രചന – ആതിര
ഗീതുവിനോട് ആനന്ദ് അമ്മുവിന്റെ വീട്ടിലേക്ക് പോകുന്ന കാര്യം പറഞ്ഞിരുന്നു..അവൾക്ക് അത് കേട്ട് വലിയ സന്തോഷമായി.. അവൾക്കറിയാം ആനന്ദിന്റെ കൈകളിൽ അവൾ സുരക്ഷിതയാണെന്ന്..സാവിത്രി അവൾക്ക് അമ്മയിയമ്മ അല്ല എന്നും അമ്മ തന്നെയായിരിക്കും.. ആനന്ദും അമ്മയും പോയി കഴഞ്ഞ് അമ്മു ഗീതുവിനെ വിളിച്ചു അവളുടെ സന്തോഷം പറഞ്ഞു..പണ്ടേ അമ്മു സങ്കടം വന്നാലും സന്തോഷം വന്നാലും പങ്കുവയ്ക്കുന്നത് ഗീതുവിനോടാണ്…അന്നത്തെ സംഭവത്തിനു ശേഷം ഗീതു വൈഗയുടെയും താരയുടെയും മുൻപിൽ ചെന്ന് പെടുന്ന അവസരങ്ങൾ പരമാവധി ഒഴിവാക്കി..അവർക്കറിയാമായിരുന്നു ഗീതു തങ്ങളിൽ നിന്നും ഒളിച്ചോടുകയാണെന്ന്..
സ്കൂളിന്റെ കവാടത്തിൽ ഗീതുവിന് വേണ്ടി കാത്ത് നിൽക്കുകയാണ് അമ്മു..ഗീതുവിനെ കണ്ടതും അവളുടെ മുഖം തിളങ്ങി.. “കാമുകൻ വന്നില്ലേ??..ഇന്നലെ പെണ്ണുകാണൽ ഒക്കെ നടന്നതല്ലേ.. കക്ഷി നേരത്തെ വരണ്ടതാണല്ലോ..” എന്നും നേരത്തെ വരുന്ന ആനന്ദിന്റെ അമ്മുവിന്റെ കൂടെ കാണാത്തതിനാൽ ഗീതു ചോദിച്ചു.. “പറഞ്ഞു തീർന്നില്ല… അവനെത്തിയല്ലോ..”(ഗീതു) ആനന്ദിനെ കണ്ടതും അമ്മുവിന് പതിവില്ലാത്ത നാണവും വെപ്രാളവും തോന്നി.. ഗീതുവിന്റെ കൈകളിൽ അവൾ മുറുക്കെ പിടിച്ചു.. ഗീതുവാണേൽ അവളുടെ വെപ്രാളം കണ്ട് അന്തിച്ചു നിക്കുവാണ്.. “എടി..നിനക്കും നാണവോ..അയ്യേ..??”(ഗീതു) “ഒന്ന് മിണ്ടാതെ നിക്കടി..”(അമ്മു) തങ്ങളുടെ നേർക്ക് നടന്നടുക്കുന്ന ആനന്ദിന്റെ കണ്ടതും അമ്മുവിന്റെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി..
“ടാ.. ഈ പെണ്ണിനെ കണ്ടോ..ഇവൾക്ക് കണ്ടപ്പഴേ തുടങ്ങിയ നാണമാണ്..ന്റെ കൈ ഇപ്പൊ തന്നെ മാന്തിപ്പറിച്ചിട്ടുണ്ട്..” “ആണോ അമ്മു..” അവൻ അവളുടെ അടുത്തേക്ക് വന്ന് ചോദിച്ചു..അവളുടെ കൈകൾ സാരിത്തുമ്പിൽ മുറുകുന്നുണ്ട്.. തന്നെ മാത്രം കണ്ണിൽ നിറച്ച് നിൽക്കുന്നവനെ നോക്കാൻ അവളുടെ മിഴികൾ വിസമ്മതിച്ചു.. “ഈ നാണമാണ് പെണ്ണേ നിന്റെ ചേല്..ന്റെ കൈയ്യിലോട്ട് ഒന്നു കിട്ടട്ടെ നാണമൊക്കെ ഞാൻ മാറ്റി തരുന്നുണ്ട്..” അവളുടെ കാതോരം വന്നവൻ മെല്ലെ പറഞ്ഞു..അമ്മുവിന്റെ കവിളുകളിൽ അരുണാഭ പടർന്നു..മിഴികൾ നാണത്താൽ താന്നു.. അവന്റെ കൈയ്യിൽ പതിയെ നുള്ളിയവൾ.. “അതേ..പബ്ലിക് പ്ലേസ് ആണ്..റോമാൻസൊക്കെ പിന്നെയാകാം..” അവർ മൂവരും കോടി സ്റ്റാഫ്‌റൂമിലേക്ക് ചെന്നു..
നിശ്ചയത്തിന്റെ തീയതി എടുത്തിട്ട് മറ്റ് സ്റ്റാഫുകളെ അറിയിക്കാം എന്നവർ തീരുമാനിച്ചു.. പതിവുപോലെ ഫസ്റ്റ് പീരിയഡ് ഗീതുവിന് ക്ലാസ്സ് ഉണ്ടായിരുന്നു.. അമ്മുവിനും ആനന്ദിനും ആ അവർ ക്ലാസ് ഇല്ല..അവർ രണ്ടുപേരും മാത്രമായി സ്റ്റാഫ് റൂമിൽ.. “അമ്മു ഇപ്പോഴാണ് നിനക്കെന്നോട് ഇഷ്ടം തോന്നിയത്..??ഒന്നു പറയടി..? “എപ്പഴോ…നിനക്കോ..??” “എന്നും ഗീതു എന്റെ പെങ്ങൾ തന്നെയായിരുന്നു..പക്ഷേ നിന്നെ അങ്ങനെ കാണാൻ പാറ്റുന്നുണ്ടായിരുന്നില്ല..പണ്ട് ഒമ്പതാംക്ലാസ്സിൽ പഠിക്കുമ്പോൾ നീ ഒരാഴ്ച്ച വന്നില്ലാരുന്നല്ലോ..ആ ഒരാഴ്ച്ച എനിക്കെന്തോ വലിയ മിസ്സിങ് പോലെ തോന്നി..ഗീതുനോട് ചോദിച്ചിട്ട് അവൾ ഒന്നും പറഞ്ഞില്ല.. നിന്നെ കാണാൻ വീട്ടിലോട്ട് വരാനൊരുങ്ങിയ അമ്മയോട് ഞാൻ കൂടി വരട്ടെന്നു ചോദിച്ചപ്പോൾ അമ്മ പറയുവാ..”അമ്മു വലിയ കുട്ടിയായി..നി ഇപ്പോൾ അവളെ കാണാൻ വരണ്ടാന്ന്..”
പിന്നെ നീ സ്കൂളിൽ വന്നപ്പോൾ എനിക്കെന്ത് സന്തോഷം ആയെന്നോ..നീ കൂടുതൽ സുന്ദരിയായ പോലെ..നിന്നെ ഇഷ്ടാവാന്ന് വന്നു പറഞ്ഞ സുമേഷിനെ തല്ലിയത് ഞാനാരുന്നു..അവനോട് അന്നേ ഞാൻ പറഞ്ഞു അമ്മു ഈ ആനന്ദിന്റെ പെണ്ണാണെന്ന്.” (ആനന്ദ്) “ചുമ്മാതല്ല അവൻ അതേ പിന്നെ എന്നെ കണ്ടാൽ ‘പെങ്ങളെ’ന്നെ വിളിക്കത്തുള്ളായിരുന്നു..”(അമ്മു) “നിന്നോടുള്ള എന്റെയിഷ്ടം ഞാൻ ആദ്യം പറഞ്ഞതും ഗീതുനോടായിരുന്നു..അവൾക്ക് വലിയ സന്തോഷമായി..പക്ഷേ നിന്നോട് പറയണ്ടന്ന് ഞാൻ പറഞ്ഞിരുന്നു.. ഒരു പക്ഷേ തുറന്ന് പറഞ്ഞാൽ നിന്റെ സൗഹൃദം കൂടി നഷ്ടമാകും എന്നു തോന്നി..പതിയെ പതിയെ നിന്റെ കണ്ണുകൾ തന്നെ നിനക്കെന്നോടുള്ള വികാരം എനിക്ക് മനസ്സിലാക്കി തന്നു..ഞാൻ അടുത്ത് വരുമ്പോൾ നിന്റെ കണ്ണുകൾ പിടയ്ക്കുകയും മറഞ്ഞുനിന്ന് എന്നെ നോക്കുന്ന നിന്റെ കണ്ണുകളിലെ പ്രണയവും ഞാൻ തിരിച്ചറിഞ്ഞു..”(ആനദ്) “എനിക്ക് ഒരുപാടിഷ്ടവാ..ന്റെ ജീവനാ..നിന്റെ കൈകൊണ്ട് ഒരു താലി ന്റെ കഴുത്തിൽ വീഴാൻ എത്ര നോമ്പ് നോറ്റിട്ടുണ്ടെന്നോ..”(അമ്മു)
ആനന്ദ് അവളുടെ കൈകൾ അവന്റെ കൈകളിലാക്കി വിരൽ കോർത്തു..പെട്ടന്ന് ബെൽ അടിച്ചതും രണ്ടും ഞെട്ടി എഴുനേറ്റു.. ഉച്ചക്ക് ചോറ് കഴിക്കാൻ ഇരിക്കുകയാണ് അമ്മുവും ഗീതുവും ആനന്ദും.. അമ്മു അവർക്കായി ചക്കപ്പുഴുക്ക് കൊണ്ടുവന്നിട്ടുണ്ടായിരുന്നു.. ഗീതുവിന് ഇഷ്ടമാണ് ചക്കപ്പുഴുക്ക്..എന്നാൽ ചക്ക അവൾക്ക് അലർജിയുള്ളതാണ്.. കഴിച്ചാൽ അപ്പോൾ ഛർദ്ധിക്കും..അമ്മു വേണ്ടന്ന് പറഞ്ഞിട്ടും കൊതികാരണം ഗീതു കഴിച്ചു..കുറച്ച് കഴിഞ്ഞതും ഗീതു വായും പൊത്തിക്കൊണ്ട് വാഷ് ബസിനിൽ പോയി ഛർദ്ദിച്ചു.. “എന്താ ഗീതു ടീച്ചറെ വിശേഷം വല്ലോം ആയോ..?” അടുത്ത് നിന്ന കവിത ടീച്ചർ അവളോട് ചോദിച്ചു.. “ഇല്ല.. ഫുഡ് പിടിച്ചില്ല..ചക്ക അലർജിയാ..” ഗീതു മുഖവും കുനിച്ച് അമ്മുവിന്റെ അടുത്ത് വന്നു.. “ന്റെ പൊന്ന് ഗീതു നിന്നോട് ഞാൻ പറഞ്ഞതല്ലേ കഴിക്കേണ്ടാണ്.. അതല്ലേ അവരൊക്കെ അങ്ങനെ പറഞ്ഞേ..നീ വിട്ട് കള..ഇനി സത്യവായിട്ടും നിന്റെ കുളിതെറ്റിയോ പെണ്ണേ..??” അമ്മു ചോദിച്ചു തീർന്നതും ഗീതു കരയാൻ തുടങ്ങി..
പെട്ടന്ന് അവളങ്ങനെ പ്രതികരിക്കുമെന്ന് അമ്മു ഓർത്തില്ല..ആനന്ദാണേൽ അമ്മുവിനെ വഴക്ക് പറയുന്നുണ്ട്.. “സോറി ടി..സിദ്ധുവേട്ടൻ നിന്നെ ഇപ്പോഴും അംഗീകരിച്ചിട്ടില്ലന്ന് അറിയാം..പെട്ടന്ന് ഞാൻ അറിയാതെ ആങ്ങനെയൊക്കെ പറഞ്ഞുപോയി..ക്ഷമിക്കടി..” (അമ്മു) “അയ്യേ..ഇതിനൊക്കെ എന്തിനാടി സോറി..ഈ വയറ്റിൽ ഒരിക്കലും ഞങ്ങളുടെ കുഞ്ഞിനെ ചുമക്കാൻ എനിക്ക് ഭാഗ്യമുണ്ടാകില്ല… സിദ്ധുവേട്ടൻ ഒരിക്കലും എനിക്കൊരു കുഞ്ഞിനെ സമ്മാനിക്കില്ല..അതെനിക്ക് എന്നേ ബോധ്യമായതാണ്.. അത്രക്ക് എന്നോട് വെറുപ്പാടി..ഞാൻ കാരണം ജീവിതം തകർന്നെന്ന് കുറ്റം പറയാത്ത ഒരു ദിവസം പോലും ഇല്ല.. ന്റെ പേര് പോലും കാണാതിരിക്കാൻ മോതിരം ഊരി വച്ച കക്ഷിയാണ്.. അപ്പഴാണ് ഗർഭം..!!!!!” ചിരിച്ചോണ്ട് തങ്ങളോട് സംസാരിക്കുന്ന ഗീതുവിനെ അവർ നൊമ്പരത്തോടെ നോക്കി..
പെണ്ണിന്റെ ജീവിതം പൂർത്തിയാകുന്നത് തന്നെ അവൾ അമ്മയാകുന്നുമ്പോൾ ആണ്… നിഷേധിക്കപെടുന്ന മാതൃത്വം ഒരു സ്ത്രീക്കും ഉൾക്കൊള്ളാനാവില്ല.. മനസ്സിലെ വേദനയെ ചിരിയുടെ മൂടുപടത്താൽ പൊതിഞ്ഞിരിക്കുകയാണ് ഗീതു.. അതിനുപിന്നിൽ അലറിക്കരയുന്ന ഒരു പെണ്ണുണ്ട്..അവരെ നോക്കി ചിരിച്ചുകൊണ്ട് വീണ്ടും ഗീതു തുടർന്നു.. “പ്രണയിക്കാനും പ്രണയിക്കപ്പെടാനും ഭാഗ്യം ഉള്ളോർക്കെ പറ്റൂ..നിങ്ങൾ രണ്ടുപേരും എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കണം.. പരസ്പരം താങ്ങുംതണലുമാകണം. എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് നിങ്ങളുടെ വിവാഹം.എനിക്കറിയാം നിങ്ങൾക്ക് രണ്ടാൾക്കും എന്നെ ജീവനാണെന്ന്..എന്റെ ജീവിതം ഇങ്ങായായതോർത്ത് വിഷമിക്കാതെ കുട്ടികളും കുടുംബോം ഒക്കെയായി അടിച്ചുപൊളിച്ചു ജീവിക്കണം..”
“നിന്റെ ജീവിതം ഇങ്ങനെ നശിക്കുമ്പോൾ ഞങ്ങൾക്ക് സന്തോഷിക്കാൻ പറ്റുവോടി..നിന്റെ പ്രശ്നത്തിന് പരിഹാരം കണ്ടിട്ടു മതി ഞങ്ങൾക്കൊരു ജീവിതം..”(അമ്മു) “എങ്കിൽ രണ്ടും മൂക്കിൽ പല്ലുവന്നാലും കെട്ടാതെ നിൽക്കേണ്ടി വരും..എത്ര നാൾ ഉറപ്പുണ്ടെന്ന് പോലും അറിയാത്തതാ എന്റെ ജീവിതം..സിദ്ധുവേട്ടന് ഈ ലോകത്തിൽ ആരോടെലും വെറുപ്പുണ്ടേൽ അതെന്നോട് മാത്രമാ..” “ഗീതു..നിനക്ക് ഒട്ടും പറ്റുന്നില്ലെങ്കിൽ അവനെ അവന്റെ വഴിക്ക് വിട്ടിട്ട് നീ വാ..ആര് തള്ളി പറഞ്ഞാലും എന്റെ പെങ്ങളായിട്ട് ന്റെ വീട്ടിൽ കഴിയാം..ആരും നിന്നെ ഇറക്കി വിടില്ല..”(ആനന്ദ്) “അതെനിക്കറിയാം..ന്റെ അമ്മൂം നീയും എന്നെ പൊന്നു പോലെ നോക്കുമെന്ന്..പക്ഷേ എന്നെ ഉപേക്ഷിക്കുമെന്ന് അറിഞ്ഞുതന്നാ ഞാൻ സിദ്ധുവേട്ടനെ സ്നേഹിക്കുന്നത്..
എന്നെ വേണ്ടാന്ന് വെച്ചാലും ഈ ജന്മം ഗീതുവിന്റെ ജീവിതതത്തിൽ ഇനിയോരാൾക്ക് സ്ഥാനം ഇല്ല..ഒറ്റക്ക് ജീവിക്കും..” ആനന്ദിനും അമ്മുവിനും സിദ്ധുവിനോട് ദേഷ്യം തോന്നി.. അവൻ നഷ്ടപ്പെടുത്തിക്കളയുന്നത് വിലമതിക്കനാവാത്ത നിധിയാണെന്ന് അവനെന്നെങ്കിലും ബോധ്യമാകുന്ന കാലം വരും..അവർ നെടുവീർപ്പെട്ടു.. ഗീതുവിന് ഛർദ്ദി ഇടയ്ക്കിടക്ക് വന്നുകൊണ്ടേയിരുന്നു.. അമ്മുവിന്റെ നിർബന്ധം സഹിക്കവയ്യാതെ അവൾ ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കാണാം എന്ന് സമ്മതിച്ചു… ഹെഡ്മാസ്റ്ററുടെ അനുവാദത്തോടെ അമ്മുവും ഗീതുവും കൂടി ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ടിട്ടാണ് വീട്ടിലേക്ക് മടങ്ങിയത്.
ഗീതു പുതിയ ശീലം പോലെ അടുക്കള വശത്തൂടെ അകത്ത് കയറി..ദേവിയെ അവിടെയൊന്നും കാണുന്നില്ലല്ലോന്നു നോക്കിയപ്പോൾ ആണ് ദേവി അരി പൊടിപ്പിക്കാൻ മില്ലിൽ പോകും എന്ന് പറഞ്ഞ കാര്യം ഓർമ്മ വന്നത്..സിദ്ധുവിനെ അവിടെയെങ്ങും കാണുന്നില്ല.. അവൾക്ക് അത്യാവശ്യമായി മുറിയിൽ നിന്ന് ഒന്ന് രണ്ട് ടെക്സ്റ്റ് എടുക്കാനുള്ളകൊണ്ട് അവൾ മുകളിലേ റൂമിലേക്ക് പോയി.. “നീ എന്തു തീരുമാനിച്ചു വൈഗ..നിന്റെ സിദ്ധൂനോടുള്ള പ്രണയം തുറന്ന് പറയാൻ തീരുമാനിച്ചോ..?? താരയുടെ മുറിയുടെ വാതിലിന് മുൻപിലൂടെ കടന്ന് പോകെ കേട്ട സംഭാഷണം അവളുടെ കാലുകളെ നിശ്ചലമാക്കി…വൈഗയുടെ മറുപടി അറിയാൻ ചേവിയോർത്തു.. “നിക്കറിയാല്ലോ..പപ്പേം മമ്മീം നമ്മുടെ ലാസ്റ്റ് sem ആയപ്പോഴേക്കും ലീഗലി അല്ലെങ്കിലും സെപറെറ്റായത്.
ഇതിനിടയ്ക്ക് എനിക്ക് സിദ്ധുവിനോട് എന്റെ ഇഷ്ടം പറയാൻ പറ്റിയില്ല…എങ്കിലും അവൻ നോ പറയില്ലെന്ന് എനിക്കുറപ്പായിരുന്നു..പപ്പയെം മമ്മിയെം വീണ്ടും ഒരുമിപ്പിച്ചു നല്ല ജോബും നേടി അവനെ കാണാൻ വരാനിരുന്നപ്പോഴാണ് അവൻ അവന്റെ കല്യാണം കഴിഞ്ഞകാര്യം നമ്മളോട് പറയുന്നത്..ശരിക്കും വിരഹം എന്തെന്ന് അറിഞ്ഞത് അപ്പോഴാണ്..പിന്നെ അവൻ ആ പെൺകുട്ടി അവനെ ചതിച്ചതാണെന്നും അവന് ആ ബന്ധം അംഗീകരിക്കാനാവില്ലെന്നും ഒരിക്കലും അവർ തമ്മിൽ ഹസ്ബന്റ്-വൈഫ് റിലേഷൻ ഉണ്ടാകില്ലെന്നും കുറച്ച്മാസത്തെ എഗ്രിമെന്റ് മാത്രമാണെന്നും അറിഞ്ഞത്തോടെ എന്റെ ഇഷ്ടം വീണ്ടും കൂടി..അവൻ എന്റെ ബെസ്റ്റ് പാർട്ടണർ ആകും എന്ന് എനിക്കുറപ്പായിരുന്നു..പക്ഷേ എന്റെ പ്രതീക്ഷകൾ എല്ലാം തെറ്റി..ഗീതു ..” (വൈഗ)
“ഗീതുവോ..???അവൾ നമ്മൾ അറിഞ്ഞിടത്തോളം നല്ലകുട്ടിയാ.. സിദ്ധുന്റെ കൺസെപ്റ്റ് അനുസരിച്ചുള്ള കുട്ടിയല്ലായിരിക്കാം..ബട്ട് അവൾക്ക് അവനോടുള്ള ഇഷ്ടം നീയത് മനസ്സിലാക്കണം…”(താര) “എനിക്കറിയാം..അന്നവൾ അവന്റെ ഭാര്യയാണെന്ന് പറയാൻ ഒരുങ്ങിയ ദേവിയമ്മയെ തടഞ്ഞ് വെറുമൊരു അടുക്കളക്കാരിയായി സ്വയം ചിത്രീകരിച്ചപ്പോൾ എനിക്ക് തോന്നിയിരുന്നു സിദ്ധു പറഞ്ഞതിൽ കൂടുതൽ നമ്മൾ മനസ്സുലാക്കാൻ ഉണ്ടെന്ന്.. എന്നവൾ ദേവിയമ്മയോട് കരഞ്ഞുപറഞ്ഞഞ്ഞതൊക്കെ ഞാൻ കേട്ടു..ഒരുപെണ്ണിനും കാണില്ല ഇത്രയും മനക്കട്ടി.. എന്നിട്ടും അവൾ അവനെ സ്നേഹിക്കുന്നതിൽ എനിക്ക് അത്ഭുതം തോന്നി..അന്ന് മുറിയിൽ നമ്മളോട് പൊട്ടികരഞ്ഞ ഗീതു ഇപ്പൊഴും എന്റെ മനസ്സിലുണ്ട്..
അവളുടെ സ്നേഹത്തിനു മുൻപിൽ എന്റെ സ്നേഹത്തിനു ഒരു വിലയമില്ല..അവളെക്കാൾ ആർക്കും അവനെ സ്നേഹിക്കാൻ കഴിയില്ലെന്ന് ഞാൻ അന്ന് മനസ്സിലാക്കിയതാ..അവളുടെ താലി എന്റെ ഇഷ്ടം കാരണം അഴിക്കേണ്ടി വന്നാൽ ആ പെണ്ണിന്റെ കണ്ണീരിന്റെ ശാപം എന്നെ വിട്ട് പോകില്ല.. ഈശ്വരന്മാർ പോലും എന്നോട് പൊറുക്കില്ല..സിദ്ധു അവളോട് കാണിക്കുന്ന അകൽച്ച മാറി അവളെ അംഗീകരിക്കണമെന്ന പ്രാർത്ഥന മാത്ര ഇപ്പോളുള്ളൂ.. എന്റെ പ്രണയം സിദ്ധു അറിഞ്ഞിട്ടില്ല..അത് അവൻ അറിയുകയും വേണ്ട..അതെന്നും രഹസ്യമായി എന്റെ മനസ്സിൽ തന്നെ ഇരിക്കട്ടെ..ഇനി സിദ്ധു എനിക്കും നല്ല ഫ്രണ്ട് മാത്രമായിരിക്കും സങ്കടത്തോടെ യാണെങ്കിലും ആ പ്രണയം മനസ്സിൽ കുഴിച്ചുമൂടുകയാണ് ഞാൻ.. അവൻ ഗീതുന്റെ മാത്രമാണ്..”(വൈഗ) “നിന്റെ തീരുമാനം വളരെ ശരിയാണ്..തട്ടിപ്പറിച്ചെടുക്കുന്നതല്ലല്ലോ പ്രണയം..എല്ലാം മറക്കണം നീ ..”(താര) “ചേച്ചിക്ക് സിദ്ധുവേട്ടനെ വല്യ ഇഷ്ടാല്ലേ..??? ഞെട്ടിക്കൊണ്ട് വൈഗയും താരയും നോക്കിയതും പിന്നിൽ നിൽക്കുന്ന ഗീതുവിനെ കണ്ട് അമ്പരുന്നു.. വൈഗ ഉത്തരമൊന്നും പറഞ്ഞില്ല..അവൾ എല്ലാം കേട്ടുവെന്ന് അവർക്ക് മനസിലായി..
“സിദ്ധുവേട്ടന് ചേച്ചിയെ പോലൊരു സുന്ദരി പെണ്ണാണ് ചേരുക..ഞാൻ ഒരിക്കലും സിദ്ധുവേട്ടാൻ ആഗ്രഹിക്കുന്ന ഭാര്യയല്ല..എന്നെ അങ്ങനെ കണ്ടിട്ടുമില്ല..പിന്നെ ഈ താലി,സ്നേഹത്തോടെ കെട്ടിയാൽ മാത്രേ താലിയ്ക്ക് അതിന്റെ പവിത്രത ഉണ്ടാകൂ..ഇല്ലെങ്കിൽ വെറും ലോഹം..സിദ്ധുവേട്ടനിത് വെറും ലോഹം മാത്രമാണ്..ഞാനല്ല ചേച്ചിയാണ് സിദ്ധുവേട്ടന് ചേരുന്നത്..ചേച്ചീടെ പ്രണയം സഫലമാകാൻ എന്റെ പ്രാർത്ഥന ഉണ്ടാകും..എന്നെയോർത്ത് ഇഷ്ടം പറയാതെ പോകരുത്..സിദ്ധുവേട്ടൻ ചേച്ചീടെ കൂടെ ഹാപ്പിയായിരിക്കും… അത് മതി..അത് മാത്രം മതി എനിക്ക്..” ഗീതു കരഞ്ഞുകൊണ്ട് താഴേയ്ക്കോടി..തലയണയിൽ മുഖം അമർത്തി കരഞ്ഞു..കുറെ കരഞ്ഞതും മനസ്സ് ശാന്തമായി.. ദേവി വന്നാൽ ചോദ്യോം പറച്ചിലും ആകുമെന്നോർത്തവൾ വേഗം തന്നെ കുളിക്കാനായി പോയി..
പിറ്റേന്ന് തന്നെ വൈഗയും താരയും റയാനും കിരണും മടങ്ങിപ്പോയി.. പോകുന്നതിന് മുൻപ് വൈഗയും താരയും ഗീതുവിനെക്കണ്ട് സംസാരിച്ചു..അവരുടെ ഫോൺ നമ്പർ ഏൽപ്പിച്ചു എന്ത് ആവശ്യം വന്നാലും വിളിക്കണമെന്ന് പറഞ്ഞു.. അമ്മുവിന്റെയും ആനന്ദിന്റെയും നിശ്ചയം അടുത്ത ഞായർ നടത്താൻ തീരുമാനിച്ചു..രണ്ടുപേരും ഒരുമിച്ച് വന്നാണ് ദേവിയെയും സിദ്ധുവിനെയും നിശ്ചയം ക്ഷണിച്ചത്..(തുടരും)

by