23/04/2026

തയ്യൽക്ലാസിൽ എന്നും നേരം വൈകി വന്നാലും ഏറ്റവും ആദ്യം എല്ലാം ഭംഗിയായി തയ്ക്കാൻ

രചന – ഷാഹിദ ഉമ്മർകോയ

*ഭിന്നശേഷിക്കാരൻ്റെ അമ്മ*

തയ്യൽക്ലാസിൽ എന്നും നേരം വൈകി വന്നാലും ഏറ്റവും ആദ്യം എല്ലാം ഭംഗിയായി തയ്ക്കാൻ പഠിച്ചിരുന്ന
ആ സുന്ദരിയെ അസൂയയോടെയാണ് ഞങ്ങളെല്ലാം നോക്കിയിരുന്നത്.

അവസാനം ഒപ്പം പഠിച്ച അവൾ സ്വന്തമായി ഒരു തയ്യൽ കട തുടങ്ങി തന്നെ ക്ഷണിച്ചപ്പോൾ
” കണ്ടു പഠിക്ക് മമ്മ”
എന്ന മക്കളുടെ കളിയാക്കൽ കേട്ട് ഒരു
സിമ്മി പോലും വളവില്ലാതെ വെട്ടാനറിയാത്ത ഞാൻ,
“ഒരു പണ്ഡിത ” എന്ന് അവളെ
മനസ്സിൽ പിറുപിറുത്ത് കൊണ്ടാണന്ന് അവളുടെ കടയുടെ ഉദ്ഘാടനത്തിന് പോയത്.

നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്ന അവളുടെ ഒക്കത്തെ കുട്ടിയെ ആശ്ചര്യത്തോടെ ഞാൻ അന്ന് നോക്കി,
പത്തു വയസ്സിൻ്റെ വളർച്ചയും രണ്ടു വയസ്സിൻ്റെ ബുദ്ധിയും തോന്നിപ്പിക്കുന്ന ആ കുഞ്ഞിനെ ഒട്ടും പ്രയാസമില്ലാതെ ചുമക്കുന്ന അവളുടെ ശരീരത്തിന് അദ്ധ്വാനിക്കുന്ന ഒരാണിന്റെ കരുത്തു തോന്നിയന്ന്,
നിലത്ത് വെച്ചാൽ കുഴഞ്ഞു പോകുന്ന അര ഭാഗം തളർന്ന അവനേയും കൊണ്ട് അവൾ എൻ്റെ അരികിൽ വന്നു .

” എൻ്റെ മോനാ ഷാഹി,
എന്നെ ഞാനാക്കിയ എൻ്റെ മോൻ

ഒരു മോളും ഉണ്ട് .
വിറയാർന്ന സ്വരത്തോടെ പതുക്കെ ഞാൻ ചോദിച്ചു
” അവളും ഇവനെ പോലെ ”
ഞാൻ മുഴുമിപ്പിക്കും മുമ്പെ ഉറച്ച സ്വരത്തിലവൾ
ഉറക്കെ തുടർന്നു,,
“ഇല്ല ഷാഹി ,
അവൾ ഇവനെ പോലെ ദൈവത്തിന്റെ
വിധി എന്ന നിധിയല്ല
സാധാരണ കുട്ടി ”

അൽപം സമയം മുമ്പ് അവളോടുണ്ടായിരുന്ന അസൂയ എന്ന വികാരം നെഞ്ചിലെ വേദനകളാൽ തുളളികളായി എൻ്റെ കണ്ണിൽ ഉരുണ്ടു കൂടി.
അത് വികാരത്തിനെ വ്രണപ്പെടുത്താതിരിക്കാൻ
വേഗം വിഷയങ്ങൾ നാവിനിട്ടു കൊടുത്തു ചിന്ത ,

“നിൻ്റെ ഭർത്താവ് നിഹ ”

ഷാഹി …

അദ്ദേഹത്തെ വിശ്വസിച്ച്
വീട് വിട്ടിറങ്ങി ,
അദ്ദേഹം എന്നിൽ നിന്നും അരോഗ്യമുള്ള കുഞ്ഞുങ്ങളെയും പ്രതീക്ഷിച്ചു കാണും.

പരാതികളുമായി കോടതി കയറി ഇറങ്ങുന്നതിനേക്കാൾ ,
എൻ്റെ വിധിക്കെതിരെ പൊരുതാനാ എനിക്ക് തോന്നിയത് …

നിങ്ങൾ എല്ലാം ധാരാളം ചുരിദാർ വാങ്ങുന്നവരല്ലെ
നിങ്ങളുടെയെല്ലാം കച്ചവടം എനിക്ക്
തരണേ …..

കൂടുതൽ പറയാൻ സമയമില്ലാതിരുന്നതു കൊണ്ടാവാം അവൾ മറ്റുള്ളവരുടെ ഇടയിലേക്ക് കച്ചവട തന്ത്രങ്ങളുമായി നടന്നു നീങ്ങി …

പീന്നിട് ഞങ്ങൾ സ്ഥലം മാറി പോയി വർഷങ്ങൾക്ക് ശേഷം
അവളെ കണ്ടുമുട്ടിയപ്പോൾ,
അവളുടെ ചുണ്ടിൽ ആ പഴയ ചിരിയില്ലായിരുന്നു .
കണ്ണിലെ തിളക്കം നഷ്ടപ്പെട്ടിരുന്നു അവളുടെ അവളുടെ സുന്ദരിയും ദൈവത്തിൻ്റെ എല്ലാം അനുഗ്രഹങ്ങളും ലഭിച്ച മോളും പണ്ട് ഉപേക്ഷിച്ചു പോയ ഭർത്താവും ഉണ്ടായിരുന്നു.
കാറും വലിയ വീടും
വലിയ തയ്യൽ ഷോപ്പും എല്ലാം ഉണ്ടായിട്ടും
അവൾ ചിരിച്ചില്ല .
തോളിൽ കൈ വെച്ചു ഞാൻ നിഹാ എന്നു വിളിച്ച് ആദ്യം അന്വഷിച്ചത് അന്ന് അവളുടെ ഒക്കത്ത് ഉണ്ടായിരുന്ന കുഞ്ഞിനെ കുറിച്ചായിരുന്നു ,

“ഷാഹി അവൻ പോയി ,
അവനു വേണ്ടി ആയിരുന്നു ഞാൻ അന്ന് ഓടി നടന്നത് .
അവൻ പോയപ്പോൾ പഴയ ഭർത്താവും പ്രതാപവും തിരികെ കിട്ടി. പക്ഷെ എൻ്റെ സന്തോഷം ….അതവൻ കൊണ്ടു പോവുകയായിരുന്നു ഷാഹി .

തിരിച്ചു മടങ്ങുമ്പോൾ
എനിക്ക് കിട്ടിയ തിരിച്ചറിവ് ഒന്നു മാത്രമായിരുന്നു രക്ഷിതാക്കൾക്ക് മാത്രമെ മക്കളുടെ കുറവുകളെ ഇത്രയധികം സ്നേഹിക്കാൻ കഴിയൂ.
കാഴ്ചക്കാർക്ക്
അവർ വെറും സഹതാപകഥാപാത്രങ്ങൾ
മാത്രം ….!