24/04/2026

മാഞ്ഞുപോയ കിനാവുകൾ : ഭാഗം 30

രചന – ആതിര

ദിവസങ്ങൾ പിന്നെയും ഓടിമറഞ്ഞുകൊണ്ടിരുന്നു…
സിദ്ധുവും ബാങ്കിൽ പോയി തുടങ്ങിയിരുന്നു..വീട്ടിൽ വരുമ്പോഴെല്ലാം അവൻ ഗീതുവിനെ തന്റെ സാമിപ്യം അറിയിച്ചുകൊണ്ടേയിരുന്നു..

കഴിക്കുമ്പോഴും ദേവിയോട് സംസാരിച്ചിരിക്കുമ്പോഴുമെല്ലാം അവന്റെ കണ്ണുകൾ അവളെ പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു..എന്നാൽ അവളോട് സംസാരിക്കാൻ മുതിരുരന്ന അവസരങ്ങളെല്ലാം അവൾ പരമാവധി ഒഴിവാക്കിയിരുന്നു..

ഇതിനിടയ്ക്ക് പലപ്പോഴും വിവേകും സുമിത്രയും അവളെ വിളിക്കാറുണ്ടായിരുന്നു..
അവരോടൊന്നും അവിടെ നടന്നതൊന്നും ഗീതു പറഞ്ഞിരുന്നില്ല..ഇപ്പോൾ കാവ്യയും സുമിത്രയും തമ്മിലുള്ള പിണക്കം എല്ലാം മറന്ന് കാവ്യ പഴയ അമ്മക്കുട്ടിയായി മാറികഴിഞ്ഞെന്ന് വിവേക് ഗീതുവിനെ അറിയിച്ചു..ഗീതുവിന്റെ ഫോൺ വരുമ്പോൾ കാവ്യയും അവളുടെ സംസാരം കേൾക്കാനായി ഇപ്പോൾ
കാത്തിരിക്കുന്നുണ്ടന്നറിഞ്ഞത് സങ്കടങ്ങൾക്കിടയിലും ഗീതുവിന് സന്തോഷം നൽകി..എത്രയും വേഗം അവളെ സ്വന്തം കാവ്യേച്ചിയായി തനിക്ക് മടക്കി നൽകുമെന്ന് വിവേക് അവൾക്ക് ഉറപ്പ് നൽകി..
കാവ്യയുടെയും വിവേകിനെയും ബന്ധത്തിന് പച്ചക്കൊടി കാട്ടിയ വിവരം അവളെ സന്തോഷിപ്പിച്ചു..
സുമിത്രയാണ് ആ വിവരം അവളെ വിളിച്ച് പറഞ്ഞത്..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

അന്നൊരു വ്യാഴാഴ്ച ദിവസം പതിവുപോലെ സ്കൂളിലേക്ക് പോകുകയാണ് ഗീതു..പതിവിനു വിപരീതമായി ഗേറ്റിനരികിൽ അമ്മുവിനെയോ ആനന്ദിനെയോ കണ്ടില്ല.. ചിന്നുമോളെ ക്ലാസ്സിലാക്കി അവൾ സ്റ്റാഫ് റൂമിലേക്ക് നടന്നു..ബാഗ് വെച്ചവൾ മാനേജരുടെ റൂമിലേക്ക് പോയി..അവിടെ ഹെഡ്മാസ്റ്ററും ഉണ്ടായിരുന്നു..ഗീതുവിനെ കണ്ടതും ഇരുവരും പുഞ്ചിരിച്ചു..

“ഗീതിക ടീച്ചറുടെ ലാസ്റ്റ് ഡേ അല്ലേ ഇന്ന്…താൻ പറഞ്ഞപ്രകാരം ട്രാൻസ്ഫർ സംഘടിപ്പിക്കാൻ ഇത്തിരി ബുദ്ധിമുട്ടി.. അത്രേം ദൂരം പോകേണ്ട കാര്യം എന്താന്ന് ചോദിച്ചെങ്കിലും പേർസണൽ മാറ്റർ ആണെന്ന് പറഞ്ഞകൊണ്ടാ പിന്നെയും തിരാക്കാതിരുന്നത്..
ടീച്ചറിന്റെ ട്രാൻസ്ഫെർ ആരോടും പറയരുതെന്ന് പറഞ്ഞകൊണ്ട് ഇതുവരെ ആരും അറിഞ്ഞിട്ടില്ല..
കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചർ പോകുന്നത് ശരിക്കും സങ്കടമുള്ള കാര്യമല്ലേ..ഹസ്ബന്റും അങ്ങോട്ട് ട്രാൻസ്ഫർ ആയോ..??”

ഹെഡ്മാസ്റ്ററുടെ ചോദ്യത്തിന് ഉത്തരമായി അവൾ ചിരിച്ചു…

“ഞാൻ തന്നെ എല്ലാരോടും പറഞ്ഞോളാം..പുതിയ ടീച്ചറെ കിട്ടുമ്പോൾ കുട്ടികളുടെ വിഷമം ഒക്കെ മാറും..സർ ഇനി എന്തെങ്കിലും ഫോർമാലിറ്റീസ് ഉണ്ടോ..??”

“നത്തിങ്..എല്ലാ ഫോർമാലിറ്റീസും
കംപ്ലീറ്റ് ആണ്..”

“സർ എങ്കിൽ ഞാൻ..??”

“ഓകെ ഗീതിക.. വിഷ് യൂ ആ ഹാപ്പി ജേർണി.ആൻഡ് ഗുഡ് ലക്ക് ടീച്ചർ..”

“താങ്ക് യൂ സർ..”

അവൾ ഓഫീസ് റൂമിൽ നിന്നും സ്റ്റാഫ് റൂമിലേക്ക് വന്നപ്പോൾ അമ്മുവും ആനന്ദും വന്നിരുന്നു..
അവരുടെ അടുത്തേക്ക് ഗീതു ചെന്നു..

“നിങ്ങൾ എന്താ ഇന്ന് താമസിച്ചത്..?എവടേലും പോയോ??”
എന്നോടൊന്നും പറഞ്ഞില്ലല്ലോ?”

ഗീതുന്റെ കൈ പിടിച്ചു അമ്മു അവളുടെ വയറിനോട് ചേർത്തു..
ഗീതുവിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് മിഴിഞ്ഞു..

“സത്യം…???”(ഗീതു)

“ഹ് മ്മ്..”

അമ്മു നാണത്തോടെ ചിരിച്ചു..

“അതേടി ഒരു കുഞ്ഞ് നന്ദു വരവറിയിച്ചിട്ടുണ്ട്..രാവിലെ ഹോസ്പിറ്റലിൽ പോയി വരുന്ന വഴിയാണ്..”

ഗീതു സന്തോഷം കൊണ്ടവൾ കെട്ടിപ്പിടിച്ച് കവിളത്ത് ഉമ്മകൾ നൽകി..ഉടൻ തന്നെ അമ്മുവിന്റെ കണ്ണുകൾ ഈറനായി..അത് എന്തിനാണെന്ന് മനസ്സിലായതും ഗീതു അവളുടെ കണ്ണുകൾ തുടച്ച് കൊടുത്തു..

“ന്റെ പൊന്ന് പെണ്ണേ നിന്റെ ഈ കണ്ണീർ എന്നെ ഓർത്തിട്ടല്ലേ..
എനിക്കിപ്പോ സങ്കടം ഇല്ലടി..ആ കുഞ്ഞ് എനിക്ക് വിധിച്ചത് അല്ലായിരുന്നു..അതൊക്കെ ഞാൻ മറന്നു..ഇപ്പൊ എനിക്ക് എത്ര സന്തോഷം ആയെന്ന് അറിയാവോ..?? ”

സങ്കടത്തെ മറച്ച്പിടിച്ച് പുഞ്ചിരിയാലെ ഗീതു പറഞ്ഞു
ആനന്ദിന്റെ നേരെ തിരിഞ്ഞു ഗീതു..

“ടാ.. ഇവളെ നോക്കിക്കോണേ..
ഇതൊരു പൊട്ടിപ്പെണ്ണാ..നിന്നോട് പറയണ്ട കാര്യം ഇല്ലന്നറിയാം.. സാവിത്രിയമ്മ അത്രേം കാര്യവായിട്ട് നോക്കിക്കോളും..എനിക് ഇവളെ ഉടനെയൊന്നും ഇനി കാണാൻ പറ്റില്ലെല്ലോന്നുള്ള സങ്കടമേയുള്ളൂ..

“അതിന്‌ നീ എവിടെ പോകുവാ..??”
(അമ്മു)

ഗീതു അവളുടെ ട്രാൻസ്ഫെറിന്റെ കാര്യവും ഇന്ന് സ്കൂളിലെ തന്റെ ലാസ്റ്റ് ക്ലാസ്സാന്നും അവരോട് പറഞ്ഞു..എല്ലാം കേട്ടതും വിശ്വസിക്കാനാകാതെ അമ്മുവും ആനന്ദും അവളെ നോക്കി..

അമ്മുവാണേൽ കരയാൻ തുടങ്ങി..
ഗീതു പലതും പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവളുടെ കരച്ചിൽ നിർത്താനായില്ല..

“എന്തിനാ ഗീതു നീ ഞങ്ങളോട് മറച്ച് വെച്ചത്??ഞങ്ങൾ വിടില്ലെന്ന് പേടിച്ചല്ലേ ഇങ്ങനെ ചെയ്തത്..??”

“എനിക്ക് ഇനി ഈ നാട്ടിൽ നില്കാനാവില്ലടാ.. ദുഃഖം മാത്രേ ഉണ്ടായിട്ടുള്ളൂ..ഒരു മാറ്റം ആവശ്യമാണ്..എല്ലാവർക്കും ഈ മാറ്റം നല്ലത് മാത്രേ വരുത്തൂ..
സിദ്ധുവേട്ടനും പുതിയൊരു ജീവിതം തുടങ്ങാൻ ഞാൻ മാറിനിന്നേ പറ്റൂ..”

“ഗീതു നീയില്ലാതെ എങ്ങാനായാടി ഞങ്ങൾ ഇവിടെ..ഒരുമിച്ച് പഠിപ്പിച്ച് തുടങ്ങിയതല്ലേടി നമ്മൾ..എനിക്ക് സഹിക്കാൻ പറ്റുന്നില്ല ഗീതു..
സിദ്ധുവേട്ടന് വേണ്ടി ഇനിയും നീ നിന്റെ സന്തോഷങ്ങൾ വേണ്ടന്ന് വെയ്ക്കുവാണോ..?എന്നാടി ഇനി നിന്നെ ഞാനൊന്ന് കാണുന്നെ..?
എങ്ങോട്ടാ നിന്റെ ഈ ഒളിച്ചോട്ടം..?

“സിദ്ധുവേട്ടൻ പുതിയൊരു ജീവിതം തുടങ്ങിയാൽ മാത്രേ ഇനി ഒരു തിരിച്ചുവരവുള്ളൂ..തൃശ്ശൂർക്കാ ഞാൻ പോകുന്നേ..
എവിടേക്കാണെന്ന് നിങ്ങളോട് മാത്രേ പറയുന്നുള്ളൂ..വേറെ ആരും അറിയണ്ട..”

“തിരുവനന്തപുരത്ത് നിന്നും അങ്ങോട്ടേക്കോ..എന്ത് ദൂരവാ..അത്രയും അകലെ പോണായിരുന്നോ ഗീതു..?”(ആനന്ദ്)

“അകന്നിരിക്കുമ്പോൾ അല്ലേ ബന്ധങ്ങൾക്ക് അടുപ്പം കൂടുന്നേ..”(ഗീതു)

“നിന്റെ തീരുമാനം നിനക്ക് സന്തോഷം തരുമെങ്കിൽ ഞങ്ങൾക്കും സന്തോഷമേയുള്ളൂ..നിന്നെ കാണാൻ പട്ടില്ലന്നുള്ള സങ്കടമേയുള്ളൂ..അത്രക്ക് നെഞ്ചിൽ കേറിയതല്ലേടി നിന്റെ മുഖം..”(ആനന്ദ്)

ഗീതു ഓഫീസിൽ മറ്റ്‌ സ്റ്റാഫിനോടും തന്റെ ട്രാൻസ്ഫെറിന്റെ കാര്യം പറഞ്ഞു..എല്ലാർക്കും വലിയ സങ്കടമായിരുന്നു..പ്യൂണിനോട് പറഞ്ഞ് എല്ലാവർക്കും അവൾ മധുരം വാങ്ങി നൽകി..അമ്മു മാത്രം അത് കഴിച്ചില്ല..അത്രയും സങ്കടമായിരുന്നു ഗീതുവിനെ പിരിയുന്നതോർത്ത്..

വൈകുന്നേരം അമ്മു ഗീതുവിനെ കെട്ടിപ്പിടിച്ച് കുറെ കരഞ്ഞു..
ആനന്ദും ഗീതുവും ചേർന്ന് ഒരുവിധമാണ് അവളെ ആശ്വസിപ്പിച്ചത്..എവിടെപ്പോയാലും ദിവസവും അവളെ വിളിക്കാമെന്ന ഉറപ്പിൻമേൽ ഗീതു അവരോട് യാത്ര പറഞ്ഞു..തിരിച്ചു പോകുമ്പോൾ ഗീതു കരയുകയായിരുന്നു..അത്രയും നേരം പിടിച്ചുവെച്ച സങ്കടം അണപൊട്ടിയൊഴുകി..ആനന്ദും അമ്മുവും അവളുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു..എല്ലാ സന്തോഷങ്ങളും ദുഃഖങ്ങളും അവരോട് പങ്കുവെച്ചിരുന്നു..
കൂടപ്പിറക്കാത്ത കൂടപ്പിറപ്പുകൾ ആയിരുന്നു ഗീതുവിനവർ..ആ വേർപിരിയൽ അവൾക്കും സഹിക്കാൻ കഴിയുമായിരുന്നില്ല..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

വൈകിട്ട് വീട്ടിലേക്ക് ചെല്ലുമ്പോൾ ദേവി ഭാഗ്യയുടെ വീട്ടിലേക്ക് പോകാൻ ഒരുങ്ങുവായിരുന്നു..
നാളെ തിരിച്ച് വരും..അവരോട് ഗീതു പോകുന്നത് മനപ്പൂർവം അവൾ പറഞ്ഞില്ല..പറഞ്ഞാൽ ഒരിക്കലും സമ്മതിക്കില്ല..

“മോളേ.. അപ്പച്ചീ പോകുവാ..ചോറും കറിയുമൊക്കെ ഉണ്ടാക്കിവെച്ചിട്ടുണ്ട്..ഇനി അടുക്കളയിലേക്ക് കേറണ്ട..അവന് വൈകിട്ട് വിളമ്പി കൊടുത്താൽ മതി..”

രണ്ടു പേരെയും
തനിച്ചാക്കുക്കയായിരുന്നു അവരുടെ ലക്ഷ്യം.. അവർക്ക് തുറന്ന് സംസാരിക്കാനും പുതിയൊരു ജീവിതം തുടങ്ങാനും ഈ രാത്രിയിൽ കഴിയേട്ടെയെന്നവർ കരുതി..സിദ്ധൂനോട് നേരത്തെ വരാൻ പറഞ്ഞതിനാൽ അവൻ അവിടെയുണ്ടായിരുന്നു..

ദേവി പോയികഴിഞ്ഞപ്പോൾ ഗീതു പോയി ഫ്രഷായി അവനുള്ള ചായയുമായി മുറിയിലേക്ക് വന്നു..അവനുള്ള ചായ മേശപ്പുറത്ത് വെച്ചു..

സിദ്ധൂന് ഒരുപാട് സന്തോഷമായി.
അവൾ തനിക്ക് വേണ്ടി ചായ കൊണ്ടുവരുമെന്നവൻ കരുത്തിയതെയില്ല..അവന് ചായ കൊടുത്തതും അവൾ താഴേക്ക് പോയി വിളക്ക് വെച്ച്പ്രാർത്ഥിച്ചു…
തന്റെ സാധനങ്ങളും വസ്ത്രങ്ങളും സർട്ടിഫിക്കേറ്റസും എല്ലാം അവൾ ഭദ്രമായി പാക്ക് ചെയ്തു..അവൻ അപ്പുറത്തെ മുറിയിലായതിനാൽ ഇതൊന്നും അറിഞ്ഞിരുന്നില്ല..
എല്ലാം പാക്ക് ചെയ്തവൾ സിദ്ധുവിന്റെ മുറിയിലേക്ക് ചെന്നു..

“കഴിക്കാം..”

അളന്ന് മുറിച്ചുള്ള സംസാരം അവനെ സങ്കടപ്പെടുത്തിയെങ്കിലും അവൾ തന്നെ പരിഗണിക്കുന്നുണ്ടെന്ന ചിന്ത അവന് സന്തോഷം നൽകി..
എല്ലാം വിളമ്പി വെച്ച ശേഷമായിരുന്നു അവൾ വിളിച്ചത്..രണ്ടുപേരും ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചു..അടുക്കള ഒതുക്കിയ ശേഷം ഗീതു വെള്ളവുമായി മുറിയിലേക്ക് ചെന്നു..അവൻ ബെഡിൽ ചുമ്മാ കിടക്കുവായിരുന്നു..അവന്റെ മുഖം പതിവിലും പ്രസന്നമായിരുന്നു..

“സിദ്ധുവേട്ടാ..,എനിക്കല്പം സംസാരിക്കാനുണ്ട്.. ശല്യപ്പെടുത്തുവല്ല കെട്ടോ..
പറയാതെ പറ്റില്ല..”

“അതിനെന്താ ഗീതു..ഞാൻ പഴയപോലെ നിന്നെ വഴക്ക് പറയുവോന്ന് ഇനി പേടിക്കണ്ട..
എന്തുവേണേലും നിനക്ക് എന്നോട് പറയാം..??”

“നാളെ ഞാൻ ട്രാൻസ്ഫർ ആയി പോകുവാണ് ഈ നാട്ടിന്ന്.. എവിടേക്കാണെന്ന് മാത്രം ചോദിക്കരുത്..ചോദിച്ചു വാങ്ങിച്ചതാ ഒരു മാറ്റം വേണം എനിക്ക്..”

അവളുടെ വാക്കുകൾ അവനെ ശരിക്കും ഞെട്ടിച്ചു..

“എന്നേ പേടിച്ച് പോകുവണല്ലേ..
അത്രയും ദ്രോഹിച്ചതല്ലേ ഞാൻ..നമ്മുടെ കുഞ്ഞിനെപോലും നിന്നിൽ നിന്നും തട്ടിപ്പറിച്ച് കളഞ്ഞതല്ലേ ഞാൻ..ക്ഷമിക്കാൻ പോലും പറയാൻ അർഹതയില്ലെന്ന് അറിയാം..എങ്കിലും എന്നോട് ക്ഷമിച്ചൂടെ നിനക്ക്..
ശപിക്കുന്നുണ്ടാവവും അല്ലേ??

“സിദ്ധുവേട്ടനെ ഗീതു എന്നും സ്നേഹിച്ചിട്ടേയുള്ളൂ..പിന്നെ എങ്ങനെയാണ് വെറുക്കുന്നത്..? പണ്ടേ പതിഞ്ഞുപോയതാ ഈ മുഖം..കുഞ്ഞിലേ കയറിയതാ മനസ്സിലേക്ക്..അത് സിദ്ധുവേട്ടന്റെ ഭംഗിയോ നിറമോ മറ്റോ ഒന്നും നോക്കിയല്ല..ചെറുതായിരുന്നപ്പോൾ
ഒരിക്കൽ എന്നേ കുളത്തിന്ന് രക്ഷിച്ചതോർക്കുന്നില്ലേ..കാവ്യേച്ചി തള്ളിയിട്ടതാ..നീന്താൻ അറിയാതെ വെള്ളത്തിലേക്ക് താന്ന് പോയ എന്നെ ചാടി രക്ഷിച്ചത് സിദ്ധുവേട്ടനാ ..മരണത്തെ മുഖാമുഖം കണ്ടപ്പോഴായിരുന്നു സിദ്ധുവേട്ടൻ വന്നത്..ജീവൻ തിരിച്ചു കിട്ടിയ എന്നോട് ചിറ്റ പറഞ്ഞിരുന്നു..
നിന്നെ രക്ഷപെടുത്താൻ അമ്മേം അച്ഛനും വിട്ടതാണ് സിദ്ധുവേട്ടനെ യെന്ന്..അന്നത്തെ പ്രായത്തിൽ അമ്മയ്ക്കും അച്ഛനുമൊപ്പം കേറികൂടിയതാ സിദ്ധുവേട്ടൻ ഈ ഹൃദയത്തിൽ..കൗമാരത്തിലെപ്പഴോ അതിനു പ്രണയത്തിന്റെ നിറം പകർന്ന് കൊടുത്തിരുന്നു.. വളർന്ന് വരുമ്പോഴും അതങ്ങനെ തന്നെ നിന്നു.നമ്മൾ തമ്മിൽ എല്ലാത്തരത്തിലും അന്തരം വന്നപ്പോൾ ആ മോഹം ഉപേക്ഷിച്ചതാ ഞാൻ..
അർഹിക്കാത്തത് മോഹിക്കാരുതെന്ന് സ്വയം പറഞ്ഞുപഠിപ്പിച്ചു..ഇപ്പോഴും പറയുവാ ആ രാത്രിയിൽ എങ്ങനെ സിദ്ധുവേട്ടന്റെ റൂമിൽ വന്നെന്ന് എനിക്കറിയില്ല..വിശ്വസിക്കണമെന്ന് നിർബന്ധം ഇല്ല..ഇനിയും സ്വയം എരിഞ്ഞടങ്ങാൻ വയ്യെനിക്ക്..
എന്റെ ആത്മാഭിമാനം ഇനിയും നശ്ടപ്പെടുത്തതാൻ വയ്യ..സിദ്ധു വേട്ടൻ വാക്കുകൾ കൊണ്ടെന്നനെ കോല്ലാതെ കൊല്ലുമ്പോഴും ഒരക്ഷരം മരുത്ത് പറയാതെ കേട്ട് നിന്നത് സിദ്ധുവേട്ടന്റെ ജീവിതം തകരാൻ ഞാൻ ഒരു കാരണമായിട്ടുണ്ടാന്നുള്ള കുറ്റബോധം ഉള്ളത് കൊണ്ടായിരുന്നു..ഇനി ഇങ്ങോട്ട് ഒരു മടക്കം ഉണ്ടെങ്കിൽ അത് സിദ്ധു വേട്ടനൊരു പുതിയ ജീവിതം തുടങ്ങിയിട്ട് മാത്രം…”

“അതിനാണോ നീ പോകുന്നേ..?”

“ഇനിം എനിക്ക് ഇവിടെ നിൽക്കാൻ പറ്റില്ല സിദ്ധുവേട്ട.. ദുഃഖങ്ങൾ മാത്രേ ഇവിടം എനിക്ക് തന്നിട്ടുള്ളൂ..
ഇരുപത്തതാറ് വയസ്സിനുള്ളിൽ ജീവിതം വരെ മടുത്തുപോയ നിമിഷങ്ങൾ ഉണ്ട്..മരണത്തെ കാത്തിരുന്ന രാത്രികൾ ഉണ്ട്..
മരിക്കാൻ പേടിയായിരുന്നത് കൊണ്ട് മാത്രമായിരുന്നു സ്വയം
ജീവനോടുക്കാതിരുന്നത്..
അല്ലെങ്കിൽ ന്റെ കുഞ്ഞ് പോയന്ന് ഞാനും പോയേനെ..അല്ലേലും ആർക്ക് വേണ്ടിയാണ് ഞാൻ ജീവ്‌ക്കേണ്ടിയിരുന്നത്..താലി കെട്ടിയത് പോലും വെറുപ്പോടെയായിരുന്ന ഭർത്താവിന് വേണ്ടിയോ..?? അറിയാം സിദ്ധുവേട്ട ഇപ്പോൾ എന്നോട് തോന്നുന്ന സ്നേഹം വെറും കരുണ മാത്രമാണ്..സ്വന്തം കുഞ്ഞിനെ കുറച്ച് നാൾ ചുമന്നവളോടുള്ള സിമ്പതി..അല്ലാതെ എന്നെ ഇപ്പോഴും മനസ്സുകൊണ്ട് സിദ്ധുവേട്ടൻ സ്നേഹിക്കുന്നില്ല..നമ്മൾ തമ്മിൽ ഒരിക്കലും ചേരില്ല..ഏച്ച് കെട്ടിയാൽ മുഴച്ചിരിക്കത്തെയുള്ളൂ..എന്നും പറയാറില്ലേ ഞാൻ കാരണം സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം തകർന്നെന്ന്..അറിഞ്ഞോ അറിയാത്തയോ ഞാൻ കാരണം തകർന്ന ജീവിതം തിരിച്ചു തരുവാ ഞാൻ..എന്നെന്നേക്കുമായി പടിയിറങ്ങുവാ സിദ്ധുവേട്ടന്റെ ജീവിതത്തീന്ന്..”

അത് കേട്ട് സിദ്ധു ഞെട്ടിയവളെ നോക്കി..

“നമ്മൾ തമ്മിൽ ഡിവോർസിന്റെ ആവശ്യം ഇല്ല..നമ്മൾ അമ്പത്തിൽ വെച്ച് താലി കെട്ടിയന്നല്ലാതെ ലീഗലി മാരീഡ് അല്ല..മാര്യേജ് ലീഗിലി രെജിസ്റ്റർ ചെയ്യാത്തിടത്തോളം നിയമത്തിന് മുൻപിൽ നമ്മൾ ഭാര്യ ഭർത്താക്കൻമാരല്ല.. അന്ന് മാര്യേജ് രെജിസ്റ്റർ ചെയ്യാൻ അപ്പച്ചി പറഞ്ഞെങ്കിലും സിദ്ധുവേട്ടൻ കേൾക്കാതിരുന്നത് കൊണ്ട് ഇപ്പോൾ ഉപകാരം ആയില്ലേ..
സിദ്ധുവേട്ടന് ആഗ്രഹിക്കുന്ന പോലെ സങ്കല്പത്തിലുള്ള പെണ്കുട്ടിയെ കെട്ടാൻ ഇനി ഞാൻ തടസ്സമാകില്ല..

അവൾ അവന്റെ മുൻപിലേക്ക് താലി മാല ഊരിവെച്ചുകൊടുത്തു..
പിന്നീട് അവളുടെ ആഭരണങ്ങൾ എല്ലാം അടങ്ങിയ പെട്ടിയും അവന്റെ മുൻപിൽ വെച്ചു..

“ഈ പെട്ടി അപ്പച്ചിയെ ഏൽപ്പിക്കണം..ന്റെ സ്വർണമാണ്.. പിന്നെ ഈ താലിമാലയും.. ഇത് കല്യാണത്തിന്റന്ന് സിദ്ധുവേട്ടൻ ഇട്ടതാണ്..പക്ഷേ ഈ താലി മാത്രം ഞാൻ എടുക്കുവാണ്.. ഇതു മാത്രം തിരിച്ചു തരില്ല ഞാൻ..
ജീവനുള്ളടത്തോളം കാലം കഴുത്തിൽ കാണും..ജീവിതത്തിൽ ഇനി വേറൊരു താലി ഗീതുവിന്റെ കഴുത്തിൽ ഏറില്ല…സിദ്ധുവേട്ടൻ പേടിക്കണ്ട ഇതിന്റെ പേരിൽ അവകാശം പറഞ്ഞ് ഒരിക്കലും വരില്ല ഞാൻ..ഒരു ധൈര്യാ ഈ താലി..ഒന്നിന്റെ പേരിലും എന്റെ നിഴൽ പോലും സിദ്ധുവേട്ടന്റെ ജീവിതത്തിൽ വീഴില്ല..പിന്നേ വൈഗേച്ചിക്ക് സിദ്ധുവേട്ടനെ ഇഷ്ടമായിരുന്നു..ഞാൻ കാരണമാ അത് നടക്കാതെ പോയത്..
ഇപ്പോഴും ആ ഇഷ്ടം പോയിട്ടില്ല..
ഞാൻ എല്ലാം പറഞ്ഞ് മനസ്സില്ലാക്കിട്ടുണ്ട്..അപ്പച്ചി ആദ്യം എതിർക്കുമായിരിക്കും ..പക്ഷേ സമ്മതിക്കും..ഞാനായി നഷ്ടപ്പെടുത്തിയതെല്ലാം തിരികെ തരുവാണ്.. നാളെ മുതൽ ഒരു ശല്യമായി ഗീതു കാണില്ല..കിടക്കുവാ സിദ്ധുവേട്ടാ..നാളെ നേരത്തെ എഴുന്നേൽക്കണം..5 മണിക്കാണ് ബസ്..😊”

അവളുടെ സംസാരത്തിൽ ആകെ തകർന്നിരുന്നു സിദ്ധു..അവളോട് തിരിച്ചൊന്നും പറയാനാകാതെ അവൻ കിടന്നു..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

രാത്രിയിൽ വളരെ താമസിച്ച് ഉറങ്ങിയ കാരണം സിദ്ധു എഴുന്നേൽക്കാൻ താമസിച്ചിരുന്നു.. അവൻ എഴുന്നേറ്റപ്പോൾ ഗീതു അവിടെയില്ലായിരുന്നു..അവൻ വേഗം എഴുനേറ്റ് വീട് മുഴുവൻ അവളെ നോക്കി..പോയിരുന്നു അവൾ..അവനു വേണ്ടി അവനിഷ്‌ട്ടപ്പെട്ട ആഹാരാം മേശയിൽ ഉണ്ടാക്കി വെച്ചിട്ടാണവൾ
പോയത്..മെയിൻ ഡോർ അവൾ പോയതിനാലാകാം ചാരിയിരുന്നു..
ആകെമൊത്തം ഒരു ശൂന്യത തോന്നി സിദ്ധുവിന്‌..മണൽപ്പരപ്പിൽ ഒറ്റപ്പെട്ടുപോയത്പോലെ…
പോകണ്ടായെന്ന് വെറുതെ പോലും അവളോട് പറയാതിരുന്ന നിമിഷത്തെ അവൻ ശപിച്ചു..
കരയിൽ പിടിച്ചിട്ട മീനിനെ പോലെ അവന് ഉഴറി..
അവളെ വിളിക്കാൻ ഫോൺ എടുത്തപ്പോഴാണ് അവളുടെ നമ്പർ പോലും അവന്റെ പക്കൽ ഇല്ലെന്ന് തിരിച്ചറിഞ്ഞത്..തലയിൽ വിരലുകൾ കോർത്ത് വലിച്ചുകൊണ്ട് അവൻ സെറ്റിയിൽ ഇരുന്നു..അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിയിറങ്ങി..ആദ്യമായി അവൾക്ക് വേണ്ടി അവന്റെ കണ്ണുകൾ പെയ്തു..അത് പ്രണയമായിരുന്നോ…അതോ മറ്റെന്തിങ്കിലുമോ..??

(തുടരും)