20/04/2026

ഓർമ്മകളിലൂടെ : ഭാഗം 13

രചന – മിയ അവ

അന്നൊരു ഞായറാഴ്ചയായിരുന്നു. റിസർച്ച് പേപ്പറുമായി പ്രൊഫസറിന്റെ അടുത്ത് പോയി ചീത്ത വിളി കേൾക്കുന്നതിനും ഇന്ന് അവധിയാണല്ലോന്ന് ഓർത്ത്‌ സന്തോഷത്തോടെ മൂടി പുതച്ചു കേമായി തന്നെ കിടന്നുറങ്ങുകയായിരുന്നു. അന്നും പതിവ് പോലെ തന്നെ അമ്മയുടെ പൂരപ്പാട്ട് കേട്ടാണ് ഉറക്കമുണർന്നത്.

“ഡീ…ആമി..ഒന്ന് എഴുന്നേൽക്കുന്നുണ്ടോ പെണ്ണെ… നിന്നോട് ഇന്നലെ ഉറങ്ങാൻ പോവുന്ന നേരത്ത് എത്ര തവണ പറഞ്ഞതാ നേരത്തെ എഴുന്നേൽക്കണമെന്ന്… ഇന്ന് ചെറിയമ്മയുടെ കൂടെ അവളുടെ ഫ്രണ്ടിന്റെ മകന്റെ കല്യാണത്തിന് കൂട്ട് പോവാന്ന് ഏറ്റതല്ലേ നീ… എന്നിട്ടാണോ പോത്ത് പോലെ കിടന്ന് ഉറങ്ങുന്നത്… അവളുടെ കൂടെ പോവാൻ നീ മാത്രല്ലേ അവൾക്കുള്ളൂ…അതു കൊണ്ടല്ലേ ആ പാവം എന്തിനും നിന്നെ വന്ന് വിളിക്കുന്നെ… എന്നിട്ട് ഇമ്മാതിരി സ്വഭാവം കാണിക്കാവോ… ഇങ്ങനെയൊരു കുരുത്തം കെട്ടവൾ….നീ ഇനി എന്റെ കയ്യിൽന്ന് തല്ലു വാങ്ങിക്കുവേ…”

കാതിൽ വണ്ട് മൂളുന്ന പോലൊരു മൂളിച്ച കൂടി വന്നപ്പോൾ തല വഴി മൂടിയ പുതപ്പ് മാറ്റി ഞാൻ കിടന്ന കിടപ്പിൽ തന്നെ തലയൊന്ന് രണ്ട് ഭാഗത്തേക്കും കുടഞ്ഞു. കൈകൾ രണ്ടും മേലേക്ക് ഉയർത്തി ഒന്ന് ഞെരുങ്ങിയ ശേഷം പതിയെ കണ്ണുകൾ തുറന്നു.

നീട്ടിയൊരു കോട്ടു വാ ഇട്ട് കൊണ്ട് മുകളിലേക്ക് കയറ്റി കെട്ടി വെച്ച മുടിയെ ക്ലിപ്പ് വലിച്ചുരി സ്വതന്ത്രമാക്കി കൈകൾ കൊണ്ട് മുഖം അമർത്തി തിരുമ്മി.

“അമ്മാ.. കോഫി കൊണ്ടാ… ”

“നിനക്ക് കോഫി അല്ലെടി നല്ല ചൂരൽ കഷായാണ് ഇപ്പോ എന്റെ അടുത്ത് നിന്ന് കിട്ടാൻ പോവുന്നേ… മര്യാദയ്ക്ക് എഴുന്നേറ്റ് ചെന്ന് കുളിച്ച് റെഡിയാവാൻ നോക്കെടി.. മണി എത്രയായെന്നാ നിന്റെ വിചാരം…”

“അയ്യേ.. കുളിക്കാനോ…ന്തിന്… ”

“ഓ.. ന്റെ പൊന്നു മോൾക്ക് രാവിലെ എഴുന്നേറ്റ് കുളിക്കാന്ന് പറയുന്നത് അലർജിയാണല്ലോ….അമ്മ മറന്ന് പോയേടാ കണ്ണാ…. ”

“ആ.. പിന്നല്ലാണ്ട്…രാവിലെ എഴുന്നേറ്റ് പല്ല് തേപ്പ് തന്നെ ഫുഡ് കഴിക്കണല്ലോന്നുള്ള ഒറ്റ കാരണം കൊണ്ട് ചെയ്യുന്നതാണ്… ആ എന്നോടോ ബാലാ….ഹും…. ”

“ബാലൻ നിന്റെ അച്ഛനെ പോയി വിളിയെടി … ”

“ഹാ… രാവിലെ തന്നെ അച്ഛനെ വിളിക്കുന്നോ… നിങ്ങൾ ഏത് സംസ്‍കാരത്തിൽ പിറന്നതാ ന്റെ സരസ്വതി അമ്മേ….അയ്യയ്യേ… ”

“ആമി.. രാവിലെ തന്നെ ന്റെ കയ്യിന്ന് വാങ്ങിക്കാതെ പോവുന്നുണ്ടോ നീ… ”

“ഓ… ഞാൻ പോവുന്ന്… ബൈ ദു ബൈ അച്ഛ ചായ കുടിച്ചതിന് ശേഷം മരുന്ന് കഴിച്ചോ അമ്മേ…”

“അച്ഛൻ പാടത്ത് നിന്ന് വന്നിട്ടില്ല…ഇന്ന് നാല് കിഴങ്ങു കുഴിച്ചിടാനും ഉണ്ടെന്ന് പറയുന്നത് കേട്ടു… ”

“ന്ത്‌.. പാടത്ത് നിന്ന് വന്നിട്ടില്ലെന്നോ… അപ്പോ ഇപ്പോ ടൈം എത്രയാ… സരസ്വതി അമ്മേ… നിങ്ങളെന്നെ നേരത്തെ വിളിച്ച് എണീപ്പിച്ച് ചതിച്ചതാണോ…. ”

“ഒന്ന് പോ പെണ്ണെ…. മണി 8 കഴിഞ്ഞു…എന്നിട്ടാണ് അവളുടെ നേരത്തെന്ന്…. ”

“കർത്താവെ എട്ടോ… ടൂ ഏർലി… അമ്മാ ഇത്‌ ചതിയാട്ടോ… ന്തിനാ ന്നെ ഇത്ര നേരത്തെ വിളിച്ചേ… ഞാൻ കരുതിയത് ഒരു പത്തു മണിയെങ്കിലും ആയി കാണുംന്നല്ലേ…ശോ ന്റെ ഉറക്കം…”

“ദേ.. പെണ്ണേ.. ചൂടായ ചട്ടകാ ന്റെ കയ്യിൽ.. ഇത്‌ കൊണ്ട് ഒരു പെട ഞാൻ അങ്ങ് തരും.. പെണ്ണാണെന്ന് വല്ല ബോധം ഉണ്ടോ നിനക്ക്… ”

“അയിന്… ”

“അയിന് ന്നോ… നിന്റെ പ്രായത്തിൽ ഞാനോക്കെ ഈ സമയം ആവുമ്പേക്ക് കുളിച്ചു അടുക്കളയിൽ കയറി ഫുഡ് ഉണ്ടാക്കുവായിരുന്നു.. ”

“ഹൊ.. തുടങ്ങി… പണ്ടത്തെ കണക്ക് പറയാൻ.. പണ്ട് കാലത്ത് നിങ്ങൾക്ക് വിവരമില്ലെന്ന് കരുതി ഇപ്പത്തെ പെൺകുട്ടികളെ ഇമ്മാതിരി പണിക്കൊന്നും കിട്ടില്ല.. ഹും… ഞാൻ പോണു…നിക്ക് ഇനിയും രണ്ട് മണിക്കൂർ ഉറക്കം ബാക്കിയാ… ”

“ദേ.. ആമി നല്ല തല്ലു വാങ്ങിക്കുവേ നീ… ഇന്ന് ചെറിയമ്മടെ കൂടെ കല്യാണത്തിന് കൂട്ട് ചെല്ലാൻ പറഞ്ഞത് ഓർമ്മയില്ലേ നിനക്ക്…അവൾ ഇപ്പോ ഇങ്ങ് എത്തും.. ”

“ഓഹ്.. ഗോഡ്… ഞാനതങ്ങ് മറന്നു… ചെറിയമ്മ വിളിച്ചിരുന്നോ ആവോ… അമ്മേ പാറു ചെറിയമ്മ വന്നാൽ ഇരിക്കാൻ പറയേ…ഞാനിതാ ശടെന്ന് കുളിച്ച് വരാം…”

“ഹാ.. അവളുടെ പേര് പറഞ്ഞപ്പോഴേക്കും പായുന്നത് കണ്ടില്ലേ…അല്ലെങ്കിലും നിനക്ക് അവളോടാ സ്നേഹം…എനിക്കറിയാം.. ”

“അച്ചോടാ… ന്റെ സരസ്വതി അമ്മ പിണങ്ങിയോ… നിക്ക് ന്റെ സരസ്വതി അമ്മയും പാറു ചെറിയമ്മയും ഒരു പോലല്ലേ… നിങ്ങൾക്ക് രണ്ട് പേർക്കും മോൾ ആയി ഞാൻ ഒരാൾ അല്ലേ ഉള്ളു…”

“ആര് പറഞ്ഞു… നിക്ക് ന്റെ കണ്ണൻ ണ്ടല്ലോ… നിക്ക് നിന്നെക്കാൾ പ്രിയം അവനോട് തന്നാ… ”

“ഓ.. തുടങ്ങി.. കണ്ണന്റെ പ്രശംസ… ഹും.. ഞാൻ മോള് ന്നാ പറഞ്ഞേ…അല്ലാതെ മോന്റെ കാര്യം അല്ല…മോൾ ആയിട്ട് നിങ്ങൾക്ക് ഞാൻ മാത്രല്ലേ ഉള്ളു… ”

“അതിപ്പോ ഞങ്ങൾക്ക് മോനായിട്ടും അവൻ മാത്രല്ലേ ഉള്ളു… ”

പാറു ചെറിയമ്മയുടെ മകനാണ് കണ്ണൻ.. എന്റെ ഒരേ ഒരു ആങ്ങള.

“ന്നിട്ട് ആ മോൻ ന്തിയെ…നിങ്ങളെ ഇവിടെ തനിച്ചാക്കി അങ്ങ് തിരുവനന്തപുരത്ത് കിടന്ന് സുഖിക്കല്ലേ… ഒരു ആവിശ്യം വരുമ്പോൾ ഈ ആമി മാത്രല്ലേ ഉള്ളു നിങ്ങൾക്കെന്ന് ഓർമ്മ വേണം…ഹും.. ”

“ഹ… അത് പിന്നെ ചുമ്മാ പോയതൊന്നും അല്ലല്ലോ.. നല്ല ഒന്നാന്തരം ജോലി കിട്ടി പോയതല്ലേ… നിന്നെ പോലെ വലിയ പഠിപ്പ് കൊണ്ട് പണിക്ക് പോവാതെ റിസർച്ച് എന്ന് പറഞ്ഞു ഇവിടെ തല്ലു കൊള്ളിത്തരം കാണിച്ച് നടക്കുന്നില്ലല്ലോ…”

“ഓ…ഈ അമ്മ രാവിലെ തന്നെ മൂഡ് കളയാനായിട്ട്… നോക്കിക്കോ…ഈ കൊച്ചാക്കലിന് അവനെക്കാൾ നല്ല കിണ്ണം കാച്ചിയ ജോലി നേടി എടുത്തിട്ട് ആമി മറുപടി പറഞ്ഞോളാം…ഹും.. ”

“ഉവ്വേ… ഇത്‌ കുറെ ആയി കേൾക്കുന്നു.. വല്ലതും നടന്നാൽ മതി… ”

“ഓ… നടക്കും…ഇല്ലെങ്കിൽ ആമി നടത്തിക്കും…ആമിയാ പറയുന്നേ.”

“മ്മ്.. ശരി ശരി.. ഇപ്പൊ ന്റെ കുട്ടി ഡയലോഗ് ഒക്കെ നിർത്തി പോയി കുളിച്ച് റെഡിയാവാൻ നോക്ക്… അവൾ ഇപ്പൊ വരും… ”

“ഈൗ… ശരിയാ.. അപ്പോ ബാക്കി ഡയലോഗ് പിന്നെ… ഇപ്പൊ ഞാൻ പോയി കുളിച്ചിട്ട് വരാം.. ഓക്കേ… ”

“ഒന്ന് പോയെടി പെണ്ണെ… ഇതിന്റെ ഒരു കാര്യം..”

സരസ്വതിയമ്മ തലയിൽ കൈ വെച്ചു പറഞ്ഞു.

കുളിച്ചു ഫ്രഷായി വന്നതും ഫോണിൽ മെസ്സേജ് വന്ന സൗണ്ട് കേട്ടപ്പോഴാണ് ഫോണിനെ കുറിച്ചോർത്തതു.. തപ്പി തിരഞ്ഞ് ഫോൺ എടുത്തു നോക്കിയപ്പോൾ പണ്ടത്തെ കോളേജ് ഗ്രൂപ്പിൽ ആണ് മെസ്സേജ് വന്നത്.

“ഈ ഗ്രൂപ്പൊന്നും ചത്തില്ലേ…കാലങ്ങളായി അനക്കൊന്നും ഇല്ലായിരുന്നല്ലോ.. ഇങ്ങനൊരു ഗ്രൂപ്പ്‌ തന്നെ മറന്ന് പോയിരുന്ന്… ആരൊക്കെയോ മെസ്സേജ് ഇടുന്നുണ്ടല്ലോ… ന്താവോ ഇതിലിപ്പോ ആഘോഷിക്കാൻ ഉണ്ടായേ… ”

തനിയെ പറഞ്ഞു കൊണ്ട് ഗ്രൂപ്പിലെ മെസ്സേജ് ഓപ്പൺ ചെയ്ത് നോക്കി. കൺഗ്രാറ്റ്സ് പറഞ്ഞുള്ള ഒത്തിരി മെസ്സേജസ്… അതൊക്കെ തഴഞ്ഞ് എന്താ കാര്യമെന്ന് അറിയാൻ മുകളിലേക്ക് സ്ക്രോൾ ചെയ്ത് നോക്കിയ ഞാൻ അതിൽ കണ്ടൊരു ഫോട്ടോയിൽ മിഴിയൂന്നി നിന്നു പോയി.

“മനു ശങ്കർ വെഡ്സ് അമൃത ”

എന്ന ക്യാപ്ഷനോടെ വന്ന മനുവിന്റെയും അമ്മുവിന്റെയും ഒന്നിച്ചുള്ള ഫോട്ടോ ഒപ്പം ഇന്ന് വിവാഹിതരാവാൻ പോവുന്ന നമ്മുടെ കോളേജിലെ ഓരോ മണ്ത്തരികൾക്കും പ്രിയങ്കരനായ നമ്മുടെ എക്സ് ചെയർമാൻ മനുവേട്ടനും നമ്മുടെ ബാച്ചിലെ മിണ്ടാ പൂച്ചയായ അമൃതയ്ക്കും മംഗളാശംസകൾ എന്ന കൂടെ പഠിച്ച ഒരുത്തന്റെ മെസ്സേജും നോക്കി നിൽക്കവേ എന്റെ മനസ്സ് പണ്ടത്തെ ഓർമ്മകളിലേക്ക് ഓടി.

“ഡോ.. താൻ എന്നെ എല്ലാവരുടെയും മുന്നിലിട്ട് പരിഹസിക്കാൻ നോക്കുവാണോ…എന്നാ ഓർത്ത്‌ വെച്ചോ ഈ ആമിയുടെ കൊക്കിനു ജീവനുണ്ടേൽ നിങ്ങൾ തമ്മിലുള്ള വിവാഹം നടക്കില്ല… നടക്കാൻ ആമി സമ്മതിക്കില്ല….മര്യാദയുടെ ഭാഷയിൽ പറഞ്ഞപ്പോൾ തനിക്ക് അത് ഉൾക്കൊള്ളാൻ ബുദ്ധി ഇല്ലാന്ന് മാത്രല്ല.. ഇപ്പൊ ഇവളുടെ കൂടെ കൂടി ന്നെ പരിഹസിക്കാനും അപമാനിക്കുവാനും മത്സരിക്കുവാണല്ലേ താൻ… ആമിയെ തോൽപ്പിക്കാൻ നോക്കുവാണല്ലേ… എന്നാ നോക്കിക്കോ തന്റെയും ഇവളുടെയും മുന്നിൽ തോൽക്കാൻ ആമിയ്ക്ക് മനസ്സില്ലടോ… പിരിച്ചിരിക്കും ഞാൻ നിങ്ങളെ…ആമിയാ പറയുന്നേ..”

കോപം എരിയുന്ന കണ്ണുകളോടെ മനുവിനെയും അമ്മുവിനെയും നോക്കി പറയുമ്പോൾ തന്നെ നോക്കി പുച്ഛത്തോടെ ചിരിച്ച അമ്മുവിന്റെ മുഖം ഓർമ്മയിൽ തെളിഞ്ഞതും വീണ്ടും എന്റെ കണ്ണുകളിൽ കോപം എരിഞ്ഞു. പല്ലുകൾ കടിച്ചു പിടിച്ച് ദേഷ്യത്താൽ ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞു. കൈ രണ്ടും ഡ്രസ്സിങ് ടേബിളിൽ കുത്തി പിടിച്ച് ആരോടെന്നില്ലാതെ വിളിച്ചു പറഞ്ഞു.

“ആമിയെ തോൽപ്പിച്ച് ഒന്നാവാൻ പോവാണല്ലേ രണ്ട് പേരും…നടക്കട്ടെ… ഈ കല്യാണം നടക്കട്ടെ… പക്ഷെ മനു..ഒട്ടും വൈകാതെ തന്നെ നിങ്ങൾ അറിയും തോറ്റത് ആമിയല്ല… നിങ്ങൾ തന്നെയാണെന്ന്…കാത്തിരുന്നോ ആമിയാ പറയുന്നേ…. ”

“ആമീ…. ”

സരസ്വതിയമ്മയുടെ നീട്ടിയുള്ള വിളിയിലാണ് ഞാൻ ഓർമ്മകളിൽ നിന്നും മടങ്ങിയത്. കൈ കൊണ്ട് മുഖമൊന്ന് അമർത്തി തുടച്ച് താഴേക്ക് വിളിച്ചു കൂവി.

“ന്താ അമ്മാ …. ”

“ദേ..ചെറിയമ്മ വന്നിട്ടുണ്ട് ട്ടോ… നീ പെട്ടെന്ന് റെഡിയായി ഇറങ്ങിക്കേ…അവൾ കാത്തിരിക്കുവാ… ”

“ആ.. ഞാൻ ദേ വരുന്നു…ചെറിയമ്മേ ഒരു അഞ്ചു മിനിറ്റ്.. വരുന്നേ ഞാൻ…”

വിളിച്ചു പറഞ്ഞതിന് ശേഷം മുകളിലേക്ക് തോർത്ത്‌ വെച്ചു കെട്ടിയ മുടി അഴിച്ച് ഒന്ന് കുടഞ്ഞു. പിന്നെ ചീപ്പ് എടുത്ത് ആ നീളൻ മുടി മാടി ഒതുക്കാൻ തുടങ്ങി.

ഒരുങ്ങിയിറങ്ങി വന്നപ്പോൾ ഹാളിൽ ഇരുന്ന് ചായ കുടിക്കുന്ന ചെറിയമ്മയെ കണ്ടു ഓടിചെന്ന് കെട്ടിപിടിച്ച് കവിളിലൊരുമ്മ കൊടുത്തു.

“ലേറ്റ് ആയോ പാറുസെ… ”

“ഏയ്‌.. ഇല്ലടി…സാരല്ല… ”

“ഇല്ലാതെ പിന്നെ.. നീയാ ഈ പെണ്ണിനെ കൊഞ്ചിച്ച് വഷളാക്കുന്നേ…ചീത്ത പറയേണ്ടിടത്ത് ചീത്ത പറയ തന്നെ വേണം.. മണി 9 ആയി. ഏത് നേരം ഞാൻ വിളിക്കുന്നുണ്ടെന്ന് അറിയോ ഞാനവളെ….നിദ്ര വെടിഞ്ഞ് എണീക്കാൻ തമ്പുരാട്ടിയ്ക്ക് ഒരു സമയാവണല്ലോ.. ഒരു ഒന്നര രണ്ടു മണിക്കൂർ ദൂരം കാണും അങ്ങോട്ട്..കോഴിക്കോട് നിന്ന് തൃശ്ശൂർ എത്തണ്ടേ.. ഇവിടുന്ന് ട്രെയിൻ പിടിച്ചു ഒക്കെ മുഹൂർത്തത്തിന് മുന്നെ എത്തിയാൽ ആയി… ”

“ഹൊ.. ന്റെ അമ്മേ കിടന്ന് വാ പൊളിക്കാതെ… 11.30 യ്ക്കും 12നും ഇടയ്ക്ക് അല്ലേ മുഹൂർത്തം…ട്രെയിൻ 9.30 നും ഞങ്ങൾ ദേ ഇറങ്ങുവാ..ദാ ന്ന് പറയുമ്പോഴേക്കും റെയിൽവേ സ്റ്റേഷനിലെത്തും പിന്നെ ടിക്കറ്റ് ആൾറെഡി കണ്ണേട്ടൻ ബുക്ക്‌ ചെയ്തതല്ലേ പിന്നെന്താ..ട്രെയിൻ എടുക്കുന്നതിന് മുന്നെ ഞങ്ങൾ അവിടെയെത്തും നോക്കിക്കോ…”

“ആ.. മുഹൂർത്തത്തിന് എത്തുന്നത് ഒക്കെ ഓക്കേ… എന്ന് കരുതി ഓവർ സ്പീഡിൽ എങ്ങാൻ പോയാൽ നിന്റെ മുട്ട് കാല് ഞാൻ തല്ലിയൊടിക്കും… ”

ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് വെളിയിൽ നിന്നും കാല് കഴുകി കയറി വരുന്ന അച്ഛയെ കണ്ടത്.

“ഐവ… പാടത്തെ യുദ്ധം കഴിഞ്ഞ് എത്തിയോ ഭൈരവൻ… ”

“ഡീ.. അച്ഛനെ കേറി ഭൈരവാന്ന് വിളിക്കുന്നോ.. അടി വാങ്ങിക്കും നീ…”

“വോ…കുറച്ചു മുന്നെ ന്റെ അച്ഛന് വിളിച്ച ആളാ ഈ പറയുന്നേ..ഒന്ന് പോ അമ്മേ ”

“എന്ത്… സരസ്വതി.. നേരാണോ ന്റെ മോള് പറഞ്ഞത്… ”

“നിങ്ങൾക്കെന്താ കൃഷ്ണേട്ടാ…ആ പെണ്ണിന്റെ വായ നിങ്ങൾക്കറിയില്ലേ… തോന്നിയത് വിളിച്ച് പറയും…കുരുത്തം കെട്ടത്… ”

“ന്തോ… ങ്ങനെ… മോളെ.. സരസ്വതി.. കളി എന്നോട് വേണോ…”

“ഒന്ന് പോ പെണ്ണേ… ”

“മതി മതി.. ന്റെ ചേച്ചി… രണ്ട് പേരും കൂടി ചേർന്ന് ന്റെ മോളെ കുറ്റം പറയുന്നത്… വാ മോളെ നമുക്ക് ഇറങ്ങാം…”

വഴക്കിനിടയിൽ കയറി ചെറിയമ്മ ഇടപെട്ടതും ഞാൻ കൈ വായിലേക്ക് വെച്ചു നീട്ടി വിസിലു വിളിച്ചു.

“ദേ.. ഇതാണ് ന്റെ പാറു ചെറിയമ്മ…പാറുസിന് മാത്രേ ന്നോട് സ്നേഹം ഉള്ളു…ലവ് യു പാറുസെ..”

“മ്മ്.. അതെയതെ.. അധികം കിടന്ന് കൊഞ്ചാതെ പോവാൻ നോക്ക് രണ്ടും…”

“ശരി കൃഷ്ണേട്ടാ..”

പെട്ടെന്നാണ് ഒരു ഹിന്ദി പാട്ട് അവിടേക്ക് ഒഴുകിയെത്തിയത്. വേറൊന്നും അല്ല എന്റെ ഫോൺ റിംഗ് ചെയ്തതാണ്.

“ഹലോ… ”

“ഹലോ… ഈസ്‌ ഇറ്റ് ആമിക കൃഷ്ണൻ…?.. ”

“യെസ്… ആരാ സംസാരിക്കുന്നേ…”

“ഹായ് മാഡം… ഞാൻ V.K ഗ്രൂപ്പ്‌ ഓഫ് കമ്പനിയിൽ നിന്നാണ് വിളിക്കുന്നത്… ഇവിടുത്തെ അസിസ്റ്റന്റ് മാനേജർ പോസ്റ്റിലേക്ക് മാഡം അപ്ലൈ ചെയ്തിരുന്നുവല്ലോ…അതിന്റെ വെരിഫിക്കേഷന് വേണ്ടി വിളിച്ചതാണ്… ”

“ഓഹ്.. ഓക്കേ.. ചോദിക്കൂ.. എന്താ അറിയേണ്ടത്… ”

“മാഡം.. ആക്ച്വലി നെക്സ്റ്റ് വീക്ക്‌ ആയാ വെരിഫിക്കേഷൻ നടക്കുന്നത്…ഡേറ്റ് ഫോണിലേക്ക് മെസ്സേജ് വരും…സൊ മാഡത്തിന്റെ എല്ലാം സർട്ടിഫിക്കറ്റ്സിന്റെയും ഒറിജിനൽ കോപ്പിയുമായി ആ ദിവസം 11 മണിക്ക് മുന്നെ ഞങ്ങളുടെ കമ്പനി ഓഫീസിലേക്ക് എത്തിയാൽ മതി… ഇവിടെ വെച്ചാണ് വെരിഫിക്കേഷൻ നടക്കുക… ”

“ഓഹ്… ഓക്കേ… എന്തായാലും എത്തിയിരിക്കും… ”

ഫോൺ വെച്ചതും ഞാൻ സരസ്വതിയമ്മയുടെ നേരെ തിരിഞ്ഞു.

“കണ്ടോ കണ്ടോ.. കോൾ വരുന്നത് കണ്ടോ…കുറച്ചു മുന്നെ ന്നെ പുച്ഛിച്ചതല്ലേ ഉള്ളു… ഇപ്പോ കണ്ടോ ഈ ആമിയെ തേടി ജോലികൾ കടന്ന് വരുന്നത്… ഈ ജോലി ആമി നേടിയിരിക്കും… ന്നിട്ട് ബാക്കി പറയാവേ… ”

“ഉവ്വുവ്വേ… ആദ്യം നീ കല്യണത്തിന് ഇറങ്ങാൻ നോക്ക്… ”

“ദേ…കണ്ടോ സരസ്വതിയമ്മ നൈസിൽ സ്കൂട്ടാവുന്നത്…മ്മ്..വോക്കെ തല്ക്കാലം ഇപ്പോ വിട്ടു..ബാക്കി വന്നിട്ട് ശരിയാക്കി തരാം..”

“ഉവ്വേ.. മഹാറാണി ഇറങ്ങിയാട്ടെ…”

സരസ്വതിയമ്മയെ നോക്കി ഒരു ലോഡ് പുച്ഛം എറിഞ്ഞ് പോകാനായി ഇറങ്ങിയ എന്നെ അമ്മ പിന്നെയും തിരികെ വിളിച്ചു.

“നീ ഇത്‌ എന്തുവാ പെണ്ണേ ഉടുത്തിരിക്കുന്നേ… ദൂരേക്ക് ഒരു കല്യാണത്തിന് പോവുമ്പോൾ ഈ ലെഗ്ഗിനും ടോപ്പും വാരി ഇട്ടൊണ്ടാണോ പോവുന്നേ… നിനക്ക് വല്ല ചുരിദാറോ സാരിയോ മറ്റോ ഉടുത്തൂടെ ആമി…. ”

“അയ്യേ… സാരിയോ… എസ്ക്യൂസ്‌ മി മിസ്സിസ് സരസ്വതി മാഡം… അവിടെ നടക്കുന്നതെ എന്റെ കല്യാണമല്ല… വല്ലവരുടെയും കല്യാണത്തിന് ഞാൻ എന്തിന് സാരിയും ചുരിദാറും ഉടുക്കണം.. ഹും… ”

“ഓ… നിന്റെ കല്യാണത്തിന് നീ സാരി ഉടുക്കുന്നത് കാണാൻ ഞങ്ങൾക്ക് യോഗമില്ലല്ലോ… കല്യാണം വേണ്ടാന്ന് പറഞ്ഞ് ഒറ്റ ഇരുപ്പല്ലേ നീ… അപ്പോ വല്ലവരുടെ കല്യാണത്തിനെങ്കിലും നീ സാരി ഉടുത്തൊന്ന് കാണാൻ വേണ്ടി പറഞ്ഞതാണെ…”

“സരസ്വതി… ഇനി അതിൽ തുടങ്ങണ്ട.. അവൾക്ക് താല്പര്യം വരുമ്പോൾ അവൾ കെട്ടിക്കോളും… തല്ക്കാലം അവർ ഇപ്പം പോയി വരട്ടെ… ”

“ദതാണ് ന്റെ അച്ഛൻ… ഉമ്മ അച്ചേ… ”

അതും പറഞ്ഞ് ഇറങ്ങി പോവുന്ന എന്നെയും നോക്കി അമ്മ കണ്ണീർ പൊഴിക്കുന്നത് ഞാൻ അറിഞ്ഞിരുന്നു. പക്ഷെ അധികം മൈൻഡ് കൊടുക്കാതെ ഞാൻ ഇറങ്ങി.

ചെറിയമ്മ ഉമ്മറത്തേക്ക് ഇറങ്ങിയപ്പോഴേക്കും ഞാൻ വണ്ടി തിരിച്ച് വെച്ചിരുന്നു.

“അതേ പാറുസെ… അവിടെ ഏത് ഹാളിൽ വെച്ചാ കല്യാണം നടക്കുന്നതെന്നൊക്കെ കറക്റ്റ് അറിയാലോ ല്ലേ… ലാസ്റ്റ് അവിടെ എത്തി തപ്പി കളിക്കേണ്ടി വരുവോ….”

“അതൊക്കെ അറിയാടി..തൃശ്ശൂർ സിറ്റിയിൽ തന്നെ വലിയ ഓഡിറ്റോറിയത്തിൽ വെച്ചാ കല്യാണം…പേര്… ആ..സൂര്യകാന്തി ഓഡിറ്റോറിയം…അതിന്റെ അടുത്തായിട്ട തോന്നുന്നു ആ മോൻ ഇപ്പോ വർക്ക് ചെയ്യുന്നത്.. അതാ അവിടെ വെച്ചു ആക്കിയത് അവര്…നിശ്ചയവും അവിടെ വെച്ച് തന്നെയായിരുന്നു….”

“ഹാ… എന്നാ അവിടെ എത്തിയിട്ട് നോക്കാം… ആട്ടെ പണ്ടത്തെ ബാല്യക്കാല സുഹൃത്തിന് ഈ തിരു മോന്ത കണ്ടാൽ ഇപ്പോ തിരിച്ചറിയോ… ഒടുക്കം അവിടെ ചെന്നിട്ട് ക്ഷണിച്ചിട്ടാണോ വന്നത്..കല്യാണക്കത്ത് ഉണ്ടോ കയ്യിൽ എന്നൊക്കെ ചോദ്യം വരോ…”

“ഒന്ന് പോയെടി പെണ്ണേ… അവർ പഠിക്കുമ്പോ തൊട്ടേ ഉള്ള സുഹൃത്തുക്കളാ.. ഞാനും അറിയും ശ്യാമയെ നന്നായി…നമ്മുടെ വീട്ടിൽ എത്ര തവണ വന്നിട്ടുണ്ട് അവൾ.. കല്യാണത്തിന് ശേഷവും വന്നിരുന്നു ല്ലേ പാറു.. ഹസ്ബൻഡ് ഒക്കെ ആയി… ”

“അതെ ചേച്ചി… അന്ന് ആ മോൻ നന്നേ ചെറുതായിരുന്നു…ഇപ്പോ വളർന്ന് കണ്ടാൽ അറിയോ എന്തോ… ”

“ഹാ.. അവനല്ലേ കല്യാണ ചെക്കൻ… അപ്പോ എത്ര വലുതായിട്ടുണ്ടെങ്കിലും നിനക്ക് കണ്ടാൽ പെട്ടെന്ന് മനസിലായിക്കോളും… ”

അച്ഛയുടെ മറുപടി കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.

“അതേയ്… കോമഡി പറയലും ചിരിയുമൊക്കെ പിന്നെ… ഇപ്പോ വന്ന് വണ്ടിയിൽ കയറിക്കെ… എനിക്ക് പരിചയമില്ലാത്ത സ്ഥലമാ…തപ്പി പിടിച്ച് എത്തുമ്പോഴേക്കും മുഹൂർത്തം തെറ്റണ്ട…”

“ശരിയാ.. എന്നാ ഞങ്ങൾ ഇറങ്ങട്ടെ… ”

“മ്മ്.. ചെല്ല്… ”

“സൂക്ഷിച്ച് വണ്ടി ഓടിക്കണേ ടി പെണ്ണേ… ”

“ശരി..മാതാശ്രീ… ”

ചെറിയമ്മയെ പിന്നിൽ കയറ്റി ഞാൻ വണ്ടി വിട്ടു.

(തുടരും )