രചന – ആയിഷ അക്ബർ
പവിയുടെ വാക്കുകൾ പ്രഭയിലുണ്ടാക്കിയ അസ്വസ്ഥത ചെറുതായിരുന്നില്ല….
ഇത്രയും വർഷത്തെ ദാമ്പത്യം നിമിഷ നേരം കൊണ്ട് മുറിച് മാറ്റുകയാണവൾ…..
ഇത്രയും വർഷത്തെ തന്റെ മനസ്സിന്റെ പ്രയാസങ്ങൾ സഹിച്ചിരുന്നത് അവൾ കൂടിയായിരുന്നിരിക്കാം….
എങ്കിലും അവളൊരിക്കലും പോകില്ലെന്നൊരു വിശ്വാസം എന്തോ തന്നിൽ നിറഞ്ഞു നിന്നിരുന്നു….
അത് തന്നെയായിരിക്കാം ഒരു പക്ഷെ തന്റെ ദേഷ്യങ്ങളെല്ലാം അവൾക്ക് മേൽ തീർത്തതും…..
അയാൾ തലക്ക് കൈ വെച്ചങ്ങനെ നിന്നു….
അവൾ…. അവൾ പോയാൽ താനൊറ്റക്കല്ലേ….
പുറമെ യുള്ള കർക്കശക്കാരനായ പ്രഭയേക്കാൾ എല്ലാവരെയും സ്നേഹിക്കുന്ന ഒരു പ്രഭയുണ്ടെന്റെ യുള്ളിൽ….
ചുറ്റുമുള്ളവരോടുള്ള ദേഷ്യം തന്നെ മാറ്റി എടുത്തതാണ്…..
ഒരിക്കൽ സ്നേഹിക്കപ്പെടും എന്ന് കരുതി ഒരു പക്ഷെ അവൾ കാത്തിരുന്നതാവാം….
എങ്കിലും ഇത്ര പെട്ടെന്ന് മാറ്റി ചിന്തിക്കാൻ തക്ക കാരണമെന്തായിരിക്കും…..
ചിന്തകൾ അയാളുടെ തലയുടെ ഭാരം കൂട്ടി….
എങ്കിലും അവൾക്ക് മുമ്പിൽ താഴ്ന്നു കൊടുക്കാൻ മനസ്സനുവദിച്ചിരുന്നില്ല…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഭക്ഷണം കഴിക്കുമ്പോഴും മറ്റും അയാൾ സദാ ഗൗരവത്തിൽ തന്നെയായിരുന്നു…..
എന്തെങ്കിലും ഭാവ മാറ്റം ആ മുഖത്ത് വന്നിരുന്നെങ്കിലെന്ന് പവി അതിയായി ആഗ്രഹിച്ചിരുന്നു…..
താൻ മാറാൻ ശ്രമിക്കാം എന്നൊരു വാക്ക്….
അതുമല്ലെങ്കിൽ പതിവില്ലാത്തൊരു പുഞ്ചിരി……
എന്തെങ്കിലുമൊന്ന് തന്റെ മനസ്സയാളിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്….
കാരണം…… തന്നെ വെറുക്കുമ്പോഴും താൻ അയാളെ സ്നേഹിച്ചു പോയിരുന്നു…..
അയാളുടേ ദേഷ്യവും വാശിയുമെല്ലാം തന്റെ ജീവിതത്തിന്റെ കൂടി ഭാഗമായിരിക്കുകയായിരുന്നു…..
അത് കൊണ്ട് തന്നെയാവം ഇത്രയും വർഷങ്ങൾ തന്റെ ജീവിതം പ്രയാസത്തോടെ കടന്നു പോയത്……
ബാല പറഞ്ഞത് തന്നെയാ ശെരി…..ഇനി ആരുടേയും പരിഗണനക്ക് കാത്തു നിൽക്കാതിരിക്കുന്നത് തന്നെയാ നല്ലത്…..
ചിന്തകളെ തടഞ്ഞു വെക്കുമ്പോഴും മനസ്സിനെ പറിച്ചെടുക്കാൻ വല്ലാത്ത പ്രയാസമായി തോന്നിയവർക്ക്….
മ്യുച്വൽ ഡിവോഴ്സ് മായി മുമ്പോട്ട് പോകാമല്ലോ അല്ലേ….
എനിക്ക് സായു വന്ന ഉടനെ ഇതിനെ കുറിച് സംസാരിക്കാനാണ്….
പ്രഭ കിടക്കാൻ മുറിയിലേക്ക് വന്നപ്പോഴാണ് പവിയത് പറഞ്ഞത്…..
അയാളൊന്നും പറയാതെ വന്ന വഴിയേ പുറത്തേക്ക് പോയി……
പിനീടങ്ങോട്ട് അയാളുടെ പെരുമാറ്റത്തിൽ
എന്തെങ്കിലും ചോദിച്ചാലും തിരിച്ചു തരുന്ന മറുപടി അല്പം ശാന്തമായിരുന്നു….
ഒരു പക്ഷെ ഇനി അധികം മുന്പോട്ടില്ല എന്ന് കരുതിയാവാം…..
എന്നാൽ തന്നോടെന്തെങ്കിലും അയാൾ പറയാൻ ശ്രമിക്കുന്നുണ്ടോ എന്നവർ തിരഞ്ഞെങ്കിലും നിരാശ യായിരുന്നു ഫലം…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ബാല യുടെ മിഴികൾ ഓരോ നേരവും പടിപ്പുരയിലേക്ക് നീണ്ടു പോയി…..
അവന്റെ കാറ് അത് വഴി വരുന്നുണ്ടോയെന്നവൾ തിരിഞ്ഞു കൊണ്ടിരുന്നു….
അന്ന് വിളിച്ചതിനു ശേഷം പിന്നെ അവന്റെ ഫോൺ തനിക്ക് കിട്ടിയിട്ടില്ല….
മുത്തശ്ശിക്ക് അവൻ വിളിക്കാറുണ്ടെങ്കിലും തിരക്കാണെന്ന് പറഞ് വെക്കാറാണ് പതിവ്….
എന്നോട് ഒന്നും പറയാനില്ലെന്ന് കരുതിയാവും ഒരു പക്ഷെ…..
അല്ലെങ്കിലും എന്നോട് സംസാരിക്കാൻ മാത്രം അവന് ഞാൻ ആരാണ്….
ആരുമല്ല….
അവന്റെ കൂടെ നിൽക്കാൻ പോലും യോഗ്യത യില്ലാത്തവളാണ്…..
പക്ഷെ എന്നിട്ടും എന്റെ മനസ്സെന്തിനാണ് അവന് പിറകെ പായുന്നത്…..
തിരികെ കിട്ടുക കുന്നോളം ദുഖമാണെന്നറിയെന്നിരിക്കെ വീണ്ടും അവനെ ആഴത്തിൽ പ്രണയിക്കുന്നതെന്തിനാണ് ….
എത്ര നോക്കില്ലെന്നുറപ്പിച്ചിട്ടും അവളുടേ കണ്ണുകൾ ജനാല വഴി ആ പടിപ്പുരയിലേക്ക് തന്നെ നീണ്ടു പോയി….
ഈ മുറിയിൽ നിന്നാൽ പടിപ്പുരക്കപ്പുറം വയൽ കാണാം….
നെൽകതിരുകൾ വിളഞ്ഞു നിൽക്കുന്ന വയലിന്റെ വരമ്പിലൂടെ കുട്ടികൾ കളിക്കാനോടുന്നുണ്ട്…
ഒരിളം തെന്നൽ അവിടമാകെ വീശിയടിക്കുന്നുണ്ട്…..
ഇവിടുത്തെ അന്തരീക്ഷം പോലെ തന്നെയാണ് ഇവിടെ വന്നതിനു ശേഷം തന്റെ മനസ്സും…..
സുന്ദരമായ ഒരുപാട് ചിത്രങ്ങളെ പേറുന്നുണ്ട്…..
അതിലേറ്റവും ഹൃദ്യത്തിലേറ്റി വെച്ച മുഖം അവന്റേത് തന്നെയാണ്….
കാതുകളിൽ മുഴങ്ങി കേൾക്കുന്നതെപ്പോഴും അവന്റെ ശബ്ദമാണ്..
കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നതെപ്പോഴും അവന്റെ പുഞ്ചിരിയാണ്…
അവനെ കാണാൻ ആഗ്രഹം നിറയുന്നതോടൊപ്പം നെഞ്ചിലെന്തോ ഒരു പ്രയാസം തങ്ങി നിന്നു….
അവളുടേ കണ്ണുകളപ്പോഴും ആ പടിപ്പുര വിട്ട കന്നിട്ടില്ലായിരുന്നു…
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഭഗവാനെ തൊഴുതു മനസ്സിലുള്ളതെല്ലാം പറഞ്ഞു തീർക്കും വരെ പവി കണ്ണുകൾ തുറന്നിരുന്നില്ല…..
തന്റെ തീരുമാനങ്ങൾ നടത്തിയെടുക്കാൻ ശക്തി തരാൻ അവർ മനസ്സുരുകി പ്രാർത്ഥിച്ചു….
ബാല നിസ്സംഗമായി അവരെ നോക്കി നിന്നു…..
തൊഴുതു കഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോഴാണ് ആൽ തറയിൽ നിൽക്കുന്ന ആളേ പവി കണ്ടത്….
അവരുടെ മുഖത്തെ പെട്ടെന്നുണ്ടായ ഞെട്ടൽ കണ്ടതും ബാല ആ വശത്തേക്കൊന്ന് നോക്കി…..
അതേ…. പൂജയുടെ അന്ന് ഇവിടെ വെച്ച് കണ്ട ആ സ്ത്രീയാണ്…..
പവി ദയനീയമായി അവളെയൊന്നു നോക്കി…
അവളോടെന്ത് പറയണമെന്നറിയാതെ അവരൊന്നു വിയർത്തു…..
ഇവരാണോ നിങ്ങൾക്കിടയിലെ അകൽച്ചക്ക് കാരണം….
തന്നോട് അമ്മക്കത് പറയാൻ ബുദ്ധിമുട്ടാണെന്ന് തോന്നി തന്നെയാണ് അവൾ അവളുടേ സംശയം പ്രകടിപ്പിച്ചത്…..
മ്മ്…..
അവർ പെട്ടെന്ന്വേ അവളിലേക്കൊന്ന് നോക്കി….. പിന്നെ പതിയേ ഒന്ന് മൂളുക മാത്രം ചെയ്തു….
താൻ പറയാതെ അവൾ ഇങ്ങോട്ട് ചോദിച്ചതിൽ അവർക്കല്പം ആശ്വാസം തോന്നിയിരുന്നു….
അതേയ്…..
അവർ ഭദ്രയെ കാണാത്തത് പോൽ പോകാനൊരുങ്ങിയതും തങ്ങളെ കാത്തു നിൽക്കുന്നെന്ന വണ്ണം അവരതും പറഞ് കൊണ്ട് അടുത്തേക്ക് വന്നു….
പവിത്രക്ക് …. സുഖമാണോ….
അവരുടെ മുഖത്ത് പോലും നോക്കാതെ നിൽക്കുന്ന പവിയെ നോക്കി അവരത് ചോദിക്കുമ്പോൾ പവി വെറുതെ ഒന്ന് മൂളി…..
ഇത് …സായുവിന്റെ പെണ്ണാണ് അല്ലേ..
ബാലയുടെ കയ്യിൽ മുറുകെ പിടിച്ച പവിയുടെ കയ്യിലേക്ക് നോക്കിയാണ് അവരത് ചോദിച്ചത്….
മ്മ്…..
വീണ്ടും പവിയൊന്ന് മൂളുക മാത്രം ചെയ്തു…..
അവർ ബാലക്ക് നേരെ ഒന്ന് പുഞ്ചിരിച്ചു….
എന്തോ തിരിച്ചവരോട് പുഞ്ചിരിക്കാൻ ബാല പ്രയാസപ്പെട്ടു…..
അവർ തന്നോടൊരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ കൂടി അമ്മയുടെ സങ്കടത്തിനു അവരോരു കാരണമാണ് എന്നൊരു ചിന്തയാവാം ഒരു പക്ഷെ……
ഞാൻ… ഞാനൊരു കാര്യം പറയാനാ പവിയെ കാത്തു നിന്നത്….
ഭദ്ര അത് പറയുമ്പോഴും പവി അവരുടെ മുഖത്തേക്ക് നോക്കിയതേയില്ല….
ഞാനും…. പ്രഭേട്ടനും….. പണ്ടൊരു ഇഷ്ടമുണ്ടായിരുന്നെന്നത് ശെരി തന്നെ….
പക്ഷെ ഇന്ന് ഞങ്ങൾ രണ്ട് പേരും രണ്ട് ദിശ യിൽ സഞ്ചരിക്കുന്ന വള്ളങ്ങളാണ്…..
ഒരിക്കലും കൂടി ചേരാനാവാത്ത പോൽ….
അവരത് പറഞ് നിർത്തുമ്പോൾ ഇതെന്തിനിപ്പോൾ തന്നോട് പറയുന്നു എന്നൊരു ചിന്ത പവിയിൽ ഉണ്ടായിരുന്നെങ്കിൽ കൂടി അവരൊന്നും ചോദിച്ചില്ല….
ഇത്ര വർഷം ഇതറിഞ്ഞിട്ട് തന്നെയല്ലേ പവി പ്രഭേട്ടന്റെ കൂടെ ജീവിച്ചത്….
പിന്നെന്താ ഇപ്പൊ പെട്ടെന്ന് പിരിയുകയാണെന്നൊക്കെ….
ഭദ്ര പെട്ടെന്നത് ചോദിച്ചതും പവി ആകെ തകർന്നു പോയിരുന്നു….
താനും പ്രഭേട്ടനും മാത്രമേ അങ്ങനൊരു കാര്യം സംസാരിച്ചിട്ടുള്ളു….
ബാലക്കും അറിയാമെന്നു മാത്രം……
ബാല പറഞ്ഞോരിക്കലും ഭദ്ര ഇതറിയില്ല…. താനും പറഞ്ഞിട്ടില്ല…..
അപ്പൊ പിന്നെ……
അവരുടെ നെഞ്ചോന്ന് നീറി…..
എല്ലാം താൻ നേരിടണമെന്നൊരു ധൈര്യം അവരിൽ നിറഞ്ഞു നിന്നു….
ബാല ക്കും വല്ലാത്തൊരു പ്രയാസം തോന്നിയിരുന്നു….
അവൾ അവരെയൊന്നു നോക്കി…..
ഇത്ര വർഷം എന്നെങ്കിലും സ്നേഹിക്കുമെന്ന് കരുതി കാത്തിരുന്നു….
ഇനി വയ്യെന്ന് തോന്നി…. അത് കൊണ്ട് മാത്രം….
അല്ലാതെ ഭദ്ര ഇടയിലുള്ളത് കൊണ്ടൊന്നുമല്ല…..
പിന്നെ ഇന്ന് വരെ എന്നോട് നേരെയൊന്ന് സംസാരിക്കാത്ത ആള് ഞങ്ങൾ രണ്ട് പേരും മാത്രം അറിഞ്ഞ ആ കാര്യം നിങ്ങളിൽ എത്തിച്ചിട്ടുണ്ടെങ്കിൽ പിന്നെ ഞാൻ പിരിയുന്നത് തന്നെയല്ലേ അതിന്റെ ശെരി….
പവി അത്രയും ഗൗരവത്തോടെ അത് പറഞ്ഞതും ഭദ്രയുടെ മുഖമാകെ മാറി പ്പോയിരുന്നു….
ബാലക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി….
ഇങ്ങനെയൊരു മുഖമായിരുന്നു അമ്മക്ക് വേണ്ടതെന്നവൾ ഓർത്തു..
അയ്യോ….. അത് പവി വിചാരിക്കും പോലെയല്ല….
പ്രഭ വർഷങ്ങൾക്ക് ശേഷം എന്നേ കണ്ട് സംസാരിച്ചതിന്നലെയാണ്..
അതും…. ഞാൻ കാരണം അവന്റെ ഭാര്യ പിരിഞ്ഞു പോകുകയാണെന്ന് കുറ്റപ്പെടുത്താൻ……
ഭദ്ര അത് പറഞ്ഞു നിർത്തിയതും നടന്ന് തുടങ്ങിയ പവി ഒരു നിമിഷം ഒന്ന് നിശ്ചലയായി…..
ഭദ്ര യുടെ മുഖത്ത് നിറഞ്ഞു നിന്നത് ഒരു തരം പുച്ഛമായിരുന്നു…..
പവി……
ഞങ്ങൾ സ്നേഹിച്ചിരുന്നു എന്നത് ശെരി തന്നെ….
വിവാഹം ഒരിക്കലും നടത്തി തരില്ലെന്ന് പറഞ്ഞ അവന്റെ വീട്ടുകാരോടുള്ള അമർഷം അവനൊരു പക്ഷെ നിന്നോട് തീർത്തതാവാം…..
അവർ കണ്ടെത്തിയ പെണ്ണായതായിരിക്കാം അവന് നിന്നിൽ കണ്ട കുറവ്…..
അവനെ ഓർത്തു തന്നെയാണ് ഞാൻ വിവാഹം കഴിക്കാതിരുന്നത്……
എന്നാൽ ഈ നാല്പത്തുകളിൽ മറ്റൊരു പെണ്ണിന്റെ കെട്ട് താലി പൊട്ടിച്ചു അവനെ സ്വന്തമാക്കാനൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല….
ഇനി ഉണ്ടെങ്കിൽ തന്നെ പ്രഭക്കതിനു കഴിയില്ല….
ഇന്നലെ എന്നോടൊരുപാട് സംസാരിച്ചു….
നമ്മൾ തമ്മിൽ ബന്ധമൊന്നുമില്ലെന്നും പവിയോട് ഡിവോഴ്സിൽ നിന്ന് പിൻ മാറാൻ പറയാനും അവൻ എന്നെയാണ് തിരഞ്ഞെടുത്തത്……
ഭദ്ര വേദനയോടെ അത് പറഞ് നിർത്തുമ്പോൾ കേട്ട കാര്യങ്ങളെ വിശ്വസിക്കാൻ കഴിയാതെ പവിയങ്ങനെ നിൽക്കുകയാണ്…..
ഞങ്ങൾ പ്രണയിച്ചിരുന്നിരിക്കാം….
പക്ഷെ അതിനേക്കാൾ ഇത്രയും വർഷം കൂടെ ജീവിച്ച പവിയായിരിക്കാം അവന്റെ മനസ്സിൽ പതിഞ്ഞത്…..
പ്രണയിച്ചു തോറ്റത് ഞാൻ മാത്രമായിരുന്നു…..
ഞാൻ കാമുകി മാത്രമായൊരുന്നെങ്കിൽ നീയവന്റെ കുഞ്ഞിന്റെ അമ്മ കൂടിയാണ്….
പിരിയാൻ വയ്യാത്ത വിധം എന്തോ ഒന്ന് നിങ്ങൾക്കിടയിൽ തീർച്ചയായും ഉണ്ട്…..
ഭദ്ര അതും പറഞ് പവിയുടെ തോളിൽ ഒന്ന് കൈ വെച്ചു….
പിന്നീട് നിറഞ്ഞൊഴുകുന്ന കണ്ണുകൾ അവർ കാണാതിരിക്കാൻ പെട്ടെന്ന് പിന്തിരിഞ്ഞു നടന്നു……
പവിയും ബാലയും ഒരു നിമിഷം അവരെ നോക്കി നിന്നു……
പവി ബാലയെ ഒന്ന് നോക്കി….
ചില ഇഷ്ടങ്ങൾ അങ്ങനെയാ ….
നഷ്ടപ്പെടുമെന്ന് തോന്നുമ്പോഴേ അതിന്റെ മൂല്യം തിരിച്ചറിയൂ……
ഈ കേട്ട കാര്യങ്ങൾ സത്യമാണെങ്കിൽ ഒരു അവസരം കൊടുക്കുന്നതിൽ തെറ്റില്ല…..
ബാല ഒരു ചിരിയോടെ അത് പറയുമ്പോൾ പവി അവളെ തന്നെ നോക്കി നിന്നു……
ബന്ധങ്ങൾക്കിടിയിൽ അവസരം എപ്പോഴും ഏക വചനമാവണം….
അവസരങ്ങൾ എന്നൊരു വാക്കിനിടം കൊടുക്കരുത്….
ഒരു തവണ നൽകുന്ന അവസരം അവരെ നമ്മൾ പരീക്ഷിക്കുന്നതാണ്….
നമുക്ക് പറ്റില്ലെന്ന് തോന്നുമ്പോൾ വീണ്ടും ഇറങ്ങി പോരാവുന്ന അത്ര ദൂരത്തിൽ മാത്രമുള്ളത്…
അതിൽ കൂടുതൽ ഒരു ബന്ധത്തിൽ അവസരങ്ങൾക്ക് സ്ഥാനമില്ല…..
അവസരങ്ങൾ കൊടുക്കും തോറും അതവർക്ക് വീണ്ടും വീണ്ടും തെറ്റ് ചെയ്യാനുള്ള വഴിയേ ആയി തീരു……
ബാല അത് പറഞ്ഞതും പവി എന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
വീട്ടിലെത്തി ഡ്രസ്സ് മാറ്റി ഭക്ഷണം കഴിക്കാൻ ബാല ചെന്നപ്പോഴേക്കും മേശ മേൽ എല്ലാവരുമുണ്ട്….
പ്രഭയെ നോക്കാൻ പവിക്കുള്ള ആ പ്രയാസത്തെ അവളൊരു കുഞ്ഞ് പുഞ്ചിരിയോടെ കണ്ടു……
അവൾ ഭക്ഷണം കഴിച്ചു തുടങ്ങിയതും വയറിൽ നിന്നെന്തോ ഒന്ന് ഉരുണ്ടു കൂടും പോലെ അവൾക്ക് തോന്നി…..
അത് അന്നനാളം വഴി പുറത്തേക്ക് വരുന്നത് പോലെ തോന്നിയതും ബാല വാ പൊത്തി പിടിച്ചു കൊണ്ട് പുറത്തേക്കൊടിയിരുന്നു..
മേശ മേലിരിക്കുന്ന എല്ലാവരും ഒന്ന് മുഖത്തോട് മുഖം നോക്കി….
പവിയും രേണുവും അവളുടേ പിറകെ ചെന്ന് വെള്ളം കൊടുത്തു….
പ്രഭ ഏറെ വൈകാതെ ഒരു മുത്തശ്ശനാകുമെന്നാ തോന്നുന്നേ…..
ബാലയും പവിയും രേണുവും കൂടി അകത്തേക്കു കയറി വരുമ്പോഴാണ് മുത്തശി ചിരിച്ചു കൊണ്ടത് പറഞ്ഞത്….
പ്രഭ ഒരു നിമിഷം കഴിച്ച് കൊണ്ടിരുന്ന ഭക്ഷണം കയ്യിൽ തന്നെ വെച്ചു നിന്നു……
എന്തോ ഹൃദയത്തിലൊരു തണുപ്പിരചെത്തുന്നത് അയാളറിഞ്ഞിരുന്നു….
മിനുസമേറിയ കുഞ്ഞി വിരലുകൾ തന്റെ ചൂണ്ടു വിരലിൽ മുറുകെ പിടിച്ചത് പോലെ അയാൾക്ക് തോന്നി……
മുത്തശി എഴുന്നേറ്റ് വന്നു ബാലയുടെ മുടിയിൽ തലോടി….
എന്നാൽ മുത്തശ്ശി പറഞ്ഞ വാക്കുകൾ കാതിൽ തറച്ചു നിൽക്കുകയായിരുന്നു ബാല യന്നേരം…..
രേണുവും പവിയും സന്തോഷത്തോടെ അവളെ നോക്കി നിൽക്കുമ്പോഴും അവർക്കിടയിൽ നിൽക്കാൻ പോലും ബാലക്ക് വല്ലാത്ത പ്രയാസം തോന്നിയിരുന്നു…..
താൻ ഗർഭിണിയാണെന്ന കാര്യവും സായുവിന്റെ മുഖവും ഒരുമിച്ച് മനസ്സിൽ തെളിഞ്ഞതും അവൾക്ക് തല ചുറ്റുന്നത് പോലെ തോന്നിയിരുന്നു…..
(തുടരും)

by