളും മൗനമായി പ്രണയിക്കും പോലെ.. “എനിക്ക് ഒന്നും വേണ്ടാ..പദ്മയുടെ ചേച്ചി ആവശ്യമില്ലാത്തത് ഒന്നും ചിന്തിക്കേണ്ട”..
“അതു പറയാൻ നിങ്ങൾ ആരാണ്.. ഞാൻ എന്റെ വീട്ടുകാരോട് ആണ് സംസാരിക്കുന്നത്.. അതിനിടയിൽ ഇങ്ങോട്ട് കയറി വരാൻ ആരാണ് പറഞ്ഞത്”.. ഹിമയ്ക്ക് മാധവന്റെ സംസാരം ഇഷ്ടമാവാതെ ചോദിച്ചു..
“നിങ്ങൾക്ക് ഞാൻ ആരുമല്ലായിരിക്കും.. പക്ഷേ ഈ മൂന്നു ജീവൻ എവിടെയുണ്ടോ അവിടെ ഞാനും കാണും അവർ വേണ്ടാന്നു പറയും വരെ.. ഞാൻ നിങ്ങളുടെ സ്വത്തിന്റെ കണക്കെടുക്കാൻ ഒന്നും വന്നതല്ല ഇങ്ങോട്ട്.. ഇപ്പോൾ ഈ സംസാരത്തിന്റെ കാരണം ഞാൻ ആയതുകൊണ്ട് മാത്രം വന്നതാണ്.. എന്റെ തീരുമാനം പറഞ്ഞിട്ട് ഞാൻ അങ്ങു പൊയ്ക്കോളാം.. ഇനിയാരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ ഭൂമിയിലുള്ള വിലപിടിപ്പുള്ളത് എന്തു തരാമെന്നു പറഞ്ഞാലും പദ്മയെ ഞാൻ വിട്ടു കളയില്ല.. എനിക്ക് യോഗ്യതയില്ലെന്നും പറഞ്ഞു വേറൊരുത്തനും ഇനി പദ്മയെ കൊടുക്കാനും മനസ്സില്ല.. അല്ലെങ്കിൽ അച്ഛൻ പറയണം എന്നോട് മകളെ തരില്ലെന്ന്.. അന്ന് മാധവൻ ഒരക്ഷരം പറയാതെ ഈ വീട് വിട്ടിറങ്ങും.. എനിക്കിപ്പോൾ ഇവളെക്കാൾ വലുതായി പ്രിയപ്പെട്ടത് ഒന്നും തന്നെ ഇല്ല.. ഇവളെന്റെ കൂടെ ഉണ്ടെങ്കിൽ നിങ്ങളീ പറയുന്ന സ്വത്തും സമ്പത്തും എല്ലാം ഈ മാധവന് അനായാസം ഉണ്ടാക്കാൻ കഴിയും.. പക്ഷേ അതിലും വിലപ്പെട്ടതായി കാണുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട് ഞാൻ ജീവിതത്തിൽ”..
“താൻ കൂടുതലൊന്നും പറയേണ്ട.. ജീവിക്കണമെങ്കിൽ പണം തന്നെ വേണം.. അതില്ലാത്തവന് എന്തു വിഡ്ഢിത്തരവും പറയാം.. പിച്ചക്കാരെപ്പോലെ ജീവിക്കുന്ന എന്റെ അനിയത്തിയെ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല”..
“ഹിമേ.. വാക്കുകൾ സൂക്ഷിച്ചുപയോഗിക്കു.. അതിരു കടക്കുന്നു.. പദ്മയെ ഞാൻ എൽപ്പിക്കുന്നത് ഒരാണിന്റെ കയ്യിലാണ് .. അവളെ പോറ്റാനുള്ള കഴിവ് മാധവനുണ്ട്”.. അച്ഛൻ പറഞ്ഞു..
“ആണിന്റെ കാര്യമൊന്നും അച്ഛൻ പറയേണ്ട.. ആദ്യ ഭാര്യ ഇട്ടേച്ചും പോയതൊക്കെ എല്ലാവർക്കും അറിയാം”.. മാധവനെ പുച്ഛിച്ചു പറഞ്ഞു… “പദ്മയ്ക്കും അങ്ങനൊരു ഗതി വരില്ലെന്ന് ആരു കണ്ടു”..
“ആദ്യ ഭാര്യ ഇട്ടേച്ചും പോകുന്നവരൊയൊക്കെ ആണുങ്ങളുടെ കൂട്ടത്തിൽ പെടുത്തുന്നില്ലെങ്കിൽ ചേച്ചിയുടെ ഭർത്താവോ.. അയാളും ആദ്യ ഭാര്യയും ഡിവോഴ്സ് ചെയ്തതല്ലേ”.. പദ്മയുടെ ചോദ്യത്തിന് ഹിമയുടെ കയ്യിൽ ഉത്തരം ഉണ്ടായിരുന്നില്ല…
“കുറവ് ഇല്ലാത്ത മനുഷ്യർ ഉണ്ടോ.. എനിക്കും ഉണ്ട്.. എന്റെ കുറവുകൾ അറിഞ്ഞും കണ്ടും ചേർത്തു നിർത്തിയതാണ് പദ്മ എന്നെ.. ഈയൊരു ഭാഗ്യം ഞാൻ ചത്താലും ആർക്കും വിട്ടു തരില്ല.. പദ്മ എന്റെയാണ്”.. പദ്മയെ ചേർത്തു നിർത്തി അവസാന വാക്കെന്ന രീതിയിൽ മാധവൻ പറഞ്ഞു.. അതും വിഷ്ണുവിനെ നോക്കിത്തന്നെ… സന്തോഷം കൊണ്ടും അഭിമാനം കൊണ്ടും വല്ലാത്തൊരു തിളക്കം ആയിരുന്നു പദ്മയുടെ മുഖത്ത് ആ സമയം.. മാധവനെ നോക്കുന്ന കണ്ണുകളിൽ അത് തെളിഞ്ഞു കാണാം.. മാധവൻ തന്റെ തീരുമാനം പറഞ്ഞു കഴിഞ്ഞു ഇനി വേറൊന്നുമില്ല പൊക്കോട്ടേ എന്ന ഭാവത്തിൽ പദ്മയുടെ മുഖത്തേക്ക് നോക്കി.. ചുറ്റും ആരെങ്കിലും ഉണ്ടെന്നുള്ളത് അവരുടെ പ്രണയത്തെ ബാധിക്കുന്നില്ലെന്ന് തോന്നി.. മാധവൻ ഒരു കൈ നീട്ടി മിന്നുവിന്റെ നേർക്ക്.. അവൾ പദ്മയെ നോക്കി.. വിഷമം ആണ് കുഞ്ഞുമുഖത്ത് നിറയെ.. അവിടെ എന്തോ വഴക്ക് നടക്കുന്നു എന്നു മാത്രം മനസ്സിലായി അവൾക് .. പദ്മയെ അവിടെ വിട്ടിട്ട് പോകാൻ മടിയാണ്.. ഹിമയെ പേടിച്ചു അവളെ അവിടെ പിടിച്ചു നിർത്താൻ പദ്മയും ഒന്നു ഭയന്നു.. കുനിഞ്ഞു അവളുടെ കവിളിൽ ഉമ്മ കൊടുത്തു.. “അമ്മ വന്നേക്കാം.. പൊന്ന് പൊക്കോ അച്ഛന്റെ കൂടെ”.. അവൾ തലയാട്ടി.. എല്ലാവരെയും ഒന്നുകൂടി നോക്കിയിട്ട് മാധവനൊപ്പം നടന്നു.. എങ്കിലും തന്നെ നോക്കിപ്പേടിപ്പിക്കുന്ന ആ കുഞ്ഞിമുഖത്തേക്ക് ഒന്നുകൂടി നോക്കി ഹിമ..
“എന്തൊക്കെ പറഞ്ഞാലും ഞാനിത് തീരുമാനിച്ചതാണ് ഹിമേ.. ഞാൻ ഇല്ലാതായാലോന്ന് ഒരു പേടി തുടങ്ങിയിരിക്കുന്നു എനിക്ക് .. എന്റെ അടുത്ത് ആരെങ്കിലുമൊക്കെ വേണമെന്ന് തോന്നിത്തുടങ്ങി.. നിനക്ക് സ്വന്തം കുടുംബം പോലും നോക്കാൻ സമയം ഇല്ല.. അപ്പോൾ പിന്നെ ഈ അച്ഛനെ നോക്കാൻ സമയം കിട്ടുവോ.. ഒരു മകൻ ആയിട്ടും കൂട്ടുകാരൻ ആയിട്ടുമൊക്കെ മാധവൻ എന്റെ അടുത്തുണ്ട്.. അവനെ വേദനിപ്പിക്കാൻ എന്നെക്കൊണ്ട് കഴിയില്ല.. നിനക്ക് ഇഷ്ടമുള്ളയാളെ നീ തിരഞ്ഞെടുത്തു.. അതേപോലെ തന്നെ അവൾക്കും സ്വാതന്ത്ര്യം ഉണ്ട്.. അവളുടെ ആദ്യത്തെ വിവാഹം എന്റെ മാത്രം തെറ്റായിരുന്നു.. എന്റെ കുഞ്ഞ് കുറച്ചു വേദനിച്ചു.. പക്ഷേ ഇതിൽ എനിക്ക് തെറ്റു പറ്റില്ല.. ആ ഒരുറപ്പ് ഉണ്ട് എനിക്ക്”.. അച്ഛൻ തീർത്ത് പറഞ്ഞു.. വിഷ്ണുവിന്റെ മുഖമൊന്നു മങ്ങി..
“അച്ഛനും മോളും എന്തു വേണമെങ്കിലും ചെയ്തോളു.. പക്ഷേ ഞാനോ എന്റെ വീട്ടിൽ നിന്നും ആരെങ്കിലുമോ ഈ ചടങ്ങിന് വരുമെന്ന് പ്രതീക്ഷിക്കണ്ട”.. ഹിമ പറഞ്ഞു..
“അതിന് നീ അവളുടെ ആദ്യത്തെ കല്യാണത്തിനും ഉണ്ടായിരുന്നില്ലല്ലോ മോളേ.. എനിക്കതൊരു പുതുമയായി തോന്നുന്നില്ല.. വിഷമവും ഇല്ല”.. അച്ഛൻ നിസ്സാരമായി പറഞ്ഞു എങ്കിലും പദ്മയ്ക്ക് ഉള്ളിലൊരു വിഷമം തോന്നി.. ജീവനായി കരുതിയവർ ആണ് അച്ഛനും അമ്മയും ചേച്ചിയും.. തന്റെ ഇഷ്ടത്തിന് ഒരു കാര്യം നടക്കുമ്പോൾ അതിലൊരാൾ ഇല്ലായെന്നത് ചിന്തിക്കാൻ സാധിക്കില്ല.. അന്ന് കല്യാണത്തിന് അവൾ ഇല്ലാതിരുന്നപ്പോൾ വിഷമം തോന്നിയില്ല.. പക്ഷേ ഇപ്പോൾ.. ഇവളുടെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിൽ ഒന്നും നടക്കില്ലേ ഈശ്വരാ.. ഹിമ പോകാനിറങ്ങി ആരോടും യാത്ര പോലും ചോദിക്കാതെ.. പദ്മ അച്ഛനെയും. അമ്മയെയും ഒന്ന് നോക്കി.. മകൾ തങ്ങളെയൊന്നു മനസ്സിലാക്കാതെ പോകുന്നതിൽ വിഷമം ആണ് രണ്ടാൾക്കും..
“പദ്മാ.. ഇനിയും സമയമുണ്ട് മാറ്റി ചിന്തിക്കാൻ.. ഇത് നമുക്ക് പറ്റിയ ബന്ധം അല്ല.. വേറെ നല്ലൊരു ബന്ധം വരും.. എന്തിനാണിങ്ങനെ സിമ്പതിയുടെ പേരിൽ ജീവിതം നശിപ്പിക്കുന്നത്”.. ഹിമ ഇറങ്ങിയപ്പോൾ വിഷ്ണു പദ്മയ്‌ക്കരികിൽ വന്നു പറഞ്ഞു.. വിഷ്ണുവിനെ കൂടുതൽ സംസാരിപ്പിക്കാതെ കൈകൊണ്ടു തടഞ്ഞു പദ്മ..
“ഇത് എന്റെ ഇഷ്ടമാണ്.. ആരും ഇതിൽ കൈകടത്തുന്നത് എനിക്കിഷ്ടമല്ല.. പ്രത്യേകിച്ച് നിങ്ങൾ.. എന്നെ പറഞ്ഞു മനസ്സിലാക്കുന്നതിന്റെ ഒരു ശതമാനം എങ്കിലും ഭാര്യയെ മനസിലാക്കി കൊടുക്കാൻ ശ്രമിക്കൂ.. ആ അമ്മയോടെങ്കിലും നീതി പുലർത്താൻ നോക്ക്.. അമ്മയെ വേദനിപ്പിച്ചാൽ ദൈവം പോലും പൊറുക്കില്ല.. ഭാര്യയോടും പറഞ്ഞേക്ക്.. നിങ്ങൾ ചെല്ലാൻ നോക്കൂ.. ഭാര്യയ്ക്ക് സംശയത്തിന് ഇട കൊടുക്കണ്ട”.. വിഷ്ണു ഒന്നു ഞെട്ടിയോ.. അപ്പോൾ മാധവൻ ഊഹിച്ചത് സത്യം ആയിരുന്നോ..പദ്മ ആലോചിച്ചു..
“എന്നോട് ക്ഷമിക്ക് പദ്മാ.. അന്ന് തന്നോട് ചെയ്തതെല്ലാം തെറ്റായിരുന്നു..എനിക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ട്..ഒന്ന് മാപ്പ് ചോദിക്കണമെന്ന് കുറെയായി വിചാരിക്കുന്നു.. സോറി”..വിഷ്ണു വളരെ പതുക്കെ പറഞ്ഞു..
“വിഷ്ണുവിന്റെ അമ്മ പറഞ്ഞ ഒരു കാര്യം സത്യമാണ്.. ചേരേണ്ടതതേ ചേരൂ ന്ന്.. ചേച്ചിക്ക് നിങ്ങളേ ചേരൂ.. വാക്കുകൾ കൊണ്ട് കൊല്ലാൻ നിങ്ങൾ രണ്ടാളെയും കഴിഞ്ഞേ വേറെ ഉള്ളൂ.. എന്നോട് ആരെന്തു ചെയ്താലും ഞാൻ പൊറുക്കും.. നിങ്ങളോടും ചിലപ്പോൾ ക്ഷമിച്ചെന്നു വരാം .. പക്ഷേ നിങ്ങൾ പറഞ്ഞ വാക്കുകൾ ഒന്നും ഞാൻ മറക്കില്ല..പൊറുക്കുകയുമില്ല.. അത്രയ്ക്കും ചെയ്യാത്ത കാര്യത്തിന് എന്നെ കുറ്റപ്പെടുത്തിയിട്ടുണ്ട് നിങ്ങൾ.. പഴയതൊന്നും ഓർക്കാനോ പറയാനോ ഞാനിഷ്ടപ്പെടുന്നില്ല.. ചേച്ചിയെ മുഷിപ്പിക്കണ്ട.. പൊക്കോളൂ”.. കൈകൊണ്ട് വാതിലിനരികിലേക്ക് കാട്ടി പറഞ്ഞു.. തലയും താഴ്ത്തി പോകുന്ന വിഷ്ണുവിനെ കണ്ടപ്പോൾ ചിരിയാണ് വന്നത്.. തന്നോട് മാത്രമേ പരാക്രമങ്ങൾ കാട്ടാൻ ധൈര്യം ഉണ്ടായിരുന്നുള്ളോ.. ചേച്ചിയുടെ മുന്നിൽ ശരിക്കും അടിമയാണ് അയാൾ .. കഷ്ടം..
അമ്മ അടുക്കളയിലേക്ക് പോയി.. പിറകെ അച്ഛനും. രണ്ടാളും പരിഭവങ്ങൾ പറഞ്ഞു തീർക്കാൻ ഉള്ള പോക്കാണ്.. എങ്കിൽ പിന്നെ ഞാൻ എനിക്ക് സന്തോഷം കിട്ടുന്നിടത്തേക്കും പോകട്ടേ..
ഇവിടെയെങ്ങും ആരെയും കാണുന്നില്ലല്ലോ .. ഇനിയിപ്പോൾ രണ്ടും എന്നെ ഇട്ടേച്ചും പോയോ.. ബാത്‌റൂമിൽ വെള്ളം വീഴുന്നുണ്ട്.. കുഞ്ഞുവായിലെ പാട്ടൊക്കെ കേട്ടു.. കൊച്ചിനെ കണ്ടു കിട്ടി.. ഇനി അപ്പനെ എവിടുന്ന് കിട്ടുവോ.. കുളിച്ചു കുട്ടപ്പൻ ആയിട്ട് മുടി ചീകുവാ.. ഇങ്ങേരെ കാണുമ്പോൾ കാണുമ്പോൾ മനസ് വല്ലാത്തൊരു തുള്ളിച്ചയാ.. സന്തോഷമോ ആശ്വാസമോ എന്തൊക്കെയോ ആണ് ആളുടെ സമീപത്തു ചെല്ലുമ്പോൾ.. പിന്നിലൂടെ ചെന്നു രണ്ടു കയ്യും മാധവന്റെ നെഞ്ചിലേക്ക് വെച്ചിട്ട് മുഖം പുറത്തേക്ക് ചേർത്തു വെച്ചു.. ആ കൈകൾക്ക് മീതെ കൈകൾ വെച്ചിട്ട് മാധവൻ ചോദിച്ചു.. “പോയോ എല്ലാവരും”..
“മ്മ് “…
“അച്ഛനും അമ്മയും”..
“വീട്ടിലുണ്ട്… കുഴപ്പമില്ല രണ്ടാൾക്കും”..
“നിനക്കോ”.. തല ചെരിച്ചു ചോദിച്ചു..
“കൊയപ്പൂല”.. ഒന്നു കൊഞ്ചിപ്പറഞ്ഞു മുഖത്തേക്ക് നോക്കി ചിരിച്ചു.. നെറ്റിയിൽ തല വെച്ചൊരു മുട്ട് തന്നു… പിന്നിലൂടെ ഒരു കുഞ്ഞു തണുത്ത കൈ പദ്മയുടെ വയറിൽ ചുറ്റി.. മുടിയിൽ തോർത്ത് ചുറ്റിയിട്ടുണ്ട്.. വേറൊന്നു അരയിലും ഉണ്ട്.. അവളെ എടുത്ത് ബെഡിൽ നിർത്തി മുടി തുടച്ചു കൊടുത്തു.. തണുത്തിട്ട് ചുണ്ട് കൂട്ടിയിടിക്കുന്നുണ്ട്.. അമ്മക്കിളി കുഞ്ഞിനെ ചിറകിനുള്ളിലേക്ക് ചേർത്തു പിടിക്കും പോലെ, അവൾക്ക് തന്റെ നെഞ്ചിലെ ചൂട് മുഴുവൻ പകർന്നു കൊടുത്തു ചേർത്തു പിടിച്ചു പദ്മ..
ഓടി വരും.. ♥️♥️

by