The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ആയിഷ അക്ബർ
ഉമ്മറത്തായിരിക്കുന്ന മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അരികിലായി അവനാ തിണ്ണയിൽ കയറിയിരുന്നു….
ഇരുവരും ഒന്നും മിണ്ടാത്തത് അവനിലൊരു പ്രയാസം നിറച്ചു……
മുത്തശാ…..
അവൻ വിളിക്കുമ്പോഴും അവർ അവന് മുഖം കൊടുത്തില്ല……
ഞാൻ…. ഞാൻ ചെയ്തത്…..
അത്ര വലിയ തെറ്റാണോ….
അല്ലേ… തെറ്റല്ലേ നീ ചെയ്തത്…..
സായു വിങ്ങലോടെ ചോദിച്ചതും ഒരു മറു ശബ്ദം അവിടെ ഉയർന്നത് പെട്ടെന്നായിരുന്നു…..
അവൻ മുഖമൊന്നുയർത്തി…..
വല്യച്ഛൻ……
കെട്ടിയിട്ട് വളർത്തിയിരുന്ന നിന്റെ അച്ഛനിൽ നിന്നും നിന്നെ മോചിപ്പിച്ചത് ഇവരാണ്….
ഇനി അവന്റെ മുഖത്ത് അച്ഛനും അമ്മയും നോക്കുന്ന ആ രംഗം മാത്രം ഓർത്താൽ നീയിത് ചെയ്യില്ലായിരുന്നു സായു….
വല്യച്ഛനത് പറഞ്ഞതും സായുവിന് ചെയ്തതോർത്തൊരു കുറ്റ ബോധം തോന്നി…..
എന്റെ വിവാഹ ക്കാര്യം ഞാൻ തീരുമാനിച്ചില്ലായിരുന്നെങ്കിൽ അന്നത്തെ പോലൊരു വഴക്ക് വീണ്ടും കാണാമായിരുന്നു….
അത് കൊണ്ട് തന്നെയാണ് ഇത് ഞാനായിട്ട് തിരഞ്ഞെടുത്തത്….
ഇനിയും എന്റെ പേരിലൊരു കലഹം ഇവിടെ ഉണ്ടാകാതിരിക്കാൻ…..
അതിലെനിക്ക് എന്റേതായ ശെരിയുണ്ടെന്ന് കൂട്ടി ക്കോളു……
സായു വല്യച്ഛന്റെ മുഖത്ത് നോക്കി അതും പറഞ് അകത്തേക്ക് പോകുമ്പോൾ ശെരിയെന്നു എല്ലാവർക്കും അറിയാമായിരുന്നെങ്കിൽ കൂടി എല്ലാവരും ഒരു പോലെ നിശബ്ദരായി……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
സായു …. ഭക്ഷണം കഴിക്കാൻ വാ…..
മുറ്റത്തെ മാവിൻ ചുവട്ടിൽ ലാപ്ടോപ്പും പിടിച്ചിരുന്ന അവനെ വിളിച്ചത് വല്യച്ഛൻ തന്നെ യായിരുന്നു…..
അവൻ പതിയേ അകത്തേക്ക് കയറി…..
രേണു….. ആ കൊച്ചിനെ കൂടി വിളിച്ചോളൂ….
സായു കൈ കഴുകി ഇരിക്കാൻ നേരമാണ് വല്യച്ഛനത് പറയുന്നത്…..
അവനവളെ കുറിച് ഓർത്തത് തന്നെ അപ്പോഴായിരുന്നു..
ഓർക്കാൻ അതിലേറെ ഒത്തിരി ഉണ്ടല്ലോ മനസ്സിൽ…..
അല്ലെങ്കിലും അവളെ ഓർക്കേണ്ട കാര്യമെന്താണ്…..
അവൻ പാത്രം അടുത്തേക്ക് വെച്ചു…..
സിന്ധു അപ്പച്ചിയാണ് ഭക്ഷണം വിളമ്പുന്നത്….
അവൻ അവരിലേക്കൊന്ന് നോക്കി…..
മുഖം വളരേ കനത്തിൽ പിടിച്ചിരിക്കുകയാണ്…..
തന്റെ മുഖത്തേക്ക് നോക്കുന്നത് പോലുമില്ല….
മീനുവിനെ വിളിച്ചില്ലേ സിന്ധു…..
മുത്തശ്ശി അത് ചോദിച്ചതും അവരുടെ മുഖം കൂടുതൽ വലിഞ്ഞു മുറുകി…..
വിളിച്ചു….. അവൾക്ക് വേണ്ടാത്രേ….. രാവിലെ മുതൽ ഒരു മുറുക്ക് ഇറക്കിയിട്ടില്ലെന്റെ കുഞ്….
അതെങ്ങനെ….. ഓരോരുത്തരുടെ സ്വഭാവം അറിയാതെ മോഹം കൊടുക്കാൻ അമ്മക്കായിരുന്നല്ലോ ധൃതി…….
അപ്പച്ചി തന്നെ പഴിചാണത് പറയുന്നതെങ്കിലും അതിൽ മുത്തശ്ശിയെ കൂടി പങ്കു ചേർത്തതിൽ അവന് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു……
എങ്കിലും അവൻ തലയുയർത്തിയില്ല…..
മീനു കഴിക്കുന്നില്ലെന്നല്ലേയുള്ളു….
മാളു ഇതറിഞ്ഞാൽ എന്താകുമെന്ന് എനിക്ക് ഓർക്കാൻ കൂടി പറ്റുന്നില്ല….
അവളെയും കുറ്റം പറയാൻ കഴിയില്ല…..
എല്ലാവരും കൂടി ചെറുപ്പം മുതലേ പറഞ് ആശ കൊടുത്തതല്ലേ…..
സുധ പ്പച്ചിയുടെ വാക്കുകളും തന്റെ നേർക്കാണ് പാഞ്ഞു വരുന്നതെന്ന് അറിയാം….
എന്നാൽ എല്ലാം കേട്ട് ഒന്നും തിരിച്ചു പറയാൻ കഴിയാതെ ഇരിക്കുന്ന മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മുഖം തന്നെ വല്ലാതെ വേദനിപ്പിച്ചു……
ഒരു കണക്കിന് താനായിട്ട് ഒരു ഭാര്യയെ ഇറക്കിയത് നന്നായെന്ന് അവന് തോന്നി….
അല്ലെങ്കിൽ ഇവർ തമ്മിൽ ഈ അടുക്കളയിൽ വരെ ഒരു വഴക്കാകുമായിരുന്നു…
എല്ലാവർക്കും തന്റെ സ്വത്തിലാണ് കണ്ണ് ….
അത് പുറത്ത് പോകാൻ പാടില്ല… അത് തന്നെ കാര്യം …. അല്ലാതെ എന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല.
അപ്പോഴാണ് രേണു ബാലയെ കൂട്ടി വരുന്നത്….
മോളിരുന്നോളൂ….
മുത്തശ്ശനും മുത്തശ്ശിയും സായുവും വല്യച്ഛനും രണ്ട് അപ്പച്ചിമാരും ഇരുന്നിട്ടുണ്ട്….
അവശേഷിക്കുന്ന ഒരു കസേരയിലേക്കാണ് അവർ അവൾക്ക് വേണ്ടി വിരൽ ചൂണ്ടിയത്…..
അതും സായുവിന്റെ അടുത്ത്….
എന്നാൽ അവൻ അവളെ മുഖമുയർത്തി ഒന്ന് നോക്കുക പോലും ചെയ്യുന്നില്ലായിരുന്നു….
ഞാൻ…. ഞാൻ പിന്നീടിരുന്നോളാം….
അവൾ സൗമ്യമായി അത് പറഞ്ഞതും നിർബന്ധിച്ചിരുത്തിയത് വല്യമ്മ തന്നെയായിരുന്നു….
ഭക്ഷണം കഴിക്കുമ്പോൾ ഒരു തരം മൂഖത അവിടെ നിറഞ്ഞു നിന്നു……
ആരും പരസ്പരം ഒന്നും മിണ്ടിയില്ല…..
അത്രയേറെ ശ്രദ്ധയോടെ എല്ലാവരും ഭക്ഷണം കഴിച്ചെഴുന്നേറ്റു…..
മനസ്സിലുള്ള ഭാരത്താലാവാം എല്ലാവർക്കും പെട്ടെന്ന് വയറു നിറഞ്ഞത്…..
അവൾ എന്തൊക്കെയോ കഴിച്ചെന്നു വരുത്തി എഴുന്നേറ്റു…..
ഉച്ച സമയവും അവൻ മുറിയിലേക്ക് വന്നില്ല…
താഴെയുള്ള മാവിനു ചുവട്ടിൽ ലാപ്ടോപ്പും കയ്യിൽ പിടിച്ചിരിക്കുന്നവനെ അവൾ ജനലിലൂടെ നോക്കി കണ്ടിരുന്നു….
അവൾക്കൊന്നും തോന്നിയില്ല….
അവൻ അടുത്തില്ലാത്തത് തന്നെ സംബന്ധിച് ഏറ്റവും വലിയൊരു ആശ്വാസമാണ്…..
അവൾ പതിയേ കട്ടിലിലേക്കിരുന്നു….
ഉറക്ക ക്കുറവ് തലക്കൊരു ഭാരം തീർത്തിട്ടുണ്ട്….
എന്നാൽ ഉറക്കം വരുന്നില്ല…
എങ്കിലും അവൾ പതിയേ കട്ടിലിലേക്കമർന്നു…..
ജീവിതം പലപ്പോഴും അങ്ങനെയൊക്കെയാണ്…
ആരുടെയൊക്കെയോ കൂടെയാണ് അവളുടേ പൊറുതിയെന്ന് പറഞ്ഞുണ്ടാക്കി തന്നെ വീട്ടിൽ നിന്ന് ആട്ടിയിറക്കി കള്ളും കഞ്ചാവുമായി നടക്കുകയാണെന്ന് പറഞ് തന്നെ മോശപ്പെട്ട ഒരു പെൺ കുട്ടിയായി ചിത്രീകരിച്ചു നാട്ടിൽ പോലും കാല് കുത്താൻ കഴിയാതെയാക്കിയവരുടെ അടുത്ത് നിന്നാണ് താനിവിടെ എത്തിയിരിക്കുന്നത്…..
താൻ ആരുടേയും കൂടെ കഴിഞ്ഞിട്ടില്ല.. എല്ലാം അവർ തനിക്ക് മേൽ കെട്ടി ചമച്ചതാണെന്ന് തെളിയിക്കേണ്ട താനും ആരുമല്ലാത്തിരുന്നിട്ടും സകല സൗഭാഗ്യങ്ങളുണ്ടായിട്ടും ഇവളാണ് ഭാര്യ യെന്ന് പറഞ് ആരുമല്ലാത്ത തന്നെ ഇവിടെ കൊണ്ട് വന്ന അവനും എന്ത് വൈരുദ്യമാണ്……
അവർ അങ്ങനെ പറഞ്ഞുണ്ടാക്കിയതിന്റെ പേരിൽ മാത്രം താനനുഭവിച്ച വേദന ഓർക്കാൻ കൂടി കഴിയുന്നില്ല….
തന്നെ കുറിച്ചുള്ള തെറ്റി ധാരണയെ ഒരിക്കലും മാറ്റാൻ തനിക്ക് കഴിയില്ല….
എന്നാൽ അവനോ…..
സ്വയം തെറ്റിദ്ധരിപ്പിക്കുന്നു….
സ്വയം ജീവൻ അവസാനിപ്പിക്കാൻ കഴിയാത്തത് കൊണ്ട് മാത്രം ജീവിച്ചു തീർക്കുന്ന ഒന്നാനിപ്പോ തന്റെ ജീവിതം….
ആദ്യമായി തനിക്ക് സ്നേഹം തന്ന മുത്തശ്ശി കണ്ണിലാകെ നിറഞ്ഞു നിന്നു……
കണ്ണുകൾ അടച്ചു കൊണ്ട് അടരാൻ വെമ്പി നിന്നൊരു തുള്ളി കണ്ണു നീരിനെ അവൾ പിടിച്ചു കെട്ടിയെങ്കിലും വാശിക്കാരെ പോൽ അവ അതിലേററേ ശക്തിയിൽ താഴെക്കൂർന്നു പോയി……
വൈകുന്നേരം വരെ അവളാ മുറിയിൽ കഴിച്ച് കൂട്ടി…..
ആരും തന്നെ അന്ന്വേഷിച്ചതുമില്ല…. താനായിട്ട് താഴെക്കിറങ്ങി ചെന്നതുമില്ല….
കുറച് സമയം കൂടി കഴിഞ്ഞപ്പോൾ ഗോപിക വരുന്നത് കണ്ടു….
ചായ കുടിക്കാൻ വന്നോളൂ….
വേണ്ടാ…. ചായ ശീലമില്ല….
ഗോപിക വിളിച്ചതും താൻ സ്നേഹ പൂർവ്വം നിരസിച്ചു…..
താഴേക്ക് പോകാനോ ആരുടെയും മുഖത്ത് നോക്കാനോ തോന്നുന്നില്ല….
താൻ ഒന്നും അറിഞ്ഞിട്ടല്ലെങ്കിൽ കൂടി ഒരു കുടുംബം മുഴുവൻ തന്റെ വരവിൽ ദുഖിച്ചിട്ടുണ്ടെന്ന് ഓർക്കുമ്പോഴൊരു വിഷമം……
ഗോപിക തന്നെ വിളിച്ചു പോയി അല്പ സമയം കഴിഞ്ഞതും അവൻ മുറിയിലേക്ക് വന്നു……
താൻ മുറിയിലുള്ളത് കൊണ്ടായിരിക്കാം ചുമർ കൂട്ടിൽ നിന്നും ഒരു പുസ്തകം എടുത്തവൻ വീണ്ടും പുറത്തേക്ക് തന്നെ പോയത്…..
അവനെ കണ്ടപ്പോൾ താൻ ഇരുന്നിടത് നിന്നും ഒന്നെഴുന്നേറ്റെങ്കിൽ കൂടി താനൊരാൾ ആ മുറിയിൽ ഉണ്ടെന്ന ചെറിയൊരു ചലനം പോലും അവനിൽ നിന്നുണ്ടായിരുന്നില്ല….
എത്ര ദിവസമോ എത്ര നേരമോ ഇങ്ങനെ ഈ മുറിക്കുള്ളിൽ കഴിച്ച് കൂട്ടുമെന്നു തനിക്കറിയില്ല….
താൻ വിളിക്കുന്ന ദൈവങ്ങളെ കുറിച് അവളൊന്നോർത്തു….
എന്തെന്നാൽ തന്റെ ശത്രുക്കളുടെ കയ്യിൽ നിന്നും രക്ഷപ്പെടാൻ സുരക്ഷിതമായൊരു സ്ഥലമാണ് ഞാൻ അവരോട് ചോദിച്ചത് …
അതിനു അവരെനിക്ക് തന്നതാവും ഈ തടങ്കൽ……
എന്നാലും കുഴപ്പമില്ല….. സ്വസ്ഥമായി ഒന്നിരിക്കാനെങ്കിലും കഴിയുന്നുണ്ടല്ലോ….
അവൾ മുറിയിൽ നിന്നൊന്ന് പുറത്ത് കടന്നു……
അപ്പോഴാണ് മുറിക്കപ്പുറത്തുള്ള ആ വാതിൽ തുറന്ന് കിടക്കുന്നതവൾ കണ്ടത്….
അവൾ അങ്ങോട്ടൊന്നു കടന്നു ചെന്നു….
അതാ വീടിന്റെ ഉമ്മറത്തേക്ക് തുറക്കുന്ന ഭാഗമായിരുന്നു…..
അവിടെ കസേരയിൽ പുസ്തകം വായിച്ചിരിക്കുന്ന വൻ ആളനക്കം അറിഞ്ഞതും ഒന്ന് തല യുയർത്തി….
അവനെ കണ്ടതും പിന്നീടവൾ അവിടെ നിന്നില്ല……
വേഗം മുറിയിലേക്ക് തന്നെ നടന്നു….
വീണ്ടും മുറിയിൽ തന്നെ ചടഞ്ഞു കൂടി….
ജനലിലൂടെ നോക്കുമ്പോൾ മുറ്റത്ത് കളിക്കുന്ന കുട്ടികളെ കാണാം….
മാവിൽ നിന്നും തോട്ടി കൊണ്ട് മാങ്ങ അറുത്തിടുന്ന വല്യമ്മയെ കാണാം….
അങ്ങനെ സമയം അല്പം നീങ്ങി….
സൂര്യൻ പതിയേ യാത്ര പറഞ്ഞ് തുടങ്ങി….
ചെഞ്ചായം ആകാശത്താകേ പരന്നു…..
അവൾ പതിയേ മുറിയിൽ നിന്നൊന്ന് പുറത്തേക്ക് നടന്നു…..
ബാൽക്കനിയുടെ ആ വാതിൽ അടക്കപ്പെട്ടിട്ടുണ്ട്…..
അതിൽ നിന്നും അവൻ താഴേക്ക് പോയിട്ടുണ്ടെന്ന് അവൾക്ക് വ്യക്തമായി….
അവളും പതിയേ താഴെക്കിറങ്ങി…..
ഉമ്മറത്ത് നിന്നും മുത്തശ്ശിയുടെ സന്ധ്യാ നാമം കേൾക്കാം……
അവൾ അങ്ങോട്ട് പോകണോ വേണ്ടയോ എന്നൊരു ആശങ്കയോടെ നിന്നു…..
പിന്നീട് പതിയേ അങ്ങോട്ട് തന്നെ ചുവടുകൾ വെച്ചു…..
മുത്തശ്ശിക്കരികിലായി പതിയേ അവളും നിന്നു……
അവർ അവളെ കണ്ടെങ്കിലും കാര്യമായൊന്നും ശ്രദ്ധിച്ചില്ല….
അല്ലെങ്കിലും താനത് പ്രതീക്ഷിക്കുന്നില്ല….
മീനു…. മോളേ…. ആ വിളക്കെടുത് വെച്ചേ….
മുത്തശ്ശി വിളിച്ചതും ആരും അകത്തു നിന്ന് വന്നില്ലെന്ന് മാത്രമല്ല…. എന്തോ ഓർത്തെന്ന പോൽ ആ മുഖം മങ്ങുന്നത് അവളറിഞ്ഞു…
വിളക്ക്…. ഞാനെടുത്തോട്ടെ…..
അവൾ പെട്ടെന്നത് ചോദിച്ചതും അവർ മുഖമുയർത്തിയൊന്നു നോക്കി….
മ്മ്…..
അവർ പതിയേ ഒന്ന് മൂളി….
പറ്റില്ലെന്ന് പറയാൻ തനിക്കെങ്ങനെ കഴിയും…..
അവൾ തന്റെ കൊച്ച് മോളല്ലേ…
എന്റെ സായുവിന്റെ ഭാര്യ അല്ലേ….
അവൾക്ക് എന്തെന്നില്ലാത്തൊരു സന്തോഷം തോന്നി…..
അവൾ വേഗം ഉമ്മറത്തു വെച്ച വിളക്കെടുത് എഴുന്നേറ്റതും സായുവിന്റെ ബുള്ളെറ്റ് വലിയൊരു ശബ്‍ദത്തോടെ അവിടെ വന്നു നിന്നതും ഒരുമിച്ചായിരുന്നു….
വിളക്ക് പിടിച്ചു നിൽക്കുന്ന അവളെ കണ്ട നിമിഷം അവന്റെ നെഞ്ചോന്നുലഞ്ഞുവോ…..
ബൈക്കിൽ നിന്നിറങ്ങി വരുമ്പോഴും അവൻ പോലുമറിയാതെ മിഴികൾ അവളിലേക്ക് തെന്നി നീങ്ങി കൊണ്ടിരുന്നു…
അവൾ തന്റെ ഭാര്യ യാണെന്ന് ഉള്ളിൽ നിന്നാരോ ഓർമിപ്പിക്കും പോലെ….
അവൾ അവന് മുഖം കൊടുക്കാൻ കഴിയില്ലെന്ന വണ്ണം വേഗം അകത്തേക്ക് കയറി……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
രാത്രി ഭക്ഷണം കഴിക്കുമ്പോഴും എല്ലാവരുടെയും കൂടെ ഇരിക്കേണ്ടി വന്ന ബുദ്ധിമുട്ട് കൊണ്ട് തന്നെ കഴിച്ചെന്നു വരുത്താനെ കഴിഞ്ഞുള്ളു…..
ഉറക്കം മിഴികളെ പിടിച്ചുലക്കുന്നുണ്ട്….
അവൾ വേഗം മുറിയിലേക്ക് നടന്നു….
മുറിയിലേക്ക് കയറുമ്പോൾ കട്ടിലിൽ ഫോണിൽ കളിച്ചു കിടക്കുന്ന സായുവിനെയാണ് കാണുന്നത്….
അവൾ അകത്തേക്ക് കയറിയെങ്കിലും എന്തോ ഒരു പരിഭ്രമം അവളെ വന്നു മൂടുന്നതറിഞ്ഞു…..
ഇത് വരെ യില്ലാത്തൊരു വെപ്രാളം….
ഇത് വരെ അവനെന്നത് തന്നെ ബാധിക്കുന്ന ഒരു കാര്യമായിരുന്നില്ല….
എന്നാൽ ഇവിടെ വന്നതിനു ശേഷം അവനെ കൂടുതലായി കാണേണ്ടതും ഇടപഴകേണ്ടതും അത്യാവശ്യമായി വന്നു എന്നത് ശെരി തന്നെ…..
എന്നാൽ രാത്രിയെ കുറിച് ഇത് വരെ ചിന്തിച്ചിട്ടില്ല…..
അവന്റെ കൂടെ ഒരു മുറിയിൽ താൻ…..
ഓർക്കുമ്പോൾ അവൾക്ക് വല്ലാത്തൊരു പരവേഷം തോന്നിയത് കൊണ്ട് തന്നെ അവൾ മുറിയുടെ ഒരു മൂലയിലേക്ക് നിന്നു….
അവൻ അവളെ ശ്രദ്ധിക്കുന്നില്ലെന്ന മട്ടിൽ വീണ്ടും ഫോണിൽ തന്നെ നോക്കി കിടക്കുകയാണ്…..
എന്ത് ചെയ്യണമെന്നറിയാതെ അവൾ നിൽക്കുമ്പോഴാണ് വാതിലിലൊരു മുട്ട് കേൾക്കുന്നത്…….
അവൻ ഒന്ന് മുഖമുയർത്തി….
പിന്നീടാ മിഴികൾ അവളിലേക്കൊന്ന് നീങ്ങി…
അവൾ വേഗം തന്നെ പോയി വാതിൽ തുറന്നു……
ഇതാ…. ഈ പാല് തരാൻ വന്നതാണ് ഞാൻ….. മോള് വരുമ്പോൾ എടുക്കാൻ പറയാൻ വിട്ട് പോയി….
വല്യമ്മ അതും പറഞ് ഒരു ഗ്ലാസ് പാല് കയ്യിലേക്ക് തരുമ്പോൾ അവൾ ചെറിയൊരു പുഞ്ചിരിയോടെ അത് വാങ്ങി….
വാതിൽ അടച്ചതും വീണ്ടും അവനിലേക്ക് തിരിയാൻ അവൾക്കൊരു പ്രയാസം തോന്നി…..
അവൾ അവന് മുഖം കൊടുക്കാതെ ആ ഗ്ലാസ് വാങ്ങി മേശയിലേക്ക് വെച്ചു..
അവൻ അപ്പോഴേക്കും ഫോൺ എടുത്ത് വെച്ചു കിടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു…..
അവൾ എന്ത് ചെയ്യണമെന്നറിയാതെ ദയനീയമായി അവനെയൊന്നു നോക്കി….
അവൻ അവളെ ശ്രദ്ധിക്കുക പോലും ചെയ്യാതെ കിടന്നു ….
പാല്…….
അവനോട് മിണ്ടാനുള്ള പ്രയാസത്തേക്കാൾ താനെവിടെ കിടക്കുമെന്ന ആശങ്ക അവളിൽ മുന്തി നിന്നത് കൊണ്ട് തന്നെ അവൻ തന്നോടെന്തെങ്കിലും പറയുമെന്ന പ്രതീക്ഷയിൽ അവൾ വേഗം കയറി പറഞ്ഞു…..
അവനൊന്നു മുഖമുയർത്തി അവളെ നോക്കി…..
എനിക്ക് വേണ്ടാ….
വിസ്കിയും ബ്രാണ്ടി യുമൊന്നും ഇവിടെ കിട്ടില്ല…..
ആ പാല് വേണമെങ്കിൽ തനിക്ക് കുടിക്കാം….
അവൻ ഉള്ളിലെ അമർഷം മുഴുവൻ വാക്കുകളിൽ പുരട്ടി അത് പറയുമ്പോഴും അവൾ അവൻ പറയുന്നതിന്റെ പൊരുളറിയാതെ അങ്ങനെ നിന്നു….
(തുടരും )