17/04/2026

മാഞ്ഞുപോയ കിനാവുകൾ : ഭാഗം 16

രചന – ആതിര

ഗീതു റൂമിൽ വന്നതും കിടന്നതുമെല്ലാം സിദ്ധു അറിയുണ്ടായിരുന്നു.. ഉച്ചക്ക് ദേവി പറഞ്ഞതിൽ നിന്നും തലയൂരാനായിരുന്നു അവൻ വെളിയിലേക്കിറങ്ങിയത്..നേരെ പോയത് ക്ലബ്ബിലേക്കായിരുന്നു..ചീട്ട് കളിയും ക്യാരമ്സും ടിവി കാണലും ഒക്കെയായി സമയം തള്ളി നീക്കി..മനപ്പൂർവം പോകാഞ്ഞതാണ്..ഗീതുവിനെ അംഗീകരിക്കണം എന്ന ചിന്ത പോലും മനസ്സിലേക്ക് കടന്നുവരാൻ അവൻ അനുവദിച്ചിരുന്നില്ല… എല്ലാരും ക്ലബ്ബിൽ നിന്നും വീട്ടിലേക്ക് മടങ്ങിയപ്പോൾ അവനും ശ്രീജിത്തും മാത്രമായി..സിദ്ധുവിന്റെ നാട്ടിലെ കൂട്ടുകാരനാണ് ശ്രീജിത്ത്.. അവനൊപ്പം പ്ലസ്ടു വരെ പഠിച്ചതാണ്..ഒരു പ്രൈവറ്റ് കമ്പനയിലാണ് ജോലി..ശ്രീജിത്തിന് ഗീതുവിനെയും വീട്ടുകാരെയും നന്നായി അറിയാം..ശ്രീജിത്തിനോട് മാത്രമേ അവൻ ഗീതുനെ കല്യാണം കഴിക്കാൻ ഇടയായ സാഹചര്യം പറഞ്ഞിരുന്നുള്ളൂ.. പക്ഷേ എല്ലാരേം പോലെ ഗീതുനെ സ്നേഹിക്കണമെന്നും മനസ്സിലാക്കണമെന്നും അവൻ പറഞ്ഞത്തിന് അവനോട് ദേഷ്യത്തിലാണ്‌ സിദ്ധു..

കാലത്തേ തന്നെ ഒരുങ്ങി വരുന്ന സിദ്ധുവിനെ കണ്ട് അടുക്കളയിൽ ജോലിയിൽ ആയിരുന്ന ദേവിയും ഗീതുവും അതിശയത്തോടെ നോക്കി.. “അല്ല നീയത് ഒരുങ്ങി എവിടെ പോകുവാ..??” “സാധാരണ ഈ സമായത്തല്ലേ ജോലിക്ക് പോകാൻ ഇറങ്ങുന്നേ.. ബാങ്കിലേക്ക് തന്നേയാ ഞാൻ പോകുന്നേ..” “ഇത്‌ നല്ല കൂത്ത്..കല്യാണം കഴിഞ്ഞിട്ട് ഇന്നേക്ക് മൂന്ന് ദിവസം ആയതെ ഉളളൂ.. വിരുന്നിന് പോലും ബന്ധുവീടുകളിൽ പോയില്ല.. അവരൊക്കെ എന്ത് കരുതും…. അതും പോട്ടേ ശങ്കരമംഗലത്തേക്ക് പോകാതെ പറ്റുവോ..??ഇതൊന്നും നിനക്കറിയാതെ ആണോ..?” “ഏത് ബന്ധുക്കളാ വിരുന്നിനു ചെന്നില്ലന്ന് പറഞ്ഞ് പിണങ്ങുന്നെ? ചോദിക്കുന്നവരോട് ഞാൻ മറുപടി പറഞ്ഞോളാം..എനിക്ക് തീരെ ലീവ് ഇല്ല..പുതിയ ബ്രാഞ്ചിൽ വർക് ലോഡ് കൂടുതൽ ആണ്..” “ശങ്കര മംഗലത്ത് പോയേ പറ്റുള്ളൂ സിദ്ധു..ഒഴിയാൻ നോക്കണ്ട..നാളെ തന്നെ പോണം..പ്രാസാദേട്ടൻ നിങ്ങളെ വിരുന്നിന് വിളിച്ചിട്ടുണ്ട്.

ഓഫീസിൽ അവിടുന്നും പോകാല്ലോ..?” “അവിടുന്ന് ഒന്ന് പോയതാ എല്ലാത്തിനും കാരണം..ഇനി ഞാൻ ആയിട്ട് അമ്മാവനെ പിണക്കുന്നില്ല.. പോയേക്കാം..” “സിദ്ധു നീ ഇന്നലെ പറഞ്ഞില്ലല്ലോ ഇന്ന് ‌പോകാണോന്ന്..നിനക്കുള്ള ഊണിന് ഇനി എന്ത് ചെയ്യും??” “വെളിന്ന് കഴിച്ചോളാം..ശരി അമ്മേ ഞാൻ പോകുവാണ്..” കൂടെയുള്ള ഗീതുവിനെ ഒരു നോട്ടം കൊണ്ടുപോലും കടാക്ഷിക്കാതെ സിദ്ധു പോയി..അവൻ പോകുന്നതും നോക്കി ഗീതു വാതിൽക്കൽ നോക്കി നിന്നു.. “മോളേ..”(ദേവി) ദേവി വിളിച്ചപ്പോഴാണ് ഗീതു തിരിഞ്ഞ് നോക്കിയത്.. “അവൻ മോളോടൊന്നും മിണ്ടാറില്ലേ..ഇതുവരെ നിന്നോട് അവനൊരു വാക്കുപോലും മിണ്ടുന്ന ഞാൻ കണ്ടില്ല..” “ഇല്ല.. സാരമില്ലപ്പച്ചി …സിദ്ധുവേട്ടന് എന്നെ അത്രപെട്ടന്ന് അംഗീകരിക്കാൻ കഴിയില്ലായിരിക്കും..എല്ലാം ശരിയാകും..അപ്പച്ചി വിഷമിക്കണ്ട..” അതും പറഞ്ഞവൾ മുറിയിലേക്ക് പോയി.. ദേവി അവൾ പോകുന്നതും നോക്കി നിന്ന്‌ നേര്യത്തിന്റെ തുമ്പാലെ കണ്ണ് തുടച്ചു..

ഇന്നാണ് സിദ്ധുവും ഗീതുവും ശങ്കരമംഗലത്തേക്ക് പോകുന്നത്..മറ്റ് നിവർത്തതിയില്ലാത്തതിനാൽ സിദ്ധുവിനു അവളെ അവന്റെ ബുള്ളറ്റിൽ കയറ്റേണ്ടി വന്നു..ഗീതുവും അവ‌നേ മുട്ടാതെ ഒതുങ്ങിയിരുന്നു..അവന് ടൗണിൽ പോകേണ്ടിയിരുന്നതിനാൽ ടൗണ് വഴിയാണ് പോയത്.. “ഇവിടൊന്ന് നിർത്തുവോ..??” “എനിക്ക് അത്യാവശ്യമായിട്ട് ഒരാളെ കാണാനുണ്ട്..നിന്നെ വെയിറ്റ് ചെയ്യാനൊന്നും എനിക്ക് ടൈം ഇല്ല..” “സിദ്ധുവേട്ടൻ നേരെ വീട്ടിലേക്ക് എങ്കിൽ വന്നോളൂ..ഞാൻ ഓട്ടോ പിടിച്ച് പൊയ്ക്കോളാം..” അവൻ മറുപടി പറയാതെ വണ്ടിയെടുത്തു.. ഗീതു നേരെ പോയത് ടെക്‌സ്റ്റയിൽ ഷോപ്പിലേക്കാണ്.. കല്യാണം കഴിഞ്ഞ് ആദ്യമായി വീട്ടിലേക്ക് ചെല്ലുമ്പോൾ പുതിയ ഡ്രസ്സ് എടുത്ത് കൊടുക്കുന്ന പതിവുണ്ട്..അവൻ ഇതിനെപ്പറ്റി ഗീതുവിനോട് ഒന്നും മിണ്ടിയാതെയില്ല..മറന്നതാവും…അതുകൊണ്ട് തന്നെ ഡ്രസ്സ് എടുക്കാനാണവൾ അവനോട് അവിടെ ഇറക്കാൻ പറഞ്ഞത്.. ടെക്സ്റ്റൈൽ ഷോപ്പിൽ നിന്നും എല്ലാവർക്കും ഗീതു ഡ്രസ് എടുത്തു.

കൂട്ടത്തിൽ സിദ്ധുവിനുമെടുത്തു..തനിക്ക് സ്വന്തമായി ജോലിയുള്ളതിൽ ശരിക്കും ഗീതുവിന് അഭിമാനം തോന്നിയ നിമിഷം…. ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷേ അവനോട് കെഞ്ചണമായിരുന്നു.. സ്വന്തമായി വരുമാനമുള്ളതിനാൽ ഗീതുവിനത് വേണ്ടിവന്നില്ല.. ഡ്രെസ്സും വീട്ടിലേക്ക് സ്വീറ്റ്സും വാങ്ങിയവൾ ശങ്കരമംഗലത്തേക്ക് പോയി..അവർ വരുമെന്ന് വിളിച്ചു പറഞ്ഞതിനാൽ സുമിത്ര ഗീതുവിനിഷ്ടമുള്ളതെല്ലാം ഒരുക്കി വെച്ച് കാത്തിരിക്കുവാണ്.. ഗീതു വീട്ടിൽ ചെന്ന് കയറിയപ്പോൾ തന്നെ വാതിലിൽ തന്നെ പ്രതീക്ഷിച്ചു നിൽക്കുന്ന സുമിത്രയെയാണ് കണ്ടത്..അവൾ ഒറ്റയ്ക്ക് വരുന്നത് കണ്ട് സിദ്ധു എവിടെയെന്ന് സുമിത്ര ചോദിച്ചു. അവൻ അത്യാവശ്യമായി ഒരാളെ കാണാൻ പോയതാണെന്നും ഉടനെ വിരുമെന്നും ഗീതു പറഞ്ഞു.. ഹാളിൽ ഇരിക്കുന്ന കാവ്യയെ ഗീതു ചിരിച്ചു കാണിച്ചെങ്കിലും അവൾ ഗൗനിക്കാതെ ഇരുന്നു..കുറച്ച് സമയത്തിന് ശേഷമാണ് സിദ്ധു വന്നത്.. ഗീതുവിനെ അതിശയിപ്പിച്ച് കൊണ്ട് അവളെ നോക്കി പുഞ്ചിരിച്ചു..

അവൾക് അവന്റെ മാറ്റം അവൾക്കും പ്രതീക്ഷ നൽകി..അന്ന് അവർ രണ്ടും കിടന്ന മുറി തന്നെയാണ് അവർക്കായി ഒരുക്കിയിരുന്നത്..ഗീതുവിനൊപ്പം ആ മുറിയിലേക്ക് കയറുമ്പോൾ സിദ്ധു ആ കഴിഞ്ഞ ദിവസത്തെ ഓർക്കുകയായിരുന്നു..അവന് മാറാനുള്ള ഡ്രസ് എടുത്ത് കൊടുത്ത് ഗീതു മുറിയിൽ നിന്നും ഇറങ്ങി.. രാത്രയിൽ പ്രാസാദ് വന്നതിന് ശേഷമാണ് ഗീതു ഡ്രെസ്സും കൊണ്ട് ഹാളിലേക്ക് ചെന്നത്..അവളുടെ കൈയിലെ ഡ്രസ് കവറുകൾ സിദ്ധു ശ്രദ്ധിച്ചു.. “ചിറ്റേ..ദാ സിദ്ധുവേട്ടൻ വാങ്ങിയ ഡ്രെസ്സുകൾ ആണ്..” അവൾ ആ കവറുകൾ എല്ലാം സുമിത്രയെ ഏൽപ്പിച്ചു..വൈകിട്ട് അത്താഴം കഴിക്കുമ്പോൾ ഗീതുവിനെ നിർബദ്ധിച്ച് സുമിത്ര സിദ്ധുവിനരികിൽ ഇരുത്തി.. ഭക്ഷണം കഴിച്ചിട്ട് റൂമിൽ ഇരിക്കുമ്പോൾ ആണ് കാവ്യ സിദ്ധുവിനടുത്തേക്ക് വന്നത്..ഗീതു ബെഡ്ഡെല്ലാം തട്ടി കൊടയുന്നു.. “സിദ്ധു” “അഹ് നീയോ..കേറി വാ..” “പിന്നെ പുതിയ ജീവിതം എങ്ങനെ പോകുന്നു..??” അവൻ അതിനൊരു പുഞ്ചിരി സമ്മാനിച്ചു..

“നിങ്ങളുടെ ജീവിതത്തിലെ ടേർണിങ് പോയിന്റ് ഈ മുറിയിൽ നിന്നല്ലേ..അതുകൊണ്ട് ഞാനാണ് അമ്മയോട് നിങ്ങൾക്ക് വേണ്ടി ഈ മുറി തന്നെ ശരിയാക്കാൻ പറഞ്ഞത്..” അതുകേട്ട് സിദ്ധുവിന്റെ മുഖം മങ്ങിയെങ്കിലും തിരിച്ച് ചോദ്യം കൊണ്ടവൻ അവളെ നേരിട്ടു. “നീ ഇനി എന്നാ തിരിച്ച് ബാഗ്ലൂർക്ക്..??’ “നാളെ..ഇത്രയും ദിവസം തന്നെ അമ്മ നിർബന്ധിച്ചത് കൊണ്ടാണ് നിന്നത്..ഇനിയും ലീവില്ല..” “ഹ് മ്മ്..” “എങ്കിൽ ശരി..ഗുഡ് നൈറ് സിദ്ധുവേട്ടാ..” “ഒ.കെ. ടി ഗുഡ് നൈറ്റ്.. എന്നാൽ ആകെ പരിഭ്രമത്തിൽ ആയിരുന്നു ഗീതു..ഇവിടെ താഴെ കിടക്കേണ്ടി വരുമോ എന്ന ചിന്തയിൽ..ഒരു പായപോലും റൂമിൽ ഇല്ല..എന്നാൽ അവളെ പോലും അതിശയിപ്പിച്ചു കൊണ്ട് കട്ടിലിൽ കിടന്നോ എന്ന് സിദ്ധു പറഞ്ഞു.. ഒരുവേള തന്നെ അംഗീകരിക്കയാണെന്ന് ഗീതു കരുതി..എന്നാൽ ചിന്തകൾ തകർന്നടിഞ്ഞത് അവൻ താഴേക്ക് ഷീറ്റ് വിരിച്ചപ്പോഴാണ്.. “സിദ്ധുവേട്ടൻ കട്ടിലിൽ കിടന്നോ.. ഞാൻ നിലത്ത് കിടന്നോളാം..” “വേണ്ട..നിന്റെ കൂടെ കിടക്കുന്നതിലും ഭേദം ഇതാണ്..” പിന്നെ ഗീതു ഒന്നും മിണ്ടാൻ പോയില്ല..എന്നെത്തേയും പോലെ ആ ദിവസവും അവളിൽ പ്രതീക്ഷകൾ ഒന്നും സമ്മാനിക്കാതെ കടന്ന് പോയി..

പിറ്റേന്ന് സിദ്ധുവിന് വേണ്ടി രാവിലെ എഴുനേറ്റ് സുമിത്രയ്ക്കൊപ്പം ഉച്ചയ്ക്കുള്ള തയാറാക്കിയെങ്കിലും ഓഫീസിൽ ഇന്ന് ആരുടേയോ ട്രീറ്റ് ഉണ്ടെന്നും ഫുഡ് വേണ്ടാന്നും പറഞ്ഞവൻ നിരസിച്ചു… ഗീതുവിനത് കള്ളമായിരുന്നു എന്ന് മനസ്സിലായിരുന്നു..തന്റെ കൈകൊണ്ട് ഉണ്ടാക്കിയതായതിനാൽ ആയിരിക്കും വേണ്ടന്ന് പറഞ്ഞതെന്നവൾ ഓർത്തു.. സിദ്ധു പോയതിന് പുറകെ ഗീതു ശ്രീനിലയത്തേക്ക് തിരിച്ചു..വീട്ടിൽ നിന്ന് വന്നിട്ടും ഗീതുവിന്റെ മുഖത്തെ തെളിച്ചമില്ലായ്‌മ ദേവി ശ്രദ്ധിച്ചു.. എന്നാൽ തലവേദനയാണെന്നവൾ കള്ളം പറഞ്ഞു..റൂമിലെത്തി കുളിച്ച് ഫ്രഷായവൾ ദേവിയുടെ അടുത്തേക്ക് നടന്നു.. “അപ്പച്ചി ..നാളെ മുതൽ സ്‌കൂളിൽ ജോലിക്ക് തിരിച്ച് കയറുവാണ് ഞാൻ..” “ഇത്ര പെട്ടെന്നോ.. കുറച്ച് ദിവസം കഴിഞ്ഞിട്ട് പോരെ മോളേ..” “എന്തിനപ്പച്ചി..സിദ്ധുവേട്ടൻ പോകാൻ തുടങ്ങിയില്ലേ..പിന്നെ ഞാൻ ഇവിടെ നിന്നിട്ട് എന്തിനാണ്..??” “മോൾക്ക് എന്താണോ ഇഷ്ടം..ആങ്ങനെ ചെയ്തോ..” പതിവുപോലെ സിദ്ധുവിനൊപ്പം കഴിക്കാൻ ഇരുന്നതാണ് ഗീതു..എന്നാൽ അവൾ ഇരിക്കുന്നത് കണ്ട് സിദ്ധു ആഹാരം വേണ്ടന്ന് പറഞ്ഞു എഴുനേറ്റു..

ഗീതുവിന്റെ സാമിപ്യം പോലും അവനെ അസ്വസ്തനാക്കുന്നന്ന് അവളോട് പറയാതെ പറഞ്ഞു സിദ്ധു..അവൻ്റെ പോക്ക് കണ്ട് എതിർത്തുപറയാൻ പോലുമാകാതെ നിന്ന മോഹനും ദേവിയും ഗീതുവിനെ നോക്കി..കണ്ണുകൾ നിറച്ച് പഞ്ചുരിച്ചു കൊണ്ടവൾ കഴിപ്പ് മതിയാക്കി എഴുനേറ്റു.. “അയ്യോ മോള്..കഴിച്ചില്ലല്ലോ..” “മതി അപ്പച്ചീ.. വയറ് നിറഞ്ഞു..ഇനി ഇറങ്ങില്ല..” എടുത്ത വെച്ച ചോറ് അതേ പോലെ വെച്ചവൾ തന്റെ പ്ലേറ്റും സിദ്ധുവിന്റെ പ്ലേറ്റും കൊണ്ടെഴുനേറ്റു.. മുറിയിൽ എത്തിയപ്പോൾ സിദ്ധു ഗീതുവിന് നേരെ കുറച്ച് നോട്ടുകൾ നീട്ടി.. എന്താണെന്ന അർത്ഥത്തിൽ ഗീതു അവനെ നോക്കി. “നീ എടുത്തുകൊടുത്ത ഡ്രെസ്സിന്റെ പൈസയാണ്..ഞാൻ ആണ് അത് എടുത്ത് തരേണ്ടതെന്നറിയാം.. നിന്റെ ചെലവായ പൈസയ്ക്ക് പകരം ഇത്‌ പിടിക്ക്..” “വേണ്ട..” “എനിക്കാരുടേം ഔദാര്യം വേണ്ട..പ്രത്യേകിച്ചും നിന്റെ..”അതും പരഞ്ഞവൻ ബലമായി ക്യാഷ് അവളെ ഏൽപ്പിച്ചു..

“പിന്നെ..ഞാൻ അവിടെ വെച്ച് ചിരിച്ചെന്നു കരുതി നീ അതികം സന്തോഷിക്കണ്ട..അമ്മാവനും അമ്മായിയും ഒന്നും അറിയണ്ടന്ന് കരുതിയാണ് ഞാൻ അങ്ങനെ ചിരിച്ചത്..അതുകൊണ്ട് ഇല്ലാത്ത പ്രതീക്ഷകൾ മനസ്സിൽ കയറിയാൽ അവസാനം നീ തന്നെ കരയേണ്ടി വരും..എന്റെ ജീവിതത്തിൽ നിനക്കുള്ള സ്ഥാനം വെറും മാസങ്ങൾ മാത്രമാണ്.. എപ്പോഴും അതോർത്താൽ നന്ന്.. മറുപടിയൊന്നും പറയാതെ പൈസ ഗീതു അലമാരിയിലെ ഷെൽഫിൽ അലസമായി വെച്ചു.. രാവിലെ തന്നെ കാവ്യ ബാംഗ്ലൂർക്ക് പുറപ്പെട്ടു.. വിവേകിനെ നേരിട്ട് കാണാമെന്ന സന്തോഷത്തിലാണവൾ.എന്നാൽ സ്നേഹംകൊണ്ട് മുറിവേറ്റ ഹൃദയവുമായി ഒരുവൾ കഴിയുമ്പോൾ കാവ്യയെ മാത്രം സന്തോഷിക്കാൻ വിധി സമ്മതിക്കുമോ???..തന്റെ മനസ്സും സ്നേഹത്താൽ തന്നെ മുറിവേൽക്ക പെടുമെന്ന് ഓർക്കാതെയാണ് അവളുടെയീ യാത്ര..(തുടരും)