രചന – കാർത്തിക
“അപ്പച്ചി സിദ്ധുവേട്ടൻ എവിടെപ്പോയി..???”
രാവിലെ സിദ്ധുനെ അവിടെയെങ്ങും കാണാതെ ദേവിയോട് ചോദിക്കുവാണ് ഗീതു..
“മോള് മറന്നോ ഇന്നലെ അവന്റെ കൂട്ടുകാർ വരുന്നെന്ന് പറഞ്ഞത്..അവൻ അവരെ കൂട്ടാൻ പോയതാണ്..”
“അവര് അവരുമ്പോൾ എന്താപ്പച്ചി കൊടുക്കുക..?? സിദ്ധുവേട്ടൻ വല്ലതും പറഞ്ഞാരുന്നോ..??”
“അവൻ ചിക്കനും മീനും ഒക്കെ വാങ്ങി വന്നിട്ടുണ്ട്..മീൻ ഞാൻ കറി വെച്ചു..കുറച്ച് വറക്കാൻ മസാലപുരട്ടി മാറ്റി വെച്ചിട്ടുണ്ട്..
മോളതിങ്ങ് എടുക്ക്..മീൻ വറത്ത് കഴിഞ്ഞ് ചിക്കൻ വെക്കാം..”
“അപ്പൊ പച്ചക്കറിയൊന്നും വേണ്ടേ..”
“പയർ തോരനും മോരും മെഴുക്ക് വരട്ടീം കുറച്ച് പപ്പടോം കാച്ചാം..”
ദേവിയും ഗീതുവും ചേർന്ന് ഊണ് തയ്യാറാക്കി..അവർ വന്നെന്ന് തോന്നിയതും ദേവി ഗീതുനോട് കുടിക്കാൻ നാരങ്ങ വെള്ളം എടുക്കാൻ പറഞ്ഞു..
“അമ്മേ ഇവരാ എന്റെ ഫ്രണ്ട്സ്..എത്ര നാൾ കൂടിയാ കാണുന്നത്..”
സിദ്ധുവിന്റെ വാക്കുകളിലുണ്ടായിരുന്നു അവൻ എത്ര സന്തോഷവാനാണെന്ന്..
അവന്റെ ഫ്രണ്ട്സിനെ കാണാൻ അടുക്കളവാതിലിൽ പതുങ്ങി നിന്ന് ഗീതു നോക്കി..സന്തോഷത്തൊടെ കൂട്ടുകാരെ ദേവിയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുവാണവൻ..
കല്യാണം കഴിഞ്ഞതിനു ശേഷം അവൻ ഇങ്ങനെ സന്തോഷിച്ച് ഗീതു കണ്ടിട്ടില്ല..ആകെ നാല് കൂട്ടുകാരാണ് വന്നിരിക്കുന്നത്..
രണ്ടുപേർ പെണ്ണുങ്ങളും ബാക്കി രണ്ട് ആണുങ്ങളും..എല്ലാവരും മോഡേൺ ആണ്..
പെൺകുട്ടികളിൽ ഒരാൾ സിദ്ധുന്റെ തോളിലൂടെ കൈയിട്ട് നിൽപ്പാണ്..
ആ പെണ്ണ് വെളുത്ത് മെലിഞ്ഞ് മുടിയൊക്കെ കളർ ചെയ്തിട്ടുണ്ട്..
വേറെ ചമയങ്ങൾ ഒന്നും ഇല്ല..ഒരു പീച്ച് കളർ ടോപ്പും മുട്ടിൽ നിൽക്കുന്ന ഷോർട്ട് സ്കേർട്ടും ആണ് വേഷം..ഗീതുവിന്റെ കാഴ്ചപ്പാടിൽ കാണാൻ സിനിമ നടിയെ പോലെയുണ്ട്…
ദേവിയോട് പരിചയപ്പെടുത്തി കൊടുക്കുന്നത് കേട്ട് പേര് മനസ്സിലായി..വൈഗ..മറ്റേ പെണ്ണ് താര..താരയും കാണാൻ ഭംഗിതന്നെ പക്ഷേ വൈഗയാണ് കൂടുതൽ ഭംഗി..ചെക്കന്മാരിൽ ഒരാൾ റയാൻ മറ്റേയാൾ കിരൺ..
“നിങ്ങൾ ഇവിടെ ഇരിക്ക് ..ഞാൻ ഇപ്പൊ വരാം..”(സിദ്ധു)
സിദ്ധു നേരെ അടുക്കളയിലേക്ക് ചെന്നു..ഗീതു അവിടെ നാരങ്ങാവെള്ളം ട്രെയിലെ ഗ്ലാസ്സുകളിൽ പകർന്ന് വച്ചിരുന്നു..
സിദ്ധു അതെടുത്ത് നടന്നു..പിന്നെ ഒന്നു നിന്നു ഗീതുവിനെ തിരിഞ്ഞ് നോക്കി…
“ഫുഡ് എല്ലാം അമ്മയോട് മേശ പുറത്ത് വെക്കാൻ പറഞ്ഞാൽമതി..ഞാൻ വിളമ്പി കൊടുത്തോളാം ..നീ അവരുടെ പരിസരത്ത് ഒത്തിരി നേരം ഒന്നും നിക്കരുത്..ആരോടും മിണ്ടാനും പറയാനും ഒന്നും പോകണ്ട..അവർ രണ്ടുദിവസം കഴിഞ്ഞ് പൊക്കോളും..”
“മ്മ്..വീട്ടിൽ കൊച്ചച്ചനും ചിറ്റയും കൂടി ചിറ്റയുടെ വീട്ടിൽ പോയെക്കുവാണ്..ഇല്ലാരുന്നെങ്കിൽ ഞാൻ വീട്ടിൽ പോയി നിന്നേനെ..
സിദ്ധുവേട്ടനെ കൂട്ടുകാർ പോയി കഴിഞ്ഞിട്ടേ വരുവായിരുന്നുള്ളൂ..
ഞാൻ ആരോടും മിണ്ടാൻ പോകില്ല.. നോക്കിക്കോളാം..”
സിദ്ധു ഹാളിലേക്ക് നടന്നു..ഗീതു അടുക്കളയിലെ വൃത്തിയാക്കൽ തുടർന്നു..
“ടാ ഒരാനെ തിന്നാൻ ഉള്ള വിശപ്പുണ്ട്..ഈ നാരങ്ങവെള്ളം കൊണ്ട് ഒന്നും ആകില്ല..”(റയാൻ)
“നിങ്ങൾ ആദ്യം പോയി ഫ്രഷ് ആയിവാ..എന്നിട്ട് നമുക്ക് ആനെ തിന്നുവോ പോത്തിനെ തിന്നുവോ ഒക്കെ ചെയ്യാം..വാ ഞാൻ റൂം കാണിച്ച് തരാം..”
മുകളിൽ സിദ്ധുവിന്റെ മുറിക്ക് അടുത്ത് തന്നെയുള്ള രണ്ട് മുറി അവർക്കായി കൊടുത്തു..
“നിങ്ങൾ ഫ്രഷ് ആയി വാ..”
സിദ്ധു അവരെ മുറിയിലാക്കിയ ശേഷം അടുക്കളയിലേക്ക് നടന്നു..
ദേവിയോട് പറഞ്ഞ് അവർക്കുള്ള ഫൂഡ് എല്ലാം ടേബിളിൽ നിരത്തി..ഫ്രഷ് ആയി വന്നതും എലാവരും കൂടി ഊണ് കഴിച്ചു..
അവർ കാണേണ്ടന്ന് കരുതി അടുക്കളയിൽ കഴുകാനുണ്ടായിരുന്ന കുറച്ച് കരിക്കലം പുറത്ത് അടുക്കളവശത്തെ പൈപ്പിനോട് ചേർന്നുള്ള ഭാഗത്ത് കൊണ്ടുപോയി ഉരച്ച് കഴുകുവായിരുന്നു..
ഊണ് കഴിഞ്ഞതും തണുത്ത വെള്ളം ഉണ്ടോന്ന് താര ചോദിച്ചു..
ഫ്രിഡ്ജിൽ ഉണ്ടെന്നും പറഞ്ഞ് ദേവി എടുക്കാനായി പോകാനൊരുങ്ങിയതും ഞാൻ എടുത്തോളാമെന്നും പറഞ്ഞ് താര അടുക്കളയിലേക്ക് ചെന്നു..
“വൈഗാ..ഇങ്ങ് വന്നേ ഇത് കണ്ടോ..??’
താര വിളിച്ചത് കേട്ട് വൈഗയും വൈഗക്ക് പുറകെ മറ്റുള്ളവരും അങ്ങോട്ടേക്ക് നടന്നു..താര പുറത്തേക്ക് കൈചൂണ്ടി നിൽക്കുവാരുന്നു..പുറത്ത് കായ്ച്ചുനില്കുന്ന ചാമ്പ മരത്തിലേക്കാണ് അവൾ ചൂടോക്കണിച്ചത്..അത് കണ്ടപാടെ വൈഗ താരയുടെ കൈപിടിച്ച് മുറ്റത്തേക്കിറങ്ങി..ഗീതു ഇരിക്കുന്നതിന് എടുത്തതാണ് ചാമ്പമരം..അവരുടെ പുറകെ തന്നെ സിദ്ധുവും ദേവിയും ചെന്നു..
തന്റെ നേർക്ക് വരുന്നവരെ കണ്ടതും ഗീതു എഴുനേറ്റ് പൈപ്പിൽ കൈകഴുകി..ആരുടെ മുന്നിൽ ചെന്ന് പെടരുതെന്ന് ആഗ്രഹിച്ചോ അവരേല്ലാം അവളുടെ അടുത്തേക്ക് ചെന്നിരുന്നു..ദേവി അവളുടെ അടുത്തേക്ക് ചെന്നു..സിദ്ധു അവളെ നോക്കി പേടിപ്പിക്കുന്നുണ്ട്..
അവളുടെ ചുറ്റുമുള്ള കരിക്കലങ്ങൾ എല്ലാരും കണ്ടു..
“മോളേന്തിനാ ഇതൊക്കെ ചെയ്തേ..അപ്പച്ചി ചെയ്യില്ലാരുന്നോ..”
ദേവി ഗീതുവിനടുത്തതായി വന്ന് ചോദിച്ചു..”
“അപ്പച്ചി എല്ലാം കൂടി ചെയ്യണ്ടേ..അതാ ഞാൻ കഴുകാന്ന് വെച്ചത്..”
“അല്ല സിദ്ധു ഇവിടെ ഇത്ര ചെറിയ സെർവൻറ് ഉണ്ടായിരുന്നോ..നീ പറഞ്ഞില്ലല്ലോ..”(താര)
ഗീതുവിനെ കണ്ട് താര സിദ്ധുവിനോട് ചോദിച്ചു..
അത് കേട്ട് ഗീതുവിന് എല്ലാരുടെയും മുന്നിൽ ചെറുതായപോലെ തോന്നി..ജീവിതത്തിൽ ഇതിലും കൂടുതൽ തരം താഴ്ത്തലുകൾ അനുഭവിച്ചിട്ടുള്ളതിനാൽ അവൾ ഒന്നു പുഞ്ചിരിക്കുക മാത്രേ ചെയ്തുള്ളൂ..
“ഏയ്.. സെർവൻറ് ഒന്നും അല്ല..ഇത് ഗീതു ..എന്റെ ഒരേയൊരു മരു……..”””(ദേവി)
“അടുക്കളയിൽ ഒക്കെ ഞാൻ സഹായിക്കും..എന്നെ കൊണ്ട് പറ്റുന്ന പണികൾ ഒക്കെ ഇവിടെ ചെയ്യും..”(ഗീതു)
ദേവി പറയുന്നതെന്താകും എന്നോർത്ത് ദേവിയെ പറയാൻ സമ്മതിക്കാതെ ഗീതു ചാടിക്കേറി പറഞ്ഞു..
“അല്ല..ന്റെ മോള് സിദ്ധുന്റെ..”
“സിദ്ധുവേട്ടന്റെ അച്ഛന്റെ റിലേറ്റീവ് ആണ്..ഇവിടെ നിന്നാണ് ജോലിക്കൊക്കെ പോകുന്നത്..കൂട്ടത്തിൽ ഇച്ചിരി അടുക്കള പണിയും ചെയ്യും..”
സിദ്ധു അവളുടെ മറുപടിയിൽ ഞെട്ടി നിൽക്കുവാണ്..അവൾ അങ്ങനെ പറയുമെന്ന് അവൻ കരുത്തിയതെയില്ല..നേരിയ സങ്കടം പോലും പുറത്ത് കാട്ടാതെ പറയുന്നവളെ സിദ്ധു നോക്കി നിന്നു..ദേവി സത്യം പറയാൻ തുനിഞ്ഞതും അവരുടെ കൈകളിൽ പിടിച്ച് അവൾ വേണ്ടന്ന രീതിയിൽ തലയാട്ടി കാണിച്ചു..അവൾ വീണ്ടും പണികളിലേക്ക് തിരിഞ്ഞു.. വെയിലാറിയിട്ട് ചാമ്പയ്ക്ക പറിക്കാം എന്ന് സിദ്ധു പറഞ്ഞതും അവരെല്ലാം അകത്തേക്ക് പോയി..ദേവിയൊഴിച്ച്..ഗീതുവിന്റെ മറുപടിയിൽ തറഞ്ഞ് നിക്കുവായിരുന്നു ദേവി..എല്ലാരും പോയെന്ന് തോന്നിയതും അവർ ഗീതുവിന്റെ കൈപിടിച്ച് എഴുന്നേൽപ്പിച്ചു..
“അയ്യോ അപ്പച്ചി..കഴുകി തീർന്നില്ല..”
അവളെയും കൊണ്ട് ദേവി അടുക്കളയിലെ തിട്ടയിൽ ഇരുന്നു..
“എന്തിനാ ഗീതു അവരോട് അങ്ങാനൊക്കെ പറഞ്ഞേ..??”നീ സിദ്ധു ന്റെ ഭാര്യയാന്ന് എന്താ പറയാഞ്ഞേ?.നീ പറഞ്ഞതും ഇല്ല,പറയാൻ വന്ന എന്നെ പറയിപ്പിച്ചും ഇല്ല..എന്താ മോളേ നിനക്ക് പറ്റിയത്..സ്വയം നിന്നെ ഇവിടുത്തെ അടുക്കള പണിക്കാരിയായി എന്തിനാ അവരുടെ മുന്നിൽ സംസാരിച്ചേ..എനിക്ക് എന്തുമാത്രം സങ്കടമായെന്ന് അറിയുവോ..??”
“ഭാര്യയാണെന്ന് ഞാൻ പറഞ്ഞത് കൊണ്ട് ആകുവോ ..സിദ്ധുവേട്ടന് കൂടി തോന്നേണ്ട..സിദ്ധുവേട്ടന്റെ നാവിൽ നിന്നും ഞാൻ മറ്റാരോ ആണെന്ന് ഒരിക്കൽ കൂടി കേൾക്കാനുള്ള ചങ്കുറപ്പില്ല എനിക്ക്..അതുകൊണ്ടാ ഞാൻ തന്നെ അങ്ങനെ പറഞ്ഞത്..”
“ഒരിക്കൽ കൂടിയോ..??അപ്പോ അവൻ ഇതിനു മുൻപ് എന്തോ പറഞ്ഞിട്ടുണ്ടല്ലോ..??”
അപ്പോഴാണ് ഗീതുവിന് പറഞ്ഞ അബദ്ധം മനസ്സിലായത്..അവൾ ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും ദേവിയുടെ നിർബന്ധത്തിന് മുൻപിൽ അന്ന് നടന്ന കാര്യങ്ങൾ ഒക്കെ ഗീതു പറഞ്ഞു..
“അന്ന് സിദ്ധുവേട്ടന് അങ്ങനെ പറഞ്ഞതിൽ കുറ്റ ബോധം കാണുമെന്ന് ഞാൻ ഓർത്തു..എന്നോട് സോറിയും പറഞ്ഞതാണ്..ഇന്ന് വെറുതെയെങ്കിലും ആശിച്ചു ഞാൻ ഭാര്യയാണെന്ന് പറയുമെന്ന്..ഒന്നും നടന്നില്ല..ഒരിക്കലും ആ മനസ്സിൽ എനിക്ക് സ്ഥാനം കിട്ടുകയും ഇല്ല..”
ഉതിർന്നു വീണ കണ്ണീർ വാശിയോടെ
തുടച്ചുകൊണ്ടവൾ പറഞ്ഞു
“ഇന്റീശ്വരാ..അവൻ ഈ പെണ്ണിന്റെ കണ്ണീരിന്റെ ശാപമൊക്കെ ഇവിടെ കൊണ്ട് തീർക്കും..??ഈ അപ്പച്ചി കാരണമാ ന്റെ മോള് ഈ അനുഭവിക്കുന്നതൊക്കെ
എന്നോട് മോള് പൊറുക്കുവോ..
ശപിക്കുന്നുണ്ടാവും അല്ലേ ഈ ദുരിതക്കയതത്തിൽ തള്ളിയിട്ടതിന്..??”
“എനിക്കാരോടും ഒരു വെറുപ്പുമില്ല പിണക്കവുമില്ല..ശപിക്കാനും മാത്രം ഞാൻ ആരാ.??അന്ന് എന്നെ രക്ഷിക്കാൻ വേണ്ടി അപ്പച്ചി സ്വന്തം മോനെപോലും തള്ളിപറഞ്ഞില്ലേ..
ആ അപ്പച്ചിയെ എനിക് വെറുക്കാൻ പറ്റുവോ..ഇതൊക്കെ എന്റെ വിധിയാ..അതിനൊപ്പം സിദ്ധുവേട്ടൻ സങ്കടപ്പെടുവല്ലോന്ന് ഓർക്കുമ്പോഴാ…”
“ന്റെ മോൻ നിന്നെ വേണ്ടന്ന് വെച്ചാലും എന്നും നീ എവിടെ തന്നെ ഉണ്ടാകും..എന്റ അവസാന ശ്വാസം വരെ ന്റെ സ്വന്തം മോളായി.. അതിന് അവന്റെ സമ്മതം ഒന്നും എനിക്ക് വേണ്ട.ന്റെ കുഞ്ഞ് വിഷാമിക്കാതെ..”
ദേവി ഗീതുന്റെ നിറഞ്ഞ കണ്ണുകൾ തുടച്ച് കൊടുത്തു..
എന്നാൽ അവരെ കൂടാതെ ഒരാൾ കൂടി അവരുടെ സംഭാഷണം കേൾക്കുന്നുണ്ടായിരുന്നു..
🎀🎀🎀🎀🎀🎀🎀🎀🎀
വൈകിട്ട് ഗീതു ജഗ്ഗിൽ വെള്ളം നിറച്ച് സിദ്ധുവിന്റെ റൂമിലേക്ക് പോയി..അവിടെ അവന്റെ ഫ്രണ്ട്സ് എല്ലാരും ഉണ്ടായിരുന്നു..5 പേരും കട്ടിലിൽ മലർന്ന് കിടന്ന് എന്തൊക്കെയോ പറയുന്നുണ്ട്…
അവൻ എന്തോ പറഞ്ഞ് ചിരിച്ചതും വൈഗ അവന്റെ കവിളിൽ പിടിച്ച് രണ്ടു ഭാഗത്തേക്കും വലിച്ചു..എന്നിട്ട് എഴുനേറ്റ് മറു സൈഡിലേക്ക് ഓടി..അവൻ പുറകെ ചെന്ന് അവളെ പിടിച്ച് അവൾ ചെയ്ത പോലെ അവളുടെ കവിളിലും പിടിച്ച് വലിച്ചു..അവൾ ദേഷ്യം ഭാവിച്ചപ്പോൾ ആ രണ്ടു കവിളിലും കൈകൾ കൊണ്ട് തടവി കൊടുത്തു.. പിണക്കം ചിരിക്ക് വഴിമാറിയപ്പോൾ അവൻ അവളെ തോളോടടിപ്പിച്ചു..ഇതെല്ലാം അല്പം അസൂയയോടെ അതോടൊപ്പം സങ്കടത്തോടെയും ഗീതു നോക്കി..അവർക്കൊപ്പം
കളിച്ചുല്ലസിക്കുന്ന അങ്ങനെയൊരു സിദ്ധു അവൾക്ക് തീർത്തും അപരിചിതനാണ്..ആ ഹൃദയത്തിൽ തനിക്ക് മാത്രമേ സ്ഥാനം നൽകാതുള്ളൂ..ആരോട് പരാതിയും പരിഭവവും പറയാനാണ്?..
അപ്പോഴാണ് റയാൻ പുറത്തു നിൽക്കുന്ന ഗീതുവിനെ കണ്ടത്..
“എന്താ,കുട്ടി..?ഓഹ് സോറി പേര് മറന്ന് പോയി..??”
സിദ്ധുവും അങ്ങോട്ട് തിരിഞ്ഞു നോക്കി..
“ഞാൻ വെള്ളം..”അവൾ കയ്യിലിരുന്ന ജഗ്ഗ് ഉയർത്തി കാട്ടി..
“ഇങ്ങ് തന്നേക്കൂ…”?(റയാൻ)
“ഞാൻ വാങ്ങി വെച്ചോളാം”(സിദ്ധു)
സിദ്ധു തിടുക്കത്തിൽ റൂമിൽനിന്നും ഗീതുവിനടുത്തേക്ക് നടന്നു..അവർ ശ്രദ്ധിക്കുന്നില്ലന്ന് മനസ്സിലായതും അവളെ വലിച്ച് മാറ്റി നിർത്തി..
“ഇവർ പോകുന്ന വരെ താഴെ അമ്മേടെ കൂടെ കിടന്നോണം..
ഇത്രേംപോലും ചിന്തിക്കാനുള്ള കോമൺ സെൻസില്ലാതെ ഇങ്ങോട്ട് വന്നേക്കുന്നു..ഫൂൾ..”
“ഞാൻ അപ്പച്ചീടെ അടുത്ത് തന്നെയാ കിടക്കാൻ തീരുമാനിച്ചത്..അപ്പോഴാ അപ്പച്ചി മോളിലേക്ക് വെള്ളം കൊണ്ട് കൊടുക്കാൻ പറഞ്ഞത്..മനപ്പൂർവം നാണം കെടുത്താൻ വന്നതല്ല സിദ്ധുവേട്ടാ..”
അവന്റെ കൈയ്യിൽ ജഗ്ഗ് ഏൽപ്പിച്ചവൾ താഴേക്ക് നടന്നു..അവൾ അടുത്ത് വന്നു കിടക്കുന്നതും തേങ്ങുന്നതും ദേവി അറിയുന്നുണ്ടായിരുന്നു..തിരിഞ്ഞ് കിടക്കുന്നവളെ ദേവി മാറോട് ചേർത്ത്പിടിച്ചു..അമ്മച്ചൂടിൽ അവളും മയങ്ങി..കാലത്ത് ദേവിയെ അടുക്കളയിൽ സഹായിച്ചിട്ടാണ് ഗീതു സ്കൂളിലേക്ക് പോയത്..
അവിടെ ചെന്നപ്പോൾ അമ്മു ആകെ കരച്ചിൽ..അവൾക്ക് വീട്ടിൽ കല്യാആലോചന വരുന്നെന്ന്..
ആനന്ദിന്റെ മൗനം തന്നെയാണ് അവളുടെ വിഷമം..അവൻ തന്റെ മനസ്സിലും അമ്മുവാണെന്ന് അവളോട് തുറന്ന് പറയുന്നില്ല..തമ്മിൽ ഇഷ്ടമാണെന്ന് അറിയാമെങ്കിലും രണ്ടുപേരും ഇതുവരെ പ്രണയം തുറന്ന് പറഞ്ഞിട്ടില്ല..ഗീതു അമ്മുവിനെ സമാധാനിപ്പിക്കുന്നുണ്ട്..
“നിനക്ക് ഇഷ്ടമില്ലാതത്തോന്നും അച്ഛൻ ചെയ്യില്ല പെണ്ണേ..”(ഗീതു)
“ന്റെ സ്നേഹം മാത്രം ആർക്കും കാണാൻ കഴിയുന്നില്ല ഗീതു..”
ആനന്ദിനെ നോക്കിയവൾ പറഞ്ഞു..
“ഇതിപ്പോ എന്നെക്കാളും വലിയ പ്രശ്നം ആയല്ലോ..” കളിയോടെ ഗീതു പറഞ്ഞ് നിർത്തിയതും അമ്മുവിന് വലിയ സങ്കടമായി..
“പോട്ടടി..സ്നേഹം പിടിച്ച് വാങ്ങാൻ കഴിയില്ലല്ലോ..നീ ഹാപ്പിയായിട്ട് ഇരിക്കുന്നതിലും വലിയ സന്തോഷം എനിക്കില്ല..അതോണ്ട് ഇനി ഇങ്ങനത്തെ ഡയലോഗ് ഒന്നും പറയരുത്..”(അമ്മു)
അമ്മു ക്ലാസ്സിലേക്ക് പോയി..ഗീതുവും ആനന്ദും. ഒറ്റായ്ക്കായി..
“ടാ ..അവളുടെ വീട്ടിൽ പോയി വേഗം പെണ്ണ് ചോദിച്ചോണം..ന്റെ കൊച്ചിനെ വിഷമിപ്പിച്ചാലുണ്ടല്ലോ..”
“ഇല്ലടി..ഉടനെ അതിനൊരു തീരുമാനം ഉണ്ടാക്കണം…”
🎀🎀🎀🎀🎀🎀🎀🎀🎀🎀
വൈകിട്ട് ഗീതു വീട്ടിലേക്ക് വന്നെപ്പോൾ സൈറ്റ് ഔട്ടിലെ സ്റ്റെപ്പിൽ നിറന്നിരുന്നു സംസാരിക്കുവായിരുന്നു സിദ്ധുവും കൂട്ടുകാരും..സിദ്ധു അവർ വന്നതിനാൽ ഇന്ന് ലീവായിരുന്നു..
അവരെ കണ്ടതും ഗീതു തലയും കുനിച്ച് വീടിന് സൈഡിലൂടെ അടുക്കള വശത്തേക്ക് നടന്നു..
“ഈ കുട്ടി ആരോടും മിണ്ടില്ലേ സിദ്ധു..? “ഗീതു പോകുന്ന കണ്ട് കിരൺ ചോദിച്ചു..
അവൾ നേരെ ദേവിയുടെ മുറിയിൽ ചെന്ന് ഡ്രസ്സ് മാറിയപ്പോഴേക്കും ഡോറിൽ മട്ട് കേട്ടു..തുറന്ന് നോക്കിയപ്പോൾ താരയും വൈഗയും..അവൾ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു..അവർ അകത്തേക്ക് കയറി ബെഡിൽ ഇരുന്നു..ഗീതു എന്തെന്ന അർത്ഥത്തിൽ നോക്കിനിന്നു..
“നീ എന്തിനാ കള്ളം പറഞ്ഞേ..??”(താര)
“ങ്ങേ.??(ഗീതു)
“നീ എന്തിനാ സിദ്ധു നിന്റെ ഹസ്ബാന്റാണെന്ന് പറയാതിരുന്നതെന്ന്..”(വൈഗ)
ഗീതു ഇത്തവണ ശരിക്കും ഞെട്ടി..ഒന്നും പറയാതെ അവൾ തല താഴ്ത്തി നിന്നു..ഇന്ന് വീടുമുഴുവൻ ചുറ്റി കാണുന്നതിനിടയിൽ ഈ മുറിയിലെ ഫോട്ടോ കണ്ടു..ദേവിയുടെ മുറിയിൽ തൂക്കിയിരുന്ന വിവാഹ ഫോട്ടോ ചൂണ്ടി താര ചോദിച്ചു..അപ്പോഴാണ് ഗീതു അതിനെ പറ്റി ഓർത്തത്..
അന്ന് കല്യാണഫോട്ടോ റൂമിൽ വയ്ക്കാൻ സിദ്ധു ഒട്ടും തന്നെ സമ്മതിക്കാതിരുന്നപ്പോൾ
ദേവി അത്കൊണ്ട് അവരുടെ റൂമിൽ തൂക്കുകയായിരുന്നു..
“ഞങ്ങൾ തമ്മിൽ ഈ താലിയുടെ ബന്ധം മാത്രേ ഉളളൂ..സിദ്ധുവേട്ടന്റെ മനസ്സിൽ എനിക്കൊരു ഭാര്യയുടെ സ്ഥാനം തന്നിട്ടില്ല..ഇനി തരികേം ഇല്ല..ഗതികേട് കൊണ്ട് എന്നെ സ്വീകരിച്ചതാ..എന്നെ അംഗീകരിക്കില്ലെന്ന് എന്നോട് ഒരു നൂറു തവണ പറഞ്ഞിട്ടുണ്ട്..പിന്നെ എന്ത് അധികാരത്തിൽ എനിക്ക് പറയാൻ പറ്റും ആ മനുഷ്യന്റെ ഭാര്യയാണ് ഞാനെന്ന്..”
തുറന്ന് സംസാരിക്കാൻ ഒരാളെ കിട്ടിയതും ഗീതു മനസ്സിലുള്ളതെല്ലാം പറഞ്ഞു..പറഞ്ഞു കഴിഞ്ഞതും ആശ്രയതിനെന്നോണം വൈഗയുടെ തോളിൽ തലചായ്ച്ചു.. തന്റെ തോൾ കണ്ണീരിനാൽ നനയുന്നതറിഞ്ഞിട്ടും വൈഗ അവളെ അടർത്തി മാറ്റിയില്ല..അൽപസമയം കഴിഞ്ഞതും ഗീതു താൻ ചെയ്ത പ്രവൃത്തിയറിഞ്ഞ് ഞെട്ടി പിന്നോട്ട് മാറി..
“സോറി”അവൾ വൈഗയെ നോക്കി പറഞ്ഞു..
“സിദ്ധുവേട്ടനോട് ഇതൊന്നും പറയരുത്..എന്നെ വഴക്ക് പറയും..അപേക്ഷിക്കുവാ ഞാൻ..”
അവളുടെ കണ്ണിൽ സിദ്ധുവിനോടുള്ള ഭയം അവർ കണ്ടു..പറയില്ലെന്നവർ ഗീതുവിന് ഉറപ്പ് കൊടുത്തു..
🎀🎀🎀🎀🎀🎀🎀🎀🎀
വൈകിട്ട് അമ്മു നാമം ചൊല്ലി വിളക്ക് കെടുത്തുമ്പോളായിരുന്നു ആനന്ദും സാവിത്രിയും അമ്മുവിന്റെ വീട്ടിലേക്ക് കയറിച്ചെന്നത്..ഉമ്മറത്ത് തന്നെ അമ്മുവിന്റെ അച്ഛനും അമ്മയും അനിയനും ഉണ്ടായിരുന്നു..അവരെ കണ്ട അമ്മു ഓടി അടുത്ത് ചെന്നു..
“ആരിത്..കേറി വാ..”അമ്മുവിന്റെ അച്ഛൻ അവരെ അകത്തേക്ക് ക്ഷണിച്ചു..
“അമ്മുവിന്റെ അച്ഛനോടും ശാരദയോടും പ്രധാനപ്പെട്ട ഒരു കാര്യം സംസാരിക്കാനാണ് വന്നത്..നിങ്ങളുടെ അഭിപ്രായം എന്തായാലും സന്തോഷം..”
“എന്താണ് സാവിത്രി..??”(ഗോവിന്ദൻ)
“അമ്മുമോളെ ന്റെ നന്ദുന്റെ പെണ്ണായിട്ട് തരുവോന്ന് ചോദിക്കാനാ..ഞങ്ങളെ പറ്റി ഒക്കെ അറിയാവല്ലോ..വലിയ സമ്പത്ത് ഒന്നും അവകാശപ്പെടാൻ ഇല്ല.. എല്ലാം പറയുവാ..നിങ്ങളല്ലേ തീരുമാനം പറയേണ്ടത്??”
അമ്മു സന്തോഷം കൊണ്ട് നിലത്തും താഴത്തും അല്ലാതായി..
“സമ്പത്തൊക്കെ വരും പോകും..ന്റെ കുഞ്ഞിന്റെ കണ്ണ് നിറയ്ക്കാതിക്കുന്ന ഒരാൾ മതി..പിന്നെ മോളോട് ചോദിക്കാതെ എങ്ങനാ.?.അവൾക്കും അങ്ങനൊരു ഇഷ്ടം ഉണ്ടോന്ന് അറിയാണോല്ലോ..ആനന്ദിനെ പറ്റി ഞങ്ങൾക്ക് എതിരഭിപ്രായം ഒന്നും ഇല്ല..അമ്മു മോളേ ,നിന്റെ തീരുമാനം എന്തായാലും ഞങ്ങൾ ഒപ്പമുണ്ട്…”
“എനിക്കിഷ്ടവാ..”അതും പറഞ്ഞവൾ അകത്തേക്ക് ഓടി..
എല്ലാരും അവളുടെ പോക്ക് കണ്ട് ചിരിച്ചു..
“അപ്പൊ എങ്ങനായാ കാര്യങ്ങൾ..??”(സാവിത്രി)
“നിശ്ചയം ഉടനെ നടത്താം.. ജാതകം
നോക്കണ്ടേ..??”(ഗോവിന്ദൻ)
“ജാതകതത്തിനെക്കാളും വേണ്ടത് മനപ്പൊരുത്തമാണ്.. അതിപ്പോ വേണ്ടുവോളോം ഉണ്ടല്ലോ..”(സാവിത്രി)
“അത് ശരിയാ..ഇനി ഒഫീഷ്യൽ ആയി പെണ്ണുകാണൽ വേണോ..”(ശാരദ)
“അവരെന്നും കാണുന്നതല്ലേ..
വേണോടാ..”(സാവിത്രി)
“വേണ്ടമ്മേ..”(ആനന്ദ്)
“അപ്പൊ നമുക്ക് നല്ലൊരു തീയതി നോക്കി നിശ്ചയം നടത്താം..”(ഗോവിന്ദൻ)
“അങ്ങനെയാവട്ടെ..”(സാവിത്രി)
ആനന്ദും സാവിത്രിയും വീട്ടിലേക്ക് മടങ്ങി..ഇടയ്ക്ക് പിറകോട്ട് തിരിഞ്ഞു നോക്കിയ ആനന്ദ് മുറിയുടെ ജനലഴിയിൽ കൂടി തന്നെ നോക്കുന്ന അമ്മുവിനെ കണ്ട് ചിരിച്ചുകാണിച്ചു..നാണത്താൽ തലതാഴ്ത്തിയവൾ ചുമരിലേക്ക് മറഞ്ഞുനിന്നു..(തുടരും)

by