രചന – ആയിഷ അക്ബർ
സായു….. നീ ഇവിടെ കുറച്ച് ദിവസം ഇവിടെ ഉണ്ടാകുമല്ലോ….
ഉള്ള ദിവസങ്ങൾ നമ്മുടെ കമ്പനിയും കച്ചോടവും ഒക്കെ ഒന്ന് ശ്രദ്ധിക്….
നിനക്ക് ആവശ്യമില്ലെങ്കിലും അതെല്ലാം നിനക്കുള്ളത് തന്നെയാ…..
ആ വരുൺ പറ്റാവുന്നിടത്തോളം മുടിപ്പിക്കുന്നുണ്ട്….
നീയുള്ള ദിവസങ്ങലെങ്കിലും ഞാനൊന്ന് വിശ്രമിക്കട്ടെ….
വല്യച്ഛന് മക്കളില്ലാത്തത് കൊണ്ട് തന്നെ എല്ലാം നോക്കി നടത്തുന്നത് തനിക്ക് വേണ്ടിയാണെന്നാണ് സാരം……
ആയിരിക്കാം…. പക്ഷെ…. തനിക്കതൊന്നും ആവശ്യമില്ല….
താൻ തന്റെതായൊരു ലോകം കെട്ടി പടുത്തിട്ടുണ്ട്…
അതിലാണ് ഇപ്പൊ തന്റെ സന്തോഷങ്ങളെല്ലാം…..
എങ്കിലും അവൻ അനുസരണയോടെ തലയാട്ടി……
ചായ കുടിക്കാനിരിക്കുമ്പോൾ തന്റെ മിഴികൾ അവളെയൊന്ന് പരതി…..
അവള് എന്റെ കൂടെയാണത്രേ ഇരിക്കുന്നത്…
വല്യച്ഛൻ അവളെ കഴിക്കാൻ വിളിക്കാൻ പറഞ്ഞപ്പോൾ വല്യമ്മ പറഞ്ഞതാണത്….
അതിൽ നിന്നും അവൾ അടുക്കളയിലുണ്ടെന്ന് താനൂഹിച്ചു..
എവിടെയെങ്കിലും ഉണ്ടാവട്ടെ…. തനിക്കെന്താ….
അവൻ മനപ്പൂർവം മനസ്സിനെ അവഗണിച്ചു….
ചായ കുടി കഴിഞതും ഓരോരുത്തരായി പെട്ടിയെടുത്തു ഇറങ്ങി തുടങ്ങിയിരുന്നു….
മൂന്ന് അപ്പച്ചിമാരും ഉമ്മറത്തേക്ക് വന്നതും ഉമ്മറത്തെ തിണ്ണയിലിരുന്ന സായു ഒന്നെഴുന്നേറ്റു…
നിങ്ങളൊക്കെ പോകുകയാണോ….കുറച്ച് ദിവസം ഉണ്ടാകുമെന്ന് പറഞ്ഞിട്ട്….
മുത്തശ്ശി അവരോടത് ചോദിക്കുമ്പോൾ വാക്കുകളിലൊരു പരിഭ്രമം ഉണ്ടായിരുന്നു…..
ഓഹ്…. ഇനിയിവിടെ നിന്നിട്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലല്ലോ….. ഞങ്ങളിറങ്ങുവാ അമ്മേ…..
സുധപ്പച്ചി അത് പറയുമ്പോൾ നോട്ടം തന്നിലേക്കൊന്ന് പാറി വീഴുന്നത് കണ്ടെങ്കിലും അവൻ തല താഴ്ത്തി നിന്നു…..
അപ്പച്ചിമാർ ഓരോരുത്തരും വാതിൽ പടിയിലേക്ക് നോക്കി ഒന്ന് കണ്ണുരുട്ടുന്നത് കണ്ടത് കൊണ്ടാണ് താനും അങ്ങോട്ട് ശ്രദ്ധിച്ചത്…..
അവിടെ നിൽക്കുന്നത് വല്യമ്മയായിരുന്നു….
വല്യമ്മയെ നോക്കി അവരിങ്ങനെ ദേഷ്യപ്പെടുന്നതെന്തിനെന്ന് ഓർക്കുമ്പോഴായിരുന്നു വല്യമ്മയുടെ മറവിൽ നിന്നും നീല ശാളിന്റെ അറ്റം പാറി കളിക്കുന്നത് താൻ കണ്ടത്…….
അപ്പച്ചിമാർക്ക് പിറകിൽ മീനാക്ഷിയും വരദയും ഗോപികയും എല്ലാവരും പുറത്തേക്ക് വന്നു തുടങ്ങിയിരുന്നു…..
മീനുവിന്റെ കണ്ണിലേക്കു ഒന്നേ നോക്കിയുള്ളു…
ആ കണ്ണുകളാകേ വീങ്ങിയിട്ടുണ്ട്….
മീനു…. അവളെനിക്കിപ്പോഴും കുഞ്ഞനുജത്തിയാണ്….
ആവശ്യമില്ലാത്ത ആഗ്രഹങ്ങൾ അവൾക്കുള്ളിൽ കുത്തി നിറച്ചത് അവളുടേ അമ്മ തന്നെയാണ്…..
അവൻ ആരെയും ശ്രദ്ധിക്കാത്ത മട്ടിൽ മുറ്റത്തേക് നോക്കിയങ്ങനെ ഇരുന്നു….
അവരെല്ലാവരും ഇറങ്ങുന്നത് കണ്ട് മുത്തശ്ശൻ ഒരു നോവോടെ മുത്തശ്ശിയെ നോക്കി….
ഒരു കണക്കിന് സംഭവിച്ചതെല്ലാം നന്നായി …
അവന് ആരെയാ ഇഷ്ടമെങ്കിൽ അവര് തമ്മിലുള്ള കല്യാണം നടക്കുന്നതിൽ പരിഭവമില്ലേന്നു പറഞ്ഞിരുന്ന നിങ്ങളുടെ രണ്ട് മക്കളുടെയും മനസ്സിലിരിപ്പ് അറിയാനായില്ലേ ഇന്ന്….
ഈ കണക്കിനാണെങ്കിൽ അവരിലാരെയെങ്കിലും ഒരാളെ ഇവനിഷ്ടമാണെന്ന് പറഞ്ഞാൽ മറ്റെയാൾ അടങ്ങിയിരിക്കുമായിരുന്നോ……
കുടുംബം ആകെ താറു മാറാകുമായിരുന്നു….
സ്വസ്ഥത പോയി കിട്ടിയേനെ…..
ഇതിപ്പോ അവര് ഏട്ടത്തിയും അനിയത്തിയും തമ്മിലുള്ള വഴക്കെങ്കിലും ഒഴിഞ്ഞു കിട്ടിയെന്ന് കരുതി ആശ്വസിക്കാ…..
മുത്തശ്ശി മുത്തശ്ശനോടത് പറഞ്ഞതും സായു അരികിലിരിക്കുന്ന കാര്യം അവരോർത്തിരുന്നില്ല….
അവർ അബദ്ധം പറ്റിയത് പോലൊന്നു മുഖം ചെരിച്ചു….
സായുവിന്റെ മുഖത്ത് വല്ലാത്തൊരു പുഞ്ചിരി തെളിഞ്ഞു…..
ഒരൊറ്റ ദിവസത്തെ അവരുടെ അകൽച്ച തന്നെ എത്രത്തോളം മുറിപ്പെടുത്തിയിരിക്കുന്നെന്ന് ഇപ്പോൾ തന്നിൽ നിറയുന്ന സന്തോഷം വിളിച്ചിതോന്നുണ്ട് ……
അതല്ലേ എന്റെ യാശോധ കൊച്ചേ ഞാൻ പുറത്തൂന്നൊരാളെ ഇറക്കു മതി ചെയ്തത്….
വായിൽ നിന്ന് വീണ വാക്കുകൾ അവൻ കേട്ടു എന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ വേഗം തിരിഞ്ഞു നടക്കാൻ തുടങ്ങിയ മുത്തശ്ശിയെ അതും പറഞ്ഞവൻ പിറകിൽ നിന്നും ചുറ്റി പിടിച്ചു….
ബാല വല്യമ്മക്ക് പിറകിൽ നിന്നു അവരുടെ ഓരോ വാക്കുകൾക്കും കാതോർക്കുകയായിരുന്നു….
വിടെടാ…. വിടാനാ പറഞ്ഞത്…..
മുത്തശ്ശി അവന്റെ കൈ പിടിയിൽ കിടന്നൊന്ന് കുതറി…..
അവൻ വിടാതെ അതേ പിടുത്തത്തിൽ അവരെ ഒന്ന് കൂടി ഇറുക്കി….
മുത്തശ്ശനും അത് കണ്ട് ചിരി അടക്കാതിരിക്കാൻ കഴിഞ്ഞില്ല…..
ചിരിക്കുന്ന മുത്തശന് നേരെ മുത്തശ്ശി കണ്ണുരുട്ടി….
എന്റെ പേരിലൊരു കടി പിടി വേണ്ടെന്ന് വെച്ചല്ലേ ഞാനും ഇങ്ങനെയൊക്കെ ചെയ്തത്……
അവർക്ക് വേണ്ടത് സായുവിനെയല്ല……
അവർക്ക് വീതിച്ചതിന്റെ ബാക്കി സ്വത്തിനുള്ള ഏക അവകാശിയെയാണ്…
അത് വേണമെങ്കിൽ അവർക്ക് തന്നെ കൊടുത്തോളു മുത്തശ്ശി…
എനിക്ക് വേണ്ടാ…..
പിറകിൽ നിന്ന് മുത്തശ്ശിയുടെ കാതോരം അവനത് പറഞ്ഞതും അവര് മുഖം പിറകിലേക്ക് തിരിച്ചു അവനെയൊന്നു നോക്കി……
അവരുടെ കണ്ണുകളിലെ തന്നോടുള്ള വാത്സല്യത്തിന്റെ ആഴി തിരിച്ചറിഞ്ഞെന്ന വണ്ണം അവൻ പതിയേ അവരെ കൂട്ടിപിടിച്ച കൈകളയച്ചു….
വേണ്ടാ…. ആർക്കും ഒന്നും കൊടുക്കെണ്ടാ…..
എല്ലാം നിനക്ക് വേണ്ടി കാത്തു വെച്ചതാ…..
അവരുടെ വാക്കുകൾ ഇടറി…..
നീയൊരു പെണ്ണിനെ കൂട്ടി ഇവിടെ വന്നതല്ല സായു എന്റെ സങ്കടം….
നീ നിന്റെ ഭാര്യ യുമായി കയറി വന്നതാണ്….
എനിക്കിവളെ വിവാഹം കഴിക്കണമെന്ന് പറഞ്ഞിരുന്നെങ്കിൽ ആര് എതിര് നിന്നാലും ഞാൻ നിന്റെ കൂടെ നിൽക്കുമായിരുന്നു….
ഇത്…. എന്റെ കുഞ്ഞിന്റെ വിവാഹം പോലും എനിക്ക് കാണാൻ പറ്റിയില്ലെന്ന് വെച്ചാൽ…..
മുത്തശ്ശി യുടെ വാക്കുകളിൽ പരിഭവം തുളുമ്പി നിന്നു…..
അതിനാണോ ഇപ്പൊ പ്രശ്നം…..
അത് നമുക്ക് ശെരിയാക്കാമല്ലോ….
ശ്രീ……അതും പറഞ്ഞവൻ വാതിൽ പടിയിലേക്ക് നോക്കി വിളിച്ചു….
മുത്തശ്ശനും മുത്തശ്ശിയും ഒരു പോലെ ഒന്ന് ഞെട്ടി…
അവന്റെയാ വിളിയിൽ അത്രയേറെ സ്നേഹം കലർന്നിരുന്നു…..
ബാല അപ്പോഴും മറ്റെന്തൊക്കെയോ ചിന്തിച് നിൽക്കുകയാണ്….
ശ്രീ…..
അവനൊന്നു കൂടി വിളിച്ചു….
അപ്പോഴാണ് വല്യമ്മ തന്റെ മുന്പിൽ നിന്നൊന്ന് മാറുന്നത്…..
എല്ലാവരുടെയും മുഖ ഭാവത്തിൽ നിന്നാണ് അവൻ വിളിച്ചത് തന്നെയാണെന്ന് അവൾ ഊഹിച്ചത്…..
അവൾക്കത്ഭുതം തോന്നി….
ഉരുണ്ടു വരുന്ന കണ്ണുകൾ അവരാരും കണ്ട് കാണരുതേയെന്നവൾ പ്രാർത്ഥിച്ചു…..
ബാഗിൽ നിന്നും ആ ഫോട്ടോ ഇങ്ങേടുത്തെ….
അവൻ തന്നെ നോക്കി അത് പറയുന്നത് വളരേ മനോഹരമായിരുന്നു….
അവൾ തലയൊന്നു കുലുക്കി യാന്ത്രികമായി അകത്തേക്ക് നടന്നു…..
അവൻ തന്നെ ആദ്യമായി പേര് വിളിച്ചിരിക്കുന്നു….
അത്രയേറെ പ്രണയിക്കുന്ന ഭാര്യ ഭർത്താക്കന്മാരെ പോലെ തന്നോട് സംസാരിച്ചിരിക്കുന്നു….
അവൾക്കത്ഭുതം തോന്നി….
രാവിലെ കൂടി അവനെ ബെഡിലേക്ക് തള്ളിയിട്ടതിന്റെ പേരിൽ എന്തൊക്കെ കേൾക്കേണ്ടി വരുമെന്ന ഭയത്തിലിരിക്കുന്നവളാണ് താൻ……
എല്ലാവർക്കും മുന്പിൽ അവൻ ഭംഗിയായി അഭിനയിക്കുന്നുണ്ട്….
എന്നാൽ അതിനു കഴിയാത്തത് തനിക്കാണ്….
അവന്റെ രണ്ട് തരത്തിലുള്ള പെരുമാറ്റങ്ങളിൽ താൻ പതറി പോകുന്നു….
പെട്ടെന്ന് ഉൾകൊള്ളാൻ കഴിയാത്തത് പോൽ….
അവൾ മുറിയിലേക്ക് പോയി ഓരോ ബാഗും തിരഞ്ഞ് തുടങ്ങി…
ബാഗിലാണെന്നല്ലേ അവൻ പറഞ്ഞതുള്ളു….
എവിടെയെന്നോ എന്തോ ഒന്നും പറഞ്ഞിരുന്നില്ല….
എന്താവും അതൊന്നും പറയാതിരുന്നത് ….
പറയാതെ തന്നെ തന്റെ കാര്യങ്ങളെല്ലാം അവൾക്കറിയാമെന്ന് വരുത്തി തീർക്കാനാവും ഒരു പക്ഷെ…..
അവൾ അവൻ പറഞ്ഞ ഫോട്ടോക്കായി തിരയുമ്പോഴും എന്ത് ഫോട്ടോ ആണെന്ന് പോലും അവൾക്കറിയില്ലായിരുന്നു…..
എന്നാൽ തിരച്ചിലിനോടുവിൽ കൈകൾ അവയിൽ തട്ടി നിന്നു…..
മനോഹരമായി ഫ്രെയിം ചെയ്ത് വെച്ച ആ ഫോട്ടോയിൽ….
അവളുടേ ഹൃദയം എന്തിനോ ഒന്ന് പിടഞ്ഞു….
താലി കെട്ട് കഴിഞ് ഒരു ഫോട്ടോ എടുത്തിരുന്നെന്ന കാര്യം അപ്പോഴാണ് അവളോർക്കുന്നത്….
താനും തന്നോട് ചേർന്ന് നിൽക്കുന്ന അവനും….
അവളുടേ ഹൃദയം ഒരു കുളിരിനെ പേറുന്നത് അവളറിഞ്ഞു…..
വികാരങ്ങൾക്ക് ഇവിടെ പ്രസക്തിയില്ല….
കാരണം അവനെ സംബന്ധിച് ഇത് വിവാഹം കഴിഞ്ഞു എന്നതിനുള്ള തെളിവ് മാത്രമാണ്…..
അവൾ വേഗം അതുമെടുത് താഴേക്ക് നടന്നു……
അവൾ താഴെയെത്തി അവനു നേരെ ആ ഫോട്ടോ നീട്ടി വീണ്ടും വാതിലിനു പിറകിലേക്ക് നീങ്ങി നിന്നു…..
അവനത് വാങ്ങി മുത്തശ്ശനും മുത്തശ്ശിക്കും കാണിക്കുന്നതും അവരുടെ കണ്ണുകൾ വിടരുന്നതുമെല്ലാം അവൾ വാതിലിനു വിടവിലൂടെ കാണുന്നുണ്ടായിരുന്നു….
മോള്…. ഇങ് വാ….
മുത്തശ്ശി സ്നേഹത്തോടെ അവളെ വിളിച്ചു…..
എങ്ങനെ മെരുക്കിയെടുത്തു ഇവനെ….
പതിഞ്ഞ താളത്തിലുള്ള മുത്തശ്ശിയുടെ ആ ചോദ്യം കേട്ടതും അവൾക്കെന്ത് ഉത്തരം പറയണമെന്നറിയില്ലായിരുന്നു….
അവൾ അവനിലേക്കൊന്ന് നോക്കി….
അവനൊരു ചെറു ചിരിയോടെ മുത്തശ്ശിയെയും തന്നെയും നോക്കി നിൽപ്പാണ്….
ഓസ്കാർ കൊടുക്കേണ്ട അഭിനയം തന്നെ….
ഓരോ ചോദ്യങ്ങൾക്ക് മുന്പിൽ താൻ പതറി പോകുന്നു…..
എന്നാൽ ചെറിയൊരു ഭാവ മാറ്റം പോലുമില്ലാതെ അവന് പെരുമാറാൻ കഴിയുന്നതെങ്ങനെ….
അത്രയേറെ കണക്ക് കൂട്ടിയിട്ടാണ് അവൻ വന്നിരിക്കുന്നത്….
എന്നാൽ താനോ..
അവൾ മുത്തശ്ശിയോടൊന്ന് പുഞ്ചിരിച്ചു…..
അവർക്കുള്ള ഉത്തരമെന്ന പോൽ….
ആ ചിരിയിൽ കൃത്രിമത്വം ഉണ്ടെന്ന് അവൾക്കറിയാമായിരുന്നെങ്കിൽ കൂടി അവന്റെ തികച്ചും സ്വാഭാവികമായ പെരുമാറ്റത്തിന് മുന്പിൽ അതവർ കാര്യമാക്കാത്തതാവുമെന്ന് അവൾക്ക് തോന്നി….
ഞാൻ വിളിക്കുമ്പോഴെങ്കിലും നിനക്ക് പറയാമായിരുന്നു സായു…..
മുത്തശ്ശി വീണ്ടും പരിഭവത്തിന്റെ കെട്ടഴിച്ചു….
അങ്ങനെ ഞാൻ പറഞ്ഞിരുന്നെങ്കിൽ മുത്തശ്ശി ഞാൻ വരുവോളം ഉരുകി തീർന്നേനെ….
അവരോടെന്ത് പറയും…. ഇവരോടെന്ത് പറയും എന്നൊക്കെയൊർത്ത്….
ഇതാവുമ്പോൾ എല്ലാവരും അറിഞ്ഞു…..
വിവാഹം കഴിഞ്ഞത് കൊണ്ട് ഇനി എന്ത് പറഞ്ഞിട്ടും കാര്യവുമില്ലെന്നത് കൊണ്ട് തന്നെ എല്ലാവരും നിശബ്ദരായി..
അവനത് പറഞ്ഞതും മുത്തശ്ശിയുടെ മുഖം മാറി….
അവരെല്ലാവരും മിണ്ടാതെ ഇറങ്ങിപ്പോയത് നീ കണക്കാക്കേണ്ട ….
ഇവിടെ നിന്നിറങ്ങിയ ഉടനെ അവര് വിളിച്ചിട്ടുണ്ടാകും അവനെ….
നിന്റെ അച്ഛനെ…..
ഇത് വരെ ഇല്ലാത്ത ആങ്ങള സ്നേഹമൊക്കെ ഒലിച്ചിറങ്ങിയിട്ടുണ്ടാകും…
അവൻ അറിഞ്ഞാൽ നാളത്തെ ഫ്ലൈറ്റിനു ഇവിടെ എത്തുകയും ചെയ്യും…..
അവൻ വന്നാൽ പിന്നെ…. അറിയാമല്ലോ അവന്റെ സ്വഭാവം …..
മുത്തശ്ശി ആശങ്കകൾ വാക്കുകളിൽ കലർത്തി അത് പറയുമ്പോൾ സായുവിന്റെ കണ്ണുകൾ ചുരുങ്ങി….
അതേ…. താൻ കാത്തിരിക്കുന്നതും അവരുടെ വരവിനാണ്….
ഈ വിവാഹമേ അവരോട് വാശി തീർക്കലാണെന്ന് മുത്തശ്ശിക്കറിയില്ലല്ലോ…..
അവൻ പുച്ഛത്തോടെ യൊന്നു ചിരിച്ചു……
അപ്പോഴും അവരുടെ സംസാരങ്ങളും പെരുമാറ്റങ്ങളും മനസ്സിലാകാതെ അവൾ അങ്ങനെ നിന്നു………
ഇനിയുള്ള ദിവസങ്ങൾ എന്തൊക്കെയാണ് തനിക്ക് മുന്പിൽ കാത്തു വെച്ചിരിക്കുന്നതെന്നോർത്ത്……
(തുടരും)

by