The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ആയിഷ അക്ബർ
ആദ്യത്തെ റിങ്ങിൽ അവൻ ഫോണെടുത്തില്ല….
വീണ്ടും അടിച്ചപ്പോൾ തന്നെയോർത് വേവലാതി പെടുന്ന അവരുടെ മുഖം ആലോചിച്ചതും അവൻ വേഗം ഫോണെടുത്തു….
സായു…..
ആ വിളിയിൽ ഈ ഭൂമിയിലെ മുഴുവൻ വാത്സല്യവും നിറച്ചു വച്ചതായി അവന് തോന്നി…
മുത്തശാ…..
അവനേറെ സ്നേഹത്തോടെ വിളിച്ചു…
നീ കഴിച്ചോ മോനെ….
മ്മ്….
അവനൊന്നു മൂളി….
നീ….. നീ എപ്പോഴാ വരാ….
മറു തലക്കൽ നിന്നുള്ള ആ. ചോദ്യത്തിന് അവൻ നിശബ്ദനായി…..
ഞാൻ മുത്തശ്ശിക്ക് ഫോൺ കൊടുക്കാം….
തന്റെ നിശബ്ദത അവരെ വേദനിപ്പിക്കുന്ന ഉത്തരത്തിന്റെ മറ്റൊരു പതിപ്പാണെന്ന് അറിയുന്നത് കൊണ്ട് തന്നെ അവർ വേഗം ഫോൺ കയ് മാറി…..
സായു….. നീ എപ്പോഴാ വരുന്നത്……
മുത്തശ്ശി ഫോൺ വാങ്ങിയ ഉടനെ ദേഷ്യത്തോടെ അത് ചോദിക്കുമെന്ന് പ്രതീക്ഷച്ചത് കൊണ്ട് തന്നെ അവനൊന്നു ചിരിച്ചു…..
വരാം മുത്തശ്ശി…..
അവൻ അവരുടെ ദേഷ്യം ഷമിപ്പിക്കാനെന്ന വണ്ണം കൊഞ്ചലോടെ പറഞ്ഞു…..
എന്താ നിന്റെ മനസ്സിൽ….
ഞങ്ങൾ രണ്ട് പേരും നിന്നെ വിളിച്ചു വിളിച്ചു ഞങ്ങളുടെ ജീവിതം തീരുമെന്നാണ് തോന്നുന്നത്…..
നീയും നിന്റെ അച്ഛനെ പോലെ ആവുകയാണല്ലോ…..
വിളിക്കാൻ ഞങ്ങളില്ലാത്ത കാലം വരുമ്പോഴേ നിനക്കതിന്റെ വില മനസ്സിലാവു….
ഇടറുന്ന സ്വരത്താൽ അവരത് പറയുമ്പോൾ എല്ലാം കേട്ട് ദൂരേക്ക് നോക്കി മുത്തശ്ശനും ഇരിക്കുന്ന ചിത്രം അവന്റെയുള്ളിൽ ഊറി നിന്നു…..
ഞാൻ…. ഞാൻ വരാം മുത്തശ്ശി….
ചെയ്ത് തീർക്കാൻ കുറച്ച് കാര്യങ്ങളുണ്ട്…..
അതെല്ലാം തീർന്നാലുടനെ വരാം……
പിന്നെ കുറച്ചധികം ദിവസം നിങ്ങളോടൊപ്പം തന്നെ……..
അവനത് പറയുമ്പോൾ അവനെ വിശ്വസിച്ചെന്ന വണ്ണം അവർ നിശബ്ദമായി……
മീനു വിന്റെയും മാളുവിന്റെയും ജാതകം മുത്തശ്ശൻ നോക്കിച്ചിരുന്നു….
നിന്റെ ജാതകാവുമായി രണ്ടും നല്ല പൊരുതമുണ്ട്…
ഇനി നിനക്കാരെ ഇഷ്ടമെന്ന് നീ പറഞ്ഞാൽ മതി……
അതു കേട്ടപ്പോഴേക്കും അവന്റെ മുഖം മങ്ങി……
മുത്തശ്ശി ഭക്ഷണം കഴിച്ചിരുന്നോ……
അവൻ വിഷയം മാറ്റാനെന്ന വണ്ണം അത് പറഞ്ഞപ്പോഴേക്കും മുത്തശ്ശിക്ക് ദേഷ്യം വന്നിരുന്നു…..
ഇല്ലാ…. ഇനി ഞാൻ കഴിക്കുന്നേയില്ല…. നീ വന്നിട്ടേ ഇനി ഞാൻ കഴിക്കു…..
അയ്യോ…. എന്റെ യാശോദ കുട്ടി വെറുതെ വാശിക്ക് നിൽക്കല്ലേ….
അവൻ ചെറു ചിരിയാലത് പറയുമ്പോൾ അവന്റെ കൊഞ്ചലിൽ അവരുടെ ദേഷ്യങ്ങളോരോന്നും കുറഞ്ഞു പോകുമെന്നവനറിയാമായിരുന്നു…….
എങ്കി ശെരി മുത്തശി…. ഞാൻ പിന്നെ വിളിക്കാം കുറച്ച് തിരക്കിലാണ്….
അവനത് പറഞ് കട്ട് ചെയ്യുമ്പോൾ മറു തലക്കൽ നിന്ന് മുത്തശ്ശി എന്തോ പറയാൻ ശ്രമിക്കുന്നതവൻ കേട്ടിരുന്നു……
അവൻ ഫോൺ ബെഡിലേക്കിട്ട് കസേരയിലേക്ക് ചാഞ്ഞു…..
എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട തന്റെ ബാല്യത്തിലേക്ക് വർണങ്ങൾ വാരി വിതറിയത് അവരായിരുന്നു…..
അച്ഛൻ പ്രഭാകരൻ….വല്യച്ഛൻ മഹേശ്വരൻ പിന്നെ മൂന്ന് അപ്പച്ചിമാരും…..
സുധ…. സതി…. സിന്ധു…..
അതാണ് അച്ഛന്റെ കുടുംബം…..
അച്ഛൻ ചെറുപ്പം മുതലേ പഠിത്തത്തിൽ മികച്ചു നിന്നത് കൊണ്ടാവാം പുറത്ത് പോയി പഠിച്ചതും ജോലിനോക്കിയതും….
താൻ കാണുന്നത് മുതൽ അച്ഛനും അമ്മയും വഴക്കാണ്….
അവരൊന്നു സ്നേഹത്തോടെ മിണ്ടുന്നതോ തലോടുന്നതോ ഞാൻ കണ്ടിട്ടില്ല…..
അവർക്കിടയിൽ ഞാനെങ്ങനെ ഉണ്ടായി എന്നതാണ് എന്റെ ഇപ്പോഴത്തെ സംശയം….
അച്ഛന് ഇഷ്ടമില്ലാത്ത കല്യാണം മുത്തശ്ശനു വേണ്ടി സമ്മതിച്ചതാണെന്ന അച്ഛന്റെ വാക്കുകൾക്ക് ഒപ്പത്തിനൊപ്പം നിൽക്കാൻ അമ്മയും ശ്രമിക്കാറുണ്ട്….
രണ്ട് പേരും പരസ്പരം തോറ്റു കൊടുക്കാൻ തയ്യാറല്ല…..
അല്ലെങ്കിലും അവർക്കിടയിൽ എപ്പോഴും തോറ്റു കൊണ്ടിരുന്നത് താനായിരുന്നല്ലോ …..
രണ്ട് പേരും രണ്ട് മുറികളിൽ കയറി ദേഷ്യത്തോടെ കതകടക്കുമ്പോൾ ആ അഞ്ചു വയസ്സുകാരൻ എന്ത് ചെയ്തു എന്നവർ രണ്ട് പേരും ചിന്തിച്ചിരുന്നില്ല..
എന്നിട്ടും ഞാൻ വലുതാകുന്നതിനനുസരിച്ചു എല്ലാം എല്ലാം നിനക്ക് വേണ്ടിയാണ് സഹിക്കുന്നതെന്ന് രണ്ട് പേരും ആവർത്തിച്ചു പറഞ്ഞു….
അമ്മയുടെ കണ്ണു നീരിൽ കുതിർന്നാണ് പലപ്പോഴും താൻ ഉറങ്ങിയിട്ടുള്ളത്…..
സ്വസ്ഥത എന്തെന്നറിയാത്ത ബാല്യം…
എന്തിനാണ് വഴക്കെന്നോ താൻ കരയുന്നതെന്തിനാണെന്നോ പോലും തനിക്കറിയുമായിരുന്നില്ല……
അവധിക്ക് നാട്ടിൽ വരുമ്പോൾ അടക്കാനാവാത്ത സന്തോഷം മനസ്സിനെ അടക്കി വാഴുന്നുണ്ടാവും…
അവിടെ എത്തിയാൽ അച്ഛനും അമ്മയും നല്ല ഭാര്യാ ഭർത്താക്കൻമാരാണ്….
മുറിക്ക് പുറത്ത് മാത്രമാകുമെന്ന് താനൂഹിച്ചു….
അവിടെ ചെന്നാൽ പറ്റുന്നതും അവരിൽ നിന്നകന്ന് നിൽക്കാനാണ് താൻ ശ്രമിക്കാറുള്ളത്….
മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ചൂടേറ്റ് കഥകൾ കേട്ട് സ്നേഹ വാത്സല്യങ്ങളിൽ നനഞു കൊണ്ട് അങ്ങനെ യങ്ങനെ..
വെക്കേഷൻ കഴിയുക എന്നത് തന്നെ സംബന്ധിച്ചു ഏറ്റവും വലിയ ദുഖമായിരുന്നു….
കണ്ണുകളോപ്പി ഞങ്ങളെ യാത്ര യാക്കുന്ന മുത്തശ്ശനെക്കാളും മുത്തശ്ശിയേക്കാളും തന്റെ ഹൃദയം ആർത്തലച്ചു കരയുന്നുണ്ടാവും….
ഒരിക്കൽ ഞാൻ മുത്തശ്ശനോട് ചോദിച്ചു..
ഞാനിനി തിരിച്ചു പോകാതെ ഇവിടെ നിന്നോട്ടെയെന്ന്….
അവിടെ അച്ഛനും അമ്മയും വഴക്കാണെന്ന് പറഞ്ഞതും മുത്തശ്ശൻ അച്ഛനെ വിളിച്ചൊരുപാട് ദേഷ്യപ്പെട്ടു…
അത് കൊണ്ട് തനിക് യാതൊരു കാര്യവുമുണ്ടായില്ല….
ഇനി അങ്ങനെ എന്തെങ്കിലും അവിടെ ചെന്ന് പറഞ്ഞാൽ എന്റെ തനി സ്വഭാവം നീ കാണുമെന്നു പറഞ് അച്ഛന്റെ ദേഷ്യം തന്റെ മേലൊതുക്കി….
അമ്മ തന്നെ ചേർത്ത് പിടിച്ചു കൊണ്ട് കണ്ണു നീരോപ്പുന്നത് കണ്ടിരുന്നു…..
അവരുടെ ദേഷ്യങ്ങളും വാശിയും കണ്ട് വളർന്ന താൻ വലുതാകും തോറും അതിലും വലിയ വാശിക്കാരനും ദേഷ്യക്കാരനുമായി……
തന്നെ നിയന്ത്രിക്കാൻ കഴിയാതെ അച്ഛൻ പാട് പെട്ടു……
അച്ഛനോട് വഴക്കിട്ടു വീട്ടിൽ നിന്നിറങ്ങി പ്പോകുക പതിവായി…..
ആദ്യമൊക്കെ കുറച് ദിവസങ്ങൾ മാറി നിന്നു വീണ്ടും വീട്ടിലേക്ക് വരുമായിരുന്നു…..
പിന്നീടത് മാസങ്ങളായി…. പിന്നീട് വർഷങ്ങൾ….
അതിനിടക്ക് മുത്തശ്ശനെയും മുത്തശ്ശിയെയും മറക്കാൻ തനിക്ക് കഴിഞ്ഞിരുന്നില്ല….
ഇനി താൻ മറന്നാലും തന്നെ അവർ മറക്കുമായിരുന്നില്ല….
ഈ ജീവിതത്തിൽ ആരെങ്കിലും സ്നേഹിക്കാനുണ്ടെന്ന് സ്വയം ആശ്വസിപ്പിക്കാൻ തനിക്കവര് വേണമായിരുന്നു…..
ഇപ്പോൾ വർഷങ്ങൾ കഴിഞ്ഞു എല്ലാവരെയും കണ്ടിട്ട്……
ഇനി അങ്ങോട്ട് ചെന്നാൽ അവർ പിടിച്ച പിടിയാലേ വിവാഹം കഴിപ്പിക്കുമെന്നത് തനിക്കുറപ്പാണ്…..
പണ്ട് അച്ഛനോട് ചെയ്ത തെറ്റ് മുത്തശ്ശൻ തന്നോടും ആവർത്തിക്കും…..
പക്ഷെ വീണ്ടും തന്റെ അമ്മയുടെ സ്ഥാനത് ഒരാളെ കുരുതി കൊടുക്കാൻ തന്റെ മനസ്സനുവദിക്കുന്നില്ല…..
അത് കൊണ്ട് തന്നെയാണ് ഇവിടെ നിന്ന് പോകുമ്പോൾ കൂടെയൊരു പെൺകുട്ടി വേണമെന്ന നിർബന്ധം തനിക്കുണ്ടായത്…..
അവർക്ക് മുമ്പിൽ ഭാര്യയായി അവളെ പരിചയപ്പെടുത്തുന്ന നിമിഷം തന്നെ കുറിച്ചുള്ള അവരുടെ വേവലാതികൾ അസ്തമിച്ചു തുടങ്ങും….
താൻ അവിടെ നിന്ന് പോന്നാലും നല്ല രീതിയിൽ കുടുംബം നടത്തി ഇവിടെ സുഗമായി കഴിയുന്നുണ്ടെന്ന് അവർ കരുതി കോളും….
തന്നെ അത്രയേറെ സ്നേഹിച്ചവർക്ക് ആ സന്തോഷമെങ്കിലും പകരം നൽകിയെ തീരു……
അച്ഛനെ കുറിച് അവർ ആശ്വസിച്ചത് പോലെ ആശ്വസിക്കണമന്ന് തനിക്ക് നിർബന്ധമുണ്ടെങ്കിലും അതിനു വേണ്ടി അമ്മയുടെ സ്ഥാനത് ആരെയും കൽപിക്കാൻ തനിക്ക് കഴിയില്ല……
വിവാഹം എന്ന വാക്ക് തന്നെ തന്നിൽ പടർത്തുന്നതൊരു തരം ഭയമാണ്……
കാതുകളിൽ അച്ഛന്റെയും അമ്മയുടെയും ഉച്ചത്തിലുള്ള വാക്ക് തർക്കങ്ങൾ മുഴങ്ങി….
അവൻ കാതുകൾ രണ്ട് കൈ കൊണ്ടും പൊത്തി പിടിച്ചു…….
കണ്ണുകൾ ഇറുക്കെ ചിമ്മി… പിന്നെ പതിയേ ശരീരം തളർന്നു താഴേക്ക് വീണു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
സാർ……..
അകത്തു നിന്നും വന്ന മനോജ് ഉറക്കെ വിളിച്ചു….
മുറിക്ക് വെളിയിലായി നിന്നിരുന്ന അവളും കേട്ടിരുന്നു ആ വിളി……
അവൾ വേഗം അങ്ങോട്ടേക്കൊടി…..
അപ്പോഴേക്കും അവന്റെ നാല് പുറവും ജോലിക്കാർ കൂടിയിട്ടുണ്ടായിരുന്നു….
അവർ അവന്റെ മുഖത്ത് വെള്ളം തളിച്ചു…..
പ്രയാസപ്പെട്ട മിഴികൾ തുറക്കുന്നവനെയവൾ അവൻ കാണാത്ത വിധം വാതിലിനോട് ചാരി നിന്ന് നോക്കി…..
അവന്റെ കയ്യിൽ എന്തോ ഗുളികയും വെച്ചു കൊടുത്തു കൊണ്ട് ജോലിക്കാർ ഓരോന്നായി വളരേ ലാഘവത്തോടെ പുറത്ത് വന്നു….
ഏയ്… നീയെന്താ ഇവിടെ… നിന്നോട് പുറത്ത് വരരുതെന്ന് പറഞ്ഞിട്ടുള്ളതല്ലേ…..
അടുക്കളയിൽ ജോലിക്ക് നിൽക്കുന്ന സ്ത്രീ എന്ന് തോന്നിക്കുന്ന ആ സ്ത്രീ തന്നെ നോക്കിയത് പറഞ്ഞതും അവൾ വേഗം അകത്തേക്ക് വലിഞ്ഞു…..
എന്താവും അവന് സംഭവിച്ചത്…..
ഒരു സ്ഥിരം കാഴ്ച പോലെ ആരിലും പ്രത്യേകിച്ച് ഭാവ മാറ്റങ്ങളൊന്നുമില്ലാത്തതെന്ത് കൊണ്ടാണ്……
അവൾ ചിന്തകളിലേക്കാണ്ടു പോയി…….
(തുടരും)