16/04/2026

മാഞ്ഞുപോയ കിനാവുകൾ : ഭാഗം 23

രചന – ആതിര

“മോളേ സൂക്ഷിച്ച് പോയിട്ട് വരണേ..അപ്പച്ചീടെ ഫോണിലേക്ക് ഇടക് വിളിക്കണം..ഇറങ്ങാൻ നേരം വിളിച്ച് പറയണം.. താമസിക്കുവാണേൽ സിദ്ധു വരും മോള് പേടിക്കണ്ട..” “ശരി അപ്പച്ചി.. എന്നാൽ ഞാൻ പോയിട്ട് വരാമേ..” ഞായർ ആയതിനാൽ സിദ്ധുവിനും ലീവ് ആയിരുന്നു..അവൾ ഹാളിലിരിക്കുന്ന സിദ്ധുവിനെ നോക്കി..അവൻ അവളെ ശ്രദ്ധിക്കാതെ പത്ര വായനയിലാണ്.. “സിദ്ധുവേട്ടന് എന്നോടുള്ള നീരസോം പിണക്കോം ഒക്കെ മാറും..ചിലത് കൺഫേം ആക്കാനുണ്ട്..അതറിയുമ്പോൾ സിദ്ധുവേട്ടന് ഒരുപാട് സന്തോഷം ആകും..(ഗീതു’s ആത്മ) സ്കൂളിൽ ചെന്ന് സൈൻ ചെയ്തിട്ട് വേണം അവൾക്ക് പോകാൻ.. ചെന്നപ്പഴേ ആനന്ദും അമ്മുവും നിൽക്കുന്നു.. “നിങ്ങൾ എങ്ങനെയാ പോകുന്നേ?” അവരുടെ അടുത്തേക്ക് ചെന്ന് ഗീതു ചോദിച്ചു.. “ദേ..ന്റെ സ്വന്തം ശകടത്തിൽ..” ആനന്ദ് അവന്റെ ബൈക്ക്‌ കാണിച്ചുകൊണ്ട് പറഞ്ഞു..

“ഓഹ്..ഓഹ്..ഇപ്പോൾ ലൈസൻസ് ഒക്കെ ആയല്ലോ..വീട്ടിലും പറഞ്ഞോ ഇവൾ നിന്റെ കൂടെ ഉണ്ടെന്ന്..” “അറിയാം അമ്മു..മരുമോനും അമ്മായിച്ഛനും ഇപ്പൊ അടേം ചക്കരേം ആടി.. നന്ദു മോനേ ന്ന് തികച്ച് വിളിക്കില്ല..അച്ഛൻ തന്നാ പറഞ്ഞത് ഇവന്റെ കൂടെ പോയിട്ട് വരാൻ..എന്നിട്ട് പറയുവാ അമ്മു നീ അവനോട് കുരുത്തക്കേടൊന്നും കാണിക്കാതെ അടങ്ങി ഇരിക്കണോ ന്ന്..” “ആ ..കല്യാത്തിന് മുന്നേ ഇവളേം കൊണ്ട് ചുറ്റാൻ കിട്ടിയ അവസരമല്ലേ..എനിക്ക് ട്രയ്നിങ് വേറേ ആയത് നന്നായി..ഇല്ലേൽ ബോബന്റേം മോളിടെം കൂടെ എപ്പഴും ഉള്ള പട്ടിയെപ്പോലെ ഞാൻ നിങ്ങടെ സ്വർഗത്തിലെ കാട്ടുറുമ്പായേനെ..” “പ്ഫാ..മിണ്ടാതിരുന്നോ ഗീതു നീ..ന്റെ കയ്യിന്ന് വല്ലോം വാങ്ങിച്ചുകൂട്ടും..ബോബന്റേം മോളീടേം ഒരു പട്ടി..😏😏..മേലാൽ ഇമ്മാതിരി വർത്താനം പറഞ്ഞാലാ..”

“പോട്ട്ടി..ടാ ന്റെ കൊച്ചിനെ സൂക്ഷിച്ചു കൊണ്ടുപൊക്കോണം.. ബൈക്ക് പറപ്പിക്കാതെ പതിയെ ഓടിച്ചാൽ മതി..നീ ഓവർ സ്പീഡിൽ ഓടിക്കാറില്ലന്നറിയാം..എങ്കിലും പറയുവാ..” “നിന്റെ അമ്മൂനെ ഒരു പരിക്കുമില്ലാതെ നിന്റെ കയ്യിൽ തിരികെ ഏൽപ്പിച്ചാൽ പോരെ.. ജീവിതകാലം വരെ ഇതിനെ സഹിക്കാനുള്ളതല്ലേ.. അപ്പോ എങ്ങനാ ,പോയലോ പെണ്ണേ..”(ആനന്ദ്) അമ്മു ആനന്ദിനൊപ്പം ബൈക്കിൽ കയറി.. “ടി ചെന്നിട്ട് വിളിക്കണം.. ഇറങ്ങുമ്പോഴും.. മറക്കരുത്.. എന്തേലും ബുദ്ധിമുട്ട് ഉണ്ടേൽ കയ്യിലിരിക്കുന്ന കുന്ത്രാണ്ടത്തിൽ തോണ്ടി ഇരിക്കാതെ വിളിക്കണം..” (അമ്മു) “ടി..ബസ് കിട്ടിയില്ലേൽ നോക്കി നിൽക്കാതെ ഓട്ടോയ്ക്ക് പോകണം..ടൗണിൾ ചെന്നാൽ പിന്നെ ബസ് എളുപ്പം കിട്ടും….”(ആനന്ദ്) “ശരിയെടാ.. എങ്കിൽ ഞാൻ പോകുവാണേ…(ഗീതു)

ക്ലാസ് കഴിഞ്ഞ് ഇറങ്ങിയപ്പോൾ ആണ് ഇത്രയും ഇറരുട്ടിയെന്ന്‌ ഗീതുവിന് മനസ്സിലായത്..ഉടൻ തന്നെ കിട്ടിയ ബസിൽ അവൾ കയറി..ടൗണിലേക്കുള്ള ബസ് കിട്ടണമെങ്കിൽ പിന്നെയും ബസ് കയറണം..ആ ബസ്സിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ അടുത്ത ബസും കിട്ടി..പക്ഷേ ഒടുക്കത്ത തിരക്ക്..ഒരു സീറ്റ് പോലും കിട്ടാതെ കമ്പിയിൽ പിടിച്ചവൾ നിന്നു.. പിന്നിൽ ആരോ വന്നു മുട്ടുന്നതുപോലെ.തന്റെ ശരീരത്തിൽ ചേർന്നുള്ള ആ നിൽപ്പ് എന്തോ അത്ര ശരിയായി അവൾക്ക് തോന്നുന്നില്ല..മനപ്പൂർവം ശരീരത്തിലേക്ക് അയാളുടെ ശരീരം അടുപ്പിക്കുന്നത് പോലെ.. അവൾ തിരിഞ്ഞു നോക്കിയതും ഒരു നാല്പതു വയസ്സോളം പ്രായം തോന്നിക്കുന്നയാൾ..അവൾക്ക് തന്നെ മനസിലായന്ന് അരിഞ്ഞതും അവളെ നോക്കി ഒരു വഷള്ചിരി ചിരിക്കുന്നു..മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലായി..അത്രത്തോളം മദ്യത്തിന്റെ മണം അയാളിൽനിന്നും വമിക്കുന്നുണ്ട്..ഗീതു പരമാവധി അകന്നു നിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തിക്കും തിരക്കും കാരണം ഒരടിപോലും നീങ്ങാൻ അവൾക്ക് കഴിയുണ്ടായിരുന്നില്ല..

അയാൾ മുഖം അവളുടെ തോളോട് ചേർത്തുവയ്ക്കാൻ ശ്രമിക്കുന്നു.. എന്നാൽ അവൾ തോൾ വെട്ടിക്കുന്ന കാരണം അയാളുടെ ഉദ്ദേശ്യം നടക്കുന്നില്ല… “നല്ല സുഖം തോന്നുന്നുണ്ടോ..?? ഇനിയും വേണോ..?? അയാൾ അടുത്തേക്ക് വന്നവളുടെ കാതോരം ചോദിച്ചു.. അവൾ അറപ്പോടെ മുഖം വെട്ടിച്ചു.. ഓരോ നിമിഷവും ഗീതു പേടിച്ച് നിൽക്കുവാണ്..അയാളുടെ കൈകൾ പിന്നിലൂടെ ഇഴഞ്ഞു അവളുടെ ഇടുപ്പിലേക്ക് നീങ്ങിക്കൊണ്ടിരുന്നു..ഗീതു ഞെട്ടി വിയർത്ത് അയാളെ നോക്കി.. നാക്കുകൊണ്ട് ചുണ്ട് ഉഴിയുകയാണയാൽ.. ഗീതു അറപ്പോടെ മുഖം വെട്ടിച്ച് മുന്നോട്ടിത്തിരി മാറിനിന്നു.. അവളുടെ പുറകെ അയാളും ചെന്നു..ആദ്യമായാണ് അവൾക്ക് ഇത്തരത്തിൽ ഒരനുഭവം..അവൾക്ക് വല്ലാണ്ട് പേടിതോന്നി..

അയാളുടെ കൈകൾ പിന്നെയും അവളെ തേടി ചെന്നു..ഇടുപ്പിൽ നിന്നും അയാളുടെ കൈകൾ സ്ഥാനംമാറി മുകളിലേക്ക് സഞ്ചരിക്കാൻ ഒരുങ്ങവേ അയാളുടെ ലക്ഷ്യസ്ഥാനം എങ്ങോട്ടാണെന്നവൾ പേടിയോടെ മനസ്സിലാക്കി..ആരോരും രക്ഷിക്കാൻ ഇല്ലാത്ത അവസരങ്ങളിൽ ദൈവത്തിന്റെ കരങ്ങൾ നമുക്ക് നെറ്റ് നീളാറുണ്ട്.. അവളുടെ അടുത്ത സീറ്റിലെ ആൾ ഉടനെ എഴുനേറ്റു..വേഗം തന്നെ അവൾ അവിടെ ഇരുന്നു.. അടുത്തിരുന്ന പ്രായമായ സ്ത്രീ അടുത്ത സ്റ്റോപ്പിൽ ഇറങ്ങുന്നതിനാൽ വിൻഡോ സൈഡ് തന്നെ അവൾക്ക് കിട്ടി.. അതവൾക്ക് നൽകിയ ആശ്വാസം ചെറുതല്ലായിരുന്നു..അവൾ ഫോണെടുത്ത് ദേവിയെ വിളിച്ചു..താമസിക്കുന്ന കാര്യം പറഞ്ഞു..അമ്മുവിനെ വിളിച്ചപ്പോൾ അവർ വീടെത്താറായെന്ന് അമ്മു പറഞ്ഞു..

“മോനേ.. നീയാ ജംഗ്ഷൻ വരെ ഒന്നു പോയി ഗീതുമോളെ കൂട്ടികൊണ്ട് വാ..ഇപ്പൊ തന്നെ ഇരുട്ടിയില്ലേ..ഈ സമയത്ത് അവൾ ഒറ്റക്ക് വീട്ടിലോട്ട് വരണ്ടേ.. നീ അങ്ങോട്ട് ചെല്ല്..ഒ മ്പത് മാണി കഴിഞ്ഞാൽ ആളും അനക്കവും ഇല്ലാത്ത സ്ഥലമാണ്..” “അവൾ ഒറ്റക്കല്ലേ അങ്ങോട്ട്‌ പോയത്..തിരിച്ചും ഒറ്റക്ക് വന്നോളും.എന്നേ കണ്ടോട്ട് ഒന്നും അല്ലല്ലോ അവൾ പോയത്..സമയം 7.30 ആകുന്നല്ലേ ഉള്ളൂ അവളിങ്ങ് വന്നോളും..ഞാൻ ക്ലബ്ബിൽ പോയിട്ട് വരാം..” “എടാ കൊച്ചിനെ പോയി വിളിച്ചോണ്ട് വാടാ..ന്റെ സിദ്ധു നിനക്ക് അവളോടുള്ള ദേഷ്യം ഈ സമയത്ത് തീർക്കരുത്..” “ആ പോയേക്കാം..”

ഗീതു സഞ്ചരിച്ചിരുന്ന ബസ് സ്റ്റേഷനിൽ ഏത്തിയപ്പോൾ 8.30 കഴിഞ്ഞിരുന്നു..അയാളെ പിന്നെ കാണാഞ്ഞത് ഗീതുവിന് വലിയ ആശ്വാസമായി..ആ ഭാഗത്ത് രാത്രി 8.30 കഴിഞ്ഞാൽ പിന്നെ ബസ് കുറവാണ്..വന്നാൽ വന്നൂന്ന് പറയാം..ചെറിയൊരു പ്രദേശം ആയതിനാൽ രാത്രി യാത്രികർ നന്നേ കുറവാണ്.അതുകൊണ്ട് തന്നെ രാത്രികാലങ്ങളിൽ മദ്യപാനികളുടെയും മറ്റും ആവാസകേന്ദ്രമാണ് ആ സ്റ്റേഷൻ. പത്ത്മണി വരെ ഓട്ടോ സർവിസ് ഉണ്ട്..പക്ഷേ ഓട്ടോ സ്റ്റാന്റിലേക്ക് കുറച്ച് നടക്കണം..മങ്ങിയ സ്ട്രീറ്റ് ലൈറ്റ് വെട്ടം മാത്രം ശരണം.. അടുത്തെങ്ങും കടയോ മറ്റ് ആളനക്കമോ ഇല്ല..ഗീതുവിന്റെ കൂടെയിറങ്ങിയ കുറേപേറെ വീട്ടിൽ നിന്നും കൊണ്ടുപോകാൻ ആളുകൾ വന്നിട്ടുണ്ടായിരുന്നു..കുറച്ച് പേർ അവിടടുത്തുള്ളവരും..സത്യം പറഞ്ഞാൽ ഗീതുന് മാത്രമാണ് ഇനിയും സഞ്ചരിക്കേണ്ടിയിരുന്നത്.. അവൾ ആനന്ദ് പറഞ്ഞപോലെ ഓട്ടോ സ്‌റ്റാന്റിലേക്ക് നടന്നു..

അവൾക്ക് മുന്നേ രണ്ടുപേർ പോകുന്ന ധൈര്യത്തിലാണ് അവൾ നടന്നത്..ഫോണിൽ ആണേൽ റേഞ്ച് കിട്ടുന്നില്ല..ഇടക്ക് നടക്കുന്നതിനിടയിൽ റേഞ്ച് കാണിച്ചപ്പോൾ ഗീതു ദേവിയെ വിളിച്ചു..എന്നാൽ പെട്ടന്ന് തന്നെ കട്ടായി..മുന്നിൽ പോകുന്നവർ അവർക്ക് പോകേണ്ട വഴിയിലേക്ക് തിരിഞ്ഞപ്പോൾ ഗീതു ശരിക്കും ഒറ്റാക്കായി..പുറകിൽ ആരോ തന്നെ പിന്തുടരുന്നപോലെ തോന്നിയതും ഗീതു തിരിഞ്ഞു നോക്കി..തന്റെ പിന്നാലെ വരുന്നയാളെ കണ്ടതും ഗീതു ശരിക്കും പേടിച്ചുപോയി.. കാലുകൾ തളരുന്നപോലെ.. മുന്നോട്ട് നീങ്ങാൻ കാലുകൾ കൂട്ടാക്കാതെ ഉറഞ്ഞ് പോയതു പോലെ..മനസ്സിന്റെ വേഗത്തിനൊപ്പം കാലുകൾ ചലിക്കുന്നില്ല..ഗീതു ദേവിയെ വിളിച്ചു നോക്കിയെങ്കിലും കിട്ടുന്നില്ല..അമ്മുവിനെ വിളിച്ചു..

കുറെ നേരം ബെല്ലടിച്ച ശേഷം ഫോൺ കട്ടായി..നാളെ താൻ ജീവനോടെ കാണുകയില്ലന്ന്‌ പോലും ഗീതുവിന് തോന്നി..ഏതെങ്കിലും കുറ്റിക്കാട്ടിൽ നിന്നും മനുഷ്യമൃഗങ്ങൾ കടിച്ചുകീറിയ തന്റെ ശരീരമായിരിക്കും ഒരുപക്ഷേ നാളത്തെ പത്രങ്ങൾക്കുള്ള വാർത്തയെന്നും പോലും അവൾ ചിന്തിച്ചുപോയി.. ചിന്തകൾക്കിടയിലാണ് അമ്മുവിന്റെ ഫോൺ വന്നത്.. “ഹലോ ആമ്മു.”.. ഗീതു കരയുകയാണ്..അവളുടെ ശബ്ദം ഇടറിക്കൊണ്ടിരുന്നു.. “ഗീതു..നി എവിടാ..നീ കാരയുവാണോ..എന്താടി..? “അമ്മു..ഞാൻ ഒറ്റയ്ക്കായി.. എന്നെ അയാൾ..ന്റെ പുറകെയുണ്ട്.. എന്നെ കൊല്ലും..എനിക് പേടിയാകുന്നമ്മൂ..” “നീ ഇപ്പൊ എവിടെയാ..ആരാ അയാൾ??” “ഞാൻ ഓട്ടോ സ്റ്റാന്റിലേക്ക് പോകുവാ..ആരും ഇല്ല കൂടെ..ആയാൾ എന്നെ ഉപദ്രവിക്കും.. ബസിൽ വെച്ചും എന്നെ..” ഗീതു പറയാനാകാതെ കരഞ്ഞുപോയി..

“ടി നീ പേടിക്കണ്ട…അവ…” അമ്മു പറയാൻ വന്നത് പൂർത്തിയാകും മുൻപേ റേഞ്ച് വീണ്ടും കട്ടായി.പുറകെ വരുന്നയാൾ ഗീതുവിന്റെ ഒപ്പമെത്താൻ ഓടുകയാണ്..അതുകണ്ടപ്പോൾ ഗീതുവും മുന്നോട്ട് ഓടി..പുറകോട്ട് നോക്കി ഓടുന്നതിനിടയിൽ റോഡ് സൈഡിലുള്ള കല്ലിൽ തട്ടിയവൾ മറിഞ്ഞുവീണു..കാലിടറിയതിനാൽ അവൾക്ക് എഴുന്നേൽക്കാൻ കഴിഞ്ഞില്ല..അയാൾ അവളുടെ അടുത്തെത്തി കഴിഞ്ഞു.. “മോനെ അവൾ ഇതുവരെ വന്നില്ല..നീ അവളെ കണ്ടോ..??” ഗീതുനെ വിളിക്കാൻ പറഞ്ഞുവിട്ട സിദ്ധൂനെ ഇനിയും കാണാതെ ദേവി ഫോൺ ചെയ്തു.. “അമ്മേ.. ഞാൻ പോയില്ല..ഇവിടെ ക്ലബ്ബിൽ……” “എടാ മഹപാപി..നിന്നോട് പ്രത്യേകം പറഞ്ഞതല്ലേ മോളേ കൂട്ടികൊണ്ട് വരണോന്ന്..നിന്റെ ഭാര്യെടെ സ്ഥാനം വേണ്ട ഒരു വീട്ടിൽ കഴിയുന്ന പരിഗണന കൊടുക്കാൻപോലും തോന്നിയില്ലാല്ലോ..ഒന്നുമില്ലേലും ഒരു പെണ്ണല്ലേടാ അവളും..ഭാഗ്യയാണ് അവളുടെ സ്ഥാനത്തെങ്കിൽ നീ ഇങ്ങനെ ചെയ്യുവാരുന്നോ..എന്റെ കുഞ്ഞിനെന്തേലും പറ്റിയാൽ..സിദ്ധു.. ഈ പിന്നെ ദേവിയുണ്ടാകില്ല..” അത്രയും പറഞ്ഞവർ ഫോൺ വെച്ചു..

അവളോടുള്ള ദേഷ്യത്തിന്റെ പുറത്ത് വിളിക്കാൻ പോകാഞ്ഞത് തെറ്റായിപ്പോയി എന്ന് ദേവിയുടെ വാക്കുകളിൽ നിന്നും സിദ്ധുവിന് മനസ്സിലായി..അവൻ വേഗം തന്നെ വണ്ടിയെടുത്ത് പുറത്തേക്ക് പോയി.. ഗീതുവിന്റെ അടുത്തേക്ക് വന്നയാൾ അവൾ വീണുകിടക്കുന്നടത്ത് കാലിൽ കുത്തി ഇരുന്നു.. ഗീതു കരഞ്ഞുകൊണ്ട് ചുറ്റും നോക്കുന്നുണ്ട്..ആരും അവളെ സഹായിക്കാൻ ഇല്ലെന്നത് അവളുടെ കരച്ചിലിന്റെ ശക്തികൂട്ടി..അവൾ താലിയിൽ കൈമുറുക്കി പുറകോട്ട് നീങ്ങി.. “മോളേന്തിനാ പേടിക്കുന്നേ.. ചേട്ടൻ ഒന്നും ചെയ്യില്ല.. സ്നേഹിക്കാൻ മാത്രേ എനിക്കറിയൂ..നിന്നെ ബസ്സിൽ വെച്ച് കണ്ടപ്പോഴേ ഇഷ്ടായി..കുഞ്ഞിപിള്ളേരെ പോലെ..ചേട്ടന്റെ കൂടെ വാ..ഒരു മണിക്കൂർ..അത്രേം നേരം നമ്മുക്ക് പരസ്‌പരം സ്നേഹിക്കാന്നേ…

അതുകഴിഞ്ഞ് മോളേ എവിടെ വേണേലും കൊണ്ടാക്കാം..ഇനി അതല്ല എത്ര വേണമെന്ന് പറഞ്ഞാൽ മതി അതും തരാം.. വാ വന്ന് എഴുന്നേൽക്ക്..” അതും പറഞ്ഞയാൾ ഗീതുവിന്റെ കാലുകളിൽ പിടിച്ചു..അവൾ കാല് പുറകോട്ട് വലിച്ചയ്യാളെ ചവിട്ടി.. പെട്ടന്നുള്ള ആക്രമണമായതിനാൽ അയാൾ പുറകോട്ട് വേച്ചു പോയി..ആ തക്കത്തിൽ ഗീതു റോഡ്സൈഡിലെ മണ്ണുവാരി അയാളുടെ കണ്ണിൽ എറിഞ്ഞു.. മരണം മുന്നിൽ കാണുമ്പോൾ ഉണ്ടാകുന്ന ഒരു ധൈര്യം ഉണ്ടല്ലോ.. ആ ധൈര്യത്തിൽ അവൾ എഴുനേറ്റു..എത്രയും വേഗത്തിൽ രക്ഷപെടണമെന്ന ചിന്ത നിറഞ്ഞതിനാൽ കാലുകൾക്ക് ക്ഷീണം തോന്നിയില്ല..അവൾ എഴുനേറ്റ് ഓടി..അയാൾ അപ്പോഴേക്കും കണ്ണിലെ മണ്ണ് തുടച്ച് അവൾക്ക് പുറകെ പാഞ്ഞ് വരുന്നുണ്ടായിരുന്നു..ഓട്ടോ സ്റ്റാൻഡ് എത്താറായിരിക്കുന്നു എന്നത് അവൾക്ക് വലിയ ആശ്വാസമായി.. പിന്നിലേക്ക് തിരിഞ്ഞുനോക്കവേ മുന്നിൽ വന്ന വാഹനതത്തിൽ തട്ടിയവൾ മറിഞ്ഞുവീണു.. ഹെഡിലൈറ്റിന്റെ വെട്ടത്തിൽ ബൈക്കിൽ വന്നയാളെ കണ്ടില്ല ..കണ്ണിലേക്കടിച്ച പ്രകാശത്തെ ഒരു കൈയ്യൽ തടഞ്ഞുകൊണ്ടവൾ എഴുനേറ്റു..

മുന്നിൽ ബൈക്കിലിരിക്കുന്ന ആളെ കണ്ടതും സന്തോഷത്താൽ അവളുടെ കണ്ണുകൾ നിറഞ്ഞു.. പിടഞ്ഞെണീറ്റവൾ അവനടുത്തേക്ക് ചെന്നു..അപ്പോഴും അവൾ അയാളെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.. അവളുടെ മുഖത്തെ പേടിയും അങ്ങകലെ നിൽക്കുന്ന അയാളെയും കണ്ടപ്പോൾ തന്നെ നടന്നതെന്തെന്നവൻ ഊഹിച്ചു.. അവൾക്ക് വേണ്ടപ്പെട്ട ആരോ ആണ് വന്നിരിക്കുന്നതെന്ന് മനസ്സിലായതും അയാൾ കുട്ടിക്കറ്റിലേക്ക് ഓടി മറഞ്ഞിരുന്നു.. “ഗീതു…..” ആ വിളിയിൽ അവളുടെ എല്ലാ ആകുലതകളെയും അവന്റെ നെഞ്ചിൽ ഇറക്കിവെച്ചവൾ അവനെ ഇറുകെ പുണർന്നു..അവളുടെ പേടി അപ്പോഴും മാറിയിറുന്നില്ല..അത് മനസ്സിലായെന്നപോലെ അവനവളുടെ തലയിൽ തഴുകുന്നുണ്ടായിരുന്നു..(തുടരും)