23/04/2026

വധു : ഭാഗം 14

രചന – ആയിഷ അക്ബർ

സായു അടുക്കളയിൽ പോയി വെള്ളമെടുത് വന്നപ്പോഴും അവൾ അതേ നിൽപ്പാണ്…..

അവൻ അവളെ കണ്ടില്ലെന്ന മട്ടിൽ ലൈറ്റ് ഓഫ് ചെയ്ത് കട്ടിലിലേക്ക് കിടന്നു….

എന്നിട്ടും അവൾ നിന്നിടത് നിന്നൊന്നനങ്ങുക പോലും ചെയ്തില്ല…..

സായു അവളെ ഒന്ന് കൂടി നോക്കി….

അവൾ വാശിയിലാണെന്ന് അവന് തോന്നി….
ഇങ്ങനെ വാശി പിടിക്കാൻ മാത്രം ഒന്നുമില്ലല്ലോ…

ആ ഇട്ടിരിക്കുന്ന ഡ്രസ്സ്‌ അങ്ങ് മാറ്റിയിട്ടാൽ പോരെ….

അവൻ നിസ്സാരമായി അതുമോർത് കൊണ്ട് കട്ടിലിൽ നിന്നും ഒരു തലയിണയും വിരിപ്പും താഴേകിട്ടു കൊടുത്തു….

അവൾക്കെന്ന പോൽ…
ഇന്നെങ്കിലും ഇന്നലത്തെ പോലെ അവളെ യോർത്തു മനസ്സ് അസ്വസ്ഥമാകാതിരിക്കാൻ….

അവൾ കുറച്ച് നേരം കൂടി അങ്ങനെ നിന്നു…

തന്റെ അവസ്ഥ ഓർത്ത് അവൾക്ക് സ്വയം സഹതാപം തോന്നി….

എന്നും എല്ലാവരുടെയും ദേഷ്യം ഏറ്റു വാങ്ങി നിസ്സഹായായി നിൽക്കാനെ തനിക്ക് കഴിയുക യുള്ളൂ….

ഈ ജന്മം അത് തന്നെയാവും തന്റെ വിധി…

അന്ന് സ്വന്തം രക്ത ബന്ധങ്ങളിൽ നിന്നാണെങ്കിൽ….
ഇന്ന് ഒരു ബന്ധവുമില്ലാത്ത ഇവനിൽ നിന്ന്…

ഫാനിന്റെ കാറ്റേൽക്കുമ്പോൾ അവളുടേ ശരീരം ഒന്നാകെ വിറ കൊള്ളുന്നുണ്ടായിരുന്നു….

അവൾ പതിയേ കട്ടിലിനു താഴെയായി കിടന്നു….

അവൻ ഇട്ട വിരിപ്പോ തലയിണയൊ അവൾ തൊട്ടില്ല….

തൊട്ടിട്ടും കാര്യ മില്ലല്ലോ…. ഇനി അതും കൂടി നനയുകയേ ചെയ്യൂ…..

അവൾ ചുരിദാറിലെ വെള്ളം പിഴിഞ്ഞ് ആ തറയിൽ അങ്ങനെ ചുരുണ്ടു കൂടി….

കണ്ണിൽ നിന്ന് കണ്ണു നീർ ശക്തിയായി പ്രവഹിച്ചു…

നിസ്സഹായത അതിന്റെ കൊടുമുടിയിലാണ്…..

ഇരുട്ടിലൂടെ അവളെന്ന രൂപം താഴെ പോയി കിടക്കുന്നത് അവനും കണ്ടിരുന്നു….

അവൾ പോയി ഡ്രെസ് മാറ്റിയിട്ടേ കിടക്കു എന്ന് കരുതിയിരുന്ന അവന് അവൾ പോകാത്തതിൽ ഒരു അസ്വസ്ഥത തോന്നി…

അത്രയേറെ നനവും വെച്ച് എങ്ങനെ കിടക്കും….

തന്നോടുള്ള ദേഷ്യം തീർക്കുകയാവും….

തീർക്കട്ടെ….

അവനും വാശി തോന്നി…

എന്നാൽ കണ്ണുകളടച്ചു കിടന്നിട്ടും സ്വസ്ഥത എന്തെന്ന് അവനറിഞ്ഞില്ല….

അല്ലെങ്കിലേ ഇപ്പൊ തണുപ്പ് കാലമാണ്….

ഓടിട്ട വീടായത് കൊണ്ട് ഏറിയ തണുപ്പാണ്….

കോച്ചുന്ന തണുപ്പത്തു തറയിൽ നനഞ്ഞു കൊണ്ട് കിടന്നുറങ്ങുക…..

അവന് ഓർക്കുമ്പോൾ തന്നെ ഒന്നാകെ കോച്ചുന്നത് പോലെ തോന്നി…

തന്നോടുള്ള ദേഷ്യം തീർക്കുക യാണെങ്കിൽ പോലും സ്വയം ഇങ്ങനെ വേദനിപ്പിക്കുമോ ആരെങ്കിലും…..

അവന് കിടക്കുന്നിടത് ഒരു സമാധാനവും ഉണ്ടായിരുന്നില്ല….

വേണ്ടായിരുന്നു…..
ഇത്രയൊന്നും കരുതിയില്ല…
ഈയിടെയായി ദേഷ്യം സ്വയം നിയന്ത്രിക്കാനെ കഴിയുന്നില്ല…..

അതിനേക്കാളേറെ അവൾ തന്റെ മനസ്സിൽ കയറി കൂടുമോ യെന്നൊരു ഭയവും തനിക്കില്ലേ….

അവളെ കാണുമ്പോൾ പലപ്പോഴും തന്റെ അനുവാദമില്ലാതെ ഹൃദയം അവളിലേക്ക് ചായുന്നില്ലേ….

അവളിൽ കുരുങ്ങി പോയാൽ അത് തനിക്ക് ദുഃഖം മാത്രമേ തിരികെ തരു…..

മുമ്പോട്ടുള്ള ജീവിതത്തെ കുറിച് യാതൊന്നും സ്വപ്നം കാണാൻ പോലും തനിക്കിപ്പോൾ അർഹതയില്ല….

അവൻ കണ്ണുകൾ തുറന്ന് തലയൊന്നുയർത്തി നോക്കി….

അവൾ അപ്പുറത്തേക്ക് ചെരിഞ്ഞു കിടക്കുകയാണ്…..

അതേയ്….. ഡ്രസ്സ്‌ മാറ്റി വന്നു കിടന്നോ….
പറയരുതെന്ന് കരുതിയതാണ് എന്നാലും മനസ്സ് തന്റെ പിടി വിട്ട് പോയി…

താൻ അവളുടേ മുന്പിൽ തോറ്റു കൊടുക്കയാണെന്ന് തലച്ചോറ് ഓർമപ്പെടുത്തുമ്പോഴും നനഞ്ഞു കൊണ്ടവൾ കിടക്കുന്നതോർത്തു ഹൃദയം അങ്ങനെ പിടക്കുകയാണ്…..

അവളിൽ നിന്നൊരു ശബ്ദവുമില്ല…..

അവൻ അൽപ നേരം കൂടി കിടന്ന ശേഷം ചാടിയെഴുന്നേറ്റ് കൊണ്ട് ലൈറ്റ് ഓൺ ചെയ്തു….

ആരോടുള്ള ദേഷ്യം തീർക്കാനാ ഇങ്ങനെയൊക്കെ ചെയ്യുന്നത്……

അവൻ അല്പം ദേഷ്യത്തോടെ തന്നെ അവളെ നോക്കി ചോദിച്ചു….

തിരിഞ്ഞു കിടക്കുന്ന അവളിൽ നിന്ന് അപ്പോഴും നിശബ്ദത മാത്രം…..

അവന് ഏറിയ ദേഷ്യവും അതിലേറെ നനഞ്ഞു കിടക്കുന്നവളെ കണ്ട പ്രയാസവും മനസ്സിൽ ഞെങ്ങി ഞെരുങ്ങി….

താൻ കൊടുത്ത തലയിണയും വിരിപ്പും തൊടുക പോലും ചെയ്യാതെ നീക്കി വെച്ചിട്ടുണ്ട്….

അവൻ അവളിലേക്ക് വന്നു കൈ പിടിച്ചൊറ്റ വലിയായിരുന്നു….

അവൾ പ്രതീക്ഷിക്കാത്ത തായത് കൊണ്ട് തന്നെ അവന്റെ ആ വലിയിൽ തന്നെ എഴുന്നേറ്റ് പോയിരുന്നു…

എന്നോടുള്ള ദേഷ്യം തീർക്കാനാണോ ഇങ്ങനെ സ്വയം വേദനിപ്പിക്കുന്ന ത്…

ഈ തണുപ്പത്തു ഈ നനവുള്ളതും വെച്ച് കിടക്കാൻ മാത്രം വാശിയുണ്ടോ നിനക്ക്…

അവൻ ദേഷ്യത്തോടെ അതും ചോദിച്ചലറുമ്പോഴും അവളുടെ കയ്യിലെ ആ പിടുത്തം വീട്ടിരുന്നില്ല….

സമ്പത്തിനും സൗഭാഗ്യത്തിനും ഇടയിൽ ജനിച്ച തനിക് ഉടുത് മാറാൻ മറ്റൊന്നില്ലാത്തവളുടെ ദുഃഖം വാശിയായേ തോന്നു….
അവന്റെ ചോദ്യം അവസാനിച്ചപ്പോഴേക്കും അതും പറഞ്ഞവൾ കയ്യൊരൊറ്റ വലിയായിരുന്നു….

സായുവിന്റെ ഹൃദയം പോലും ഒരു നിമിഷത്തേക്ക് നിശ്ചലമായി പോയി…

അവളുടേ കണ്ണുകൾ ചുവന്നു കലങ്ങിയിട്ടുണ്ട്….

അവന് അവ താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു….

എന്താ അവളിപ്പോ പറഞ്ഞത് …..
അവൾക്ക് ഉടുത് മാറാൻ മറ്റൊരു വസ്ത്രം ഇല്ലെന്നല്ലേ….

അവന്റെ ഹൃദയം വല്ലാതെ പിടച്ചു….

ശെരിയാണ്….
താനിങ്ങനൊരു പെണ്ണിനെ അറിഞ്ഞിട്ടില്ല…..
ഇത്ര അടുത്ത് കണ്ടിട്ട് പോലുമില്ല……

ചെറുപ്പം തൊട്ടേ ആഗ്രഹിക്കുന്നതിനു മുന്പേ തനിക്കെല്ലാം കിട്ടിയിരുന്നു….

ഇന്നും അങ്ങനെ തന്നെ….
എന്തും വില കൊടുത്ത് വാങ്ങാൻ തനിക്ക് കഴിയുമല്ലോ….
അവളെയും അത് പോലെ വില കൊടുത്താണ് വാങ്ങിയത് ….

എന്നാൽ രണ്ട് വസ്ത്രത്തിൽ കൂടുതൽ ഇല്ലാത്ത ഒരാളെ തനിക്ക് ഊഹിക്കാൻ പോലും കഴിയുന്നില്ല…..

അവന്റെ തൊണ്ടയിൽ ഒരു ഗദ് ഗദം വന്നു കൂടി….

അതേ….. താൻ ചെയ്തത് വലിയൊരു തെറ്റാണ്….
വിചാരിച്ചതിനേക്കാൾ ഒത്തിരി വലിയ തെറ്റ്….

ആലോചനകളൊന്നൊടുങ്ങി യതും അവൻ വേഗം അവന്റെ ബാഗെടുത്തു….

അതിൽ നിന്നും ആദ്യം കയ്യിൽ തടഞ്ഞ ഷർട്ടും പാന്റും തന്നെ കയ്യിലെടുത്തു….

തനിക്കുള്ളതിൽ ഏറ്റവും പുതിയതാണതെന്ന് അവനന്നേരം ഓർമ കൂടി വന്നില്ല…..

അവൻ അവൾക്ക് നേരെ അത് നീട്ടുമ്പോഴും അവളുടേ മുഖത്തേക്ക് നോക്കാനുള്ള ശക്തിയില്ലായിരുന്നു….

അവന്റെ പ്രവർത്തി അവളും പ്രതീക്ഷിക്കാത്തതായത് കൊണ്ട് തന്നെ പെട്ടെന്നത് വാങ്ങാൻ അവൾക്കും പ്രയാസം തോന്നി…..

അവൾ വാങ്ങുന്നില്ലെന്ന് കണ്ടതും അവനത് കട്ടിലിൽ വെച്ചു കൊണ്ട് അവൾക്ക് മാറ്റാനെന്ന വണ്ണം മുറിക്ക് പുറത്തെക്ക് നടന്നു……

അവൻ പോയതും അവൾ പതിയേ അത് കയ്യിലെടുത്തു….

തന്റെ അവസ്ഥയിലുള്ള ദേഷ്യവും സങ്കടവും ഒക്കെ കൂടി കലർന്ന താനവന് മുന്പിൽ പൊട്ടി തെറിച്ചു പോയതാണ്….

തന്റെ അവസ്ഥ അവനോട് പറയരുതായിരുന്നു..

എന്നാൽ അവനിൽ നിന്ന് ഇങ്ങനെയൊരു സഹതാപത്തിന്റെ മുഖവും താൻ പ്രതീക്ഷിച്ചിട്ടേയില്ല……

അവൾക്കവനെ മനസ്സിലാകുന്നേയില്ലായിരുന്നു….

തണുപ്പിൽ ചുണ്ടുകൾ കൂട്ടിയിടിച്ചു തുടങ്ങിയത് കൊണ്ട് തന്നെ അവൾ അവൻ വെച്ച ഷർട്ടും പാന്റും കയ്യിലെടുത്തു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

സായു ബാൽക്കണിയിലെ വാതിൽ തുറന്നു….

കണ്ണുകളിൽ നിന്ന് ഒരു കണ്ണ് നീർ പൊഴിഞ്ഞു….

താൻ ചെയ്തതിലുള്ള കുറ്റബോധമോ അതോ അവളെ കുറിച്ചോർത്തുള്ള ദുഖമോ ആണോ അതിന് കാരണമെന്ന് അവന് തന്നെ വ്യക്തത ഇല്ലായിരുന്നു…..

എന്തിനാണ് താൻ അവളോടിങ്ങനെ ദേഷ്യപ്പെടുന്നത്….

അതവളോട് തന്റെ മനസ്സിൽ തോന്നിയ ഇഷ്ടം കൊണ്ടല്ലേ….

ഭാര്യ വേണമെന്നോ കുടുംബ ജീവിതം വേണമെന്നോ ഒരു ചിന്ത തന്നെ തൊട്ട് എപ്പോഴും വിദൂരത്തു തന്നെയായിരുന്നു…..

അത് അമ്മയുടെയും അച്ഛന്റെയും ജീവിതം കണ്ടത് കൊണ്ട് തന്നെയാവാം……

എന്നാൽ അവളെ കണ്ട അന്നാണ് ആദ്യമായി ജീവിക്കാനൊരു കൊതി തോന്നിയത്….

എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ അതൊരു അത്യാഗ്രഹമാണെന്ന് അറിയുന്നത് കൊണ്ട് തന്നെ മനപ്പൂർവം മറക്കാൻ ശ്രമിച്ചു….

ആഗ്രഹം തന്റെ കൈ പിടിയിലൊതുങ്ങാത്തത് കൊണ്ടാവാം ഭാര്യയായി അഭിനയിക്കാൻ അവളെ തന്നെ വേണമെന്ന് മനസ്സ് വാശി പിടിച്ചത്….

എന്നാൽ ഇപ്പോൾ തനിക്ക് ഭയമാണ്….

അവളിലേക്ക് താൻ ആഴ്ന്നിറങ്ങുമോയെന്ന ഭയം…..

അത് തന്നെയാണ് അകാരണമായ ദേഷ്യത്തിന്റെ രൂപത്തിൽ താൻ അവളെ അകറ്റി നിർത്തുന്നതും……

അവൻ ആ കസേരയിൽ അങ്ങനെ ചാരി കിടന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അൽപ നേരം കൂടി അവിടെ ഇരുന്നാണ് അവൻ മുറിയിലേക്ക് നടന്നത്…..

മുറിയുടെ വാതിൽ തുറന്നപ്പോൾ തന്നെ താൻ കൊടുത്ത വിരിയിൽ തലയിണ വെച്ചവൾ കിടക്കുന്നുണ്ട്…..

തന്റെ ഷർട്ടും പാന്റും തന്നെയാണ് വേഷം….

നനഞ്ഞ ചുരിദാർ മുറിയിലെ കസേരയിൽ വിരിച്ചിട്ടുണ്ട്…..

അവനെന്തോ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സമാധാനം തോന്നി …..

കാലിലേക്ക് അവൾ വലിച്ചിട്ട പുതപ്പിന്റെ അറ്റം അവന്റെ കണ്ണിൽ പെട്ടത് കൊണ്ട് തന്നെയാണ് അലമാര തുറന്നവനൊരു പുതവൾക്ക് താഴെക്കിട്ട് കൊടുത്തത്…..

അവളപ്പോഴും അവന് നേരെ തിരിഞ്ഞില്ല….

ലൈറ്റ് ഓഫ് ചെയ്ത് അവൻ കിടന്നതും അവളാ പുതപ്പ് ദേഹത്തേക്ക് വലിച്ചിട്ടു….

അവന്റെ ഷർട്ടിൽ മുഴുവൻ അവൻ സ്ഥിരമായി ഉപയോഗിക്കുന്ന പെർഫ്യൂമിന്റെ ഗന്ധമായിരുന്നു……

അതവളെ പൊതിഞ്ഞു പിടിച്ചത് പോലവൾക്ക് തോന്നി….

കണ്ണുകൾ എത്രയോ വേഗം തന്നെ നിദ്രയെ കൂട്ട് പിടിച്ചിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

രാവിലെ അവനെഴുന്നേറ്റപ്പോഴേക്കും അവൾ മുറിയിലുണ്ടായിരുന്നില്ല….

കസേരയിൽ വിരിച്ചിട്ട ചുരിദാറും അവിടെ കാണാനില്ലായിരുന്നു…..

അവൻ ജോഗിങ്ങിനു ഇറങ്ങുന്ന നേരമായിരുന്നു…

പോകാൻ നേരം എന്തോ അവളെയൊന്ന് കാണാൻ മനസ്സ് പിടക്കും പോലെ….

വേണ്ടായെന്ന് പറയുന്ന സ്വബോധതെ മറി കടന്ന് ഹൃദയം അവനെ അടുക്കളയിലേക്ക് കൊണ്ട് പോയി….

വിചാരിച്ചത് പോലെ തന്നെ അവളവിടെ നിൽപ്പുണ്ട്….

തേങ്ങ ചിരവുന്ന അവളെ അവനൊന്നു നോക്കി നിന്നു….

എന്താ സായു…. എന്താ വേണ്ടത്….
പതിവില്ലാതെ രാവിലെ തന്നെ അടുക്കള വശത്തേക് കണ്ടത് കൊണ്ടാവാം വല്യമ്മ തന്നെ യത് ചോദിച്ചത്…..

ചായ….
പെട്ടെന്നത് ചോദിച്ചതും അത് പറയാനാണ് തോന്നിയത്….

തന്റെ ശബ്ദം കേട്ടിട്ടും അവൾ തിരിയുന്നില്ല….

മോളേ…. അവന് ചായ കൊടുക്കു…

ചട്ടിയിലെ ദോശ മറിച്ചിടുമ്പോഴാണ് വല്യമ്മ അവളോടത് പറഞ്ഞത്….

അവൾക്ക് വല്ലാത്തൊരു പ്രയാസം തോന്നി…

ഇന്നലത്തെ ആ സംഭവം ഓർക്കുമ്പോൾ എന്തോ അവന്റെ മുഖത്ത് നോക്കാൻ വല്ലാത്തൊരു ബുദ്ധിമുട്ടുണ്ട്…..

എങ്കിലും അവൾ പാത്രത്തിൽ വെച്ച ചായ ഗ്ലാസ്സിലേക്ക് പകർത്തി അവന് നേരെ നീട്ടി….

അപ്പോഴും അവൾ മുഖമുയർത്തി യിരുന്നില്ല….

അവളുടേ മുഖഭാവം കണ്ടതും അവന് പതിവില്ലാത്തൊരു കുസൃതി തോന്നി….

അവൻ ആ ചായ വാങ്ങാതെ കൈ രണ്ടും മാറോട് പിണച്ചു കെട്ടിയെങ്ങനെ നിന്നു…..

വല്യമ്മ അപ്പുറത്തേക്ക് തിരിഞ്ഞ് നിന്നാണ് ദോശ ചുടുന്നത്……

അവൾ അവന്റെ മുഖത്തേക്ക് നോക്കുന്നില്ലെങ്കിൽ കൂടി അവന്റെ ചലനങ്ങൾ അവളറിയുന്നുണ്ട്…..

എങ്കിലും അവന്റെ മുഖത്തെ ഭാവങ്ങളെന്തെന്ന് അവൾക്കൂഹിക്കാൻ പോലും കഴിയുന്നില്ലായിരുന്നു….

അവളുടേ ഭാവങ്ങളോരോന്നും ഒപ്പിയെടുത്തവളെ നോക്കി നിൽക്കുമ്പോൾ അവൻ പോലുമറിയാതെ അവന്റെ ചുണ്ടിലൊരു പുഞ്ചിരിയൂറി നിന്നിരുന്നു….

കുറച് നേരം അതേ പോലെ ചായ നീട്ടി പിടിച്ചിട്ടും അവൻ വാങ്ങാത്തത് കൊണ്ട് തന്നെ അവൾ പതിയേ അവന് നേരെ മുഖമുയർത്തി…..

ചെറു ചിരിയാൽ തന്നെ നോക്കി നിൽക്കുന്ന അവന്റെയാ മുഖം അവളോട്ടും പ്രതീക്ഷിച്ചിരുന്നില്ല….

ആദ്യമായാണ് അവന്റെ നോട്ടം തന്റെ മേൽ ഇത്രയേറെ ആർദ്രമാകുന്നത്….

സ്ട്രൈറ് ചെയ്ത അവന്റെ മുൻ വശത്തെ മുടി നാരിഴകൾ നെറ്റിയിലേക്ക് വീണു കിടക്കുന്നുണ്ട്…..

ചെറിയൊരു കാപ്പി നിറം കലർന്ന കുഞ്ഞി കണ്ണുകൾ….

ഇളം വെളുത്ത നിറത്തിലുള്ള മുഖത്ത് മനോഹരമായി വെട്ടി യൊതുക്കിയ ഇട തൂർന്ന താടിയും മീശയും…..

അവളവനെ ആദ്യമായി കാണുന്നത് പോലെ തോന്നി….

തോന്നലല്ല….. ശെരിയാണ്…
ഇത് വരെയും അവൻ തന്നിൽ നിന്നും മുഖം തിരിച്ചിട്ടേയുള്ളു….

ഇപ്പോഴാണവൻ തനിക്ക് മുഖം തരുന്നത്…..

അതൊരു പക്ഷേ തന്നോടുള്ള സഹതാപമാവാം…..

അവൾ മുഖമുയർത്തി അവനെ നോക്കിയെന്ന് കണ്ടതും അവൻ അതേ ചിരിയോടെ അവളുടേ കയ്യിലെ ചായ വാങ്ങി….

അവൻ ഗ്ലാസ്‌ വാങ്ങിയതും അവൾ പിന്തിരിഞ്ഞു നടന്നിരുന്നു…..

ചായ കുടിച്ചു കഴിഞ്ഞ് ഗ്ലാസ്‌ തിരികെ അവിടെ വെച്ചവൻ പോകുന്നത് കണ്ണുകൾ കൊണ്ട് നോക്കുന്നില്ലെങ്കിലും അവളറിയുന്നുണ്ടായിരുന്നു…..

അവൻ പുറത്തേക്ക് പോകുന്നത് അടുക്കള ജനലിലൂടെ അവൾ നോക്കി കണ്ടു….

അവൾ നോക്കി നിൽക്കെ അടുക്കള ജനലിലേക്കായൊരു നോട്ടം അവനെറിഞ്ഞതും അവളുടേ ശ്വാസം വല്ലാതെ ഏറി പോയിരുന്നു….

തന്റെ മനസ്സിനെന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നറിയാതെ അവൾ അങ്ങനെ നിന്നു…….

(തുടരും)