23/04/2026

വധു : ഭാഗം 16

രചന – ആയിഷ അക്ബർ

അവൻ മുറിയിലേക്ക് കയറി വാതിലടച്ച ആ നിമിഷം തന്നെ അമർത്തി പിടിച്ചിരുന്ന അവളുടേ കൈ വിട്ടിരുന്നു…..

അവൾ അവനെയൊന്ന് നോക്കി…..

അവൻ അവൾക്ക് നേരെ നോക്കുന്നില്ലെന്ന് മാത്രമല്ല…..

ഞൊടിയിടയിൽ അവന്റെ മുഖത്ത് മാറി മറിഞ്ഞ ഭാവങ്ങൾ അവൾക്ക് തീർത്തും അന്യമായിരുന്നു….

എല്ലാം കൊണ്ടും സൗഭാഗ്യവാനെന്ന് താൻ ധരിച്ച അവന്റെ കണ്ണുകളിൽ ഇരമ്പുന്ന സാഗരത്തെ അവൾ കണ്ട് കഴിഞ്ഞിരുന്നു……

അല്ലെങ്കിലും അവന് നിന്റെ സ്വഭാവമാ…. അഹങ്കാരം…
നല്ല മൂത്തയിനം അഹങ്കാരം…….

അപ്പോഴേക്കും പുറത്തു അയാളുടെ ശബ്ദം ഉയർന്നു കേട്ടിരുന്നു….

അവൾ അത് കേട്ടതും വീണ്ടും അവനെ നോക്കി….

അവൻ നനവൂറിയ മിഴികളോടെ കട്ടിലിലേക്ക് പോയിരുന്നു…..

അപ്പോഴേക്കും മുറിക്ക് പുറത്ത് നിന്ന് ശബ്‍ദം ഉയർന്നു ഉയർന്നു വരുന്നതായി അവൾക്ക് തോന്നി….

അവരും തിരിച്ചു പറയുന്ന ശബ്ദം കേൾക്കാം….

പിന്നീട് രണ്ട് പേരും ശക്തമായി അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞതൊരു കലഹമായി മാറിയിരുന്നു….

അവരുടെ സംസാരം ശ്രദ്ധിച്ചു നിന്ന താൻ ഒരു വേള അവനെ ശ്രദ്ധിക്കാൻ വിട്ട് പോയത് കൊണ്ടാവാം അവൻ രണ്ട് കൈകൾ കൊണ്ടും ചെവി പൊത്തി പിടിച്ചത് താൻ കാണാതിരുന്നത്….

അവൻ കണ്ണുകൾ കൂടി മുറുകെ ചിമ്മി യിട്ടുണ്ട്…

അവന്റെ മുഖം വലിഞ്ഞു മുറുകുന്നതോടൊപ്പം വല്ലാതെ ചുളിയുന്നുണ്ടായിരുന്നു….

അവന്റെ ഭാവത്തിൽ വന്ന മാറ്റങ്ങൾ അവളൊരു ഭീതിയോടെയാണ് നോക്കി കണ്ടത്…….

അവൻ കണ്ണിമ വെട്ടാതെ നോക്കിയിരിക്കുമ്പോൾ പുറത്തെ ബഹളം ശക്തമാകുന്നതിനനുസരിച് അവൻ താഴേക്ക് പെട്ടെന്ന് വീണു പോയിരുന്നു…..

ആ…..
അവൾ അലറി കൊണ്ട് അവനടുത്തേക്ക് ഓടി ചെന്നു……

താഴെ വീണു കിടക്കുന്ന അവൻ….

തന്റെ അലർച്ച പോലും കേൾക്കാത്ത വിധം വഴക്കടിക്കുന്ന അവന്റെ അച്ഛനും അമ്മയും….

എന്താ ചെയ്യേണ്ടതെന്നറിയില്ല….

അവൾ വേഗം എഴുന്നേറ്റ് ടേബിളിൽ വെച്ച ജഗ്ഗിൽ നിന്നും വെള്ളം അവന്റെ മുഖത്തേക്ക് തെളിച്ചു…

അവൻ പതിയേ പതിയേ കണ്ണുകൾ തുറന്നു….

ഏതാ… ഏതാ ഗുളിക….
ഉള്ളിലെ വെപ്രാളത്തിൽ നിന്നും ഏറി വന്നൊരു കിതപ്പോടെ അവളവനോട് ചോദിച്ചു…..
അന്ന് അവൻ ഇത് പോലെ വീണപ്പോൾ അവന്റെ ജോലിക്കാർ ഗുളികയെടുത് കൊടുക്കുന്നത് താൻ കണ്ടതാണ്…..

അവൻ അലമാരയിലേക്ക് കണ്ണുകൾ കൊണ്ട് ചൂണ്ടി….

അവൾ വേഗം എഴുന്നേറ്റ് അലമാര തുറന്നു….

അതിൽ വെച്ച നീല അടപ്പുള്ള ഒരു പാത്രത്തിൽ നിറയെ ഗുളികകളുണ്ട്…

അവൾ ആ പാത്രവുമായി അവന്റെ അടുത്തക്ക് ഓടി വന്നു…

പതിയെ അവനെ പിടിച്ചെഴുന്നേൽപ്പിചിരുത്താൻ ശ്രമിച്ചു……

അവളൊറ്റക്ക് വിചാരിച്ചാൽ നടക്കില്ലെങ്കിലും അവൻ സ്വയം എഴുന്നേറ്റിരുന്നു…

ആ പാത്രം കയ്യിൽ വാങ്ങി അതിൽ നിന്നും ഒരു ഗുളിക അവനെടുത്തപ്പോഴേക്കും അവൾ വെള്ളം അവന് നേരെ നീട്ടി……

അവൻ അതും വാങ്ങി കുടിച്ചു….

പിന്നെ പതിയേ എഴുന്നേറ്റു കട്ടിലിലേക്ക് കയറി കിടന്നു….

അവനവളെ ശ്രദ്ധിച്ചില്ലെങ്കിലും അവൾ കണ്ണ് വെട്ടാതെ അവനെ നോക്കി നിൽക്കുകയായിരുന്നു….

നിമിഷ നേരത്തെ സംഭവങ്ങളാണെങ്കിലും അവൾ നന്നായി വെട്ടി വിയർത്തിരുന്നു…..

അവന്റെ കണ്ണുകൾ ക്ഷീണം കൊണ്ടെന്ന പോൽ പെട്ടെന്നടഞ്ഞു പോയ്‌…..

കുറച്ച് കഴിഞ്ഞപ്പോഴേക്കും പുറത്തെ കലഹം അകന്നകന്ന് പോയിരുന്നു.

എങ്കിലും അവൾക്ക് പുറത്തേക്ക് പോകാൻ തന്നെ പ്രയാസം തോന്നി….

അവൾ ആ കട്ടിലിനു താഴെയായി അങ്ങനെ ഇരുന്നു…..

അവനെ കുറിച്ചൊരു ആധി ഉള്ളിൽ പടർന്നു തുടങ്ങിയിരുന്നെങ്കിലും എന്റെ ഭാര്യയാണ് എന്ന അവന്റെ ആ വാക്കിൽ അവളുടേ ഹൃദയം അങ്ങനെ കുരുങ്ങി കിടക്കുന്നത് പോലെ അവൾക്ക് തോന്നി…

അവൻ….. തനിക് സ്വന്തമായി കിട്ടിയ ആദ്യത്തെ പുരുഷൻ…

അവളെന്റെ യെന്ന് ആദ്യമായി പറഞ്ഞ പുരുഷനും അവനാണ്…

അച്ഛൻ….
അച്ഛനെ കണ്ട ഓർമ പോലുമില്ല…..

സഹോദരൻ…. അങ്ങനെയും ഒരാൾ തനിക്കില്ല…..

ഇവരെ രണ്ടു പേരെയും മനസ്സ് കൊണ്ട് വല്ലാതെ ആഗ്രഹിച്ച നിമിഷങ്ങളുണ്ടായിട്ടുണ്ട്….

ഒരു ബലത്തിനു…. തോറ്റു പോകുമെന്ന് തോന്നുന്ന സമയങ്ങൾ തനിക്കൊരു താങ്ങിന് വേണ്ടി…..

തന്നെ പ്രയാസപ്പെടുത്തുന്നവരോട് എന്തിനെന്നു ശബ്ദമുയർത്താൻ…..

ഭയന്ന് നിൽക്കുന്ന സമയത്തു തന്റെ കയ്യൊന്ന് മുറുകെ പിടിക്കാൻ…..

ഇത് വരെ അതൊന്നും തനിക്ക് ഒരിക്കലും നടക്കാത്ത സ്വപ്നമായിരുന്നെങ്കിൽ ഇന്നത് നേടിയെടുത്ത ആനന്ദത്തിലല്ലേ തന്റെ ഹൃദയം…..

അവന്റെ അച്ഛനാണെന്ന് മനസ്സിലായെങ്കിലും തന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തപ്പോഴാണ് താനയാളോട് പ്രതികരിച്ചത്…..

ദാരിദ്ര്യവും പ്രയാസവുമാണെങ്കിലും അഭിമാനം വിട്ട് ഇന്ന് വരെ കളിച്ചിട്ടില്ല ശ്രീ ബാല….

എങ്കിലും അയാളുടെ മുഖ ഭാവം മാറിയത് താനല്പം ഭയത്തോടെയാണ് നോക്കി കണ്ടത്…

ഉറഞ്ഞു തുള്ളുന്ന അമ്മാവനെയാണ് തനിക്കോർമ്മ വന്നത്…

ദേഹത്താകെ ബെൽറ്റ്‌ കൊണ്ടുള്ള അടിയുടെ പാടുകൾ നീറുന്നത് പോലെ….

ആ സമയത്താണ് അവൻ തന്നെ ചേർത്ത് പിടിച്ചത്….

ഈ ജന്മം താനാ ഗ്രഹിച്ച അത്രയേറെ താങ് അവനൊരു നിമിഷം കൊണ്ട് തനിക്ക് നൽകി….

അവന്റെ കയ്യിന്റെ ചൂട് ഇപ്പോഴും തന്നിൽ നിറഞ്ഞു നിൽക്കും പോലെ……

അവൻ തനിക്ക് സ്വന്തമല്ലെന്ന് അറിഞ്ഞിട്ട് പോലും തന്റെ ഹൃദയം അവന്റെ പ്രവർത്തിയിൽ ഇത്രയേറെ തുടിക്കുന്നുണ്ടെങ്കിൽ അവൻ തന്റെ സ്വന്തമായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുകയാണോ താൻ…..

അവൾ അല്പ നേരം തല കാലിനു മുകളിൽ വെച്ച് കിടന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അച്ഛാ ….പ്രഭ…. വന്നു അല്ലേ..

മഹേശ്വരൻ അതും ചോദിച് പരിഭ്രമത്തോടെയാണ് അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് വന്നത്….

മ്മ്…. വന്നു…
ആ കുട്ടിയെ കാണാൻ മുകളിലേക്ക് കയറിയതാ….
അപ്പോഴേക്കും ഓടിപ്പിടച്ചു സായു എത്തി….
അവനെങ്ങനെ…..

മുത്തശ്ശി സംശയത്തോടെയാണ് അത് ചോദിച്ചത്…..

അവർ രണ്ട് പേരും കടയുടെ മുമ്പിലൂടെ പോയപ്പോൾ തന്നെ അവനവരെ കണ്ടിരുന്നു…

അപ്പൊ തന്നെ ഞാനിറങ്ങാ വല്യച്ചാ എന്നും പറഞ്ഞോരൊറ്റ പോക്കായിരുന്നു….
എന്താ…. അവർ തമ്മിലെന്തെങ്കിലും…..

വാക്കുകളിൽ ആധി പടർന്നിരുന്നു…..

മുകളിൽ നിന്നെന്തൊക്കെയോ ബഹളം കേട്ടിരുന്നു….
അവർക്കിടയിൽ ഇടപെടാൻ നമുക്ക് അർഹത യില്ലല്ലോ…..

മുത്തശ്ശിയുടെ വാക്കുകൾ ഇടറി….

എന്നിട്ടവരോക്കെ എവിടെ….
അയാൾ അകത്തേക്ക് നോക്കി ചോദിച്ചു…..

പ്രഭയും പവിയും അവരുടെ മുറിയിലേക്ക് കയറിയിരുന്നു….

സായുവും മോളും താഴേക്ക് വന്നിട്ടുമില്ല…..

പ്രഭ…. അവൻ അങ്ങോട്ട് തന്നെ തിരിച്ചു പോകാൻ നിൽക്കുകയാവും….
ഉച്ചക്ക് ഊണിനു നിൽക്കുമോയെന്ന് പോലും അറിയില്ല….
മുത്തശ്ശി പുച്ഛത്തോടെ അതും കൂടി കൂട്ടി ചേർത്തു….

ബാലൻ അകത്തേക്ക് കയറി……

പിന്നേയ്….മഹി ……. അച്ഛന്റെ പിറന്നാളാണ് വരുന്നത്….
സാറിനു ഒഴിവുണ്ടെങ്കിൽ അത് കഴിഞ്ഞിട്ട് പോകാമെന്നൊന്ന് പറഞ് നോക്ക്……

മഹേശ്വരൻ പ്രഭയുടെ അടുത്തേക്ക് പോകാൻ നിൽക്കും വഴി മുത്തശ്ശിയത് പറയുമ്പോൾ പുറമെ പുച്ഛമായിരുന്നെങ്കിലും ആ വാക്കുകളിൽ എത്രത്തോളം ദുഃഖം ഒളിപ്പിച്ചിട്ടുണ്ടെന്ന് അയാൾക്കറിയാമായിരുന്നു…..

മുത്തശ്ശൻ എല്ലാ ഭാരവും ഇറക്കി വെക്കാനെന്ന പോൽ ആ കസേരയിലേക്ക് ചാഞ്ഞു…..

പ്രഭേ…..
മഹേശ്വരൻ വിളിച്ചപ്പോഴേക്കും ആ മുറിയുടെ വാതിൽ തുറക്കപ്പെട്ടു…..

നീ വന്നിട്ട് കുറെ നേരമായോ…..

അയാൾ അല്പം ഗൗരവത്തോടെയാണ് ചോദിച്ചത്…..

മ്മ്….. കുറച്ച് നേരമായി.
നീയെപ്പോ വന്നു….

ആ മുഖത്തെ പിരി മുറുക്കം അയാളെ കണ്ടപ്പോൾ അയഞ്ഞു പോയിരുന്നു….

അല്ലെങ്കിലും ചേട്ടനും അനിയനുമാണെങ്കിലും തങ്ങൾ തമ്മിൽ എപ്പോഴും സുഹൃത്തുക്കളെ പോലെയായിരുന്നെന്ന് അയാളോർത്തു…

തന്റെ വാക്കിനെ മാത്രമേ അവൻ ഇത്തിരിയെങ്കിലും മാനിക്കു…..

ഞാൻ കടയിൽ നിന്ന് ഇപ്പൊ വന്നേ യുള്ളൂ…..
നീ കുറച്ച് ദിവസം ഇവിടെ ഉണ്ടാവുമല്ലോ അല്ലേ…..

കൊണ്ട് പോകാൻ വെച്ച സ്യുട് കേസ് മഹേശ്വരൻ അവിടെ കണ്ടെങ്കിലും പ്രതീക്ഷയോടെ തന്നെയാണ് ചോദിച്ചത്…..

ഇല്ലാ…. ഞാൻ…. ഞാനിപ്പോ ഇറങ്ങും….

അകത്തു മുറിയിൽ ഇരിക്കുന്ന പവി ഇടയ്ക്കിടെ കണ്ണുകളോപ്പുന്നതതും മഹേശ്വരൻ ശ്രദ്ധിച്ചു…..

ഒരുപാട് കാലത്തിനു ശേഷം വന്നതല്ലെടാ….
ഇനി അച്ഛന്റെ പിറന്നാളുണ്ട്…… അത് കഴിഞ്ഞിട്ട് പോയാൽ മതി….

തിരിച്ചൊന്നും പറയേണ്ട എന്നത് പോൽ അയാൾ അത് മാത്രം പറഞ് കൊണ്ട് അവിടെ നിന്നും നടന്നു…….

വല്ലാത്തൊരു ദേഷ്യത്തോടെ പ്രഭയും അങ്ങനെ നിന്നു…..

ഇവിടെ നിൽക്കാൻ തനിക്കൊട്ടും ഇഷ്ടമില്ല….
ഒരിക്കൽ താനത്രയേറെ ആഗ്രഹിച്ചു ഇവിടെ നിൽക്കാൻ….. എന്നാൽ ഇന്ന് താനേറ്റവും വെറുക്കുന്നതും ഈ നാടും വീടും തന്നെയാണ്…..

അതിനേക്കാളേറെ ഇന്ന് സായു വിനെ കുറിച്ചോർക്കുമ്പോൾ….

അയാളുടെ മുഖം വലിഞ്ഞു മുറുകി….

പക്ഷെ മഹി പറയുമ്പോൾ അത് ചെയ്യാതെയിരിക്കുന്നതെങ്ങനെ…..

അത്രത്തോളം തനിക്ക് വേണ്ടി അവൻ ചെയ്തിട്ടുണ്ട്…..

ഓർമകളിൽ അയാളൊന്നു തല കുടഞ്ഞു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹വാതിലിൽ ഒരു മുട്ട് കേട്ടതും അവൾ ഞെട്ടിയെഴുന്നേറ്റു….

അപ്പോഴാണ് ആ ഇരുത്തത്തിൽ താനൊന്ന് മയങ്ങി പോയത് ശ്രീബാല അറിയുന്നതും………

അവൾ വേഗം എഴുന്നേറ്റു….

അപ്പോഴേക്കും ആ മുട്ട് കേട്ടെന്ന പോൽ അവനും മിഴികൾ തുറന്നു…..

അവൾ വേഗം വാതിൽ തുറന്നു…..

ഭക്ഷണം കഴിക്കാൻ വന്നോളൂ രണ്ട് പേരും…..

മുത്തശ്ശി വാതിൽ തുറന്നതും തന്നോടതാണ് പറഞ്ഞത്…..

മറ്റൊന്നും പറയാൻ കഴിയാത്ത ത് പോൽ മുത്തശ്ശിയങ്ങനെ നിൽക്കുകയാണ്…..

എന്തിന്… തന്റെ മുഖത്ത് പോലും നോക്കാൻ അവർക്ക് കഴിയാത്തത് പോലെ….

കട്ടിലിൽ കിടക്കുന്ന അവനെയും ഒന്ന് നോക്കി അവർ തിരിഞ്ഞു നടക്കുമ്പോൾ ആ കണ്ണുകൾ നിറയുന്നത് താൻ കണ്ടിരുന്നു……

അവൾ അവനിലേക്കൊന്നു തിരിഞ്ഞു നോക്കി…..

അവൻ കട്ടിലിൽ എഴുന്നേറ്റിരുന്നിട്ടുണ്ട്…

ഇരു കയ്യും വെച്ച് മുഖമൊന്നു തടവി….

പിന്നെ പതിയേ എഴുന്നേറ്റു….

അടുത്ത അങ്കം ഇനി ഊണ് മേശയിൽ….
വല്ലാത്ത വിശപ്പ്
വാ…. ഭക്ഷണം കഴിക്കാം….

അവൻ ഒരു ചിരിയോടെ അവളോട് അതും പറഞ് നടക്കുമ്പോൾ അവളും അവന് പിറകെ നടന്നു….

പക്ഷെ അപ്പോഴും അവന്റെ ഉള്ളിലെ കെടാതെ കിടക്കുന്ന ആ നൊമ്പരം അവൾക്കളക്കാൻ കഴിഞ്ഞിരുന്നു……

(തുടരും)

ഇനി ഒരു മാസം കഥ ഞാൻ നിർത്തി വെക്കുകയാണ്….
റമദാനിൽ ഞാൻ എഴുതാറില്ല….
നിങ്ങളെ അറിയിക്കാത്തത് കൊണ്ട് മാത്രം ഒരു പാർട്ട്‌ post ചെയ്യുകയാണ്…..