18/04/2026

വധു : ഭാഗം 25

രചന – ആയിഷ അക്ബർ

സായു താഴെക്കിറങ്ങി വരുമ്പോൾ വരാന്തയിലെ ജനലഴിയിൽ പിടിച് പവി പുറത്തേക്ക് നോക്കി നിൽക്കുന്നുണ്ട്……

പിറകിൽ അവന്റെ കാൽ പെരുമാറ്റം അറിഞ്ഞതും അവരൊന്നു തിരിഞ്ഞു….

ഒരു നിമിഷം അവനവരെ നോക്കി…..

ഞാൻ ചെയ്തത് അമ്മയുടെ കണ്ണുകൾക്ക് തെറ്റായി പ്പോയോ എന്നൊരു ചോദ്യത്തോടെ…..

അതറിഞ്ഞെന്ന വണ്ണം അവരൊന്നു പുഞ്ചിരിച്ചു…..

പിന്നീട് തല ചലിപ്പിച്ചു കൊണ്ട് അവനെ അടുത്തേക്ക് വിളിച്ചു….

പ്രകടമാക്കാത്ത അമ്മയുടെ സ്നേഹത്തിന്റെ മറ്റൊരു തലത്തെ അവനല്പം കൗതുകത്തോടെ നോക്കി കണ്ടു…..

ഭയമായിരുന്നെനിക്….. നീയും നിന്റെ അച്ഛനെ പോലെ ആവുമോയെന്ന ഭയം…..

അത് പറയുമ്പോൾ ആ കണ്ണുകളിലെ ദുഖത്തിന്റെ ആഴി അവനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു……

എന്നാൽ ഇന്ന് അമ്മക്ക് ആശ്വാസമായി……
ഏത് പ്രതിസന്ധിയിലും നീയവളെ ചേർത്ത് പിടിക്കുന്നത് കാണുമ്പോൾ അമ്മക്ക് വല്ലാത്ത സന്തോഷം തോന്നുന്നുണ്ട്……

എത്ര വേദനിപ്പിച്ചാലും കൂടെയുണ്ടാവും എന്നറിഞ്ഞിട്ടും അല്പം പോലും നോവിക്കാനാവാതെ ഇണയെ ചേർത്ത് പിടിക്കുന്ന ആ ബന്ധമാണ് യഥാർത്ഥ ഭാര്യ ഭർതൃ ബന്ധം……

കലർപ്പില്ലാത്ത പ്രണയത്തിന്റെ നേർ ചിത്രമാണത്…

ആർക്കും ഒന്നിനും നിന്നെ ഞാൻ വിട്ട് കൊടുക്കില്ലെന്ന പരസ്പര വിശ്വാസമാണത്…..

അവരത് പറയുമ്പോൾ ആ കണ്ണുകളിൽ എവിടെയൊക്കെയോ ഒരു നീർ തിളക്കം സ്ഥാനം പിടിച്ചിരുന്നു…..

സായു കണ്ണിമ വെട്ടാതെ അവരെ തന്നെ നോക്കി നിന്നു…

ഇനിയും എന്തെങ്കിലും പറഞ്ഞാൽ കരഞ്ഞു പോകുമെന്ന് തോന്നിയത് കൊണ്ടാവാം തന്റെ തോളിൽ ഒന്ന് തട്ടി അമ്മ അവിടെ നിന്നും നടന്നകന്നത്…..

അമ്മയോടുള്ള അച്ഛന്റെ സമീപനം ഇന്നോളം നൽകിയ എല്ലാ വേദനകളും അമ്മയുടെ വാക്കുകളിൽ തെളിഞ്ഞു നിന്നിരുന്നു…..

ഒപ്പം തന്നോടൊരു ബഹുമാനം പോലെ…

അമ്മയോട് തനിക്ക് അങ്ങേയറ്റം സ്നേഹമാണ്….

പക്ഷെ പ്രകടിപ്പിക്കാൻ കഴിയാത്ത വിധം എന്തോ ഒരു അകൽച്ച യാണ് മനസ് മുഴുവൻ….

അമ്മയുടെ വാക്കുകൾ മനസ്സിൽ ഒന്ന് കൂടി തെളിഞ്ഞു…..

അമ്മ പറഞ്ഞത് വെച്ച് അത്രമാത്രം താനവളെ പ്രണയിക്കുന്നുണ്ടോ…..

പിരിയാനാവാത്ത വിധം മനസ്സിനെ പിടിച്ചു നിർത്തുന്ന ആ ഒരു ശക്തിയുടെ പേരാണോ പ്രണയം…..

അപ്പോഴേക്കും തൊണ്ടക്കുഴിയിൽ നിന്നെന്തൊക്കെയോ ഒരു തടച്ചിൽ വന്നവന് ശ്വാസമെടുക്കാൻ പോലും പ്രയാസം തോന്നി……

അവൻ ഉമ്മറത്തേക്ക് നടന്നു…….

വീട്ടിലെ യുദ്ധങ്ങൾക്കൊടുവിൽ മുത്തശ്ശനും മുത്തശ്ശിയും ഉമ്മറത്തു തന്നെയുണ്ട്……

അവൻ അവർക്കരികിലായി തിണ്ണയിൽ ചെന്നിരുന്നു……

ഒന്നും ചോദിക്കാനോ പറയാനോ കഴിയാതെ അവർക്കിടയിലൊരു നിശബ്ദതയങ്ങനെ കൂട്ട് പിടിച്ചു….

അവരെന്തെങ്കിലും അവളെ കുറിച്ച് ചോദിച്ചാൽ അവളൊരിക്കലും അങ്ങനെ ചെയ്തിട്ടില്ലെന്ന് ഉറപ്പിച്ചു പറയണമെന്ന ചിന്തയോടെ അവനിരുന്നു…..

എന്തെങ്കിലും ചോദിച്ചാൽ ആ ചോദ്യം അവനെ വേദനിപ്പിക്കുമോയെന്ന് കരുതി അവരും നിശബ്ദരായി……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അവന്റെ മനസ്സിലുള്ള കണക്ക് കൂട്ടലുകൾ നടപ്പിലാക്കും വരെ മാത്രമേ തനിക്കിവിടെ സ്ഥാനമുള്ളു എന്ന ആ യാഥാർഥ്യം ഓർക്കുമ്പോൾ തന്നെ ബാലക്ക് വല്ലാത്തൊരു വിങ്ങലായിരുന്നു മനസ്സിൽ…

മുറിയിലിരുന്നാൽ ഇനിയും ഒരോന്ന് ചിന്തിച്ചു കൂട്ടുമെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ അവൾ പതിയേ താഴെക്കിറങ്ങി….

താഴെക്കിറങ്ങുമ്പോൾ ഒരോരുത്തരെയും അഭിമുഖീകരിക്കാൻ അവൾക്ക് വല്ലാത്ത പ്രയാസം തോന്നിയിരുന്നു..

തന്നെ അത്ര മേൽ നിഷ്കളങ്കമായി ഹൃദയത്തിലേക്ക് സ്വീകരിച്ച മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മുഖത്ത് നോക്കാനായിരുന്നു ഏറെ പ്രയാസം…….

എങ്കിലും അവൾ ഉമ്മറത്തേക്കൊന്നെത്തി നോക്കി…

അവൾ വന്നത് സായു കണ്ടിരുന്നു……

വാ…
അവർക്കിടയിലേക്ക് വരാനുള്ള പ്രയാസം അവളുടേ മുഖത്ത് തിരിച്ചറിഞ്ഞത് കൊണ്ട് തന്നെ അവനവളെ അല്പം ഉറക്കെ തന്നെ വിളിച്ചു…

അവൻ വിളിച്ചതും മുത്തശ്ശന്റെയും മുത്തശ്ശന്റെയും കണ്ണുകൾ അവളിലേക്ക് നീങ്ങി…..

അവർക്ക് മുഖം കൊടുക്കാൻ കഴിയില്ലെന്ന പോൽ അവൾ തല താഴ്ത്തി സായുവിന്റെ അരികിലേക്ക് നീങ്ങി നിന്നു…..

അവന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു..

അതേ…. അവൾ അടുത്തേക്ക് വരുമ്പോഴൊക്കെയും തന്റെ ചിറകിൻ കീഴിലേക്കൊത്തുങാനുള്ളൊരു കിളി കുഞ്ഞായവളെ തോന്നുന്നു….

തന്നെ അവളത്ര മാത്രം വിശ്വസിക്കുന്നുവോ…

അതോ ആരുമില്ലാത്ത അവൾക്ക് താങ്ങായി താൻ വേണെമെന്നൊരു ചിന്ത മാത്രമാണോ…..

അവൻ അവളിലേക്കൊന്ന് നോക്കി…

നീളൻ കൺ പീലികൾ തെന്നി കളിക്കുന്നുണ്ട്….

ആ മിഴികൾ തന്നിലേക്ക് നീളുന്നുണ്ട്…. ശേഷം അത് പോലെ താഴേക്ക് പതിപ്പിച്ചവൾ നിൽക്കുന്നു….

ഒപ്പം ശാളിന്റെ ഒരറ്റം കയ്യിൽ പിടിച്ചു തിരിക്കുന്നുണ്ട്……

ദയനീയമായ അവളുടേ ഭാവം കാൻകെ മുത്തശ്ശനും മുത്തശ്ശിയും മുഖത്തോട് മുഖം നോക്കി…

അവർക്കവളോട് എന്തോ ഒരു അലിവ് തോന്നി..

വാക്കുകൾക്ക് ബുദ്ധിമുട്ടിയ ആ സമയത്താണ് രേണു ഒരു പാത്രവുമായി അങ്ങോട്ട് വരുന്നത്……..

മുത്തശ്ശി പെട്ടെന്ന് ആ പാത്രം കയ്യിലേക്ക് വാങ്ങി….

മോൾക്കിഷ്ടമില്ലേ പഴുത്ത മാങ്ങ…..
നമ്മുടെ പിറകിലെ മൂവാണ്ടൻ മാവിലേയാ…. കഴിച് നോക്ക്….

മുത്തശ്ശി ബാലക്ക് നേരെ ആ പാത്രം നീട്ടി പിടിച്ചു കൊണ്ടത് പറയുമ്പോൾ അവരുടെ മുഖത്തേക്ക് നോക്കാനുള്ള ആ പ്രയാസം അവളിൽ നിന്ന് നീങ്ങി അവൾ അവരെ നോക്കി…..

എടുത്തോ…..
മുത്തശ്ശി വീണ്ടുമത് പറയുമ്പോൾ ഒരു ചെറു ചിരി യുണ്ടായിരുന്നു….

കഴിഞ്ഞ ആ കാര്യങ്ങളെ കുറിച്ചു സംസാരിക്കേണ്ടെന്ന വണ്ണമാണോ അവർ തന്നോടത് പറഞ്ഞതെന്ന് അവൾക്ക് സംശയം തോന്നിയിരുന്നു…..

അവൾക്കാ മാങ്ങ കഴിക്കാൻ കഴിഞ്ഞില്ല….
ചുണ്ടോടു ചേർത്തപ്പോഴേക്കും അവളുടേ കണ്ണുകൾ നിറഞ്ഞൊഴുകി….

ഞാൻ……
എന്തൊക്കെയോ അവരോട് പറയണമെന്നുണ്ടായിരുന്നെങ്കിലും വാക്കുകളൊന്നും പുറത്തേക്ക് വരാത്തത് പോലെ…..

മുത്തശ്ശനും മുത്തശ്ശിയും രേണുവും അവളെ തന്നെ നോക്കി നില്കുകയാണ്……

അപ്പോഴാണ് മാളുവും മഹിയും അങ്ങോട്ട് കടന്ന് വന്നത്…..

നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി മുത്തശ്ശനും മുത്തശ്ശിക്കും മുമ്പിൽ നിൽക്കുന്നവളെ കാണുമ്പോൾ ഇത് വരെയുള്ള ആ നിരാശ തെല്ലൊരു സന്തോഷത്തിനിടം നൽകുന്നത് മാളു വളറിഞ്ഞിരുന്നു…..

സായു മുത്തശ്ശി നീട്ടി പിടിച്ച പാത്രത്തിൽ നിന്നും ഒരു കഷ്ണം മാങ്ങ വായിലേക്കിട്ടു…….

എല്ലാവരോടും തുറന്ന് പറയാനുള്ളത് പുറത്തേക്ക് വരാതെ അത്രയേറെ പ്രയാസത്തോടെ വിതുമ്പി നിൽക്കുകയായിരുന്നു ശ്രീ ബാല….

അവളൊരു തെറ്റും ചെയ്തിട്ടില്ല മുത്തശ്ശി…..

അവൾക്ക് പകരം അവനായിരുന്നു സംസാരിച്ചു തുടങ്ങിയത്….

എല്ലാവരുടെയും മിഴികൾ അവനിലേക്ക് നീണ്ടു….

ഇന്നിവിടെ നടന്ന കാര്യങ്ങൾ മനസ്സിൽ വെച്ച് ആരുടെയും മനസ്സ് അവളെ കുറ്റക്കാരിയാക്കരുത്…..

അവൾ തെറ്റ് ചെയ്തിട്ടില്ലെന്ന് അവൾ നിങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ നിങ്ങൾ അവൾക്കത്രയേറെ പ്രിയപ്പെട്ടവരായത് കൊണ്ട് മാത്രമല്ലേ മുത്തശ്ശി…..

സായു ചെറു ചിരി ചാലിച്ചത് ചോദിച്ചതും മുത്തശ്ശി അവളുടേ കയ്യിൽ പിടിച്ചു…..

അതിനു ഞങ്ങളാരും അതൊന്നും വിശ്വസിച്ചിട്ടില്ല കുഞ്ഞേ ….
പിന്നെ ഇനിയും ആ സംഭവം വിവരിച്ചു നിന്നെ സങ്കടപ്പെടുത്തരുതെന്ന് കരുതിയാണ് മൗനം പാലിച്ചത്…….

മുത്തശ്ശി അവളുടേ താടി തുമ്പിൽ പിടിച്ചുയർത്തി അത് പറയുമ്പോൾ നനഞ്ഞ ആ കൺപീലികൾ വിടർന്നതായി സായുവിന് തോന്നി…….

അവൾ മുത്തശ്ശിയുടെ നെഞ്ചിലേക്ക് ചാഞ്ഞു പൊട്ടി കരയുമ്പോൾ സായു അവളെ തന്നെ നോക്കി നിന്നു…..

അതേ…. ഇത് വരെ കണ്ടതിൽ നിന്നും വ്യത്യസ്ഥയായൊരു പെണ്ണ് തന്നെയാണ് തനിക്കവൾ ….

കൂടുതൽ അറിയും തോറും അവളിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലെ….

രേണുവും മഹിയും ഒരു ചിരിയോടെ അവരെ നോക്കി നിന്നു…..

മാളുവിന്‌ എന്തോ വല്ലാത്തൊരു അസ്വസ്ഥത തോന്നി…..

ഇന്നലെ കയറി വന്നോരുതി ഇവരെ ഇത്രത്തോളം സ്വാധീനിക്കാൻ കാരണമെന്തായിരിക്കുമെന്ന് അവൾ ആലോചിച്ചു കൊണ്ടിരുന്നു…..

ഇനി കരച്ചിലൊക്കെ നിർത്തി മാങ്ങ കഴിക്….

മുത്തശി അത് പറഞ്ഞതും ശ്രീ ബാല മാങ്ങ വായിലേക്ക് വെച്ചു…..

മനസ്സ് അത്ര മേൽ ആശ്വാസത്തെ പേറി തുടങ്ങിയത് കൊണ്ടാവാം അത് നാവിനു മേൽ അത്ര മാത്രം മധുരം പടർത്തിയത്…….

അവൾ പതിയേ ഇടം കണ്ണാൽ അവനിലേക്കൊന്ന് നോക്കി…..

ഇന്നവനാണ് തന്റെ ശബ്ദം…..

താൻ മനസ്സിൽ കരുതുന്ന കാര്യങ്ങളെ തിരിച്ചറിയാനുള്ള എന്ത് മാന്ത്രികതയാണ് അവന്റെ പക്കലുള്ളതെന്ന് അവൾക്കത്ഭുതം തോന്നി….

കൂട്ടെന്നോ ഇണയെന്നോ തുണയെന്നോ.. എന്തും അവനെ വിളിക്കാം തനിക്ക്…..

അവൻ കെട്ടിയ താലിയിൽ അവളൊന്ന് മുറുകെ പിടിച്ചു……

എന്തോ ഒരു കുഞ് അഹങ്കാരം അവളെ കീഴ്പ്പെടുത്തും പോലെ….

ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു….

മ്മ്…..?

ഒരു മന്ദഹാസത്തോടെ തന്നെ നോക്കി നിൽക്കുന്നവൾക്ക് നേരെ അവൻ പുരികമുയർത്തി….

അപ്പോഴാണ് തന്റെ മിഴികൾ അവനിൽ പതിഞ്ഞിരിക്കുകയാണെന്ന തിരിച്ചറിവ് അവൾക്കുണ്ടായത്….

മ്മ്ച്ചും…..

അവളോരു പരിഭ്രമത്തോടെ തല വെട്ടിച്ചു…..

സായുവിന്റെ ചുണ്ടിൽ പടർന്ന ആ പുഞ്ചിരിയുടെ സൗന്ദര്യം അവൾ കണ്ടിരുന്നില്ലപ്പോൾ……

(തുടരും)