19/04/2026

വധു : ഭാഗം 24

രചന – ആയിഷ അക്ബർ

മാപ്പ് ഞാനാണ് ചോദിക്കേണ്ടത്….
എനിക്ക് വേണ്ടി നീ വേദനിക്കേണ്ടി വന്നു…..

അവനതും പറഞ് അവളുടേ നെറ്റിയിലെ മുറിവിലേക്ക് ഒന്ന് കൂടി നോക്കി….

അവന് ഉള്ളിലൊരു വിങ്ങലാണ് തോന്നിയത്….

അവൾ ഇല്ലെന്ന അർത്ഥത്തിൽ തലയൊന്ന് ചലിപ്പിച്ചു…..

ഈ വേദനയെക്കാളൊക്കെ മേലെ ഇവിടെ വന്നു എനിക്ക് കിട്ടിയ സന്തോഷങ്ങളുണ്ടോത്തിരി……

ഈ ജന്മം സ്വപ്നം പോലും കാണാൻ കഴിയാത്ത അത്രയും നല്ല നിമിഷങ്ങൾ…

അത്രയും മതി…. ഇവിടെ നിന്ന് തണുത്ത മനസ്സോടെ ഇറങ്ങാൻ ….

അവളത് പറയുമ്പോൾ അവനിൽ നിന്നിറങ്ങി പ്പോകണമെന്ന ആ സത്യം തൊണ്ടക്കുഴിയിൽ ശ്വാസത്തെ തടഞ്ഞു നിർത്തുന്നത് പോലെ തോന്നി…..

അവനിലും അതൊരു ഓർമപ്പെടുതലായിരുന്നു…
ഏത് നിമിഷവും തന്നിൽ നിന്നകന്ന് പോകുന്നവളാണ് അവളെന്ന ഓർമപ്പെടുത്തൽ….

രണ്ട് പേരിലും അല്പ നേരം ഒരു നിശബ്ദത സ്ഥാനം പിടിച്ചു……

ചില നിശബ്ദതകളിൽ ഹൃദയങ്ങൾ തമ്മിൽ വാചാലമാകും….

എങ്കിലും ആർക്കും തുറന്ന് സംസാരിക്കാൻ കഴിയാത്ത വിധം എന്തൊക്കെയോ നമ്മെ പിടിച്ചു കെട്ടും……

പറഞ് വെച്ച നിന്റെ ആ കഥയുടെ ബാക്കി ഇപ്പൊ കേൾക്കാൻ പറ്റുമോ….

നോവ് നിറഞ്ഞ ആ നിശബ്ദതയിൽ നിന്ന് കര കയറാനെന്ന വണ്ണം അവൻ ചെറു ചിരി ചാലിച്ചാണത് പറഞ്ഞത്….

അവളുടേ ഓർമകൾ ഇവിടെ നിന്നും അന്നത്തെ ആ രാത്രിയിലേക്ക് തന്നെ നീങ്ങി……

ഉത്സവത്തിന് പോകുന്ന നാട്ടുകാർ ഓടി വന്നപ്പോഴേക്കും അഭി നന്നായി പേടിച്ചിരുന്നത് പോലെ തോന്നി…..

അത്…. അത് ബാലയുടെ കൂട്ടുകാരാണ്…..

ആ വന്നിരുന്ന രണ്ട് ചെറുപ്പക്കാരുടെയും കയ്യിലെ ബാഗിൽ നിന്നും നാട്ടുകാര് കഞ്ചാവ് കൂടി പിടിച്ചപ്പോഴാണ് അഭി എല്ലാവരോടുമായി അത് പറയുന്നത്…..

ഒരു നിമിഷം ഞാൻ ശ്വാസമെടുക്കാൻ പോലും മറന്ന് പോയിരുന്നു…..

എല്ലാവരുടെയും മിഴികൾ എന്നിലേക്ക് നീണ്ടു….

ആർക്കും വിശ്വസിക്കാൻ കഴിയാത്ത പോൽ…..

അതേ…. അവള് വിളിച്ചിട്ട് ഡീൽ സംസാരിക്കാൻ തന്നെയാണ് ഞങ്ങളിവിടെ വന്നത്……

ജിതിൻ അതും കൂടി പറഞ്ഞതും എല്ലാവരും ഒരു കുറ്റ വാളിയെ പോലെ തന്നെ നോക്കി…..

അപ്പോഴേക്കും അമ്മാവനും അമ്മായിയും അഞ്ജനയും എല്ലാവരും വന്നിരുന്നു…..

എന്താ…. എന്താ ഇവിടെ….

അമ്മാവന്റെ പകപ്പോടെയുള്ള ആ ചോദ്ധ്യത്തിൽ അഭി തന്നെയാണ് എല്ലാം പറഞ്ഞു കൊടുത്തത്…..

അപ്പോഴും അവന്റെ കൈ കാലുകൾ വിറക്കുന്നത് താൻ ശ്രദ്ധിച്ചിരുന്നു…..

എടി ഒരുമ്പട്ടോളെ….നിന്നെ ഞാൻ……

അതും പറഞ് കൊണ്ട് അമ്മാവന്റെ ബലമേറിയ കൈകൾ തന്റെ ദേഹത്തു വന്നു പൊതിച്ചു….

സത്യം എന്തെന്ന് ആരും തന്നോട് ചോദിച്ചില്ല…

ആർക്കും അറിയുകയും വേണ്ടെന്ന പോൽ…..

ഞാനല്ല…. അഭിയെ കാണാനാ അവര് വന്നത്….

ഉറക്കെയുറക്കെ താൻ അലറി വിളിച്ചു കൊണ്ടത് പറയുമ്പോൾ അമ്മാവൻ ഒരു നിമിഷം നിശ്ചലനായി….

എന്തിനാ ബാലാ അവനെ വെറുതെ കുറ്റപ്പെടുത്തുന്നത്……
നിനക്ക് സിറ്റിയിലെ കോളേജിൽ പോയി കിട്ടിയ കൂട്ടാണിതെന്ന് എല്ലാവർക്കും അറിയാമല്ലോ….
അവിടെയും നിനക്കിത് തന്നെയാണ് പണി യെന്ന് എനിക്കറിയാഞ്ഞിട്ടും ഞാൻ ഇവിടെ പറയാതിരുന്നത് ഒരു ചീത്ത പ്പേര് വേണ്ടെന്നു വെച്ചിട്ടാ…
പക്ഷെ നീ ഇവരെ എന്റെ വീട്ടിൽ വരെ എത്തിക്കുമെന്ന് ഞാൻ കരുതിയില്ല…..

പെട്ടെന്ന് സങ്കടം കലർത്തി അത് പറഞ്ഞത് അഞ്ജനയായിരുന്നു….

താൻ പെട്ടെന്നവളിലേക്ക് നോക്കി……

വിടർന്ന കണ്ണുകൾ നിറഞ്ഞു തൂവി കാഴ്ച നഷ്ടപ്പെട്ടിരുന്നു…..

എന്തിനാണ് അവളങ്ങനെ പറഞ്ഞതെന്ന് ചിന്തിക്കുമ്പോഴേക്കും അമ്മാവന്റെ ബെൽറ്റ്‌ കൊണ്ടുള്ള അടി പുറത്ത് വീണു കഴിഞ്ഞിരുന്നു….

എല്ലാവരും തന്നേ പുച്ഛത്തോടെ നോക്കി….

ഞാനല്ല…. അഭിയാണ്….
അപ്പോഴും ഞാന അത് തന്നെ പറഞ്ഞു കൊണ്ടിരുന്നു…..
എന്നാൽ തന്റെ വാക്ക് കേൾക്കാൻ ആരുമുണ്ടായിരുന്നില്ല…..

കഞ്ചാവ് പിടിച്ച ആ രണ്ട് പേരെയും നാട്ടുകാര് തന്നെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി…..

നിന്നെ കൂടി അവരോടൊപ്പം പറഞ്ഞയക്കേണ്ടതായിരുന്നു….

അമ്മാവൻ കണ്ണുകളിൽ കനൽ നിറച്ചത് പറയുമ്പോൾ താനൊരു ജീവച്ഛവം പോലെ അങ്ങനെയിരുന്നു…..

അപ്പോഴേക്കും തല്ലി കൊണ്ടിരുന്ന ബെൽറ്റ്‌ ഇനിയും വയ്യെന്ന പോൽ അമ്മാവന്റെ കയ്യിൽ നിന്ന് തെറിച്ചു പോയിരുന്നു….

ദേഹമാസകലം നീറ്റലനുഭവപ്പെട്ടു…..

പതിയേ ആ തിണ്ണയിലേക്കിരുന്നു….

തന്നെയോർത് കരയാൻ ആരുമില്ല…..

ചുറ്റും നിൽക്കുന്നവരിൽ ചിലർക്ക് സന്തോഷം ചിലർക്ക് ദേഷ്യം……

പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയില്ലെന്നേയുള്ളു….

എല്ലാവർക്ക് മുമ്പിലും ഞാനൊരു മോശപ്പെട്ടവളായി…..

കള്ളും കഞ്ചാവുമായി നടക്കുന്ന വരൊന്നും നമ്മുടെ നാട്ടിൽ വേണ്ടാ….
ഇവിടെയുള്ള പെൺകുട്ടികളെ കൂടി വഴി തെറ്റിക്കാൻ…..

ഓഹ്…. എങ്ങനെയിരുന്ന കൊച്ചാ പഠിക്കാൻ പോയതിന്റെ ഗുണം….

ആരെങ്കിലും കണ്ടാൽ പറയുമോ ഇതിന്റെ കയ്യിൽ ഈ വക പരിപാടിയോക്കെ ഉണ്ടെന്ന്….

അടക്കം പറച്ചിലുകൾ തനിക്ക് കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു…..

ഒരു തെറ്റും ചെയ്യാതെ ഇത്രയൊക്കെ കേൾക്കേണ്ടി വരിക യെന്ന് പറയുമ്പോൾ….

അവളുടേ കണ്ണുകളിലെ കണ്ണു നീർ പോലും വറ്റിയിരുന്നു……

അഭി ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു….

അവളില്ലായിരുന്നെങ്കിൽ അവളുടേ സ്ഥാനത് താനാകുമായിരുന്നു….

തിണ്ണയിലിരിക്കുന്ന ശ്രീ ബാലയെ ഒരു ചിരിയോടെ അഞ്ജന നോക്കി നിന്നു….

അതോടെ പഠിത്തം നിർത്തി……
വീട്ടിൽ നിന്ന് പുറത്ത് പോലും ഇറങ്ങാത്ത സമയങ്ങൾ…..

ആരോടും മിണ്ടാൻ പോലും തോന്നിയിരുന്നില്ല….

ആരൊക്കെയോ പെണ്ണ് കാണാൻ വരുന്നു…..
പിന്നീടത് മുടങ്ങിയെന്ന ദേഷ്യം അമ്മാവൻ തന്നെ തല്ലി തീർക്കുന്നു…..

അവളിനിയും ബാധ്യതായി ഇവിടെ നിൽക്കുമോയെന്ന അമ്മായിയുടെ ഭയം അതിലേറെ തന്റെ മേൽ വേദനകളായി വീണു കൊണ്ടിരുന്നു……

അന്നും ഒരാൾ തന്നെ പെണ്ണ് കാണാൻ വന്നിരുന്നു…

കുറച്ച് ദൂരെ നിന്നാണത്രേ….

തന്നോടൊരു വാക്ക് പോലും ആരും ചോദിച്ചില്ല….

ആളേ കണ്ടപ്പോഴേ പേടിയാണ് തോന്നിയത്….

തുണിയും ഷർട്ടുമാണ് വേഷം……
എണ്ണ മയമില്ലാത്ത ചുരുണ്ട മുടി…..
സിഗേററ്റിന്റെ കറ പല്ലിൽ പട്ടിപ്പിടിച്ചിരിപ്പുണ്ട്….
കണ്ണുകൾ ചുവന്നിരിപ്പാണ്..

അടുത്തേക്ക് വരുമ്പോൾ എന്തോ ഒരു മണം തനിക്ക് ശർദ്ദലുണ്ടാക്കുന്നു……

അമ്മാവനെ ധിക്കരിക്കാനോ അനുസരിക്കാനോ കഴിയാത്തൊരു അവസ്ഥ….

അതും അറിഞ്ഞോ അറിയാതെയോ ഒരു തെറ്റും ചെയ്യാതെ….

നിന്റെ കല്യാണം ഉടനെ ഉണ്ടാവും കേട്ടോ…. ആള് നിനക്ക് പറ്റിയ ആള് തന്നെയാടി……

കഞ്ചാവ് കേസിലൊക്കെ പിടിച്ചിട്ടുണ്ടെന്നാ അറിഞ്ഞത്…..

അഞ്ജന തന്റെ അരികിൽ വന്നു ചിരിച്ചു കൊണ്ടത് പറയുമ്പോൾ ഞെട്ടി കൊണ്ടാണവളെ നോക്കിയത്…..

എന്തിനാ…. എന്തിനാണ് നീ…..എന്നേ….
ഒരുപാട് നാളുകൾക്ക് ശേഷം അത് ചോദിക്കുമ്പോൾ വാക്കുകൾക്ക് വിറയൽ സംഭവിച്ചിരുന്നു..

ഈ കുടുംബത്തിൽ ഒരു ഡോക്ടർ മതിയെടി….
അതീ അഞ്ജന മാത്രമായിരിക്കും….

അതും പറഞ് കൊണ്ടവൾ ചിരിക്കുമ്പോൾ നിസ്സഹായയായി നോക്കി നിൽക്കാനെ തനിക്ക് കഴിഞ്ഞുള്ളു……

പക്ഷെ അവളോടുള്ള ദേഷ്യം തനിക്ക് നിലക്കുന്നുണ്ടായിരുന്നില്ല….

അടുത്തിരുന്ന മരത്തിന്റെ ടീ പോയ്‌ വലിച്ചു താനവളുടെ കാലിലേക്കിട്ടു…..

പെട്ടെന്നായത് കൊണ്ട് പ്രതികരിക്കാൻ പോലും അവൾക്ക് കഴിഞ്ഞില്ല…..

അവളുടേ ഉറക്കെയുള്ള കരച്ചിൽ കേട്ട് എല്ലാവരും ഓടി വന്നു…..

അന്നും അമ്മാവൻ പൊതിരെ തല്ലി……

അവളെ ഉപദ്രവിച്ചതിൽ തനിക്ക് സങ്കടമൊന്നും തോന്നിയില്ല….. കാരണം അവൾ തന്നേ ചെയ്തത് വെച് നോക്കുമ്പോൾ അവൾ ഇതിന്റെ ഒരു നൂറു മടങ് അർഹിക്കുന്നുണ്ട്….

അന്നൊരു മുദ്ര പേപ്പറുമായി അമ്മാവൻ എന്റെ അരികിലേക്ക് വന്നു…..

അതേ…. അമ്മാവന് തന്നോടുള്ള ദേഷ്യത്തിന്റെ ഉറവിടം അറിഞ്ഞത് അപ്പോഴായിരുന്നു…..

മുത്തശ്ശി ഈ വീട് തനിക്കേഴുതി വെച്ചിട്ടാണ് പോയിരിക്കുന്നത്….

അത് അവർക്ക് വേണം….
അതിന് വേണ്ടിയാണത്രേ അന്നാ കേസിൽ എന്നേ പെടുത്താതെ രക്ഷിച്ചത്…

മുത്തശ്ശിയുറങ്ങുന്ന ആ മണ്ണ് ആർക്കും കൊടുക്കില്ലെന്ന് മനസ്സ് പറയുമ്പോഴും തനിക്കിനിയും അവിടെ നിൽക്കാൻ കഴിയില്ലെന്ന് അറിയുന്നത് കൊണ്ട് തന്നെ ഒപ്പിട്ട് കൊടുത്തു….

അന്ന് രാത്രി താനൊരുപാട് ആലോചിച്ചു…..

ഒരു തെറ്റും ചെയ്യാതെ അയാളെ പോലൊരാളെ വിവാഹം കഴിച് ജീവിക്കാൻ താൻ കാണിക്കുന്ന ധൈര്യത്തോളം ആവശ്യമില്ല ഇവിടെ നിന്നെങ്ങോട്ടെങ്കിലും രക്ഷപ്പെടാനെന്നു തോന്നി….

അന്ന് പുലർച്ചെ അവിടെ നിന്നും വണ്ടി കയറി….

എവിടെ പോകാണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാത്ത അവസ്ഥ…..

അവസാനം തന്റെ കൂട്ടുകാരി ദൃശ്യയുടെ അടുത്തേക്കെത്തി..

അവളാണ് കൂടെ താമസമൊരുക്കി തന്നത്…..

പഠിപ്പ് തുടരാൻ ഒരു വഴിയും ഇല്ലാത്തത് കൊണ്ട് തന്നെ ഒരു ജോലി ശെരിയാക്കാൻ തന്നെ കൊണ്ടാവും വിധം ശ്രമിച്ചു……

അപ്പോഴാണ് വീണ്ടും മറ്റൊരു പരീക്ഷണം തന്നിലേക്ക് കടന്ന് വരുന്നത്…..

ജിതിൻ……

അന്ന് കണ്ടതിനു ശേഷം പിന്നെ ഇപ്പോഴാണ് കാണുന്നത്….

റോഡരികിൽ വെച്ച് കണ്ടപ്പോഴേ കൂടെ പോരാൻ കുറെ നിർബന്ധിച്ചു…

താൻ പെട്ടെന്നവിടെ നിന്നും ഓടിയൊളിച്ചു….

താൻ വീട്ടിൽ നിന്നിറങ്ങിയ വിവരം അഭി പറഞ് അറിഞ്ഞിട്ടോ എന്തോ അവൻ തന്നെ വിടാതെ പിന്തുടർന്നു….

പോകാൻ ഒരിടവുമില്ലാത്തത് കൊണ്ട് തന്നെ അവന് കിട്ടുമെന്നുള്ള തോന്നലിലായിരിക്കാം ഒരു പക്ഷെ….

അവനിൽ നിന്ന് ഒളിഞ്ഞും മറഞ്ഞും നടന്നു…..

എന്നാൽ അവൻ തന്റെ താമസ സ്ഥലം കണ്ട് പിടിച്ചത് കൊണ്ട് തന്നെ താനവിടെയില്ലാത്ത നേരം അവിടെ പോയി ദൃശ്യയെ ഉപദ്രവിച്ചു മുറിയാകെ അലങ്കോലപ്പെടുത്തിയിരുന്നു….

തന്നെ അവന് കിട്ടുന്നത് വരെ ഇത് തന്നെ തുടരുമെന്ന് അവൻ പറഞ്ഞത് ആശുപത്രിയിലായിരുന്ന ദൃശ്യയെ കാണാൻ പോയപ്പോഴാണ് താനറിയുന്നത് ….

എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ….

താൻ കാരണം അഭയം തന്നവർക്ക് കൂടി പ്രശ്നമായത് കൊണ്ട് മരിക്കണോ എന്ന് വരെ ചിന്തിച്ച നേരത്താണ് തനിക്ക് നേരെ ദൈവ ധൂതനെ പോൽ അയാൾ കടന്നു വരുന്നത്…..

എസ് പി ഗ്രൂപ്പിലെ വാക്കൻസിയിലേക്ക് താല്പര്യമുണ്ടെങ്കിൽ ഓഫീസിലേക്ക് വരാമെന്നും പറഞ്ഞയാൾ പോകുമ്പോൾ ദൈവം അയാളെ നേരിട്ട് പറഞ്ഞയച്ചതാണെന്ന് ഒരു നിമിഷം തോന്നിപ്പോയി…

അതാണ്‌…. മറ്റൊന്നും ചിന്തിക്കാതെ വന്നത്…..

ജിതിന്റെ കണ്ണിൽ പെടാത്ത ഒരിടം തനിക്ക് വേണമായിരുന്നു…..

അവൻ തന്നെ തിരഞ്ഞെതുന്ന നിമിഷത്തിൽ നിന്നും ഞാൻ കര കയറിയത് ഇവിടെ വന്നതിനു ശേഷമാണ്….

അവൾ പറഞ്ഞു നിർത്തുമ്പോൾ ആ കണ്ണുകളിൽ നിന്ന് നീർ മുത്തുകൾ അടർന്നു വീണു….

സായു ഒരു നിമിഷം അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു.

അവനവളോട് എന്തെന്നില്ലാത്ത സഹതാപം തോന്നി….

അവൾ കരയുമ്പോൾ തന്റെ കണ്ണുകളും നിറഞ്ഞു വരും പോലെ….

അവൻ തിരിഞ്ഞു നിന്ന് കണ്ണുകൾ അമർത്തി തുടച്ചു……

അവനെന്നല്ല ഒരുത്തനും എന്റെ സമ്മതമില്ലാതെ ഇനി നിന്നെ കൊണ്ട് പോകില്ല….
അതിനു ഞാൻ മരിക്കണം….

സായു പെട്ടെന്ന് അവൾക്ക് നേരെ നിന്ന് അവളുടേ തോളിൽ കൈ വെച്ചാണത് പറഞ്ഞത്…..

അവളുടേ കണ്ണുകൾ അവനിലുള്ള വിശ്വാസത്താൽ തിളങ്ങി….

അവൻ പിന്നീടൊരു വാക്കിനിടം കൊടുക്കാതെ മുറി വീട്ടിറങ്ങിയിരുന്നു…..

അതേ….. മരണം വരെ എന്ന വാക്കേ അവൾക്ക് കൊടുക്കാൻ കഴിയു…..

അതിലപ്പുറം പ്രതീക്ഷ കൊടുത്ത് ഇനിയും ആ പാവത്തിനെ വേദനിപ്പിക്കാൻ വയ്യ…

തന്റെ അസുഖം തന്നിലില്ലായിരുന്നെങ്കിൽ… രക്ഷപ്പെടാൻ അവസരം കുറവാകുമായിരുന്നില്ലെങ്കിൽ ഇന്ന് തന്നെ കുടുംബ ക്ഷേത്രത്തിൽ പോയി താനവളുടെ കഴുത്തിൽ ഒന്ന് കൂടി താലി കെട്ടുമായിരുന്നു…..

ഇത് വരെ അനുഭവിച്ച സങ്കടങ്ങളിൽ നിന്നെല്ലാം അവളെ താൻ കര കയറ്റുമായിരുന്നു…

ഇത് വരെ അവൾ സ്വപ്നം പോലും കാണാത്ത അത്രയും മനോഹരമായൊരു ജീവിതം അവൾക്ക് താൻ വെച്ചു നീട്ടുമായിരുന്നു…..
പക്ഷെ…

തനിക്കതിനിന്ന് കഴിയില്ല…..

എങ്കിലും തന്റെ അവസാന ശ്വാസം അകലും വരെ അവൾക്ക് കാവലായി ഞാനുണ്ടാകും…

അവന്റെ കണ്ണുകൾ എന്തിനോ നിറഞ്ഞു വന്നു……

ശ്രീ ബാലയും വല്ലാത്തൊരു അവസ്ഥയിലായിരുന്നു……

അവനില്ലാത്തൊരു ജീവിതം തനിക്കിനി ഊഹിക്കാൻ പോലും കഴിയാത്തത്ര അവനിലേക്ക് ലയിച്ചു പോയിരിക്കുന്നു….

പക്ഷെ അവനെ പോലൊരാളെ ആഗ്രഹിക്കാനുള്ള അർഹത തനിക്കുണ്ടോ…..

ഏത് നിമിഷവും അവനിൽ നിന്നിറങ്ങി പോകേണ്ടി വരുന്നവളാണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കേണ്ടിയിരിക്കുന്നു….

അവളുടേ ഉള്ളം നീറി പുകഞ്ഞു……

തുടരും…..