രചന – ഫൗസിയ യൂസഫ്
“” മോളേ, നീയവള് പറഞ്ഞതൊക്കെ ആലോചിച്ചിങ്ങനെ വെഷമിച്ചാലോ… അവക്ക് വിവരല്ലാതെ പറഞ്ഞതാന്ന് കൂട്ടിയാ മതി…. അതിനുള്ള വകതിരിവല്ലേ അവക്കുള്ളൂ.. “” ഒറ്റയ്ക്കിരിക്കുന്ന എന്റെ അരികിൽ വന്നിരുന്ന് അമ്മയെന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു…. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തണുക്കുമായിരുന്നില്ല എന്റെ ഹൃദയം… കാരണം, അതിന് അത്രമേൽ പൊള്ളലേറ്റിരുന്നു….! “” അമ്മേം ആഗ്രഹിച്ചിരുന്നു ല്ലേ ഈ കല്യാണം…? “” ഞാൻ മെല്ലെ ചോദിച്ചു. “” അങ്ങനൊന്നൂല്യ… നിങ്ങള് മക്കള്ടെ ഇഷ്ടല്ലേ അമ്മേടേം ഇഷ്ടം. അല്ലാതെ… “” അമ്മ, വാക്കുകൾ മുഴുവനാക്കിയില്ല! “” നിക്കറിയാം.. എല്ലാരും അത് ആഗ്രഹിക്കണുണ്ട്ന്ന്.. അമ്മേം, അമ്പിളീം അമ്മുവും എല്ലാരും…. അതിനർത്ഥം, നിങ്ങക്കറിയാം ഞാനെത്രയൊക്കെ ശ്രമിച്ചാലും നിങ്ങളൊക്കെ സ്വപ്നം കാണണൊരു ജീവിതം ന്നെക്കൊണ്ട് ഉണ്ടാക്കിത്തരാൻ കഴിയില്ല്യാന്ന്.. ല്ലേ അമ്മേ?? “”” എന്റെ ശബ്ദം ദുർബലപ്പെട്ടു! അമ്മയൊന്നും മിണ്ടിയില്ല!
സ്കൂളില് പഠിക്കുമ്പോ തൊട്ട് കേൾക്കണതാ ബംഗ്ലാവിലെ മുകുന്ദനെ പറ്റി…. സ്കൂളില് എന്ത് തല്ല് നടന്നാലും അതിന്റൊക്കെ പിന്നില് മുകുന്ദനായിരിക്കും… മാഷുമാരോട് പോലും ബഹുമാനം കാണിക്കാത്ത, അനുസരിക്കാത്ത തലതെറിച്ചൊരു ചെക്കൻ! ബംഗ്ലാവിലെ അരവിന്ദനുണ്ടായത് ഒരു അസുരവിത്താണെന്ന് എല്ലാരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു നടന്നു…. എല്ലാരേംപോലെ നിക്കും ദേഷ്യായിരുന്നു ആ ചെക്കനോട്… അതിന് മറ്റൊരു കാരണംകൂടി ഉണ്ടായിരുന്നു… ന്നെ, എവടെക്കണ്ടാലും അവൻ കൂടെ ഉള്ളോരോട് പറയും, “ആ പോണത് ന്റെ പെണ്ണാണെന്ന്! വലുതാവുമ്പോ അവളെയാ ഞാൻ കല്യാണം കഴിക്കാന്ന്!”… അത് കേക്കുമ്പഴൊക്കെ ഞാൻ പൊട്ടിത്തെറിച്ചിട്ടുണ്ട്…. ഉറക്കെ ദേഷ്യപ്പെട്ടിട്ടുണ്ട്….
ചിലപ്പോഴൊക്കെ നിശബ്ദമായി കരഞ്ഞിട്ടുമുണ്ട്…..! അച്ഛനോട് പറഞ്, നല്ലനാല് പെട കൊള്ളിക്കണംന്ന് മനസ്സില് കരുതും… പക്ഷേ, അന്നും സ്വബോധത്തോടെ വീട്ടിൽ വരുന്ന അച്ഛനെ ഞാൻ കണ്ടിട്ടില്ല! ഞാൻ സ്കൂള് കഴിഞ്ഞ്, കോളേജിലായ സമയത്താണ് ഒരീസം വൈകുനേരം പോലീസ് ജീപ്പ് പാഞ്ഞു വന്ന് ബംഗ്ലാവിന്റെ പടിക്കൽ വന്നുനിന്നത്…. തിരിച്ചു പോകുമ്പോ, ജീപ്പിനകത്തു മുകുന്ദനും ഉണ്ടായിരുന്നു! അന്ന് രാവിലെയാണത്രേ മുകുന്ദന്റെ അച്ഛൻ അരവിന്ദനെ കുത്തിക്കൊലചെയ്യപ്പെട്ട നിലയിൽ ബംഗ്ലാവിൽ കണ്ടത്! തന്റെ ഇരുപതാം വയസ്സിൽ, ജന്മം കൊടുത്ത അച്ഛന്റെ ജീവനെടുത്തുകൊണ്ട് കൊലയാളിയെന്ന പേരിൽ അയാൾ ഖ്യാതി നേടി…. അതില്പിന്നെ അയാളുടെ അമ്മയുടെ മാനസികനില തെറ്റി… അവർ ഉറക്കെ ഒച്ചവെക്കുകയും ഇടയ്ക്കിടെ ഉച്ചത്തിൽ കരയുകയും ചെയ്തു…. ചങ്ങലയിൽ തളക്കപ്പെട്ട ആ ജീവിതം അധികം വൈകാതെ നിശ്ചലമായി! ദൈവം അവരോടുചെയ്ത ഏറ്റവും വലിയ നീതിയായിരുന്നു ആ മരണം! അല്ലെങ്കിൽ തന്നെ പാപിയായ മകന്റെ വളർച്ച കാണാൻ ആ കണ്ണുകളൊരിക്കലും ആഗ്രഹിച്ചു കാണില്ല!
“””നാട്ടില് വേറെ പെണ്ണില്ലാഞ്ഞിട്ടാണോ ന്റെ വീട്ടില് തന്നെ പെണ്ണാന്വേഷിച്ചത്? ന്നെ ആ സ്ഥാനത്തു കാണാൻ എന്ത് യോഗ്യതയുണ്ട് നിങ്ങൾക്ക്??””” അത്യാവശ്യം നാലാള് കൂടിനിൽക്കുമ്പോ തന്നെയാണ് ഞാനതയാളുടെ മുഖത്തുനോക്കി ചോദിച്ചത്! ആളൊന്നു വല്ലാതായി… ചുറ്റുപാടൊന്ന് കണ്ണുകളോടിച്ചു… പിന്നൊന്നു ചിരിച്ചു… ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വൃത്തികെട്ട ചിരി! “”” എന്ത് യോഗ്യതയാണാവോ ഭവതിയെ കെട്ടാൻ ഈ അടിയന് വേണ്ടത്? കല്പിച്ചാലും!””” പരിഹാസത്തോടെ ചോദിച്ചതും, കൂടിനിന്നവരും ചിരിക്കാൻ തുടങ്ങി… “””ഒരു മനുഷ്യനല്ലാത്ത തന്നോടൊന്നും ഒന്നും പറഞ്ഞിട്ട് കാര്യമില്ല! താനൊന്നും ഒരു ജന്മത്തിലും നന്നാവാനും പോകുന്നില്ല… അല്ലെങ്കിതന്നെ, സ്വന്തം തന്തേടെ തലയെടുത്തവന് ഒരു പട്ടീടെ വിലപോലും ഒരാളും കല്പ്പിച്ചു തരില്ല!””” പറഞ്ഞു തീർന്നതേ ഓർമ്മയുള്ളൂ… അയാളുടെ ബലിഷ്ടമായ കൈയെന്റെ കവിളത്തു വീണിരുന്നു!
“”” നീ കണ്ടോടീ… ഞാനെന്റെ തന്തയെ കൊല്ലുന്നത് നീ കണ്ടോന്ന്…? നാട്ടുകാര് പലതും പറയും… അത്കേട്ട് എന്റെ നേരെ ചൊറിയാൻ വന്നാലുണ്ടല്ലോ….. നിന്നെ കൂടെക്കിടത്താൻ മുകുന്ദനു ഒരു താലീടെ ആവശ്യല്ല.. ഒരു സെക്കന്റ്… ഒരു സെക്കന്റ് മതി തൂക്കിയെടുത്ത് കൊണ്ടുപോയിരിക്കും ഞാൻ! കാണണോടീ നിനക്ക്??? “” ഒരു അട്ടഹാസമായിരുന്നു! എന്റെ തൊലിയുരിഞ്ഞുപോയി…. കാഴ്ചക്കാരുടെ എണ്ണം കൂടിവന്നു… അവർക്ക്നടുവിൽ മാനം നഷ്ടപ്പെട്ടവളെപ്പോലെ ഞാൻ തല കുമ്പിട്ടു നിന്നു….. “”” ഒന്നല്ല, നൂറെണ്ണത്തിനെ കിട്ടും മുകുന്ദന്.. കെട്ടാനാണേലും കൂടെ കിടത്താനാണേലും. പക്ഷേ…,, ഞാൻ ആഗ്രഹിച്ചതും മോഹിച്ചതും നിന്നെയാ.. അത് ഞാൻ നടത്തിയിരിക്കും.. നിന്റെ സമ്മതത്തിനുപോലും കാത്തുനിൽക്കാതെ…. “”” എന്നെ, മൂർച്ചയോടൊന്ന് നോക്കിയിട്ട് അയാൾ നടന്നുപോയി…. എനിക്കൊന്ന് കരയാൻ പോലും ശേഷിയുണ്ടായിരുന്നില്ല! ചോരവറ്റിയ മുഖത്തോടെ ഞാൻ ചുറ്റിലും നിന്നവരെ നോക്കി…. സഹതാപത്തോടെ എന്നെ നോക്കിനിൽക്കുന്നവർക്കിടയിലേക്ക് കുടിച്ച് ലക്കുകെട്ട് ഒരാള്കൂടി കടന്നുവന്നു ന്റച്ഛൻ!!
“”” കവലേല് നടന്നതൊക്കെ ഞാനറിഞ്ഞു… അപ്രത്തെ ജാനു റേഷൻകടേല് പോയി വരുമ്പോ കണ്ടൂന്ന്.. “”” അമ്മ പറഞ്ഞു. “”” നീയെന്തിനാ മോളേ ആളോൾടെ മുന്നീ വച്ച് അവനോട് മിണ്ടാൻ പോയേ… ആളും തരോം നോക്കണ്ടേ? “”” “”” അപ്പൊ മറ്റുള്ളോരടെ മുന്നില് വെച്ച് മിണ്ടാൻ കൊള്ളാത്തവനാണ് മുകുന്ദനെന്ന് അമ്മയ്ക്കറിയാലേ?? ന്നിട്ടാണോ എല്ലാരും കൂടി നിക്ക് സമ്മന്തം ആലോചിച്ചത്?? അത്രയ്ക്ക് തരംതാന്നുപോയോ അമ്മേടെ ഈ മോള്?? “” എനിക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല! “” ഞാനെപ്പഴും ചിന്തിക്കാറുണ്ട്, ന്റെ ജാനകീടെ മോനെങ്ങന്യാ ഇങ്ങനായതെന്ന്… കൂടപ്പിറപ്പോളെ പോലെ കഴിഞ്ഞോരാ ഞങ്ങള് രണ്ടാളും… അവളടെ വയറ്റില് ഇങ്ങനൊരു സന്തതി….! നിക്കിപ്പഴും അതിശയാ അത്… “” അമ്മ എവിടെയോ നോക്കിപ്പറഞ്ഞു.
“” അമ്മ എങ്ങന്യാ അവരുമായിട്ട്…? “” എനിക്ക് അത്ഭുതമായിരുന്നു! കാരണം, ഞാനവരെ ഒരിക്കലേ കണ്ടിട്ടുള്ളൂ… ഒരിക്കൽ അമ്പലത്തീന്ന് മടങ്ങണ വഴി ബംഗ്ലാവിന്റെ മുറ്റത്ത് നിക്കണ കണ്ടു…. അവരെങ്ങോട്ടും പോവാറില്ല… അത്, മുകുന്ദന്റെ അച്ഛന് ഇഷ്ടല്ലായിരുന്നത്രേ.. അവരെ കണ്ടവര് ഈ നാട്ടില് ചുരുക്കായിരിക്കും… ആദ്യ കാഴ്ചയിൽ തന്നെ നല്ല ചന്തം തോന്നിയിരുന്നു എനിക്കവരെ! “”ഞാനും അവളും പഴേ കൂട്ടുകാരികളായിരുന്നു… എന്തുണ്ടേലും അങ്ങട്ടും ഇങ്ങട്ടും കൊടുത്ത്… സദാ സമയോം ഒരുമിച്ച്… പെട്ടന്നൊരൂസാ അവളടെ വേളിയായീന്ന് കേക്കണത്… ഏതോ ഒരു വല്ല്യേ പാണക്കാരൻ! എവിടേക്കാ എന്താ എന്നൊന്നും അവൾക്കും അറിവില്ലായിരുന്നു.. ഒക്കെ കുടുംബത്തുള്ളോരടെ തീരുമാനല്ലേ.. എല്ലാം പെട്ടന്ന് കഴിഞ്ഞു.. പിന്നെ അവളെ ഞാൻ കണ്ടില്ല്യ! നിങ്ങടെഛനെന്നെ വേളികഴിച്ച് ഇങ്ങോട്ട് കൊണ്ടന്നപ്പഴാ അവളിവിടെ ഉള്ളത് ഞാനറിയണത്…
അന്ന് ഈ മുകുന്ദന് നാല് വയസ്സാ പ്രായം! കാണാനൊന്നും പറ്റീട്ടില്ല്യ അപ്പഴും… ഒരിക്കൽ കണ്ടപ്പോ അവള് പറഞ്ഞത് ഓർക്കണുണ്ട് ഞാൻ,, പുറമേക്ക് കാണണ ഈ ആഡംബരം മാത്രേ ഉള്ളൂ, സന്തോഷം എന്താണെന്നറിഞ്ഞ കാലം മറന്നൂന്ന്!”” അമ്മ കണ്ണീരൊപ്പുന്നുണ്ടായിരുന്നു… ഇതൊക്കെ എനിക്കൊരു പുതിയ അറിവായിരുന്നു! ഇതുവരെ കേട്ടിട്ടില്ലാത്ത പുതിയ കഥകൾ! അമ്മയും, ഒരിക്കൽപോലും ഇതൊന്നും ആരോടും പറഞ്ഞു കേട്ടിട്ടില്ല! പുറംലോകമറിയാത്ത ഇനിയുമേറെ രഹസ്യങ്ങൾ ആ ബംഗ്ലാവിനകത്തു ക്ലാവ് പിടിച്ചു കിടപ്പുണ്ടെന്ന് എന്റെ മനസ്സ് പറയുംപോലെ……. കാത്തിരുപ്പ് ❤

by