രചന – ആതിര
“ഗീതു…..” ആ വിളിയിൽ അവളുടെ എല്ലാ ആകുലതകളെയും അവന്റെ നെഞ്ചിൽ ഇറക്കിവെച്ചവൾ അവനെ ഇറുകെ പുണർന്നു..അവളുടെ പേടി അപ്പോഴും മാറിയിരുന്നില്ല..അത് മനസ്സിലായെന്നപോലെ അവനവളുടെ തലയിൽ തഴുകുന്നുണ്ടായിരുന്നു.. “ഗീതു..പോട്ടെടി..പേടിക്കണ്ട ഞാൻ വന്നില്ലേ..” “നന്ദൂ….നീ വരാൻ വൈകിയെങ്കിൽ അയാൾ എന്നേ…!!!!!!!” പൂർത്തിയാക്കാനാവാതെ അവൾ കരയുകയാണ്..അത്രത്തോളം അവൾ പേടിച്ചുപോയിരുന്നു.. നിസ്സഹായയായ പെണ്ണിന്റെ വേദന..ഒരു നിമിഷം കൊണ്ട് തകർക്കപ്പെടാമായിരുന്ന മാനം.. ആനന്ദ് കൈയിൽ കരുതിയ വെള്ളം അവൾക്ക് നീട്ടി..വെള്ളം വാങ്ങി ആർത്തിയോടെ കുടിക്കുന്ന ഗീതുവിനെ കണ്ട് അവന്റെ ഉള്ളം വിങ്ങി..ഒരമ്മേടെ വയറ്റിൽ പിറന്നില്ലെങ്കിലും കണ്ടനാൾ മുതൽ ഗീതു അവന് കൂടപിറപ്പ് തന്നെയായിരുന്നു..വെള്ളം കുടിച്ചതിനു ശേഷം അവൾ കുപ്പി തിരികെ അവന് നൽകി..ഇപ്പോൾ അവളുടെ മുഖത്ത് കുറച്ച് ആശ്വാസം ഒക്കെയുണ്ട്..
“മതിയോടി..” “മതി..നീ വന്നത് ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല..” “നിന്നെ അങ്ങനെയൊന്നും ദൈവങ്ങൾ കൈവെടിയില്ല ഗീതു..തക്ക സമയത്ത് ഞാൻ വന്നില്ലേ..നിന്നോട് അയാൾ മോശമായി പെരുമാറിയോ??അയാളെ എപ്പോഴാ കണ്ടത്..???” ഗീതു അയാളെ കണ്ടതും ബസിൽ വെച്ചുണ്ടായ കാര്യങ്ങളും ഒക്കെ ആനന്ദിനോട് പറഞ്ഞു.. “ചെറ്റ.. ആ പന്ന മോൻ എന്നേ കണ്ടപ്പോൾ ഓടികളഞ്ഞല്ലോ.. അവന്റെ എല്ലാ വിഷമോം ഞാൻ തീർത്ത് കൊടുക്കാരുന്നു..” “വേണ്ടടാ ..അയാളുടെ കയ്യിൽ വല്ല കത്തിയോ,,പിച്ചാത്തിയോ ഉണ്ടോന്ന് പോലും അറിയില്ല..എന്തിനാ വെറുതെ ആപത്ത് വരുത്തുന്നത്..അയാൾ പോയില്ലേ..” “പെണ്ണുങ്ങളെ കാണുമ്പോൾ ഇവന്റെ ഒക്കെ ഒരു സൂക്കേട്.. ഇങ്ങനത്തവന്മാരാണ് അന്തസ്സുള്ള ആണുങ്ങൾക്ക് അപമാനം..ഇവന്റെ ഒക്കെ വീട്ടിലെ പെണ്ണുങ്ങൾക്ക് എന്തു സുരക്ഷ കാണും..??അല്ല നിന്റെ ഫോൺ എവിടെ??കുറെ തവണ ഞാൻ വിളിച്ചല്ലോ..”
“റേഞ്ച് ഇല്ലടാ ഇവിടെ..അതാ ഞാൻ കൂടുതൽ പേടിച്ചത്..അമ്മു എന്നെ വിളിച്ചായിരുന്നു..ഞാൻ എന്തക്കെയോ പറഞ്ഞു..ആ സമയമൊക്കെ അയാൾ എന്റെ പിന്നാലെ തന്നെയായിരുന്നു..” “അമ്മു എന്നെ വിളിച്ചു കരച്ചിലോട് കരച്ചിൽ.. നിന്നെയാരോ ഉപദ്രവിക്കാൻ വരുന്നെന്നും പറഞ്ഞ്..ഞങ്ങൾ വീട്ടിൽ എത്തിയിരുന്നില്ല..ഇടക്ക് ചായ കുടിക്കാൻ കയറിയപ്പോൾ ആണ് അവൾ നിന്നെ വിളിച്ചത്..അപ്പോൾ തന്നെ അമ്മൂനെ ബസ് കയറ്റി വിട്ടിട്ട് ഞാൻ ഇങ്ങോട്ട് പോന്നു.. വാ ഇനി ഇവിടെ നിക്കണ്ട നമ്മുക്ക് പോകാം..” ആനന്ദ് ബൈക്ക് സ്റ്റാർട്ട് ചെയ്തു..മറിഞ്ഞുവീണ് തൊലിയൊക്കെ പോയതിനാലും പേടിച്ചോടിയ ക്ഷീണത്താലും അവൾ ആകെ തളർന്നിരുന്നു.. ബൈക്കിൽ പോലും നേരെ ചൊവ്വേ ഇരിക്കാൻ അവൾക്ക് പാറ്റുന്നുണ്ടായിരുന്നില്ല..ആനന്ദ് വളരെ സാവധാനത്തിലായിരുന്നു ബൈക്ക് ഓടിച്ചത്..ബൈക്ക് ടൗണിലേക്ക് കടന്നതും അവൻ വഴിയോരത്തുള്ള തട്ടുകടയിൽ ബൈക്ക് നിർത്തി..ഗീതുന് ചായ വാങ്ങി കൊടുത്തു..കഴിക്കാൻ ഒന്നും വേണ്ടന്ന് അവൾ പറഞ്ഞു..അവൾ ചായ കുടിക്കുന്ന സമയം അവൻ ആർക്കോ ഫോൺ ചെയ്തു..
“എന്റെ കൂടെയുണ്ട് ഗീതു..പാവം ഒത്തിരി പേടിച്ചു..ഇപ്പോൾ ഞാൻ ഒരു ചായ വാങ്ങി കൊടുത്തു.. അതും കുടിച്ചോണ്ട് നിൽക്കുവാണ്.. ഞങ്ങൾ ഇപ്പൊ എത്തും ..എങ്കിൽ ശരി വെക്കട്ടെ..” അവൾ ചായ കുടിച്ച് തീർന്നതും ആനന്ദ് ബൈക്ക് സ്റ്റാർട്ട് ചെയ്തിരുന്നു..ഗീതുവിനെയും കൊണ്ട് അവൻ ബൈക്ക് വീട്ടിലേക്ക് തിരിച്ചു..ക്ഷീണതത്താൽ ഗീതു വയ്യാണ്ടായിരുന്നു..ഗീതു ഉറക്കം തൂങ്ങാൻ തുടങ്ങി..അവൾ ഒരു കൈ അവന്റെ തോളിൽ വെച്ച് മറുകൈ കൊണ്ട് അവനെ ചുറ്റി പിടിച്ചു.. എപ്പോഴോ അവന്റെ പുറത്ത് ചാരി അവൾ ഉറങ്ങിപ്പോയിരുന്നു.. എന്നാൽ ഇതെല്ലാം കണ്ടുകൊണ്ട് ആന്ദിന്റെ ബൈക്കിന് പിന്നാലെ സിദ്ധുവുണ്ടായിരുന്നു..അവന്റെ കൂടെ ഗീതു തട്ടുകടയിൽ വന്നിറങ്ങുന്നതും അവന്റെ തോളിൽ അവൾ ചാഞ്ഞുറങ്ങുന്നതും അവൻ കണ്ടു.. മറ്റൊരു വഴിയിൽ കൂടി ബൈക്കോടിച്ച് അവൻ വീട്ടിലെത്തി.. ഗേറ്റിൽ തന്നെ ദേവി നോക്കിനിപ്പുണ്ടായിരുന്നു.. അവർ അവന്റെ പുറകെ ചെന്നു.. “മോളേന്തിയെ..??” “അവൾ പോയവന്റെ കൂടെ തിരിച്ച് വരുന്നുണ്ട്..” “അവൾ ആരുടെ കൂടെ പോയന്നാ നീ പറയുന്നേ..”
“അവൾക്കൊരു കൂട്ടുകാരൻ ഉണ്ടല്ലോ..ആനന്ദ്..അവളുടെ ഒരു നന്ദു..കൂട്ടുകാരാണെന്ന് പറഞ്ഞാൽ എന്തിനും ലൈസൻസ് ഉണ്ടല്ലോ..” “നീ അനാവശ്യം പറയരുത്..” “അമ്മേടെ മോൾക്ക് കാണിക്കാം..ഞാൻ പറഞ്ഞാൽ മാത്രം കുറ്റം..അല്ലേ.. വരട്ടെ രണ്ടിനേം കണ്ടിട്ടേ ഞാനും പോകുന്നുള്ളൂ..” ആനന്ദ് ബൈക്കുംകൊണ്ട് സിദ്ധു വിന്റെ വീട്ടിലേക്ക് കയറി…തോളിൽ തല ചായ്ച്ചുറങ്ങുന്ന ഗീതുവിനെ അവൻ വിളിച്ചുണർത്തി..അവൾ ബൈക്കിൽ നിന്നിറങ്ങി ചുറ്റും നോക്കി..കോപത്തോടെ നിൽക്കുന്ന സിദ്ധുവിനെ കണ്ടതും താമസിച്ചു വന്നതിനു വഴക്ക് പറയുമെന്നോർത്തവൾ പേടിച്ച് തലതാഴ്ത്തി.. “പൊന്ന് മോളേ ,നീ അപ്പച്ചീനെ പേടിപ്പിച്ച് കളഞ്ഞല്ലോ..നിന്നെ കാണാതെ എന്റെ നല്ലജീവൻ അങ്ങുപോയി..നിന്നെ എത്ര തവണ വിളിച്ചു..” “അവിടെങ്ങും റേഞ്ച് ഇല്ലായിരുന്നു.. ആരേം വിളിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല..”
“പിന്നിവനെങ്ങനെ നിന്റെ കൂടെയെത്തി..?ഇവന് നിന്റെ കൂടെയല്ല ട്രൈനിങ്ങെന്ന് നീ അമ്മയോട് പറഞ്ഞതോ..?അതോ ചുറ്റിടയിക്കാനായി ചമച്ച കഥയാണോ ഈ ട്രെയിനിങ്..??” അവന്റെ വാക്കുകൾ കേട്ടതും ഗീതു വിശ്വസിക്കാനാകാതെ അവനെ നോക്കി.. “സിദ്ധാർത്ഥ്.. അവൾ..” പറയാൻ വന്ന ആനന്ദിനെ അവൻ കൈകൊണ്ട് തടഞ്ഞു..🖐️.. “മോനെ..ഗീതു മോള്..” “അമ്മ മിണ്ടാതിരുന്നെ..അവൾ പറയട്ടെ.. ഇത്രേം നേരം ഇവന്റെ കൂടെ എവിടെയായിരുന്നെന്ന് പറയട്ടെ..മരുമോൾടെ സ്വഭാവഗുണം അമ്മ ശരിക്കും കെട്ടോ..” “പറയടി..” അവന്റെ അലർച്ചയിൽ ഗീതു ഞെട്ടിപ്പോയി.. “സിദ്ധുവേട്ടാ..ബസ് ഇല്ലായിരുന്നു.. ഒരാൾ മോശമായി പെരുമാറി..ഓടി രക്ഷപെടുമ്പോഴാ നന്ദു വന്നത്.. അതാ താമസിച്ചു പോയത്..” അവൾ പേടിയുടെ തലയും താഴ്ത്തി നിന്നു പറഞ്ഞു..
“നല്ല കഥ..നീ പറയുന്ന ഇല്ലാക്കഥ വിശ്വസിക്കാൻ സിദ്ധുവിനെ കിട്ടില്ല.. ഞാൻ കണ്ടതാടി വഴിയിൽ നിന്ന് അവന്റെ കൂടെ കൊഞ്ചി കുഴയുന്നതും ചായ കുടിക്കുന്നതും ഒക്കെ..അവനെ മുട്ടിയുരുമ്മി ഇവിടെ എല്ലാരുടേം മുന്നിൽ വന്നിറങ്ങിയിട്ട് ശീലാവതി ചമയുന്നോ..നീ ഏതവന്റെ കൂടെപോയാലും എനിക്കൊന്നും ഇല്ല.. പക്ഷേ അതെല്ലാം കഴിഞ്ഞ് നിന്റെ ഈ അയ്യോ പാവം നാടകം കാണുമ്പോഴാ..നാണംകെട്ടവൾ.. പാതിരാത്രി കണ്ടവന്മാർക്കൊപ്പം ഊരുചുറ്റുന്ന നിന്നെയോക്കെ വിളിക്കണ്ട പേര് എന്താണെന്നോ..!! **വേ…. സിദ്ധുവിന്റെ സംസാരത്തിൽ ആകെ തകർന്ന് നിൽക്കുവാണ് ഗീതു… തന്റെ മാനം പിച്ചിച്ചീന്താൻ വന്ന അയാളെക്കാളും അവളെ വേദനിപ്പിച്ചത് സിദ്ധുവിന്റെ വാക്കുകളാണ്..അതും ആന്ദിന്റെ മുന്നിൽ വെച്ച്..സ്വന്തം കൂടിപ്പിറപ്പിനെപോലെ കണ്ടവനെയും അല്ല കൂടിപ്പിറപ്പ് തന്നെയാണ്,അവനെയും തന്നെയും ചേർത്ത് ഒരുപെണ്ണും കേൾക്കാൻ ആഗ്രഹിക്കാത്ത കഥകൾ മെനഞ്ഞുണ്ടാക്കുന്നു..അതും അനാശാസ്യം..നിറകണ്ണുകളോടെ ആനന്ദിന്റെ ഒന്നേ നോക്കിയുള്ളൂ ഗീതു..ആ കണ്ണിൽ തന്നോട് തോന്നുന്ന അനുകമ്പ.. അതോടൊപ്പം സിദ്ധുവിനോടുള്ള ദേഷ്യം നുരഞ്ഞു പൊങ്ങുന്നുണ്ട്..
ആനന്ദിന്റെ ഞെരിയുന്ന കൈവിരലുകൾ കാണേ അവൾ വേണ്ടന്നർത്ഥത്തിൽ തലയാട്ടി.. ഗീതു പറഞ്ഞു കേട്ടത്തിനെക്കാളും ഭീകരമാണ് അവൾ അനുഭവിക്കുന്ന മാനസിക സംഘർഷമെന്ന് ആനന്ദിന് മനസ്സിലായി..ഒരു പെണ്ണും ഭർത്താവിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കാത്ത രീതിയിലാണ് സിദ്ധു അവളോട് സംസാരിക്കുന്നത്. ഗീതുവിന്റെ സങ്കടങ്ങളുടെ യഥാർഥ കാരണം ഇപ്പോൾ അവനു ബോധ്യമായി..സ്വന്തം കൂടപ്പിറപ്പിനെയും തന്നെയും ചേർത്ത് മേനഞ്ഞെടുക്കുന്ന കഥകൾ അവന്റെ ക്ഷമയുടെ നെല്ലിപ്പലകയും അടർത്തി.. ഗീതുവിനെ തെരുവിൽ മാനംവിറ്റ് ജീവിക്കുന്ന പെണ്ണുങ്ങളുമായി ഉപമിക്കാൻ വന്നപ്പോൾ ,ആ പേര് ഉച്ചരിക്കാൻ സിദ്ധുവിന്റെ നാവ് പൊങ്ങിയപ്പോൾ അതു മുഴുവിപ്പിക്കാൻ സമ്മതിക്കാതെ ആനന്ദ് പൊട്ടിത്തെറിച്ചു. “സിദ്ധാർത്ഥ്……!!!!!😡😡😡😡😡” “ഗീതുനെ പറ്റി പറഞ്ഞതൊക്കെ ഞാൻ അവളെയോർത്ത് ക്ഷമിക്കുന്നു..പക്ഷേ അവളെ വെറും മൂന്നാംകിട പെണ്ണായി ചിത്രീകരിച്ചാൽ ആനന്ദ് എന്താന്ന് താൻ അറിയും..
താനൊക്കെ ഒരാണാണോ..??(ആനന്ദ്) “കാമുകിയെ പറഞ്ഞപ്പോൾ അങ്ങ് പൊള്ളിയല്ലോ..പിന്നെ എന്തിനാട എന്റെ തലേൽ ഇവളെ കെട്ടിവെച്ചത്..നിനക്ക് കൂടെ പൊറുപ്പിക്കാൻ മേലാരുന്നോ.. പിന്നെ ആണാണോന്ന് ..അത് “നിന്റെ ഗീതു”നെ അറിയിക്കാൻ എനിക്ക് തീരെ താല്പര്യമില്ല.. എന്റെ ആണത്തം ഇവൾക്കുമുന്നിൽ അടിയറവ് വെക്കണമെങ്കിൽ സിദ്ധു വേറെ ജനിക്കണം..ഒരു താലി കഴുത്തിൽ വീണെന്ന് വെച്ച് ഇവളുടെ ശരീരത്തിൽ തൊടാനും മാത്രം മുട്ടിനിൽക്കുവല്ല ഞാൻ..മാനം വിറ്റ് ജീവിക്കുന്ന പെണ്ണുങ്ങളെ തേടിപോയാലും ഇവളുടെ രോമത്തിൽ പോലും എന്റെ കണ്ണ് പതിയില്ല..”(സിദ്ധു) നിവർന്ന് നിൽക്കാൻ ശേഷിയില്ലാതെ ഗീതു നിലത്തേക്ക് വെറും മണ്ണിലേക്ക് ഇരുന്നു..ദേവിയവളെ പോയി താങ്ങി..മനസ്സും ശരീരവും തളർന്നിരുന്നു..ഹൃദയത്തിൽ മുറിവുകൾ ഉണ്ടാക്കി അതിലേക്ക് വാക്കുകളാൽ ഉപ്പ് വാരിവിതരുന്നു..
നെഞ്ചകം നീറുകയാണ്..തന്റെ മാനത്തിനാണിവിടെ വില നിശ്ചയിക്കപ്പെടുന്നത്…അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല.. എന്നിട്ടും തലയിൽ മുൾക്കിരീടം ഏറ്റുന്നു..ഇനിയും സഹിക്കാൻ ഹൃദത്തിനു ശക്തിയില്ല.. കണ്ണിൽനിന്നും ഒഴുകുന്നത് രക്തമാണ്..ഇന്നാ രാത്രിയിൽ ആ ദുഷ്ടന്റെ കയ്യാൽ മാനം നഷ്ടപ്പെട്ടിരുന്നെങ്കിൽ പോലും ഇത്രയും ദുഃഖം തോന്നില്ലായിരുന്നു.. ഒരു പക്ഷേ കൊല്ലപ്പെട്ടിരുന്നിരിക്കാം, അതുകൊണ്ട് എല്ലാം എന്നന്നേക്കു മായി അവസാനിക്കുമായിരുന്നല്ലോ.. ഇങ്ങനെ ജീവനോടെ ചിത്രവധം ചെയ്യില്ലായിരുന്നല്ലോ.. ഈശ്വരന്മാർക്ക് പോലും തന്നെ വേണ്ടാതായിരിക്കുന്നു..അവർക്കും തട്ടി കളിക്കാൻ ഒരു പാവയായി മാറിയിരിക്കുന്നു ,വിധിയുടെ വെണ്ണീറിൽ ഉരുകുന്ന തന്റെ കണ്ണീർ കണ്ട് രസം പിടിച്ചായിരിക്കും.. അതുകൊണ്ടല്ലേ ഇനിയും അനുഭവിക്കാൻ ജീവിതം ബാക്കി വെച്ചിരിക്കുന്നത്… (((((ഇല്ലില്ല,ലോകമേ, നിന്നോടൊരിക്കലും ചൊല്ലില്ല ഞാനൊരു നന്ദിപോലും വേണെങ്കിലെന്നെ നീ മേലിലുമിങ്ങനെ വേദനിപ്പിച്ചു രസിച്ചുകൊള്ളു ! ഹാ, നിന്റെ കൈയിലെക്കൂർത്ത മുള്ളൊക്കെയെൻ പ്രാണനിൽക്കുത്തിത്തറച്ചുകൊള്ളു, എന്നിട്ടും പോരെങ്കിലെൻ ജീവരക്തത്താൽ നിന്നന്തർദ്ദാഹം കെടുത്തുകൊള്ളു ! (കടപ്പാട് -ചങ്ങമ്പുഴ)))))
“മോനേ..😡”(ദേവി) ആ വിളിയിൽ ദേവിയ്ക്ക് അവനോടുള്ള ദേഷ്യത്തിന്റെ ആഴം തിട്ടപ്പെടുത്തുണ്ടായിരുന്നു..തന്റെ മകൻ ഇത്രയും അധിക്ഷേപങ്ങളും ശകാരങ്ങളും തൊടുത്തുവിട്ടപ്പോൾ പിടഞ്ഞുപോയ ഗീതുവിന്റെ മനോവേദന തന്റെ പേറ്റുനോവിനെ പോലും കളിയാക്കി ചിരിക്കുന്നവെന്ന് ദേവിയ്ക്ക് തോന്നി..തളർന്നിരിക്കുന്നവളെ നോക്കാനുള്ള ശക്തിപോലും ആ കണ്ണുകൾക്കുണ്ടായില്ല.. എല്ലാത്തിനും കാരണം താനാണെന്ന കുറ്റബോധം അവരെ വരിഞ്ഞുമുറുക്കി..ഒരിക്കലും അടുക്കാതെ അകലത്തേക്ക് നീങ്ങിപ്പോകുന്ന രണ്ടുപേരാണ് തന്റെ മക്കളെന്ന് ദേവി തിരിച്ചറിഞ്ഞു..ആ യാഥാർഥ്യം അവരെ പൊള്ളിക്കുന്നു.. “സിദ്ധു..എന്നാടാ നീ ഇത്രേം തരം താഴ്ന്നത്..??നിന്നെയോർത്ത് എനിക്കഭിമാനം ആയിരുന്നു..എന്റെ വളർത്ത് ദോഷം.. നീ ഇവിടെ കിടന്ന് പ്രസംഗിച്ചല്ലോ..നീയാടാ ഇപ്പോൾ വെറും മൂന്നാംകിട വർത്താനം വിളമ്പിയത്..പിന്നെ ,ഞാനാണ് ആനന്ദിന്റെ ഫോൺ വിളിച്ച് ഗീതുമോൾടെ കാര്യം പറഞ്ഞത്..
നിന്നെ തീരെ വിശ്വാസം പോരായിരുന്നു..നീ ക്ലബ്ബിൽ നിന്റെ തിരക്കുകളിൽ അല്ലായിരുന്നോ.?? സന്ധ്യയ്ക്ക് സാവിത്രിടെ അടുത്ത് ചെന്ന് ആനന്ദിന്റെ ഫോൺ നമ്പർ വാങ്ങി ഞാനാ വിളിച്ചത്.. ഇതിനൊക്കെ നീ ഒരിക്കൽ ഖേദിക്കും സിദ്ധു..നിന്റെ അമ്മയാ പറയുന്നേ..?? “അമ്മേ..ഇന്ന് ഗീതു അനുഭവിച്ചതോന്നും ഒരിക്കലും മറക്കാനാവില്ല..സ്വന്തം ഭർത്താവും ആ ചെറ്റ മനുഷ്യനും ഒന്ന് തന്നെയാണ് അവളോട് പെരുമാറിയത്..മാനത്തിന് ആണ് രണ്ടുപേരും വിലയിട്ടത്..ഇവൻ വാക്കുകളിലൂടെയും അവൻ പ്രബർത്തിയിലൂടെയും..ഞാൻ ചെന്നില്ലായിരുന്നെങ്കിൽ ഒരു പക്ഷേ.. ഇതൊന്നും കേൾക്കാൻ ഇടവരാതെ അവൻ ഗീതുനെ പിച്ചിച്ചീന്തിയേനെ ..”(ആനന്ദ്) “എന്തൊക്കെയാ മോനെ നീ പറയുന്നേ..എന്റെ കുഞ്ഞിനെ ആര് ഉപദ്രവിച്ചെന്നാ..??” ദേവിടെ ചോദ്യതത്തിനുത്തരമായി ആനന്ദ് ബസിൽ നടന്നതും ഗീതുവിനെ അപായപ്പെടുത്താൻ ശ്രമിച്ചതും തന്നെ കണ്ടപ്പോൾ അയാൾ ഓടി മറഞ്ഞതും ഒക്കെ പറഞ്ഞു..എല്ലാം കേട്ട് ശില പോലെ നിൽക്കുകയാണ് സിദ്ധു..ഒരുവേള അവന് കുറ്റബോധം തോന്നി..
ഗീതുവിനെ നോക്കുമ്പോൾ ആ കണ്ണുകൾ തോരാമഴപോലെ പെയ്യുന്നുണ്ട്..ആ കണ്ണുനീർ അവനെ അസ്വസ്തനാക്കി..തന്റെ വാക്കുകളിലൂടെ ഓട്ട പ്രദക്ഷിണം ചെയ്യുമ്പോഴാണ് താൻ പറഞ്ഞ വാക്കുകളിലെ തീക്കനൽചൂട് അവനെ പൊളിച്ചത്.. “മോളേ..” ദേവി ഗീതുവിനെ വാരിപ്പുണർന്നു.. അവളുടെ കാലിൽ കൈകൾ അമർത്തി മാപ്പ് ചോദിച്ചു.. “അരുത് അപ്പച്ചി..” ഗീതു കാലുകൾ വലിച്ച് അവരുടെ കൈകൾ കൂട്ടിപ്പിടിച്ച് ആ നെഞ്ചിലേക്ക് ചാഞ്ഞു.. “അവിടെ നിന്നും ഒരുപോറൽ പോലും ഏൽക്കാതെ ഇവിടെ കൊണ്ടവന്നിട്ടും ഇവൾക്ക് സങ്കടം മാത്രമാണല്ലോ..അമ്മേ എന്ത് വിശ്വസിച്ചാ ഞാൻ അവളെ ഇവിടെ വിട്ടിട്ട് പോകുക..??(ആനന്ദ്) ആനന്ദിന്റെ ചോദ്യങ്ങൾക്കൊന്നും ദേവിയുടെ പക്കൽ ഉത്തരം ഉണ്ടായിരുന്നില്ല..എങ്കിലും അവളെ തള്ളിക്കളയാൻ അവർ ഒരുക്കമായിരുന്നില്ല.. “നീ പൊക്കോടാ..സാവിത്രിയമ്മ ഒറ്റയ്ക്കാണ്..എനിക്ക് ഇവിടെ യാതൊരു കുഴപ്പവും എല്ല..എനിക്ക് സങ്കടമൊന്നും ഇല്ല..പോകോടാ.” അവളുടെ നിർബന്ധത്തിന് വഴങ്ങി അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.. ദേവി അവളെ താങ്ങി അകത്തേക്ക് കയറി..സിദ്ധു അവിടെ തന്നെ നിൽക്കുവായിരുന്നു..അവൻ പതിയെ അകത്തേക്ക് നടക്കാൻ തുടങ്ങി..
“അതേ..അവിടെയൊന്ന് നിന്നേ..??” ആനന്ദിന്റെ വിളിയിൽ അവൻ നിന്നു..ആനന്ദ് അവന്റെ അടുക്കലേയ്ക്ക് ബൈക്കു കൊണ്ട് നിർത്തി.. “നിങ്ങൾക്ക് അവളെ വേണ്ടങ്കിൽ എനിക്ക് തന്നേക്ക്..പൊന്നുപോലെ നോക്കിക്കോളാം ഞാൻ..”(ആനന്ദ്) സിദ്ധു അവനു നേരെയോന്ന് ചിരിച്ചു.. “കഴിഞ്ഞ ദിവസം അല്ലെടാ നിന്റെ നിശ്ചയം കഴിഞ്ഞത്..ആ കൊച്ച് ഇവളെക്കാളും കോള്ളാല്ലോ.. മോന്റെ ആഗ്രഹം ചെറുതല്ലല്ലോ… ഒരേ സമയം രണ്ടുപേരെ വെച്ചോണ്ടിരിക്കണമല്ലേ.. ഒന്നുവില്ലേലും ഒരു താലി അവളുടെ കഴുത്തിൽ ഇല്ലേ..നീ അത്ര പുണ്യാളൻ ആകാൻ നോക്കല്ലേ..നിന്റെ കള്ളക്കളിയൊക്കെ ഒരിക്കൽ ഞാൻ കയ്യോടെ പൊക്കുവടാ..” “ചില പട്ടികൾ ഒക്കെ ചിലപ്പോൾ വഴിയോരത്ത് നമ്മളെ നോക്കി കുരക്കും..എന്നു പറഞ്ഞ് നമ്മൾ തിരിച്ച് കുരക്കാറില്ലാല്ലോ..” അവനോട് മറുപടി പറഞ്ഞിട്ടും കാര്യമില്ലെന്ന് മനസ്സിലായതും അത്രയും പറഞ്ഞ് ആനന്ദ് തിരിച്ചു ബൈക്കോടിച്ചു പോയി..
സിദ്ധു മുഷ്ടി ചുരുട്ടി അവന്റെ പോക്ക് നോക്കി നിന്നു.. അവൻ അകത്തേക്ക് കയറി ചെല്ലുമ്പോൾ ദേവി ഗീതുവിന്റെ സാധങ്ങൾ തന്റെ മുറിയിലേക്ക് മാറ്റുകയായിരുന്നു.. “അമ്മേ ഇതൊക്കെ എങ്ങോട്ട് കൊണ്ടുപോകുവാ..??”(സിദ്ധു) “ഇനി അവൾ നിന്റെ കൂടെ ഈ മുറിയിൽ കഴിയുന്നില്ല..ന്റെ കൂടെ കിടന്നോളും..പിന്നെ ആ മെത്ത അങ്ങ് മാറ്റിയേക്ക്..അതിൽ കിടക്കാൻ അവൾ ഇനി വരില്ല..” തങ്ങൾ തമ്മിലുള്ളകലം ദേവിയ്ക്ക് മനസ്സിലായെന്ന് സിദ്ധുവിന് ബോധ്യമായി..അവൻ ഒന്നും മിണ്ടാതെ കട്ടിലിൽ ഇരുന്നു.. “കഴിക്കാൻ വേണോങ്കിൽ വാ..” അവൻ താഴേക്ക് ചെല്ലുമ്പോഴും അവളെ അവിടെയെങ്ങും കാണാൻ കഴിഞ്ഞില്ല..ഭക്ഷണത്തിൽ വിരലിട്ടു കുഴച്ചതല്ലാതെ അവൻ ഒന്നും കഴിച്ചില്ല..അവൻ റൂമിലേക്ക് തന്നെ തിരിച്ചു പോയി..ദേവിയുടെ റൂമിൽ കണ്ണീർവാർക്കുയായിരുന്നു അവൾ..
“മോളിനി കരയരുത്..അപ്പച്ചി ചിലതൊക്കെ കണ്ടിട്ടുണ്ട്..” “വേണ്ടപ്പച്ചി..ഇതെല്ലാം വേഗം ശരിയാകും..സിദ്ധുവേട്ടൻ വേണൊന്ന് വെച്ച്‌പറഞ്ഞതല്ല.. അപ്പച്ചി വളർത്തിയ മോൻ അങ്ങനെ തരം താഴില്ല..ഞാൻ പറഞ്ഞില്ലേ,എല്ലാം ശരിയാക്കും ഞാൻ..എത്രയും വേഗം..ഒരു വലിയ സന്തോഷത്തിനു മുൻപുള്ള ചെറിയ സങ്കടമല്ലേ ഇതൊക്കെ..” കണ്ണീർ തുടച്ചുകൊണ്ട് ഗീതു പറഞ്ഞു…. അവൾ പറഞ്ഞതിന്റെ പൊരുൾ ദേവിയ്ക്ക് മനസ്സിലായില്ലെങ്കിലും ആ വാക്കുകൾക്കെന്തോ വല്ലാത്ത ഉറപ്പ് തോന്നിയവർക്ക്…(തുടരും)

by