രചന – ആയിഷ അക്ബർ
അൽപ നേരം അങ്ങനെ നിന്നതും കയ്യവൻ കണ്ണുകൾക്ക് മുകളിൽ നിന്ന് എടുത്തു…..
ഞാൻ….. ഞാൻ ചുമ്മാ പറഞ്ഞതാ കേട്ടോ….
അവൻ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ടത് പറയുമ്പോൾ ഒരു പുഞ്ചിരി മുഖത്തണിയാൻ ശ്രമിക്കുന്നുണ്ടെങ്കിൽ കൂടി വാക്കുകളിൽ നനവൂറീ നിന്നിരുന്നു…….
അവളൊന്നും മിണ്ടിയില്ല….
എനിക്കുണ്ടാകാൻ പോകുന്ന കുഞ്ഞിനെക്കാൾ അവർ എന്നേ ഒന്ന് സ്നേഹിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ അല്ലേ….
അവൻ വീണ്ടും നോവോടെ ഒന്ന് പുഞ്ചിരിച്ചു…..
മോളിത് വരെ റെഡി ആയില്ലേ…..
അപ്പോഴേക്കും അതും ചോദിച്ച് പവിയങ്ങോട്ട് വന്നിരുന്നു……
അമ്മേ…. പ്ലീസ് സ്റ്റോപ്പ് ഇറ്റ്….
അവൾക്ക് എന്തോ വയറ്റിൽ പിടിക്കാത്തതാ…
അല്ലാതെ നിങ്ങള് വിചാരിക്കും പോലെ….
അവൻ അവന്റെയുള്ളിലെ അതേ അമർഷത്തിൽ അത് പറയുമ്പോൾ പെട്ടെന്ന് പവിയുടെ മുഖം മങ്ങിപ്പോയി….
അവന്റെ വാക്കുകൾക്ക് അത്രയേറെ ഉറപ്പുണ്ടായിരുന്നത് കൊണ്ട് തന്നെയായിരുന്നത്….
ഒരു തരിയെങ്കിലും ഉണ്ടായിരുന്ന പ്രതീക്ഷയേ ഉറച്ച സ്വരത്തിലുള്ള അവന്റെ വാക്കുകൾ നീക്കി കളഞ്ഞിരുന്നു…..
ഇത് വരെ കഴിഞ്ഞില്ലേ….
അതും ചോദിച്ചങ്ങോട്ട് വന്നത് പ്രഭയായിരുന്നു…
മൂന്ന് പേരും ഒരു നിമിഷമൊന്ന് ഞെട്ടി….
അത് പ്രഭേട്ടാ….. കൊചിനെന്തോ വയറ്റിൽ പിടിക്കാത്തതാ…. നമ്മള് വെറുതെ ചിന്തിച്ചു കാട് കയറി…….
പവി തല താഴ്ത്തി അത് പറയുമ്പോൾ പ്രഭയുടെ മുഖവും മങ്ങുന്നത് നിസ്സംഗമായി സായു നോക്കി നിന്നു…..
ആ…. എന്തായാലും വയ്യാത്തതല്ലേ…… ജനറൽ ഡോക്ടറെ കാണിക്കാമല്ലോ….
വല്ല ഫുഡ് പോയ്‌സണോ എന്തെങ്കിലും ആണെങ്കിലോ….
ഒട്ടും ഗൗരവമില്ലാതെ പതിഞ്ഞ സ്വരത്തിലത് പറയുമ്പോൾ സായു ഞെട്ടി തരിച്ചു പോയിരുന്നു….
ആ വാക്കുകളിലെ തന്നോടുള്ള കരുതൽ അറിഞ്ഞിട്ടോ എന്തോ ബാലയുടെ മനസ്സൊന്നു തണുത്തു….
ഇനി ശർദിക്കുകയാണെങ്കിൽ പോയാൽ പോരെ……
ആ…… എങ്കി വയ്യെങ്കിൽ പറഞ്ഞാൽ മതി…..
പവി വീണ്ടും ചോദിച്ചതും അതും പറഞ്ഞു കൊണ്ട് പ്രഭ താഴേക്ക് നടന്നു……
അമ്മേ……. ഇത്…. ഇതച്ചൻ തന്നെയാണോ…..
സായു അത്ഭുതത്തോടെ പവിയോടത് ചോദിക്കുമ്പോഴും മനസ്സ് സങ്കടമോ സന്തോഷമോ എന്നൊന്നും അറിയാൻ പറ്റാത്തൊരു അവസ്ഥയിലായിരുന്നു……
പവി അവനെ നോക്കിയോന്ന് പുഞ്ചിരിച്ചു….
അച്ഛൻ…. അച്ഛനെന്താ ഇത്ര മാറ്റം…..
അവനത് ചോദിക്കുമ്പോൾ പവി അവന്റെ കയ്യിലൊന്ന് പിടിച്ചു…..
മാറ്റം….. അച്ഛനല്ല സായു…. അമ്മക്കാണ്…….
പവി അത് പറഞ്ഞതും അവൻ എന്തെന്ന് മനസ്സിലാകാതെ അവരെ നോക്കി…..
മാറ്റം വരേണ്ടത് എനിക്കായിരുന്നു…..
അആത്മാഭിമാനം പണയം വെച്ച് മറ്റൊരാളുടെ മുമ്പിൽ നിൽക്കുമ്പോൾ അവർക്ക് നമ്മളോടുള്ള അവഗണന കൂടുകയേ യുള്ളൂ…..
അവരിൽ നിന്നിറങ്ങി പോകുകയാണെങ്കിലും അഭിമാനത്തോടെ തലയുയർത്തി പിടിച് നിൽക്കണമെന്ന് എനിക്ക് മനസ്സിലാക്കി തരാൻ എന്റെ മരുമകൾ വേണ്ടി വന്നു…..
പവി ബാലയെ നോക്കിയത് പറഞ്ഞതും..
സായു അവളിലേക്കൊന്ന് നോക്കി…..
എനിക്ക് മുന്പോട്ട് പോകാൻ കഴിയില്ലെന്നൊന്ന് പറഞ് നോക്കിയതാ…..
അതിനു ശേഷം മാറ്റമുണ്ട്…..
പക്ഷേ ഉറപ്പിക്കാൻ ആയിട്ടില്ല സായു….
എന്ന് നിന്റെ അച്ഛൻ പഴയത് പോലെ ആകുന്നുവോ അന്നീ ബന്ധം ഞാൻ നിർത്തും….
ഇനി യങ്ങോട്ട് തീരുമാനങ്ങളെടുക്കാൻ മാത്രം ധൈര്യം ഇപ്പൊ തനിക്കുണ്ട്……
പവി ഉറച്ച വാക്കുകളോടെ അത് പറയുമ്പോൾ സായു ഒരു ചെറു ചിരിയോടെ അവരെ കെട്ടിപ്പിടിച്ചു……
താനെന്തിന് ഇവിടെ വന്നുവോ…. ആ ഉദ്ദേശം പൂർണമായിട്ടുണ്ട്….
അവൻ കണ്ണുകളൊന്ന് അമർത്തി തുടച്ചു….
നീ വിഷമിക്കേണ്ടെടാ….
നിനക്കൊരു കുഞ് ജനിക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ആ കണ്ണുകളിൽ കണ്ട തിളക്കം.. അത് സത്യമാ…
ശെരിക്കും നിനക്കൊരു കുഞ്ഞുണ്ടാകുന്നതോട് കൂടി ചിലപ്പോ ബിസ്സിനെസ്സൊക്കെ ഒഴിവാക്കി അങ്ങേര് വീട്ടിലിരിക്കുമായിരിക്കും…
പവി ചിരിച്ചു കൊണ്ടതും പറഞ് താഴെക്കിറങ്ങിയതും സായു ബാലയിലേക്ക് തിരിഞ്ഞു…..
ഞാൻ…. എങ്ങനെയാ നന്ദി പറയേണ്ടതെന്നറിയില്ല തന്നോട്…….
അവനത് പറഞ്ഞതും അവളൊന്നും മിണ്ടിയില്ല….
എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു അവരിങ്ങനെ….
പക്ഷെ…… എനിക്കൊരു കുഞ്ഞുണ്ടാവുന്നതിൽ അവരിത്ര എക്സൈറ്റഡ് ആവുമെന്ന് ഞാനും കരുതിയില്ല…..
അത്രയും പറഞ്ഞപ്പോഴേക്കും അവന്റെ വാക്കുകൾ ഇടറി പ്പോയിരുന്നു…..
സാരമില്ല…… ഇയാള് ഇനി മറ്റൊരു വിവാഹം കഴിച് കുഞ്ഞൊക്കെ ആകുമ്പോൾ ഈ സന്തോഷം അവരുടെ മുഖത്ത് വീണ്ടും കാണാമല്ലോ…..
ബാല അത് പറയുമ്പോഴും അവന് മറ്റൊരു വിവാഹമെന്നൊന്നും ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ലവൾക്ക്….
എങ്കിലും എനിക്കിനി നീ മതിയെന്നൊരു വാക്ക് അവനിൽ നിന്നുതീർന്നു വീണിരുന്നെങ്കിലെന്ന് അവൾ അതിയായി ആഗ്രഹിച്ചു കൊണ്ടായിരുന്നത് പറഞ്ഞത്….
അവന്റെ ഹൃദയത്തിൽ അവളുടേ വാക്കുകൾ തറച്ചിരുന്നു……
എനിക്കുള്ള കുഞ്ഞിനെ തരാൻ നീ മതി യെന്ന് പറയാൻ അവന്റെ മനസ്സ് ശാട്യം പിടിച്ചെങ്കിലും തന്റെ അവസ്ഥയെ തലച്ചോറ് ഓർമിപ്പിച്ചത് കൊണ്ട് തന്നെ അവൾക്കുള്ള മറുപടി ഒരു പുഞ്ചിരിയിലൊതുക്കി നടന്നകന്നു….
താനത് പറഞ്ഞിട്ടും അവൻ പുഞ്ചിരിയോടെ നടന്ന് നീങ്ങിയതിനർത്ഥം അവന് താനാരുമല്ല എന്ന് തന്നെയല്ലേ……
അവനിതൊരു വിവാഹമായോ താനൊരു ഭാര്യ യായോ ഒരിക്കൽ പോലും തോന്നിയിട്ടേയില്ല എന്നതല്ലേ…..
ബാല കട്ടിലിലേക്കിരുന്നു പോയിരുന്നു….
അവൾ മുഖം രണ്ട് കൈ കൊണ്ടും പൊത്തി….
കണ്ണുകളിൽ നിന്നും കണ്ണ് നീർ അടർന്നു വീണു…..
അൽപ സമയം കഴിഞ്ഞതും കണ്ണ് നീർ പോലും വറ്റിപ്പോയിരുന്നു….
കരച്ചിലിന്റെ തേങ്ങൽ മാത്രം അവസാനം ബാക്കിയായി…..
ആവശ്യമില്ലാതെ തന്റെ മനസ്സാണ് ഓരോന്ന് നെയ്തു കൂട്ടിയത്….
ഇനിയങ്ങോട്ട് ഇവിടം വിട്ട് പോകും വരെ തനിക്ക് ആ സത്യത്തെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചേ മതിയാവു…..
അവൾ കണ്ണുകൾ രണ്ടും തുടച് ഇരുന്നിടത് നിന്നും എഴുന്നേറ്റു….
അപ്പോഴും അവളുടേ ഉള്ളിലെ തേങ്ങൽ നിലച്ചിട്ടില്ലായിരുന്നു,,………..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഞാൻ തിരിച്ചു വരും ഡോക്ടർ….
ഓപ്പറേഷനുള്ള അറേഞ്ച്മെന്റ്സ് ചെയ്തോളു…
സായു ഫോണിലൂടെ അത് പറയുമ്പോൾ അച്ഛന്റെയും അമ്മയുടെയും ഇടയിൽ വിരിഞ്ഞ സ്നേഹം നൽകിയ അതേ സന്തോഷത്തോടൊപ്പം അവളെ കുറിച്ചോർത്തുള്ള നീറ്റലും ഹൃദ്യത്തെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു…..
എങ്കിലും…. ഇതാണ് ശെരി…..
അവൻ ഫോൺ കട്ട് ചെയ്യുമ്പോഴും ഹൃദയം അവളുടേ ഓർമകളാൽ നീറി പുകഞ്ഞു കൊണ്ടിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
നാളെ മുത്തശ്ശൻറെ പിറന്നാളാണ്…..
സായു അത് പറഞ്ഞപ്പോൾ ബാല അവനിലേക്കൊന്ന് തിരിഞ്ഞു….
എന്തെങ്കിലും നല്ലൊരു സമ്മാനം വാങ്ങണ്ടേ…..
നമുക്കൊരുമിച്ചു പോയി വാങ്ങിയാലോ……
മനസ്സ് അവനെ കണ്ടില്ലെന്ന് നടിക്കാൻ ശ്രമിക്കുമ്പോഴും അവന്റെ വാക്കുകളും പ്രവർത്തികളോരോന്നും അവനിലേക്ക് തന്നെ വലിച്ചടുപ്പിക്കുന്നുണ്ട്….
അവന്റെ കണ്ണുകളിൽ താൻ കാണുന്ന ആ വികാരത്തിനു പ്രണയമെന്നൊരു പേരുണ്ടോ….
ഞാൻ..ഞാൻ വരുന്നില്ല….
അവനിൽ നിന്ന് മനപ്പൂർവം അകന്ന് നിൽക്കുന്നെന്ന വണ്ണം അവളത് പറയുമ്പോൾ അവന്റെ മുഖമൊന്നു വാടി….
ഒരു പക്ഷെ ഞങ്ങൾ തമ്മിലുള്ള അവസാന യാത്ര യായിരിക്കാം ഇതെന്ന് തോന്നിയത് കൊണ്ട് തന്നെ അവനൊന്നു കൂടി അവളിലേക്ക് നോക്കി…..
ജ്യൂസ് വാങ്ങി തരാം…..
അവനത് പറഞ്ഞതും അവൾ മുഖമൊന്നുയർത്തി അവനെ നോക്കി…
അവനിൽ വിരിഞ്ഞു നിൽക്കുന്ന ആ കുസൃതി ചിരി ഏറെ മനസ്സിലേക്കാഴ്ന്നിറങ്ങിയത് കൊണ്ട് തന്നെ അവളും ഒന്ന് പുഞ്ചിരിച്ചു……
എങ്കി വേഗം റെഡി ആയിക്കോ…. ഞാൻ താഴെയുണ്ടാകും…..
അതും പറഞ്ഞൊരു ചിരിയോടെ അവൻ താഴേക്ക് പോയി….
ഒരു പക്ഷെ നീയകന്നു പോകരുതെന്ന് പറയാനാണെങ്കിലോ ഈ യാത്ര എന്നവൾ ചിന്തിച്ചു….
ഈശ്വരാ… തന്റെ സ്വപ്‌നങ്ങൾ അതിരു കടക്കുന്നുവോ…. അർഹിക്കാത്തത് ആഗ്രഹിക്കുന്നുവോ….
അവരുടെ പണത്തിനും പ്രധാപത്തിനും മുമ്പിൽ താനൊന്നുമല്ല…..
വെറുമൊരു വാടക നടി മാത്രം….
സ്വന്തമായി ആരും…ഒന്നും ഇല്ലാത്തവൾ…..
അവൾ അൽപ നേരം അങ്ങനെ നിന്നു…..
മാറ്റിയൊരുങ്ങി താഴേക്ക് ചെല്ലുമ്പോൾ തന്നെ കാത്തെന്ന വണ്ണം അവൻ ഉമ്മറത്തു തന്നെയുണ്ട്…..
അവൻ മാത്രമല്ലാ…. കൊച്ച് വാർത്തമാനങ്ങളുമായി എല്ലാവരും അവിടെ തന്നെയുണ്ട്……
തന്നെ കണ്ടതും ആ മുഖത്ത് പതിഞ്ഞൊരു പുഞ്ചിരിയുണ്ട്……
അവൾ അവനിലേക്ക് നോക്കിയില്ല….
അവൻ ഇരുന്നിടത് നിന്നും എഴുന്നേറ്റു….
ഞങ്ങളെന്നാ പോയിട്ട് വരാം….
സായു….
അതും പറഞ്ഞിവനിറങ്ങിയതും പിറകിൽ നിന്നുള്ള പ്രഭയുടെ വിളി അവനെ പിടിച്ചു നിർത്തി….
വരുമ്പോ നീയാ സധ്യക്കുള്ള ഓർഡർ കൊടുത്തിട്ട് വാ….
ആ അച്ഛാ….
പ്രഭയത് പറഞ്ഞതും സായുവിന് വല്ലാത്തൊരു സന്തോഷം തോന്നി….
അച്ഛൻ ശെരിക്കുമൊരു അച്ഛനായി തുടങ്ങിയതിൽ അവന് സന്തോഷം തോന്നിയെങ്കിലും അത് അനുഭവിക്കാൻ ഒരു പക്ഷെ തനിക്ക് ആയുസ്സ് കാണുമായിരിക്കില്ലെന്ന് അവനോർത്തു …
കാറിൽ കയറിയിട്ടും ബാല അവനെ ശ്രദ്ധിച്ചതേയില്ല….
അവൾ പുറത്തേക്ക് നോക്കിയങ്ങനെ ഇരുന്നു….
അവൻ ഇടയ്ക്കിടെ അവളെ നോക്കുന്നുണ്ട്….
പുറത്തു നിന്നും അടിച്ചു വീശുന്ന കാറ്റിൽ അവളുടേ മുടിയിഴകൾ പാറി കളിക്കുന്നത് ഇടം കണ്ണിട്ടവൻ നോക്കി കൊണ്ടിരുന്നു…..
അവളോടൊത്തിരിക്കുമ്പോഴുള്ള നിശബ്ദതക്ക് പോലും എന്തോരു ഭംഗിയാണെന്നവനോർത്തു……
ഗിയറിൽ വീഴുന്ന അവന്റെ കൈകളിലേക്ക് അവളും ഇടയ്ക്കിടെ നോട്ടം നീക്കി കൊണ്ടിരുന്നു……
ആ യാത്രയിൽ അവർ പരസ്പരം ഒന്നും മിണ്ടിയില്ല……
എങ്കിലും മറ്റെല്ലാതിനേക്കാളും അവരിരുവരും ആ യാത്രയേ ആസ്വദിച്ചിരുന്നു….
ആദ്യം അവനിറങ്ങിയത് പോകും വഴിക്കുള്ള ഒരു തറവാട്ടിലായിരുന്നു…..
ആ വലിയ വീടിനോട് ചേർന്നൊരു പുര കൂടിയുണ്ട്…..
ചചെമ്പും പാത്രങ്ങളും നിറഞ്ഞിരിക്കുന്നത് കൊണ്ട് തന്നെ അതാവും സദ്യ ഏൽപ്പിക്കേണ്ട ഇടമെന്ന് അവളുഹിച്ചു….
ഇറങ്ങെന്ന് അവൻ പറയാത്തത് കൊണ്ട് തന്നെ അവളിറങ്ങിയില്ല….
അൽപ നേരം കഴിഞ്ഞതും അവൻ വരുമ്പോൾ കൂടെ ഒരു മുത്തശ്ശിയുമുണ്ടായിരുന്നു….
ഞാൻ സായുന്റെ പെണ്ണിനെ ഒന്ന് കാണാൻ വന്നതാ ….
അവർ വിൻഡോയിലൂടെ നോക്കി പുഞ്ചിരിയോടെ അത് പറഞ്ഞതും അവൾ വേഗം ഡോർ തുറന്ന് പുറത്തേക്കിറങ്ങി…..
അവരോട് മനോഹരമായൊന്ന് പുഞ്ചിരിച്ചു…..
നല്ല കുട്ടി…. നിനക്ക് നന്നായി ചേരും….
മരണം വരെ സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കണം…..
മുത്തശ്ശി അവളുടേ കയ്യിൽ പിടിച്ചത് പറഞ്ഞതും സായു ഒന്ന് ചിരിച്ചു….
അത് അങ്ങനത്ത ന്നെയേ ഉണ്ടാകു…..
അവനത് പറഞ്ഞതും ബാല യിലൊരു തണുപ്പിരചെത്തുന്നത് അവളറിഞ്ഞിരുന്നു….
അത് വരെ ഉണ്ടായിരുന്ന പ്രയാസത്തെ നീക്കി അവളിലൊരു കുഞ്ഞ് പുഞ്ചിരി സ്ഥാനം പിടിച്ചു….
അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങി
നേരെ കാറെത്തി നിന്നത് വലിയൊരു തുണിക്കടക്ക് മുമ്പിലായിരുന്നു…..
മുത്തശ്ശന് നല്ലൊരു മുണ്ടും കുർത്തയും എടുത്തു….
ഒരോന്നെടുക്കുമ്പോഴും അവനവളോട് അനുവാദം ചോദിച്ചിരുന്നു….
അവളെ പ്രത്യേകം പരിഗണിച്ചിരുന്നു….
ആ പരിഗണയും സ്നേഹവും മാത്രമാണല്ലോ താനും ജീവിത കാലം മുഴുവൻ ആഗ്രഹിക്കുന്നത്….
അല്ലാത്തൊരു സ്വത്തും പണവും എനിക്ക് വേണ്ട…
അവൻ ഇഷ്ടം തന്നോട് പറയാതിടത്തോളം താനവനിലേക്ക് ചേരില്ലെന്ന് അവൾക്കുറപ്പായിരുന്നു…
ഡ്രെസ്സെടുത് കഴിഞ്ഞ് നല്ലൊരു വാച്ചും മുത്തശ്ശന് വേണ്ടി വാങ്ങിച്ചു…..
നിനക്കെന്തെങ്കിലും വേണോ….
തുണിക്കടയിൽ നിന്നിറങ്ങാൻ നേരവും അവനിതേ ചോദ്യം ചോദിച്ചെങ്കിലും അവൾ വേണ്ടെന്ന് പറഞ്ഞതോടെ അവൻ പിന്നേ നിർബന്ധിച്ചിരുന്നില്ല….
എന്നാൽ വാച് വാങ്ങിയ ആ കടയിൽ നിന്ന് അവൻ ലേഡീസ് വാച്ചിന്റെ സെക്ഷനിലേക്ക് അവളെയും കൂട്ടി നടന്നു….
തിളങ്ങുന്ന കല്ലുകൾ പതിപ്പിച്ച ഒരു സ്വർണ നിറത്തിലുള്ള വാച്ചവൻ കയ്യിലെടുത്തു….
ഇട്ട് നോക്ക്…..
അവനത് പറഞ്ഞപ്പോൾ അവൾ പതിയേ അത് കയ്യിലെടുത്തിട്ടു…..
വെളുത് മെലിഞ്ഞ ആ കൈകൾക്കത് പ്രത്യേകം ഇണങ്ങിയതും അവന്റെ മുഖം വിടർന്നു…..
ബില്ല് പേ ചെയ്ത് അവൻ ഇറങ്ങും മുൻപ് തന്നെ അവളിറങ്ങി കാറിൽ കയറിയിരുന്നു….
എന്തേ…. വാച്ച് ഇഷ്ടമായില്ലേ…..
കാറിൽ വന്നു കയറിയ ഉടനെ പുറത്തേക്ക് നോക്കിയിരിക്കുന്നവളോടത് ചോദിച്ചത് അവളോടെന്തെങ്കിലും സംസാരിക്കണമെന്ന് കരുതി തന്നെയായിരുന്നു….
മ്മ്…..
അവൾ അതും പറഞ്ഞോന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു….
വില കൂടിയ ഈ സമ്മാനങ്ങളൊന്നുമല്ല… എനിക്ക് തന്നെ മാത്രം മതിയെന്ന് പറയാൻ അവൾക്ക് തോന്നി…..
അവനോടൊപ്പമുള്ള ഓരോ നിമിഷങ്ങൾക്കും അത്രയേറേ ഭംഗി തോന്നിയിരുന്നവൾക്ക്….
ഇരുട്ട് ഭൂമിയെ പൊതിഞ്ഞു തുടങ്ങിയിരുന്നു…..
അവനവളെയും കൂട്ടി വലിയൊരു റെസ്റ്റോറണ്ടിലേക്ക് കയറി…
അവളിത് വരെ കഴിക്കാത്ത പലതും അവൻ ഓർഡർ ചെയ്തു….
അവൾ ഇരിക്കുന്ന തിന്റെ അപ്പുറത്തുള്ള ഗ്ലാസ്സിലൂടെ പുറത്തേക്കൊന്ന് നോക്കി…
നല്ല മനോഹരമായ കാഴ്ചയിലേക്കായിരുന്നു അവ തുറക്കപ്പെട്ടത്…..
ഒരു ചാലു പോലെ പുഴയും പുഴയെ തടഞ്ഞെന്ന വണ്ണം ഒരു അണക്കെട്ടും കാണാം…
അതിനരികത്തായി പല ചെടികൾ നിറഞ്ഞൊരു പൂന്തോട്ടവും കുട്ടികൾ കളിക്കുന്നൊരു പാർക്കും…
അവളൊരു കൗതുകത്തോടെ നോക്കുന്നത് കണ്ടതും സായു അവളെ തന്നെ ഒരു നിമിഷം നോക്കി നിന്നു….
ലോകം കാണാത്ത ഈ പാവം പെണ്ണിനെ തന്നെ കൊണ്ടാവും വിധമെല്ലാം സന്തോഷിപ്പിക്കാമായിരുന്നു വിധി തനിക്കെതിരെല്ലായിരുന്നെങ്കിൽ എന്നവനോർത്തു….
സ്വർണ നിറത്തിലുള്ള രശ്മികൾ സൂര്യന്റെ വിട പറച്ചിലിന് ഭംഗി കൂട്ടിയിരുന്ന ആ നേരം അവർ ഭക്ഷണം കഴിച്ച് തുടങ്ങി…..
ഓരോന്നും ആസ്വദിച്ചു കഴിക്കുന്ന അവളെ കാണുമ്പോൾ അവൻ പറയാൻ വന്ന കാര്യം അവന് പറയാൻ കഴിഞ്ഞില്ല……
നാളെ മുത്തശ്ശൻറെ പിറന്നാളല്ലേ…. അത് കഴിഞ്ഞാ നമ്മള് തിരിച്ചു പോകും….
ഭക്ഷണം കഴിച്ച് കഴിഞ്ഞെന്ന് കണ്ടതും അവൻ പറഞ്ഞു…
പറയുമ്പോഴും വാക്കുകൾ സ്വാഭാവികമാക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു….
അവളൊരു ഞെട്ടലോടെ അവനെ നോക്കി….
അതേ…. തന്റെ സമയം കഴിഞ്ഞു എന്നാണ് അവൻ പറഞ്ഞതിനർത്ഥം….
അവൾ ശ്വാസം പോലും എടുക്കാൻ കഴിയാതെ ഒരു നിമിഷമങ്ങനെ നിന്നു…..
(തുടരും)

by