20/04/2026

അരികിലായ് : ഭാഗം 11

രചന – കാർത്തിക ശ്രീ

പിന്നീടുള്ള ദിവസങ്ങൾ റിച്ചുവിന്റെയും തനുവിന്റെയും പ്രണയത്തിന്റെയായിരുന്നു… ഋതുവിനെ അവർ അപ്പോഴും ചേർത്ത് പിടിച്ചു…
അധികം താമസമില്ലാതെ രണ്ടുപേരും വീട്ടിൽ പറഞ്ഞപ്പോൾ അവർക്കും എതിർപ്പില്ലായിരുന്നു…

നാലുപേരുടെയും പഠനം മുന്നോട്ട് പോയി… അതിനിടയിൽ സ്പോൺസർ ആരാണെന്ന് അറിയാനുള്ള ഋതുവിന്റെ ആഗ്രഹത്തിന് പിന്നാലെ തനുവും റിച്ചുവും പോയെങ്കിലും അവർക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല… പ്രിൻസിപ്പാളിൽ നിന്ന് അറിയാൻ ശ്രമിച്ചെങ്കിലും അതും പരാജയമായിരുന്നു…

ഇന്നാണ് കോളേജ് ഡേ.. റിച്ചുവും വിക്കിയും ഈ വർഷം കോളേജിന്റെ പടി ഇറങ്ങുന്നതുകൊണ്ട് തന്നെ ഈ കോളേജ് ഡേ അടിച്ചുപൊളിക്കാൻ എല്ലാരും തീരുമാനിച്ചു….

“എന്റെ തനു ഒന്ന് ഇറങ്ങടി… എനിക്ക് കുളിക്കാനുള്ളതാ… സമയം ഒത്തിരി ആയി… ”

“വരുന്നു.. ഒരു അഞ്ചു മിനിറ്റ്..”

“ഇതാണ് നിന്നോട് ഞാൻ പറഞ്ഞത് ഞാൻ ആദ്യം കുളിക്കാം എന്ന്… ”

“വന്നെടി വന്നു..”

തനു കുളിച്ചിറങ്ങുമ്പോൾ ഋതു കലിപ്പിലാണ്…

“എന്റെ മുത്തേ… സോറി… നീ വേഗം കുളിച്ചു വാ..”

ഏകദേശം അരമണിക്കൂറിനുള്ളിൽ അവർ റെഡിയായി കോളേജിലേക്ക് ഇറങ്ങി…

“ഇന്ന് രണ്ടുപേരും സുന്ദരികളായിട്ടുണ്ടല്ലോ ..’

” അതെന്താ ഞങ്ങൾ അല്ലെങ്കിൽ സുന്ദരിമാരല്ലേ…”

“എന്റെ പൊന്ന് തനു.. അറിയാതെ പറഞ്ഞുപോയി… നീ ക്ഷമിക്ക്…”

“അല്ല വിക്കി എവിടെ റിച്ചു??”

“അവൻ ഇപ്പോൾ വരും… കോളേജ് ഡേ ഉദ്ഘാടനത്തിന്റെ എന്തോ ശരിയാക്കാൻ പോയതാ..”

“എന്നാ നമുക്ക് ഓഡിറ്റോറിയത്തിൽ പോയാലോ…”

“നിങ്ങൾ രണ്ടുപേരും നടന്നോ… ഞാൻ വന്നേക്കാം..”

“ശരി റിച്ചു..”

ഓഡിറ്റോറിയത്തിൽ എല്ലാരും സീറ്റ്‌ ഉറപ്പിച്ചിരുന്നു… ഏറ്റവും പുറകിൽ അവർ ഇരുന്നു…

“തനു… ആരാടി ചീഫ്ഗസ്റ്റ് ???”

“അതു ഏതോ മൂവി ആക്ടർ ആണെന്ന വിക്കി പറഞ്ഞേ..”

“അതെന്തേ പേര് പറയാത്തെ??”

“ആരാണെന്നു കൺഫോം ആകാത്തതുകൊണ്ടായിരിക്കും .. അതിൽ എന്തോ പ്രോബ്ലം ഉണ്ട്…”

“ഓ അങ്ങനെ.. അതാണ് ഇന്ന് വിക്കിയുടെ പൊടിപോലും ഇവിടെയൊന്നും കാണാത്തെ..”

“അതെന്നെ..”

അപ്പോഴാണ് റിച്ചു അങ്ങോട്ട് വന്നത്..

“തനു… നീ ഒന്ന് വരുമോ??”

“എന്താ റിച്ചു??? ഋതു ഇവിടെ ഒറ്റക്കാണ്..”

“എടി നിന്നെ പ്രിൻസിപ്പാൾ വിളിക്കുന്നു.”

“തനു നീ പോയിവാ..ഒറ്റക്ക് പ്രശ്നമില്ല.. ഞാൻ ഇവിടെ ഇരിക്കാം.. വേഗം വന്നാൽ മതി… ”

“ഉറപ്പാണല്ലോ.. എങ്കിൽ ഞാൻ പോയിട്ട് വേഗം വരാം..”

” എനിക്ക് അവിടെ പണിയുണ്ട് അല്ലെങ്കിൽ നിന്റെ കൂടെ ഇരിക്കായിരുന്നു..”

“എന്റെ റിച്ചു ഞാൻ ഇവിടെ ഇരുന്നോളാം.. പ്രശ്നമില്ല.. ഇവൾ വേഗം വരില്ലേ .. എന്നാ രണ്ടാളും വേഗം വിട്ടോ..”

തനിച്ചിരുന്ന ഋതു പിന്നീട് കേട്ട അനോൺസ്മെന്റിൽ ഒന്ന് ഞെട്ടി… മനസ്സിൽ പലതും മിന്നി മഞ്ഞു…

“യുവാക്കളുടെ ഹരമായ…പുതിയ തലമുറയുടെ ആവേശമായ… കുറച്ചു പാട്ടുകൾ കൊണ്ടുതന്നെ സംഗീതലോകത്ത് തന്റെ കൈയൊപ്പ് ചാർത്തിയ ഗായകൻ ചേതൻ മാധവ് കുറച്ചു സമയത്തിനകം ചീഫ് ഗസ്റ്റായി ഈ പരിപാടിയിൽ എത്തിചേരുന്നതായിരിക്കും..”

മറ്റുള്ളവരുടെ സന്തോഷത്തോടുള്ള ആർപ്പുവിളികളോ സംസാരങ്ങളോ അവൾ കേട്ടില്ല… പേടി തന്നെ വീണ്ടും പിടികൂടുന്നത് അറിഞ്ഞു… കൈകൾ രണ്ടും കൂട്ടിപിടിച്ചു എഴുന്നേറ്റ് എങ്ങോട്ടെന്നല്ലാതെ നടക്കുമ്പോൾ മറ്റുള്ളവയെല്ലാം അവൾ മറന്നുപോയിരുന്നു…

ഇതേ സമയം
കോളേജ് കോമ്പൗണ്ടിൽ വന്ന റെഡ് കാറിൽ നിന്നും ചേതൻ ഇറങ്ങി… ചുറ്റുമുള്ള കോളേജ് വിദ്യാർത്ഥികൾക്കു നേരെ കൈ വീശി സംഘാടകരുടെ കൂടെ അവൻ സ്റ്റേജിലേക്ക് നടന്നു…

ഋതു നേരെ നടന്നു ക്ലാസ്സ്‌ റൂമിൽ കയറി വാതിൽ അടച്ച് ഒരു മൂലയിൽ ഇരുന്നു… മുട്ടിന്മേൽ കൈ വെച്ചു മുഖം താഴ്ത്തി.. വേദിയിലെ അവന്റെ ശബ്ദം അവളുടെ ചെവിലേക്ക് പതിഞ്ഞപ്പോൾ അവൾ വിറക്കാൻ തുടങ്ങിയിരുന്നു…

ചേതൻ എന്ന പേര് കേട്ട തനു തന്റെ പ്രവർത്തി പാതിവഴിയിൽ ഉപേക്ഷിച്ചു ഓഡിറ്റോറിയത്തിൽ എത്തി.. നേരത്തെ ഇരുന്ന സീറ്റിൽ ഋതുവിനെ കാണാതായതും അവൾ പേടിച്ചു…

“റിച്ചു… ഋതു… ഋതുനെ കണ്ടോ???”

“ഇല്ല.. അവൾ അവിടെ ഇല്ലേ??”

“ഇല്ല.. എനിക്ക് പേടിയാകുന്നു.. ഒന്ന് വരുമോ കൂടെ..”

“നിനക്ക് എന്താ പറ്റിയെ?? അവൾ എവിടെ പോകാനാ?? എന്തെങ്കിലും പ്രശ്നമുണ്ടോ???”

“അത്.. അത് ഞാൻ പിന്നെ പറയാം.. ഒന്ന് അവളെ… കൂടെ വാ… പ്ലീസ്..”

ഋതുവിനെ തിരഞ്ഞു നടന്ന അവർ അവസാനം അടഞ്ഞുകിടക്കുന്ന വാതിലിൽ എത്തി… എങ്ങനെയൊക്കെയോ വാതിൽ തുറന്നപ്പോൾ അവർ കണ്ടത് ബോധം ഇല്ലാത്ത ഋതുവിനെ ആയിരുന്നു…

“ഋതു..കണ്ണു തുറക്ക്…”

“റിച്ചു.. ഋതു കണ്ണു തുറക്കുന്നില്ല..”

അടുത്തുണ്ടായിരുന്ന കുപ്പിയിലെ വെള്ളമെടുത്ത് അവളുടെ മുഖത്തേക്ക് തെളിച്ചു..

“മോളേ ഋതു… കണ്ണു തുറക്ക്..”

റിച്ചു അവളുടെ മുഖത്തു മെല്ലെ തട്ടി..

“എന്നെ ഒന്നും ചെയ്യല്ലേ.. എനിക്ക് നിങ്ങളെ പേടിയാ… ഞാൻ എവിടെയെങ്കിലും പോയിക്കൊള്ളാം… തല്ലല്ലേ… വേദനിക്കുന്നു… ”

ബോധമില്ലാതെ അവൾ പറയുന്നത് കേട്ട റിച്ചു കൂടുതൽ ചിന്തിക്കാതെ വിക്കിയെ വിളിച്ചു വരാൻ പറഞ്ഞു…

“അവിടെ പരിപാടി നടക്കുമ്പോൾ നീ എന്താ എന്നെ ഇങ്ങോട്ട് വിളിച്ചേ?? അല്ല ഋതു എവിടെ??”

പിന്നെയാണ് ബോധമില്ലാതെ കിടക്കുന്ന ഋതുവിനെ അവൻ കണ്ടത്…

“ഇവൾക്ക് എന്തുപറ്റി.. ഋതു…”

“അതൊക്കെ പിന്നെ പറയാം.. നീ കാർ എടുത്തിട്ട് വാ..”

മൂന്നുപേരും കൂടെ അവളെ ഹോസ്പിറ്റലിൽ എത്തിച്ചു…

🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶

ബോധം വന്ന ഋതു പഴയ അവസ്ഥയിലേക്ക് മാറി ..ആരോടും മിണ്ടാതെ റൂമിൽ മാത്രം ഒതുങ്ങി.. തനു സംസാരിക്കുമ്പോൾ കേൾക്കും എന്ന് മാത്രം ഒന്നും പറയുകയോ നോക്കുകയോ ചെയ്യില്ല… തനുവിൽ നിന്നു മറിഞ്ഞ ഋതുവിന്റെ ജീവിതം റിച്ചുവിലും വിക്കിയിലും വല്ലാതെ വേദന നിറച്ചു…

“മെ ഐ കം ഇൻ ഡോക്ടർ??”

“യെസ് കം ഇൻ ”

“ഡോക്ടർ ഞാൻ റെസ്റ്റിൻ.. ഋതുവിന്റെ ഫ്രണ്ട് ആണ്..”

“ഓ.. സിറ്റ്.. ഋതു ഇപ്പോൾ ഓക്കേ ആണ്.. പേടിക്കാൻ ഒന്നുമില്ല.. എന്തൊക്കെയോ ആ കുട്ടിയെ ഭയപ്പെടുത്തുന്നുണ്ട്… ”

“ഡോക്ടർ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്??”

“കുറച്ചു ദിവസം കഴിഞ്ഞു നമുക്ക് ഒരു കൗൺസിലിങ് നോക്കാം… അതോടെ കുറച്ചു മാറ്റങ്ങൾ അവൾക്ക് വരും… പിന്നെ ഒറ്റയ്ക്കാക്കരുത്.. ഇങ്ങനെ വീണ്ടും ഉണ്ടായാൽ ചിലപ്പോൾ ഋതുവിന്റെ മാനസികനിലയെ തന്നെ അത് മാറ്റിയേക്കാം.. ”

“ഡോക്ടർ…”

“പേടിപ്പിക്കാൻ പറഞ്ഞതല്ല.. ചിലപ്പോൾ എന്നേ പറഞ്ഞുള്ളു….എന്തായാലും ഇപ്പോൾ ഋതു ഓക്കേ ആണ്..”

“ശരി ഡോക്ടർ.. താങ്ക്യു ”

പിന്നീടുള്ള ദിവസങ്ങളിൽ തനുവും റിച്ചുവും വിക്കിയും ഋതുവിന് കൂട്ടുനിന്നു.. മേരിയമ്മ വന്നു അവളെ വീട്ടിലേക്ക് കൂട്ടി.. ക്ലാസ്സ്‌ കളയണ്ട എന്ന ഡേവിഡിന്റെ വാക്കിൽ തനു ഹോസ്റ്റലിലേക്ക് തിരിച്ചുപോയി.. കൂട്ടുകാരന്റെ അടുത്ത് ഡേവിഡ് ഋതുവിനെ കൗൺസിലിംങ്ങിനു കൊണ്ടുപോയി… ഒരു മാസത്തിനു ശേഷം ഋതുവിന്റെ അവസ്ഥയിൽ മാറ്റം വന്നു… ലീവ് കിട്ടുമ്പോൾ മൂന്നു പേരും അവളെ കാണാൻ എത്തും… ഋതു ഓക്കേ ആയതും ഹോസ്റ്റലിലേക്ക് മാറി.. എന്തിനും ഏതിനും അവർ മൂന്നുപേരും അവളുടെ കൂടെ തന്നെ നിന്നു…

ഒരു ദിവസം..

“ഋതു… നമുക്ക് മാളിൽ പോയാലോ???”

“വേണോ??? എനിക്ക് എന്തോപോലെ..”

“എന്നും ഇങ്ങനെ റൂമിലും ക്ലാസ്സിലുമായി ഒതുങ്ങാനാണോ നിന്റെ തീരുമാനം??”

“തനു… അത്…”

“ഒന്നും പറയണ്ട.. ചേതൻ എന്ന പേര് കേൾക്കുമ്പോഴും അവനെ കാണുമ്പോഴും ഉള്ള നിന്റെ പേടി മാറിയെ മതിയാകു… ”

“ഓർക്കുതോറും എനിക്ക് പേടിയാണ്… മാറണം എന്നുണ്ട് പക്ഷേ..”

“ഋതു… കൂടെ ഞങ്ങളുണ്ട്.. നിന്നെ ആരും ഒന്നും ചെയ്യില്ല… മാറണം മാറിയേ പറ്റു..”

“ശ്രമിക്കാം…”

ശ്രമത്തിന്റെ ഫലമായി യോഗയും മെഡിറ്റേഷനും ഋതുവിന്റെ ജീവിതത്തിന്റെ ഭാഗമായി…. ഒരിക്കൽ അവൾ മെയിൽ ചെക്ക് ചെയ്യുമ്പോഴാണ് ഒരു മാസം മുന്നേ വന്ന ഒരു മെയിൽ കാണുന്നത്…ഓപ്പൺ ചെയ്തപ്പോൾ കണ്ടത്

“നിൻ അരികിലായ് ഞാൻ ഉണ്ട്… ആർക്കും ഒന്നിനും വീട്ടികൊടുക്കാതെ നിന്റെ നിഴലായി നിന്റെ കൂടെ ഇനി എന്നും ഞാൻ ഉണ്ടാകും… പേടിയെ മാറ്റിനിർത്തി ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടുക.. ഒരിക്കലും തളരില്ല നീ.. തളരുന്ന ഋതുവിനെ പുറകിൽ ഉപേക്ഷിച്ച് പുതിയ ഋതുവായി ഭാവി കെട്ടിപ്പെടുത്തുക… പഴയ ഓർമ്മകളെ മനസ്സിൽ ഉറപ്പിച്ചു അതിനോടുള്ള വാശിയിൽ മുന്നോട്ട് കുതിക്കുക.. വിജയം നിനക്ക് സ്വന്തം… ”

കൂടെ കണ്ണുകളുടെ ഒരു ഫോട്ടോയും … കുറച്ചു നേരം അവൾ ആ കാപ്പി കണ്ണുകൾ നോക്കി… ഒപ്പം ആ വാക്കുകളും… എവിടെയൊക്കെയോ ഒരു ധൈര്യം അവൾക്ക് തോന്നി… ആരൊക്കെയോ കൂടെ ഉള്ളതുപോലെ…

എന്തുകൊണ്ടോ ആ മെയിൽ ഡിലീറ്റ് ചെയ്യാനോ പിന്നീട് മെയിൽ അയക്കാനോ അവൾക്ക് തോന്നിയില്ല.. ആരാണെന്നു അറിയാനുള്ള താല്പര്യം ആ സമയം അവൾക്ക് ഇല്ലായിരുന്നു..

മെയിലിന്റെ കാര്യം ഋതു ആരോടും പറഞ്ഞില്ല… വാശിയിൽ പഠിച്ചു… അതിനിടയിൽ റിച്ചുവും വിക്കിയും കോളേജിന്റെ പടിയിറങ്ങി… അവർ ഇൻഫോപാർക്കിൽ ജോലിക്ക് കയറി… ഒരു ആവശ്യത്തിന് തനുവിനും ഋതുവിനും വിളിപ്പുറത്തു അവർ ഉണ്ടായിരുന്നു… അങ്ങനെ അവർ അവസാന വർഷം പരീക്ഷയും എഴുതി …

വാശിയോടെ പഠിച്ച അവളെ കാത്തിരുന്നത് കോളേജ് ടോപ്പർ എന്ന പേര് തന്നെയായിരുന്നു.. അഭിനന്ദനങ്ങൾ ഏറ്റു വാങ്ങുമ്പോഴും സ്പോൺസർ ആരാണെന്ന ചോദ്യം മാത്രം അവളിൽ ബാക്കിയായി…

തുടരും…