16/04/2026

മാഞ്ഞുപോയ കിനാവുകൾ : ഭാഗം 25

രചന – ആതിര

റൂമിൽ ഇരുന്ന് കുറച്ചു മുൻപ് താൻ ഗീതുവിന് നേരെ പറഞ്ഞ കാര്യങ്ങൾ ആലോചിക്കുകയാണ് സിദ്ധു.. വേണൊന്ന് വെച്ച് പറയുന്നതല്ല.. പക്ഷേ അവളെ കാണുമ്പോൾ അതും അവന്റെ കൂടെ ,സർവ നിയന്ത്രണവും നഷ്ടമാകുന്നു.. പിന്നെ വായിൽ വരുന്നതെല്ലാം കോതയ്ക്ക് പാട്ടെന്ന രീതിയിൽ അവളുടെ മേലേ ദേഷ്യം തീർക്കുന്നതാണ്..അമ്മ പറഞ്ഞപോലെ താൻ എന്നാണ് ഇത്രയും അധിപതിച്ചത്..സിദ്ധു മുടിയിലൂടെ വിരൽ ഓടിച്ചു.. അവളെ ഭാര്യയായ് അംഗീകരിച്ചിട്ടില്ല..ഇപ്പോഴും ആ തീരുമാനത്തിൽ മാറ്റവും വന്നിട്ടില്ല..ഒന്നിച്ചു പോകാൻ പറ്റില്ലെന്ന് കണ്ടാൽ പിരിയുന്നതല്ലേ നല്ലത്.. അവൻ ബെഡ്ഡിൽ നിന്നും എഴുന്നേറ്റ് അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി..

“വേണ്ട..പറഞ്ഞുപോയത് കൂടിപ്പോയന്നറിയാം..പക്ഷേ ഇപ്പോൾ അവളോട് ക്ഷമ ചോദിച്ചാൽ അവളുടെ മനസ്സിൽ വീണ്ടും അരുതാത്ത മോഹങ്ങൾ ഉണ്ടാകാൻ കാരണമാകും.. കല്യാണം കഴിഞ്ഞിട്ട് എട്ട് മാസം ആയില്ലേ..കുറച്ച് മാസം കൂടി കഴിഞ്ഞിട്ട് കേരളം വിട്ട് വേറെ ഏതേലും സ്റ്റേറ്റിലോട്ട് ട്രാൻസ്ഫർ വാങ്ങണം..അതുകഴിഞ്ഞിട്ട് വേണം അവളേ പറഞ്ഞ് മനസ്സിലാക്കി ഡിവോഴ്സ് കൊടുക്കാൻ..ആദ്യം അവൾക്ക് വിഷമം ഒക്കെ കാണുമായിരിക്കും.. പിന്നീട് അവൾക്ക് ചേർന്നൊരാൾ വരുമ്പോൾ അതൊക്കെ മാറിക്കോളും..ഇനി അവളോട് പരമാവധി വഴക്കിടാൻ പോകണ്ട..അമ്മ അവളെ ഈ മുറിയിൽ നിന്നും മാറ്റിയത് നന്നായി.. എല്ലാം അവസാനിപ്പിക്കാനുള്ള ആദ്യപടിയാകട്ടെ മാറ്റം.. (സിദ്ധുവിന്റെ ആത്മ)

ഗീതു കുളിച്ച് ഫ്രെഷായി വരുമ്പോഴാണ് അവളുടെ ഫോൺ റിങ് ചെയ്തത്..ഫോൺ എടുത്തു ഡിസ്പ്ലേയിലെ പേര് കണ്ടതും ഗീതുവിന്റെ മുഖത്ത് സന്തോഷം നിറഞ്ഞു.. 📲”വിവേകേട്ടൻ കോളിംഗ്” …അവൾ ഫോൺ അറ്റൻഡ് ചെയ്തു.. 📞”ഹലോ ഗീതു.. നിനക്ക് സുഖവാണോ??” 📞”ആഹ്..വിവകേട്ടാ..എനിക്കിവിടെ സുഖാണ്.. അപ്പച്ചി എന്റെ സുമിത്രചിറ്റേ പോലെ തന്നെയല്ലേ.. എനിക്കിവിടെ ഒരു കുറവും ഇല്ല..” 📞”അല്ല സിദ്ധു എന്ത് പറയുന്നു??അവന് നിന്നോട് നീരസം ഒന്നും ഇല്ലല്ലോ അല്ലേ..?? അല്ല കാവ്യ ചെയ്ത വെച്ചത് അതുപോലെ ഉള്ള പണിയല്ലേ..?? 📞”ഏയ്..സിദ്ധുവേട്ടന് എന്നെ വല്യ കാര്യമാണ്..എന്നോട് ഒത്തിരി സ്നേഹോണ്ട്..ന്റെ മുഖം മങ്ങുന്നപോലും ഇഷ്ടല്ല.. കാവ്യചേച്ചിക്ക് സുഖമല്ലേ???”

📞”അത് കേട്ടാൽ മതി.. കാവ്യ കാരണം നീ അവിടെ സങ്കടപ്പെടുവാണോന്നായിരുന്നു എന്റെ പേടി..അവൾ ഇവിടെ സുഖായിരിക്കുന്നു..പിന്നെ ഇപ്പൊ നിന്റെ കാവ്യേച്ചി ഒത്തിരി മാറി കേട്ടോ..നിന്നോട് ഇപ്പോൾ ദേഷ്യം ഒന്നും ഇല്ല..ഇടക്ക് എന്നോട് പറയും ഗീതുനോട് അങ്ങനെ ചെയ്തത് തെറ്റായിപോയെന്ന്..”📞”അത്രേം കേട്ടാൽ മതി..എന്നോട് വെറുപ്പ് കാണിക്കാതിരുന്നാൽ മതി..പിന്നെ ചിറ്റയെയും കൊച്ചച്ഛനെയും അങ്ങോട്ട് വിളിക്കുന്ന കാര്യം എന്തായി?? ചേച്ചി വിളിച്ചോ..?” 📞”വിളിച്ചു..അവർ വരാന്ന് സമ്മതിച്ചു..അച്ഛൻ ആദ്യം എതിർപ്പ് പറഞ്ഞേങ്കിലും കട പറ്റിയയാളെ ഏല്പിച്ചിട്ട് വരാന്ന് സമ്മതിച്ചു.. അമ്മയ്ക്കായിരുന്നു കൂടുതൽ സന്തോഷം.. കാവ്യ അങ്ങനെ മിണ്ടാറില്ലാരുന്നല്ലോ..” 📞”ചിറ്റേം കാവ്യ ചേച്ചിയും പഴയ പോലെ മിണ്ടാനും പിണക്കം മാറ്റാനും നല്ലതാ ഈ യാത്ര..മൂന്ന് മാസം അവർ അവിടെ കാണുല്ലോ..”

📞”ഹ് മ്മ്..അതിനിടയ്ക്ക് വേണം ഞങ്ങടെ കാര്യം സെറ്റാക്കാൻ..” 📞”ന്റെ ചിറ്റേം കൊച്ഛനനും പാവങ്ങൾ ആണ്..അവര് സമ്മതിക്കും..” 📞”എങ്കിൽ ശരി ഗീതു..ഞാൻ വെക്കട്ടെ..നിന്റെ കണവനെ തിരക്കിയെന്ന്‌ പറ..” 📞”ഹമ്മ്..” തന്റെ സങ്കടങ്ങൾ ഒരിക്കലും മറ്റുള്ളവരറിയാൻ ഗീതു ആഗ്രഹിച്ചിരുന്നില്ല..എന്തിനേറെ സുമിത്രയോ പ്രസാദോ പോലും അവളുടെ സങ്കടങ്ങൾ അറിയുന്നുണ്ടായിരുന്നില്ല..അവൾ അറിയിച്ചിരുന്നും ഇല്ല.. ദേവി നിസ്സഹായയായ പോലെ അവരും തന്റെ കാര്യത്തിൽ വെറും നിസ്സഹായരാണെന്ന് ഗീതുവിന് അറിയാമായിരുന്നു..അവരുടെ മുന്നിൽ സിദ്ധുവും ഗീതുവും സ്നേഹത്തോടെ കഴിയുന്ന ദമ്പതികൾ ആണ്..

രാവിലെ തന്നെ അമ്പലത്തിൽ പോകണമെന്ന് ഗീതുവിന് തോന്നി..ഇന്നലെ നടന്നതൊക്കെ മറക്കാനും മനസ്സ് ശാന്തമാക്കാനും അതുവേണമെന്നവൾക്ക് തോന്നി.. പോകുന്ന വഴിയായതിനാൽ ചിന്നു മോളേയും കൂട്ടിയവൾ.. അമ്പലത്തിൽ നിന്ന് തൊഴുത്തിറങ്ങി ചിന്നുമോൾക്ക് പ്രസാദം തൊട്ടുകൊടുത്തു.. ചിന്നുമോൾടെ കയ്യിൽ പിടിച്ചുകൊണ്ട് ഇറങ്ങുമ്പോഴാണ് അവൾ സുമിത്രയെ കണ്ടത്… ഒരു കയ്യിൽ കുഞ്ഞിനെ പിടിച്ചുകൊണ്ട് വരുന്ന അവളെ കണ്ടതും സുമിത്ര ആ കാഴ്ച്ച നോക്കി നിന്നു.. “ചിറ്റേ..”അവൾക്ക് അത്രയധികം സന്തോഷം തോന്നി.. “ഗീതുമോളെ..സുഖവല്ലേ മോൾക്ക്..ഇത് അപ്പുറത്തെ സൗമ്യേടെ കുട്ടിയല്ലേ..” ചിന്നുമോളെ കണ്ട് സുമിത്ര ചോദിച്ചു.. “അതേ ചിറ്റേ..ഇവൾ ഇപ്പോൾ എന്റെ കൂടെയാണ് പോക്കും വരവും..കൊച്ഛന് സുഖവല്ലേ ചിറ്റേ..?

“പ്രസാദേട്ടന് നീ അങ്ങോട്ട് ചെല്ലുന്നില്ലന്നുള്ള പരാതി മാത്രേ ഉള്ളൂ..സിദ്ധുനേം ദേവിനേം കിട്ടിയപ്പോൾ നീ അങ്ങോട്ടുള്ള വഴിയൊക്കെ മറന്നോ മോളേ..?? “ആകെ തിരക്കല്ലേ ചിറ്റേ.. ഒരു ദിവസം വന്ന് അന്ന് തങ്ങിയിട്ടെ പൊരുന്നുള്ളൂ..” “ഇനി കാണണേൽ നീ ബാംഗ്ലൂർക്ക് വരണം..കാവ്യാമോൾ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു വിളിച്ചു ഗീതു.. അതും എന്നെയാ വിളിച്ചു പറഞ്ഞത്..അവിടെ അവൾ ഫ്‌ളാറ്റിൽ അല്ലെ താമസിക്കുന്നത്.. അവൾ ആകെ മാറി..ഇടക്ക് നിന്നെക്കുറിച്ച് തിരക്കി.. അവൾക്ക് നല്ല ബുദ്ധി വന്നെന്നാ തോന്നുന്നെ…” സുമിത്രയുടെ വാക്കുകളിൽ നിന്ന് അവർ എന്തുമാത്രം സന്തോഷവത്തിയാണെന്ന് ഗീതുവിന് മനസ്സിലായി..എന്നും കാവ്യയ്ക്കും ഗീതുവിനുമിടയിൽ പിടഞ്ഞിരുന്നത് അവരുടെ മനസ്സാണ്..ഒരു പക്ഷത്തും നിൽക്കാനാകാതെ പലപ്പോഴും അവർ നട്ടം തിരിഞ്ഞിയിട്ടുണ്ട്..

“മോളേ അടുത്താഴ്ച്ച ഞങ്ങൾ പോകും..നീ അങ്ങോട്ട് വന്ന് കുറച്ച് ദിവസം നിന്നിട്ട് പോ..ഇനി എത്ര നാള് കഴിഞ്ഞാലാ ചിറ്റയ്ക്ക് നിന്നെയോന്നു കാണാൻ പറ്റുന്നെ..” “വരാം ചിറ്റേ..സിദ്ധുവേട്ടന്റെ കാര്യത്തിൽ ഉറപ്പ് പറയാൻ പറ്റില്ല.. ഞാൻ 2 ദിവസം ലീവെടുത്ത് വരാം..” “നീ ആകെ ക്ഷീണിച്ചു..ഭക്ഷണം ഒന്നും കഴിക്കാറില്ലല്ലേ..ദേവി നിന്നെ അങ്ങനെ വിടാൻ വഴിയില്ലല്ലോ.. പണ്ടേ നിനക്ക് കഴിക്കാൻ മടിയല്ലേ..കണ്ടോ മുഖത്തൊക്കെ നല്ല വിളർച്ചയുണ്ട്.. നീ ഉറങ്ങാറോന്നും ഇല്ലേ ഗീതു..നല്ല പോലെ കഴിക്കണം കെട്ടോ..ഒരു കുഞ്ഞിനെയൊക്കെ താങ്ങേണ്ട വയറാ.. ഇങ്ങനെ ആരോഗ്യം ഇല്ലാതിരുന്നാൽ സിദ്ധു കുറെ കഷ്ടപ്പെടും..” പകുതി കളിയായും കാര്യമായും സുമിത്ര പറഞ്ഞു.. അതിനവൾ നിർവികാരതയോടെ ഒന്നു പുഞ്ചിരിച്ചു.. “ചിറ്റേ പോട്ടേ..സമയമായി” “ശരി മോളേ..മറക്കാണ്ട്‌ അങ്ങോട്ട് വരണം..”

സ്കൂളിലേക്ക് കയറിയ ഗീതുവിനെ കണ്ടപാടെ അമ്മു അവളെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി.. “അയ്യോ അമർത മിസ്സ് എന്തിനാ കരയുന്നേ?? അമ്മൂനെ കണ്ട് ചിന്നുമോൾ ചോദിച്ചു.. “ഒന്നുവില്ല ചിന്നു..മോള് ക്ലാസ്സിൽ പൊക്കോ..”ഗീതു പറഞ്ഞു.. ചിന്നു തലയും കുലുക്കി ക്ലാസ്സിലേക്ക് നടന്നു.. “ന്റെമ്മൂ..എല്ലാവരും നോക്കുന്നുണ്ട്..??എടി നിർത്താൻ..” ആനന്ദ് അവളോട് എല്ലാം പറഞ്ഞെന്ന് ഗീതുവിന് മനസ്സിലായി.. “ഗീതു..നീ എന്താടി ഇതൊന്നും ഞങ്ങളോട് പറയാഞ്ഞേ..??? ഏന്തോക്കെയാ സിദ്ധുവേട്ടാൻ നിന്നെക്കുറിച്ച് പറഞ്ഞത്..കേട്ടിട്ട് ഒന്നും സഹിക്കാൻ പറ്റുന്നില്ലടി.. എന്തിനാടി ഇനിയും സഹിച്ച് അവിടെ നിൽക്കുന്നത്..നീ തിരിച്ച് ചെന്നാൽ നിന്റെ ചിറ്റേം കൊച്ഛച്ചനും പൊന്നുപോലെ നോക്കില്ലേ.. അയാളുടെ താലി അങ്ങ് തിരിച്ച് കൊടുത്തേക്ക്..ദേഹോപദ്രവത്തെക്കാളും സഹിക്കാൻ പറ്റാത്തതാടി വാക്കുകൾ കൊണ്ട് തകർക്കുന്നത്.. വേണ്ടടി നമുക്ക്..”

“പറയാൻ എളുപ്പവാ അമ്മു..ഞാൻ സിദ്ധുവേട്ടനെ വേണ്ടന്ന് വെച്ച് വീട്ടിലൊട്ട് തിരിച്ചു ചെന്നാൽ എന്നെ ഒരിക്കലും തള്ളികളയില്ല..പക്ഷേ അതോടെ ദേവിയപ്പച്ചിയുമായുള്ള ബന്ധം തകരും..ഞാൻ അങ്ങനെ നിന്നാൽ പിന്നെ കാവ്യ ചേച്ചിക്ക് നല്ല ബന്ധം വരുവോ..???ന്റെ വിധിയാ അമ്മു ഇത്..എല്ലാം താമസിയാതെ തീരും..ആർക്കും പ്രശ്നം ഇല്ലാതെ എല്ലാം തീർക്കണം..സിദ്ധുവേട്ടനും ഇനിയെന്നെ വെറുക്കാൻ പാടില്ല.. എല്ലാത്തിനും ഒരു മാർഗം തെളിയും.. നീ കണ്ണുതുടച്ചിട്ട് സ്റ്റാഫ് റൂമിലേക്ക് വിട്ടോ..എനിക് മാനേജറേം ഹെഡ്മാസ്റ്ററേം ഒന്ന്‌ കാണണം..” “എന്തിനാടി..??” “അതൊക്കെയുണ്ട്..” “നീ ഞങ്ങൾ അറിയാതെ എന്തൊക്കെയോ ചെയ്യുന്നുണ്ട്.. സമയം ആകുമ്പോൾ നീ തന്നെ പറയുവെന്നറിയാം, അതുകൊണ്ടാ ചോദിക്കാത്തത്..പോയിട്ട് വാ” ദിവസങ്ങൾ ആർക്ക് വേണ്ടിയും കാത്ത് നിൽക്കാതെ മുന്നോട്ട് പോയി..ഗീതു ഇപ്പോൾ മുളകിലേക്ക് പോകാറെയില്ല.. ദേവിയുടെ മുറിയാണ് അവളുടെ ലോകം..

അവൻ മുന്നിൽ വരുന്ന അവസരങ്ങളിൽ ഒക്കെ അവൾ മാറിനിൽക്കും..അന്നത്തെ സംഭവത്തിനു ശേഷം അവിടെ വല്ലാതത്തൊരു നിശബ്‌ദ്ത വന്നുകൂടിയിട്ടുണ്ടെന്ന് എല്ലാവർക്കും തോന്നി.. അങ്ങനെയിരിക്കെ ഒരു വെള്ളിയാഴ്ച ദിവസം..ദേവി അടുക്കളയിൽ പാചകത്തിലാണ്.. സിദ്ധു ഹാളിൽ ഇരുപ്പുണ്ട്..ഗീതു അവരുടെ അടുത്തേക്ക് ചെന്നു.. “അപ്പച്ചി ഞായറാഴ്ച ചിറ്റേം കൊച്ഛച്ചനും കാവ്യ ചേച്ചീടെ അടുത്തേക്ക് പോകുവാണ്.. രണ്ടു ദിവസം അവിടെ പോയി നിൽക്കാൻ തോന്നുന്നു..പോട്ടേ ഞാൻ..” “മോൾക്ക് പോണോന്നുണ്ടേൽ പോയി നിന്നിട്ട് വാ..എന്നോട് സുമിത്ര പറഞ്ഞതാരുന്നു പിള്ളേരെ അങ്ങോട്ട് വിടാണോന്ന്..മോള് പോയി ഒരുങ്ങ് ഞാൻ സിദ്ധുനോട് പറയാം..” “വേണ്ടപ്പച്ചി.. ഇഷ്ടാവില്ല..” “നീ പോയി ഒരുങ്ങ്..ഞാൻ നോക്കിക്കോളാം..” ദേവി പറഞ്ഞതാനുസരിച്ച് അവൾ റെഡി ആകാൻ പോയി..

“മോനേ.. ഗീതുനെ ശങ്കരമംഗലം വരെ ഒന്നു കൊണ്ടവിട്ടിട്ട് വാ..അവൾ ഒറ്റയ്ക്ക് അങ്ങോട്ട് ചെന്നാൽ ചോദ്യോംപറച്ചിലും ഒക്കെ ഉണ്ടാകും. അവരുടെ മുന്നിൽ കൂടി നീ എന്റെ കുഞ്ഞിനെ നാണം കെടുത്തരുത്.. കൊണ്ട് വിട്ടിട്ട് നീ ഇങ്ങു വന്നോ..” അവൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല..എഴുനേറ്റ് വേഷം മാറാൻ പോയി.. ഗീതു റെഡി ആയി വന്നപ്പോഴേക്കും അവൻ ബുള്ളറ്റും കൊണ്ട് അവളുടെ അടുത്തേക്ക് വന്നു..അവനെ മുട്ടാതെ അവൾ ഒതുങ്ങിയിരുന്നു..ദേവിയോട് പോകുന്നെന്ന് പറഞ്ഞവൾ തലയാട്ടി..

സിദ്ധുവും ഗീതുവും ശങ്കരമംഗലത്ത് എത്തിയപ്പോൾ സുമിത്ര അച്ചാറും മറ്റും തയാറാക്കുന്ന തിരക്കിലാണ്.. കായത്തിന്റെ വാസന വന്നപാടെ ഗീതു അടുക്കളയിലേക്ക് ഓടി.. ഉണ്ടാക്കവെച്ചിരുന്ന മങ്ങാച്ചാർ ചെറിയ പ്ലേറ്റിലെടുത്ത് തിന്നാൻ തുടങ്ങി.. “ന്റെ ഗീതു..നിനക്ക് ഇത്ര ഇഷ്ടാണോ അച്ചാർ..ഇവിടെ വെച്ച് തിന്നാറെയില്ലാരുന്നല്ലോ..” “ന്റെ ചിറ്റേടെ കൈകൊണ്ട് ഉണ്ടാക്കിയ എന്തേലും കഴിച്ചിട്ട് എത്ര കാലാമായി..അച്ചാറിൻറേം കായത്തിന്റെം ഒക്കെ മണം.. കൊതിവന്നുപോയെന്റെ ചിറ്റേ..” “കല്യാണം കഴിഞ്ഞ് കുറച്ച് കഴിയുമ്പോൾ പെണ്ണുങ്ങൾക്ക് തോന്നണതാ പലതിനും കൊതി..ന്റെ ഗീതുനും അങ്ങനെ വല്ല കൊതീം തോന്നാൻ സമയം ആയോ..” “പോ ചിറ്റേ..ഗർഭിണികൾക്ക് മാത്രേ കൊതിയൊള്ളോ..” അവളുടെ ചിണുങ്ങൽ കണ്ട് സുമിത്ര ചിരിച്ചു..അപ്പോഴാണ് തങ്ങൾ പറഞ്ഞതത്രയും കേട്ടുകൊണ്ട് നിൽക്കുന്ന സിദ്ധുനെ സുമിത്ര കണ്ടത്..

“ഗീതു..സിദ്ധുമോൻ വന്നിട്ട് നീ എന്താ അവന് ചായ കൊടുക്കാഞ്ഞേ..?? ” “ചിറ്റ കൊടുക്ക് ..ന്റെ കയ്യിലെല്ലാം അച്ചാറാ..”മനപ്പൂർവം ഒഴിഞ്ഞ് മാറിയവൾ പറഞ്ഞു.. സിദ്ധൂന് ചായ കൊടുത്തവർ ഹാളിലേക്ക് നടന്നു.. “മോനെ അമ്മായി ചോദിക്കുന്ന കൊണ്ട് ഒന്നും വിചാരിക്കരുത്.. ഞങ്ങൾക്കിനി ഇതൊക്കെയല്ലേ സന്തോഷം..” അവന്മനസ്സിലാകാതെ പോലെ സുമിത്രയെ നോക്കി.. “രാവിലെ ഗീതുനെ അമ്പലത്തിൽ വെച്ച് കണ്ടായിരുന്നു..മോൾടെ ക്ഷീണവും മുഖത്തെ വിളർച്ചയും ഒക്കെ കണ്ട് അവൾക്ക് വിശേഷം ഉണ്ടെന്ന് തോന്നി..അവള് പറഞ്ഞപ്പോഴാണ് ഭക്ഷണം കഴികാതെയാന്ന് മനസ്സിലായെ.. മോനവളുടെ ഭക്ഷണകാര്യത്തിൽ ഒന്നു ശ്രദ്ധിക്കണേ.. പണ്ടേ കഴിക്കാൻ മടിയാ..പിന്നെ ഇപ്പോൾ കല്യാണം കഴിഞ്ഞിട്ട് 8 മാസം കഴിഞ്ഞില്ലേ..ഒരു കുഞ്ഞിനെപ്പറ്റി ചിന്തിക്കേണ്ട സമായമായി..

നിങ്ങൾ പരസ്പരം പണ്ടേ അറിയുന്നവരല്ലേ…ഇനി നീട്ടിക്കൊണ്ട് പോകണ്ട..” സുമിത്ര പറയുന്നത് കേട്ട് ഗീതുവും സിദ്ധുവും എന്ത് പറയുമെന്നോർത്ത് നിൽക്കുകയാണ്..അവന്റെ ഭാവം എന്തെന്ന് നോക്കാൻ പോലും ഗീതുന് പേടിയാണ്.. “ചിറ്റേ..,ഉടനെയൊന്നും കുഞ്ഞ് വേണ്ടന്ന് ഞാനാ സിദ്ധുവേട്ടനോട് പറഞ്ഞത്..കുറച്ച് വർഷം കൂടി കഴിയട്ടെ..” അവളുടെ മറുപടിയിൽ സിദ്ധു ശരിക്കും സ്തബ്ധനായി..തന്നേ പേടിച്ചിട്ടാണ് അവൾ അങ്ങനെ പറയുന്നതെന്നവന് മനസ്സിലായി.. “അടി വാങ്ങിക്കും ഗീതു നീ.. കുറച്ച് വർഷം കഴിയട്ടെ പോലും.. ഇനിയെപ്പോഴാ മൂക്കിൽ പല്ലു വന്നിട്ടോ..ഒന്നുവില്ലേലും സിദ്ധൂന് കാണില്ലേ ഒരു കുഞ്ഞ് വേണൊന്നുള്ള ആഗ്രഹം..ഇനീം നീ എതിര് നിൽക്കരുത്‌ ഗീതു..അവൻ മാത്രം വിചാരിച്ചിട്ട് കാര്യം ഇല്ലല്ലോ..” “ചിറ്റേ.. ഞാൻ..”

“വേണ്ട ഗീതു..ഞങ്ങൾ പോയിട്ട് തിരിച്ചു വരുമ്പോഴേക്കും സന്തോഷവാർത്ത അറിയിക്കണം കെട്ടോ..രണ്ടാളോടും കൂടിയാ.. കേട്ടല്ലോ..ആഗ്രഹിച്ച പോലെ ന്റെ ഗീതുന്റെ കല്യാണം നടന്നു..ഇനി എന്റെ ഗീതുമോള്ടെ കുഞ്ഞിനെ കൂടി കാണണം..കഴിഞ്ഞ ദിവസം ഞാനൊരു സ്വപ്നം കണ്ടതെയുള്ളൂ.. നിങ്ങടെ കുഞ്ഞിനെ..നിങ്ങൾ രണ്ടുപേരും ചേർന്നിരുന്ന് കുഞ്ഞിനെ കളിപ്പിക്കുന്നത്..സ്വപ്നം എത്രയും വേഗം സത്യവാകണേന്നാ എന്റെ പ്രാർത്ഥന”..അതും പറഞ്ഞ് സുമിത്ര അടുക്കളയിലേക്ക് നടന്നു.. ഗീതു പതിയെ റൂളിലേക്കും തിരിഞ്ഞു നടന്നു.. റൂമിലെത്തിയതും ഒഴുകിയിറങ്ങിയ കണ്ണീർ തുടച്ചവൾ മുഖമുയർത്തിയപ്പോൾ തന്നെ നോക്കി നിൽക്കുന്ന സിദ്ധുവിനെയാണ് കണ്ടത്.. (തുടരും)