19/04/2026

വധു : ഭാഗം 15

രചന – ആയിഷ അക്ബർ

സായു…
ആ കുട്ടിയുടെ വീടെവിടെയാ….
അവൾക്ക് വീട്ടിൽ ആരുമില്ലേ….

ജോഗിങ് കഴിഞ്ഞ് വന്നു ഉമ്മറത്തെ തിണ്ണയിലിരുന്നപ്പോഴാണ് അടക്കി പിടിച്ചു കൊണ്ട് മുത്തശ്ശിയത് ചോദിക്കുന്നത്……

അവൻ പെട്ടെന്ന് എന്ത് പറയണമെന്നറിയാതെ ഒന്നുഴറി…..

അവളുടേ വീടോ വീട്ടുകാരെയോ തനിക്കറിയില്ലെന്ന് പറയാൻ പറ്റില്ലല്ലോ….

എന്താ മുത്തശ്ശി അങ്ങനെ ചോദിച്ചത്…..

പതർച്ച പുറത് കാണിക്കാതെ മുത്തശ്ശി നുറുക്കി കൊണ്ടിരിക്കുന്ന വെള്ളരിക്ക കഷ്ണം വായിലേക്കിട്ട് കൊണ്ട് അവൻ ചോദിച്ചു…..

ഇന്നലെ മുത്തശ്ശൻ വീട്ടുകാരെ കുറിച് ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ല….
കണ്ണൊക്കെ നിറഞ്ഞു തൂവിയിരുന്നു….

മുത്തശ്ശിയത് പറഞ്ഞതും അവന്റെ നെഞ്ചോന്ന് പിടച്ചു…..

സമ്പത്തിനും സൗഭാഗ്യത്തിനും ഇടയിൽ ജനിച്ച തനിക്ക് ഉടുത് മാറാൻ മറ്റൊന്നില്ലാത്തവളുടെ ദുഃഖം വാശിയായെ തോന്നു…..

അവളുടേ ആ വാക്കുകൾ അവന്റെ ഉള്ളിൽ മുഴങ്ങി നിന്നു…..

വീട്ടിലെ പ്രശനങ്ങൾ തന്നെ അസ്വസ്ഥമാക്കുന്നത് കൊണ്ട് അതൊന്ന് തീർക്കാൻ വേണ്ടിയാണ് അവളെ കൊണ്ട് വന്നത്….

എന്നാൽ ഇപ്പൊ അവളെ കുറിച്ചോർത്തു കൂടി സ്വസ്ഥത നഷ്ടപ്പെടുന്ന അവസ്ഥയിലാണല്ലോ ഈശ്വരാ…..

അവൻ അവർക്ക് മറുപടിയൊന്നും കൊടുക്കാതെ ഇരുന്നിടത് നിന്നും എഴുന്നേറ്റ് നടന്നു….

മുറിയിൽ എത്തിയതും അവൻ ഫോണെടുത്തു മനോജിന്റെ നമ്പറിൽ ഡയൽ ചെയ്തു…..

മനോജ്‌…. അവളെ കുറിച് ഒന്ന് കൂടി അന്ന്വേഷിക്കണം… വിശദമായി തന്നെ….
ഐ വാണ്ട്‌ ടു നോ എവെരിതിങ് എബൌട്ട്‌ ഹേർ…..
കുറച്ച് സമയമെടുത്തായാലും സത്യമായ കാര്യങ്ങൾ എനിക്കറിയണം ….

അതും പറഞ്ഞവൻ ഫോൺ കട്ട്‌ ചെയ്യുമ്പോഴും അവളെ കുറിച് താനറിഞ്ഞത് തെറ്റാണെന്ന് മനസ്സ് സ്വയം വിശ്വസിക്കുകയാണോ….

ഈ ദിവസങ്ങളിലെ പെരുമാറ്റങ്ങളിൽ നിന്നും മനോജ്‌ പറഞ്ഞത് പോലെയൊരു സ്വഭാവക്കാരിയായി അവളെ തനിക്ക് തോന്നിയിട്ടില്ല….

തന്റെ കണക്ക് കൂട്ടലുകൾ ഒട്ടും തെറ്റിയിട്ടില്ലെന്ന് തെളിയിച്ചു കൊണ്ട് ഓരോ ദിവസവും അവളിവിടെ യുള്ളവർക്ക് പ്രിയങ്കരിയാകുകയാണ്….

അവൻ വീണ്ടും ചിന്തകളിൽ തന്നെ കുരുങ്ങി കിടന്നു…..

അവൻ താഴേക്ക് ചെല്ലുമ്പോൾ ദോശയും ചട്ടിണിയും മേശ മേൽ എടുത്ത് വെച്ചിരുന്നു….

എല്ലാവരും ഇരുന്ന് കഴിച് തുടങ്ങിയിട്ടുണ്ട്…..

അവൻ വന്നിരുന്നു പ്ലേറ്റ് മുമ്പിലേക്ക് വെച്ച ശേഷമാണ് അവളും വല്യമ്മയും അടുക്കളയിൽ നിന്ന് മേശയിലേക്ക് വരുന്നത്…..

താൻ ദോശ പാത്രത്തിലേക്കെടുക്കാനായി കൈ നീട്ടിയതും രണ്ട് ദോശ അവൾ തന്നെ പാത്രത്തിലേക്ക് ഇട്ട് തന്നു….

പാത്രത്തിന്റെ അരികിലായി ചട്ടിണിയും ഒഴിച് തന്ന് ചായയും കൂടി തനിക്ക് ഒഴിച് വെച്ച ശേഷമാണ് അവളിരുന്നത്…

മുത്തശ്ശി മുത്തശ്ശനെ നോക്കി ചിരിച്ചു കൊണ്ട് കണ്ണുകൾ കൊണ്ടെന്തോ കാണിക്കുന്നത് അവൻ കണ്ടിരുന്നു…..

തനിക്ക് നല്ലൊരു ഭാര്യയെ കിട്ടി യെന്ന സന്തോഷമാവാം പാവങ്ങൾക്ക്….

അവൻ ആഗ്രഹിച്ചത് അത് തന്നെയാണെങ്കിൽ കൂടി അവന് അവരോട് സഹതാപം തോന്നി…

അവൾ തനിക്കരികിലുള്ള കസേരയിലേക് ഇരുന്നതും അവളെ നോക്കാൻ തോന്നിയില്ല…..

ഇട്ട ദോശ വായിൽ നിന്നിറക്കാൻ കഴിയാത്ത വിധമൊരു ദുഃഖം തൊണ്ടയിൽ തടഞ്ഞു നിൽക്കും പോലെ….

അങ്ങനെയൊരു ഭാര്യയേ താനും ആഗ്രഹിച്ചു തുടങ്ങിയോ…..

ജീവിക്കാനുള്ള കൊതി തന്ന് തന്നെ പരീക്ഷിക്കുകയാണോ ദൈവമേ….
അവന്റെ ഉള്ളം ആകെ നീറി പുകഞ്ഞു….

വേണ്ടാ….. അവളെ കുറിച്ചൊരു ചിന്ത ഇനി വേണ്ടെന്നുറപ്പിച്ചു കൊണ്ട് അവൻ അവളിട്ട് കൊടുത്ത ദോശ മുഴുവൻ കഴിക്കാതെ എഴുന്നേറ്റു…..

അവൻ കടയിലേക്ക് പോകാൻ നിൽക്കുമ്പോൾ അവനെ ഒന്ന് കാണണമെന്ന് അവൾക്ക് തോന്നിയത് കൊണ്ടാണ് ജനലിലൂടെ നോക്കിയത്….

ജനലിലൂടെ തന്നെ നോക്കുന്ന ആ മിഴികൾ അവൻ കണ്ടിരുന്നെങ്കിലും കാണാത്ത ഭാവം നടിച്ചവന്റെ ബുള്ളറ്റ് ആ മുറ്റം വിട്ടകന്നിരുന്നു….

ഓരോ സമയത്ത് ഓരോ സ്വഭാവം കാണിക്കുന്ന അവനെ അവൾക്ക് മനസ്സിലാക്കാൻ വല്ലാത്ത പ്രയാസം തോന്നി…

അതിനേക്കാളേറെ ഇപ്പോളവൻ തന്നെ നോക്കാതെ പോയതിൽ മനസ്സ് വല്ലാതെ പിടക്കുന്നു….

എന്തിന്….
ഇന്നലെ അവൻ തന്നോടല്പം കരുണ കാണിച്ചത് കൊണ്ടോ…

അതോ ഇന്ന് ചായ ഗ്ലാസ്‌ നീട്ടിയപ്പോൾ അവൻ തന്റെ മുഖത്തേക്കൊന്ന് സൂക്ഷിച്ചു നോക്കിയത് കൊണ്ടോ…..

അല്ലെങ്കിലും തന്നെ പോലൊരു പെണ്ണിനോട് അടുപ്പം കാണിക്കാൻ മാത്രം അവന് ഭ്രാന്തുണ്ടോ….

ആ നോട്ടത്തിലും ഭാവത്തിലും അവൾക്ക് മാത്രം അനുഭവിച്ചറിയാൻ കഴിഞ്ഞൊരു അനുഭൂതിയെ തന്റെ തോന്നലാണെന്ന് വരുത്തി തീർത്തവൾ പ്രതീക്ഷകളെ പിഴുതെറിഞ്ഞു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

മുറ്റത്ത് ഒരു കാറ് വന്നു നിന്നതും മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഉള്ളം വല്ലാതെ പിടച്ചിരുന്നു….

അവര് പോലും അറിയാതെ അവരിരുന്നിടത് നിന്നും എഴുന്നേറ്റു…..

ആ ടാക്സി കാറിൽ നിന്നും ഇറങ്ങി വന്ന വരെ കണ്ട് അവർ പുഞ്ചിരിക്കാൻ ശ്രമിച്ചു…

നിങ്ങൾ…. നിങ്ങളെന്താ മുന്നറിയിപ്പെതുമില്ലാതെ….

മുത്തശ്ശി വരുത്തി തീർത്തൊരു ചിരി അണിഞ്ഞെങ്കിലും വാക്കുകളിൽ പരിഭ്രമം കലർന്നിരുന്നു……

അമ്മ എന്തിനാ അവന് വേണ്ടി ഇനിയും കള്ളങ്ങൾ പറഞ് ബുദ്ധിമുട്ടുന്നത്…..
ഞങ്ങളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നില്ലേ ഇരുവരും…

അയാളുടെ വാക്കുകളിൽ അങ്ങേയറ്റം ഗൗരവം കലർന്നിരുന്നു…..
അതിലേറെ ആ മുഖം വലിഞ്ഞു മുറുകി യിരിപ്പാണ്….

അയാൾക്ക് പിറകിലായി നിൽക്കുന്ന പവിത്രയുടെ കണ്ണുകൾ വല്ലാതെ കലങ്ങിയത് മുത്തശ്ശി കണ്ടിരുന്നു…

അവൾ തനിക്ക് മുഖം കൂടി തരാത്തത് ദേഷ്യം കൊണ്ട് തന്നെയാവുമെന്ന് അറിയുന്നത് കൊണ്ട് തന്നെ അവരൊന്നും മിണ്ടിയില്ല….

പ്രഭേ..ഞാൻ…..

മുത്തശ്ശൻ പറഞ് തുടങ്ങിയതും അയാൾ അവർക്ക് നേരെ കയ്യുയർത്തി….

എവിടെ….. എവിടെ അവർ…

കയ്യുയർത്തിയത് മുത്തശ്ശനു നേരെയാണെങ്കിലും ചോദ്യം വാതിൽ പടിയിൽ നിൽക്കുന്ന രേണുവിനോടായിരുന്നു….

സായു കടയിലേക്ക് പോയി….
ആ കുട്ടി…. മുകളിലുണ്ട്….

അയാളുടെ നോട്ടത്തിൽ പകച്ചെന്ന വണ്ണം രേണു പതിയെയാണത് പറഞ്ഞത്…..

അവർ പിന്നീടാരോടും സംസാരത്തിനു പോലും നിൽക്കാതെ മുകളിലേക്ക് കയറി …

മുത്തശ്ശനും മുത്തശ്ശിയും പരിഭ്രമത്തോടെ പരസ്പരം നോക്കി….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അടഞ്ഞു കിടക്കുന്ന ആ വാതിലിലുള്ള മുട്ട് കേട്ട് ശ്രീ ബാല വാതിൽ തുറന്നു…

മുമ്പിൽ നിൽക്കുന്ന പരിചിതമല്ലാത്ത മുഖങ്ങളിലേക്ക് അവളൊന്ന് കൂടി നോക്കി….

ഇരു നിറത്തിൽ ഒത്ത ഉയരവും വണ്ണവുമുള്ള ഒരാൾ..

മുഖം അങ്ങേയറ്റം വലിഞ്ഞു മുറുകിയിരിക്കുന്നുണ്ട്….

ഷർട്ട്‌ ഇൻ ചെയ്തിട്ടുണ്ട്…ഈ നാട്ടിൻ പുറത്ത് ഒരു ഫോർമൽ ഡ്രെസ്സിൽ ആരാവുമെന്ന ചിന്ത അവൾക്ക് തോന്നി യെങ്കിലും അയാളുടെ മുഖം തനിക്ക് പരിചിതമായ ആരോടോ സാമ്യം തോന്നിയിരുന്നു….

കൂടുതൽ അവൾക്ക് ആലോചിക്കേണ്ടി വന്നില്ല….

അതേ…. അവന്റെ മുഖം തന്നെയാണ്…..
അപ്പൊ ഇതവന്റെ അച്ഛനാകുമോ….

അവർക്ക് പിറകിലായി നിൽക്കുന്ന സ്ത്രീയെയും അവൾ നോക്കി…..

മിനുസപ്പെടുത്തിയ മുടി പിറകിലേക്ക് വിടർത്തിയിട്ടിട്ടുണ്ട്….

ഒരു സിൽക്ക് സാരിയാണ് വേഷം…സിൽക്ക് സാരിയെന്നാൽ സാധാരണ ഒരു സാരിയല്ല…
അതിന്റെ ആഡംബരം കാണുമ്പോഴേ വ്യക്തമാണ്…..

ആ കണ്ണുകളിൽ ദേഷ്യമോ സങ്കടമോ നിറഞ്ഞു തുളുമ്പുന്നുണ്ട്…..

ഇനി…. ഇത്… ഇതവന്റെ അമ്മയാകുമോ….

എന്റെ മോന് നീ എന്ത് കൈ വശമാണെടി കൊടുത്തത്….

അവളുടെ സംശയങ്ങൾ ആ സ്ത്രീയുടെ ചോദ്യത്തോടെ അലിഞ്ഞു പോയിരുന്നു……

അവൾക്ക് വല്ലാത്ത ഭയം തോന്നി…..

അപ്പോഴേക്കും അയാൾ ഒരു കൈ ആ സ്ത്രീക്ക് നേരെ ഉയർതിയതും അവർ നിശബ്ദരായി….

അവനെത്ര പണം തരാമെന്നാ നിന്നോട് പറഞ്ഞിട്ടുള്ളത്…..

ചോദ്യം അയാളിൽ നിന്നായിരുന്നു…..

അവളുടെ ഉള്ളിൽ നിന്നൊരു വിറയൽ അനുഭവപ്പെട്ടു….

ഇവിടെ ആർക്കും അറിയില്ലെന്നാണ് അവൻ പറഞ്ഞത്…
പിന്നെങ്ങനെ ഇയാളിതറിഞ്ഞു…..

അവൾ തിരിച്ചെന്ത് പറയണമെന്നറിയാതെ അങ്ങനെ നിന്നു…..

നിന്നെയൊക്കെ കണ്ടാലേ അറിയാം…
വലിയ വീട്ടിലെ പയ്യന്മാരെ വലയിലാക്കി പണം തട്ടാൻ നിൽക്കുന്നവളാണെന്ന്….

അയാൾ പുച്ഛത്തോടെ അത് പറഞ്ഞപ്പോഴാണ് തന്നെ പരിഹസിച്ചാണ് അയാളത് ചോദിച്ചതെന്ന് അവൾക്ക് മനസ്സിലായത് …

അവൾക്ക് ദേഷ്യവും സങ്കടവും എല്ലാം ഒരുമിച്ചു വന്നു…..
അവൾ ഇട്ടിരിക്കുന്ന ചുരിദാറിന്റെ ശാളിൽ കൈ കൊണ്ട് അമർത്തി പിടിച്ചു തല താഴ്ത്തി നിന്നു….

അവൻ തരുന്നതിന്റെ ഇരട്ടി പണം തരാം….
ഇവിടെ നിന്ന് പോയി തരാൻ……

ഇനി ആരെയെങ്കിലും വേണമെങ്കിൽ അതും ശെരിയാക്കി തരാം….

ഇട്ടിരിക്കുന്ന വില കുറഞ്ഞ തന്റെ ചുരിദാറിലേക്കും തന്നിലേക്കും മാറി മാറി നോക്കി പുച്ഛത്തോടെ അയാളത് പറഞ്ഞതും ചെകിടടച്ചോന്ന് കൊടുക്കാനാനാണ് അവൾക്ക് തോന്നിയത്….

എന്നാൽ അവൾ പ്രായത്തെ മാനിച്ചെന്ന വണ്ണം ചൂണ്ടു വിരൽ അയാൾക്ക് നേരെ ഉയർത്തി….

അനാവശ്യം പറയരുത്….
ഇതിനുള്ള മറുപടി തരാൻ അറിയാനിട്ടല്ല….
നിങ്ങളുടെ സ്ഥാനവും പ്രായവും മാത്രം ഓർത്താണ്….
ഇനിയും നിങ്ങളെന്തെങ്കിലും പറഞ്ഞാൽ അത് രണ്ടും ഞാൻ ചിലപ്പോൾ മറന്നെന്നു വരും…..

അവൾ അതേ ഗൗരവത്തോടെ അത് പറഞ് നിർത്തുമ്പോൾ മുമ്പിൽ നിൽക്കുന്ന രണ്ട് പേരുടെയും മിഴികൾ തുറിച്ചു വന്നിരുന്നു…..

അവളിൽ നിന്ന് അങ്ങനെയൊരു തിരിച്ചടി അവർ ഒട്ടും പ്രതീക്ഷിച്ചിട്ടില്ലെന്ന് ആ മുഖത്ത് നിന്ന് വ്യക്തമാണ്….

അയാളുടെ കണ്ണുകൾ ചുവന്നു വരുന്നത് കണ്ടതും അവൾക്ക് ചെറിയൊരു ഭയം തോന്നിയിരുന്നു….

നീയെന്താടി പറഞ്ഞത്…
അതും പറഞ്ഞയാൾ അവൾക്ക് നേരെ കയ്യൊങ്ങിയതും അവൾ കണ്ണുകളടച്ചു പിടിച്ചിരുന്നു….

തൊട്ട് പോകരുതവളെ….

ആ അലർച്ചയിൽ വായുവിൽ ഉയർന്നു നിൽക്കുന്ന അയാളുടെ കൈ പെട്ടെന്ന് നിശ്ചലമായി…..

ആ ശബ്ദത്തിന്റെ ഉടമയിലേക്ക് ഒരു വേള അവരുടെയെല്ലാം മിഴികൾ നീണ്ടു….

അത്ര നേരം ദുഖത്തിന്റെ പടു കുഴിയിൽ വീണി രുന്ന അവൾക്ക് തങ്ങളിലേക്ക് ഉഷിരോടെ നടന്നടുക്കുന്ന അവനെ കണ്ടപ്പോൾ തോന്നിയ വികാരമെന്തെന്ന് അവൾക്ക് പോലും അറിയില്ലായിരുന്നു…..

അവളുടേ കണ്ണുകൾ നിറഞ്ഞൊഴുകി….

നിങ്ങൾക്ക് തോന്നുമ്പോൾ കൈ നീട്ടിയടിക്കാൻ ഇത് നിങ്ങളുടെ ഭാര്യ യല്ല…. എന്റെ ഭാര്യ യാണ്…..

തന്നെ വിശ്വസിച്ചിറങ്ങി വന്നവളെ എങ്ങനെ സംരക്ഷിക്കണമെന്ന് നിങ്ങൾക്കറിയാത്തത് പോലെയല്ല…. എനിക്കത് naന്നായറിയാം….

അവളുടേ അരികിലേക്ക് നിന്ന് അവൻ ദേഷ്യത്തോടെ അയാളോടത് പറയുമ്പോൾ അവളുടേ കൈ അവൻ മുറുകെ പിടിച്ചിരുന്നു….

അവൾക് ഭയത്തിന്റെ ആഴിയിൽ നിന്നും പിടിച് കയറാനൊരു ആശ്രയം കിട്ടിയത് പോലെ തോന്നി….

സായു…..
പിറകിൽ നിന്നും പവി അല്പം ശാസനയോടെ അമർത്തി വിളിച്ചു….

ദേഷ്യത്താൽ നിന്ന് വിറ കൊള്ളുന്ന അച്ഛനെ നോക്കി നിൽക്കുമ്പോൾ അവൻ അമ്മയുടെ ആ വിളി കേട്ടിരുന്നില്ല…..

അവൻ പിന്നീടൊരു വാക്കിനിടം നൽകാതെ അവളുടേ കൈ പിടിച് മുറിയിലേക്ക് കയറി വാതിലോരോറ്റ അടക്കലായിരുന്നു…..

മുറിക്ക് പുറത്ത് നിന്നിരുന്നവർ ഒരു വേള നിശ്ചലമായി പോയിരുന്നു….

(തുടരും)