രചന – ആയിഷ അക്ബർ
അവൻ പതിയേ തല ഒന്ന് കൂടി താഴ്ത്തി……
അവളുടേ നെറ്റിയിൽ മുട്ടി നിന്നതും അവന്റെ കണ്ണുകളിൽ നിന്നും ഇറ്റി വീഴുന്ന കണ്ണു നീർ തുള്ളി അവളുടേ മുഖത്തേക്കും പടർന്നു…..
അവൾ പോലുമറിയാതെ അവളുടേ കണ്ണുകളും നിറഞ്ഞൊഴുകി…..
അൽപ നേരം കഴിഞ്ഞ് അവൻ പതിയേ അവളുടേ കൈകൾക്ക് മുകളിൽ വെച്ച അവന്റെ കയ്യെടുത്തു……
അവളും കൈകളെടുത് അവനിൽ നിന്നകന്നു മാറി….
അപ്പോഴേക്കും പുറത്തെ ശബ്ദം പൂർണമായും നിലച്ചിരുന്നു…..
അവൻ കുറച്ച് നേരം കൂടി അതെയിരിപ്പ് തുടർന്നു….
പിന്നീട് പതിയേ കട്ടിലിലേക്ക് മലർന്നു കിടന്നു……
ശ്രീ ബാല അവനെ ദയനീയമായി നോക്കി നിന്നു…..
ചുറ്റും എല്ലാവരും ..എല്ലാം… ഉണ്ടായിട്ടും അവന്റെ ഹൃദയം അത്രയേറെ നൊമ്പരത്തിലാണ് …
ഓർക്കുമ്പോൾ വല്ലാത്തൊരു വിങ്ങൽ അവളിൽ നിന്നുയർന്നു വന്നു……
സായു……
വാതിലിൽ മുട്ട് കേട്ടതും ശ്രീ ബാല വേഗം എഴുന്നേറ്റ് വാതിൽ തുറന്നു …..
വല്യമ്മയാണ്…..
സായു എവിടെ…..
വല്യമ്മ അകത്തേക്ക് ഒന്നെത്തി നോക്കി തന്നെയാണ് ചോദിച്ചത്….
കിടക്കാ…..
അവൻ കിടക്കുന്നത് അവർ കണ്ടിട്ടുണ്ടെന്ന് അറിഞ്ഞിട്ടും അവൾ വെറുതെ ഒന്ന് പറഞ്ഞു…..
മ്മ്…. എഴുന്നേൽക്കുമ്പോൾ താഴെക്കൊന്ന് വരാൻ പറ കേട്ടോ…….
വല്യമ്മ അതും പറഞ് പോയി……
മ്മ്……
അവൾ അകത്തേക്ക് കയറി യതും കണ്ണു ചിമ്മി കിടന്നിരുന്ന അവൻ കണ്ണുകൾ തുറന്ന് അവൾക്ക് നേരെ പുരികമുയർത്തി…..
എഴുന്നേറ്റാൽ താഴേക്ക് ചെല്ലാൻ പറഞ്ഞു വല്യമ്മ…..
അവനൊന്നും മിണ്ടാതെ അങ്ങനെ അൽപ നേരം കിടന്നു…..
പിന്നെ പെട്ടെന്ന് ചാടി ഒന്നെഴുന്നേറ്റു…..
ഇനി അടുത്ത കുരിശ് എന്താണാവോ….
അവൻ അതും പറഞ് കൊണ്ട് മുഖമൊന്നു തുടച്ചു താഴെക്കിറങ്ങാനൊരുങ്ങി……
ശ്രീ ബാല അവനെ പിന്തുടരാണോ വേണ്ടയോ എന്നൊരു സംശയത്തിൽ അങ്ങനെ നിന്നു…..
അല്ലാ നീയെന്തിനാ ഞാൻ കരഞ്ഞപ്പോ കൂടെ കരഞ്ഞത്……
നടക്കുന്നതിനിടയിൽ അവൻ പിറകിലേക്കൊന്ന് തിരിഞ്ഞത് ചോദിക്കുമ്പോൾ അതിലുള്ള കുസൃതി അവൾക്ക് വ്യക്തമായിരുന്നു…..
അതിനാര് കരഞ്ഞു……
അവളും വിട്ട് കൊടുക്കാനുദ്ദേശമില്ലാതെ അത് പറയുമ്പോഴും നേരത്തെ കരച്ചിലിന്റെ ബാക്കിയെന്നോണം ആ ചോദ്യത്തിൽ പോലും ഇടർച്ച കലർന്നിരുന്നു…
സായുവിന് ചിരി അടക്കാൻ കഴിഞ്ഞിരുന്നില്ല….
അവൻ ശബ്ദമുണ്ടാക്കി തന്നെ ഒന്ന് ചിരിച്ചു….
അവൻ ഇത്രയേറെ ചിരിച്ചു കാണുന്നത് ഇതാദ്യമായാണ്…..
ഉറക്കെ ചിരിക്കുമ്പോൾ അവന്റെ നിരയോത്ത പല്ലുകൾ ആ ചിരിയെ വശ്യമാക്കിയിരുന്നു…..
അവൾ അപ്പോഴും അവന് നേരെ മുഖം കൂർപ്പിച്ചു നിന്നു…..
അപ്പൊ പിന്നെ എന്റെ ചെവി ക്ക് മേലെ കൈ കൾ വെച്ചതെന്തിനാ…..
അവൻ വീണ്ടും ഒരു ചിരിയോടെ അത് ചോദിക്കുമ്പോൾ തകർന്ന് നിൽക്കുന്ന സമയം അവൾ തന്ന ആ താങ്ങിന്റെ സന്തോഷം മുഴുവൻ അതിൽ കലർന്നിരുന്നു…..
അവൾ ദേഷ്യത്തോടെ അവനെ ഒന്ന് കടുപ്പിച്ചു നോക്കി….
ആ ദേഷ്യം ആസ്വധിച്ചെന്ന വണ്ണം അവൻ കീഴ്ച്ചുണ്ട് ഉള്ളിലേക്ക് കടിച്ചു പിടിച്ചങ്ങനെ നിൽക്കുകയാണ്…..
ഇയാള് പറഞ്ഞത് പോലെ അതിനൊക്കെ വേണ്ടി തന്നെയാണ് കഴുത്തിലൊരു താലി അണിയിപ്പിച്ചതെന്ന് കൂട്ടിക്കോളൂ…..
അവൾ കൈ രണ്ടും മാറോട് കെട്ടി നിന്ന് അത് പറയുമ്പോൾ ഞാൻ നിങ്ങളുടെ ഭാര്യ യാണ് എന്ന് പറയാതെ പറയുന്നത് പോലെ തോന്നിയവന്….
എന്തോ ഹൃദയത്തിൽ ഒരു പ്രകമ്പനം……
ഓഹോ….
അവൻ അതും പറഞ്ഞവളെയൊന്നു നോക്കി…..
ഇനിയും താനവിടെ നിന്നാൽ മനസ്സ് അവളിലേക്ക് മുഴുവനായും ചായുമെന്ന് തോന്നിയത് കൊണ്ട് തന്നെ അവനവിടെ നിന്നും താഴെക്ക് നടന്നു…..
അവൾക്കും അവളെ അറിയാൻ പറ്റാത്തൊരു അവസ്ഥയിലായിരുന്നു….
അന്നവന്നത് പറഞ്ഞപ്പോൾ തനിക്കെത്ര മാത്രം ദേഷ്യം വന്നു….
ആ ഞാൻ തന്നെ ഇന്ന് ആ താലിക്ക് മേൽ അവകാശം പറഞ്ഞിരിക്കുന്നു…..
അവനെ അർഹിക്കാൻ പോലും യോഗ്യതയില്ലാത്തൊരു പെണ്ണ് സ്വപ്‌നങ്ങൾ നെയ്തു കൂട്ടുന്നത് സങ്കടത്തിലെ തീരു എന്നവളെ മനസ്സ് ഓർമിപ്പിച്ചു കൊണ്ടേയിരുന്നു…..
ഇവിടെ നിന്നിറങ്ങിയാൽ തീരുന്ന ബന്ധമാണെന്ന് അറിയാമെങ്കിലും ആദ്യമായി തനിക്ക് തുണയായ….സംരക്ഷണം തന്ന..
കരുതൽ തന്ന തന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞു നിറവേറ്റി തന്ന അവനോട് തനിക്ക് തോന്നുന്നതെന്താണ് അറിയുന്നില്ല….
അവൻ ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ തോന്നുന്നു….
അവന്റെ സങ്കടങ്ങൾ…. അതെന്റെയും കൂടെയായി തോന്നുന്നു…..
എത്രയൊക്കെ കഷ്ടപ്പെട്ടാണെങ്കിലും അവന് വേണ്ടി അവരെ ഒരുമിപ്പിക്കുക തന്നെ വേണമെന്നവൾ മനസ്സിൽ കണക്ക് കൂട്ടി….
താൻ പോകുന്നതിനു മുന്പേ അവന്റെ മനസ്സ് അത്ര മേൽ ശാന്തമായിരിക്കണം…..
അവളുടേ കണ്ണുകൾ എന്തിനോ നിറഞ്ഞു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അവൻ കോണിപ്പടിക്കിറങ്ങിയപ്പോഴേ കണ്ടു എല്ലാവർക്കും നടുവിലായി നിൽക്കുന്ന മാളുവിനെ……
അവൻ ചെറിയൊരു ചിരി മാത്രം നൽകി അവളുടേ അടുത്തേക്ക് ചെന്നു….
അവൾ ഉള്ളം നീറി കൊണ്ടൊരു പുഞ്ചിരി തിരിച്ചു തരുന്നത് പോലെ….
നീയെപ്പോ വന്നു…..
അവൻ വെറുതെ ഒന്ന് ചോദിച്ചു….
ഇപ്പൊ വന്നേയുള്ളു….
അവളും അതിനിണങ്ങുന്നൊരു മറുപടി നൽകി…..
സായുവേട്ടന്റെ ഭാര്യ എവിടെ….
ആ ചോദ്ധ്യത്തിൽ കലർന്നിരുന്ന വേദന അവിടെ നിൽക്കുന്ന എല്ലാവർക്കും വ്യക്തമായത് കൊണ്ട് തന്നെ എല്ലാവരുടെയും മുഖം ഒരു പോലെ താഴ്ന്നു….
ബാ…. ബാത്റൂമിലാ…
ഇപ്പോ അവർ തമ്മിൽ കാണേണ്ട എന്ന നിലക്ക് തന്നെയാണ് അവനത് പറഞ്ഞത്…..
മോള് പോയി മേലൊക്കെ കഴുകി ഇതൊക്കെയൊന്ന് മാറ്റിയിട്ട് വാ…..
മുത്തശ്ശി അവളോടത് പറഞ്ഞതും അവളൊരു പുഞ്ചിരിയോടെ അകത്തേക്ക് നടന്നു….
ഇക്കൊല്ലം കൂടി പൂർത്തിയായാൽ ഡോക്ടറാണ് അവൾ….
അവളെയൊക്കെ വേണ്ടെന്ന് വെച്ചിട്ടാ ഒന്നിനും കൊള്ളാത്ത ഒരുത്തിയെ…
അവൾ പോയതിനു പിറകെ നോക്കി അച്ഛൻ പരിഹസിചെന്ന വണ്ണം അത് പറയുമ്പോൾ എല്ലാവരുടെയും മുഖത്തു അതേ നിരാശ കാണാമായിരുന്നു…..
മുത്തശ്ശിയും മുത്തശ്ശനുമെല്ലാം ഒത്തിരി ആഗ്രഹിച്ചിരുന്നതായിരുന്നത്…..
ഡോക്ടർ മാളവിക രാമ ചന്ദ്രൻ എന്റെ ഭാര്യ യായി വരുന്നതും…..
ഇവിടെ ഒരു ഹോസ്പിറ്റൽ ഉണ്ടാക്കി ഈ ഗ്രാമത്തിലുള്ളവർക്കെല്ലാം കുറഞ്ഞ ചിലവിൽ ആതുര സേവനം നടത്തണം എന്നൊക്കെയുള്ള മോഹങ്ങളായിരുന്നു അവരുടെ മനസ്സിലും…
അവളെ അല്ലെങ്കിലും നല്ല വിവരവും വിദ്യാഭ്യാസവുമൊക്കെ യുള്ള ഒരു പെൺകുട്ടിയെ നിനക്ക് വധുവായി നോക്കണമെന്ന് അമ്മയും പറഞ്ഞിരുന്നു….
പക്ഷെ തുഛമായ പണത്തിനു വേണ്ടി തന്റെ ഭാര്യ യായി അഭിനയിക്കേണ്ട ഗതികേട് ഒരു ഡോക്ടർക്കും ഉണ്ടാവില്ലല്ലോ….
തന്റെ പ്രശനങ്ങൾ ഒരിക്കലും ഇവർക്ക് മനസ്സിലാവില്ല …..
മനസ്സിലാവുന്ന അന്നൊരു പക്ഷെ താനുണ്ടാകുകയുമില്ല…..
അവനൊരു നെടു വീർപ്പോടെ അവിടെ നിന്നും മുറിയിലേക്ക് തന്നേ കയറി….
മാളു..
കുഞ്ഞു നാളു തൊട്ട് എനിക്കാകെ യുണ്ടായിരുന്ന സൗഹൃദം….
അതവളായിരുന്നു…..
അമ്മാവൻ മിലിട്ടിറി യിലായത് കൊണ്ട് അവരധികവും ഇവിടെ തന്നെയായിരുന്നു…..
എന്നെക്കാൾ ഇളയതാണെങ്കിലും എല്ലാത്തിനും തന്നേക്കാൾ പക്വത അവൾക്കുണ്ടായിരുന്നു….
പഠിക്കാനും മിടുക്കി…..
എന്നാൽ കുടുംബത്തിലെ ആകെയുള്ള ആൺ തരിയായ എനിക്ക് തന്നെയാണ് സകല സ്വത്തുക്കളും എന്നുള്ളത് കൊണ്ട് തന്നെ അപ്പച്ചിമാർ തന്നെ മക്കളുടെ മനസ്സിൽ ആവശ്യമില്ലാത്ത ചിന്തകൾ നിറച്ചു തുടങ്ങിയിരുന്നു…..
വളരും തോറും ഞങ്ങൾ അതേ പറ്റി പറഞ് ചിരിക്കുമായിരുന്നു…..
എനിക്ക് വിവാഹമെന്ന സങ്കല്പത്തോടേ താല്പര്യമില്ലെന്ന് അറിയുന്നത് അവൾക്ക് മാത്രമായിരുന്നു….
അമ്മ കുത്തി വെച്ച വിഷമൊന്നും അവളിലേറ്റിട്ടില്ലെന്നോർത്ത് ഞാൻ സന്തോഷിച്ചിരുന്നു….
എന്നാൽ പോകെ പോകെ അവളുടേ കണ്ണുകളിൽ തന്നോടുള്ള ഭാവം മാറുന്നത് താനറിഞ്ഞു…..
എനിക്ക് നീയില്ലാതെ പറ്റില്ല സായു……
ഞാൻ കുറെ ആയിട്ടും വരാതിരുന്നപ്പോൾ ഒരിക്കൽ അവൾ ഫോണിലൂടെ ആ പറഞ്ഞ വാക്കുകൾ അക്ഷരാർത്ഥത്തിൽ തന്നെ ഞെട്ടിച്ചിരുന്നു….
വിവാഹം എന്ന ഒന്നിനെ ഞാൻ അത്രത്തോളം വെറുക്കുന്നു വെന്ന് അവൾക്കറിയാം…..
എന്നിട്ടും അവൾ….
ചിന്തകൾ അവിടെ തടഞ്ഞു നിന്നപ്പോഴേക്കും അവൻ മുറിയിലേക്കെത്തിയിരുന്നു….
വാതിൽ തുറന്നതും ജനലിൽ പറ്റിപ്പിടിച്ചു നിന്നിരുന്ന ശ്രീ ബാലയുടെ കൈകൾ പതിയേ വിടുവിച്ചു അവൾ തന്നിലേക്ക് തിരിഞ്ഞു….
അതേ….. അവളെ കാണും വരെ….
അവളിൽ തനിക്കുണ്ടായ ആകർഷണം ഇന്നേ വരെ തോന്നാത്തത് പോലെയായിരുന്നു…..
വിടർന്ന കണ്ണുകളാൽ അവൾ തന്നെ നോക്കി നിൽക്കുകയാണ് …
അവന്റെ ചൊടിയിലൊരു പുഞ്ചിരി വിരിഞ്ഞു…..
താഴെ സുധപ്പച്ചിയുടെ മോള് വന്നിട്ടുണ്ട്….
മാളു…..
അവൻ മുൻകൂറേന്ന പോലെ അവളോട് പറഞ്ഞു വെച്ചു…..
ഞാൻ പോയി കാണണ്ടേ….
മര്യാദ കണക്കാക്കിയാണ് അവളത് ചോദിച്ചതെന്ന് അവനും മനസ്സിലായിരുന്നു….
കുറച്ച് കഴിയട്ടെ…
അലസമായി അതും പറഞ്ഞവൻ കട്ടിലിലേക്ക് ചാരി കിടന്നു ……
അവൾ അയച്ച കൈകൾ ജനലിൽ വീണ്ടും മുറുക്കി പുറത്തേക്ക് നോക്കി നിന്നു….
അവൻ അവളെ തന്നെ ഒന്ന് നോക്കി…..
അവളിലേക്ക് നോക്കും തോറും കൂട്ടിനൊരാളുണ്ടെങ്കിൽ നന്നായിരുന്നു എന്ന് തോന്നി തുടങ്ങിയിരിക്കുന്നു….
വാ…. ഒന്ന് താഴെ പോയി നോക്കാം…..
കുറച് നേരം അങ്ങനെ കിടന്നു അവനതും പറഞ് കൊണ്ടെഴുന്നേറ്റു…..
പിന്നേ…. വന്നിരിക്കുന്നതെന്റെ മുറ പ്പെണ്ണാണ്..
ഞങ്ങൾ തമ്മിലുള്ള വിവാഹം ഇവിടെ ചർച്ചയായിരുന്നത് കൊണ്ട് തന്നെ അവളോടൊന്ന് സൂക്ഷിച്ചും കണ്ടും നിന്നേക്കണം…..
പല വിധത്തിൽ തിരിച്ചും മറിച്ചും ചോദിച്ചും സകലതും കൂട്ടി വായിച്ചും അവൾ സത്യങ്ങൾ ചികഞ്ഞെടുക്കാൻ സാധ്യതയുണ്ട് ..
സായു ഒരു മുന്നറിയിപ്പോടെ അത് പറഞ്ഞപ്പോഴും മുറപ്പെണ്ണ് ഞങ്ങളുടെ വിവാഹ ക്കാര്യം എന്നൊക്കെയുള്ള വാക്കുകൾ ഹൃദയം വല്ലാതെ ശ്രദ്ധിച്ചത് പോലെ അവൾക്ക് തോന്നി….
അത് കൊണ്ട് തന്നെയാണ് ഇറങ്ങാൻ നേരം അവൾ കണ്ണാടിയിലേക്കൊന്ന് നോക്കിയത്…..
തൊട്ടിരുന്ന പൊട്ട് ചെരിഞ്ഞെന്ന് തോന്നി അതൊന്ന് നേരെയെടുത്തു വെച്ചു…..
അവൾ ഒരുങ്ങി വന്നവളായിരിക്കും തനിക്കും എന്തൊക്കെയോ ഒന്ന് കൂടി ഒരുങ്ങാമായിരുന്നു എന്നവൾക്ക് തോന്നി….
ഇത് വരെ കാണുക പോലും ചെയ്യാത്ത അവളോട് തനിക്കെന്തിന് കുശുമ്പ് തോന്നുന്നു എന്നവൾ ഓർത്തു….
അതേ …. വാടക വധുവിനും മുറപ്പെണ്ണിനും ഇടയിൽ അവനായത് കൊണ്ട് മാത്രമാണത്….
അവൾക്ക് ഉള്ളിലൊരു വിങ്ങൽ തോന്നി …..
അവനെന്നത് മനസ്സിനെ സംബന്ധിച്ച് എന്തൊക്കെയോ അല്ല…. മറിച്ചു എല്ലാമാണ്…..
അവന്റെ ഓരോ നോക്കിനൊപ്പമാണ് തന്റെ മിഴികൾ സഞ്ചരിക്കുന്നത്….
അവന്റെ വാക്കുകളാണ് കാതുകളിൽ അലയടിക്കുന്നത് ..
അവന്റെ ഓരോ വികാരങ്ങളുമാണ് ഹൃദയത്തിൽ നിറയുന്നത് ….
അതേയ്…. അവളെത്ര ഒരുങ്ങി നിൽക്കുകയാണെങ്കിലും നിന്റെ ഏഴയലത് വരില്ല….
കണ്ണാടിക്ക് മുമ്പിൽ ചിന്തയോടെ നിൽക്കുന്ന അവളെ കണ്ട് അവനത് പറയുമ്പോൾ മുഖത്ത് തികഞ്ഞ ഗൗരവം തന്നെയായിരുന്നു….
എങ്കിലും പ്രഭാത കിരണങ്ങൾ ഇലകൾക്കിടയിലൂടെ വീഴുന്ന പോലെ എവിടെയൊക്കെയോ ഒരു പുഞ്ചിരി ആഴ്ന്നിറങ്ങുന്നുണ്ട്…..
ആ പുഞ്ചിരിക്ക് സൂര്യ രശ്മികളെക്കാൾ ഭംഗി തോന്നിയിരുന്നു…..
അവൾക്ക് വല്ലാത്തൊരു ജാള്യത തോന്നി….
അവളുടേ മുഖം വല്ലാതെ ചുവന്നു….
അവൻ തന്റെ മനസ്സിലുള്ളതിനെ മനസ്സിലാക്കിയെന്നത് തോന്നിയത് കൊണ്ട് തന്നെ അവൾ അവന്റെ മുഖത്തേക്ക് നോക്കിയില്ല….
അവൻ അവളെയൊന്ന് നോക്കിയ ശേഷം താഴെക്കിറങ്ങിയിരുന്നു…..
അവർ ഉമ്മറത്തേക്ക് എത്തിയപ്പോൾ എല്ലാവരും അവിടെ ഇരിക്കുന്നുണ്ട്…..
മാളു കുളിക്കാൻ കയറിയതേയുള്ളു….
ശ്രീ ബാലയെ കണ്ടപ്പോഴേ മുത്തശ്ശി പറഞ്ഞു…..
അവള് കുറെ കഴിഞ്ഞ് വരികയാണ്…….
ഹോസ്റ്റലിൽ നിന്ന് പഠിക്കുകയാണെയ്….
മുത്തശ്ശി മാളുവിനെ കുറിച്ചൊന്നു പറഞ്ഞു നിർത്തിയപ്പോഴേക്കും
പ്രഭയങ്ങോട്ട് വന്നിരുന്നു….
വെറും പഠിപ്പല്ലെന്ന് പറയമ്മേ…
ഡോക്ടറാവാൻ പഠിക്കാണെന്ന് പറഞ് കൊടുക്ക്….
പഠിച്ചു നേടുന്ന ജോലിക്ക് പവർ കൂടും….
അല്ലാതെ എവിടെ നിന്നെങ്കിലും വലിഞ്ഞു കേറി വന്നത് കൊണ്ടൊന്നും യാതൊരു കാര്യവുമില്ല…..
പ്രഭ ശ്രീ ബാലയെ പരിഹസിചെന്ന വണ്ണം അത് പറയുമ്പോൾ സായുവിന് വല്ലാത്ത സങ്കടം തോന്നി……
അവൻ അവളെ നോക്കി….
അവൾ ആർക്കും മുഖം കൊടുക്കാതെ താഴേക്ക് നോക്കി നിൽക്കുകയാണ്….
പവിയും രേണുവുമടക്കം എല്ലാവരുടെയും മുമ്പിൽ അവൾ കൊച്ചായത് പോലെ അവന് തോന്നി….
അവൻ എന്ത് പറയും എന്ന് ഒരു നിമിഷം ആലോചിച്ചു നിൽക്കുമ്പോഴാണ് മാളു അങ്ങോട്ട് വരുന്നത്….
മോളേ…. ഇതാണ് സായുവിന്റെ….
അവൾ വന്ന പാടേ മുത്തശ്ശി ശ്രീ ബാലയെ ചൂണ്ടി അവളോട് പറയുമ്പോഴും ആ വാക്കിലൊരു വേദന കലർന്നിരുന്നു…
എന്നാൽ ശ്രീ ബാലയിലേക്ക് മിഴികൾ പതിപ്പിച്ചതും മാളുവിന്റെ കണ്ണുകളിൽ അത്ഭുതം കൂറി ..
ശ്ര്….. ശ്രീബാല…..
മാളു ഓർമയിലെന്ന പോൽ അത് പറഞ്ഞതും അവൾ വേഗം മിഴികളുയർത്തി മാളുവിലേക്ക് നോക്കി….
അവൾക്കും മാളുവിനെ അറിയാമായിരുന്നു….
നിങ്ങള് മുൻപ് പരിചയമുണ്ടോ……
സായു ചോദിക്കാൻ മടിച്ചു നിന്ന ആ ചോദ്യം ചോദിച്ചത് മുത്തശ്ശനായിരുന്നു….
ആ… എനിക്കറിയാം മുത്തശ്ശ…..
ശ്രീ ബാല കഴിഞ്ഞ രണ്ട് വർഷങ്ങളിലായി എംബിബിസ് നു എന്റെ ജൂനിയർ ആയിരുന്നു….
മാത്രമല്ല……. ആ വർഷത്തെ മെഡിക്കൽ എൻട്രൻസ് റാങ്ക് ഹോൾഡർ ആയിരുന്നു എന്നാണ് എന്റെ ഓർമ ….
അവളെ കുറിച് അറിയുന്ന കാര്യങ്ങൾ മാളു പറഞ്ഞതും അവിടെ നിന്നിരുന്നവരുടെ കണ്ണുകളെല്ലാം ഒരു പോലെ തുറിച്ചു വന്നു….
സായു ഒരു ഞെട്ടലോടെയാണ് അവളിലേക്ക് നോക്കിയത്…
അപ്പോഴും അവൾ ആർക്കും മുഖം കൊടുക്കാതെ മിഴികൾ താഴ്ത്തി തന്നെ നിൽക്കുകയായിരുന്നു…..
(തുടരും)

by